07 August, 2026

വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc

സ്കൂൾ പാഠ്യപദ്ധതി കാലാവസ്ഥ സൗഹൃദമാകണം

 

കേരളത്തിലെ കാലാവസ്ഥയും വിദ്യാഭ്യാസവും
        കേരളത്തിൽ മഴയും വെള്ളപ്പൊക്കവും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒരു സ്ഥിരം പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ തുടർച്ചയായി അവധികൾ വന്നു . ഒന്നാം ടേമിലേക്കുള്ള അധ്യായനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല . ഓണത്തിന് മുൻപ് പരീക്ഷ നടത്തണം.
     ജൂൺ , ജൂലൈ , ആഗസ്റ്റ് മാസങ്ങളിലാണ് കാലവർഷകെടുതികളുണ്ടാകുന്നതും അധ്യായനം മുടങ്ങുന്നതും എന്നതാണ് ഇപ്പോൾ കണ്ടുവരുന്നത് . ഇതേ സമയത്ത് നടക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷക്കാണ് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സമ്മർദ്ദം അനുഭവികേണ്ടി വരുന്നത് . കാലാവസ്ഥ എല്ലാ വർഷവും ഒരുപോലെ ആകണമെന്നുമില്ല .
      കേരളത്തിൽ പരീക്ഷ കാലത്തിലും അവധിക്കാലത്തിനും കാലാവസ്ഥയെ അടിസ്ഥാനമാക്കി ഒരു പുനർവിചിന്തനവും വിന്യാസവും അത്യന്താപേക്ഷിതമാണ് .
ഈ പ്രതിസന്ധിയെ പ്രായോഗികമായി എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി ചിന്തിക്കേണ്ടതാണ് .
1. സ്കൂൾ അവധികൾ പുനഃക്രമീകരിക്കൽ (ഓണം, ക്രിസ്മസ്, വേനലവധി)
       കേവലം പരമ്പരാഗത അവധികൾ മാറ്റുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും, ചില മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും .
      മൺസൂൺ ബ്രേക്ക് നടപ്പാക്കി ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴയുള്ളപ്പോൾ ചെറിയൊരു ഇടവേള നൽകുകയും, ആ ദിവസങ്ങൾ ഓണം-ക്രിസ്മസ് അവധികളിൽ ക്ലാസുകൾ നടത്തി നികത്തുകയും ചെയ്യാം.
     വേനലവധി ചുരുക്കി കൊണ്ട്  കാലാവസ്ഥ പരിഗണിച്ച്, ആവശ്യമെങ്കിൽ ഏപ്രിൽ അവസാന വാരം വരെ ക്ലാസുകൾ നീട്ടാം.
2.ഫ്ലെക്സിബിൾ ടൈം ടേബിൾ:
    ഓരോ ജില്ലയിലെയും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അവധികൾ നിശ്ചയിക്കാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്  പ്രാദേശിക തലത്തിൽ അനുമതി നൽകാം.

3  സ്കൂളുകളിൽ സെമസ്റ്റർ സമ്പ്രദായം
      വർഷാവസാനം എല്ലാ പാഠഭാഗങ്ങളും ഒരുമിച്ച് പരീക്ഷ എഴുതുന്നതിന് പകരം, സിലബസ് രണ്ട് സെമസ്റ്ററുകളായി തിരിക്കാം .
    ആദ്യ സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ/നവംബർ മാസങ്ങളിലും രണ്ടാം സെമസ്റ്റർ മാർച്ച്/ഏപ്രിൽ മാസങ്ങളിലും നടത്താം .
അക്കാദമിക് ഭാരം കുറയ്ക്കാനും അപ്രതീക്ഷിത അവധികളാൽ  ഉണ്ടാകുന്ന പഠനനഷ്ടം പരിഹരിക്കാനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും സാധിക്കും .
      യൂറോപ്പിൽ അതിശൈത്യമുള്ള രാജ്യങ്ങൾ (ഉദാഹരണത്തിന് ഫിൻലാൻഡ്, നോർവേ) കാലാവസ്ഥയെ നേരിടാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്:
യൂറോപ്പിൽ സ്കൂളുകളിൽ ഹീറ്റിംഗ് സംവിധാനങ്ങൾ ഉള്ളതിനാൽ കനത്ത മഞ്ഞിലും ക്ലാസുകൾ നടക്കും. എന്നാൽ മഴക്കാലത്ത് , കേരളത്തിൽ സ്കൂളുകൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റേണ്ടി വരുന്നു.

