Showing posts with label എന്റെ കഥ. Show all posts
Showing posts with label എന്റെ കഥ. Show all posts

04 December, 2018

കഥ




പപ്പേട്ടന്റെ ആ ദിവസം

എം.എന്‍.സന്തോഷ്

9946132439

തുള്ളിക്കൊരുകുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് പപ്പേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്.ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന പപ്പേട്ടനെക്കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരുന്നു.
തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വെച്ച് , ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു.പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള വരവ്. ഹാ ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ പ്രശസ്തനായ പത്മരാജന്‍ എന്ന ഈ പപ്പേട്ടന്‍.
അച്ഛന്റെ അന്ത്യാഭിലാഷമായിരുന്നു മോനെയൊന്ന് കാണണമെന്ന്.അമ്മ പലവട്ടം കത്തയച്ചു. ആളെ വിട്ടു.വന്നില്ലല്ലോ അന്ന് .ഉറ്റവരെ ഉപേക്ഷിച്ചും നാടും വീടും ത്യജിച്ചും പ്രശസ്തിയിലേക്കുള്ള പാച്ചിലായിരുന്നു.ഒടുവില്‍ ചിതാഗ്നി പകരാനെങ്കിലും എത്തണേയെന്ന് അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു.അന്ന് എന്തൊരഹന്തയായിരുന്നു.പ്രശസ്തിയുടെ, പണത്തിന്റെ,പകയുടെ.....

ഒരു പ്രദേശം മുഴുവനുമുള്ള ഭൂസ്വത്ത്.സ്വന്തം കെട്ടിടങ്ങള്‍. നാട്ടുകാരുടെ പ്രിയങ്കരനായ കേശവന്‍ മാഷിന് ഒരു പലചരക്ക് കടയുമുണ്ടായിരുന്നു നാല്‍ക്കവലയില്‍.കോളജില്‍ പഠിച്ചിരുന്ന ചേട്ടനപ്പോള്‍ ലൈബ്രറി പ്രവര്‍ത്തനവും പ്രസംഗവുമായി നാട് ചുറ്റി നടന്നപ്പോള്‍ അച്ഛന് വേവലാതിയായിരുന്നു. മോനെ ഡോക്ടറാക്കണം .അച്ഛന് അതായിരുന്നു ആശയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

സ്ക്കൂള്‍ പഠിപ്പ് കാലത്ത് താന്‍ കവിതകളെഴുതിയിരുന്ന കാര്യം അരുന്ധതി ടീച്ചറോര്‍ത്തു. അച്ഛന്റെ പലചരക്ക് കടയിലെ അരികഥച്ചാക്കിന് മേലിരുന്ന് കുഞ്ഞ് അരുന്ധതി കവിതകളെഴുതി . കടയിലെ റാഫേലേട്ടന്‍ നല്‍കുന്ന തുണ്ട് കടലാസ്സുകളില്‍ കവിതകള്‍ നിറഞ്ഞു. പൂക്കളും, പൂമ്പാറ്റകളും മാത്രമല്ല മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കുഞ്ഞരുന്ധതിയുടെ ഭാവനയില്‍ നിന്നും കുഞ്ഞലകളുയര്‍ത്തി കാവ്യകല്ലോലങ്ങളായൊഴുകി. കപ്പലണ്ടികേക്കും , പൊരിച്ചുണ്ടയും നല്‍കി അരുന്ധതിയുടെ കവിതാ ചാതുരിയെ റാഫേലേട്ടന്‍ പോഷിപ്പിച്ചു.

വീട്ട് വളപ്പിലെ മാവിന്റെ തൂശാന്‍ കൊമ്പത്ത് അച്ഛന്‍ കാണാതെ ഒളിവില്‍ പാര്‍ത്തിരുന്ന് പപ്പേട്ടന്‍ പരീക്ഷക്ക് പഠിച്ചു. മൊന്തയില്‍ അമ്മ തന്നയക്കുന്ന ചൂടന്‍ ചായയും, പലഹാരങ്ങളും കുഞ്ഞനുജത്തി മാവില്‍ വലിഞ്ഞ് കയറി മുകളിലെത്തിച്ച് ഏട്ടന്റെ പട്ടിണിയകറ്റാന്‍ പണിപ്പെട്ടു.
വീട്ട് വളപ്പിലെ വാകമരക്കൊമ്പില്‍ കുയില്‍ മെല്ലെ മെല്ലെ ശ്രുതി താഴ്ത്തുമ്പോള്‍ വയല്‍ വരമ്പിനപ്പുറത്ത് മേലേടത്ത് മനയിലെ രഞ്ജിനി ചേച്ചിയുടെ വയലിനില്‍ തന്ത്രികളുണരും.
അപ്പോള്‍ പപ്പേട്ടന്‍ പാഠപുസ്തകം അടച്ച് വെക്കും.നോട്ടു പുസ്തകത്തില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് പേന പിടിച്ചിരിക്കുന്നതും, വയലിനില്‍ നിന്നുതിരുന്ന രാഗത്തിനൊപ്പം മൂളുന്നതും എഴുതുന്നതും കാണാം. വയലിനില്‍ പാട്ട് തീരുമ്പോള്‍ പപ്പേട്ടന്റെ എഴുത്തും തീര്‍ന്നിട്ടുണ്ടാകും.
കടലാസ്സ് മടക്കി ജനത വായന ശാലയില്‍നിന്നും വായിക്കാനെടുത്ത പുസ്‍തകത്തില്‍ ഒളിപ്പിച്ച്
വെച്ച് തന്നെ പതുക്കെ വിളിച്ച് , ആരതിക്കുട്ടി, ഈ ലൈബ്രറി രഞ്ജിനിക്ക് കൊടുത്തിട്ട് വരു എന്ന് പറയും.
ഒരു ദിവസം സ്ക്കൂളില്‍ നിന്നും വരും വഴി പലചരക്ക് കടക്കാരന്‍ റാഫേല്‍ അരുന്ധതിക്ക് ഒരു പുസ്തകം സമ്മാനിച്ചു.ഒരു പുത്തന്‍ പുസ്തകം. നിറയെ കവിതകള്‍.പത്മരാജന്റെ കവിതകള്‍ എന്ന് പുസ്തക പേര്.അരുന്ധതി കവിതകള്‍ ഒന്നൊന്നായി വായിച്ചു. അരിമണി കൊറിച്ച് ചാക്കിന്‍ മുകളിലിരുന്ന് വെറുതേ സമയം കളയുമ്പോള്‍ എഴുതിപപ്പേട്ടന്റെ ആ ദിവസംയ വരികള്‍. അതേ പാട്ടുകള്‍.അരുന്ധതി പാദാദികേശം വിറകൊണ്ടു.പുസ്തകത്തിന്റെ പുറം ചട്ടയില്‍ പപ്പേട്ടന്റെ പടം. പുസ്തകം ചുരുട്ടി റാഫേലിന്റെ മുഖത്തേക്ക് ആഞ്ഞെറിയുമ്പോള്‍ അരുന്ധതി കരഞ്ഞു.
“എടാ, റപ്പായി നിന്നെപ്പിന്നെ കണ്ടോളാമെടാ.”
“ആരതിക്കുട്ടീ, , കവിതയുണ്ടായിട്ട് കാര്യമില്ല മോളെ . ഇതിന് പിടിപാട് വേണം. പപ്പനെക്കണ്ട്പഠിക്ക് .മോള് നോക്കിക്കോ , പത്മരാജന്‍ ഈ നാട്ടിലെ വലിയ കവിയാകും.” റാഫേല്‍ പിന്നെയും ചിരിച്ചു..
    അരുന്ധതി പിന്നെ ആരും കാണാതെ എഴുതി. എഴുതി എഴുതി ഒരു നോട്ട് പുസ്തകം നിറഞ്ഞു.പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാ മതി എന്ന് പറയുന്ന അച്ഛന്‍ കവിത പുസ്തകം കണ്ടാല്‍ ശകാരിക്കും.ചെലപ്പോ കീറീം കളയും.കവിതകള്‍ എഴുതിയ പുസ്തകം സൂക്ഷിക്കാന്‍ സുരക്ഷിതമായ ഇടം രഞ്ജിനി ചേച്ചിയാണ്.
  • തന്റെ കവിതകളോട് പ്രിയമായിരുന്നു രഞ്ജിനി ചേച്ചിക്ക്. ആ വരികള്‍ വയലിന്‍ വായിച്ച് രഞ്ജിനി ചേച്ചി പാടുമായിരുന്നു.
  • "പപ്പേട്ടനെ പോലെ നിനക്കും ഒരു കവിത പുസ്തകമിറക്കിക്കൂടെ ആരതി ?
  • “വേണ്ട . അച്ഛനെ പിണക്കണ്ട.പുസ്തകമിറക്കല്‍ അത്രക്ക് വെല്യ കാര്യോന്ന്വല്ല.”
  • അച്ഛന്റെ ഹിതം നോക്കാതെ പപ്പേട്ടന്‍ പാട്ടുകള്‍ എഴുതി.. വാരികകളിലൂടെയും കാവ്യകൃതികളിലൂടെയും പത്മരാജനെ നാടറിഞ്ഞു.

