24 August, 2026

തവി ചതിച്ചാശാനേ

 

തവി ചതിച്ചാശാനേ.....


എം.എൻ. സന്തോഷ്

  
       പൂരാടത്തലേന്ന്  പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി .      ഓണം വരാനൊരു മൂലം വേണമല്ലോ .മൂലം കഴിഞ്ഞാൽ പൂരാടം  , പിന്നെ ഉത്രാടപ്പാച്ചിൽ .....
പാച്ചിലിനു മുൻപ് ഓണം  പൊടി പൂരമാക്കണം . പാഠശാല വിട്ട് നാനാ ദിക്കിലേക്ക് ചിതറിയവർ . ഓണം കൂടാൻ ഒത്തുചേർന്നത് ഒരുമിച്ചിരുന്ന ക്ലാസ് മുറിയിൽത്തന്നെ .
   ഒരുമയോടെ  ഇരുന്നു കളമെഴുതി . ചിലർ ആ തക്കത്തിനു കള്ളു മോന്തി .
റിട്ട . അധ്യാപകനും നോവലിസ്റ്റുമായ ജോസഫ് പനക്കലായിരുന്നു മുഖ്യ അതിഥി . അമേരിക്കൻ ഐക്യനാടുകളിലെ ഓണാഘോഷങ്ങൾ വിവരിച്ച് അദ്ദേഹം ഓണപ്പരിപാടി ഉദ്ഘാടനം ചെയ്തു .
" പൂവിളി പൂവിളി പൊന്നോണമായി ......"  പാട്ട് മാഷ് ആൻ്റപ്പൻ്റെ കോറസ് പാട്ടിൽ അരങ്ങുണർന്നു .
കവി ദാസ് ചെറായി   സ്വന്തം ഓണക്കവിത വായിച്ചു . അടുത്ത ഐറ്റം മാജിക് ഷോ . പള്ളിപ്പുറം പുഷ്‌കരൻ  മാജിക് അവതരിപ്പിച്ചു കൊണ്ടിരിക്കെ മാവേലി ഓട്ടോ റിക്ഷയിൽ വന്നിറങ്ങി .
ആർപ്പോ വിളികളോടെ മാവേലിക്ക് സ്വീകരണം .
ഇത് നമ്മുടെ  ഹസ്നാ രല്ലേയെന്ന് എല്ലാവരും പറഞ്ഞു .
" ഹസനരല്ലാ, ഇതു കാദർ കുട്ടി"
എന്നു മജീഷ്യൻ .
" എടാ , മജീഷ്യൻ പുഷ്കരാ , നീ മാവേലിയെ പാതാളത്തിലേക്കുന്ന വിദ്യ കാണിക്കാമോ ?"
കുഞ്ഞപ്പൻ്റെ ചോദ്യം ആർപ്പ് വിളികളോടെ കൈയടിച്ച് പാസ്സാക്കി .
" പാതാളത്തിലല്ല , സ്പേസിലേക്കയക്കാം ." എന്ന് പുഷ്‌കരൻ .
" ഒരു ബ്രേക്ക് വേണം  ".
" സദ്യ കഴിച്ചിട്ട് സ്പേസിലയച്ചാ മതിയെടാ . മൂന്നു നാലു ദിവസത്തേക്ക് മാറി നിൽക്കണം . ഡ്രസ് വാടക കൊടുക്കാൻ കാശില്ല  പാതാളത്തിലയച്ചാലും കുഴപ്പമില്ല. " എന്ന് മാവേലി  തൊഴുകൈകളോടെ പറഞ്ഞു.
    ഇലയിട്ടു . സദ്യയെരുങ്ങി .
മാവേലിയും മജീഷ്യനും വിളമ്പാൻ നിന്നു .
പടപടാന്ന് സാപ്പിട്ട സുമേഷ് ഇല ക്ലിനാക്കി പായസ വേട്ടക്കു തുടക്കം കുറിച്ചു .
മാവേലി പായസം ഒഴിച്ചു . ഒരു തവി കൂടി  ഒഴിച്ചോ എന്ന് സുമേഷ് . അവന് രണ്ടു തവി .
സുമേഷ് പപ്പടം പൊടിച്ചു കുഴച്ചു .
     അടുത്ത സീറ്റിലെ സുമത്തിനും മാവേലി രണ്ടു തവി ഒഴിച്ചു കൊടുത്തു . സുമ പപ്പടം പൊടിക്കാതെ  രുചിച്ചു .
     പിന്നെ മാവേലി റിട്ട. കേണലിൻ്റെ ഇലയിലേക്ക്  ഒരു തവി .. പിന്നെ ഒന്നുകൂടി.
     കേണലിന് ഒരു പന്തികേട് തോന്നി .
" പായസം തന്നെ യാണോടാ?"
" പിന്നെ , നല്ല അസ്സൽ മറയൂർ ശർക്കര പായസം " എന്ന് മജീഷ്യൻ .
" പായസത്തിനു നേരിയ പുളിയുണ്ടെന്നേ . എങ്കിലും സൂപ്പറാ..." പായസം രുചിച്ച് സുമേഷ് പറഞ്ഞു .
" ഇഞ്ചിയച്ചാറിൻ്റെ അതേ ടേസ്റ്റ്. എനിക്കും തോന്നി . പുതിയ ഫ്‌ളേവറായിരിക്കും . സുമയുടെ കമൻ്റ് .
" എടാ , ഇത്  ഇഞ്ചി അച്ചാറാണ് ."
കേണൽ ചാടിയെഴുന്നേറ്റു .
" ബ്ളഡി ഫുൾ"
തോക്കുണ്ടായിരുന്നെങ്കിൽ അപ്പോ വെടി വെച്ചേനേ .
" ആരടാ , അച്ചാറിൽ തവിയിട്ടത്?"
മജീഷ്യൻ മാന്ത്രിക വടി വീശി .
" അബ്ര കഡാബ്ര "
മാവേലി സ്പേസിലേക്കു പോയി .

എം എൻ . സന്തോഷ്
                          --------------------------
     
    

   

07 August, 2026

വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc

സ്കൂൾ പാഠ്യപദ്ധതി കാലാവസ്ഥ സൗഹൃദമാകണം

 

കേരളത്തിലെ കാലാവസ്ഥയും വിദ്യാഭ്യാസവും
        കേരളത്തിൽ മഴയും വെള്ളപ്പൊക്കവും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒരു സ്ഥിരം പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ തുടർച്ചയായി അവധികൾ വന്നു . ഒന്നാം ടേമിലേക്കുള്ള അധ്യായനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല . ഓണത്തിന് മുൻപ് പരീക്ഷ നടത്തണം.
     ജൂൺ , ജൂലൈ , ആഗസ്റ്റ് മാസങ്ങളിലാണ് കാലവർഷകെടുതികളുണ്ടാകുന്നതും അധ്യായനം മുടങ്ങുന്നതും എന്നതാണ് ഇപ്പോൾ കണ്ടുവരുന്നത് . ഇതേ സമയത്ത് നടക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷക്കാണ് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സമ്മർദ്ദം അനുഭവികേണ്ടി വരുന്നത് . കാലാവസ്ഥ എല്ലാ വർഷവും ഒരുപോലെ ആകണമെന്നുമില്ല .
      കേരളത്തിൽ പരീക്ഷ കാലത്തിലും അവധിക്കാലത്തിനും കാലാവസ്ഥയെ അടിസ്ഥാനമാക്കി ഒരു പുനർവിചിന്തനവും വിന്യാസവും അത്യന്താപേക്ഷിതമാണ് .
ഈ പ്രതിസന്ധിയെ പ്രായോഗികമായി എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി ചിന്തിക്കേണ്ടതാണ് .
1. സ്കൂൾ അവധികൾ പുനഃക്രമീകരിക്കൽ (ഓണം, ക്രിസ്മസ്, വേനലവധി)
       കേവലം പരമ്പരാഗത അവധികൾ മാറ്റുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും, ചില മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും .
      മൺസൂൺ ബ്രേക്ക് നടപ്പാക്കി ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴയുള്ളപ്പോൾ ചെറിയൊരു ഇടവേള നൽകുകയും, ആ ദിവസങ്ങൾ ഓണം-ക്രിസ്മസ് അവധികളിൽ ക്ലാസുകൾ നടത്തി നികത്തുകയും ചെയ്യാം.
     വേനലവധി ചുരുക്കി കൊണ്ട്  കാലാവസ്ഥ പരിഗണിച്ച്, ആവശ്യമെങ്കിൽ ഏപ്രിൽ അവസാന വാരം വരെ ക്ലാസുകൾ നീട്ടാം.
2.ഫ്ലെക്സിബിൾ ടൈം ടേബിൾ:
    ഓരോ ജില്ലയിലെയും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അവധികൾ നിശ്ചയിക്കാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്  പ്രാദേശിക തലത്തിൽ അനുമതി നൽകാം.