4. വിദ്യാഭ്യാസം മുടങ്ങുമ്പോൾ പകരം സംവിധാനങ്ങൾ
      കളക്ടർമാർ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ പഠനം മുടങ്ങാതിരിക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാം:
ഹൈബ്രിഡ് ലേണിംഗ്
സ്കൂളുകൾക്ക് അവധി നൽകുമ്പോൾ ആ ദിവസങ്ങളിൽ വിക്ടേഴ്സ് ചാനൽ വഴിയോ ഗൂഗിൾ മീറ്റ്/സൂം വഴിയോ ഓൺലൈൻ ക്ലാസുകൾ പിന്നീട് നടത്താവുന്നതാണ് .
പ്രസ്തുത അവധി ദിവസങ്ങളിൽ  ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്  പ്രായോഗികമല്ല . . കാരണം, ദുരിത ബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളും കുടുംബവും കിടപ്പാടം ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയായിരിക്കും. പാഠപുസ്തകങ്ങളും വസ്തങ്ങളും  നഷ്ടപ്പെട്ട സങ്കടത്തിലായിരിക്കും കുട്ടികൾ . അവർക്കു മാനസിക പിന്തുണയും ലഭ്യമാക്കണം .
     ശനിയാഴ്ചകളിലെ ക്ലാസുകൾ: നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങൾ നികത്താൻ മുൻകൂട്ടി നിശ്ചയിച്ച ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തുക. ഡിജിറ്റൽ ലൈബ്രറിയും റെക്കോർഡഡ് ക്ലാസുകളും കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും കാണാൻ പാകത്തിൽ പാഠഭാഗങ്ങളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ കൈറ്റ് വിക്ടേഴ്സ് (KITE-VICTERS) പോർട്ടലിൽ ലഭ്യമാക്കുക.
       കേവലം അവധി മാറ്റുന്നതിലുപരി, ഡിജിറ്റൽ സാങ്കേതികവിദ്യയും ഫ്ലെക്സിബിൾ ആയ ഒരു അക്കാദമിക് കലണ്ടറും അതോടൊപ്പം ലൈഫ് സ്കിൽസും  ഒത്തുചേരുന്ന    ഒരു വിദ്യാഭ്യാസ പദ്ധതി  നടപ്പാക്കുന്നതിന പറ്റി കാലവർഷക്കെടുതികളുടെ ദുരിതങ്ങൾ അനഭവിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ  ആലോചിക്കാവുന്നതാണ് .




 

21 May, 2026

പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍

പൂയപ്പിള്ളി മാഷിന് അക്കാദമി പുരസ്കാരം 

ഒരു ശിഷ്യന്റെ അനുമോദനക്കുറിപ്പ്






കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്കരം ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ മാസ്ററര്‍ നേടിയപ്പോള്‍ എഴുതിയ കുറിപ്പാണിത്.കേരള സര്‍ക്കാരിന്റെ വിശിഷ്ടമായ ഈ സാഹിത്യ പുരസ്കരം എന്റെ ഗുരുനാഥനാണ് കരസ്ഥമാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ ഓരോശിഷ്യനും സ്വയം അഭിമാനിക്കുന്നുണ്ടാവും എന്റെ ഗുരുനാഥനെന്ന് . അതാണ് ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍.

ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ മലയാളം അധ്യാപകനായിരുന്നു തങ്കപ്പന്‍ മാസ്റ്റര്‍. 1974 – '77 കാലഘട്ടത്തിലായിരുന്നു ചെറായി എസ്.എം.എച്ച്.എസില്‍ എന്റെ ഹൈസ്ക്കൂള്‍ പഠനകാലം.സാറിന്റെ മലയാളം ക്ളാസ്സ് മനസ്സിലിന്നും മായാതെ നില്‍ക്കുന്നു.