മഴ തോര്‍ന്നിട്ടില്ല.മഴയോടൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ മുറ്റത്തെ മാവിന്റെ ശിഖരങ്ങള്‍ പിളര്‍ന്ന് വീഴുന്നു.
“പപ്പേട്ടാ നോ സെന്റിമെന്റെസ് . അച്ഛനുമമ്മക്കും സ്നേഹമായിരുന്നു പപ്പേട്ടനോട്. മരിക്കും വരെ. അവര്‍ സന്തോഷിക്കുകയാവും ഈ വളര്‍ച്ചയില്‍ . .”
“ നിന്റെ കവിതയില്‍ നിന്നാണല്ലോ എന്റെ തുടക്കം.പിന്നെ കുറെ എഴുതി.പുസ്തകങ്ങളായി. പ്രശസ്തിയായി.പക്ഷെ അത് പറയാനല്ല ഞാന്‍ വന്നത്. “

“ഒരു മഹാപ്രളയവും കഴിഞ്ഞു. പുണ്യപാപങ്ങളെല്ലാം കഴുകി തുടച്ച് പൊയ്ക്കഴിഞ്ഞു.ഇനിയെങ്കിലും ജനിച്ച മണ്ണിലൂടെ പകല്‍വെട്ടത്തില്‍ ഒന്ന് നടന്നു കൂടെ പപ്പേട്ടാ?”​​
“രഞ്ജിനിയുടെ കൈ പിടിച്ച് നാട് വിട്ട ആ ദിവസം അരുന്ധതിയെ കണ്ടിട്ടാണ് പോയത്.. ഓര്‍ക്കുന്നുണ്ടോ?അന്ന് രണ്ട് വളകളും മാലയും ഊരി എന്റെ കീശയിലിട്ട് കൊണ്ട് നീ പറഞ്ഞു.ഇത് എന്റെ സ്വന്തം ഏടത്തിയാണ് .നോക്കിക്കോണം എന്ന്.”


“നിങ്ങള്‍ പോയി.അച്ഛന്‍ എന്നെ മുറിയില്‍ അടച്ചിട്ടു.തല്ലി. ചത്തില്ലെന്ന് മാത്രം.പിന്നെയൊന്നും പപ്പേട്ടനറിഞ്ഞിട്ടില്ല. ”
“ വീടിന് ഞാനുണ്ടാക്കിയ നാണക്കേടുകള്‍. തറവാട് കുളം തോണ്ടിയത്. കഥകള്‍ ഇനിയുമുണ്ടാകും അരുന്ധതിക്ക് പറയാന്‍ അല്ലേ? ”
അയാള്‍ തിടുക്കത്തില്‍ എഴുന്നേറ്റു.
“എവിടെ നിന്റെ മോള്? മാമന്‍ വന്നിരുന്നെന്ന് അവളോട് പറയണം.”
സഞ്ചിയില്‍ നിന്നും ഒരു കൂട് ബിസ്ക്കറ്റും ഒരു പുസ്തകമെടുത്ത് ടീപ്പോയില്‍ വെച്ചിട്ട് മുറിയില്‍ നിന്നിറങ്ങി കുടയെടുത്ത് നിവര്‍ത്തി ഇരുട്ടില്‍ പെയ്യുന്ന മഴയിലൂടെ പത്മരാജന്‍ നടന്നകന്നു.
അച്ചടി മഷിയുടെ മണം മാറാത്ത ആ പുസ്തകം അരുന്ധതി കൈയിലെടുത്തു.
“ അരുന്ധതിയുടെ കവിതകള്‍.”
പൂമുഖപ്പടിയിലിരുന്ന് മഴക്കാഴ്ച കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പുസ്തക ചട്ടയില്‍.

അരുന്ധതി താളുകള്‍ ഓരോന്നായി മറിച്ചു.താളുകളില്‍ മഴ ചൊരിയുന്നു.മഴയോടൊപ്പം വയലിനിന്റെ സംഗീതവും പെയ്യുന്നു.കൊയ്ത്ത് കഴിഞ്ഞ പാടത്തിനപ്പുറത്ത് നിന്നും ഒരു ഗായിക പാടുന്നു.....


31 July, 2018

കഥ



കടല്‍തീരത്ത്



എം.എന്‍.സന്തോഷ്

തിരമാലകള്‍ നൃത്തം ചെയ്യുന്നതായി ശാന്ത ടീച്ചര്‍ സങ്കല്‍പ്പിച്ചു.കടലലകളുടെ നൃത്തം ടീച്ചര്‍ ശരിക്കും ആസ്വദിച്ചു.താളം മുറുകുകയാണ്. നര്‍ത്തകിമാര്‍ തീരത്ത് നമിച്ച് തന്റെ കാലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരകള്‍ പരന്ന് ആഞ്ഞ് കയറി വരുന്നുണ്ട്.കാലില്‍ തൊടാനുള്ള തിരകളുടെ ശ്രമം വിഫലമാകുകയാണ്.
‍ബീച്ചിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോള്‍‌ ടീച്ചറിന് ഉത്സാഹമായിരുന്നു.ദീര്‍ഘകാലത്തെ അകല്‍ച്ചക്ക് ശേഷം ഒരു സുഹൃത്തിനെ കാണുവാന്‍ പോകുന്ന സന്തോഷം.പണ്ട് സ്ക്കൂളിലായിരുന്നപ്പോള്‍ കുട്ടികളെ ടൂര്‍ കൊണ്ട് പോയിരുന്ന കാലമാണ് ടീച്ചറപ്പോള്‍ ഓര്‍ത്തത്.ഇപ്പോള്‍ അനുസരണയുള്ള കുട്ടിയുടെ സ്ഥാനത്ത് താനാണ്.വയോധികയായ കുട്ടി!സ്ഥാപനത്തിന്റെ ചുമതലയുള്ള മദറും , സിസ്റ്റര്‍മാരുമാണ് ബീച്ച് യാത്രക്ക് നേതൃത്വം വഹിക്കുന്നത്.

പുതുവത്സരം ആഘോഷിക്കാനെത്തിയവരുടെ തിരക്കാണ് തീരത്ത്. തിരമാലകള്‍ ആഞ്ഞടിക്കുന്നത് കൂസാക്കാതെ കുട്ടികള്‍ പോലും കടലില്‍ കുളിക്കുന്നുണ്ട്.തിരമാലകളെ തരണം ചെയ്ത് രണ്ട് ആളുകള്‍ നീന്തിപോകുന്നത് കാഴ്ച ടീച്ചറെ അമ്പരപ്പിച്ചു.
“സിസ്റ്ററേ അത് കണ്ടോ ?”
“നീന്താനറിയുന്നവരായിരിക്കും ടീച്ചറേ അവര്‍” സിസ്റ്റര്‍ സ്റ്റെല്ലക്കും അവരുടെ പോക്കില്‍ അപകടം തോന്നാതിരുന്നില്ല.കരയില്‍ നില്‍ക്കുന്ന അവരുടെ ഉറ്റവര്‍ അവരെ തിരികെ വിളിക്കുന്നുണ്ട്.

“കടല് എത്ര കണ്ടാലും മതിയാവില്ല അല്ലേ സിസ്റ്ററേ ?”
ടീച്ചറിരിക്കുന്ന വീല്‍ചെയറിിനരുകില്‍ മണലിലിരുന്ന് സിസ്റ്റര്‍ കടലിന്റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു.വൃദ്ധസദനത്തില്‍ ടീച്ചറുടെ ആത്മമിത്രമാണ് സിസ്റ്റര്‍.സങ്കടങ്ങളും , സന്തോഷങ്ങളും പങ്ക് വെക്കുന്നത് സിസ്റ്ററിനോട് മാത്രം.കേള്‍ക്കാനുള്ള ഒരു മനസ്സുണ്ട് സിസ്റ്ററിന്.

ഈ തീരദേശഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന കഥകള്‍ ടീച്ചര്‍ വിവരിച്ചത് സിസ്റ്റര്‍ കൗതുകത്തോടെ കേട്ടിരുന്നു.പത്തെഴുപത് വര്‍ഷം മുമ്പത്തെ കഥകള്‍. കാറ്റും ,കടലും അത് മൂളിക്കേട്ടു!

അക്കരെനിന്നും കടത്ത് വഞ്ചിയില്‍ പുഴ കടന്നാണ് കടല് കാണാന്‍ വന്നിരുന്നത്.മീന്‍ പിടുത്തക്കാരുടെ തോണികളായിരുന്നു തീരത്ത് നിരനിരന്ന്. അന്ന് തീരത്ത് കരിങ്കല്‍ ചിറ ഉണ്ടായിരുന്നില്ല.കിഴക്കന്‍ മലകളെ പിളര്‍ത്തി കരിങ്കല്ലുകളാക്കി ലോറിയിലേറ്റി വന്ന് തീരത്ത് ചിറ പണിതിട്ടും കടലിനെ തോല്‍പ്പിക്കാന്‍ പറ്റിയില്ല.കോള് പിടിച്ചാല്‍ കടല്‍ കരിങ്കല്‍ ചിറ ഭേദിച്ചും കരയിലേക്ക് കയറും.മണല് കവര്‍ന്ന് കൊണ്ട് പോകും. തീരം നിര്‍മ്മിച്ച് തരികയും ചെയ്യും.കടലമ്മേടെ കുസൃതികള്.

സൂര്യബിംബം ചുവന്ന് തുടുത്തിരിക്കുന്നു, തീയണഞ്ഞ ആലയില്‍ കിടക്കുന്ന ലോഹം പോലെ.വര്‍ണ്ണപ്പകിട്ടാര്‍ന്ന ആകാശം. ഒരു തിര ഇളകി മറിഞ്ഞ് പരന്നൊഴുകി ടീച്ചറുടെ പാദങ്ങളില്‍ തലോടിയിട്ട് പിന്‍വാങ്ങിയപ്പോള്‍ ടീച്ചറോര്‍ത്തു. ഭര്‍ത്താവിന്റെ ചിതാഭസ്മം കടലിലൊഴുക്കാന്‍ വന്ന ആ ദിവസത്തപ്പറ്റി. അച്ഛന്റെ കൈപിടിച്ച് കടലുകാണാന്‍ വന്ന പുത്രന്റെ കൈകളപ്പോള്‍ അമര്‍ത്തിപ്പിടിച്ചിരുന്നത് ഒരു പിടി ചാരം .അതവന്‍ കടലിലേക്ക് കുടഞ്ഞിട്ടു.സങ്കടത്തിന്റെ ആ പ്രളയകാലത്ത് നടുക്കടലിലെന്നപോലെ തീരത്ത് കണ്ണീര്‍ മഴ നനഞ്ഞ് തിരകള്‍ക്കിടയില്‍ അവര്‍ നിന്നു.

