08 July, 2012

എന്റെ സ്കൂള്‍ ഡയറി 11



മേജര്‍ രവി പറഞ്ഞത്

ഒബതാം ക്ലാസ്സില്‍ തോറ്റു. അടുത്ത വര്‍ഷം പത്താം ക്ലാസില്‍ അതിനക്കാള്‍ ഭംഗിയായി തോറ്റു.മാനക്കേടും, അച്ചന്റെ ശിക്ഷയും ഭയന്ന് ഒരു പയ്യന്‍ പട്ടാംബി സ്റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ കയറി.ബോംബെയില്‍ ചെന്നെത്തി.കുറെക്കാലം അലഞ്ഞു നടന്നു.വര്‍ഷങ്ങള്‍ക്കുശേഷം പട്ടാളക്കാരനായി നാട്ടില്‍ തിരിച്ചെത്തുന്നു.
        പട്ടാള ജീവിതത്തിനിടെ ആ പയ്യന് പഠിക്കണമെന്ന ഒരു വിചാരം വന്നു. പട്ടാളബാരക്കില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ച് പത്താം ക്ലാസ്സ് പാസ്സായി. പട്ടാളക്കാരനാണല്ലോ, ഒരു വിജയം കരസ്ഥമാക്കിയപ്പോള്‍ വീണ്ടും ജയിക്കണമെന്ന മോഹം! ഒരു യുദ്ധക്കൊതി. വീണ്ടും പഠിച്ചു. പ്രീഡിഗ്രിയും, ഡിഗ്രിയും ജയിച്ചു.അങ്ങനെയിരിക്കെ സ്പോര്‍സില്‍ കംബം കയറി. ട്രാക്കില്‍ ഓടി, ചാടി! നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. പോള്‍വാള്‍ട്ടില്‍ ദേശീയ ചാംബ്യനായി. അതോടെ പട്ടാളക്കാരന് പ്രൊമോഷനായി. പടിപടിയായി ഉയര്‍ന്ന് പട്ടാളഓഫീസറാ‍യി.മേജര്‍ രവിയായി !
     പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ശേഷം സിനിമയിലേക്കായി നോട്ടം . അവിടെയും നേട്ടങ്ങള്‍ കൊയ്തു. പേരിനോടൊപ്പം പുതിയൊരു പദവി കൂടി എഴുതി ചേര്‍ത്തു. “ സംവിധായകന്‍ മേജര്‍ രവി“ !
    ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഇപ്രാവശ്യം ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയമായിരുന്നു. മികച്ച വിജയം നേടിയ  വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ നടത്തിയ ചടങ്ങ് ഉദ്ഘാനം ചെയ്ത്കൊണ്ട് പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ മേജര്‍ രവി പങ്ക് വെച്ച അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് മേല്‍ വിവരിച്ചത്. പത്താം ക്ലാസില്‍ ഇംഗ്ലീഷിനും, ഹിന്ദിക്കും തോറ്റ കുട്ടി പട്ടാളക്കാരനായി ജീവിതമാരംഭിച്ച്, മേജര്‍ രവിയായും, സംവിധായകന്‍ മേജര്‍ രവിയായായും മാറിയ ചരിത്രം അദ്ദേഹം കുട്ടികളോട് വിവരിച്ചു. ആഗ്രഹങ്ങള്‍ സഫലമാവണമെന്ന് മോഹവും, കഠിനമായ പരിശ്രമവും നടത്തിയാല്‍ എത്ര ഉന്നതമായ സ്ഥാനങ്ങളിലും എത്തിച്ചേരാന്‍ കഴിയും എന്ന് അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
     ഇതു പോലെ നിരവധി രവിമാര്‍ നമുക്ക് ചുറ്റുമുണ്ട്.വീട്ടില്‍ നിന്ന് ഒളിച്ച് ഓടി, മദ്രാസിലേക്ക് തീവണ്ടി കയറി , പ്രശസ്തരായി മാറിയ സിനിമാക്കാര്‍ നിരവധിയുണ്ട്. ബോംബെക്കാരനായും, പേര്‍ഷ്യക്കാരനായും, വ്യവസായിയായും വളര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയവരുമുണ്ട്. പട്ടിണീയും, ദുരിതവും, കഷ്ടപ്പാടും ഏറെ സഹിച്ച് കഠിനമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അവരോക്കെ ജീവിതം വെട്ടിപ്പിടിച്ചത്. ഇവരുടെയൊക്കെ ജീവിതാനുഭവങ്ങള്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സാധാരണ കുട്ടിക്ക് പോലും പരിശ്രമിച്ച് ഉന്നത നിലയില്‍ എത്തിച്ചേരാന്‍ കഴിയും എന്ന ഉത്ക്രിഷ്ടമായ ഒരു സന്ദേശം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
      എന്നാല്‍ ഇവരെപ്പോലെ ഒളിച്ചോടി ഒരു പരീക്ഷണത്തിന് തുനിയരുത്. മഹാനായിത്തീരാം എന്ന കരുതലോടെ ഒളിച്ചോടുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കണം.ഒളിച്ചോട്ടക്കാരിലെ മഹാന്മാരായി മാറിയവരെ ചരിത്രം വാഴ്ത്തുന്നുണ്ടാവാം. നരക യാതന അനുഭവിക്കുന്നവരും, കുപ്രസിദ്ധരായി മാറിയവരും ഏറെ ഉണ്ടെന്നതും അറിയണം.
    പണ്ടത്തെയും, ഇന്നത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് . ഇന്ന് ഒരു പക്ഷെ ഒളിച്ചോട്ടക്കാര്‍ ചെന്നെത്തുന്നത് മാഫിയകളുടെയോ, ക്രിമിനലുകളുടെയോ കേന്ദ്രങ്ങളിലായിരിക്കാം! എന്തിന് വെറുതെ ബാല്യം കരിയിച്ചു കളയണം ? മാതാപിതാക്കളുടെ തണലില്‍ നിന്നുകൊണ്ട് ജീവിക്കാനും, പഠിക്കുവാനും, വളരുവാനുമുള്ള സാഹചര്യങ്ങളുണ്ട്. തോറ്റാല്‍ ജയിക്കാന്‍ പരീക്ഷയുണ്ട്. തെറ്റ് ചെയ്താല്‍ തിരുത്താന്‍ അവസരമുണ്ട്. ആഗ്രഹങ്ങള്‍ സഫലമാവാന്‍ സ്വപ്നങ്ങള്‍ ബാക്കിയുണ്ട് ! പിന്നെയെന്തിന് ഒളിച്ചോടണം !

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...