ചുണ്ടില്‍ മൃദു മന്ദഹാസവുമായി മലയാളം പഠിപ്പിക്കുന്ന മാഷ്. പാഠപുസ്തകത്തിലെ കഥകളുടെ ആഖ്യാനവും , ഉപാഖ്യാനവും , വിവരണങ്ങളും.കവിതകളുടെ കാവ്യാത്മകമായ ആലാപനം. അക്ഷരങ്ങളും , വാക്കുകളും സുവ്യക്തമായി സ്ഫുടതയോടെ മണി മണിയായി ഉതിര്‍ന്ന് വീഴുമ്പോള്‍ ആ വാക്ധോരണിയില്‍ ഞാന്‍ അത്ഭുതപ്പെട്ട് ക്ളാസ്സിലിരുന്നിട്ടുണ്ട്. മലയാളത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുക അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായിരുന്നു.


പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ച് വന്നത് സാര്‍ വായിക്കാനിടയായ സംഭവം ഇന്നുമോര്‍ക്കുന്നു.ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ്.മലയാളമാണ്.സാര്‍ കളാസ്സിലേക്ക് വരുന്നു.

സന്തോഷേ, നിനക്കൊരു തപാല്‍ വന്നിട്ടുണ്ട്.ഞാനതെടുത്ത് കൊണ്ട് വന്നിട്ടുണ്ട്.”

സാര്‍ എന്നെ നോക്കി പറഞ്ഞു.

തപാലിന്റെ റാപ്പര്‍ പൊട്ടിച്ച് സാര്‍ പുസ്തകം പുറത്തെടുത്തു.ഇനിയെന്താണാവോ സംഭവിക്കുക? ഞാന്‍ ആകാംഷയോടെ തല താഴ്ത്തിപ്പിടിച്ച് സാറിന്റെ കൈയിലിരിക്കുന്ന പുസ്തകത്തിലേക്ക് ഒളിഞ്ഞ് നോക്കി.പുസ്തകത്തിന്റെ പുറം താളിലെ പേര് വായിച്ചു.

ബാലലോകം” ബാലമാസിക.ഞാന്‍ കഥ അയച്ചിരുന്നു.എന്റെ ഹൃദയത്തില്‍ ആഹ്ളാദത്തിന്റെ ഒരു പൂത്തിരി കത്തി.കഥ പ്രസിദ്ധീകരിച്ചിരിക്കുന്നു! എന്റെ ആദ്യ കഥയുടെ പ്രകാശന കര്‍മ്മമാണ് അപ്പോള്‍ നടക്കുന്നത്.


സാര്‍ ബാലലോകത്തിന്റെ പേജുകള്‍ മറിച്ച് എന്റെ കഥയുള്ള പേജ് കണ്ടുപിടിച്ചു.

സാര്‍ കഥ ഉറക്കെ വായിച്ചു.ഒരു കുട്ടിക്കഥ ആയിരുന്നു അത്.ഒരു വനത്തിലെ പുഴയോരത്ത് മന്ത്രവാദി മണ്ണ് കുഴച്ചെടുത്ത് മൂന്ന് പ്രതിമകളുണ്ടാക്കി അവയ്ക് ജീവന്‍ നല്‍കുന്നതാണ് കഥ.


ധാരാളം വായിക്കണം. നല്ല ഭാഷയും ആശയങ്ങളും കൈവശമാക്കണം എന്നാലേ എഴുതാന്‍ പറ്റുകയുള്ളു. ” പുസ്തകം എനിക്ക് തന്നു കൊണ്ട് സാര്‍ പറഞ്ഞു.


പിന്നെയും ഏതാനം കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ എന്റെ എഴുത്തില്‍ പുരോഗതി ഉണ്ടായില്ല.സര്‍ഗ്ഗാത്മകതയുടെ ആ പളുങ്ക് പാത്രം യാത്രക്കിടയില്‍ വഴിയിലെവിടെയോ വീണുടഞ്ഞ് പോയി.


അവാര്‍ഡ് കിട്ടിയ വിവരം പത്രത്തില്‍ വായിച്ചറിഞ്ഞ ഉടനെ അനുമോദനം നേരിട്ട് പറയാന്‍ ചെറായിലെ സാറിന്റെ വീട്ടിലെത്തിയപ്പോഴും അദ്ദേഹം പണ്ട് പറഞ്ഞ കാര്യം തന്നെ ഓര്‍മ്മിപ്പിച്ചു.

