05 February, 2024

ചെറായിലെ താര ദമ്പതികള്‍

 

അഭിമുഖം

ചെറായിലെ താര ദമ്പതികള്‍

 



 

 

 

ചെറായി സുരേഷ്

തിരമാലകളുടെ താളത്തോടൊപ്പം വിവിധ കലകളും ഹൃദയത്തിലേറ്റിയ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കടലോരഗ്രാമമാണ് വൈപ്പിന്‍ കര. അമച്വര്‍ നാടക കാലാകാരന്മാരും ആസ്വാദകരും ധാരാളമുണ്ടായിരുന്നു ഈ നാട്ടില്‍. പള്ളിപ്പുറം ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് ക്ളബ്ബ് വാര്‍ഷികങ്ങളില്‍ ഏകാങ്ക നാടകങ്ങള്‍ കളിച്ച് വളര്‍ന്ന സുരേഷ് എന്ന നടന്‍ , ഇടക്കാലത്ത് കെ.പി.എ.സി. സുരേഷ് എന്ന് ,നാടക പ്രേമികള്‍ക്ക് സുപരിചിതനായത് ചരിത്രം. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ നാടക ജീവിതത്തില്‍ മുന്നൂറിലേറെ നാടകങ്ങളും ഏഴായിരത്തോളും നാടക രാവുകളും !നാടകത്തോടുള്ള പ്രണയം ചെറായി സുരേഷിന് ജീവിതോപാധി മാത്രമല്ല സാംസ്ക്കാരിക പ്രവര്‍ത്തനം കൂടിയാണ്.


അനിത


 

കായംകുളം വള്ളികുന്നം തോപ്പില്‍ ഭാസ്ക്കരപിള്ള എന്ന 'തോപ്പില്‍ ഭാസി'യുടെ ഇളയസഹോദരന്‍ ,കെ.പി.ഏ.സി. നടന്‍ കൂടിയായിരുന്ന കുമാരപിള്ളയുടെയും ചലച്ചിത്ര - നാടക നടി ശാന്ത കെ പിള്ളയുടെയും മകള്‍ അനിത. വല്യച്ഛന്റ നാടക അരങ്ങുകള്‍ അനിതക്ക് ബാല്യത്തിലേ സുപരിതം. ന‍ൃത്തവും പാട്ടും ഇഷ്ടമായിരുന്നതിനാല്‍ വല്യച്ഛന്റെ നാടകങ്ങളില്‍ അനിതയുടെ ശബ്ദം ബാല്യത്തിലേ കോറസിനൊപ്പം മൈക്കിലൂടെ മുഴങ്ങി.പത്താം വയസ്സില്‍ അവിചാരിതമായി കായംകുളം നാടക ശാലയുടെ നാടകത്തില്‍ കുട്ടി വേഷം ചെയ്തു കൊണ്ട് അഭിനയത്തിന് തുടക്കം കുറിച്ചു.

കെ.പി.ഏ.സി.യുടെ 'സൂക്ഷിക്കുക , ഇടതു വശം പോകുക' നാടകത്തില്‍ അനിതക്കൊപ്പം നായകനായി ചെറായി സുരേഷുമുണ്ടായിരുന്നു. അരങ്ങിലെ നായികയെ ,സുരേഷ് ജീവിതത്തിലേക്ക് വിളിച്ചിറക്കി കൊണ്ടു വന്നു. ജീവിത സഖിയാക്കി. അതോടെ ഇരുവരും കെ.പി.ഏ.സി. വിട്ടു. പിന്നീടിതു വരെ ഒരേ നാടകങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് 'പുതിയ തീരങ്ങള്‍ ' തേടിയുള്ള ‍ നാടക ലോകത്തെ ജൈത്രയാത്ര ഇന്നും തുടരുമ്പോഴും ഈ ദമ്പതികള്‍ വിനയവും ലാളിത്യവും മുഖമുദ്രയായി കാത്ത് സൂക്ഷിക്കുന്നു.

അനിതയുടെ നാടക അനുഭവങ്ങള്‍

സുരേഷ് ചേട്ടനോപ്പം കുടുംബ ജീവിതമാരംഭിച്ചതോടെ നാടകത്തിന് നീണ്ട ഇടവേള. ഭാര്യ, അമ്മ, കുടുംബിനി എന്നിങ്ങനെ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന വേഷങ്ങളണിഞ്ഞ് , പത്ത് വര്‍ഷത്തിന് ശേഷമാണ് ചേര്‍ത്തല ജൂബിലിയിലേക്ക് പോകുന്നത്. ജൂബിലിക്ക് വേണ്ടി ഫ്രാന്‍സിസ് ടി മാവേലിക്കര എഴുതിയ പന്ത്രണ്ട് നാടകത്തിലും ഒരുമിച്ചഭിനയിച്ചത് ഞങ്ങള്‍ മാത്രമാണ്. 


എം.എന്‍.സന്തോഷ്


 

കെ.പി.ഏ.സി. പുനരവതരിപ്പിച്ച എല്ലാ നാടകങ്ങളിലും അഭിനയിച്ചു. 'നിങ്ങളെന്നെ കമ്യൂണിസ്ററാക്കി'യിലെ സുമാവലി, 'അശ്വമേധ'ത്തിലെ സരള, 'മുടിയനായ പുത്രനി'ലെ രാധ, 'ഒളിവിലെ ഓര്‍മ്മകളി'ല്‍ ഗോപാലന്‍ നായരുടെ ഭാര്യ, എന്‍.എന്‍.പിള്ള രചിച്ച 'മനുഷ്യന്റെ മാനിഫെസ്റ്റോ'യില്‍ ഊമയായി നടിക്കുന്ന സീത . എല്ലാം മുഴുനീള കഥാപാത്രങ്ങളായിരുന്നു.

' ശുദ്ധികലശം ' നാടകം കണ്ട സത്യന്‍ അന്തിക്കാട് 'പുതിയ തീരങ്ങള്‍ ' സിനിമയിലേക്ക് ക്ഷണിച്ചു. ചിത്രത്തില്‍ നമിത പ്രമോദിനൊപ്പം 'സാലമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 'എന്നും എപ്പോഴും ' എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചു.പിന്നീട് പല ഓഫറുകള്‍ വന്നെങ്കിലും നാടകവുമായുള്ള സമയക്രമം പാലിക്കേണ്ടി വന്നതിനാല്‍ സ്വീകരിച്ചില്ല.