ഞാന്‍ പിന്നെയും ഈ തീരത്ത് വന്നിട്ടുണ്ട്. കടല്‍ ജലത്തില്‍ നനഞ്ഞ് നിന്ന് കൊണ്ട് രാജുവേട്ടനോട് സംസാരിക്കും.സങ്കടങ്ങള്‍ പറയും, സന്തോഷങ്ങള്‍ കൈമാറും. അപ്പോള്‍ കാറ്റില്ല.കടല്‍ അലയിളക്കില്ല.ഞങ്ങള്‍ക്ക് മാത്രമായി , കടലമ്മ ഈ തീരത്ത് ഒരു വിജനത തീര്‍ക്കും.സിസ്റ്ററത് വിശ്വസിക്കില്ല.അനുഭവിച്ചാലേ മനസ്സിലാകു....

അസ്തമയം കാണാനെത്തിയവരെ നിരാശരാക്കിക്കൊണ്ട് സൂര്യനെ കാര്‍മേഘം മറച്ചു.തിരകള്‍ രൗദ്രമായി.കടല്‍കാക്കകള്‍ കരയിലേക്ക് ചേക്കേറി. തീരത്ത് തെങ്ങിന്‍ തലപ്പുകളില്‍ കാക്കകള്‍ കൂടണയുന്ന കോലാഹലം.

ശാന്ത ടീച്ചര്‍ വീല്‍ചെയര്‍ മുന്നോട്ട് ഓടിച്ചു. തിരമാലകള്‍ ടീച്ചറെ ആലിംഗനചെയ്ത് വരവേറ്റു.

സിസ്റ്റര്‍ സ്റ്റെല്ല എഴുന്നേറ്റു.മുന്നോട്ട് പോകല്ലേയെന്ന് ടീച്ചറെ വിലക്കി.വലിയ തിരയെങ്ങാനും വന്നാല്‍ വലിച്ച് കൊണ്ട് പോകുമെന്ന് മുന്നറിയിപ്പ് വിളിച്ച് പറഞ്ഞു.

“സിസ്റ്ററേ , ഇത്രയും നേരം തിരകള്‍ എന്നെ വന്ന് തൊട്ടു. ഇനി ഞാന്‍ തിരകളെ ചെന്ന് ഒന്ന് തൊടട്ടെ. തിരകളുടെ കൂടാരത്തില്‍ കയറിയിരുന്ന് ഞാനല്‍പ്പനേരം രാജുവേട്ടനോട് സല്ലപിക്കട്ടെ.”

തിരകള്‍ ഒന്നിനു പുറകെ ഒന്നായി കരയിലേക്ക് കയറി വരികയാണ് ടീച്ചര്‍ക്ക് കൂടാരം തീര്‍ക്കാനെന്നോണം.ടീച്ചര്‍ എന്തു് ഭാവിച്ചാണ് കടലിനോട് കളിക്കുന്നതെന്നോര്‍ത്ത് സിസ്റ്റര്‍ ഉറക്കെ കരഞ്ഞു.സിസ്റ്ററുടെ കരച്ചില്‍ തിരകള്‍ മുക്കികളഞ്ഞു.തീരം വിജനമായിരിക്കുന്നു. വൃദ്ധസദനത്തില്‍ നിന്നും ഞങ്ങളെയും കൊണ്ട് വന്ന വണ്ടി പോലും പോയിക്കഴിഞ്ഞിരിക്കുന്നു.

-------------------------------------




10 August, 2013

എന്റെ കഥ


 കഥ


അവിട്ടപഞ്ചകം

വടക്കേവളപ്പില്‍ വേലിക്കരികില്‍ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ അവശേഷിക്കുന്ന ശിഖരം കൂടി നിലം പതിച്ചു. മാവില്‍ കെട്ടിയിരുന്ന കയര്‍ വലിച്ചുകൊണ്ടു നിന്നവര്‍ ഒരു വശത്തേക്ക് ഓടി അകന്നു. കുട്ടന്‍ മാമനുമുണ്ടായിരുന്നു.കൂട്ടത്തില്‍.എട്ടു മാസം മുന്‍പ് മാവ് വെട്ടിയിറക്കിയത് അച്ചന് ചിതയൊരുക്കാനായിരുന്നു.അവ‍ശേഷിക്കുന്ന കൊമ്പ് ഇപ്പോഴിതാ കൃഷ്ണേട്ടന് വേണ്ടിയും.!

പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന മാവിന്‍ ചുവട്ടില്‍ കളിവീട് കെട്ടികളിച്ചിരുന്ന ബാല്യകാലത്തേക്ക് ഓര്‍മ്മകള്‍ ചിറകടിച്ചു പറന്നു. കൃഷ്ണേട്ടന്റെ നിഴലായിരുന്നു ഞങ്ങളന്ന്. ഊണും കളിയും പള്ളിക്കൂടത്തിലേക്കുള്ള പോക്കും . എല്ലാത്തിനും കൃഷ്ണേട്ടനായിരുന്നു സാരഥി.ഡിപ്ളോമ എഴുതുമ്പോള്‍ കൃഷ്ണേട്ടന്‍ പഠിക്കാനിരുന്നത് ഈ മാവിന്‍ കൊമ്പിലായിരുന്നു.സന്ധ്യ വരെ അവിടെയിരിക്കും.ഇടക്ക് ഓടക്കുഴലൂതുന്നത് കേള്‍ക്കാം.ചായയും പലഹാരങ്ങളും പാളത്തൊട്ടിയില്‍ വെച്ച് കയര്‍ കെട്ടി മുകളിലേക്ക് വലിച്ചു കയറ്റാന്‍ ഈ പൊന്നപ്പനുണ്ടാകും താഴെ.
വിറക് അടുക്കി തോളിലേറ്റി തെക്കേ കോണിലേക്ക് പോകുന്നതിനിടെ കുട്ടന്‍ മാമന്‍ കണ്ടു.ഒരു നിമിഷം കുട്ടന്‍ മാമന്‍ എന്നെ നോക്കി നിന്നു.വിറക് താഴെയിട്ട് തോളില്‍ നിന്നും തോര്‍ത്തെടുത്ത് വലിച്ചടിച്ച് തന്റെ നേര്‍ക്ക് നടന്നു വന്നു.

“നീ എത്തിയോ ? എപ്പോഴാ?”
“വെളുപ്പിന്"
“പോക്കും നിശ്ചയിച്ചോ"
കുട്ടന്‍ മാമന്‍ എന്താണങ്ങനെയൊരു ചോദ്യം ചോദിച്ചത്?എന്റെ നിസ്സംഗഭാവം കണ്ടിട്ടാവാം കുട്ടന്‍ മാമന്‍
അടുത്തേക്ക് വന്നു.
“മനസ്സിലായില്ല അല്ലേ? അച്ചനെ ദഹിപ്പിക്കാന്‍ വെട്ടിയതിന്റെ മുറിമാവ് ബാക്കി നിറുത്തരുതെന്ന് ഞനന്നേ പറഞ്ഞതല്ലേ? അപ്പോ നീ എന്താ പറഞ്ഞേ , ധാരാളം മാങ്ങ കായ്ക്കുന്ന മാവാണന്നല്ലേ? അച്ചന്റെ ആണ്ടു തികഞ്ഞില്ല . ഇപ്പോഴിതാ നിന്റെ ഏട്ടനും ! മാവിന്റെ കട കൂടി നില്‍ക്കുന്നുണ്ട് . നിര്‍ത്തിക്കോ . അതാര്‍ക്കു വേണ്ടിയാ? പറയെടാ.”

