21 November, 2026

യവനകഥയെ പ്രണയിച്ച ആൻ കാഴ്സൺ

 യവനകഥയെ പ്രണയിച്ച ആൻ കാഴ്സൺ



എം എൻ സന്തോഷ്


      അമേരിക്ക ഭൂഖണ്ഡത്തിൽ കാനഡയിലെ  ടോറൻ്റോയിൽ ജനിച്ചു വളർന്ന ആൻ കാഴ്സ ണ് ഗ്രീക്ക് ഇതിഹാസത്തിലെ അതിമാനുഷ കഥാപാത്രങ്ങളോടായിരുന്നു പ്രണയം .ഗ്രീക്ക് ഇതിഹാസത്തെ പ്രണയിക്കുക മാത്രമല്ല, പഠിപ്പിക്കുകയും എഴുതുകയും ഗവേഷണം നടത്തുകയും ചെയ്തു , ഡോക്ടറേറ്റും നേടി . 2026 ൽ ,സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരമായ നോബേൽ  സമ്മാനവും !

     ഔദ്യോഗിക ജീവിതത്തിലും സാഹിത്യത്തിലും നൽകിയ അതുല്യ സംഭാവനകളെ പരിഗണിച്ചാണ് സ്വീഡിഷ് അക്കാദമി ആൻകാഴ്‌സണ് നോബേൽ ബഹുമതി നൽകിയത് . ക്ലാസ്സിക്കൽ പാരമ്പര്യവുമായുളള സംവാദത്തിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപഭാവങ്ങൾ സൃഷ്ടിക്കുന്നതാണ് ആൻ കാഴ്സൻ്റെ രചനകൾ എന്നാണ് നോബേൽ കമ്മിറ്റിയുടെ പ്രശംസ .

    " ദി ബ്യൂട്ടി ഓഫ് ഹസ്ബൻ്റ് എ ഫിക്ഷണൽ എസ്സേ ഇൻ 29 ടാംഗോസ് " ആൻ കാഴ്‌സൻ്റെ ഏറ്റവും പ്രശസ്തമായ രചനയാണ് . സങ്കീർണ്ണവും ആകർഷകവും ഒടുവിൽ വരെ ചുവടു വെക്കേണ്ടതുമായ ടാംഗോ നൃത്തം പോലെയാണ് ദാമ്പത്യമെന്ന് ആൻ കാഴ്സൺ ഈ കൃതിയിൽ വെളിപാട്  വ്യക്തമാക്കുന്നു . ടാംഗോ നൃത്തത്തിൽ 29 ചുവടുകളുണ്ട് . ഈ കൃതിയിൽ 29 കവിതകളുണ്ട് .ഭർത്താവിനോടുള്ള പ്രണയവും ജീവിതവും ദാമ്പത്യത്തകർച്ചയുമെല്ലാം  നൃത്തച്ചുവടുകൾക്കു സമാനമായി അക്ഷരങ്ങളിൽ നടനമാടുന്നു .

    ഭർത്താവിൽ നിന്നും നിരന്തരം സ്നേഹ രാഹിത്യം നേരിടുന്നുവെങ്കിലും അയാളുടെ ബാഹ്യ സൗന്ദര്യത്തിൽ മാത്രം ലയിച്ച അവൾ ക്ഷമിക്കുകയും പ്രണയം അഭംഗുരം തുടരുകയും ചെയ്യു ന്നു . വിവാഹമോചനത്തിൽ ബന്ധം അവസാനിക്കുമ്പോൾ , സത്യവും മാനുഷിക മൂല്യങ്ങളുമാണ് ആത്യന്തികമായ സൗന്ദര്യത്തെ പ്രസക്തമാക്കുന്നതെന്ന് ആൻ കാഴ്സൺ ഈ സാഹിത്യ സൃഷ്‌ടിയിലൂടെ ഉദ്ഘോഷിക്കുന്നു .

      1972 ലാണ് ആൻ കാഴ്‌സണും ജിയോ കോമല്ലിയും വിവാഹിതരായത് . എട്ടു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനം . ഈ വേർപിരിയലിൻ്റെ പശ്ചാത്തലത്തിലാണ് " ദി ബ്യൂട്ടി ഓഫ് ഹസ്ബൻ്റ് " എന്ന വിഖ്യാത കൃതി പിറന്നത് . വിഷ്വൽ ആർട്ടിസ്‌റ്റും  എഴുത്തുകാരനുമായ റോബർട്ട് ക്യൂറിയുമായിട്ടായിരുന്നു പുനർവിവാഹം . പിന്നീടുള്ള ജീവിത യാത്രയിൽ റോബർട്ട് ഉത്തമ സഹചാരിയായി .

    ആൻ കാഴ്സൻ്റെ ജനനം 1950 ജൂൺ 21 ന് കാനഡയിലെ ടോറൻ്റോയിൽ . പിതാവ് ബാങ്ക് ഉദ്യോഗസ്ഥനായ റോബർട്ട് കാഴ്സൺ . മാതാവ് മാർഗരറ്റ് .അച്ഛൻ്റെ ജോലി മാറ്റങ്ങൾക്കനുസരിച്ച് പുതിയ വാസസ്ഥലങ്ങൾ തേടിയുള്ള യാത്രകൾ . മാറുന്ന ജീവിതക്കാഴ്ച്ചകളും വേറിട്ട അനുഭവങ്ങളും ആൻനെ എഴുത്തുകാരിയാക്കി .