വിവാഹ ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് വല്യച്ഛനു( തോപ്പില്‍ ഭാസി)മായി കണ്ടുമുട്ടുന്നത്. 'അവളെന്റെ മുഖത്ത് കരി വാരി തേച്ചു. അവളെ കാണേണ്ട' എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പക്ഷെ , മഞ്ഞുരുകി. പുതിയ നാടകത്തിലേക്ക് ( ഒളിവിലെ ഓര്‍മ്മകള്‍) അദ്ദേഹം ക്ഷണിച്ചു. അതോടെ ജീവിത നാടകത്തിലെ രണ്ടാം രംഗം ആരംഭിച്ചു.

കെ.പി.ഏ.സി. സുരേഷ് ആകുന്നത് ?

നാടകത്തില്‍ വന്ന് പെട്ടത് അവിചാരിതമായിട്ടാണ്. സ്ക്കൂള്‍ നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ല. ചേട്ടന്‍ മുരളി നാടകത്തില്‍ അഭിയിക്കുമായിരുന്നു. ചേട്ടന്റെ നാടകങ്ങളില്‍ പ്രോമിട്ടറായി കര്‍ട്ടന് പിറകില്‍ നിന്ന പരിചയം മാത്രം.

ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, കെ.കെ.ധര്‍മ്മന്‍, ഗോപന്‍ കടുവങ്കശ്ശേരി എന്നിവര്‍ സ്റ്റേജില്‍ അഭിനയിക്കുന്നത് കണ്ടപ്പോഴാണ് അഭിനയ മോഹമുദിച്ചത്. പള്ളിപ്പുറത്ത് മാസ്റ്റര്‍ റോയി സംവിധാനം ചെയ്ത ഏകാങ്ക നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാര്‍ത്തികേയന്‍ പടിയത്തിന്റെ 'ശവം തീനി എറുമ്പുകള്‍ ' എന്ന നാടകത്തിലും, പിന്നീട് അദ്ദേഹത്തിന്റെ എല്ലാ നാടകത്തിലും അഭിനയിച്ചു. അതോടെ നടനെന്ന് ,നാട്ടില്‍ ഖ്യാതി പരന്നു.

കുയിലന്റെ ,'കൊച്ചിന്‍ നാടകവേദി'യുടെ ബൈബിള്‍ നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തേക്ക് ചുവട് വെച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും ,സി.പി.ഐ.സംസ്ഥാന കമ്മിറ്റി അംഗം എസ്.രണദിവേയുമായുള്ള സൗഹൃദത്തിന്റെയും പിന്‍ബലത്തിലാണ് കെ.പി.ഏ.സി. യിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടത്. കെ.പി.ഏ.സി.രണ്ടാമത്തെ ടീമിന് വേണ്ടി അഭിനേതാക്കളെ തേടുന്ന സമയമായിരുന്നു. നടന വൈഭവമുണ്ടെങ്കില്‍ മാത്രം നിലനില്‍ക്കാവുന്ന ഇടമായിരുന്നു കെ.പി.ഏ.സി. 1984 ആണ് കാലഘട്ടം. തോപ്പില്‍ ഭാസി, ഒ.എന്‍.വി. , ജി.ദേവരാജന്‍, സുജാതന്‍ തുടങ്ങിയ പ്രതിഭാശാലികള്‍ അണിയറയില്‍. എസ്.എല്‍.പുരം എഴുതിയ 'സിംഹം ഉറങ്ങുന്ന കാട് 'ആയിരുന്നു പ്രഥമ നാടകം. അതിലെ കേന്ദ്ര കഥാപാത്രം ലഭിച്ചത് വഴിത്തിരിവായി. എന്റെ മേഖല നാടകമമെന്ന് തിരിച്ചറിഞ്ഞത് അതോടെയാണ്. പിന്നീട് 'സൂക്ഷിക്കുക ഇടതു വശം പോകുക ' യിലെ കുട്ടന്‍ മേശരിയായി അരങ്ങ് കീഴടക്കി. ‍

ചേര്‍ത്തല തപസ്യയുടെ , ലോഹിതദാസ് രചനയും ടി.കെ.ജോണ്‍ സംവിധാനവും നിര്‍വഹിച്ച 'സിന്ധു ശാന്തമായ് ഒഴുകുന്നു' , സ്വപ്നം വിതക്കുന്നവര്‍, അവസാനം വന്ന അതിഥി എന്നീ നാടകങ്ങളിലും വേഷമിട്ടു.മുപ്പത്തിയഞ്ചോളം നാടകസമിതികളിലായി ഏഴായിരത്തോളം

നാടക രാവുകളാണ് ഓര്‍മ്മയില്‍.

ഹുമതികള്‍

1985 ലാണ് 'സിന്ധു ശാന്തമായ് ഒഴുകുന്നു' എന്ന നാടകത്തിലെ 'ബാപ്പുട്ടി' എന്ന കഥാപാത്രത്തിന് തിരുവനന്തപുരം വികാസില്‍ നിന്നും ആദ്യമായി അവാര്‍ഡ് ലഭിക്കുന്നത്. ഈ വേഷത്തിന് പതിനൊന്ന് അവാര്‍ഡുകള്‍ ലഭിച്ചു. 2020 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍‍ഡ്, ഗുരുപൂജ അവാര്‍ഡ് തുടങ്ങി വേറെയും ബഹുമതികള്‍.

'സിന്ധു ശാന്തമായ് ഒഴുകുന്നു' , ലോഹിതദാസിന്റെ തിരക്കഥയില്‍ , ജോര്‍ജ് കിത്തു സംവിധാനം ചെയ്ത 'ആധാരം' എന്ന സിനിമയായപ്പോള്‍ മുരളിയാണ് ബാപ്പുട്ടിയായി അഭിനയിച്ചത്. സിനിമയില്‍ ബാപ്പുട്ടിയെ അവതരിപ്പിച്ച മുരളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'അവസാനം വന്ന അതിഥി ' നാടകമാണ് , ‘ വിചാരണ' എന്ന സിനിമ. സിനിമയില്‍ മുകേഷാണ് നാടകത്തില്‍ സുരേഷ് ചെറായി ചെയ്ത വേഷം അഭിയിച്ചത്.

നാടക ലോകത്തെ അനുഭവങ്ങള്‍

നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ദേശങ്ങളിലെത്തുമ്പോള്‍ അവിടത്തെ ജനങ്ങളുമായി സംവേദിക്കാറുണ്ട്. അവരുടെ ജീവിത രീതികളും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ചോദിച്ചറിയാറുണ്ട്. 