3  സ്കൂളുകളിൽ സെമസ്റ്റർ സമ്പ്രദായം
      വർഷാവസാനം എല്ലാ പാഠഭാഗങ്ങളും ഒരുമിച്ച് പരീക്ഷ എഴുതുന്നതിന് പകരം, സിലബസ് രണ്ട് സെമസ്റ്ററുകളായി തിരിക്കാം .
    ആദ്യ സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ/നവംബർ മാസങ്ങളിലും രണ്ടാം സെമസ്റ്റർ മാർച്ച്/ഏപ്രിൽ മാസങ്ങളിലും നടത്താം .
അക്കാദമിക് ഭാരം കുറയ്ക്കാനും അപ്രതീക്ഷിത അവധികളാൽ  ഉണ്ടാകുന്ന പഠനനഷ്ടം പരിഹരിക്കാനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും സാധിക്കും .
      യൂറോപ്പിൽ അതിശൈത്യമുള്ള രാജ്യങ്ങൾ (ഉദാഹരണത്തിന് ഫിൻലാൻഡ്, നോർവേ) കാലാവസ്ഥയെ നേരിടാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്:
യൂറോപ്പിൽ സ്കൂളുകളിൽ ഹീറ്റിംഗ് സംവിധാനങ്ങൾ ഉള്ളതിനാൽ കനത്ത മഞ്ഞിലും ക്ലാസുകൾ നടക്കും. എന്നാൽ മഴക്കാലത്ത് , കേരളത്തിൽ സ്കൂളുകൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റേണ്ടി വരുന്നു.

4. വിദ്യാഭ്യാസം മുടങ്ങുമ്പോൾ പകരം സംവിധാനങ്ങൾ
      കളക്ടർമാർ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ പഠനം മുടങ്ങാതിരിക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാം:
ഹൈബ്രിഡ് ലേണിംഗ്
സ്കൂളുകൾക്ക് അവധി നൽകുമ്പോൾ ആ ദിവസങ്ങളിൽ വിക്ടേഴ്സ് ചാനൽ വഴിയോ ഗൂഗിൾ മീറ്റ്/സൂം വഴിയോ ഓൺലൈൻ ക്ലാസുകൾ പിന്നീട് നടത്താവുന്നതാണ് .
പ്രസ്തുത അവധി ദിവസങ്ങളിൽ  ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്  പ്രായോഗികമല്ല . . കാരണം, ദുരിത ബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളും കുടുംബവും കിടപ്പാടം ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയായിരിക്കും. പാഠപുസ്തകങ്ങളും വസ്തങ്ങളും  നഷ്ടപ്പെട്ട സങ്കടത്തിലായിരിക്കും കുട്ടികൾ . അവർക്കു മാനസിക പിന്തുണയും ലഭ്യമാക്കണം .
     ശനിയാഴ്ചകളിലെ ക്ലാസുകൾ: നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങൾ നികത്താൻ മുൻകൂട്ടി നിശ്ചയിച്ച ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തുക. ഡിജിറ്റൽ ലൈബ്രറിയും റെക്കോർഡഡ് ക്ലാസുകളും കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും കാണാൻ പാകത്തിൽ പാഠഭാഗങ്ങളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ കൈറ്റ് വിക്ടേഴ്സ് (KITE-VICTERS) പോർട്ടലിൽ ലഭ്യമാക്കുക.
       കേവലം അവധി മാറ്റുന്നതിലുപരി, ഡിജിറ്റൽ സാങ്കേതികവിദ്യയും ഫ്ലെക്സിബിൾ ആയ ഒരു അക്കാദമിക് കലണ്ടറും അതോടൊപ്പം ലൈഫ് സ്കിൽസും  ഒത്തുചേരുന്ന    ഒരു വിദ്യാഭ്യാസ പദ്ധതി  നടപ്പാക്കുന്നതിന പറ്റി കാലവർഷക്കെടുതികളുടെ ദുരിതങ്ങൾ അനഭവിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ  ആലോചിക്കാവുന്നതാണ് .