    അൽഷിമേഴ്‌സ് രോഗബാധിതനായിത്തീർന്ന അച്ഛൻ്റെ രോഗാവസ്ഥകളും മാനസിക മാറ്റങ്ങളും , ആൻ സങ്കടത്തിലായി ." ദ  ഗ്ലാസ്സ് എസ്സേ " , " പ്ലയിൻ വാട്ടർ" എന്ന എന്നീ കൃതികളുടെ രചനക്കാധാരം അച്ഛൻ്റെ രോഗാവസ്ഥയായിരുന്നു . സഹോദരൻ്റെ ആകസ്‌മിക വിയോഗം വരുത്തിയ ആഘാതം 

 " നോക്‌സ് " എന്ന കൃതിയുടെ രചനക്കാധാരമായി .

    കോളജ് അധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ച ആൻ കാഴ്സൺ ക്ലാസ്സിക്സ് , കംമ്പാരിറ്റീവ് ലിറ്ററേച്ചർ , ക്രിയേറ്റീവ് റൈറ്റിങ്ങ് വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത് . സ്കോട്ട് ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് സെൻ്റ് ആൻഡ്രൂസിൽ നിന്നും ഗ്രീക്ക് വൃത്തശാസ്ത്രം പഠിച്ചു . കാനസയിലെ ടോറൻ്റോ സർവ്വകലാശാലയിൽ നിന്നു   ക്ലാസ്സിക്സിൽ ഉന്നത ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി .

     ഗ്രീക്ക് കവിതകളും നാടകങ്ങളും  ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി . പുരാതന ഗ്രീക്ക് കവയിത്രി സാഫോയുടെ  കവിതകളുടെ വിവർത്തനം ആൻ കാഴ്സണെ  പ്രശസ്തയാക്കി . സാഹിത്യത്തിൻ്റെ പരമ്പരാഗത അതിർ വരമ്പുകളെ ലംഘിക്കുന്നതും സർഗ്ഗാത്മക  സൗന്ദര്യമാർന്നതുമായ വിവർത്തനങ്ങൾ സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സൃഷ്ടിച്ചു .

      പുരാതന ഗ്രീക്ക് , റോമൻ സാഹിത്യത്തിലെ പ്രമേയങ്ങളെ സമന്വയിപ്പിക്കുന്നതിലായിരുന്നു ആൻ കാഴ്‌സൻ്റെ രചനാ വൈഭവം . യവന സാഹിത്യത്തിലെ ഇതിഹാസ നായകന്മാരുടെ മാനസികാവസ്ഥകൾ  ആധുനിക മനുഷ്യൻ്റെ വൈകാരികാവസ്ഥകളിലേക്ക് പ്രതിഫലിപ്പിച്ച്  മനുഷ്യ സഹജമായി പുനരവതരിപ്പിച്ചു .

    മർലിൻ മൺറോയേയും , ട്രോയിലെ ബാലനേയും തുലനം ചെയ്യുന്ന കൃതിയാണ് 

" നോർമ , ജീൻ ബേക്കർ ഓഫ് ട്രോയ്"  .

      " ദ ഓട്ടോ ബയോഗ്രഫി ഓഫ് റെഡ് " എന്ന പുസ്തകത്തിലെ ഹൊറാക്കിൾ എന്ന കഥാപാത്രം ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസിനെ ഓർമ്മപ്പെടുത്തും . സോഫോക്ലിസിൻ്റെ  " ആൻ്റിഗോൺ " എന്ന നാടകത്തിൻ്റെ " ആൻ്റിഗോണിക് " എന്ന പരിഭാഷ അത്ഭുതകരമായ പരിണാമപ്പെടുത്തലാണ് .

    1981 ൽ ടോറൻ്റോ സർവ്വകലാശാലയിൽ നിന്നായിരുന്നു ഡോക്ടറേറ്റ് നേടിയത് . പുരാതന ഗ്രീക്ക് കവയിത്രി സാഫോയേയും  ഗ്രീക്ക് സാഹിത്യത്തിലെ പ്രേമത്തിൻ്റെയും കാമത്തിൻ്റെയും ഭാവതലങ്ങളെയും അധികരിച്ചുള്ളതായിരുന്നു ഗവേഷണ പ്രബന്ധം ." ഇറോസ് ദ ബിറ്റർ സ്വീറ്റ് " എന്ന പേരിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചു .

     ആൻ കാഴ്സൺ യഥാർത്ഥത്തിൽ പ്രണയിച്ചത് ഗ്രീക്ക് സാഹിത്യത്തേയും ലോക ക്ലാസ്സിക്സിനേയുമായിരുന്നു . അതായിരുന്നു ആൻ കാഴ്‌സൻ്റെ എഴുത്തു ജീവിതം .

                           ------------------

No comments:

Post a Comment

യവനകഥയെ പ്രണയിച്ച ആൻ കാഴ്സൺ

  യവനകഥയെ പ്രണയിച്ച ആൻ കാഴ്സൺ എം എൻ സന്തോഷ്       അമേരിക്ക ഭൂഖണ്ഡത്തിൽ കാനഡയിലെ  ടോറൻ്റോയിൽ ജനിച്ചു വളർന്ന ആൻ കാഴ്സ ണ് ഗ്രീക്ക് ഇതിഹാസത്തിലെ...