 

 

'സിംഹം ഉറങ്ങുന്ന കാട്' , 'ഭഗവാന്‍ കാല് മാറുന്നു ' നാടകങ്ങള്‍ കെ.പി.ഏ.സി. ഒരേ സമയത്താണ് അവതരിപ്പിച്ച് കൊണ്ടിരുന്നത്. വര്‍ഗീയ വാദികള്‍ വളഞ്ഞിട്ടാക്രമിച്ച നാടകമായിരുന്നു 'ഭഗവാന്‍ കാല് മാറുന്നു ' . ഇടത് സഹയാത്രികര്‍ കൈകോര്‍ത്താണ് നാടകത്തിന് സംരക്ഷണം വലയം തീര്‍ത്തത്. കൈനകരി തങ്കരാജിനൊപ്പം സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ കല്ലുകള്‍ ചീറി വന്ന് സ്റ്റേജില്‍ വീണ അനുഭവങ്ങളുണ്ട്. കെ.പി.ഏ.സി.യുടെ ബോര്‍ഡ് വെച്ച 'സിംഹം ഉറങ്ങുന്ന കാട്' നാടകത്തിന് വണ്ടിയില്‍ പോകുമ്പോഴും കല്ലേറ് ഭയന്ന് തല താഴ് ത്തിയാണ് ഇരിക്കാറുള്ളത്.

കൊറോണക്കാലത്തെ 'അലാറം'

കോവിഡ് ഭീതിയില്‍ രാജ്യം നിശ്ചലമായപ്പോള്‍ നാടക ലോകവും ഇരുട്ടിലാണ്ടു പോയി. അന്ന് ചേര്‍ത്തല ജൂബിലിയുടെ 'അലാറം' നാടകമാണ് കളിച്ചുകൊണ്ടിരുന്നത്. മുപ്പത് നാടകം കളിച്ചപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ഇന്നത്തെ നാടക രീതികള്‍

നാടകങ്ങളുടെ ദൃശ്യ-ശ്രാവ്യ ബോധ്യം മാറി. പുതിയ സാങ്കേതിക വിദ്യകള്‍ നാടകവും ഉള്‍ക്കൊണ്ടു. അതിഭാവുകത്വത്തില്‍ നിന്ന് നാടകം മോചിക്കപ്പെട്ടു. നാടകത്തിലെ നാലാം തലമുറയോടൊപ്പമാണ് ഇന്ന് സ്റ്റേജില്‍ നില്‍ക്കുന്നത്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സഞ്ചരിക്കുന്നു.

ഏത് കാലത്തായാലും സത്യം വിളിച്ച് പറയുന്ന കലയാണ് നാടകം. നിരവധി കലാരൂപങ്ങളുണ്ടെങ്കിലും ജീവിതവുമായി മുഖാമുഖം നില്‍ക്കുന്ന കല ഒന്നേയുള്ളു. അത് നാടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇപ്പോഴത്തെ നാടകം

കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ 'ചന്ദ്രികാ വസന്തം' . ഭാര്യ അനിതയും ഒപ്പം അഭിനയിക്കുന്നു. ഏക മകള്‍, നീലിമ സുരേഷ് ,കോട്ടയത്ത് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥ. മരുമകന്‍ ജി.സോഹന്‍ , കായംകുളം ,വള്ളികുന്നത്ത് പൊതു പ്രവര്‍ത്തകന്‍.

കുടുംബ ബാധ്യതകള്‍ പൂര്‍ത്തീകരിച്ചെങ്കിലും , നാടകത്തിന്റ ഫസ്റ്റ് ബെല്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. നാടകം വിളിക്കുകയാണ്. സിനിമക്ക് ഞങ്ങള്‍ അത്യന്താപേക്ഷിതമല്ല. പക്ഷെ നാടകത്തിന് ഞങ്ങളെ വേണം. അതുകൊണ്ടാണ് നാടകത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത് .ചെറായിലെ ഈ താര ദമ്പതികളുടെ നാടക യാത്രകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

എം.എന്‍.സന്തോഷ്




10 February, 2023

മൂല്യനിര്‍ണ്ണയ കേന്ദ്രത്തില്‍ സംഭവിച്ചത്

 

കഥ


മൂല്യനിര്‍ണ്ണയ കേന്ദ്രത്തില്‍ സംഭവിച്ചത്



" പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്തു് കാര്യം ?”

പഴമൊഴിയാണ്.

പരീക്ഷാ പേപ്പര്‍ നോക്കുന്നിടത്ത് പൂച്ചയെപ്പോലെ പതുങ്ങി വരുന്ന നിദ്രയെ പക്ഷെ പേടിക്കണം. പേപ്പര്‍ നോക്കുമ്പോള്‍ ശ്രദ്ധ വേണം. സൂക്ഷ്മത കണിശമായും വേണം. മൂല്യനിര്‍ണ്ണയക്യാമ്പെന്നാണല്ലോ പേര്. വിദ്യാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നു എന്ന പ്രയോഗം മാറ്റി നിര്‍ത്താം. പത്താം തരക്കാരുടെ പഠന നിലവാരം വിലയിരുത്തുന്ന , ഭാവി പഠന പരിപാടികളുടെ ദിശ നിര്‍ണ്ണയിക്കുന്ന ഒന്നാം ഘട്ടത്തിലെ ഒരു പരീക്ഷ. അത്രയേയുള്ളു. ഇതിനുമപ്പുറം ഇനി എന്തെല്ലാം പരീക്ഷകള്‍ ?

മൂല്യ നിര്‍ണ്ണയം തുടങ്ങിയാല്‍ പിന്നെ നിശ്ശബ്ദത. ഓരോ , വരികളിലൂടെയും, ഓരോ താളുകളിലൂടെയും ശരി തേടിയുള്ള മൗന സഞ്ചാരം.

മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ മുടങ്ങാതെ എത്തുക എന്നത് ധര്‍മ്മപാലന്‍ മാഷിന് ഒരു തീര്‍ഥാടനമാണ്. വിവിധ ദേശങ്ങളില്‍ നിന്നുള്ള അധ്യാപകരുമായി സൗഹൃദം പുതുക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം കൂടിയാണിത്.

“ കൊച്ചു കൊച്ച് തെറ്റുകള്‍ പെരുപ്പിച്ച് കാണേണ്ടതില്ല. പിള്ളാരല്ലേ . അല്ലേ , ടീച്ചറേ?”

തന്റെ ബഞ്ചിലിരിക്കുന്ന ലൈസ ടീച്ചര്‍ കേള്‍ക്കത്തക്ക വിധം ധര്‍മ്മ പാലന്‍ മാഷിന്റെ മര്‍മ്മരം.

ലൈസ ടീച്ചര്‍ മൂളി. കേട്ടതായി ഭാവിച്ചു.

“ മനുഷ്യ സഹജം. ”

മാഷ് പിന്നെയും മന്ത്രിച്ചപ്പോള്‍ ലൈസ ടീച്ചര്‍ കേട്ടതായി ഭാവിച്ചില്ല.

'ഫ്രീഡം അറ്റ് മിഡ് നൈറ്റ് ' രചിച്ചത് തോമസ് ആല്‍വ എഡിസണ്‍ എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കാവോ?മനുഷ്യ സഹജമായ തെറ്റാണോ ? അത് വേറെ ലവല്‍. ലൈസ ടീച്ചര്‍ മനസ്സില്‍ കരുതി.

“ ടു എര്‍ ഈസ് ഹുമെയ്ന്‍. ഫര്‍ഗീവ് ഈസ് ഡിവൈന്‍.” മാഷ് പിന്നെയും.

“ ആ തത്വം മാഷ് പള്ളിക്കൂടത്തീ പറഞ്ഞേച്ചാ മതി. നോട്ടപ്പിശകിന് ഒരു ഇന്‍ക്രിമെന്റ് പോകുമേ. ചെലപ്പോ പണീം പോയെന്നിരിക്കും. ”

ലൈസ ടീച്ചര്‍ മാഷിന് വാണിങ്ങ് കൊടുക്കുന്നതിനിടെ പേപ്പര്‍ പാക്കറ്റ് കൈകളിലെത്തി.

നോട്ടപ്പിശകൊന്നും വരുത്താതെ കാത്തോളണെയെന്ന് പിതാമഹന്മാരെ വണങ്ങി ധര്‍മ്മപാലന്‍ മാഷ് കര്‍മ്മനിരതനായി.

പെന്‍സില്‍ കൊണ്ട് ശരി തെറ്റുകളുടെ ഇഴ തിരിച്ച് , യഥാസ്ഥാനങ്ങളില്‍ സ്കോറിട്ട് ഓരോരോ ഉത്തരക്കടലാസുകളിലൂടെ മൂല്യനിര്‍ണ്ണയം യഥാവിധി മുന്നേറി.

ഉച്ച കഴിഞ്ഞുള്ള സെഷനില്‍ പേപ്പര്‍ നോക്കാനിരിക്കുമ്പോള്‍ ധര്‍മ്മപാലന്‍ മാഷ് ചെറുയൊന്ന് മയങ്ങും.ഉറക്കം എന്ന് നിര്‍വചിക്കാന്‍ പറ്റില്ല. നിദ്രാദേവിയുടെ പാദാരവിന്ദങ്ങളില്‍ സായൂജ്യം തേടുന്ന മാസ്മര നിമിഷങ്ങള്‍.

വാര്‍ഷിക ക്യാമ്പിലെ മാഷിന്റെ നേരമ്പോക്കുകളാണിതെല്ലാം എന്നതിനപ്പുറം ഗൗരവം ഇതിനാരും കല്‍പ്പിച്ചിട്ടില്ല.

പക്ഷെ കരച്ചിലും,കീറലും !

സുഷുപ്തിയുടെ സ്പര്‍ശമറിയുന്നത് ഒരു വെളുത്ത പൂച്ചയുടെ വരവോടെയാണ്. വെളുത്ത പൂച്ച പാദങ്ങളില്‍ മുട്ടിയുരുമ്മും. ഉപബോധ മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുമ്പോള്‍ പൂച്ചയും ഒപ്പമുണ്ടാകും. സ്വപ്ന സദൃശമായ ആ സഞ്ചാരത്തിനിടയില്‍ മാഷ് വേഷപ്രച്ഛന്നനാകും. ചവിട്ട് നാടക കലാകാരനും ആശാനുമായ ധര്‍മ്മപാലന്‍ മാഷ് കാറല്‍സ്മാന്റെ ഈരടികള്‍ പാടും. വില്‍പ്പാട്ടിലും , ബാലെയിലും വേഷമിട്ടിരുന്നപ്പോഴത്തെ കാലത്തിലെ രാവണരാജാവിനെ പോലെയും , ഹിരണ്യകശിപുവിനെപോലെയും അട്ടഹസിക്കും. വീട്ടില്‍ രാത്രിയിലെ ഉറക്കത്തിനിടെയാണ് ഈ അസാധാരണ പ്രവര്‍ത്തിയെങ്കില്‍ ഭാര്യ കുലുക്കി ഉണര്‍ത്തും.

കനം കൂടിയ പേപ്പര്‍ കെട്ടുകള്‍ നോക്കി പരവശനായിരിക്കുന്നതിനിടെ വാഴക്കൂമ്പില പോലൊരു പേപ്പര്‍ മാഷിന്റെ കൈകളിലെത്തി . പ്രഥമദൃഷ്ട്യാ തന്നെ ആ പേപ്പറിന്റെ അവകാശിക്ക് സര്‍വ്വ മംഗളങ്ങളും മനസ്സാ നേര്‍ന്ന് ഒറ്റനോട്ടത്തില്‍ തീര്‍ക്കാമെന്ന ആശ്വാസത്താല്‍ ഒറ്റയിതള്‍ താളില്‍ വിരചിച്ച ആ ഉത്തരക്കടലാസ് വിടര്‍ത്തിയപ്പോള്‍ മാഷ് ഞെട്ടി.ആദ്യ വായനയീല്‍ മാഷ് കണ്ണ് മിഴിച്ചു.

ഇതെന്റെ അന്തകനാകുമോ ? മാഷ് അന്തം വിട്ട് കരഞ്ഞു.

ചോദ്യ നമ്പറില്ലാത്ത ആ ഉത്തരം ഗദ്യകവിതയോ, ഉപനിഷത് വാക്യമോ എന്ന് നിര്‍ണ്ണയിക്കാനാകാതെ ധര്‍മ്മസങ്കടക്കടലിലകപ്പെട്ട ധര്‍മ്മപാലന്‍ മാഷിനെ ലൈസ ടീച്ചര്‍ ആശ്വസിപ്പിച്ചു.

അജ്ഞാതനായആ പരീക്ഷാര്‍ത്ഥിയുടെ വചനങ്ങള്‍ ഇരുവരും പലവുരു പാരായണം ചെയ്തു.

ആ സൂക്തങ്ങള്‍ ഇങ്ങനെയായിരുന്നു.