കൃഷ്ണേട്ടന്‍ ഒരു പാവമായിരുന്നു. വീടിനും നാടിനും വേണ്ടി ജീവിതം ത്യജിച്ച നിര്‍‍ഭാഗ്യവാന്‍.തീച്ചുമടേന്തി സുഗന്ധ ധൂപം പരത്തി എരിഞ്ഞടങ്ങിയ ഒരു സാമ്പ്രാണിത്തിരി!

തിരക്കൊഴിഞ്ഞശേഷമാണ് അമ്മയെക്കാണാന്‍ മനസ്സു വന്നത്.അരികിലിരുത്തി അവര്‍ ഏറെ നേരം കരഞ്ഞു.കൃഷ്ണേട്ടന്റെ അന്ത്യനിമിഷങ്ങള്‍ , പറഞ്ഞുകേട്ട കാര്യങ്ങള്‍ അമ്മ അരികിലെത്തുന്നവരോടൊക്കെ വിവരിക്കുന്നുണ്ടായിരുന്നു.
രണ്ടു മണിയോടെ , പാലുമായി ഡയറിയിലേക്കുള്ള പോക്കാണ് അവസാന കാഴ്ച്ച. ഡയറിയില്‍ പാലു് കൊടുത്ത് തിരിച്ചുള്ള വരവ്. മൂഞ്ഞേലി മാത്യുവിനോട് വര്‍ത്തമാനോം പറഞ്ഞ് സര്‍വീസ് ബാങ്കിനു മുന്നിലെത്തിപ്പോ പറഞ്ഞുത്റേ " മാത്യു പൊയ്ക്കോ, ഞാനീ വരാന്തയിലൊന്നിരുന്നോട്ടെ., തല ചുറ്റണ പോലെന്ന്" . ഒരു വശത്തേക്ക് ചാഞ്ഞപ്പോ മാത്യു താങ്ങീത്റേ. അപ്പോ പോയിട്ടുണ്ടാവും.ഡോണ്‍ ബോസ്ക്കോയില് ചെന്നെങ്കിലും കാര്യണ്ടായില്ല. മടക്കി.”

അമ്മ പിന്നെയും കരഞ്ഞു. സീമന്തപുത്രന്റെ കുഞ്ഞു നാള്‍ മുതലുള്ള ഓരോരോ കഥകള്‍ പറഞ്ഞു.അമ്മയുടെ മുഖത്ത് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നങ്കിലും , അമ്മ കണ്ണീരില്‍ ചാലിച്ച് വരച്ച് കൊണ്ടിരുന്ന കൃഷ്ണേട്ടന്റെ ജീവിത കഥക്കൊപ്പം മനസ്സ് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു.

അമ്മയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ” അച്ചന്‍ മരിച്ചപ്പോള്‍ ചില ദുശ്ശീലങ്ങളുണ്ടായിരുന്നില്ലേ? കര്‍മ്മങ്ങളും ഹോമങ്ങളും നടത്തണമെന്ന് പറഞ്ഞപ്പോ വകവെക്കാതിരുന്നതാരാ? നീ.. ഇപ്പോ എന്തായി? അവിട്ട പഞ്ചകമായിരുന്നു..അഞ്ചു ജീവനും കൊണ്ടേ പോകൂ.ആണ്ടു തികയും മുന്‍പേ വരേണ്ടി വന്നില്ലേ വീണ്ടും പിണ്ഡം വെക്കാന്‍! ഇനിയും ബലിയര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ഏതൊക്കെ ജീവിതങ്ങളാണാവോ?”
കൃഷ്ണേട്ടന്റെ പെടുമരണത്തിന് കാരണക്കാരന്‍ താനാണെന്ന കളങ്കം അമ്മ കണ്ണീരില്‍ ചാലിച്ച് ചാര്‍ത്തിക്കഴിഞ്ഞു. അമ്മ മാത്രമല്ല, നാട്ടുകാര്‍ പോലും. ഹോമം നടത്താതിരുന്നത് , മാവ് ബാക്കി നിറുത്തിത്. എല്ലാം പ്രതി സ്ഥാനത്ത് ഞാന്‍ തന്നെ.

മനുഷ്യത്വത്തിനും രക്തബന്ധത്തിനുമൊന്നും ഞാന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് ഇവര്‍ക്കൊക്കെ തോന്നിത്തുടങ്ങിയിരിക്കുന്നു.പത്തുമുപ്പതു വര്‍ഷത്തെ അന്യദേശവാസം തന്നെയാകെ മാറ്റിയിട്ടുണ്ടാകാം.കമ്പനി വക കുടുസ്സു മുറിയിലെ ജീവിതത്തിനിടയില്‍ തന്റെ മനസ്സും കുടുസ്സായിപ്പോയിട്ടുണ്ടാവാം.കരുണേം സ്നേഹോം ഇല്ലാത്ത മൃഗസമാനനായ മനുഷ്യജീവി എന്നാക്ഷേപിക്കട്ടെ.!

സഞ്ചയനവും അടിയന്തിരവുമൊക്കെ വേണ്ടവിധം നടന്നു.കുട്ടന്‍ മാമനും പ്രതാപനളിയനുമൊക്കെ ഓടി നടന്ന് എല്ലാം ഭംഗിയാക്കി.അയല്‍വാസികളുടെയും സുഹൃത്തുകളുടെയും തിരക്കൊഴിഞ്ഞപ്പോള്‍ അമ്മയോട് പറഞ്ഞു. “അമ്മേ , ദോഷ പരിഹാക്രിയകള്‍ നടത്തേണ്ടേ? പുരുഷോത്തമശാന്തിയെ കണ്ടു . സംസാരിച്ചു. അദ്ദഹം വരും. എല്ലാ ദോഷോം മാറും. ഇനി ഒരു ആപത്തും ഉണ്ടാവില്ലമ്മേ.”
അമ്മ എന്റെ വാക്കുകള്‍ വിശ്വസിച്ചെന്നു തോന്നുന്നില്ല.

