ഡയറിക്കുറിപ്പുകള്‍


ഓണം വീണ്ടും എത്തി

അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന പഴമൊഴിയും പഴങ്കഥയായി.അത്തത്തിന് മഴയായിരുന്നു.തിരുവോണത്തിനും മഴ തകൃതി.ഓണപൂക്കളവും തൃക്കാക്കരയപ്പനും പെരുംമഴയില്‍ കുളിച്ചു നിന്നു.
മുറ്റത്തെ പൂക്കളങ്ങള്‍ക്ക് ഏഴഴകിന്റെ വര്‍ണ്ണചാതുരി ഉണ്ടായിരുന്നില്ല.വാടാമല്ലിയുടെയും , ബന്തിയുടെയും , ജമന്തിയയുടെയും ത്രിവര്‍ണ്ണ ചാരുത ! ഉള്ളതു കൊണ്ട് ഓണം ആഘോഷിക്കുന്ന മലയാളി മൂന്നു നിറമുള്ള പൂക്കളാല്‍ മുറ്റത്ത് പൂക്കളമിട്ടു, മാവേലിയെ വരവേല്‍ക്കാന്‍ കാത്തിരുന്നു.തമിഴ് നാടിന്റെ കാര്‍ഷിക മികവില്‍
വിരിയുന്ന പൂവുകള്‍ കേരളനാടിന്റെ തിരുമുറ്റങ്ങളില്‍ പൂക്കളങ്ങളായി , മാവേലി തമ്പുരാന് കണിയൊരുക്കി.
സ്നേഹത്തിന്റെ സുഗന്ധമുള്ള , ഒരുമയുടെ വര്‍ണ്ണമുള്ള , ആഹ്ളാദത്തിന്റെ ചാരുതയുള്ള ഓണപൂക്കളങ്ങള്‍ !
തുമ്പച്ചെടി തേടി എവിടെല്ലാം നടന്നു.കുഞ്ഞു വെള്ളത്തിരികള്‍ നെറുകയില്‍ തിരുകി കുറ്റിചെടികള്‍ക്കിടയില്‍ മറഞ്ഞു നിന്നിരുന്ന തുമ്പക്കുട്ടികളെ നേരത്തെ കണ്ടുവെച്ചതാണ്.ഉത്രാടത്തിന്‍ നാള്‍ അവയെ തിരക്കി. കാണാനില്ല. ആരോ പറിച്ചെടുത്തു. കുഞ്ഞു മഞ്ഞക്കുടങ്ങള്‍ തലയിലേന്തി ഇതാ ഞങ്ങളുണ്ടല്ലോ എന്ന ഗമയോടെ മുക്കുറ്റി കുട്ടികള്‍ നിരന്നു നില്‍ക്കുന്നുണ്ട്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ തുമ്പക്കുടത്തിന് പകരം പടി വരെ മുക്കുറ്റിച്ചെടികളെ നിരത്തി.

തിരുവോണ വെളുപ്പിന് മഴയുടെ ഇലത്താളം ഇലഞ്ഞിത്തറ മേളമായി .ഭവനങ്ങളുണര്‍ന്നു.തിരുമുറ്റത്ത് നിലവിളക്ക് തിരിതെളിഞ്ഞു.ആര്‍പ്പൂവിളികള്‍ കാറ്റിന്റെ കുഴല്‍ വിളിക്കൊപ്പം ഒഴുകിയെത്തുന്നു.

പുലര്‍കാലത്ത് പെയ്ത മഴയുടെ കുളിരില്‍ ഗൗരിയും , ഹരിയും ഉറങ്ങുകയാണ്.
മാവേലി വരാറായി, എഴുന്നെറ്റ് കളമിട് "
അവരെഴുന്നേറ്റ് കളമിടാന്‍ തുടങ്ങിയപ്പോഴെക്കും നേരം വെളുത്തു.അടുത്ത വീട്ടിലെ പ്രമോദിന്റെ മകള്‍ എല്‍ കെ ജി ക്കാരി ഗാഥ ഗേറ്റില്‍ വന്ന് എത്തി നോക്കി.
ഞങ്ങളുടെ വീട്ടില്‍ മാവേലി വന്നു , പോയല്ലോ" എന്ന് ഗാഥ.
മക്കളും അത് കേട്ട് ചിരിച്ചു.
ഗാഥ മാവേലിയെക്കണ്ടോ എന്ന് ഗൗരി ചോദിച്ചു.
ഞങ്ങള്‍ കളമിട്ട്, തിരി തെളിച്ച് , ആര്‍പ്പൂ വിളിച്ചപ്പോ കാറ്റ് വന്നു. മാവേലി കാറ്റായിട്ടാ വന്നത് . അപ്പോ മഴേം വന്നു, അവര് മാവേലിടെ പടയാളികളാ.”
ഗാഥയോട് ഇതാരാ പറഞ്ഞ് തന്നത്?” ഗൗരി ചോദിച്ചു.
അമ്മമ്മ പറ‍ഞ്ഞു. ഗൗരിച്ചേച്ചി , വേഗം കളമിട്, ആര്‍പ്പൂ വിളിക്കണട്ടോ. ദേ , മഴ വരുന്നു ഞാന്‍ പോകുന്നു"
ഗാഥ വീട്ടിലേക്ക് ഓടിപ്പോയി.
ഹരിയും, ഗൗരിയും തിരക്കിട്ട് കളം വരച്ചു.പൂക്കള്‍ നിറച്ചു.കളത്തിന് മധ്യത്തില്‍ തൃക്കാക്കരയപ്പനെ ഇരുത്തി.
കളം തീര്‍ന്നു. മഴയുടെ വരവായി മഴയുടെ രഥത്തിലേറി മാവേലി തമ്പുരാന്‍ വരുന്നു.. പൂക്കളുടെ സുഗന്ധമുള്ള കാറ്റ് കുരവയിടുന്നു.കാറ്റിനോപ്പം മഴയുടെ ഓണക്കളി.
"തിത്തൈ തക തെയ് തെയ് തോം
തിത്തൈ തക തെയ് തെയ് തോം"
മാവേലിയുടെ വരവാണ്.
മനസ്സ് കുളിരണിയുന്നു. അഹാ , എത്ര ഹൃദ്യമായ ഓണക്കാലം!



നല്ല കാര്യം ചെയ്തു കൂടെ



സംസ്ഥാല തലസ്ഥാനത്ത് ഒത്തു കൂടിയിരിക്കുന്ന ഒരു ലക്ഷം മനുഷ്യരുടെ മഹാശക്തി രാജ്യപുരോഗതിക്ക് ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ.നമ്മുടെനാട്ടില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ട്.വെള്ളപ്പൊക്ക കെടുതികള്‍.തകര്‍ന്നു കിടക്കുന്ന റോഡുകള്‍. തരിശു കിടക്കുന്ന കൃഷിഭൂമികള്‍.കുടിവെള്ള ക്ഷാമം.പട്ടിണി. മഹാരോഗങ്ങള്‍. തെരുവില്‍ അന്തിയുറങ്ങുന്നവര്‍. മദ്യവും മയക്കു മരുന്നും സൃഷ്ടിക്കുന്ന നാശങ്ങള്‍.വിലക്കയറ്റം.നേതാക്കന്മാര്‍ക്ക് ഇതൊന്നും പരിഹരിക്കണമെന്നല്ല ആഗ്രഹം.

No comments:

Post a Comment