“ ക്വസ്റ്റ്യന്‍ പേപ്പറില്‍ അച്ചടിച്ചിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം പാഠപുസ്തകത്തില്‍ പണ്ടേ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. അവയെല്ലാം ഈ പ്രപഞ്ചത്തില്‍ നിത്യസത്യമായി നിലകൊള്ളുന്നതുമാകുന്നു. എല്ലാം പരീക്ഷാര്‍ത്ഥികളായ ഞങ്ങള്‍ക്കും മറ്റെല്ലാവരുടെയും അറിവിലേക്കായി എഴുതപെട്ടതാകുന്നു.അത് നിത്യ സത്യമാകുന്നു. അക്കാരണത്താല്‍ ഞാന്‍ യാതൊന്നും എഴുതുന്നില്ല . നന്ദി, നമസ്ക്കാരം.”

ധര്‍മ്മപാലന്‍ മാഷ് കരയുന്നു . യമരാജനെ പോലെ അലറുന്നു.

അവിടെ എന്താണ് അത്യാഹിതം എന്നറിയാന്‍ മൂല്യനിര്‍ണ്ണയകരെല്ലാം എഴുന്നേല്‍ക്കുന്നു.


അജ്ഞാതനായ ആ ചെറുക്കന്റെ പരീക്ഷാക്കുറിപ്പും, കാര്യങ്ങളുടെ കിടപ്പും അവലോകനം ചെയ്ത് അധ്യാപക സംഘടന നേതാവും പഞ്ചായത്ത് മെമ്പറുമായ അച്യുതന്‍ മാഷ് താത്വികമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. കാര്യങ്ങള്‍ മനസ്സിലായല്ലോയെന്നും, അതാണ് അതിന്റെ ഒരു ഇത് എന്നും പറഞ്ഞ് അച്യതന്‍മാഷ് ഇരുന്നു.

പിന്നെയാര്‍ക്കും മിണ്ടാന്‍ തോന്നിയതേയില്ല.

പെന്‍സിലിന്റെ തേഞ്ഞുപോയ മുന കട്ടറില്‍ കറക്കി കൂര്‍പ്പിക്കുന്ന ധര്‍മ്മപാലന്‍ മാഷിനെയാണ് അവര്‍ കണ്ടത്. പുതിയൊരങ്കത്തിനുള്ള പുറപ്പാട് !

ആ പ്രശ്നം അവസാനിച്ചതായി ഡപ്യൂട്ടി ചീഫ് അച്യതന്‍ മാഷ് പ്രഖ്യാപിച്ചു.

എല്ലാവരും പേപ്പര്‍ കെട്ടുകളില്‍ ശരി തിരയാനായി യഥാസ്ഥാനങ്ങളില്‍ ഇരുന്നു.


എം.എന്‍.സന്തോഷ്

09/02/2023

02 October, 2022

ഗാന്ധിജിയും ഗുരുദേവനും

ഇന്ന് ഗാന്ധി ജയന്തി.


രണ്ട് പുണ്യാത്മാക്കളുടെ അപൂർവ സംഗമത്തിന്റെ സംക്ഷിപ്ത വിവരങ്ങൾ .........


     മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് 1925 മാർച്ച് മാസത്തിലായിരുന്നു. ശിവഗിരിയിലെ വർക്കല എ.കെ. ഗോവിന്ദ ദാസിന്റെ 'ഗാന്ധ്യാ ശ്രമം'  കെട്ടിടത്തിലായിരുന്നു സന്ദർശന വേദി സജ്ജമാക്കിയിരുന്നത്.  കോട്ടയം ജഡ്ജിയായിരുന്ന എൻ.കുമാരൻ ആയിരുന്നു ദ്വിഭാഷി .



    











സ്വാമിജിക്ക് ഇംഗ്ളീഷ് അറിയില്ലേയെന്ന് ചോദിച്ചു കൊണ്ടാണ്  ഗാന്ധിജി സംഭാഷണം ആരംഭിച്ചത്.
    ഇംഗ്ളീഷ് തനിക്കറിയില്ലെന്നും മഹാത്മജിക്ക് സംസ്കൃതം അറിയാമോയെന്നും ഗുരുദേവൻ മറുചോദ്യം ഉന്നയിച്ചപ്പോൾ സംസ്കൃതം തനിക്കറിയില്ലെന്ന് മഹാത്മജി വ്യക്തമാക്കി.
    വൈക്കത്ത്  ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടക്കുന്ന സത്യാഗ്രഹ സമരത്തെപ്പറ്റി ഗാന്ധിജി , ഗുരുദേവനുമായി വിശദമായി ചർച്ച ചെയ്തു.
    വൈക്കം സത്യാഗ്രഹം ശരിയായ രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും, ക്ഷേത്ര പ്രവേശനം മാത്രം പോരെന്നും , അയിത്ത ജാതിക്കാരുടെ അവശതകൾ നിർമാർജ്ജനം  ചെയ്യാൻ അവർക്ക് വിദ്യാഭ്യാസവും ധനവും സമ്പാദിക്കാൻ സാഹചര്യമുണ്ടാകണമെന്നും ഗുരുദേവൻ അഭിപ്രായം  പ്രകടിപ്പിച്ചു. നന്നാകാനുള്ള സൗകര്യം എല്ലാവരുടെയും പോലെ അവർക്കും ലഭ്യമാകണമെന്നാണ് തന്റെ പക്ഷമെന്ന് ഗുരുദേവൻ ഗാന്ധിജിയോട് പറഞ്ഞു.
     അവകാശ സ്ഥാപനത്തിന് സത്യാഗ്രഹം പോരെന്നും ബലപ്രയോഗം തന്നെ വേണമെന്നും ചിലരൊക്കെ  വാദിക്കുന്നുണ്ടല്ലോയെന്നതിനെ കുറിച്ച് സ്വാമിജിയുടെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
    " രാജാക്കന്മാർക്ക് അത്യാവശ്യമായിരിക്കാം. സാധാരണ ജനങ്ങൾക്ക് ബലപ്രയോഗം നടത്തേണ്ട കാര്യമില്ലെന്ന്  ഗുരുദേവൻ വ്യക്തമാക്കി.
    മതപരിവർത്തനത്തെപ്പറ്റിയും ഗുരുദേവന്റെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
     " ആധ്യാത്മികമായ മോക്ഷത്തിന് മതപരിവർത്തനം വേണ്ടതില്ല. എല്ലാ മതങ്ങളുടെയും ലക്ഷ്യം ആത്യന്തികമായ മോക്ഷമാർഗ്ഗമാണ്. ലൗകികമായ സ്വാതന്ത്ര്യമാണ് ജനങ്ങൾ ഇച്ഛിക്കുന്നത്. അത് സഫലമാകുക തന്നെ ചെയ്യും. പക്ഷെ പൂർണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുo."
    ഗുരുദേവന്റെ ആ പ്രവചനം കേട്ടപ്പോൾ ഗാന്ധിജി ചിരിച്ചു.
    തന്റെ ആയുഷ്ക്കാലത്ത് തന്നെ ആ ലക്ഷ്യം സഫലമാകുമെന്ന് ഗാന്ധിജി ശുഭാപ്തി വിശ്വാസം  പ്രകടിപ്പിച്ചു.
    ഹിന്ദു മതത്തിൽ തന്നെ വർണ്ണ വ്യത്യാസമുണ്ടല്ലോയെന്ന് സംഭാഷണത്തിനിടെ ഗാന്ധിജി , ഗുരുവിനോട് സൂചിപ്പിക്കുകയും അക്കാര്യം സമർത്ഥിക്കാൻ സമീപത്തെ ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് ഗാന്ധിജി പറഞ്ഞു.
" അതിലെ ഇലകളെല്ലാം ഒരേ പോലെയല്ലല്ലോ. വലിപ്പ ചെറുപ്പം പ്രകൃതി സഹജമല്ലേ?"
    പ്രത്യക്ഷത്തിൽ അങ്ങിനെ തോന്നുന്നുവെന്നത് ശരിയാണെന്ന്  ഗുരുദേവൻ മറുപടി പറഞ്ഞു. എന്നിട്ടിങ്ങിനെ തുടർന്നു .
    " എല്ലാ ഇലകളുടെയും ചാറിനും സത്തിനും ഒരേ ഗുണവും മണവുമാണല്ലോ. വ്യത്യസ്തമായി  കാണന്നുവെങ്കിലും  ഗുണപരമായി ഒന്നു തന്നെയല്ലേ?"
    ശിവഗിരി സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മഹാത്മജി ഇങ്ങനെ പ്രസംഗിച്ചു.
    " മനോഹരമായ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും , പുണ്യാത്മാവായ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ സന്ദർശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാൻ വിചാരിക്കുന്നു."
    കെ.ദാമോദരൻ രചിച്ച " ശ്രീ നാരായണ ഗുരു സ്വാമി" ജീവചരിത്ര ഗ്രന്ഥത്തിൽ 101 മുതൽ 104 വരെ താളുകളിലാണ് പ്രസ്തുത സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത്.

