https://open.spotify.com/show/4DVkaCYHatFSkWAsfcPZZc
07 August, 2026
സ്കൂൾ പാഠ്യപദ്ധതി കാലാവസ്ഥ സൗഹൃദമാകണം
കേരളത്തിൽ മഴയും വെള്ളപ്പൊക്കവും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒരു സ്ഥിരം പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ തുടർച്ചയായി അവധികൾ വന്നു . ഒന്നാം ടേമിലേക്കുള്ള അധ്യായനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല . ഓണത്തിന് മുൻപ് പരീക്ഷ നടത്തണം.
ജൂൺ , ജൂലൈ , ആഗസ്റ്റ് മാസങ്ങളിലാണ് കാലവർഷകെടുതികളുണ്ടാകുന്നതും അധ്യായനം മുടങ്ങുന്നതും എന്നതാണ് ഇപ്പോൾ കണ്ടുവരുന്നത് . ഇതേ സമയത്ത് നടക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷക്കാണ് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സമ്മർദ്ദം അനുഭവികേണ്ടി വരുന്നത് . കാലാവസ്ഥ എല്ലാ വർഷവും ഒരുപോലെ ആകണമെന്നുമില്ല .
കേരളത്തിൽ പരീക്ഷ കാലത്തിലും അവധിക്കാലത്തിനും കാലാവസ്ഥയെ അടിസ്ഥാനമാക്കി ഒരു പുനർവിചിന്തനവും വിന്യാസവും അത്യന്താപേക്ഷിതമാണ് .
ഈ പ്രതിസന്ധിയെ പ്രായോഗികമായി എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി ചിന്തിക്കേണ്ടതാണ് .
1. സ്കൂൾ അവധികൾ പുനഃക്രമീകരിക്കൽ (ഓണം, ക്രിസ്മസ്, വേനലവധി)
കേവലം പരമ്പരാഗത അവധികൾ മാറ്റുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും, ചില മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും .
മൺസൂൺ ബ്രേക്ക് നടപ്പാക്കി ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴയുള്ളപ്പോൾ ചെറിയൊരു ഇടവേള നൽകുകയും, ആ ദിവസങ്ങൾ ഓണം-ക്രിസ്മസ് അവധികളിൽ ക്ലാസുകൾ നടത്തി നികത്തുകയും ചെയ്യാം.
വേനലവധി ചുരുക്കി കൊണ്ട് കാലാവസ്ഥ പരിഗണിച്ച്, ആവശ്യമെങ്കിൽ ഏപ്രിൽ അവസാന വാരം വരെ ക്ലാസുകൾ നീട്ടാം.
2.ഫ്ലെക്സിബിൾ ടൈം ടേബിൾ:
ഓരോ ജില്ലയിലെയും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അവധികൾ നിശ്ചയിക്കാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് പ്രാദേശിക തലത്തിൽ അനുമതി നൽകാം.
3 സ്കൂളുകളിൽ സെമസ്റ്റർ സമ്പ്രദായം
വർഷാവസാനം എല്ലാ പാഠഭാഗങ്ങളും ഒരുമിച്ച് പരീക്ഷ എഴുതുന്നതിന് പകരം, സിലബസ് രണ്ട് സെമസ്റ്ററുകളായി തിരിക്കാം .
ആദ്യ സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ/നവംബർ മാസങ്ങളിലും രണ്ടാം സെമസ്റ്റർ മാർച്ച്/ഏപ്രിൽ മാസങ്ങളിലും നടത്താം .
അക്കാദമിക് ഭാരം കുറയ്ക്കാനും അപ്രതീക്ഷിത അവധികളാൽ ഉണ്ടാകുന്ന പഠനനഷ്ടം പരിഹരിക്കാനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും സാധിക്കും .
യൂറോപ്പിൽ അതിശൈത്യമുള്ള രാജ്യങ്ങൾ (ഉദാഹരണത്തിന് ഫിൻലാൻഡ്, നോർവേ) കാലാവസ്ഥയെ നേരിടാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്:
യൂറോപ്പിൽ സ്കൂളുകളിൽ ഹീറ്റിംഗ് സംവിധാനങ്ങൾ ഉള്ളതിനാൽ കനത്ത മഞ്ഞിലും ക്ലാസുകൾ നടക്കും. എന്നാൽ മഴക്കാലത്ത് , കേരളത്തിൽ സ്കൂളുകൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റേണ്ടി വരുന്നു.
4. വിദ്യാഭ്യാസം മുടങ്ങുമ്പോൾ പകരം സംവിധാനങ്ങൾ
കളക്ടർമാർ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ പഠനം മുടങ്ങാതിരിക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാം:
ഹൈബ്രിഡ് ലേണിംഗ്
സ്കൂളുകൾക്ക് അവധി നൽകുമ്പോൾ ആ ദിവസങ്ങളിൽ വിക്ടേഴ്സ് ചാനൽ വഴിയോ ഗൂഗിൾ മീറ്റ്/സൂം വഴിയോ ഓൺലൈൻ ക്ലാസുകൾ പിന്നീട് നടത്താവുന്നതാണ് .
പ്രസ്തുത അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് പ്രായോഗികമല്ല . . കാരണം, ദുരിത ബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളും കുടുംബവും കിടപ്പാടം ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയായിരിക്കും. പാഠപുസ്തകങ്ങളും വസ്തങ്ങളും നഷ്ടപ്പെട്ട സങ്കടത്തിലായിരിക്കും കുട്ടികൾ . അവർക്കു മാനസിക പിന്തുണയും ലഭ്യമാക്കണം .
ശനിയാഴ്ചകളിലെ ക്ലാസുകൾ: നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങൾ നികത്താൻ മുൻകൂട്ടി നിശ്ചയിച്ച ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തുക. ഡിജിറ്റൽ ലൈബ്രറിയും റെക്കോർഡഡ് ക്ലാസുകളും കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും കാണാൻ പാകത്തിൽ പാഠഭാഗങ്ങളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ കൈറ്റ് വിക്ടേഴ്സ് (KITE-VICTERS) പോർട്ടലിൽ ലഭ്യമാക്കുക.
കേവലം അവധി മാറ്റുന്നതിലുപരി, ഡിജിറ്റൽ സാങ്കേതികവിദ്യയും ഫ്ലെക്സിബിൾ ആയ ഒരു അക്കാദമിക് കലണ്ടറും അതോടൊപ്പം ലൈഫ് സ്കിൽസും ഒത്തുചേരുന്ന ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന പറ്റി കാലവർഷക്കെടുതികളുടെ ദുരിതങ്ങൾ അനഭവിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ആലോചിക്കാവുന്നതാണ് .
01 June, 2026
21 May, 2026
പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍
പൂയപ്പിള്ളി മാഷിന് അക്കാദമി പുരസ്കാരം
ഒരു ശിഷ്യന്റെ അനുമോദനക്കുറിപ്പ്
കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്കാരം ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ മാസ്ററര്‍ നേടിയപ്പോള്‍ എഴുതിയ കുറിപ്പാണിത്.കേരള സര്‍ക്കാരിന്റെ വിശിഷ്ടമായ ഈ സാഹിത്യ പുരസ്കാരം എന്റെ ഗുരുനാഥനാണ് കരസ്ഥമാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ ഓരോശിഷ്യനും സ്വയം അഭിമാനിക്കുന്നുണ്ടാവും എന്റെ ഗുരുനാഥനെന്ന് . അതാണ് ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍.
ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ മലയാളം അധ്യാപകനായിരുന്നു തങ്കപ്പന്‍ മാസ്റ്റര്‍. 1974 – '77 കാലഘട്ടത്തിലായിരുന്നു ചെറായി എസ്.എം.എച്ച്.എസില്‍ എന്റെ ഹൈസ്ക്കൂള്‍ പഠനകാലം.സാറിന്റെ മലയാളം ക്ളാസ്സ് മനസ്സിലിന്നും മായാതെ നില്‍ക്കുന്നു.
ചുണ്ടില്‍ മൃദു മന്ദഹാസവുമായി മലയാളം പഠിപ്പിക്കുന്ന മാഷ്. പാഠപുസ്തകത്തിലെ കഥകളുടെ ആഖ്യാനവും , ഉപാഖ്യാനവും , വിവരണങ്ങളും.കവിതകളുടെ കാവ്യാത്മകമായ ആലാപനം. അക്ഷരങ്ങളും , വാക്കുകളും സുവ്യക്തമായി സ്ഫുടതയോടെ മണി മണിയായി ഉതിര്‍ന്ന് വീഴുമ്പോള്‍ ആ വാക്ധോരണിയില്‍ ഞാന്‍ അത്ഭുതപ്പെട്ട് ക്ളാസ്സിലിരുന്നിട്ടുണ്ട്. മലയാളത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുക അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായിരുന്നു.
പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ച് വന്നത് സാര്‍ വായിക്കാനിടയായ സംഭവം ഇന്നുമോര്‍ക്കുന്നു.ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ്.മലയാളമാണ്.സാര്‍ കളാസ്സിലേക്ക് വരുന്നു.
“സന്തോഷേ, നിനക്കൊരു തപാല്‍ വന്നിട്ടുണ്ട്.ഞാനതെടുത്ത് കൊണ്ട് വന്നിട്ടുണ്ട്.”
സാര്‍ എന്നെ നോക്കി പറഞ്ഞു.
തപാലിന്റെ റാപ്പര്‍ പൊട്ടിച്ച് സാര്‍ പുസ്തകം പുറത്തെടുത്തു.ഇനിയെന്താണാവോ സംഭവിക്കുക? ഞാന്‍ ആകാംഷയോടെ തല താഴ്ത്തിപ്പിടിച്ച് സാറിന്റെ കൈയിലിരിക്കുന്ന പുസ്തകത്തിലേക്ക് ഒളിഞ്ഞ് നോക്കി.പുസ്തകത്തിന്റെ പുറം താളിലെ പേര് വായിച്ചു.
“ബാലലോകം” ബാലമാസിക.ഞാന്‍ കഥ അയച്ചിരുന്നു.എന്റെ ഹൃദയത്തില്‍ ആഹ്ളാദത്തിന്റെ ഒരു പൂത്തിരി കത്തി.കഥ പ്രസിദ്ധീകരിച്ചിരിക്കുന്നു! എന്റെ ആദ്യ കഥയുടെ പ്രകാശന കര്‍മ്മമാണ് അപ്പോള്‍ നടക്കുന്നത്.