വായിക്കണം . ഇപ്പോള്‍ ധാരാളം സമയമുണ്ടല്ലോ.”


ഇസ്തിരിയിട്ട ചുളിവ് ലവലേശം വീഴാത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് , തലമുടി ചീകി ഒതുക്കി വെച്ച , അല്‍പ്പം ഗമയോടെ ക്ളാസ്സിലേക്കുള്ള വരവ് ! നിറമല്‍പ്പം കറുത്തിട്ടാണെങ്കിലെന്ത് ? സംസാരത്തിലും , സമീപനത്തിലും , വിനയത്തിലും , വിവേകത്തിലും , സ്നേഹത്തിലും , സമഭാവനയിലും മാത്രമല്ല ആ ചിരിക്ക് പോലും ഏഴഴകാണ് അന്നും , ഇന്നും !

 



അന്നും മികച്ച വാഗ്മിയായിരുന്നു തങ്കപ്പന്‍മാസ്റ്റര്‍. നാട്ടില്‍ നടക്കുന്ന സാംസ്ക്കാരിക സമ്മേളനങ്ങളിലും , ക്ളബ്ബുകളുടെ വാര്‍ഷികങ്ങളിലും സാറിന്റെ പ്രസംഗമുണ്ടാവും.ശ്രീനാരായണ ഗുരുവിനെക്കുറിച്ചായാലും, സഹോദരനയ്യപ്പനെക്കുറിച്ചായാലും സാഹിത്യ ചര്‍ച്ചയായാലും ആഴത്തില്‍ പഠിച്ചിട്ടായിരിക്കും പ്രസംഗ വേദിയിലേക്ക് വരുന്നത്.അതുകൊണ്ട് തന്നെ പ്രസംഗം അനുവാചക ഹൃദയത്തിലേക്ക് ആഴ് ന്നിറങ്ങും.പാശ്ചാത്യ സാഹിത്യത്തിലെ പോലും , ചരിത്രവും , കഥയും, കഥാപാത്രങ്ങളും കാലഘട്ടവും ഓര്‍മ്മയില്‍ നിന്ന് തത്സമയം വിനിമയം ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങള്‍ .ആ കൃത്യത കൊണ്ട് തന്നെ സാറിന്റെ നിലപാടുകള്‍ ഖണ്ഡിക്കാന്‍ പറ്റാതെ വരും.


പ്രസംഗ വേദികളിലും , സാഹിത്യസൃഷ്ടികളിലും തന്റെ നിലപാടുകള്‍ നിര്‍ഭയം വിളിച്ച് പറയാന്‍ വൈമനസ്യമില്ല. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലെ സാറിന്റെ വിമര്‍ശന ശരമേറ്റ് പുളയാത്തവരുണ്ടാവില്ല സാഹിത്യത്തിലും രാഷ്ട്രീയത്തിലും.


കവി, ഗാനരചയിതാവ്, ഗ്രന്ഥകാരന്‍, സാഹിത്യ നിരൂപകന്‍, വാഗ്മി എന്നിങ്ങനെ ബഹുമുഖ പ്രതിഭ.പുരോഗമന കലാസാഹിത്യ സംഘടനയുടെ ജില്ലാ സെക്രട്ടറി, ഇടതു പക്ഷ അധ്യാപക സംഘടന നേതാവ്, വൈപ്പിന് ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിങ്ങനെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലും തിളങ്ങിയിട്ടുണ്ട്.

സാറിന്റെ പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗുരുദക്ഷിണ, യാത്ര(കവിത)

കുമാരനാശാനും സഹോദരനയ്യപ്പനും സാമൂഹ്യ വിപ്ളവവും( എഡിറ്റര്‍)

സഹോദരനയ്യപ്പന്‍ വിപ്ളവങ്ങളുടെ മാര്‍ഗ്ഗദര്‍ശി, കെടാമംഗലം പപ്പുക്കുട്ടി - കവിതയിലെ വിപ്ളവ ജ്വാല, ടി.കെ.രാമകൃഷ്ണന്‍ - ജീവിതവും കാലവും, പണ്ഡിറ്റ് കറുപ്പന്‍ , വിപ്ളവം - കവിതയിലും സാമൂഹ്യരംഗത്തും.(ജീവചരിത്രം ) നവോത്ഥാനകാല കവിത ( എഡിറ്റര്‍)

നവോത്ഥാന കവിത ( എഡിറ്റര്‍ ) , സഹോദരന്റെ പദ്യകൃതികള്‍ ( പഠനം , വ്യാഖ്യാനം)

രണ്ട് കൃതികള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

ചങ്ങാതികള്‍( കുട്ടികളുടെ നോവല്‍) , ഗ്രീഷ്മ സന്ധ്യയിലെ കാറ്റ് ( കവിതാ സമാഹാരം)


ആയിരത്തോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാഷ് നടത്തിയിട്ടുള്ള ഉജ്വലമായ പ്രസംഗങ്ങളുടെ എണ്ണവും ഏതാണ്ട് അത്ര തന്നെ വരും.

തങ്കപ്പന്‍ മാഷിന്റെ ഗ്രന്ഥങ്ങളോരോന്നും ഗവേഷണ ചാതുരിയോടെ രചിക്കപ്പെട്ടിട്ടുള്ളതാണ്.പഠനാര്‍ഹങ്ങളാണ്.

എം.എന്‍.സന്തോഷ്

..........................................................

19 January, 2026

കേൾക്കാനൊരാൾ

 

  

കഥ

കേൾക്കാനൊരാൾ


എം.എൻ. സന്തോഷ്

   പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന്  നഗരത്തിന്റെ കാഴ്ച വിദൂരവും നിറം മങ്ങിയതുമായിരുന്നു. ഓറഞ്ചും പിങ്കും കലർന്ന ചോരയൊലിക്കുന്ന മുറിവുള്ള സൂര്യൻ ആകാശരേഖയിൽ നിന്നും കടലിൽ  മുങ്ങിത്താഴ്ന്നു ജലസമാധി തുടങ്ങിയിരുന്നു. അയാൾക്ക് ഇനി ആസ്വദിക്കാൻ കഴിയാത്ത നിറങ്ങളിൽ,  കലങ്ങിയ വെള്ളം  പുഴയിൽ ചിത്രങ്ങൾ വരച്ചു. ഓരോ പ്രതിഫലനവും  അവന്റെ ഉള്ളിൽ  ആധിയായി പെരുങ്കളിയാട്ടമാടി.

      നാളത്തെ സൂര്യോദയത്തെക്കുറിച്ചുള്ള ചിന്ത അസഹനീയമായിരുന്നു. അവസാന പ്രവൃത്തി.  ഒരേയൊരു രക്ഷപ്പെടൽ. അതായിരുന്നു ലക്ഷ്യം.
      അവന്റെ ചിന്തകളുടെ കാർമേഘത്തിലൂടെ  അപ്രതീക്ഷിതവും ചിരപരിചിതമായ ഒരു ശബ്ദം ഇളം കാറ്റ് പോലെ പ്രവേശിച്ചു.
" ഹായ് നിതിൻ!"
അയാൾ ഞെട്ടി തിരിഞ്ഞു. ഏതാനും അടി അകലെയുള്ള കൈവരിയിൽ ചാരി നിൽക്കുകയായിരുന്നു മറ്റൊരാൾ.
    തന്റെ ജീവിതത്തിലെ വളരെക്കാലം മുമ്പ് അടച്ചുവെച്ച ഒരു അധ്യായത്തിൽ നിന്നുള്ള ഒരു സുഹൃത്ത്. നിതിൻ ഓർമ്മിച്ചതിലും കുറച്ച് കൂടുതൽ തെളിമയോടെ  പഴയ സഹപാഠിയുടെ  മുഖം, പെട്ടെന്ന് ആശ്ചര്യത്തോടെ തെളിഞ്ഞു വന്നു.
" രഞ്ജിത്ത് അല്ലേ."
നിതിൻ ഒരു ദീർഘ നിശ്വാസത്തോടെ ആ പേര്  ഉച്ഛരിച്ചു.
രഞ്ജിത്ത് പുഞ്ചിരിച്ചുനിന്നു .
"വൗ, വർഷങ്ങളായി കണ്ടിട്ട്. നീ ഇവിടെ എന്താണ് ചെയ്യുന്നത്?" അയാൾ ഒരു ചുവട്  അടുത്തേക്ക് നീങ്ങി, കണ്ണുകൾ കൊണ്ട്  നിതിന്റെ മുഖം പരിശോധിച്ചു. നിതിൻ വരുത്താൻ ശ്രമിച്ച പൊള്ളയായ പുഞ്ചിരിക്ക് മുകളിൽ ഒരു കറുത്ത തട്ടം ആവരണം ചെയ്തിട്ടുണ്ടായിരുന്നു.
"ഹേയ്... നിനക്ക് സുഖമാണോ? ."
    വളരെ ലളിതവും നേരിട്ടുള്ളതുമായ ആ ചോദ്യം, നീതിന്റെ നിരാശയ്ക്ക് ചുറ്റും നിർമ്മിച്ച ലോലമായ  അണക്കെട്ട് തകർത്തു. ആ ഭാവം നിസംഗതയുടേതായി. വാക്കുകൾ, ശ്വാസംമുട്ടലും അസഹ്യവുമായി, പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അവൻ രഞ്ചിത്തിനോട് എല്ലാം പറഞ്ഞു.
      ജീവിതം , തുടർച്ചയായ പ്രഹരങ്ങളുടെ ഒരു പരമ്പരയായി മാറിയതു മുതൽ......
നഷ്ടപ്പെട്ട ജോലി, തകർന്ന ബന്ധം, സ്വപ്നങ്ങളുടെ മന്ദഗതിയിലുള്ളതും വേദനാജനകവുമായ മണ്ണൊലിപ്പ്. ഒരിക്കൽ ചൂടുള്ള ഓർമ്മകൾ, ഇപ്പോൾ അവന്റെ മനസ്സിൽ ഗ്ലാസ് കഷ്ണങ്ങൾ പോലെ ചിതറുന്നത്. ദുരിതം അവന് വലിച്ചെറിയാൻ കഴിയാത്ത കട്ടിയുള്ളതും ശ്വാസംമുട്ടിക്കുന്നതുമായ ഒരു പുതപ്പായിരുന്നു,
തന്റെ മൂല്യത്തെ നിരാകരിക്കുന്ന ഒരു വിധിന്യായം പോലെ തോന്നിക്കുന്ന പിരിച്ചുവിടൽ കത്ത്, നഷ്ടപ്പെട്ട സ്നേഹം , കുടുംബത്തെ നിരാശപ്പെടുത്തുന്നതിന്റെ  ഭാരം, വിജയം മാത്രം ആഘോഷിക്കുന്ന ഒരു ലോകത്ത് ഒരു അദൃശ്യ പരാജയമാണെന്ന തോന്നൽ എന്നിവയെക്കുറിച്ച് നിതിൻ സംസാരിച്ചു.