സംക്ഷിപ്തം തയ്യാറാക്കിയത് :
എം.എൻ. സന്തോഷ്
2022 ഒക്ടോബർ 2
   
   
   
   
   
   
     

16 September, 2022

'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ വിശേഷങ്ങള്‍

 


സിനിമ നിരൂപണം -  പത്തൊമ്പതാം നൂറ്റാണ്ട്

എം.എന്‍.സന്തോഷ്

 




 

 

കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ എഴുതപ്പെടാതെ പോയ ഒരു നവോത്ഥാന നായകൻ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി നടത്തിയ ത്യാഗോജ്ജ്വമായ പോരാട്ടത്തിന്റെ കഥയാണ് 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ മാറ്റത്തിന്റെ കാട്ടുതീ പടർത്തിയ ഒരു വീരേതിഹാസമാണ് ബിഗ് സ്ക്രീനിൽ സിനിമാസ്വാദകരെ വിസ്മയിക്കും വിധം ചിത്രീകരിച്ച് പ്രേക്ഷകർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. മലയാള മണ്ണിൽ പിറന്ന ഒരു 'ബ്രഹ്‌മാണ്ഡ' സിനിമ എന്ന്ചിത്രത്തെ വിശേഷിപ്പിക്കാം.




തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ധീര ദേശാഭിമാനിയുടെ ചരിത്രമാണ് പ്രശസ്ത ഫിലിം മേക്കർ വിനയൻ സിനിമക്ക് പ്രമേയമാക്കിയിരിക്കുന്നത്.

ഭൂവുടമയും, സമ്പന്നനും, അതേസമയം അനീതിക്കെതിരെ വാളെടുത്ത് പോരാടാൻ മടിക്കാത്ത ധീരനായ യോദ്ധാവ് കൂടിയായിരുന്നു വേലായുധ പണിക്കർ .

വേലായുധ ചേകവൻ, വേലായുധ കുറുപ്പ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ആ ഈഴവ പ്രമാണിക്ക് ആയില്യം തിരുനാൾ രാജാവ് കൽപ്പിച്ചു നൽകിയ ബഹുമതിയാണ് 'പണിക്കർ' സ്ഥാനം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തിരുവിതാംകൂറിലെ അധ:സ്ഥിത വിഭാഗം ജനങ്ങൾ അനുഭവിച്ചിരുന്ന പീഡനങ്ങളേക്കാളും അതികഠിനമായിരുന്നു അതിനു മുൻ കാലത്തെ അവസ്ഥ.

അയിത്തം, തീണ്ടൽ, ഇവ കൂടാതെ മീശക്കരം, മുലക്കരം, എന്നിങ്ങനെയുള്ള ഹീനമായ വ്യവസ്ഥകൾ കീഴ് ജാതിക്കാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കാനും, കൈയും, കാലും, ശിരസ്സും ഛേദിക്കാനും അന്നത്തെ കേരളത്തിലെ നാടുവാഴികൾക്ക് മടിയില്ലായിരുന്നു. തിരുവായ്ക്ക് എതിരു പറഞ്ഞാൽ തൂക്കിക്കൊല്ലുന്നതും, ജനമധ്യത്തിൽ സ്ത്രീകളുടെ ഉടുതുണി ഉരിയുന്നതും മാറ് മുറിച്ച് രസിക്കുന്നതും തമ്പുരാക്കന്മാരുടെ വിനോദമായിരുന്നു. തീണ്ടൽ ജാതിക്കാർ കൊടും ക്രൂരതകളാണ് അനുഭവിച്ചിരുന്നത്.

അധ:സ്ഥിതന്റെ കണ്ണീരൊപ്പിയും, അവർക്ക് കരുത്ത് പകർന്നും, അന്നവും വസ്ത്രവും നൽകിയും വേലായുധപണിക്കർ രക്ഷകനായി മുന്നിൽ നിൽക്കുന്നു.

കുഞ്ഞാലി മരക്കാരെ പോലെ പഴശ്ശിരാജയെ പോലെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ' ഈ ധീര ദേശാഭിമാനിയും ജീവന്‍ ബലിയര്‍പ്പിക്കുന്നത് വരെ കഥ തുടരുകയാണ്.

ഇത്തരം ഒരു സാമൂഹ്യ വ്യവസ്ഥിതി നില നിന്നിരുന്ന കാലഘട്ടത്തിലേക്കാണ് പ്രതിഭാധനനായ വിനയൻ എന്ന ചലച്ചിത്രകാരൻ ക്യാമറ ചലിപ്പിക്കുന്നത്.

 


 

 

 

 

 

ഇത്തരമൊരു പീരിയോഡിക്ക് സിനിമ ചിത്രീകരിക്കാൻ നിർമ്മാതാവും സംവിധായകനും, കലാസംവിധായകരും , ക്യാമറാ സംഘവും ആർട്ടിസ്റ്റുകളും ഏറെ പാട് പെട്ടിട്ടുണ്ടാകും എന്ന് തീർച്ചയാണ്.

സംഘട്ടന ഭരിതമാണ് സിനിമ . അധ:കൃതന് പിടിച്ചു നിൽക്കാൻ പൊരുതലാണ് ഹിതം എന്നതിന്റെ സൂചനയാകാം.

നൂറ് കണക്കിന് നർത്തകി മാർ ആടുന്ന ഈ സിനിമയിലുള്ളത് പോലെ ഒരു നൃത്തരംഗം സമീപകാല മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല.

ആറാട്ടുപുഴ വേലായുധ പണിക്കരാണ് സിനിമയിൽ നായക സ്ഥാനത്തുള്ളതെങ്കിലും ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നും പറയാം. തിരുവിതാംകൂറിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരവസ്ഥകൾക്ക് നേരെയാണ് സിനിമ മുഖ്യമായും വെളിച്ചം വീശുന്നത്. സ്ത്രീ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച് നങ്ങേലിയുണ്ട് മുന്നിൽ.പോരാടാൻ വേലായുധപണിക്കരുണ്ടെന്നതാണ് അവർക്ക് ഊർജം.

ആറാട്ടുപുഴ വേലായുധ പണിക്കരും കായംകുളം കൊച്ചുണ്ണിയും സമകാലികരായിരുന്നു എന്ന് സിനിമ കണ്ടപ്പോഴാണ് എനിക്ക് മനസിലായത്. തിരുവാഭരണ പെട്ടി കവർന്ന കൊച്ചുണ്ണിയെ പിടികൂടാൻ കൊട്ടാരം സൈന്യം പരാജയപ്പെട്ടപ്പോൾ ആ ദൗത്യം ഏറ്റെടുത്ത് കൊച്ചുണ്ണിയെ കീഴടക്കുന്നത് പണിക്കരാണ്.

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലാണ് പ്രേക്ഷകൻ ജീവിക്കുന്നതു് എന്ന ഒരു ഫീൽ അനുഭവപ്പെടുന്നുണ്ട്.

സിജു വിൽസൺ ( വേലായുധ പണിക്കർ ) , അനൂപ് മേനോൻ ( ആയിലും തിരുനാൾ രാജാവ് ), വിഷ്ണു വിനയ് (സൈന്യാധിപൻ), ചെമ്പൻ വിനോദ് (കൊച്ചുണ്ണി),ഗോകുലം ഗോപാലന്‍ (പണിക്കരച്ഛന്‍), രാഘവൻ, ഇന്ദ്രൻസ്, ടിനിടോം, മണികണ്ഠൻ ആചാരി  തുടങ്ങി വൻ താരനിരയുണ്ട്. നായിക നങ്ങേലിയായി കയാദു ലോഹർ 

 

 

 

 

 

 

 

മലയാളത്തിലെ ഇതിഹാസ സിനിമകളിൽ വീരപുരുഷന്മാരെ അവതരിപ്പിച്ച പ്രേം നസീർ, മമ്മുട്ടി , മോഹൻലാൽ, പൃഥിരാജ്, നിവിൻ പോളി തുടങ്ങിയവരുടെ സിംഹാസനങ്ങളിലേക്ക് വേലായുധ പണിക്കരെ അനശ്വരനാക്കിയ സിജു വിൽസണും സ്ഥാനമുറപ്പിച്ചിരിക്കുന്നു.

ഷാജികുമാറിന്റെ ഫോട്ടോഗ്രാഫിയും, സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും വസ്ത്രാലങ്കാരവുമെല്ലാം സിനിമയുടെ പ്ലസ് പോയിന്റുകളാണ്. റഫീക്ക് അഹമ്മദും, എം.ജയചന്ദ്രനുമാണ് ഗാന ശില്‍പ്പികള്‍. 

ഗാനങ്ങളും , ഗാന രംഗങ്ങളും അതി മനോഹരമാണ്. 


 



 





23 August, 2022

മേഘ ലോകത്തെ വെള്ളിനക്ഷത്രം

 

ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞ അന്ന മാണിയുടെ ജന്മദിനത്തിൽ ഒരു അനുസ്മരണ ക്കുറിപ്പ്


വെതര്‍ വുമണ്‍ ഓഫ് ഇന്‍ഡ്യ


എം.എന്‍.സന്തോഷ്


ആകാശവാണിയില്‍ നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ കേട്ടാല്‍ ചിരിയുടെ പെരുമഴ പെയ്യുന്ന ഒരു കാലമുണ്ടായിരുന്നു.

'ആകാശം പൊതുവെ കാര്‍മേഘാവൃതമായിരിക്കും. കാറ്റ് വീശാനും വീശാതിരിക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴ പെയ്യും.’

നാളും, തിഥിയും അടിസ്ഥാനമാക്കി നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ ഒത്താല്‍ ഒത്തു. കാരണം , അക്കാലത്ത് ഇന്‍ഡ്യന്‍ കാലാവസ്ഥ പഠന രംഗം ശൈശവാവസ്ഥയിലാണ്. കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

ഇന്‍ഡ്യന്‍ കാലാവസ്ഥ ഗവേഷണം പുഷ്ക്കലമാവുന്നത് മലയാളിയായ ഒരു ശാസ്ത്രജ്ഞ നടത്തിയ കണ്ടെത്തലുകളെ തുടര്‍ന്നാണ്. ഇന്‍ഡ്യന്‍ കാലാവസ്ഥ രംഗത്ത് വിപ്ളവകരമായ കണ്ടെത്തലുകള്‍ നടത്തിയ അന്ന മാണിയെ പറ്റിയാണ് പറയുന്നത്. അന്ന മാണിയുടെ ജന്മദിനമാണിന്ന്.

1918 ആഗസ്റ്റ് 23 നാണ് അന്ന മാണി , അക്കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പീരുമേട്ടില്‍ ജനിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനിയറായിരുന്നു പിതാവ് എം.പി മാണി. അമ്മ അധ്യാപികയായിരുന്ന അന്നമ്മ.ഇവരുടെ എട്ടുമക്കളില്‍ ഏഴാമത്തെ സന്താനമായിരുന്നു അന്ന.

നല്ല വായന ശീലമുള്ള കുട്ടിയായിരുന്നു അന്ന. വീട്ടിലെ പുസ്തകങ്ങളും, നാട്ടിലേയും വിദ്യാലയത്തിലേയും പുസ്തകശാലകളിലെ മിക്കവാറും ഗ്രന്ഥങ്ങളും അന്ന അതി വേഗം ഹൃദിസ്ഥമാക്കി. എട്ടാം ജന്മദിനത്തില്‍ അന്ന അച്ഛനോട് പിറന്നാള്‍ സമ്മാനമായി ആവശ്യപ്പെട്ടത് 'എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക' എന്ന പുസ്തകമാണ്. പിതാവ് ആ സമ്മാനം നല്‍കിയപ്പോള്‍ അന്ന അതീവ സന്തുഷ്ടയായി.

1939 ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ അന്ന മാണി ഓണേഴ് സ് ബിരുദം കരസ്ഥമാക്കി. 1940 ല്‍ ബാംഗ്ളൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി പഠനമാരംഭിച്ചു. നോബല്‍ ജോതാവ് സി.വി രാമനായിരുന്നു റിസര്‍ച്ച് ഗൈഡ്. വജ്രം പോലുള്ള അമൂല്യ രത്നങ്ങളിലെ പ്രകാശ വികിരണ രീതികളെക്കുറിച്ചായിരുന്നു പഠനം.

1945 ല്‍ ഗവേഷണ പ്രബന്ധം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ചു കൊണ്ട് ബ്രിട്ടനിലെ ഇംപീരിയല്‍ കോളജില്‍ ബിരുദ പഠനത്തിനായി യാത്ര തിരിച്ചു.

ഗവേഷണത്തിനിള്ള അടിസ്ഥാന യോഗ്യതയായ ബിരുദാനന്തര ബിരുദം ഇല്ലെന്ന കാരണത്താല്‍ മദ്രാസ് യൂണിവേഴ്സിറ്റി അന്ന മാണിയുടെ ഗവേഷണ പ്രബന്ധം പരിഗണിച്ചില്ല.

പക്ഷെ , ഈ തിരസ്കാരം അന്നയെ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. അന്നയുടെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗവേഷണ പ്രബന്ധം ഇപ്പോഴും ബംഗ്ളൂരിലെ രാമന്‍ ആര്‍ക്കൈവ്സില്‍ ഒരു അമൂല്യ നിധിയായി സംരക്ഷിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ കാലാവസ്ഥ ശാസ്ത്ര സ്ഥാപനങ്ങളില്‍ പഠനം നടത്തിയശേഷം ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ അന്ന മാണി പൂനയിലെ ഇന്‍ഡ്യന്‍ കാലാവസ്ഥ വിഭാഗത്തില്‍ മെറ്റീരിയോളജിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഇ‍ന്‍ഡ്യയുടെ ‍ കാലാവസ്ഥ രംഗത്ത് അന്ന മാണി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളുമാണ് ഇന്‍ഡ്യന്‍ കാലാവസ്ഥ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് . നൂറിലധികം കാലാവസ്ഥ ഉപകരണങ്ങള്‍ അന്ന മാണി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഇന്‍ഡ്യ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനം നടത്തിയത് അന്ന മാണിയാണ്.

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ മെറ്റീരിയോളജിക്കല്‍ ഒബ്സര്‍വേറററി സ്ഥാപിച്ചതും ഇന്‍സ്ട്രമെന്റല്‍ ടവര്‍ സ്ഥാപിച്ചതും അന്ന മാണിയെന്ന ദീര്‍ഘ ദര്‍ശിയായ കാലാവസ്ഥാ ശാസ്ത്രജ്ഞയുടെ പ്രതിഭാ വിലാസമാണ്.

'ഹാന്‍ഡ് ബുക്ക് ഓഫ് വിന്‍ഡ് എനര്‍ജി ഡേറ്റ ഇന്‍ ഇന്‍ഡ്യ’ , 'ഹാന്‍ഡ്ബുക്ക് ഓഫ് സോളാര്‍ റേഡിയേഷന്‍ ഡേറ്റ ഫോര്‍ ഇന്‍ഡ്യ,’സോളാര്‍ റേഡിയേഷന്‍ ഓവര്‍ ഇന്‍ഡ്യ ' . അന്ന മാണി രചിച്ച ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണങ്ങളെ കുറിച്ചുള്ള ഈ പ്രബന്ധങ്ങള്‍ ഇന്‍ഡ്യന്‍ കാലാവസ്ഥ മേഖലയിലെ മാനിഫെസ്റ്റോകളായി പരിഗണിക്കുന്നു.

ഇന്‍ഡ്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, അമേരിക്കന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റി, ഇന്‍റര്‍ നാഷണല്‍ സോളാര്‍ എനര്‍ജി സൊസൈറ്റി, വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ മെറ്റീരിയോളജി ആന്റ് അറ്റ്മോസ്ഫെറിക്ക് ഫിസിക്സ് എന്നിങ്ങനെയുള്ള അഖില ലോക സംഘടനകളില്‍ പ്രവര്‍ത്തിച്ചു എന്നത് ആ ശാസ്ത്ര പ്രതിഭയുടെ ലോക സ്വീകാര്യതക്ക് ഉത്തമോദഹരണമാണ്.

' ഇന്‍ഡ്യയുടെ വെതര്‍ വുമണ്‍ ' എന്നാണ് ആ ശാസ്ത്ര പ്രതിഭ ലോകമൊട്ടുക്കും അറിയപ്പെടുന്നത്.

2001 ആഗസ്റ്റ് 16 ന് , എണ്‍പത്തിനാലാം ജന്മദിനത്തിന് തൊട്ടരികെ ആ ആകാശ നിരീക്ഷക മേഘ പാളികളില്‍ വിലയം പ്രാപിച്ചു.

അന്ന മാണിയുടെ സഹപ്രവര്‍ത്തകനായിരുന്നു പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍. 'പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും' എന്ന നോവലില്‍ അദ്ദേഹം കര്‍ക്കശക്കാരിയായ ആ ടീം ലീഡറെ അവതരിപ്പിപ്പിച്ചിട്ടുണ്ട്.


എം.എന്‍.സന്തോഷ്