സാര്‍ ബാലലോകത്തിന്റെ പേജുകള്‍ മറിച്ച് എന്റെ കഥയുള്ള പേജ് കണ്ടുപിടിച്ചു.
സാര്‍ കഥ ഉറക്കെ വായിച്ചു.ഒരു കുട്ടിക്കഥ ആയിരുന്നു അത്.ഒരു വനത്തിലെ പുഴയോരത്ത് മന്ത്രവാദി മണ്ണ് കുഴച്ചെടുത്ത് മൂന്ന് പ്രതിമകളുണ്ടാക്കി അവയ്ക് ജീവന്‍ നല്‍കുന്നതാണ് കഥ.
“ധാരാളം വായിക്കണം. നല്ല ഭാഷയും ആശയങ്ങളും കൈവശമാക്കണം എന്നാലേ എഴുതാന്‍ പറ്റുകയുള്ളു. ” പുസ്തകം എനിക്ക് തന്നു കൊണ്ട് സാര്‍ പറഞ്ഞു.
പിന്നെയും ഏതാനം കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ എന്റെ എഴുത്തില്‍ പുരോഗതി ഉണ്ടായില്ല.സര്‍ഗ്ഗാത്മകതയുടെ ആ പളുങ്ക് പാത്രം യാത്രക്കിടയില്‍ വഴിയിലെവിടെയോ വീണുടഞ്ഞ് പോയി.
അവാര്‍ഡ് കിട്ടിയ വിവരം പത്രത്തില്‍ വായിച്ചറിഞ്ഞ ഉടനെ അനുമോദനം നേരിട്ട് പറയാന്‍ ചെറായിലെ സാറിന്റെ വീട്ടിലെത്തിയപ്പോഴും അദ്ദേഹം പണ്ട് പറഞ്ഞ കാര്യം തന്നെ ഓര്‍മ്മിപ്പിച്ചു.
“വായിക്കണം . ഇപ്പോള്‍ ധാരാളം സമയമുണ്ടല്ലോ.”
ഇസ്തിരിയിട്ട ചുളിവ് ലവലേശം വീഴാത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് , തലമുടി ചീകി ഒതുക്കി വെച്ച് , അല്‍പ്പം ഗമയോടെ ക്ളാസ്സിലേക്കുള്ള ആ വരവ് ! നിറമല്‍പ്പം കറുത്തിട്ടാണെങ്കിലെന്ത് ? സംസാരത്തിലും , സമീപനത്തിലും , വിനയത്തിലും , വിവേകത്തിലും , സ്നേഹത്തിലും , സമഭാവനയിലും മാത്രമല്ല ആ ചിരിക്ക് പോലും ഏഴഴകാണ് അന്നും , ഇന്നും !
അന്നും മികച്ച വാഗ്മിയായിരുന്നു തങ്കപ്പന്‍മാസ്റ്റര്‍. നാട്ടില്‍ നടക്കുന്ന സാംസ്ക്കാരിക സമ്മേളനങ്ങളിലും , ക്ളബ്ബുകളുടെ വാര്‍ഷികങ്ങളിലും സാറിന്റെ പ്രസംഗമുണ്ടാവും.ശ്രീനാരായണ ഗുരുവിനെക്കുറിച്ചായാലും, സഹോദരനയ്യപ്പനെക്കുറിച്ചായാലും സാഹിത്യ ചര്‍ച്ചയായാലും ആഴത്തില്‍ പഠിച്ചിട്ടായിരിക്കും പ്രസംഗ വേദിയിലേക്ക് വരുന്നത്.അതുകൊണ്ട് തന്നെ പ്രസംഗം അനുവാചക ഹൃദയത്തിലേക്ക് ആഴ് ന്നിറങ്ങും.പാശ്ചാത്യ സാഹിത്യത്തിലെ പോലും , ചരിത്രവും , കഥയും, കഥാപാത്രങ്ങളും കാലഘട്ടവും ഓര്‍മ്മയില്‍ നിന്ന് തത്സമയം വിനിമയം ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങള്‍ .ആ കൃത്യത കൊണ്ട് തന്നെ സാറിന്റെ നിലപാടുകള്‍ ഖണ്ഡിക്കാന്‍ പറ്റാതെ വരും.
പ്രസംഗ വേദികളിലും , സാഹിത്യസൃഷ്ടികളിലും തന്റെ നിലപാടുകള്‍ നിര്‍ഭയം വിളിച്ച് പറയാന്‍ വൈമനസ്യമില്ല. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലെ സാറിന്റെ വിമര്‍ശന ശരമേറ്റ് പുളയാത്തവരുണ്ടാവില്ല സാഹിത്യത്തിലും രാഷ്ട്രീയത്തിലും.
കവി, ഗാനരചയിതാവ്, ഗ്രന്ഥകാരന്‍, സാഹിത്യ നിരൂപകന്‍, വാഗ്മി എന്നിങ്ങനെ ബഹുമുഖ പ്രതിഭ.പുരോഗമന കലാസാഹിത്യ സംഘടനയുടെ ജില്ലാ സെക്രട്ടറി, ഇടതു പക്ഷ അധ്യാപക സംഘടന നേതാവ്, വൈപ്പിന് ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിങ്ങനെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലും തിളങ്ങിയിട്ടുണ്ട്.
സാറിന്റെ പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗുരുദക്ഷിണ, യാത്ര(കവിത)
കുമാരനാശാനും സഹോദരനയ്യപ്പനും സാമൂഹ്യ വിപ്ളവവും( എഡിറ്റര്‍)
സഹോദരനയ്യപ്പന്‍ വിപ്ളവങ്ങളുടെ മാര്‍ഗ്ഗദര്‍ശി, കെടാമംഗലം പപ്പുക്കുട്ടി - കവിതയിലെ വിപ്ളവ ജ്വാല, ടി.കെ.രാമകൃഷ്ണന്‍ - ജീവിതവും കാലവും, പണ്ഡിറ്റ് കറുപ്പന്‍ , വിപ്ളവം - കവിതയിലും സാമൂഹ്യരംഗത്തും.(ജീവചരിത്രം ) നവോത്ഥാനകാല കവിത ( എഡിറ്റര്‍)
നവോത്ഥാന കവിത ( എഡിറ്റര്‍ ) , സഹോദരന്റെ പദ്യകൃതികള്‍ ( പഠനം , വ്യാഖ്യാനം)
രണ്ട് കൃതികള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.
ചങ്ങാതികള്‍( കുട്ടികളുടെ നോവല്‍) , ഗ്രീഷ്മ സന്ധ്യയിലെ കാറ്റ് ( കവിതാ സമാഹാരം)
ആയിരത്തോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാഷ് നടത്തിയിട്ടുള്ള ഉജ്വലമായ പ്രസംഗങ്ങളുടെ എണ്ണവും ഏതാണ്ട് അത്ര തന്നെ വരും.
തങ്കപ്പന്‍ മാഷിന്റെ ഗ്രന്ഥങ്ങളോരോന്നും ഗവേഷണ ചാതുരിയോടെ രചിക്കപ്പെട്ടിട്ടുള്ളതാണ്.പഠനാര്‍ഹങ്ങളാണ്.
എം.എന്‍.സന്തോഷ്
..........................................................
19 January, 2026
കേൾക്കാനൊരാൾ
കഥ
കേൾക്കാനൊരാൾ
എം.എൻ. സന്തോഷ്
പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന് നഗരത്തിന്റെ കാഴ്ച വിദൂരവും നിറം മങ്ങിയതുമായിരുന്നു. ഓറഞ്ചും പിങ്കും കലർന്ന ചോരയൊലിക്കുന്ന മുറിവുള്ള സൂര്യൻ ആകാശരേഖയിൽ നിന്നും കടലിൽ മുങ്ങിത്താഴ്ന്നു ജലസമാധി തുടങ്ങിയിരുന്നു. അയാൾക്ക് ഇനി ആസ്വദിക്കാൻ കഴിയാത്ത നിറങ്ങളിൽ, കലങ്ങിയ വെള്ളം പുഴയിൽ ചിത്രങ്ങൾ വരച്ചു. ഓരോ പ്രതിഫലനവും അവന്റെ ഉള്ളിൽ ആധിയായി പെരുങ്കളിയാട്ടമാടി.
നാളത്തെ സൂര്യോദയത്തെക്കുറിച്ചുള്ള ചിന്ത അസഹനീയമായിരുന്നു. അവസാന പ്രവൃത്തി. ഒരേയൊരു രക്ഷപ്പെടൽ. അതായിരുന്നു ലക്ഷ്യം.
അവന്റെ ചിന്തകളുടെ കാർമേഘത്തിലൂടെ അപ്രതീക്ഷിതവും ചിരപരിചിതമായ ഒരു ശബ്ദം ഇളം കാറ്റ് പോലെ പ്രവേശിച്ചു.
" ഹായ് നിതിൻ!"
അയാൾ ഞെട്ടി തിരിഞ്ഞു. ഏതാനും അടി അകലെയുള്ള കൈവരിയിൽ ചാരി നിൽക്കുകയായിരുന്നു മറ്റൊരാൾ.
തന്റെ ജീവിതത്തിലെ വളരെക്കാലം മുമ്പ് അടച്ചുവെച്ച ഒരു അധ്യായത്തിൽ നിന്നുള്ള ഒരു സുഹൃത്ത്. നിതിൻ ഓർമ്മിച്ചതിലും കുറച്ച് കൂടുതൽ തെളിമയോടെ പഴയ സഹപാഠിയുടെ മുഖം, പെട്ടെന്ന് ആശ്ചര്യത്തോടെ തെളിഞ്ഞു വന്നു.
" രഞ്ജിത്ത് അല്ലേ."
നിതിൻ ഒരു ദീർഘ നിശ്വാസത്തോടെ ആ പേര് ഉച്ഛരിച്ചു.
രഞ്ജിത്ത് പുഞ്ചിരിച്ചുനിന്നു .
"വൗ, വർഷങ്ങളായി കണ്ടിട്ട്. നീ ഇവിടെ എന്താണ് ചെയ്യുന്നത്?" അയാൾ ഒരു ചുവട് അടുത്തേക്ക് നീങ്ങി, കണ്ണുകൾ കൊണ്ട് നിതിന്റെ മുഖം പരിശോധിച്ചു. നിതിൻ വരുത്താൻ ശ്രമിച്ച പൊള്ളയായ പുഞ്ചിരിക്ക് മുകളിൽ ഒരു കറുത്ത തട്ടം ആവരണം ചെയ്തിട്ടുണ്ടായിരുന്നു.
"ഹേയ്... നിനക്ക് സുഖമാണോ? ."
വളരെ ലളിതവും നേരിട്ടുള്ളതുമായ ആ ചോദ്യം, നീതിന്റെ നിരാശയ്ക്ക് ചുറ്റും നിർമ്മിച്ച ലോലമായ അണക്കെട്ട് തകർത്തു. ആ ഭാവം നിസംഗതയുടേതായി. വാക്കുകൾ, ശ്വാസംമുട്ടലും അസഹ്യവുമായി, പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അവൻ രഞ്ചിത്തിനോട് എല്ലാം പറഞ്ഞു.
ജീവിതം , തുടർച്ചയായ പ്രഹരങ്ങളുടെ ഒരു പരമ്പരയായി മാറിയതു മുതൽ......
നഷ്ടപ്പെട്ട ജോലി, തകർന്ന ബന്ധം, സ്വപ്നങ്ങളുടെ മന്ദഗതിയിലുള്ളതും വേദനാജനകവുമായ മണ്ണൊലിപ്പ്. ഒരിക്കൽ ചൂടുള്ള ഓർമ്മകൾ, ഇപ്പോൾ അവന്റെ മനസ്സിൽ ഗ്ലാസ് കഷ്ണങ്ങൾ പോലെ ചിതറുന്നത്. ദുരിതം അവന് വലിച്ചെറിയാൻ കഴിയാത്ത കട്ടിയുള്ളതും ശ്വാസംമുട്ടിക്കുന്നതുമായ ഒരു പുതപ്പായിരുന്നു,
തന്റെ മൂല്യത്തെ നിരാകരിക്കുന്ന ഒരു വിധിന്യായം പോലെ തോന്നിക്കുന്ന പിരിച്ചുവിടൽ കത്ത്, നഷ്ടപ്പെട്ട സ്നേഹം , കുടുംബത്തെ നിരാശപ്പെടുത്തുന്നതിന്റെ ഭാരം, വിജയം മാത്രം ആഘോഷിക്കുന്ന ഒരു ലോകത്ത് ഒരു അദൃശ്യ പരാജയമാണെന്ന തോന്നൽ എന്നിവയെക്കുറിച്ച് നിതിൻ സംസാരിച്ചു.
രഞ്ചിത്ത് ഇടപെട്ടില്ല. അവൻ വെറുതെ പറയുകയോ എളുപ്പമുള്ള പരിഹാരങ്ങളോ നൽകിയില്ല. വെറും കേൾവിക്കാരനായി നിന്നു.
നഗരവിളക്കുകൾ ചുറ്റും മിന്നിമറയാൻ തുടങ്ങി. വർഷങ്ങൾക്കുശേഷം , ആദ്യമായി താൻ യഥാർത്ഥത്തിൽ ഉണ്ടെന്ന് നിതിന് തോന്നിപ്പിക്കുന്ന വികാര ഭാവത്തോടും ക്ഷമയോടും കൂടി അവൻ എല്ലാം ശ്രദ്ധിച്ചു കേട്ടു. നിതിൻ അകപ്പെട്ട കൊടുങ്കാറ്റിൽ സുഹൃത്ത് ഒരു നിശബ്ദ നങ്കൂരമായി മാറി.
നിതിൻ സംസാരിച്ചപ്പോൾ, പാലത്തിലേക്ക് അവനെ നയിച്ച ഭ്രാന്തമായ ഊർജ്ജം അലിഞ്ഞുപോകാൻ തുടങ്ങി. വിഷ ചിന്തകൾക്ക് ശേഷി നഷ്ടപ്പെട്ടതായി തോന്നി. ഭാരം പങ്കിടുന്ന പ്രവൃത്തി, മറ്റൊരാൾക്ക് സാക്ഷ്യം വഹിക്കാൻ എല്ലാം തുറന്നുകൊടുക്കുന്നത്, ഒരു മുറിവ് തുന്നി കെട്ടുന്നത് പോലെയായിരുന്നു.
ഒടുവിൽ അയാൾ നിശബ്ദനായപ്പോൾ, താഴെയുള്ള വെള്ളത്തിന്റെ മൃദുലമായ രാഗവും വാഹനങ്ങളുടെ ദൂരെയുള്ള മുഴക്കവും മാത്രം . വായു നിശ്ചലമായിരുന്നു. ഇത്രയും നേരം കണ്ണുനീർ പൊഴിച്ച നിതിന്റെ ഉള്ളകം വിചിത്രമായി പ്രകാശിച്ചു. അഗാധമായ ശാന്തതയും നിശ്ശബ്ദതയും ആഴവും അവനിൽ കുടിയേറി. ഇതുവരെ വേദന ഉണ്ടായിരുന്നിടത്ത് ശാന്തവും സുഖകരവുമായ ഒരു ശൂന്യത.
വാക്കുകൾക്കയാൾ വിമ്മിഷ്ടപ്പെട്ടു. ഗദ്ഗദം കണ്ണിരായി. പിന്നെ ഏങ്ങലടിച്ചു നിലവിട്ടു കരഞ്ഞു.
രഞ്ചിത്തിൻ്റെ നെഞ്ചിൽ നിന്നും ശിരസ് വിടുവിച്ച് അയാൾ പാഞ്ഞൊഴുകുന്ന പുഴയെ നോക്കി കണ്ണീർ തുടച്ചു. പ്രായശ്ചിത്തം പോലെ ചിരിച്ചു .ഇനി ഒരു രക്ഷപ്പെടലിനായി ഞാൻ നിൻ്റെ അടിയൊഴുക്കുകളിലേക്കില്ല.
ഒരു മണിക്കൂർ മുമ്പ് തനിക്ക് വളരെ യുക്തിസഹവും അനിവാര്യവുമായി തോന്നിയ ആ ആശയം ഇപ്പോൾ മറ്റൊരാളിൽ നിന്നുള്ള ഒരു ചിന്ത പോലെ, ആരോ ഒരാൾ കണ്ട ദുഃസ്വപ്നം പോലെ അയാൾക്കനുഭവപ്പെട്ടു
"നന്ദി," നിതിൻ പറഞ്ഞു,
അവന്റെ ശബ്ദം ആത്മഗതം മാത്രമായിരുന്നു, പക്ഷേ വൈകുന്നേരത്തെ തണുത്ത കാറ്റിൽ അത് സന്ധ്യാരാഗം പോലെ സുഖസാന്ദ്രമായിരുന്നു.
രഞ്ജിത്ത് മന്ദഹസിച്ചു. നിശബ്ദമായ ധാരണയുടെ മുഖഭാവം. " നമുക്കിനിയും കാണാം, എപ്പോൾ വേണമെങ്കിലും. ജസ്റ്റ് ഡയൽ."
സൂര്യന്റെ ജലസമാധി പൂർണ്ണമായി ക്കഴിഞ്ഞിരുന്നു. ഇരുമ്പു പാലത്തിൽ അവൻ കുറച്ച് നിമിഷങ്ങൾ കൂടി നിശബ്ദനായി നിന്നു.
ഏറെ നാളുകൾക്കു ശേഷം അന്ന് ആദ്യമായി അവൻ കൊച്ചി നഗരത്തെ തെളിമയോടെ കണ്ടു. നഗരത്തിലെ വെളിച്ചം ഇപ്പോൾ രാത്രിയുടെ കൂടാരത്തിലാണെങ്കിലും വാഗ്ദാനപ്രദവും പ്രചോദിപ്പിക്കുന്നതുമായ ഒരു പ്രകാശമായിരുന്നു.
മറ്റൊരു സൂര്യോദയം കാണാൻ അവൻ കൊതിച്ചു.
__________________
16 October, 2025
15 October, 2025
ഒക്ടോബർ 10 മലയാള മനോരമ 🖕
🌹🌹❤️❤️❤️❤️❤️❤️🌹🌷🙏🙏🙏🙏
കേസരി റസിഡൻ്റ്സ് അസോസിയേഷൻ
എന്നെ അനുമോദിക്കുന്നതിന് നേരിട്ട് വീട്ടിൽ വരികയും അമൂല്യമായ ഒരു സ്നേഹോപഹാരം നൽകുകയും ചെയ്ത കേസരി റസിഡൻ്റസ് അസോസിയേഷൻ്റെ ബഹുമാന്യരായ ഭാരവാഹികൾക്ക് ഞാൻ വിനയപൂർവം നന്ദി അറിയിക്കുന്നു.
ഡോ. APJ അബ്ദുൾ കലാം രചിച്ച 'Wings of fire ' എന്ന അമൂല്യമായ ഗ്രന്ഥം എനിക്ക് പാരിതോഷികമായി ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
അനുമോദനങ്ങളും ആശംസകളും അഭിനന്ദനങ്ങളും പങ്കുവെച്ച കേസരി റെസിഡൻ്റസ് അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു.
എന്ന്
വിനയപൂർവ്വം
ഗൗരിലക്ഷമി
16 September, 2025
എന്നോട് കളി വേണ്ട, മാറിപോ
കഥ
ചിങ്ങത്തിൽ മഴ ചിണുങ്ങി ചിണുങ്ങി. കന്നിക്കാറ് കല്ലുരുക്കും.
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
കാലം മാറി. കാലാവസ്ഥയും മാറി.പഴമൊഴികൾ പഴങ്കഥകളായി. അന്തരീക്ഷത്തിലെ ചൂട് അമിതമായി കൂടുന്നുണ്ട്.
ചിങ്ങമാസം ചിറകൊതുക്കുന്നു. ഇന്നിപ്പോ രാവിലെ പത്തുമണിയേ ആയിട്ടുള്ളുമെങ്കിലും നട്ടുച്ചയുടെ ചൂട് !
വെയിൽ മാറി, വാനം കറുത്ത കരിമ്പടം പുതക്കാൻ നിമിഷം മതി. കലാനിലയം നാടക അരങ്ങ് പോലെയാണ് പ്രകൃതിയുടെ പശ്ചാത്തലം മാറുന്നത്.
വെയിൽക്കാഴ്ച കണ്ട് വരാന്തയിൽ ഇരിക്കുമ്പോഴാണ് ഒരാൾ കുട ചൂടി വരുന്നത്. വളഞ്ഞ കാലും മുകളിൽ സൂചിക്കമ്പിയുള്ള വലിയ കുട. വരവ് ഇപ്പോൾ എൻ്റെ വീട്ടിലേക്കാണ്. കറണ്ട് അളക്കാൻ വരുന്ന കെ.എസ്.ഇ.ബിയിലെ സാജുവാണത്.
കുട നിവർത്തിയത് താഴെ വെച്ച് സാജു മീറ്ററിരിക്കുന്നിടത്തേക്കു പോയി. റീഡിങ് പരിശോധിച്ചു വന്നു.
" താപനില ഉയർന്നിട്ടും മാഷിൻ്റെ കറണ്ട് ചാർജ് ഉയരുന്നില്ലല്ലോ " സാജുവിൻ്റെ കമൻ്റ് .
താപനില പോലെ ബിൽ തുക കത്തിക്കയറ രുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു.
സാജു ബിൽ എൻ്റെ നേർക്കു നീട്ടി .
ഭാഗ്യം. തുക മൂന്നക്കം കടന്നിട്ടില്ല .
" കുട ചൂടുന്നത് നല്ലതാണല്ലേ. അത്രക്കാ വെയിൽ . അല്ലേ?" ഞാൻ ചോദിച്ചു.
" അതെ. ചൂട് അസഹ്യം . മഴ പെയ്താലും പണി മുടങ്ങരുതല്ലോ."
കൂട ചൂടി നടക്കാൻ തുടങ്ങും മുൻപ് സാജു നിന്നിട്ട് പറഞ്ഞു.
" മഴ നനഞ്ഞാൽ പനി പിടിക്കും. വെയില് കൊണ്ടാ കരിവാളിക്കും. അത്ര ല്ലേ.. പക്ഷെ , പട്ടി കടിച്ചാലോ?"
കർത്തവ്യ നിരതനായ ഒരു സർക്കാരുദ്യോഗസ്ഥന് കൃത്യാനന്തര വിഘ്നമുണ്ടാക്കുന്ന ഗുരുതരമായ ഒരു ആപത്തിനെപ്പറ്റിയാണ് സാജു പ്രതികരിക്കുന്നത്.
"പട്ടി കടിച്ചാൽ പണി മുടങ്ങും മാഷേ."
കേസരി റോഡിലും ഞാറക്കാട്ട് റോഡിലും മാത്രമല്ല , മുനിസിപ്പാലിറ്റിയിലെ സകല ഇടവഴികളിലൂടെയും നടക്കണം. പട്ടിക്കൂട്ടങ്ങളാണ് നിറയെ .
" കുരച്ചു വന്നാൽ കുട വീശാം. കുടത്തുമ്പു ചൂണ്ടി പേടിപ്പിക്കാം. വെയില് കൊള്ളാതിരിക്കാൻ മാത്രമല്ല . പട്ടിയെ പ്രതിരോധിക്കാൻ ഒരു രക്ഷാപ്രവർത്തന ഉപകരണം കൂടിയാണ് കുട . മനസിലായോ മാഷേ? "
കുട ചൂടി നടന്നു പോകുന്ന സാജു .
മണിച്ചിത്രത്താഴ് സിനിമയിൽ ഇന്നസൻ്റ് കുട ചൂണ്ടി പറയുന്ന സീൻ ആണ് അപ്പോൾ ഓർത്തത്.
" വേണ്ടാ ട്ടോ.....എന്നോട് കളിക്കണ്ട...മാറിപ്പൊക്കോ"
അതെ. ഒരു പ്രതിരോധം!
കുടയാണെങ്കിലും, ചെറിയൊരു തട!!!
എം.എൻ. സന്തോഷ്
04 August, 2025
11 July, 2025
12 June, 2025
02 June, 2025
29 March, 2025
നടൻ
കഥ
നടൻ
എം.എന്‍.സന്തോഷ്
ജി.കെ. അപ്പോൾ മുത്തച്ഛന്റെ വേഷമഴിച്ചിട്ടുണ്ടായിരുന്നില്ല. റോൾ കഴിഞ്ഞു. ജി.കെ. അവതരിപ്പിക്കുന്ന മുത്തച്ഛന്‍ കഥാവശേഷനായി.ഇനി വേദിയിലിടമില്ല.
മുണ്ടും ജുബയും
ബാഗിലെടുത്ത് വെച്ച് നാടക
വേഷത്തിൽ തന്നെ ജി.കെ.
അണിയറയിൽ
നിന്നിറങ്ങി.
പോവാണെന്ന്
ചമയക്കാരൻ മണി മാസ്റ്ററോട്
മാത്രം പറഞ്ഞിട്ട് ജി.കെ.
അമ്പലപ്പറമ്പിലേക്കിറങ്ങി.
അടുത്ത ഒരു
രംഗത്തോടു കൂടി നാടകം
പൂർണ്ണമാകുകയാണ്. ഈ
നാടകത്തിലെ കഥയോ കഥാപാത്രങ്ങളോ
സുപരിചിതമെന്ന് മാന്യ
പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ
ദയവായി ക്ഷമിക്കുക. ഇത്
സംഭവ്യമായ ഒരു ചിന്തയുടെ
ദൃശ്യാവിഷ്ക്കാരം എന്നു
കരുതുക.
കഥാപാത്രങ്ങളും
അഭിനേതാക്കളും.
മുത്തച്ഛൻ
- ജി.കെ.
പറവൂര്‍ ......
അനൗൺസ്
മെന്റ് തുടരുകയാണ്.
വേദിയില്‍
നിന്നിറങ്ങി കാണികൾക്കൊപ്പമിരുന്ന്
അവരുടെ വർത്തമാനങ്ങൾ കേൾക്കുന്ന
നടനാണ് ഗോപാലകൃഷ്ണന്‍ എന്ന
ജി.കെ.
പറവൂര്‍.
ദേ,
മുത്തച്ഛനെന്ന്
തിരിച്ചറിഞ്ഞ് കൗതുകപ്പെട്ടവരോട്
സലാം പറഞ്ഞ് , ചെറുകുന്നത്ത്
ഭഗവതി ക്ഷേത്ര മൈതാനം കടന്ന്
നാട്ടിടവഴികളിലൂടെ തിരുമാന്ധാം
കുന്നിറങ്ങി നടന്നു.
ചന്ദ്രപ്രഭയിൽ
വാനവും പാടവും പാൽ വെളിച്ചത്തിൽ
ആറാടി നിൽക്കുന്നു.
കാഞ്ഞിരപ്പുഴ
കനാൽക്കരയിലൂടെ നടക്കുമ്പോൾ
നെൽപ്പാടത്തിനപ്പുറത്തു
കൂടി ഒരു ട്രെയിൻ വടക്കോട്ട്
വച്ച് പിടിക്കുന്നുണ്ടായിരുന്നു.
'
അത് പാസഞ്ചറാ
. ഇനി
വരുന്നത് ചെന്നൈ എക്സ്പ്രസ്
.'
" ജി.കെ.
എന്താ ഇങ്ങനെയൊരു
യാത്ര? ആരോടും
പറയാതെ. അരങ്ങിൽ
ഇത്ര നേരം കാണികളെ വിസ്മയിപ്പിച്ച
നടൻ ,ചമയം
പോലുമഴിക്കാതെ !"
"
അങ്ങനെ ചോദിക്കടോ.
പറയാം.
പതിനെട്ടാം
വയസിൽ തട്ടിൽ കയറിയതാ ഈ ജി.കെ.
നൂറ് കണക്കിന്
വേഷങ്ങൾ. ആയിരക്കണക്കിനു
അരങ്ങുകൾ. ഇപ്പോൾ
മുത്തച്ചൻ വേഷം .
ഇതൊരൊന്നൊന്നര
വേഷം തന്നെ. ഇനി
കര്‍ട്ടനിടാന്‍ സമയമായി.
"
ജി.കെ.
പറവൂര്‍ സ്വയം
ചോദിച്ചു പറഞ്ഞും നടന്നു
നടന്ന് പാടം കടന്നു .
റെയിൽപ്പാളമായി.
വലതു വശത്തെ
പാളത്തിൽ കയറി നടന്നു.
ഇതിലൂടെയാ
പാസഞ്ചർ പോയത്.. മൂന്നാം
പാളത്തിലൂടെ ചെന്നൈ എക്സ്
പ്രസ് വരും.
ഒരു
ഗുഡ്സ് വണ്ടി പാളം കുലുക്കി
പാഞ്ഞു പോയി.. ആറു
പതിറ്റാണ്ട് പിന്നിട്ട
ജീവിതത്തിലെ കഥകളുടെയും
വ്യഥകളുടെയും ഓർമകൾ നിറച്ചുവെച്ച
ഒരു വണ്ടി മനസിലൂടെയും ഓടി.
ജീവിതസഖിയുടെ
വിയോഗം അയാളെ തളർത്തിയിരിക്കുന്നു.
രോഗാവസ്ഥയില്‍
നിന്നും കരകയറ്റാന്‍ നടത്തിയ
എല്ലാ ശ്രമങ്ങളും വൃഥാവിലായി.
ചിറകറ്റ്
പോയെന്ന തോന്നൽ. താന്‍
നാടകവുമായി നാട് ചുറ്റിയപ്പോള്‍
മക്കളെ ചേര്‍ത്ത് പിടിച്ച്
സ്നേഹപാശത്താല്‍ ബന്ധിച്ച്
കുടുംബം വളര്‍ത്തി വലുതാക്കിയത്
അവളുടെ കര്‍മ്മശേഷിയായിരുന്നു.
ഭര്‍ത്താവിനേയും
കുടുംബനാഥനേയും ഒപ്പം നടനേയും
സ്നേഹിച്ച സുജാത.
ആത്മാക്കളുടെ
ലോകത്തിരുന്ന് അവളെന്റെ
നാടകങ്ങൾ കാണുന്നുണ്ടാകും.
"വരൂ,
അച്ഛാ...”
കാനഡയിലും
അറബി നാട്ടിലും താമസമാകിയ
മക്കളുടെ സ്നേഹാഭ്യര്‍ത്ഥനകള്‍.
മക്കളോട്
പറഞ്ഞു.
" നിങ്ങളുടെ അമ്മയുറങ്ങുന്ന ഈ മണ്ണ് വിട്ട് അച്ഛനെങ്ങോട്ടുമില്ല. അച്ഛനീ മണ്ണു മതി മക്കളേ ..ഇവിടുത്തെ അരങ്ങും. "
ഇന്നത്തെ
വേദിയിൽ വല്ലാതെ പതറി.
തൊണ്ടയിടറി.
ഡയലോഗ്
മുറിഞ്ഞു.
ഗോപാലേട്ടൻ
അപ് സെറ്റാണല്ലോ ,
എന്തുപറ്റിയെന്ന്
സംവിധായകൻ ആശങ്കപ്പെടുകയും
ചെയ്തതാണ്. അപ്പോൾ
മനസ് പറഞ്ഞു.
സ്വരം
നന്നായിരിക്കുമ്പോള്‍ പാട്ട്
നിറുത്തണം.
മൂന്നാമത്തെ
ട്രാക്ക്. ജി.കെ.
നടക്കുകയാണ്.
കുറച്ചകലെ
ട്രാക്കിൽ മറ്റു ചില മനുഷ്യ
രൂപങ്ങളുടെ സംശയാസ്പദമായ
അനക്കങ്ങൾ കണ്ടപ്പോള്‍ ജി.കെ.
അസ്വസ്ഥനായി.
രണ്ടു
കുഞ്ഞുകുട്ടികളെ ഇരു വശങ്ങളിലും
ചേർത്തുപിടിച്ച് ഒരു യുവതി.
"
മക്കളെ ,
വണ്ടി വരുന്നു.
മാറി
നിൽക്ക്"
അമ്മയുടെ
കരങ്ങളിൽ അമർന്നിരുന്നിരുന്ന
പെൺ കുഞ്ഞുങ്ങൾ അയാളെ കണ്ടു.
ചാടാനൊരുങ്ങുകയാണ്.
ആജ്ഞയും
അനുതാപവും സമ്മിശ്രിതമായ
ഘനഗംഭീരമായ സ്വരം അവർ കേട്ടു.
“പൊന്നുമക്കളേ....”
"
നോക്കമ്മേ .
നാടകത്തിലെ
മുത്തച്ഛൻ."
അവരെല്ലാം
ആ നിമിഷം ഒന്ന് തിരിഞ്ഞ്
ശിലകളായ് നിലച്ചു നിൽക്കേ
, ചെന്നൈ
എക്സ്പ്രസിന്റെ ബോഗികൾ
ഒന്നൊന്നായി അവർക്കരികിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
അവിശ്വസനീയത
! ജീവിതത്തിനും
മരണത്തിനും ഇടയിലെ നൂല്‍പ്പാലം
നേരിട്ടു കണ്ടതിലെ അമ്പരപ്പ്.
നാടകത്തിലെ
അവസാന രംഗത്തിന്റെ തനിയാവർത്തനമാണോ
ഇത്? നാടക
കർത്താവിന്റെ ഭാവനകളെ
അതിശയിപ്പിക്കുന്ന പകർന്നാട്ടങ്ങൾ.
നടനും പ്രേക്ഷകരും
അമ്പരന്നുപോകുന്ന ചില
അപ്രതീക്ഷിത രംഗാനുഭവങ്ങൾ
പരിസമാപ്തിയെ തകിടം മറിക്കും.
റെയിൽവേ
സ്റ്റേഷനിലെ തട്ടുകടയിൽ
നിന്ന് അയാൾ കുഞ്ഞുങ്ങൾക്ക്
ചായ വാങ്ങി കൊടുത്തു.
മക്കളെ കൂട്ടി
റെയിൽപ്പാളത്തിലേക്ക് നടക്കാൻ
തോന്നിച്ച വിചാരങ്ങൾ ആ യുവതി
പങ്കുവെച്ചത് അനുതാപത്തോടെ
ജി.കെ
കേട്ടിരുന്നു.
"
അപ്പോൾ നമ്മൾ
കരുതിക്കൂട്ടി ഉറപ്പിച്ച്
നടപ്പാക്കാനെടുത്ത തീരുമാനങ്ങൾ
ഒന്നു തന്നെയായിരുന്നല്ലേ
?ഒരേ
ദിവസം, ഒരേ
സമയം, ചെന്നൈ
എക്സ്പ്രസ്സ്. പക്ഷെ
സ്ക്രിപ്റ്റ് പൊളിഞ്ഞ്
പാളിസായി പോയി .മക്കളേ....”
ജി.കെ.
ചിരിച്ചു.
നാടകത്തിലെ
അതേ ചിരി .
കുഞ്ഞുങ്ങൾ
കഥയറിയാതെ , പൊരുളറിയാതെ
അതിശയിച്ചിരുന്നു.
മക്കളെ ചേർത്തു
നിറുത്തി ആ അമ്മ അയാളെ കൈകൂപ്പി
നമസ്കരിച്ചു. കുഞ്ഞുങ്ങളുടെ
ശിരസിൽ തലോടി അയാളും .
യാത്രക്കാരധികമില്ലാത്ത
ആ സ്റ്റേഷനിലെ വാതിലിലൂടെ
സ്ത്രീയും കുട്ടികളും
പുറത്തേക്ക് നടക്കുന്നത്
നോക്കി അയാൾ നിന്നു.
അവിടെ നിന്നയാൾ
മറ്റൊരു യാത്രക്ക് പുറപ്പെട്ടു.
ഒരു തോന്നലിൽ
വേറൊരു ട്രെയിനിൽ
കയറിയിരുന്നതാണ്.ചെന്നെത്തിയത്
മഹാനദിക്കരയില്‍.
ഇപ്പോൾ ജി.കെ.
ആൾക്കൂട്ടത്തിലൂടെ
ഒഴുകുകയാണ്. ഒരേ
ലക്ഷ്യം തേടി മുന്നോട്ടൊഴുകുന്ന
മനുഷ്യ മഹാനദിയിലെ ഒരു ജലകണിക
പോലെ. അമർത്ത്യതയുടെ
പവിത്രമായ അമ്യത് തേടിയുള്ള
തീര്‍ത്ഥയാത്ര.
ഹിമാലയത്തിലെ
മഞ്ഞുരുകി ധാരയായി മൂന്ന്
മഹാനദികളായി സംഗമിക്കുന്ന
പ്രയാഗ് രാജിലെ സ്നാൻ ഘട്ടിൽ , മോക്ഷം തേടുന്ന ആയിരക്കണക്കിനാളുകൾ അനുഭൂതിയിലാറാടുകയാണ്.
നാടകവേഷം കരയിലഴിച്ചു വെച്ച് ജി.കെ. നദിയിലേക്കിറങ്ങി.
=============== എം.എന്‍.സന്തോഷ്
03 January, 2025
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ?
" ഇതെങ്ങനെ എഴുതി ?" എന്ന്
പ്രസന്ന ടീച്ചർ പ്രകടിപ്പിച്ച അതേ വിസ്മയം തന്നെയാണ് ഈ നോവൽ വായനയിലുടനീളം എനിക്കും അനുഭവപ്പെട്ടത്.
വാക്കുകൾ, വാങ്മയ ചിത്രങ്ങൾ, വാക്പ്രയോഗങ്ങൾ , പശ്ചാത്തലം,
മീൻപിടുത്തക്കാരുടെ ജീവിത രീതികൾ , ജലജീവികളുടെ ജീവിതം ഇതെല്ലാമായി
ബന്ധപ്പെട്ടുള്ള ഫാന്റസി നിറഞ്ഞ ഒരു ഫാന്റാ സ്റ്റിക് നോവൽ എന്നാണ് എനിക്ക്
പറയാനുള്ളത്.
കഥയും നോവലും വിഭുതിയിൽ നിന്നും സൃഷ്ടിക്കുന്നതല്ല
എന്നാണ് ഞാൻ കരുതുന്നത്. ഭാവന മാത്രമല്ല, ഒരു യാഥാർത്ഥ്യം അതിൽ
അന്തർലീനമായിരിക്കും. ഒരു വാക്ക്, ഒരു കാഴ്ച . ഒരു ത്രെഡ് .
അതുണ്ടായിരിക്കും. ഭാവനാശാലിയായ ഒരെഴുത്തുകാരന്റെ തൂലികയിൽ അതൊരു സാഹിത്യ
സൃഷ്ടിയായി പരിണമിക്കും.
കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ വൈഭവം നോവലിലുടനീളം അനുഭവപ്പെടുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ സംഘർഷ ഭരിതമായ ജീവിതം പ്രമേയമായിട്ടുള്ള രചനകൾ
മുൻപുമുണ്ടായിട്ടുണ്ട്. തകഴിയുടെ ചെമ്മീൻ , ലോഹിതദാസിന്റെ അമരം ( സിനിമ ) .
ഇവയോട് ചേർത്തു വെക്കാവുന്ന ജലജീവിതം പ്രമേയമായി മരുന്ന ഒരു മികച്ച
നോവലായി " കൊളുത്ത് " നെ കാണാൻ കഴിയും.
യാഥാർത്ഥ്യവും സങ്കൽപ്പവും
നോവലിൽ വല പോലെ വിദഗ്ധമായി നെയ്ത് ചേർത്തിരിക്കുന്നു. മനുഷ്യർ മാത്രമല്ല
ജലജീവികളും നോവലിലെ കഥാപാത്രങ്ങളാണല്ലോ.
പുഴയും തിരുതയും മാറ്റി കടൽ പശ്ചാത്തലമാക്കിയാൽ ഒരു ഹോളിവുഡ് സിനിമക്ക് സാധ്യതയുണ്ട്.
എന്നെ അമ്പരപ്പിച്ച ഒരു കാര്യം തിരുത പ്രതികാര ദാഹിയായ മത്സ്യമാണോ എന്നതാണ്.
ജീവരക്ഷക്കായി വല പൊളിച്ച് രക്ഷപ്പെട്ടേക്കാം.
പക മനസിൽ കരുതി വെച്ച് മനുഷ്യനെ വെല്ലുവിളിക്കാൻ വിധമുള്ള ജീവിയാണോ തിരുത എന്ന ഒരു സംശയം ബാക്കി.
ചാട്ടുളി തിരുത എന്ന ഒരു തിരുത വിഭാഗമുണ്ടോ ? എനിക്കറിയില്ല.
എന്തുമായി കൊള്ളട്ടെ. ചരിത്ര രചനയല്ലല്ലോ .
നോവലാണ്.
നോവൽ രചനക്കായി നടത്തിയ ഗവേഷണം വിസ്മയിപ്പിക്കുന്നതും അഭിനന്ദനാർഹവുമാണ്.
ഇത്തരം ചില രചനാ വൈഭവങ്ങൾ ഈ നോവലിനെ ഉന്നത നിലവാരത്തിലെത്തിക്കുന്നു.
അത് കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റും.
മലയാളത്തിൽ മാത്രമല്ല, ലോക സാഹിത്യത്തിൽ ഇടം പിടിക്കുന്നതാകട്ടെ ഈ നോവൽ.
ഡിസംബര്‍ 31
31 ഡിസംബർ 2024 വിടപറയുന്ന പകൽ നേരത്ത് രാവിലെ മുതൽ പ്രതീക്ഷയോടൊപ്പം
സഞ്ചരിച്ചപ്പോൾ ഉള്ളുലക്കുന്നതും ആകുലപ്പെടുത്തുന്നതുമായ കാഴ്ചകളാണ്
കാണാനും അനുഭവിക്കാനും കഴിഞ്ഞത്.
കഴിഞ്ഞ വർഷത്തെ 364 ദിവസവും സ്വന്തം
നേട്ടങ്ങൾ ആഞ്ഞു പിടിക്കാനുള്ള പാച്ചിലിനിടയിൽ കണ്ണിൽപ്പെടാതെ പോയ ചില
ജീവിത യാഥാർത്ഥ്യങ്ങളാണ് ഇന്നലെ ഒരൊറ്റ പാതി പകലിൽ നഗ്‌ന നേത്രങ്ങളാൽ
കണ്ടത്.
ഇങ്ങനെയുമുണ്ട് ജീവിതങ്ങൾ !
2024 വിട പറഞ്ഞ പകൽ വെട്ടത്തിൽ കണ്ട ആ കാഴ്ചകളാകെ മനസിലെ നെരിപ്പോടിൽ എരിഞ്ഞു കൊണ്ടേയിരിക്കുന്നു.
ഇരുകൈകളും നെഞ്ചിൽ കൂപ്പി നന്ദി പറഞ്ഞ ശരണാലയത്തിലെ വൃദ്ധ പിതാവ്,
അമ്പാടിയിലെ കണ്ണന്മാർ, അവിടുത്തെ ആശ്രമ പാലകർ , സ്പൂണിൽ ചോറ് വായിൽ വെച്ച്
ഊട്ടുന്ന പ്രൊവിഡൻസിലെ ക്രിസ്തുവിന്റെ കാരുണ്യവാനായ പ്രതിനിധി ....
അവിടുത്തെ മാലാഖമാർ.
അവർക്ക് മുന്നിൽ ഞാൻ എത്ര നിസ്സാരൻ .
ഹിമാലയ യാത്രയേക്കാൾ സുകൃതം കൈവരിച്ച തീർത്ഥാടനം.
ദൈവത്തിന്റെ സൃഷ്ടിജാലങ്ങൾ തിരിച്ചറിയാനുള്ള ഈ യാത്രയൊരുക്കിയ ശ്രീ സുഭഗൻ സറിനും സ്റ്റാഫിനും പ്രതീക്ഷ ട്രസ്റ്റിനും അകമഴിഞ്ഞ നന്ദി.
എം.എൻ. സന്തോഷ്.
01/01/2025
11 December, 2024
മാറാല
കഥ
മാറാല
എം.എൻ.
സന്തോഷ്
അച്ഛന്റെ
തോളിൽ തൂക്കിയ അവളുടെ സ്ക്കൂൾ
ബാഗിൽ പുസ്തകങ്ങൾക്കു പകരമിപ്പോൾ
.....
ഭാരമല്ല,
ഭയമാണ് അതിലേറെ
. അച്ഛന്
കാവലാളായ് പാതിരാ കഴിഞ്ഞ
നേരത്ത് , ബാഗിലൊരു
കൈത്താങ്ങ് കൊടുത്ത്,
അവളും നടന്നു
.
മാനത്ത്
മഴക്കാറ്. മഴക്ക്
അകമ്പടിയായി കാറ്റ് .
ഇടിമിന്നുന്നുണ്ടെങ്കിലും
ദൂരെയാണത്. മിന്നൽ
വെളിച്ചത്തിൽ അവൾ കണ്ടു.
ഇതാണാ വീട്.
ഈ
മതിൽ കടക്കണം. മതിൽ
ചേർന്ന് നിൽക്കുമ്പോൾ
മഴത്തുള്ളികൾക്ക് മുള്ളുകളുണ്ടെന്ന്
തോന്നിച്ചു.
അമ്മയിപ്പോൾ
അഗാധമായ ഉറക്കത്തിലായിരിക്കും
. ഗുളികകൾക്കൊപ്പം
ചെറിയ ഡോസിൽ ഉറക്കഗുളികയും
കഴിക്കണം. എങ്കിലേ
വേദനയറിയാതെ ഉറങ്ങാറുള്ളു.
അമ്മ മയക്കം
വിടും മുൻപ് ദൗത്യം പൂർത്തിയാക്കി
വീട്ടിലെത്തണം. അമ്മക്കരികിൽ
കിടന്നുറങ്ങണം.
സ്കൂൾ ബാഗിലിതെല്ലാം
ഭദ്രമായി വെച്ച് സിപ്പിടുമ്പോൾ
അമ്മ പറഞ്ഞതാണ് , രാത്രീല്
വേണ്ട, നേരം
വെളുത്തിട്ട് വീട്ടുകാര്
വരുമ്പോ നേരിട്ട് കൊടുത്താ
മതീന്ന്.
അപ്പോൾ
അവൾ പറഞ്ഞു.
" വേണ്ടമ്മ
, രാത്രി
തന്നെയായിക്കോട്ടെ ഇതിവിടെ
വെച്ചേക്കണ്ട. "
അച്ഛൻ
തട്ടിൻ പുറത്ത് നിന്നും
മരഗോവണിയിറങ്ങി വരുമ്പോൾ
മാളു സ്കൂളിലേക്ക് പുറപ്പെടാനുള്ള
തിടുക്കത്തിലായിരുന്നു.
മച്ചിൻ
പുറത്ത് എന്തെടുക്കുമായിരുന്നു
നിങ്ങളെന്ന് അമ്മയുടെ
പാരവശ്യത്തോടെയുള്ള അന്വേഷണത്തിന്
നോട്ടടിക്കുവായിരുന്നു
എന്നായിരുന്നു പാതി ദ്വേഷ്യത്തോടെ
അയാളുടെ മറുപടി.
അമ്മ
ചിരിച്ചു.
" തട്ടിൻ
പുറത്ത് നോട്ടടി യന്ത്രം.
നല്ല തമാശ.
പണ്ട് ഉപ്പുമാങ്ങ
വെച്ച വലിയ ചീനഭരണിയുണ്ടവിടെ."
"
കേറി നോക്ക്.
ചീനഭരണിയിൽ
നോട്ടും പണ്ടങ്ങളുമാണ് .
നെറച്ച്
വെച്ചിട്ടുണ്ട്. "
അവരുടെ
വർത്തമാനം തട്ടിയും മുട്ടിയും
തുടരവെ മാളു സ്കൂൾ ബാഗേന്തി
വന്നു.
" അച്ഛേ,
സൈക്കിളിന്റെ
താക്കോല് . സ്കൂളീ
പോട്ടെ."
അച്ഛേടെ
പുതിയ പ്രെഡക്ട്സ് സ്ക്ളീന്ന്
വന്നിട്ട് കാണാം എന്ന് പറഞ്ഞ്
താക്കോല് വാങ്ങുമ്പോൾ അച്ഛേ
ടെ കൈപ്പത്തിയിലെ മുറിവ്
പാടുകൾ അവളുടെ ശ്രദ്ധയിൽ
പെട്ടു.
ഇപ്പോൾ
മുറിഞ്ഞതല്ല. രക്തം
ഉണങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി
ഭക്ഷണം കഴിക്കുമ്പോൾ
ഉണ്ടായിരുന്നുമില്ല.
അതിനു ശേഷമെപ്പഴോ.
"
അച്ചേടെ കൈ
മുറിഞ്ഞിട്ടുണ്ടല്ലോ."
അതയാൾ
കേട്ടതായി ഭാവിച്ചില്ല.
അച്ഛന്റെ
മുഖത്തെ വിചാര ഭാവങ്ങൾ അവൾ
സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.
അച്ഛേടെ
തലേലും ഷർട്ടിലും നെറയെ
മാറാലയാണല്ലോ. തട്ടിൻ
പുറം മാറാല മുറ്റി നിൽക്കുകയാണ്.
അങ്ങോട്ട്
കയറാറില്ലാത്തതാണ്.
എലിയും കുറകളുമാണ്
വാസം.
" നോട്ടടിയായിരുന്നല്ലോ
അവിടെ. പിന്നെങ്ങനെ
മാറാലയാകാതിരിക്കും."
പിന്നെയും
അച്ഛനെ ചൂടാക്കുന്ന അമ്മയുടെ
വർത്തമാനം കേട്ടപ്പോൾ മാളു
വിചാരിച്ചു. ഈ
കളിതമാശകൾ അങ്ങിനെ വിട്ടാൽ
പറ്റില്ല. കണ്ടിട്ട്
തന്നെ കാര്യം.
ബാഗിറക്കി
വെച്ച് മാളു ഗോവണി കയറി.
മുകളിൽ തട്ടും
മുട്ടും, വലിച്ചെറിയുന്ന
ശബ്ദങ്ങളും കേട്ടു.
ഇതെന്തെന്ന്
വിചാരിച്ച് അമ്മ കൈ മലർത്തി.
അൽപ്പ നേരത്തിനകം
, മുടി
നിറയെ മാറാല മൂടി അവൾ തട്ടിൻ
വാതിൽക്കലെത്തി.
"
അച്ചടി
യന്ത്രമില്ലമ്മേ.
നോട്ടുകെട്ടുകളുണ്ട്.
അഞ്ഞൂറിന്റെ
കെട്ടുകൾ. കുറെ
സ്വർണ്ണവും . അച്ഛേ
, ഇതെവിടുന്ന്?"
അപ്പോളവൾ
മാളൂട്ടിയായിരുന്നില്ല.
വെളിച്ചപ്പാടിനെ
പോലെ വിറ കൊള്ളുകയായിരുന്നു.
കലി
തുള്ളി ഗോവണിയിറങ്ങി വരുന്ന
മകൾ.
കട്ടിലിലേക്ക്
പാരവശയായി ചായുന്ന ഭാര്യ.
അയാൾ
ഭാര്യയെ താങ്ങി പിടിച്ചു.
അയാളുടെ
വലത് കരം സ്വന്തം ശിരസ്സിൽ
പതിപ്പിച്ച് വെച്ച് മാളു
കരഞ്ഞു.
" സത്യം
പറയ് അച്ഛേ, ഇതെവിടുന്ന്
? "
അയാൾ
ഒന്നും മിണ്ടിയില്ല.
ഉമ്മറ വാതിലിലൂടെ
പുറത്തേക്ക് നോക്കിയിരുന്നു.
കട്ടിളപ്പടിയിൽ
മോളുടെ ബാഗ് നിശ്ചലമായിരിക്കുന്നു.
"
അച്ഛനെടുത്തതാണ്
മോളേ. നമ്മുടെ
സിദ്ധിക്ക് സേട്ടിന്റെ
വീട്ടിന്ന് .
വീടടച്ചിട്ടിരിക്കുകയാണ്."
പിന്നെ
നിശ്ശബ്ദത.
ഇടവഴിയിൽ
സേതു ലക്ഷ്മി സൈക്കിൾ നിറുത്തി
ഇങ്ങോട്ട് നോക്കി നിറുത്താതെ
ബെല്ലടിക്കുവോളം മൂവരും
മൗനത്തിന്റെ അഗാധ
ഗർത്തങ്ങളിലായിരുന്നു.
"
മാളൂട്ടി ,
വേഗം വാ.
ബെല്ലടിക്കും"
"
സേതു പൊക്കോ.
... സുഖല്യാ.
ഞാനിന്ന് ലീവാ
... "
ആരോടും
ചോദിക്കാതെ തന്നെ ,
സേതുവിന് മുഖം
കൊടുക്കാതെ അവൾ ജനലരികിൽ
ചെന്ന് നിന്ന് പറഞ്ഞു.
സേതു
ലക്ഷ്മി സൈക്കിൾ ചവിട്ടിപ്പോയി.ഒറ്റക്കും
കൂട്ടമായും കുട്ടികള്‍
പിന്നെയും പൊയ്ക്കൊണ്ടിരുന്നു.
ജനലരുകിൽ
നിന്ന് വിതുമ്പുന്ന മകളെ
അയാൾ ചേർത്ത് പിടിച്ച് അമ്മയുടെ
കൂടെ കട്ടിലിലിരുത്തി.
"
പോലിസ് വരും.
അച്ഛേ നെ കൊണ്ടു
പോകും... നാട്ടുകാർ
പറയും കളളന്റെ വീടെന്ന് .
കള്ളന്റെ
മോളെന്ന് വിളിക്കും.
"
അമ്മയുടെ
തോളിൽ ചാരികിടക്കുന്ന അവൾ
വിഭ്രമമായ അവസ്ഥയിലായിരുന്നു.
"
എസ്.എസ്.എൽ.സി.
ബയോഡേറ്റയിൽ
ഒക്യുപ്പേഷൻ ഓഫ് ഫാദർ ,
ഇലക് ട്രീഷ്യൻ
എന്നാ ചേർത്തിരിക്കുന്നത്.
എച്ചെമ്മിനോട്
പറയാം അത് തീഫ് എന്നാക്കാൻ
. അല്ലേ
, അമ്മേ
."
" കേട്ടോ
മനുഷ്യാ , മോള്
പറയുന്ന പൊള്ളുന്ന
വര്‍ത്തമാനങ്ങള്‍....നിന്റച്ഛനിത്
സൂക്കേടാ. പണ്ടേയുള്ളത്.
കണ്ണ്
വെച്ചാലതെടുക്കും.
നിന്റമ്മയേയും
അങ്ങനെ...."
" സ്കൂളിൽ
പി.ടി.എ
. മീറ്റിങ്ങിന്
വന്നപ്പോ , എച്ചമ്മിന്റെ
ടേബിളിന്ന് ഗ്ളാസ് പേപ്പർ
വെയിറ്റ് എടുത്തപ്പോ ഞാൻ
പറഞ്ഞിട്ടാ ഒരു സോറി പറഞ്ഞ്
വെപ്പിച്ചത്."
അയാൾ
മോളുടെ മുടിയിലും ഉടുപ്പിലും
ഒട്ടിപ്പിടിച്ച മാറാലകൾ
തൂത്ത് കളഞ്ഞ് പറഞ്ഞു.
"
മോള് പറയും
പോലെ ചെയ്യാം. അച്ഛനിത്
എടുത്തിടത്ത് വെക്കാം.
സോറി പറയാം
ആരോട് വേണമെങ്കിലും .
"
മാളു
സ്കൂളിൽ പോയില്ല. ഉച്ചക്ക്
ടിഫിൻ ബോക്സ് തുറന്നില്ല.
അമ്മയ്ക്കടുത്ത്
അവള്‍ കട്ടിലിൽ തന്നെയിരുന്നു.
അയാൾ
വർക്ക് ഷോപ്പിലും പോയില്ല.
അമ്മ പറഞ്ഞു.
"
ആശുപത്രില്
കെടന്നപ്പോ ഈ സിദ്ധിക്ക്
സേട്ട് വന്ന് ഒരു കവറ് തന്നു.
ഓർമ്മേണ്ടോ
. കാശായിരുന്നു
. അഞ്ഞൂറിന്റെ
കുറച്ച് നോട്ടുകൾ. നന്ദി
വേണം മനുഷ്യാ ."
അയാൾ
തട്ടിൻ പുറത്തേക്ക് കയറി
പോയി.
പ്രകൃതിയും
വിറളി പിടിച്ച് പൊരുതുകയാണ്.
രൗദ്രതയോടെ
ഇടിവാൾ ചുഴറ്റുന്നു.
മഴയും മുറുകി.
ലക്ഷ്യം
നിറവേറ്റാനാകാതെ അച്ഛനം
മകളും മഴ നനഞ്ഞ് മതിൽ ചാരി
നിന്നു.
ഒരു
മിന്നലിന്റെ നടുക്കത്തിൽ
കണ്ണിറുക്കിയടച്ച അവൾ ,
ഒരു വാഹനം
അരികിലായി സഡൻ സ്റ്റോപ്പിടുന്ന
ശബ്ദം കേട്ടാണ് കണ്ണു
തുറന്നത്.
പോലിസ്
ജീപ്പ്.
തൊട്ടരുകിൽ
നിൽക്കുന്ന വാഹനത്തിൽ നിന്നും
ചോദ്യമുയർന്നു.
"
ആരാ നിങ്ങൾ?
ഈ പാതിരാക്ക്
എന്താ പരിപാടി ?"
മാളു
വിറച്ചു. അച്ഛന്റെ
പ്രതികരണം പെട്ടെന്നായിരുന്നു.
" സ്കൂളിന്ന്
ടൂർ കഴിഞ്ഞ് മോള് ബസിറങ്ങീതാ
സാറേ . മഴയത്ത്
പെട്ടു പോയി. "
അച്ഛൻ
പറഞ്ഞ പൊളി വർത്തമാനം കേട്ട്
മകൾ ഭയന്നു.
ഇനിയെന്താണാവോ?
വാഹനത്തിനകത്ത്
കൂടുതൽ പോലിസുകാരുണ്ടായിരുന്നു.
അതിലൊരാൾ
പറഞ്ഞു.
" വണ്ടീ
കേറിക്കോ. കൊണ്ടു
വിടാം. ആ
ബാഗിങ്ങ് താ ."
അച്ഛൻ
ബാഗ് അകത്തേക്ക് കൊടുത്തു.
മാളു
ആദ്യം വാഹനത്തിലേക്ക് കയറി.
പിന്നാലെ
അയാളും.
ഇരുട്ടും
മഴയും ഒരുക്കിയ തടസ്സങ്ങൾ
വക വെക്കാതെ വാഹനം സഞ്ചരിച്ചു.
പോലീസ്
വണ്ടിയിലിരുന്ന് മാളു ശിരസ്
തുടച്ചു.
മഴ
നനഞ്ഞിട്ടും മാറാലകൾ
പോയിട്ടില്ലല്ലോ..
........................
11 September, 2024
പ്രതിരോധവഴികളിലൂടെ
തിരക്കഥ
സീന്‍ ഒന്ന്
സെപ്തംബര്‍ പത്ത്.
സമയം രാവിലെ 10.00
പ്രതീക്ഷ സെന്ററിന് മുന്‍ വശം. റോഡ്.
സുനില്‍, രമാദേവി തുടങ്ങിയ വൊളണ്ടിയര്‍മാര്‍ നോട്ടിസ് വിതരണം നടത്തുന്നു. പ്രചരണം സജീവം.കാല്‍നട യാത്രക്കാര്‍ക്ക് നോട്ടിസ് കൊടുക്കുന്നുണ്ട്.ഇരു ചക്ര വാഹന യാത്രക്കാര്‍ വണ്ടി നിറുത്തി നോട്ടിസ് വാങ്ങി പോകുന്നത് കാണാം.
ഒരു ബൈക്ക് പാഞ്ഞ് വരുന്നു. സുനില്‍ കൈകാണിക്കുന്നു. ലിഫ്റ്റ് ആണെന്ന് കരുതി ബൈക്കുകാരന്‍ , നോ പറഞ്ഞ് നിറുത്താതെ പോകുന്നു.
പ്രതീക്ഷ സെന്ററിന്റെ ദൃശ്യങ്ങളിലേക്ക് കാമറ മൂവ് ചെയ്യുന്നു. ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയിലേക്ക്...ഗേറ്റിന് മുകളിലെ ബാനറില്‍ കാമറ ഫോക്കസ് ചെയ്യുന്നു.
സീന്‍ രണ്ട്
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.
സ്റ്റാന്‍ഡില്‍ തിരക്കില്ല. സൂര്യതാപം കൂടി വരുന്നു. ശശിധരനും സന്തോഷും നോട്ടിസുമായി യാത്രക്കാരുടെ അടുത്തേക്ക്. ഓഫിസിനകത്ത് ജീവനക്കാര്‍ക്ക്, ബസില്‍ നിന്നിറങ്ങുന്നവര്‍ക്ക്, ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക്... സൗമ്യതയോടെ നോട്ടിസ് വാങ്ങുന്നവര്‍, നോട്ടിസിനു പിന്നാലെ രസീതുണ്ടോ എന്ന് ആശങ്കപ്പെടുന്നവര്‍..വേണ്ടെന്ന് പറയുന്നവര്‍....വിവിധ ഭാവങ്ങള്‍ വായിച്ചെടുക്കാം മുഖങ്ങളില്‍.ബസ് സ്റ്റാന്റിലെ സ്ഥിരം ലോട്ടറി വില്‍പ്പനക്കാരന്‍
തണലിരിക്കുന്ന മുച്ചക്ര വാഹനത്തില്‍ വിശ്രമിക്കുന്നു.
സന്തോഷ് അദ്ദേഹത്തിന്റെ അടുത്തേക്ക്. നോട്ടിസ് നീട്ടുന്നു.
ലോട്ടറിക്കാരന്‍ : വേണ്ട
സന്തോഷ് : വാങ്ങിച്ചോ, പിന്നെ വായിച്ചാ മതി.
ലോട്ടറിക്കാരന്‍ : വേണ്ട.
സന്തോഷ് : ചേട്ടന് അല്ലെങ്കില്‍ ആര്‍ക്കങ്കിലും പ്രയോജനപ്പെടും.
ലോട്ടറിക്കാരന്‍ : വേണ്ടെന്ന് പറഞ്ഞില്ലേ.
രണ്ട് പേരുടെയും വ്യത്യസ്തഭാവങ്ങള്‍.
സീന്‍ മൂന്ന്
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.
ശശിധരനും സന്തോഷും നോട്ടിസുമായി തണലില്‍ നില്‍ക്കുന്നു.
സമീപത്ത് നോട്ടിസ് വായിച്ച് നില്‍ക്കുന്ന
യാത്രക്കാര്‍.
വെല്‍ ഡ്രസ്സ്ഡ് ആയ ഒരാള്‍ സ്റ്റാന്‍ഡിലേക്ക് നടന്നു വരുന്നു.
സന്തോഷ് നോട്ടിസ് നീട്ടുന്നു, ലഘുവിവരണവും. അദ്ദേഹം നോട്ടിസ് വാങ്ങിച്ചു.
യാത്രക്കാരന്‍ : ഇതോണ്ടോന്നും ഒരു കാര്യോല്ല.
അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
അദ്ദേഹം നോട്ടിസ് വായിക്കുന്നു. തല കുലുക്കുന്നു.
യാത്രക്കാരന്‍ : നല്ല കാര്യം.
ഞാനൊരു മാസിക തരാം. അദ്ദേഹം ബാഗ് തുറക്കുന്നു.
ഒരു ലഘു പുസ്തകം സന്തോഷിന് നീട്ടി. വാങ്ങിക്കുന്നു.
യാത്രക്കാരന്‍ : ഞങ്ങളും ഇത് തന്നെയാണ് ലക്ഷ്യം.
"ജീവിതം ആസ്വദിക്കാം. എന്നേക്കും.” പുസ്തകത്തിന്റെ പുറം ചട്ടയില്‍ ടൈറ്റില്‍.
സന്തോഷ് പുസ്തകത്തിന്റെ താളുകള്‍ മറിച്ച് നോക്കുന്നു.
"കുടുംബങ്ങളും കൂട്ടുകാരും ഒന്നിച്ച് സമാധാനവും സന്തോഷവും
നിറഞ്ഞ ജീവിതം ആസ്വദിക്കാം. കുറച്ച് കാലത്തേക്കല്ല,
എന്നേക്കും.” സങ്കീര്‍ത്തനം 22:26
"ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പ് തരുന്നു.”
പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഇതും വായിച്ചു.
ബൈബിള്‍ വചനങ്ങള്‍.
സന്തോഷ് : നമ്മള്‍ ഒരേ ലക്ഷ്യം, മാര്‍ഗം രണ്ട്, അല്ലേ ?
യാത്രക്കാരന്‍ : നിങ്ങള്‍ ചെയ്യുന്നതും ഒരു നല്ല കാര്യം
അദ്ദേഹം ബസില്‍ കയറാനായി നടക്കുന്നു.
സീന്‍ നാല്
കെ.എം.കെ. ജങ്ഷന്‍. ഫ്രൂട്ട് സ്റ്റാള്‍.
നോട്ടിസ് വിതരണം നടക്കുന്നു.
നോട്ടിസ് വായിച്ച് കൊണ്ട് ഒരു യുവാവ്.
യുവാവ് : കടം കേറി നില്‍ക്കക്കള്ളീല്ലാതെ എത്ര പേരാ ആത്മഹത്യ ചെയ്യുന്നതെന്നറിയോ ?നിങ്ങള്‍ക്ക് ലോണ്‍ അടച്ച് കൊടുക്കാന്‍ പറ്റോ. അല്ലാതെ പിന്നെന്താ ഇതോണ്ട് കാര്യം?
ശശിധരന്‍ : ആത്മഹത്യ ചെയ്താ കടബാധ്യത തീര്വോ? പിന്നെ ജീവിച്ചിരിക്കുന്നവരുടെ കാര്യോന്താവും ?
അതാലോചിച്ച് നോക്ക് .
യുവാവിന് പ്രതികരണമില്ല. എല്ലാവരും ചിന്താഭരിതരായി നില്‍ക്കുന്നു.
കെ.എം.കെ. ജങ്ഷന്‍ മുതല്‍ പടിഞ്ഞാറ് വശത്തെ കടകളില്‍ ശശിധരനും കിഴക്ക് വശത്തെ കടകളില്‍
സന്തോഷും നോട്ടിസ് വിതരണം നടത്തി വടക്കോട്ട് നടക്കുന്നു.
മുന്‍സിപ്പല്‍ ജങ്ഷന്‍. ബസ് സ്റ്റോപ്പ്.
ധാരാളം പേര്‍ ബസ് കാത്ത് നില്‍ക്കുന്നു. അവര്‍ക്കിടയില്‍ നോട്ടിസ് വിതരണം നടക്കുന്നു. അവര്‍ വായിക്കുന്നു.
ഒരു യാത്രക്കാരന്‍ : ആത്മഹത്യ ചെയ്യാന്‍ വിചാരിച്ചയാളെ ആര് വിചാരിച്ചാലും രക്ഷിക്കാനൊന്നും പറ്റില്ല. ഒരു
മൊമന്റി തോന്നുന്ന കാര്യോണ്. നമ്മളെങ്ങനെ അറിയാനാണ് ? അത് നടന്നിരിക്കും.
സന്തോഷ് : ആ മോമന്റിന് മുമ്പുള്ള ചില ലക്ഷണങ്ങളുണ്ട്. അത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍...അതറിയാന്‍
പറ്റും.
യാത്രക്കാരന്‍ : ങ്ഹ . നടക്കട്ടെ.... നല്ല കാര്യം.
സീന്‍ ഏഴ്
മുന്‍സിപ്പല്‍ ഓഫിസ്, മുന്‍സിപ്പല്‍ ലൈബ്രറി, ഓട്ടോ സ്റ്റാന്റ് ....നോട്ടിസ് വിതരണവുമായി ഇരുവരും കിഴക്കോട്ട്
നടക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും നല്ല പ്രതികരണം.
ഓട്ടോ ഡ്രൈവര്‍ : ഞങ്ങളിത് എല്ലാവരോടും പറയാം.
സീന്‍ എട്ട്
അമ്മന്‍ കോവില്‍ റോഡ് പരിസരം.
അവസാനത്തെ ഒരു നോട്ടിസുമായി സന്തോഷ് ജൂബി വെസ്സല്‍സ് കടയിലേക്ക് കയറുന്നു.
കടയിലെ ബാബു നോട്ടിസ് വാങ്ങുന്നു.
ബാബു : ഇതെവിടെയാണ്?
കടയിലെ പെണ്‍കുട്ടി : ചേട്ടാ, പ്രതീക്ഷ കേസരി റോഡിലാണ്. എനിക്കറിയാം. എന്റെ ഒരു ചേച്ചി അവിടെ
പോയിട്ടുണ്ട്.
സന്തോഷ് കടയില്‍നിന്നും പുറത്തേക്കിറങ്ങുന്നു.
സീന്‍ ഒമ്പത്
സമയം 11.45
കടയില്‍ നിന്നും കാണുന്ന റോഡിന്റെ ദൃശ്യം.
ശശിധരന്‍ റോഡിന്റെ മറുഭാഗത്തു നിന്നും ഇപ്പുറത്തേക്ക് റോഡ് കടക്കാനായി നില്‍ക്കുന്നു.
ഇരുകൈകളും കാലിയാണെന്ന് വിടര്‍ത്തി ഉയര്‍ത്തി സന്തോഷ് വീശികാണിക്കുന്നു. ശശിധരന്‍ റോഡ് ക്രോസ്
ചെയ്ത്
ഇപ്പുറത്തേക്ക് വരുന്നു.
ശശിധരന്‍ : നാല് നോട്ടിസു കൂടിയേയുള്ളു. ഇത് കൊടുത്തിട്ട് പോകാം.
ബാക്കിയുള്ള നോട്ടിസ് നാല് പേര്‍ക്ക് കൊടുക്കുന്നു.
സീന്‍ പത്ത്
ഓട്ടോ വന്ന് നില്‍ക്കുന്നു.
ശശിധരന്‍ ഡ്രൈവറോട് : പ്രതീക്ഷ, കേസരി റോഡ്.
ഓട്ടോ മുന്നോട്ട് പോകുന്നു.
THE END
വായന: ഗുരു ദർശനം0: എം. കെ. സാനു
https://open.spotify.com/show/4DVkaCYHatFSkWAsfcPZZc
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
ലേഖനം കേശവദേവ് - വിപ്ളവകാരിയായ സാഹിത്യകാരന് എം . എന്‍ . സന്തോഷ് വിശാലമായ പുരയിടത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...