ഒരു പകല്‍ മുഴുവന്‍ മുഴുവന്‍ നീണ്ട ഹോമക്രികള്‍ . സര്‍വദോഷങ്ങളും ആവാഹിച്ച് എള്ളുഴിഞ്ഞ് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുമ്പോള്‍ അമ്മയുടെ സായൂജ്യം അമ്മയുടെ സായൂജ്യം അശ്രുകണങ്ങളായി ഒഴുകുകയായിരുന്നു.

പൊന്നപ്പന്റെ ആ ദൗത്യവും പൂര്‍ത്തിയായി. അവധി കഴിയാറായി .ഇനി കര്‍മമ ഭൂമിയിലേക്ക് യാത്ര തുടങ്ങണം .

ഒരു ദിവസം രാവിലെ ശംഭു വന്നു. കയറും കോടാലിയുമൊക്കയായി മരം വെട്ടുകാരന്‍ ശംഭു.രണ്ടു് സഹായികളും കൂടെയുണ്ട്.

“മാവ് ഇപ്പോള്‍ വെട്ടണ്ടാന്ന് തീരുമാനിച്ചു.ശംഭു പൊയ്ക്കോ.”

അമ്മ വരാന്തയിലെത്തിയിരുന്നു.ശംഭുവിനോട് പറഞ്ഞത് കേള്‍ക്കുകയും ചെയ്തു.
“നീ പറഞ്ഞിട്ട് തന്നെയല്ലേ ശംഭു വന്നത്. ഇപ്പോളെന്താ മാവ് വെട്ടണ്ടാന്ന് വെച്ചത്?”

“അതെ , വെട്ടണ്ടാന്ന് വെച്ചു. അതിന്റെ വേരുകള്‍ പിഴുതു കളയാന്‍ തോന്നണില്ല.”

ചായക്കുള്ള 'വക' കൊടുത്തു. ശംഭു പരിഭവം പറഞ്ഞില്ല.. “എപ്പഴാ വെട്ടണ്ടേന്ന് വെച്ചാ പറഞ്ഞാ മതി. വരാം.”ശംഭു പോയി.
- കമ്പനിയിലെ ജോലി ഇനി അധിക നാള്‍ തുടരാനാവില്ല. പുതിയ നിയമങ്ങള്‍ നടപ്പിലാവും മുന്‍പ് പിരിഞ്ഞു പോരണം.കുട്ടികള്‍ക്ക് ഊഞ്ഞാല്‍ കെട്ടാന്‍ പോലും മരമില്ലാത്ത നഗരത്തിലെ കോണ്‍ക്രീറ്റ് മരക്കൊമ്പിലെ കൂടൊഴിയണം.നാട്ടിലെ മാഞ്ചുവട്ടിലേക്ക് തിരിച്ചു വരണം.

വന്‍ നഗരത്തെ ലക്ഷ്യമാക്കി ട്രെയിന്‍ കുതിക്കുമ്പോള്‍ പൊന്നപ്പന്റെ ചിന്തകള്‍ അതൊക്കെയായിരുന്നു.

**********

27 May, 2012

കഥ


      പുണ്യാഹം

                                                                                                                                                         

          “ ഈ നിമിഷം , ഒന്നു കൂടി ആലോചിക്കൂ. ഒപ്പിടാന്‍ തന്നെയാണോ ഇരുവരും തീരുമാനിച്ചിരിക്കുന്നത് ? അതല്ല, മറിച്ചാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ക്ക് കൈകോര്‍ത്ത് പിടിച്ച് ഇറങ്ങിപ്പോകാം, പുതിയൊരു ജീവിതം തുടങ്ങാം, ഈ കുഞ്ഞിനൊപ്പം സന്തോഷകരമായി !“   വനിത ജഡ്ജ് വളരെ സ്നേഹത്തോടെയാണ് ഇക്കാര്യം ബോധിപ്പിച്ചത്.

 എന്തു പറയുന്നു മീര ? പിരിയാന്‍ തന്നെയാണോ തീരുമാനം?
അതെ!
നന്ദകുമാറോ?
“ മീരക്ക് എന്നോടൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അങ്ങനെതന്നെയാകട്ടെ.”
             ജഡ്ജിന്റെ മുന്നിലെ ചാരുബഞ്ചിന്റെ രണ്ടറ്റങ്ങളില്‍ മീരയും, നന്ദകുമാറും! മീരയുടെ തോളില്‍ കുഞ്ഞ് ശാന്തമായുറങ്ങുന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്നെ അച്ചനും, അമ്മയും പിരിയാനുള്ള തീരുമാനം ഉറപ്പിക്കുക! ഒട്ടും ആശങ്ക തോന്നിയില്ല മീരക്ക്. അങ്ങനെ തന്നെ നടക്കട്ടെ.
               ഒരു വര്‍ഷത്തിലേറെ നീണ്ട നിയമ നടപടികള്‍  . വാദപ്രതിവാദങ്ങള്‍ , പഴിചാരലുകള്‍  , കുറ്റം പറച്ചിലുകള്‍ ..... പിന്നെ കൌണ്‍സിലിങ്ങ് !
ഇതുകൊണ്ടൊന്നും മീരയുടെയും, നന്ദകുമാറിന്റെയും മനസ്സ് മാറിയില്ല. ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്ന് മീര കുടുംബക്കോടതിയില്‍ തറപ്പിച്ചു പറഞ്ഞു.
                  വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ വയറില്‍ കിടക്കുന്ന കുഞ്ഞിനെ സാക്ഷിയാക്കി ഭര്‍ത്രുഗ്രുഹത്തെ ശപിച്ചു കൊണ്ട് ഇറങ്ങിപ്പൊന്ന രംഗം ഓര്‍മ്മയിലിന്നും സൂക്ഷിക്കുന്നു. കൊച്ചു കൊച്ചു പിണക്കങ്ങള്‍  ‍, കുലുക്കങ്ങളാ‍യി, പിന്നെ ഒരു ഉരുള്‍പൊട്ടല്‍ !
           പി.ജി. യുള്ള സര്‍ക്കാരാഫീസില്‍ പി.ആര്‍ . ഒ . ആയ മീരക്ക് കിട്ടുന്നതിനേക്കാളും, വരുമാനവും, പഠിപ്പും കുറവായിരുന്നു നന്ദകുമാറിന് . ഡിഗ്രിയും, നല്ല തൊഴിലുമുണ്ടെന്ന് പറഞ്ഞ് പറ്റിച്ചു. അതു സഹിച്ചു. 
പിന്നെയെന്തായിരുന്നു പ്രശ്നം ? നന്ദകുമാറിന്റെ അമ്മയുടെ ദു:ശ്യാഠ്യമോ ? വലിയ ഭൂസ്വത്തുള്ള തറവാട്ടില്‍ ജീവിച്ച അമ്മക്ക് ചില ചിട്ടവട്ടങ്ങളുണ്ടായിരുന്നു.
   “ അമ്മക്ക് ചില ശീലങ്ങളുണ്ട്. മാറ്റാന്‍ ആവില്ല. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും “    മകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ഓഫീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാമെന്നുള്ള നിര്‍ദ്ദേശവും നന്ദകുമാര്‍ അനുവദിച്ചില്ല. അച്ചനെയും, അമ്മയേയും തനിച്ചാക്കി നമ്മള്‍ വീടുമാറുന്നത് മഹാപാപമാണെന്ന പക്ഷക്കാരനായിരുന്നു നന്ദകുമാര്‍ .
“ ശീലങ്ങളെ മുറുക്കിപ്പിടിച്ച് , അച്ചനേയും, അമ്മയേയും കെട്ടിപ്പിടിച്ച് മോന്‍ ജീവിച്ചോ ! ഞാനെന്റെ വീട്ടിലേക്ക് പോകും.” 
ഒടുവില്‍ മീര വീട്ടിലേക്ക് പോയി. കുടും ബ കോടതിയില്‍ വെച്ചുള്ള കണ്ടുമുട്ടലുകള്‍ മാത്രം. അമ്മയേയും, മകനേയും ഒരു പാഠം പഠിപ്പിക്കാനുള്ള വാശിയിലായിരുന്നു മീര.
          സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ വാങ്ങാന്‍ മീര വീണ്ടും ആ വീട്ടില്‍ ചെന്നു. കോടതി അയച്ച പോലിസുമുണ്ടായിരുന്നു ഒപ്പം. തട്ടാനെക്കൊണ്ട് സ്വര്‍ണ്ണം ഉരച്ചു നോക്കി ഉറപ്പു വരുത്തി. എണ്ണി തിട്ടപ്പെടുത്തി, തൂക്കം നോക്കി . മീര അത്രക്കങ്ങ് അവിശ്വസിച്ചു നന്ദകുമാറിനെയും കുടുംബത്തെയും !
പക്ഷെ -
“ മീര. എന്തിനാണീ നാടകം ?”  നന്ദകുമാര്‍ അടുത്തേക്ക് വരുന്നു.
“ ആഭരണപ്പെട്ടി മീര കൈവശം വെച്ചോളൂ. പക്ഷെ, മീര പോകരുത്. വഴക്കും, വക്കാണവും അവസാനിപ്പിക്കണം. ഇന്നു മുതല്‍ ഇവിടെ നില്‍ക്കണം.” നന്ദകുമാര്‍ തന്റെ കൈയില്‍ പിടിച്ച് സ്നേഹപൂര്‍വം യാചിക്കുകയാണ് .
    മീരയുടെ ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു മീരയുണ്ടായിരുന്നു. ആ മീര , ആ നിമിഷത്തില്‍ കണ്ട വിഫലമായ ഒരു സ്വപ്നം മാത്രമായിരുന്നു അത്. നിലവിളക്കും, ഷെല്‍ഫും ചുമട്ടുകാരന്‍ പുറത്തേക്കെടുത്ത് വണ്ടിയില്‍ കയറ്റുന്നത് മോബൈലില്‍ പകര്‍ത്തുകയായിരുന്നു നന്ദകുമാര്‍ .....
     മീരക്കും, നന്ദകുമാറിനും ഇടക്ക് ചാരുബെഞ്ചിലെ ഒഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കിടത്തിയ ശേഷം അവള്‍ ജഡ്ജിയുടെ അടുത്തേക്ക് പോയി.
    ഫയലിലെ അവസാന താളില്‍ ഒറ്റ വാചകത്തില്‍ ഒരു വിധി ന്യായം. അതിനു താഴെ ഒപ്പിടാനുള്ള സ്ഥലം ജ്ഡ്ജി തോട്ടുകാണിച്ചു.
       ഈ സമയം കുഞ്ഞ് ഉണര്‍ന്ന് ഉറക്കെ കരഞ്ഞു.കുഞ്ഞിന്റെ മൂത്രം ബഞ്ചിലൂടെ ഒഴുകി നന്ദകുമാര്‍ ഇരുന്നിടം നനഞ്ഞു. ! നന്ദകുമാര്‍ എഴുന്നേറ്റു.കുഞ്ഞിനെ വാരിയെടുത്ത് തോളില്‍ ചേര്‍ത്ത് പിടിച്ചു. കീശയില്‍ നിന്നും തൂവാലയെടുത്ത് ബെഞ്ച് തുടച്ചു.തൂവാ‍ല പോക്കറ്റില്‍ തന്നെ തിരുകി.
     മീര അമ്പരന്നു. “ സോറി മാഡം. ‘സ്നഗി’  ഇടീക്കാന്‍ മറന്നു.”
‘ ഡൊണ്ട് വറി. ഹി കാന്‍ മാനെജ് ഇറ്റ് . മീര സൈന്‍ ചെയ്തോളു.” ജഡ്ജ് പറഞ്ഞു.
പക്ഷെ . മീര പേന താഴെ വെച്ച് നന്ദകുമാറിന്റെ അടുത്തേക്ക് ഓടി. നീണ്ടു വന്ന മീരയുടെ കൈകളെ നന്ദകുമാര്‍ ക്ഷണിച്ചു.ഇടതുകൈ കൊണ്ട് മാറത്ത് കുഞ്ഞിനെയും, വലതുകൈയാല്‍ മീരയേയും ഭദ്രമാക്കി നന്ദകുമാര്‍ നടന്നു.
   അപ്പോള്‍ ജഡ്ജ് വിചിത്രമായ ആ കാഴ്ച്ച കണ്ട് അമ്പരന്നെഴുന്നേറ്റു.
“ ഒന്നൊന്നര വര്‍ഷത്തൊളം പാടുപെട്ടിട്ടും ഉരുകാത്ത  ആ ഹ്രുദയങ്ങളെ  ശുദ്ധീകരിക്കുവാന്‍ ഉണ്ണി മൂത്രം തന്നെ വേണ്ടി വന്നല്ലോ.ജഡ്ജി ഫയല്‍ കെട്ടി വെച്ച് പുറത്തേക്ക് നോക്കി ആ കാഴ്ച്ച ആസ്വദിച്ചു.

                                                                                                      

23 July, 2011

കഥ



എന്റെ കൂട്ടുകാരി

ചില്ലു ജാലകത്തിനപ്പുറത്ത് എന്റെ കൂട്ടുകാരി പിന്നെയും വന്നു നിന്നു.വെള്ളി ക്കൊലുസ്സ് കിലുക്കി, അവൾ ശബ്ദമുണ്ടാക്കി.. മാനത്ത് നിന്നും തുടങ്ങി, മരങ്ങളിൽ നിന്നും ഇറങ്ങി , ഇപ്പൊൾ അവൾ മുറ്റത്ത് നഗ്നപാദയായി നടനം തുടരുകയാണ് ! മുറ്റത്ത് തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ പാദങ്ങൾ പതിക്കുംബോൾ അവൾ ന്രുത്തം ചെയ്യുന്നത് അസ്വദിക്കാം. മഴ .. മഴ പെയ്യുകയാണ്…!
ഞാൻ അവളോട് പിണക്കം നടിച്ചു.നിന്നെ എനിക്കിപ്പൊൾ കാണേണ്ട. ഈ ജനാലക്കപ്പുറത്തു നിന്നും നീ ഇപ്പൊൾ പൊയ്ക്കൊളു.ഞാൻ ഇപ്പൊൾ തിരക്കിലാണ്.
അപ്പൊൾ ആ സുന്ദരി, അവളുടെ തോഴിയെ എന്നരികിലേക്ക് വിട്ടു. തെന്നൽ ഇളം കുളിരുമാ‍യി, ജനലിലൂടെ കടന്നു വന്നു. .അപ്പൊൾ ഞാൻ ജനൽ കൊളുത്തിട്ട് അടച്ചു. തെന്നൽ പൊയി . മഴയും എവിടെയൊ പോയി ഒളിച്ചു . പുഴക്കക്കരെ, അല്ലെങ്കിൽ മരക്കൂട്ടങ്ങളിൽ അവൾ മറഞ്ഞിരിപ്പുണ്ട് .എനിക്കറിയാം, ഇത് എന്റെ കൂട്ടുകാരിയുടെ സൂത്രമാണ്. അവൾ ഇനിയും വരും !
മഴയൊട് പരിഭവിക്കാൻ എന്താണ് കാരണം ? പ്രത്യേകിച്ച് ഒന്നുമില്ല. .എങ്കിലും ചിലപ്പൊൾ തോന്നും, ആ കൂട്ടുകാരിയൊട് വഴക്കിടണം, മിണ്ടാതെ നടക്കണം, എന്നൊക്കെ.ആ മൌനത്തിന് , ആ അകൽച്ചക്ക് ഒരു രസമുണ്ട്.
എന്തെല്ലാം ഓർമ്മകൾ!
ശീലക്കുട ചൂടി, പുസ്തകം ഷർട്ടിനുള്ളിൽ നെഞ്ചൊട് ചേർത്ത് പെരും മഴയത്ത് സ്ക്കൂളീൽ പൊയത്.നാലുമണിക്ക് ബെല്ലടിക്കുന്നതും നൊക്കി നീ കാത്തു നിൽക്കുന്നുണ്ടാകും അരയാ സ്കൂളിന്റെ മുറ്റത്ത്. കുട കൂട്ടുകാരനെ ഏൽ‌പ്പിച്ച് ,നിന്നൊടൊപ്പം നനഞ്ഞ് തുള്ളിച്ചാടി നടന്ന ഇടവഴികൾ. നിന്റെ കൈപിടിച്ച് കടൽ തിരകളിലൂടെ ഓടി നടന്ന സന്ധ്യകൾ !
മുറ്റത്തെ നീർച്ചാലുകളിൽ ഞാനുണ്ടാക്കി ഒഴുക്കി വിട്ട കടലാസു തോണികൾ നീ മുക്കി കളഞ്ഞു.മുറ്റത്ത് ഞാൻ നട്ടു വളർത്തിയ റോസാ ചെടിയിൽ ആദ്യമായി വിരിഞ്ഞ പൂവിന്റെ ഇതളുകൾ നീ കൊഴിച്ചു.. പനിപിടിച്ച് കംബിളി പുതപ്പിൽ ചുരുണ്ടിരുന്ന് അമ്മ തരുന്ന കഞ്ഞിയും, ചുട്ട പപ്പടവും കഴിക്കുംബൊൾ നീ ജനാലക്കരികിൽ വന്ന് പിന്നെയും, പിന്നെയും കളിയാക്കി ചിരിച്ചു………!
എത്രയൊ നാളുകൾ ഞാൻ നിന്നെയും കാത്തിരുന്നിട്ടുണ്ട് . അപ്പൊൾ നീ മാനത്ത് കരിമുകിൽ തേരിലേറി ഉല്ലസിച്ചു നടന്നു. എത്ര വിളിച്ചിട്ടും വന്നില്ല.
ഞാനിപ്പൊൾ എഴുതുകയാണ്. എന്നെ ശല്യപ്പെടുത്തരുത്. നിന്നൊടൊപ്പം ആടീയും, പാടിയും നടക്കാൻഇന്നു ഞാൻ വരില്ല. പൊയ്ക്കൊളു….മുറ്റത്ത് വീണ്ടുമൊരു ഹർഷോന്മാദ താളം! . മാനത്തു നിന്നും ആ സുന്ദരി വീണ്ടും എന്റെ വീട്ടു മുറ്റത്ത് ഇറങ്ങി വന്നിട്ടുണ്ടാകും. . അടച്ചിട്ട ചില്ലു ജാലകത്തിലൂടെ ഞാൻ അവൾ നടനമാടുന്നത് കണ്ടു.
ഒരു മൈനക്കുഞ്ഞ് ജനാലച്ചില്ലിലേക്ക് പറന്ന് വീണ് ദീനമായി കരഞ്ഞു. ചില്ലു പാളിയിൽ പറ്റിപ്പിടിച്ച് ആ കിളിക്കുഞ്ഞ് , രക്ഷക്കായി കേഴുകയാണ്. അതിപ്പൊൾ വഴുതി താഴെ വീഴും, മുറ്റത്തെ വെള്ളത്തിൽ മുങ്ങും.
ഞാൻ ജനാല തുറന്നു.പുറത്തേക്ക് കൈ നീട്ടി. അപ്പൊൾ ഒരു മഴത്തുള്ളി എന്റെ കൈകളിൽ സ്പർശിച്ചു.! ചില്ലു പാളിയിൽ നിന്നും മൈനക്കുഞ്ഞിനെ കൈയിലെടുത്തു.ഞാൻ അതിനെ നെഞ്ചോട് ചേർത്തു പിടിച്ച് ചുട് കൊടുത്തു. പാവം വല്ലാതെ നനഞ്ഞ് വിറക്കുന്നു.
അപ്പൊൾ മഴ ,എന്റെ കൂട്ടുകാരി അത്യാഹ്ലാദത്തൊടെ ന്രുത്തം ചെയ്തു കൊണ്ടിരുന്നു.

ആഘോഷങ്ങളുടെ ആഗസ്റ്റ്

         2018 ലെ പ്രളയ കാലത്തെ ഓണാഘോഷത്തിനു ശേഷം ഏട്ടു വർഷം കഴിഞ്ഞ് ഇപ്രാവശ്യമാണ് ഓഗസ്റ്റും ഓണവും ഒരുമിച്ചത് .      അക്കാലത്ത് കേരളത്തിൽ  അത...