       രഞ്ചിത്ത് ഇടപെട്ടില്ല. അവൻ വെറുതെ പറയുകയോ എളുപ്പമുള്ള പരിഹാരങ്ങളോ നൽകിയില്ല. വെറും കേൾവിക്കാരനായി നിന്നു.
       നഗരവിളക്കുകൾ ചുറ്റും മിന്നിമറയാൻ തുടങ്ങി. വർഷങ്ങൾക്കുശേഷം , ആദ്യമായി താൻ യഥാർത്ഥത്തിൽ ഉണ്ടെന്ന് നിതിന് തോന്നിപ്പിക്കുന്ന വികാര ഭാവത്തോടും ക്ഷമയോടും കൂടി അവൻ എല്ലാം ശ്രദ്ധിച്ചു കേട്ടു. നിതിൻ അകപ്പെട്ട കൊടുങ്കാറ്റിൽ സുഹൃത്ത് ഒരു നിശബ്ദ നങ്കൂരമായി മാറി.
       നിതിൻ സംസാരിച്ചപ്പോൾ, പാലത്തിലേക്ക് അവനെ നയിച്ച ഭ്രാന്തമായ ഊർജ്ജം അലിഞ്ഞുപോകാൻ തുടങ്ങി.  വിഷ ചിന്തകൾക്ക് ശേഷി നഷ്ടപ്പെട്ടതായി തോന്നി. ഭാരം പങ്കിടുന്ന പ്രവൃത്തി, മറ്റൊരാൾക്ക് സാക്ഷ്യം വഹിക്കാൻ എല്ലാം തുറന്നുകൊടുക്കുന്നത്, ഒരു മുറിവ് തുന്നി കെട്ടുന്നത് പോലെയായിരുന്നു.
       ഒടുവിൽ അയാൾ നിശബ്ദനായപ്പോൾ, താഴെയുള്ള വെള്ളത്തിന്റെ മൃദുലമായ രാഗവും വാഹനങ്ങളുടെ ദൂരെയുള്ള മുഴക്കവും മാത്രം . വായു നിശ്ചലമായിരുന്നു. ഇത്രയും നേരം കണ്ണുനീർ പൊഴിച്ച നിതിന്റെ ഉള്ളകം വിചിത്രമായി പ്രകാശിച്ചു. അഗാധമായ ശാന്തതയും നിശ്ശബ്ദതയും ആഴവും അവനിൽ കുടിയേറി.  ഇതുവരെ വേദന ഉണ്ടായിരുന്നിടത്ത്  ശാന്തവും സുഖകരവുമായ ഒരു  ശൂന്യത.
     വാക്കുകൾക്കയാൾ വിമ്മിഷ്ടപ്പെട്ടു. ഗദ്ഗദം കണ്ണിരായി. പിന്നെ ഏങ്ങലടിച്ചു നിലവിട്ടു കരഞ്ഞു.
  രഞ്ചിത്തിൻ്റെ നെഞ്ചിൽ നിന്നും ശിരസ് വിടുവിച്ച് അയാൾ പാഞ്ഞൊഴുകുന്ന പുഴയെ നോക്കി കണ്ണീർ തുടച്ചു.  പ്രായശ്ചിത്തം പോലെ ചിരിച്ചു .ഇനി ഒരു രക്ഷപ്പെടലിനായി ഞാൻ നിൻ്റെ അടിയൊഴുക്കുകളിലേക്കില്ല.
      ഒരു മണിക്കൂർ മുമ്പ് തനിക്ക്  വളരെ യുക്തിസഹവും അനിവാര്യവുമായി തോന്നിയ ആ ആശയം ഇപ്പോൾ മറ്റൊരാളിൽ നിന്നുള്ള ഒരു ചിന്ത പോലെ, ആരോ ഒരാൾ കണ്ട ദുഃസ്വപ്നം പോലെ അയാൾക്കനുഭവപ്പെട്ടു
"നന്ദി," നിതിൻ പറഞ്ഞു,
അവന്റെ ശബ്ദം ആത്മഗതം മാത്രമായിരുന്നു, പക്ഷേ വൈകുന്നേരത്തെ തണുത്ത കാറ്റിൽ അത് സന്ധ്യാരാഗം  പോലെ സുഖസാന്ദ്രമായിരുന്നു.
രഞ്ജിത്ത്  മന്ദഹസിച്ചു. നിശബ്ദമായ ധാരണയുടെ മുഖഭാവം. " നമുക്കിനിയും കാണാം, എപ്പോൾ വേണമെങ്കിലും. ജസ്റ്റ് ഡയൽ."
സൂര്യന്റെ ജലസമാധി പൂർണ്ണമായി ക്കഴിഞ്ഞിരുന്നു. ഇരുമ്പു പാലത്തിൽ അവൻ കുറച്ച് നിമിഷങ്ങൾ കൂടി നിശബ്ദനായി നിന്നു.
   ഏറെ നാളുകൾക്കു ശേഷം അന്ന് ആദ്യമായി അവൻ കൊച്ചി നഗരത്തെ തെളിമയോടെ കണ്ടു. നഗരത്തിലെ വെളിച്ചം ഇപ്പോൾ രാത്രിയുടെ കൂടാരത്തിലാണെങ്കിലും  വാഗ്ദാനപ്രദവും പ്രചോദിപ്പിക്കുന്നതുമായ ഒരു പ്രകാശമായിരുന്നു.     
   മറ്റൊരു സൂര്യോദയം കാണാൻ അവൻ കൊതിച്ചു.
                          __________________

വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc