31 July, 2018



കഥ
 

പറയാതെ പോകുന്നവര്‍

എം.എന്‍.സന്തോഷ്

നീയിങ്ങനെ നൊണ കാച്ചാന്നാച്ചാ , ഗോപാലകൃഷ്ണാ നെന്റെ പത്രം എഴുതി വിടുന്നതൊക്ക ഇതിലും വല്യ നൊണയായിരിക്കോല്ലാടാ ?
മുല്ലപ്പൂമൊട്ടുപോലുള്ള വെപ്പ് പല്ല് കാട്ടി തൊണ്ണൂറ്റിമൂന്ന് കഴിഞ്ഞ പന്മാവതി അമ്മ ചിരിച്ചു.
കേട്ട് നിന്നവര്‍ ആ ചിരി കണ്ട് ചിരിച്ചു.
നാട്ടുകാര്‍ക്ക് പപ്പേമ്മയാണ് . നാട്ടിലെ കാര്യസ്ഥ.പ്രായാധിക്യം മറന്ന് എവിടെയും എത്തും.
രവി ബൈക്കോടിച്ച് പോകുന്നത് കണ്ടൂന്ന് പറഞ്ഞാ എങ്ങനെ നേരാവാ ഗോപാലകൃഷ്ണാ? അവന്റെ ബൈക്കല്ലേ ഇവിടെ ഉരിക്കണത്.കണ്ടോ നീയത്?”
ഗോപാലകൃഷ്ണന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.ബൈക്ക് സ്റ്റാന്റിലിരിക്കുന്നുണ്ട്.
കണ്ടത് നേരാന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.” വെളുപ്പിന് പത്രം കൊണ്ട് വരുമ്പോ ശ്രീ തിയേറ്റിന് മുന്നില് പുല്ലംകുളം ജംങ്‍ഷനീന്ന് പടിഞ്ഞാറോട്ട് വണ്ടിയോടിച്ച് രവിയേട്ടന്‍. ഞാന്‍ കണ്ടതാ പറഞ്ഞത്. ആ നേരത്ത് മുന്‍പും കണ്ടിട്ടുണ്ട്.”
ചെറുവല്യാകുളങ്ങര ക്ഷേത്രത്തില് തൊഴണ കണ്ടുന്നാ ശ്രീക്കുട്ടി പറഞ്ഞത്. പപ്പേമ്മ പറഞ്ഞു.
അത് ചെലപ്പ സത്യാവും. തൊഴുതിട്ടാ രവി ദെവസോം ബസ്സീ കേറാ.അല്ലേ ഗീതേ ?”
ഗീതയും ശരി വെച്ചു. "ഷട്ടില് കളിക്കാന്‍ പോകും പാര്‍ക്കില് . അത് മുടക്കാറില്ല. വന്ന് കാപ്പി കുടിച്ച് , കുളി കഴിഞ്ഞേ പോകു. അതാ ശീലം . ഇതിപ്പോ , പറയ് ക പോലും ചെയ്യാതെ ....
രവിയേട്ടന്‍ ഇന്നെന്താ പതിവില്ലാതെ ഒരു പോക്ക് ? “
ഡൈനിങ്ങ് ടേബിളില്‍ ചില്ല് ഗ്ളാസ്സില്‍ കാപ്പിയിരിക്കുന്നത് കണ്ടപ്പോള്‍ , അതവിടെയിരിക്കട്ടെ; അവന്‍ വന്നിട്ട് കഴിച്ചോളുമെന്ന് പപ്പേമ്മ പറഞ്ഞു.

മേശമേല്‍ പുസ്തകം തുറന്ന് വെച്ച് കസേരയില്‍ ചാരിയിരുന്ന് വര്‍ത്തമാനം കേട്ട് കൊണ്ടിരുന്ന നിമിഷമോളെ ഗീത വഴക്ക് പറഞ്ഞു.
മോളെ , ചേച്ചീടെ റൂമില് പോയിരുന്ന പഠിക്ക് . ഇന്ന് ഓണപരീക്ഷ തൊടങ്ങാന്ന് മറന്നോ നീ?”
പപ്പേമ്മ ചിരിച്ചു. “ പിന്നേ , ഇവള് ഐ..എസ് പരീക്ഷ എഴുതാന്‍ പോവേല്ലേ! എഴുതണം . മോള് പഠിച്ച് കളക് ടറാകണം . ഗീതക്കറിയാല്ലോ , ജഗന്നാഥന്റെ മോള് കളക് ടറാ . കൊല്ലത്ത്".
നിമിഷമോള്‍ പുസ്തകമെടുത്ത് പോയി.
ഗേറ്റിന് പുറത്ത് ഒരു ബൈക്ക് വന്നു.ബൈക്ക് സ്റ്റാന്റില്‍ വെച്ച് ആള്‍ അകത്തേക്ക്.
രവിയേട്ടന്‍ പോയോ ചേച്ചീ? “ അയാള്‍ ഗീതയോട് ചോദിച്ചു.
രവിയേട്ടന്റെ സുഹൃത്ത് എസ്..മനോജ്കുമാര്‍.
രവിയേട്ടന്‍ ഇന്ന് തിരുവനന്തപുരത്ത് പോകുന്ന കാര്യം പറഞ്ഞിരുന്നു. എന്റെ ഒരു പേപ്പറും കൊണ്ടുപോകാമെന്നേറ്റിരുന്നു. സെക്രട്ടറിയേറ്റില് കൊടുക്കാന്‍.”
ഞങ്ങളൊക്കെ കാത്തിരിക്കാ കുട്ട്യേന്ന് പപ്പേമ്മ മനോജിനോട് പറഞ്ഞു.
ഗീതേം , മക്കളും ഉണരും മുമ്പെ , വാതിലും പൂട്ടി ദിവസോം പോകും . പാര്‍ക്കിലേക്ക് കളിക്കാന്‍.
ഇന്നിപ്പോ പാര്‍ക്കിലേക്കാണോ , തിരുവനന്തപുരത്തേക്കാണോ ? എങ്ങോട്ടാ പോയേന്ന് ആര്‍ക്കാ അറിയാ?”

പപ്പേമ്മ എല്ലാവരോടുമായി ഒരാഗ്രഹം പറഞ്ഞു. തിരുവനന്തപുരത്ത് പോകണം എന്ന് ഒരു കൊതി.

എത്ര കാലമായി ജഗന്നാഥനോടും , രാധാമണിയോടും പറേന്നു. അവര്‍ക്ക് മനസ്സ് വരണില്ല എന്നെ കൊ​ണ്ടോവാന്‍. പന്മനാഭസ്വാമിക്ഷേത്രത്തില്‍ തൊഴണം , കൊച്ചു മക്കളെ കാണണം.
അവരോടൊപ്പം കൊറച്ച് കാലം നിക്കണം.ഒരാഗ്രഹാ ത്.”
പത്ര വായനയിലായിരുന്ന രാമചന്ദ്രന്‍ പിള്ളമാഷത് കേട്ട് കുലുങ്ങി ചിരിച്ചു.പപ്പേമ്മയുടെ അതേ പ്രായം. കണ്ണട വേണ്ടാതുള്ള സൂക്ഷ്മ വായന. പത്രത്തില്‍ നിന്ന് മുഖമുയര്‍ത്താതെ എല്ലാവരും കേള്‍ക്കാനായി പറഞ്ഞു.
കേട്ടില്ലേ , പപ്പേമ്മയുടെ ആഗ്രഹം! ഇന്റര്‍സിറ്റി കേറി തിരുവന്തൂരത്ത് പോണംന്ന്. ............” വായില്‍ പല്ല് രണ്ടേയുള്ളു പിള്ളമാഷിന്.‌
സമയമാവുമ്പോ നിന്റെ ജഗന്നാഥന്‍ വന്ന് കൊണ്ട് പൊക്കോളും ,എന്റെ പന്മാവതിയമ്മേ!”
ഗോപാലകൃഷ്ണന്റെ ഇരുചക്രത്തിനടുത്ത് നിന്ന് പത്രം വായിച്ചിരുന്ന പീറ്റര്‍ വര്‍ഗ്ഗീസ് മനോജിനെ അരികിലേക്ക് വിളിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമേശും വണ്ടിയോടിച്ചെത്തി.

പീറ്ററേട്ടാ, നമ്മുടെ ദിവ്യമോള്‍ടെ ഹാര്‍ട്ട് സര്‍ജറിടെ കാര്യത്തിന് പണപ്പിരിവാണ്.രവിയേട്ടനൊരുമിച്ച് ഇന്നിറങ്ങണം. എന്താണ് ശരിക്കും നടന്നത്?”

ഒരു ഗെയിം തീര്‍ന്നില്ല രമേശേ, കളി നിര്‍ത്തി , ഞാന്‍ പോവ്വാ എന്ന് രവിയേട്ടന്‍ പറഞ്ഞു.എല്ലാവരും ഹായ് പറഞ്ഞു. ഒറ്റ പോക്കാ.”
എന്നാലും പെട്ടെന്നൊരു പോക്ക്. എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. “ മനോജ് ഉത്കണ്ഠാകുലനായി.
പപ്പേമ്മ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. പിന്നെയും നാട്ട്കാര് വരണണ്ട് .രവിയെ തിരക്കി.
പപ്പേമ്മ സാവധാനം എഴുന്നേറ്റു.
ഗീതേ , ആ കാപ്പി ചൂടാറും മുമ്പ് ഇങ്ങെടുക്ക്. ഞാന്‍ കുടിക്കട്ടെ. രവിയെപ്പഴാ വരികാന്ന് എങ്ങനാ അറിയാ?”
പപ്പേമ്മ ഗീതയുടെ കൈയില്‍ നിന്നും കാപ്പി വാങ്ങി കഴിച്ചു.
പപ്പേമ്മ പുറം കാഴ്ച്ചകള്‍ ഒന്നു് കൂടി കണ്ടു. പിളളസാര്‍ പത്രം വായിക്കുന്നത് നോക്കി ചെറുതായി ചിരിച്ചു.
മോളേ, ഗീതേ മെത്തപ്പായില്ലേ. ഒന്നെടുക്ക്. കിടക്കട്ടെ.”
ഗീത മെത്തപ്പായ കൊണ്ട് വന്ന് വിരിച്ച് കൊടുത്തു.വാക്കര്‍ ഗീതയെ ഏല്‍പ്പിച്ച് പപ്പേമ്മ കിടന്നു.
കണ്ണടക്കും മുന്‍പ് പറഞ്ഞു.
രവി വരുമ്പോ വിളിക്കണം.”

കഥ



കടല്‍തീരത്ത്



എം.എന്‍.സന്തോഷ്

തിരമാലകള്‍ നൃത്തം ചെയ്യുന്നതായി ശാന്ത ടീച്ചര്‍ സങ്കല്‍പ്പിച്ചു.കടലലകളുടെ നൃത്തം ടീച്ചര്‍ ശരിക്കും ആസ്വദിച്ചു.താളം മുറുകുകയാണ്. നര്‍ത്തകിമാര്‍ തീരത്ത് നമിച്ച് തന്റെ കാലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരകള്‍ പരന്ന് ആഞ്ഞ് കയറി വരുന്നുണ്ട്.കാലില്‍ തൊടാനുള്ള തിരകളുടെ ശ്രമം വിഫലമാകുകയാണ്.
ബീച്ചിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോള്‍‌ ടീച്ചറിന് ഉത്സാഹമായിരുന്നു.ദീര്‍ഘകാലത്തെ അകല്‍ച്ചക്ക് ശേഷം രു സുഹൃത്തിനെ കാണുവാന്‍ പോകുന്ന സന്തോഷം.പണ്ട് സ്ക്കൂളിലായിരുന്നപ്പോള്‍ കുട്ടികളെ ടൂര്‍ കൊണ്ട് പോയിരുന്ന കാലമാണ് ടീച്ചറപ്പോള്‍ ഓര്‍ത്തത്.ഇപ്പോള്‍ അനുസരണയുള്ള കുട്ടിയുടെ സ്ഥാനത്ത് താനാണ്.വയോധികയായ കുട്ടി!സ്ഥാപനത്തിന്റെ ചുമതലയുള്ള മദറും , സിസ്റ്റര്‍മാരുമാണ് ബീച്ച് യാത്രക്ക് നേതൃത്വം വഹിക്കുന്നത്.

പുതുവത്സരം ആഘോഷിക്കാനെത്തിയവരുടെ തിരക്കാണ് തീരത്ത്. തിരമാലകള്‍ ആഞ്ഞടിക്കുന്നത് കൂസാക്കാതെ കുട്ടികള്‍ പോലും കടലില്‍ കുളിക്കുന്നുണ്ട്.തിരമാലകളെ തരണം ചെയ്ത് രണ്ട് ആളുകള്‍ നീന്തിപോകുന്നത് കാഴ്ച ടീച്ചറെ അമ്പരപ്പിച്ചു.
സിസ്റ്ററേ അത് കണ്ടോ ?”
നീന്താനറിയുന്നവരായിരിക്കും ടീച്ചറേ അവര്‍” സിസ്റ്റര്‍ സ്റ്റെല്ലക്കും അവരുടെ പോക്കില്‍ അപകടം തോന്നാതിരുന്നില്ല.കരയില്‍ നില്‍ക്കുന്ന അവരുടെ ഉറ്റവര്‍ അവരെ തിരികെ വിളിക്കുന്നുണ്ട്.

കടല് എത്ര കണ്ടാലും മതിയാവില്ല അല്ലേ സിസ്റ്ററേ ?”
ടീച്ചറിരിക്കുന്ന വീല്‍ചെയറിിനരുകില്‍ മണലിലിരുന്ന് സിസ്റ്റര്‍ കടലിന്റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു.വൃദ്ധസദനത്തില്‍ ടീച്ചറുടെ ആത്മമിത്രമാണ് സിസ്റ്റര്‍.സങ്കടങ്ങളും , സന്തോഷങ്ങളും പങ്ക് വെക്കുന്നത് സിസ്റ്ററിനോട് മാത്രം.കേള്‍ക്കാനുള്ള ഒരു മനസ്സുണ്ട് സിസ്റ്ററിന്.

ഈ തീരദേശഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന കഥകള്‍ ടീച്ചര്‍ വിവരിച്ചത് സിസ്റ്റര്‍ കൗതുകത്തോടെ കേട്ടിരുന്നു.പത്തെഴുപത് വര്‍ഷം മുമ്പത്തെ കഥകള്‍. കാറ്റും ,കടലും അത് മൂളിക്കേട്ടു!

അക്കരെനിന്നും കടത്ത് വഞ്ചിയില്‍ പുഴ കടന്നാണ് കടല് കാണാന്‍ വന്നിരുന്നത്.മീന്‍ പിടുത്തക്കാരുടെ തോണികളായിരുന്നു തീരത്ത് നിരനിരന്ന്. അന്ന് തീരത്ത് കരിങ്കല്‍ ചിറ ഉണ്ടായിരുന്നില്ല.കിഴക്കന്‍ മലകളെ പിളര്‍ത്തി കരിങ്കല്ലുകളാക്കി ലോറിയിലേറ്റി വന്ന് തീരത്ത് ചിറ പണിതിട്ടും കടലിനെ തോല്‍പ്പിക്കാന്‍ പറ്റിയില്ല.കോള് പിടിച്ചാല്‍ കടല്‍ കരിങ്കല്‍ ചിറ ഭേദിച്ചും കരയിലേക്ക് കയറും.മണല് കവര്‍ന്ന് കൊണ്ട് പോകും. തീരം നിര്‍മ്മിച്ച് തരികയും ചെയ്യും.കടലമ്മേടെ കുസൃതികള്.

സൂര്യബിംബം ചുവന്ന് തുടുത്തിരിക്കുന്നു, തീയണഞ്ഞ ആലയില്‍ കിടക്കുന്ന ലോഹം പോലെ.വര്‍ണ്ണപ്പകിട്ടാര്‍ന്ന ആകാശം. ഒരു തിര ഇളകി മറിഞ്ഞ് പരന്നൊഴുകി ടീച്ചറുടെ പാദങ്ങളില്‍ തലോടിയിട്ട് പിന്‍വാങ്ങിയപ്പോള്‍ ടീച്ചറോര്‍ത്തു. ഭര്‍ത്താവിന്റെ ചിതാഭസ്മം കടലിലൊഴുക്കാന്‍ വന്ന ആ ദിവസത്തപ്പറ്റി. അച്ഛന്റെ കൈപിടിച്ച് കടലുകാണാന്‍ വന്ന പുത്രന്റെ കൈകളപ്പോള്‍ അമര്‍ത്തിപ്പിടിച്ചിരുന്നത് ഒരു പിടി ചാരം .അതവന്‍ കടലിലേക്ക് കുടഞ്ഞിട്ടു.സങ്കടത്തിന്റെ ആ പ്രളയകാലത്ത് നടുക്കടലിലെന്നപോലെ തീരത്ത് കണ്ണീര്‍ മഴ നനഞ്ഞ് തിരകള്‍ക്കിടയില്‍ അവര്‍ നിന്നു.

ഞാന്‍ പിന്നെയും ഈ തീരത്ത് വന്നിട്ടുണ്ട്. കടല്‍ ജലത്തില്‍ നനഞ്ഞ് നിന്ന് കൊണ്ട് രാജുവേട്ടനോട് സംസാരിക്കും.സങ്കടങ്ങള്‍ പറയും, സന്തോഷങ്ങള്‍ കൈമാറും. അപ്പോള്‍ കാറ്റില്ല.കടല്‍ അലയിളക്കില്ല.ഞങ്ങള്‍ക്ക് മാത്രമായി , കടലമ്മ ഈ തീരത്ത് ഒരു വിജനത തീര്‍ക്കും.സിസ്റ്ററത് വിശ്വസിക്കില്ല.അനുഭവിച്ചാലേ മനസ്സിലാകു....

അസ്തമയം കാണാനെത്തിയവരെ നിരാശരാക്കിക്കൊണ്ട് സൂര്യനെ കാര്‍മേഘം മറച്ചു.തിരകള്‍ രൗദ്രമായി.കടല്‍കാക്കകള്‍ കരയിലേക്ക് ചേക്കേറി. തീരത്ത് തെങ്ങിന്‍ തലപ്പുകളില്‍ കാക്കകള്‍ കൂടണയുന്ന കോലാഹലം.

ശാന്ത ടീച്ചര്‍ വീല്‍ചെയര്‍ മുന്നോട്ട് ഓടിച്ചു. തിരമാലകള്‍ ടീച്ചറെ ആലിംഗനചെയ്ത് വരവേറ്റു.

സിസ്റ്റര്‍ സ്റ്റെല്ല എഴുന്നേറ്റു.മുന്നോട്ട് പോകല്ലേയെന്ന് ടീച്ചറെ വിലക്കി.വലിയ തിരയെങ്ങാനും വന്നാല്‍ വലിച്ച് കൊണ്ട് പോകുമെന്ന് മുന്നറിയിപ്പ് വിളിച്ച് പറഞ്ഞു.

സിസ്റ്ററേ , ഇത്രയും നേരം തിരകള്‍ എന്നെ വന്ന് തൊട്ടു. ഇനി ഞാന്‍ തിരകളെ ചെന്ന് ഒന്ന് തൊടട്ടെ. തിരകളുടെ കൂടാരത്തില്‍ കയറിയിരുന്ന് ഞാനല്‍പ്പനേരം രാജുവേട്ടനോട് സല്ലപിക്കട്ടെ.”

തിരകള്‍ ഒന്നിനു പുറകെ ഒന്നായി കരയിലേക്ക് കയറി വരികയാണ് ടീച്ചര്‍ക്ക് കൂടാരം തീര്‍ക്കാനെന്നോണം.ടീച്ചര്‍ എന്തു് ഭാവിച്ചാണ് കടലിനോട് കളിക്കുന്നതെന്നോര്‍ത്ത് സിസ്റ്റര്‍ ഉറക്കെ കരഞ്ഞു.സിസ്റ്ററുടെ കരച്ചില്‍ തിരകള്‍ മുക്കികളഞ്ഞു.തീരം വിജനമായിരിക്കുന്നു. വൃദ്ധസദനത്തില്‍ നിന്നും ഞങ്ങളെയും കൊണ്ട് വന്ന വണ്ടി പോലും പോയിക്കഴിഞ്ഞിരിക്കുന്നു.

-------------------------------------




11 August, 2017

എന്റെ സ്ക്കൂള്‍ ഡയറി

യാത്രാമൊഴി


പ്രകീര്‍ത്തിക്കപ്പെടുന്നത് രണ്ട് സന്ദര്‍ഭങ്ങളിലാണ്. മരണാനന്തരം അനുശോചന പ്രസംഗങ്ങളില്‍....ദ്യോഗത്തില്‍ നിന്നും വിരമിക്കുന്ന യാത്രയയപ്പ് പ്രസംഗങ്ങളില്‍....സദ്ഗുണങ്ങളും , പ്രവര്‍ത്തികളും അനുമോദിക്കപ്പെടുകയും, അംഗീകരിക്കപ്പടുകയും ചെയ്യുന്നതപ്പോള്‍ മാത്രമാണ് . വനോളം വാഴ്ത്തും, പുകഴ്ത്തും, തീരാനഷ്ടമെന്നും പറയും, മേല്‍പ്പറഞ്ഞ രണ്ട് അവസരങ്ങളിലും ! അതാണ് നമ്മുടെ ഒരു രീതി.

ഇരുപത്തിയെട്ട് വര്‍ഷം അധ്യാപനം എന്ന മഹോന്നത കര്‍മ്മം യഥാവിധി നിര്‍വഹിച്ചു.. യാത്രയയപ്പും , പ്രസംഗവും വേണ്ടന്ന് സഹപ്രവര്‍ത്തകരോട് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ അംഗീകരിച്ചു.

2017 മാര്‍ച്ച് 31 . രണ്ട് വര്‍ഷം പ്രധാന അധ്യാപകനായും പ്രവര്‍ത്തിച്ച് വിടപറയുന്ന ദിവസം. സ്ക്കൂള്‍ ഓഫിസില്‍ പ്രധാന അധ്യാപകന്റെ കസേരയില്‍ എന്റെ അവസാനത്തെ നിമിഷങ്ങള്‍.മുന്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ അങ്ങനെ ചിലര്‍ ആശംസകളും , നന്ദി വാക്കുകളും പറഞ്ഞ് പിരിയുന്നു.മാനേജ്മെന്റ് നല്‍കുന്ന " സ്നേഹാദരങ്ങളോടെ യാത്രയയപ്പ് " വേദിയിലേക്ക് കടന്നുചെല്ലാനുള്ള വെമ്പലോടെയാണിരിക്കുന്നത്. ( ആ ചടങ്ങ് ഒഴിവാക്കാന്‍ പറ്റില്ല. അതൊരു പൊതു ചടങ്ങാണ്.)

അപ്പോഴാണ് ആ അധ്യാപിക കടന്നു വന്നത്. "ആശംസകള്‍" നേര്‍ന്നു. ആശംസാ പ്രസംഗത്തിലെ അവസാന വാക്കുകള്‍ ഇങ്ങനെ.
ഇന്ന് കൂടി സഹിച്ചാല്‍ മതിയല്ലോ! “
'അവരുടെ ഒരു അവധി നിരസിച്ചതിനുള്ള പ്രശംസ!
നോ , താങ്ക്സ് പറഞ്ഞില്ല . സ്നേഹപൂര്‍വ്വം തന്നതല്ലേ , അതും സ്വീകരിച്ചു.
മേശപ്പുറത്ത് ഒരു ആശംസ കാര്‍ഡ് ചില്ലിട്ടത് ഇരിപ്പുണ്ട് . 8 C യിലെ ജിഷ്ണു എന്ന കുട്ടി സമ്മാനിച്ചത്. ഞനാ കാര്‍ഡ് എടുത്തു. അതിലെ ലിഖിതം ഒരിക്കല്‍ കൂടി വായിച്ചു.

Dear teacher,
You rally inspire me
It' s your unique
guidance and methods
that urges me to excell
in all that I do .
Thanks

ചില്ലിട്ട ആശംസ കാര്‍ഡും , ചില്ലിടാത്ത ആശംസ കാര്‍ഡും ഞാനെടുത്തു. എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നു.

16 April, 2017

പണ്ടൊരു നാടകക്കാലത്ത് ......


20 വര്‍ഷം മുമ്പത്തെ ഒരു ഫോട്ടോ. മട്ടാഞ്ചേരി ഉപജില്ലാ കലോല്‍സവത്തില്‍ നാടക മല്‍സരത്തില്‍ പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂള്‍ ഒന്നാം സമ്മാനം നേടിയപ്പോള്‍ എടുത്തത്. അഭിനേതാക്കളോടൊപ്പം പോസ് ചെയ്തത് അന്നത്തെ ഹെഡ് മിസ്ട്റസ് പന്മാവതി ടീച്ചര്‍, രാജം ടീച്ചര്‍ , തങ്കപ്പന്‍ മാസ്റ്റര്‍, പ്രസന്ന ടീച്ചര്‍, എൈഷ ടിച്ചര്‍, ബീന ടീച്ചര്‍, ഭാസി മാസ്റ്റര്‍, കമല്‍ മാസ്റ്റര്‍ കൂടാതെ , പിന്‍ നിരയില്‍ ഞാനുമുണ്ട്. നാടകത്തില്‍ അഭിനയിച്ച അന്ന് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന ആ മിടുക്കന്മാര്‍ ഇന്നെവിടെയാണാവോ?

14 April, 2015

വിഷു ആശംസകള്‍


വിഷുക്കാലം ഒരു ഓര്‍മ്മച്ചിത്രം


അന്നൊരു വിഷുക്കാലത്ത്

ഒരു വിഷുക്കാലം കൂടി ഇതാ അരികിലെത്തുന്നു. ഈ അവധിക്കാലത്ത് ഏതാനം ദിവസങ്ങളായി ഞങ്ങള്‍( എന്റെ കുടുംബം ) രാവിലെ വാതില്‍ തുറന്നാല്‍ കണി കാണുന്നത് നേരെ മുന്നിലെ പറമ്പില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയെയാണ്. അതൊരു മനം കുളുര്‍പ്പിക്കുന്ന കാഴ്ച്ചയായിരുന്നു. ഇന്നലെ മുതല്‍ തന്നെ വിശിഷ്ടമായ ആ കൊന്നപ്പൂക്കള്‍ തേടി ആളുകളുടെ വരവ് തുടങ്ങി. ഇതാ ഇപ്പോള്‍ കൊന്ന മരം ശൂന്യമായി. വിഷുപ്പുലരിയില്‍ കണി കാണാന്‍ ഒരുക്കുന്ന സമൃദ്ധമായ നിറപറക്കാഴ്ച്ചകളില്‍ കണ്ണന്റെ അരികില്‍ ഇടം പിടിക്കാന്‍ ആ കൊന്നപ്പൂവ് മരമിറങ്ങിപ്പോയി.ആ ജന്മം എത്ര സഫലം !

ബാല്യത്തിലെ ഒരു വിഷുക്കാലം ഓര്‍മ്മയിലോടിയെത്തുകയാണ്. അന്ന് അമ്മയും വല്യമ്മയും ഓരോ രൂപ വീതം വിഷുക്കൈനീട്ടം തന്നു. രണ്ടു് ഒറ്റരൂപ നാണയങ്ങള്‍ . ആ കാശ് ട്രൗസറിന്റെ പോക്കറ്റിലിട്ട്കൊണ്ട് ഞാന്‍ കോവിലകത്തുംകടവിലേക്ക് നടന്നു. അവിടെയാണ് പടക്കക്കടയുള്ളത്. പടക്കക്കടയില്‍ നല്ല തിരക്കുണ്ട്. രാജപ്പന്‍ ചേട്ടന്റെ കടയാണ്. ഗുണ്ടിന് രണ്ട് രൂപ വില. ഞാന്‍ ഒരു ഗുണ്ട് വാങ്ങിച്ചു. കാശ് കൊടുത്തു. ഗുണ്ട് ട്രൗസറിന്റെ പോക്കറ്റില്‍ ഇട്ടു കടയില്‍ നിന്നും പോന്നു. (ട്രൗസറിന്റെപോക്കറ്റില്‍ ഗുണ്ടുണ്ടെന്ന് എന്നെക്കണ്ടാല്‍ ആരും പറയുകയേയില്ല ! )

അച്ഛന്റെ ജൗളിക്കട കടവില്‍ത്തന്നെയാണ് . ഞാന്‍ കടക്കരികില്‍ ചെന്നു നിന്നു. വിഷുക്കാലമായതിനാല്‍ കടയില്‍ തിരക്കുണ്ട്. കടയില്‍ തയ് ക്കുന്ന അച്ഛന്റെ ചങ്ങാതിമാരായ മാധവന്‍ പാപ്പന്‍ , ഭരതന്‍ പാപ്പന്‍ തമ്പിചേട്ടന്‍ തുടങ്ങി മറ്റ് പലരും എന്നോട് പതിവില്ലാത്ത ഒരു ചങ്ങാത്തം. നാരായണന്‍( അച്ഛന്റെ പേര് )ചേട്ടന്റെ മോന്‍ ഗുണ്ട് വാങ്ങിപോന്നിട്ടുണ്ടെന്ന മെസ്സേജ് ഞാന്‍ എത്തുന്നതിന് മുന്‍പേ അച്ഛന്റെ കാതിലെത്തിയിരുന്നു. മൂവര്‍ സംഘം എന്റെ പിന്നാലെ കൂടി. ഭരതന്‍ പാപ്പന്‍ എന്നെ പൊക്കിയെടുത്തു. മാധവന്‍ പാപ്പന്‍ ട്രൗസറില്‍ പിടികൂടി.പോക്കറ്റില്‍ കൈകടത്താതിരിക്കാന്‍ ഞാന്‍ ചുരുണ്ടുകൂടാന്‍ ശ്രമിച്ചു. പക്ഷെ രക്ഷയില്ല , മാധവന്‍ പാപ്പന്‍ ഗുണ്ട് പുറത്തെടുത്തു് നാട്ടുകാരെ കാണിച്ചു. കുറച്ച് ഇക്കിളിയായത് മിച്ചം . നാണക്കേടും !
മാധവന്‍ചേട്ടാ , ഇപ്പോതന്നെ പൊട്ടിച്ചേക്ക്,” ആള്‍ക്കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.
മാധവന്‍ പാപ്പന്‍ ഗുണ്ടുമായിപ്പോയി. ഗുണ്ട് റോഡിന് നടുക്ക് വെച്ചു. മാധവന്‍ പാപ്പന്‍ നല്ല ബീഡി വലിക്കാരനാണ്. അദ്ദേഹം ഒരു ബീഡി കത്തിച്ച് ചുണ്ടില്‍ വെച്ച് ആഞ്ഞാഞ്ഞ് വലിച്ചു. ബീഡിതുമ്പത്ത് തീക്കട്ട ! ആളുകള്‍ അകന്നു നിന്നു. ബീഡിത്തുമ്പത്തെ തീ ഗുണ്ടിന്റെ തിരിത്തുമ്പില്‍ മുട്ടിച്ചു് പുറകിലേക്ക് മാറി. ഞാന്‍ ചെവിയില്‍ വിരല്‍ തിരുകി. കണ്ണിറുക്കിയടച്ചു.
ഒരൊറ്റപൊട്ട് !
ഗുണ്ട് പൊട്ടി തീര്‍ന്നു. ഞാന്‍ കിടുങ്ങിപ്പോയി.......
അച്ഛന്‍ കടയില്‍ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു.
എടാ മോനേ, ആ ഗുണ്ടെങ്ങാനും നിന്റെ കീശയിലിരുന്ന് പൊട്ടിയെങ്കിലുള്ള സ്ഥിതിയെന്താണെടാ ?”
ആ ചോദ്യം ഇപ്പോഴും ഞാന്‍ കേള്‍ക്കാറുണ്ട്. ഗുണ്ടിന്റെ നടുക്കുന്ന ശബ്ദവും എല്ലാ വിഷുക്കാലത്തും എന്റെ കാതില്‍ മുഴങ്ങുന്നു.




02 January, 2015

സിനിമ നിരൂപണം











കണ്ടാല്‍ കൊണ്ടു


"നഗര വാരിധി നടുവില്‍ ഞാന്‍" എന്ന സിനിമ കേരളത്തിലെ നഗര വാസികള്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. ഭരണസ്ഥാപനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്ക്കരണമാണ് സിനിമയുടെ കഥാതന്തു.

ഹൗ ഓള്‍ഡ് ആര്‍ യു ല്‍ മ‍ഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമ മോഹനേക്കാളും പ്രായോഗിക വാദിയാണ് നഗര വാരിധിയിലെ ശ്രീനിവാസന്റെ വേണു. ജൈവകൃഷിയുടെ അവതാരകയായ മ‍‍‍ഞ്ജുവാര്യര്‍ ആ പ്രസ്ഥാനത്തിന്റെ അംബാസഡറായതുപോലെ , ഈ സിനിമ ശ്രീനിവാസനെ മാലിന്യ സംസ്കരണ പ്രസ്ഥാനത്തിന്റെ അംബാസഡറാക്കാന്‍ സാധ്യതയുണ്ട്. സിനിമ ജനം സ്വീകരിച്ചാല്‍ !

പച്ചക്കറി വിളയിക്കുന്നതു പോലെ മലയാള മണ്ണില്‍ മാലിന്യം സംസ്ക്കരിക്കാന്‍ സാധിക്കില്ലെന്ന് മലയാളിക്ക് അറിയാം. വേണുവിന്റെ അഞ്ചു സെന്റില്‍ മാലിന്യം നിക്ഷേപിക്കുന്ന കോളനി വാസികള്‍ നമ്മളാണ് എന്ന തിരിച്ചറിയുമ്പോള്‍ സിനിമ കാണുന്ന നമ്മുടെ മുഖത്ത് ഒരു കള്ളച്ചിരി വരുന്നില്ലേ ? പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന മഹാപ്രസ്ഥാനത്തിലെ അംഗങ്ങളാണ്. മലയാളികള്‍(മന:പ്പൂര്‍വ്വമല്ല അല്ലേ ? ഗതികേട് !). ശ്രീനിവാസന്റെ അമ്പ് കൊള്ളാത്തവരില്ല കേരളത്തില്‍ !

മലയാളികള്‍ ഈ സിനിമ കണ്‍കുളുര്‍ക്കെ കണ്ടാല്‍ ശ്രീനിവാസന്‍ രക്ഷപ്പെടും .

31 December, 2014

നവവല്‍സരാശംസകള്‍

ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എല്ലാവര്‍ക്കും  
"HAPPY NEW YEAR" നല്‍കുവാന്‍.




30 December, 2014

എന്റെ സ്ക്കൂള്‍ ഡയറി 18


സ്നേഹം

ഷാഹിദിനെ ക്ളാസ്സില്‍ ഇപ്പോള്‍ കയറ്റില്ലേ ? “ ഷാഹിദിന്റെ വാപ്പയുടെ ആശങ്കാകുലമായ ചോദ്യം .
പഴയ ഷാഹിദിനെ തിരികെ കൊണ്ടുവരാന്‍ ഒരാഴ്ച്ച കൂടി സമയം തരാമെന്ന് ഹെഡ് മാസ്റ്ററുടെ മറുപടി.
കെട്ടിയിട്ട് തല്ലിയോ , പുറത്ത് ചാട്ടവാറിന് അടിച്ചോ , അല്ല . ശകാരിച്ചുമല്ല. നീ നശിച്ചു പോകട്ടെയെന്ന് ശപിക്കുകയും വേണ്ട ! ഷാഹിദിന് സ്നേഹം നല്‍കുക. ശ്രദ്ധ കൊടുക്കുക . അതാണ് വാപ്പയും ഉമ്മയും ചെയ്യേണ്ടത്.” എച്ച്. എം. പറഞ്ഞു.

സ്നേഹം കൂടിട്ടാ ടീച്ചറേ...... “ ഷാഹിദിന്റെ വാപ്പയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ശബ്ദമിടറി.

ഷാഹിന്റെ ഉമ്മ രണ്ടു മക്കളെയും തന്നെയും ഉപേക്ഷിച്ചു പിണങ്ങിപ്പോയത് , അയാള്‍ രണ്ടാമതും കെട്ടിയത് , പ്രസവിച്ചില്ലെങ്കിലും ആ ഉമ്മ മക്കള്‍ക്ക് സ്നേഹം നല്‍കുന്നത്....... ഇതൊക്കെ അയാള്‍ വിവരിച്ചു.

"മണ്ണും മാലിന്യവും പുരണ്ട് , നാറ്റം സഹിച്ച് പണിയെടുക്കുന്നത് കാണിച്ച് കൊടുക്കാന്‍ ഞാന്‍ അവനെ പണി സ്ഥലത്ത് കൊണ്ട പോയിട്ടുണ്ട് . കഷ്ടപ്പെടുന്നത് കാണട്ടെയെന്ന് കരുതി. നാല് ക്ലാസ്സേ പഠിച്ചിട്ടുള്ളു . മക്കളെങ്കിലും പഠിച്ച് നന്നാവട്ടെയെന്ന് കരുതി പാടുപെടുകയാണ് മാഷെ. ….”

അയാള്‍ കരയുകയായിരുന്നു.

"കൂട്ടു കൂടി കറങ്ങി നടക്കും . വഴക്ക് പറഞ്ഞാല്‍ അവന്‍ പിണങ്ങിപ്പോകും മട്ടാഞ്ചേരിക്കാണ് പോക്ക്. പെറ്റമ്മയുടെ അടുത്തേക്ക് . അവള്‍ അവിടെയുണ്ട് . ആറേഴ് ദിവസം അവിടെ ഉമ്മയോടൊത്ത് താമസിക്കും.”

അയാള്‍ കഥ തുടര്‍ന്നു.

സെക്കന്റ് ടേം പരീക്ഷ നടക്കുമ്പോള്‍ ഷാഹിദ് , മുണ്ടശ്ശേരി ബില്‍ഡിങ്ങിന്റെ വരാന്തയിലിരുന്ന് ഒരു ലഹരി വസ്തു വായിലിട്ട് ചവക്കുന്നത് സാബുസാറാണ് കണ്ടത്. പോക്കറ്റില്‍ ഒരു കൊച്ച് ചെപ്പില്‍ ലഹരി വസ്തു ഉണ്ടായിരുന്നു. ഒരു മൊബൈല്‍ ഫോണും.

ഷാഹിദിനെപ്പറ്റി ഞങ്ങള്‍ക്കിതു വരെ നല്ല അഭിപ്രായമായിരുന്നു. ഷാഹിദ് ഒരു പ്രതിഭയാണ്. മാപ്പിളപ്പാട്ട് കലാകാരന്‍. മാപ്പിളപ്പാട്ട് രചിക്കും. സ്വയം ഈണം നല്‍കിപ്പാടും. കലോല്‍സവ മല്‍സരങ്ങളില്‍ മാപ്പിളപ്പാട്ട് പാടി സമ്മാനം വാങ്ങിയിട്ടുണ്ട്. ആ ഷാഹിദാണ് അപഥ സഞ്ചാരം നടത്തുന്നത്.

താടിയില്‍ ഇരുകൈകളും താങ്ങി , കണ്ണുകളടച്ച് ആ പിതാവ് നിശ്ചേഷ്ടനായി ഇരുന്നു. കവിളിലൂടെ കണ്ണീരൊഴുകുന്നു. ആരും മിണ്ടുന്നില്ല.

അല്പസമയത്തിനുശേഷം അയാള്‍ കണ്ണു തുറന്നു. മുഖമുയര്‍ത്തി. അയാള്‍ എഴുന്നേറ്റു.

എന്നാല്‍ പോകട്ടെ .”ഭവ്യതയോടെ കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തു. ധൃതിയില്‍ ഓഫിസില്‍ നിന്നും പുറത്തേക്ക് പോയി.

കൂട്ടം തെറ്റി മേഞ്ഞ് നടന്ന് ചെന്നായ്ക്കളുടെ വായിലകപ്പെടുന്ന എത്രയോ കുഞ്ഞാടുകള്‍ ഇതു പോലെയുണ്ട് .
അവരെയോര്‍ത്ത് കണ്ണീരൊഴുക്കുന്ന മാതാപിതാക്കളുണ്ട് .




വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc