20 April, 2014

പത്ര വാര്‍ത്ത്

ഏപ്രില്‍ 20-)ം തിയതിയിലെ മാതൃഭൂമി ദിനപ്പത്രത്തില്‍  "ആക്ഷേപങ്ങളും അഭിപ്രായങ്ങളും" എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

11 April, 2014

01 April, 2014

ഓര്‍മ്മയിലെ ഏപ്രില്‍ ഫൂള്‍







ഫൂള്‍ ദിന ചിന്തകള്‍


ആര്‍ക്കും ആരെയും പറ്റിക്കാം, പറ്റിക്കപ്പെടാം. നുണ പറയാം. പരാതിയോ പരിഭവമോ ഇല്ല. ഏപ്രില്‍ ഒന്ന് .രാവിലെ കേള്‍ക്കുന്ന കാര്യം, കാണുന്ന കാഴ്ച്ച നുണയാകാം. കണ്ണ് മഞ്ഞളിച്ച് തരിച്ചിരിക്കമ്പോഴാകും , തിരിച്ചറിയുന്നത് ഏപ്രില്‍ ഫൂള്‍ ആണല്ലല്ലോ എന്ന് . പറ്റിക്കമ്പോഴുള്ള രസം, പറ്റിക്കപ്പെടുമ്പോഴുള്ള ജാള്യത , അതവിടെ തീര്‍ന്നു !


ഒരു നുണ വിദഗ്ധമായി പറഞ്ഞു ഫലിപ്പിക്കുന്നതിലാണ് ഫൂളാക്കലിന്റെ രസം. കുട്ടിക്കാലത്തെ ഏപ്രില്‍ ഫൂള്‍ ദിന ചിന്തകള്‍ ഒന്നോര്‍ത്ത് നോക്കട്ടെ. പുലര്‍ച്ചെ തന്നെ അയല്‍ പക്കത്തെ ആരെങ്കിലും എത്തും ഒരു കല്ല് വെച്ച നുണയുമായി. ഫൂളാവരുതെന്ന് കരുതിയിരുന്നിട്ടുണ്ടാവും തലേന്ന് തന്നെ . പക്ഷെ , പെട്ടു പോകും !


ഒരു ദിവസം ലാലു ചേട്ടന്‍ രാവിലെ വന്നത് ഒരു വാര്‍ത്തയുമായി.അയല്‍പക്കത്തെ കുമാരന്‍ ചേട്ടന്‍ രാത്രി പെട്ടെന്ന് തല ചുറ്റി വീണു. ആശുപത്രിയിലാക്കി. വഞ്ചിയിലാ കൊണ്ടുപോയത്. ഞങ്ങള് മൂന്നാല് പേര് പോയി. രക്ഷയില്ല. അറിയിക്കണ്ടവരെയൊക്കെ അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ലാലു ചേട്ടന്‍ അടുത്ത വീട്ടിലേക്ക് നടന്നു.


അപ്പോള്‍ പാവം കുമാരന്‍ ചേട്ടന്‍ പശുവിന് വെള്ളം കൊടുത്ത് കൊണ്ടിരിക്കുകയാണ്.അങ്ങരറിഞ്ഞിട്ടില്ല തന്നെപ്പറ്റി ലാലു പറഞ്ഞ് പരത്തുന്ന നുണ. കുമാരന്‍ ചേട്ടനെ കണ്ടപ്പോള്‍ എനിക്ക് വളരെ ആശ്വാസമായി.നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ കുമാരന്‍ ചേട്ടന്‍ ചോദിച്ചു. "എന്താടാ , ഫൂളാക്കാന്‍ വന്നതാണോ ? എന്നെ ഫൂളാക്കി ഏതോ കാലമാടന്മാര്. വെച്ചിട്ടുണ്ട് ഞാന്‍ ഒക്കെത്തിനും.”


"എന്താ പറ്റിയത് , ചേട്ടാ ?”


പശുന്റെം ക്ടാവിന്റെം കയര്‍ അറുത്തു കളഞ്ഞു ഏതോ കാലമാടന്മാര്. അവറ്റകള് പറമ്പില് നടന്ന് കണ്ണിക്കണ്ടതൊക്കെ തിന്ന് നശിപ്പിച്ചു. ക്ടാവ് പാല് മുഴുവനും കുടിച്ച് തീര്‍ത്തു. ഒറ്റ ത്തുള്ളി പാലില്ല.”


പാവം കുമാരന്‍ ചേട്ടന്‍ , തന്നെ ഫൂളാക്കിയവര്‍ക്ക് നേരെ കണ്ണുരുട്ടുന്നു.


കോവിലകത്തും കടവിലെ കടവാരത്ത് കുറെ തമാശകള്‍ അരങ്ങേറാറുണ്ട്.

കള്ള് ഷാപ്പിന്റെ ബോര്‍ഡ് ഹോട്ടലിന് മുന്നില്‍ തൂക്കിയിടും. ഹോട്ടലിന്റെ ബോര്‍ഡ് ബാര്‍ബര്‍ ഷാപ്പിന്. ആങ്ങനെ ബോര്‍ഡ് മാറ്റങ്ങള്‍ തകൃതി ! പിന്നെ കടക്കാരുടെ പണിയാണ്. കണ്ണിച്ചോരയില്ലാത്ത ചില കച്ചവടക്കാരെ പാഠം പഠിപ്പിക്കാന്‍ ചിലര്‍ ഈ അവസരം ഉപയോഗിക്കും. കട വരാന്ത വൃത്തികേടാക്കും.( ചിലപ്പോള്‍ ചാണകം കോരിയിടും)


ഒരു ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ കേട്ട വാര്‍ത്ത കേട്ട് എല്ലാവരും ആഹ്ളാദിച്ചു. സിദ്ധന്‍ പാപ്പനായിരുന്നു റിപ്പോര്‍ട്ടര്‍."ഒളിച്ചു പോയ അപ്പുക്കുട്ടന്‍ ഇന്നലെ രാത്രി തിരിച്ചു വന്നു. പാതി രാത്രിയില്‍ വാതിലില്‍ മുട്ട് കേട്ട് പവിത്രന്‍ ചേട്ടന്‍ തുറന്ന് നോക്കിപ്പോ മോന്‍ നില്‍ക്കുന്നു. സ്വപ്നോണന്നാ പവിത്രന് തോന്നീതത്രെ ! വെളുപ്പിന് അരവിന്ദാക്ഷന്‍ ചേട്ടന്റെ കടേല് ചായ കുടിക്കാന്‍ ചെന്നപ്പോ പവിത്രനും ഉണ്ടായിരുന്നു. അപ്പോ കേട്ടതാ. അപ്പുക്കുട്ടനുണ്ട് കടേല്. ബോംബെലാത്രെ. ആളങ്ങ് മാറിപ്പോയി"


അപ്പുക്കുട്ടന്‍ നാടുവിട്ട് പോയിട്ട് പത്തു പന്ത്രണ്ട് വര്‍ഷമായി. എന്റെ കൂട്ടുകാരനാണ്. ഞാന്‍ അപ്പുക്കുട്ടനെ കാണാന്‍ വെച്ചു പിടിച്ചു. അരവിന്ദാക്ഷന്‍ ചേട്ടന്റെ ചായക്കടയില്‍ ചായകുടിക്കാരുടെ ചായകുടിയും വര്‍ത്തമാനവും തകൃതി. ആവി പറക്കുന്ന ചൂടന്‍ പുട്ടിന്റെയും കടലക്കറിയുടെയും രസികന്‍ മണം.


അപ്പുക്കുട്ടന്‍ വീട്ടിലേക്ക് പോയോ?” ഞാന്‍ തിരക്കി.

ഏത് അപ്പുക്കുട്ടന്‍ ?”

പവിത്രന്‍ ചേട്ടന്റെ മോന്‍. സിദ്ധന്‍ പാപ്പനാണ് പറഞ്ഞത്"

എടാ ഇന്ന് ഏപ്രില്‍ ഫൂളാണെന്ന് നിനക്കറിയില്ലേ?”

ഞാന്‍ ചമ്മി.

ഞങ്ങള്‍ പിള്ളേര്‍ കൊച്ചു കൊച്ചു നുണകളേ കാച്ചാറുള്ളു.കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞു.കപ്പല് കരക്കടുത്തു. ഹെലിക്കോപ്ടര്‍ വീണു. എന്നൊക്കെ വെച്ചു കാച്ചും. പൊതി കെട്ടി വഴിയിലിടും . വഴിപോക്കര്‍ എടുത്ത് അഴിച്ച് നോക്കും. മണ്ണായിരിക്കും. സൃഷ്ടാക്കള്‍ മറഞ്ഞിരിപ്പുണ്ടാവും. പറ്റിക്കപ്പെട്ടാല്‍ ഉടന്‍ "ഫൂള്‍ ഫൂള്‍" എന്ന് പറഞ്ഞ് ആര്‍ത്തട്ടഹസിക്കും.


ഏപ്രില്‍ ഫൂളാക്കലിന്റെ രസികത്ത്വം ഇന്നില്ല. ഇന്നത്തെ തലമുറക്ക് അതിന് നേരമില്ല. ആ രസക്കാലം ഓര്‍മ്മയില്‍ മാത്രം.