26 February, 2022

കത്തി താഴെയിടടാ...

 

കഥ


കത്തി താഴെയിടടാ....


പുഷ്ക്കരനാണ് ആദ്യം അടി തുടങ്ങിയത്. മതില്‍ ചാടിക്കടന്ന് പാക്കരന്റെ വീട്ടിലെ കോഴിക്കൂട് അടിച്ചു പൊളിച്ചു. തകര്‍ന്ന് നിലം പൊത്തിയ കൂട്ടിനുള്ളില്‍ നിന്നും കോഴികളില്‍ ചിലത് ജീവനും കൊണ്ട് കരഞ്ഞ് പുറത്ത് കടന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുഞ്ഞു കോഴികളില്‍ മിക്കതും ചത്തു.

അക്രമാസക്തനായ പുഷ്ക്കരന്‍ പാക്കരനെ വെല്ലു വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.

ടിവിയില്‍ വാര്‍ത്ത കണ്ടു കൊണ്ടിരുന്ന പാക്കരനും, ഭാര്യയും, മക്കളും കോഴികളുടെ വിലാപവും, പുഷ്കക്കരന്റെ ആക്രോശവും കേട്ട് പുറത്തിറങ്ങി.

പാക്കരന്റെ വീട്ട് മുറ്റത്ത് അലങ്കരിച്ചു വെച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ ഒന്നൊന്നായി എറിഞ്ഞുടച്ച് അരിശം തീര്‍ക്കുകയാണ് പുഷ്ക്കരന്‍.

എടാ, പുഷ്ക്കരാ, വേണ്ടെടാ.” എന്ന് പറഞ്ഞ് പാക്കരന്‍ തടസ്സം നില്‍ക്കാന്‍ നോക്കി.പക്ഷെ ഫലിച്ചില്ല.

പുഷ്ക്കരന്റെ ഊക്കും, പാക്കരന്റെ പിടുത്തവും കൈവിട്ട കളിയായി. രണ്ട് പേരും മറിഞ്ഞു വീണു.

പുഷ്ക്കരന്‍ കൈയില്‍ ആയുധമുണ്ട്. പാക്കരന്‍ അതില്‍ പിടുത്തം കൂടി. അലമുറയിട്ട് ഓടിയടുത്ത പാക്കരന്റെ ഭാര്യയേയും , മക്കളേയും പുഷ്ക്കരന്‍ ഇടിച്ചു തെറിപ്പിച്ചു.

ഒച്ചയും , ബഹളവും കേട്ട് അയല്‍ വാസികളോടിയെത്തി. നാട്ടുകാരും, വഴിയാത്രക്കാരും പിന്നാലെയെത്തി.

" ഒരമ്മയുടെ മക്കളായിട്ടെന്താ കാര്യം?നായ്ക്കളെ പോലെ കടിപിടി കൂടണല്ലോ !

തൊട്ടയല്‍ പക്കത്ത് താമസിക്കുന്ന രായപ്പന്‍ മൂപ്പന്‍ വടികുത്തി പിടിച്ച് തലയില്‍ കൈ വെച്ച് അന്തംവിട്ട് നിന്നു.

"പറമ്പ് പകുത്ത് വെവ്വേറെ വീട് വച്ച് പാര്‍പ്പ് തുടങ്ങിയ കാലം തൊട്ടുള്ള കുടിപ്പകയാണ്. ഇതിനൊരറുതിയില്ലേ, ശിവ, ശിവ .”

ഓടിക്കുടിയ അയല്‍ക്കാരില്‍ ചിലര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു.

എടാ പുഷ്ക്കരാ, നിറുത്തെടാ നിന്റെ തെമ്മാടിത്തരം. അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍.....”

പുഷ്ക്കുരന്‍ ഒരു നോട്ടം നോക്കി.

ആള്‍ക്കുട്ടം ഓരോ ഇഷ്ടിക കൈയിലേന്തി ആഞ്ഞു നില്‍ക്കുന്നു.

നിറുത്തെടാ പട്ടീ. അല്ലെങ്കില്‍ ഈ ഇഷ്ടികകള്‍ നിന്റെ തലക്ക് നേരെ ചീറി വരും.”

റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആക്രോശിച്ചു.

ചോദിക്കാനും, പറയാനും ആളുണ്ടെടാ ഇവിടെ.”

എന്തു തോന്ന്യാസവും കാണിക്കാമെന്ന് വെച്ചോ ?”

പുഷ്ക്കരന്‍ ഭയന്നു. അഴിഞ്ഞു പോയ മുണ്ട് നേരെയാക്കി അയാളെഴുന്നേററു.

ഇഷ്ടികകള്‍ താഴെ വീണു.

ആള്‍ക്കുട്ടത്തെ തട്ടി മാറ്റി പുറത്തേക്ക് കുതിക്കാന്‍ തുടങ്ങിയ പുഷ്ക്കരനെ ജനം തടഞ്ഞു.

നില്‍ ക്ക്. പോലിസ് ഇപ്പോ വരും. എന്നിട്ട് തീരുമാനിക്കാം എവിടെ പോകണോന്ന്.”

ആള്‍ക്കുട്ടം സൃഷ്ടിച്ച ചക്രവ്യൂഹത്തില്‍ പുഷ്ക്കരന്‍ തളര്‍ന്നിരുന്നു.

പരിക്കേറ്റ് കിടക്കുന്ന പാക്കരനേയും , ഭാര്യയേയും, മക്കളേയും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ വാഹനമെത്തി.

പോലിസ് വണ്ടി ചീറി വരുന്ന സൈറണ്‍.



ഉണ്ണിക്കുട്ടന്‍ ടെറസിനു മുകളില്‍ നില്‍ക്കുകയായിരുന്നു.

അച്ഛനും , ചേട്ടനും ആള്‍ക്കുട്ടത്തിലുണ്ട്. അലമുറ കേട്ടപ്പേഴെ ആദ്യം ഓടിച്ചെന്നത് അച്ഛനും, ചേട്ടനുമാണ്.

ഉണ്ണിക്കുട്ടന് വിശ്വസിക്കാനേ കഴിയുന്നില്ല. ആദ്യമായാണ് ഇങ്ങനെയൊരു അടി സീന്‍ കാണുന്നത്. സിനിമയിലെന്ന പോലെ !

ഉണ്ണിക്കുട്ടന്‍ അകത്തേക്ക് വലിഞ്ഞു.

ടിവിയില്‍ ന്യൂസ് നടക്കുന്നുണ്ട്.

വാര്‍ത്ത കണ്ടു കൊണ്ടിരിക്കെയാണ് അയലത്ത് ബഹളം കേട്ട് അച്ഛനും , ചേട്ടനും ഓടിപ്പാഞ്ഞ് പോയത്.

ഉണ്ണിക്കുട്ടന്‍ ന്യൂസ് ശ്രദ്ധിച്ചു. യുദ്ധ വാര്‍ത്തകള്‍.

ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് വീഴുന്നു. സൈനിക അധിനിവേശത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് ഇരച്ചു കയറി റഷ്യന്‍ സൈന്യം. ഇരുന്നൂറ് യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യന്‍ പ്രതിരോധ വക്താവ് അവകാശപ്പെട്ടു. ആയിരത്തോളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈനും അവകാശ വാദം ഉന്നയിച്ചു........‍ ”

യുക്രൈനിലെ ബോംബാക്രമണങ്ങളുടെ ദൃശ്യങ്ങള്‍. ബോംബുകളുടെ മിന്നല്‍ പിണരുകള്‍. തകര്‍ന്ന കെട്ടിടങ്ങളും , വാഹനങ്ങളും. പരുക്കേറ്റ് കരയുന്നവര്‍. വിദ്യാര്‍ത്ഥികളുടെ പലായനങ്ങള്‍. ദീന വിലാപങ്ങളും, സ്ഫോടനങ്ങളും.


കണ്‍മുന്നിലൊരു യുദ്ധം കഴിഞ്ഞതേയുള്ളു. അയല്‍ വീട്ടുകാര്‍ തമ്മില്‍.

ടിവിയില്‍ കാണുന്നത് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം !

യുദ്ധക്കാഴ്ച്ചകള്‍ കണ്ട് ഉണ്ണിക്കുട്ടന്‍ നടുങ്ങി.

അവന്‍ ചാനല്‍ മാറ്റി.

ഒരു സിനിമ.

എടാ, കത്തി താഴെയിടടാ. കത്തി താഴെയിടാനാണ് പറഞ്ഞത്.”

ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ തിലകന്‍ മകന് നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന സീന്‍.

'കിരീടം.’

കിടിലന്‍ സിനിമ .

പുഷ്ക്കരനെ കയറ്റിയ പോലിസ് വാഹനം പാഞ്ഞ് പോകുന്ന സൈറണ്‍.

ഉണ്ണിക്കുട്ടന്‍ സിനിമയിലേക്ക് കണ്ണുനട്ടു.

.......................................


എം.എന്‍.സന്തോഷ്

9946132439





22 February, 2022

വികട കവി അഥവാ പാലിന്‍ഡ്രോം

 

വികട കവി

അഥവാ

പാലിന്‍ഡ്രോം


 

ണ്ടായിരത്തി ഇരുപത്തി രണ്ട് ഫെബ്രുവരി ഇരുപത്തി രണ്ടാം തിയതി ഒരു പാലിന്‍ഡ്രോം

(Palindrome)ദിവസമാണ്.

അതായത് ഇന്നത്തെ തിയതിയെപ്പറ്റിയാണ് പറയുന്നത്. ഒന്ന് നോക്കൂ.


22.02.2022 ( dd.mm.yyyy എന്ന ക്രമത്തില്‍ എഴുതിയിരിക്കുന്നു. )


വലത്തു നിന്നും ഇടത്തോട്ട് dd.mm.yyyy എന്ന ക്രമത്തില്‍ വായിച്ചു നോക്കുക. ദിവസം അത്

തന്നെ, അല്ലേ!


ദിവസത്തെ സൂചിപ്പിക്കുന്ന സംഖ്യകള്‍ ഇത്തരത്തില്‍ അണിനിരക്കുന്ന ദിവസം പാലിന്‍

ഡ്രോം ദിവസം എന്നാണറിയപ്പെടുന്നത്.


22022022 പാലിന്‍ഡ്രോം സംഖ്യയാണ്.


പാലിന്‍ഡ്രോം ദിവസങ്ങള്‍ ഓരോ നൂറ്റാണ്ടിലും പരിമിത എണ്ണമേ ഉണ്ടായിരിക്കുകയുള്ളു.

ചില നൂറ്റാണ്ടുകളില്‍ ഇല്ല .


മുന്നിലേക്കും , പിന്നിലേക്കും വായിക്കുമ്പോള്‍ ഒരേ പോലെയുള്ള സംഖ്യകളാണ് പാലിന്‍

ഡ്രോം സംഖ്യകള്‍.121, 313, 1221, 91019 തുടങ്ങിയ സംഖ്യകള്‍ പാലിന്‍ഡ്രോം

സംഖ്യകളാണ്.


രണ്ടായിരാമാണ്ടിനു ശേഷമുണ്ടായിരുന്ന ഏതാനം പാലിന്‍ഡ്രോം ദിവസങ്ങള്‍ നോക്കുക.

10.02.2001 ( dd.mm.yyyy എന്ന ക്രമത്തില്‍ വലത്തു നിന്നും ഇടത്തോട്ട് വായിക്കുക.)

20.02.2002

30.02.2003


01.02.2010 തുടര്‍ന്നുള്ള ഏതാനം വര്‍ഷങ്ങളിലും ഈ പ്രത്യേകത തുടരുന്നതായി കാണാം.

ഇനിയും വരാനിരിക്കുന്നുണ്ട് പാലിന്‍ഡ്രോം ദിവസങ്ങള്‍.

03.02.2030

04.02.2040

05.02.2050

06.02.2060



കൂടുതല്‍ പാലിന്‍ഡ്രോം ദിവസങ്ങള്‍ കണ്ടുപിടിക്കുവാന്‍ പരിശീലിക്കുന്നത് രസകരവും

അതോടൊപ്പം ചിന്തോദ്ദീപകവുമായിരിക്കും.

ശ്രമിച്ചു നോക്കുമല്ലോ !


ചിന്തിച്ച് തല പുകയാന്‍ രണ്ട് ചോദ്യങ്ങളിതാ !

22.02.2022 നു ശേഷം വരുന്ന പാലിന്‍ഡ്രോം ദിവസം ഏതാണ്?


1900 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളിലെ പാലിന്‍ഡ്രോം ദിവസങ്ങള്‍ ഏതൊക്കെയാണ് ?

56 ഉം 65 ഉം പാലിന്‍ഡ്രോം സംഖ്യകളാണ്. ഇവയുടെ തുക 121 മറ്റൊരു പാലിന്‍ഡ്രോം

സംഖ്യയാണ്.


ഇതുപോലെ 59ഉം 95ഉം പാലിന്‍ഡ്രോം സംഖ്യകളാണ്. പക്ഷെ അവയുടെ തുക 154

പാലിന്‍ഡ്രോം അല്ല.പക്ഷെ തുടര്‍ക്രിയകളും അനന്തര ഫലവും ശ്രദ്ധയോടെ പരിശോധിച്ചു നോക്കൂ.


59+95 = 154

154+451 = 605

605+506 = 1111 ( പാലിന്‍ഡ്രോം സംഖ്യ )


പാലിന്‍ഡ്രോം സംഖ്യകള്‍ സൃഷ്ടിക്കുന്ന മായാജാലങ്ങള്‍ വിസ്മയകരമാണ്. കൂട്ടുകാര്‍ ഒന്ന്

ശ്രമിച്ചു നോക്കുമല്ലോ.


മലയാളത്തിലും ഇംഗ്ളീഷിലും മറ്റ് ഭാഷകളിലും അസംഖ്യം പാലിന്‍ഡ്രോം വാക്കുകളും,

വാക്യങ്ങളും ഉണ്ട്.

മലയാളഭാഷയിലെ ഏതാനം പാലിന്‍ഡ്രോമുകള്‍ നോക്കാം.

കനക, ജലജ, കത്രിക, മഹിമ, വികടകവി.


ഇംഗ്ളീഷ് ഭാഷയിലെ ചില പാലിന്‍ഡ്രോമുകള്‍

eye, malayalam, dad, refer, level .

Never odd or even.

Was it a car or a cat i saw.


ഭാഷയിലും, ഗണിതത്തിലും മാത്രമല്ല പാലിന്‍ഡ്രോം ഒതുങ്ങുന്നത്. ശാസ്ത്രത്തില്‍,

പ്രത്യേകിച്ച് ജനിതകശാസ്ത്രം , സംഗീതം, കല, വാദ്യകല എന്നിങ്ങനെ വിവിധ മേഖലകളില്‍

പാലിന്‍ഡ്രോം പ്രയോഗിക്കപ്പെടുന്നുണ്ട്.


സംഖ്യകളെയും അക്ഷരങ്ങളെയും പാലിന്‍ഡ്രോമുകളായി അണിനിരത്തിക്കൊണ്ട് ‍

അവയുടെ സൗന്ദര്യം ആസ്വദിക്കുന്നത് ഭാവനയും , ചിന്താശേഷിയും

വികസിപ്പിക്കാനുതകുന്നതോടൊപ്പം രസകരവുമാണ്.

എല്ലാ കൂട്ടുകാര്‍ക്കും പാലിന്‍ഡ്രോം സംഖ്യാ ദിനാശംസകള്‍ !


എം.എന്‍.സന്തോഷ്

 

 

 

 

 

 

21 February, 2022

കൂത്തും കുലയും

 

കൂത്തും കുലയും


ഉറക്കത്തിലുടനീളം സ്വപ്നത്തില്‍ കണ്ട കാഴ്ച്ചകള്‍ പേടിപ്പിക്കുന്നവയായിരുന്നെന്ന് പറഞ്ഞാണ് ഭാര്യ സിന്ധു രാവിലെ എഴുന്നേറ്റ് വന്നത്.

"കുത്തും, കൊലയും, കൊലവിളിയും ! ഉറക്കം പൊയെന്ന് മാത്രമല്ല, സമാധാനക്കുറവായിരിക്കും ഇന്ന് മുഴുവനും.” സിന്ധു പരിതപിച്ചുകൊണ്ടാണ് അടുക്കള ജോലികള്‍ ചെയ്തു തീര്‍ത്തത്.

യഥാസമയം സിന്ധുവിനെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിട്ട് , പതിവ് നടത്തുവും കഴിഞ്ഞ് , പത്ര പാരായണം ചെയ്ത് ഇളം ചൂടുള്ള പകലിനെ നോക്കി ഞാന്‍ ചാരു കസേരയില്‍ കിടന്നു.

പിന്നെ , ഇത്തിരി മുറ്റത്തെ അലംകൃതമാക്കുന്ന ചെടികളുടെ അടുത്തേക്ക്. ടെറസിനു മുകളിലെ പച്ചക്കറി ത്തോട്ടത്തിലേക്ക് ഒരു സന്ദര്‍ശനം. അതും പതിവുള്ളതാണ്. അച്ചിങ്ങ പയറുകള്‍ കൊത്തിപ്പൊളിക്കാന്‍ കിളികള്‍ അതിരാവിലെയെത്തിയ ലക്ഷണമുണ്ട്.

പുരപ്പുറത്തെ് പച്ചക്കറിത്തോട്ടത്തില്‍ പറവകള്‍ നടത്തിയ അച്ചിങ്ങ ആക്രമണമാകാം സ്വപ്നരൂപേണ സിന്ധു കണ്ടത് എന്ന് ഞാന്‍ ഊഹിച്ചു.

ടെറസില്‍ നിന്നിറങ്ങി ഇത്തിരി മുറ്റത്ത് വീണ്ടുമൊരു നടത്തം. ഗ്രോ ബാഗുകളിലും, ചട്ടികളിലും പൂച്ചെടികളും , പച്ചക്കറിത്തൈകളും .

ഇത്തിരി മുറ്റത്തെ കൊച്ചുമൂലയില്‍ ഒരു തെങ്ങിന്‍ തൈ. നട്ടിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടുണ്ട്. തെങ്ങോലക്കൂമ്പില്‍ തങ്ങിക്കിടക്കുന്ന പപ്പായത്തണ്ട് എടുത്തു മാറ്റുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്.

ഓലത്തണ്ടുകള്‍ക്കിടയില്‍ മാവില ചേര്‍ത്തു വെച്ചതു പോലൊരു വസ്തു !കണ്ടമാത്രയില്‍ തന്നെ ഞാനാ പച്ചക്കുരുന്നിനെ തിരിച്ചറിഞ്ഞു.പിന്നെ മെല്ലെയൊന്ന് തൊട്ടു നോക്കി.

കൈ കൂപ്പി ആകാശത്തെ നമിച്ച് ജനിച്ചു വരുന്ന ഒരു ചൊട്ട !

ഹായ്, കുലച്ചു തെങ്ങ് ! ’

ആഹ്ളാദം വാക്കുകളായി പുറത്തു വന്നു.

അതെ, തെങ്ങിന് കുല വരുന്നു.

ചൊട്ട മെല്ലെ ഉയര്‍ന്നുയര്‍ന്ന് വരും, വലുതാകും.പൂക്കുലകള്‍ വിടരും.കാ പിടിക്കുന്നതും, മച്ചിങ്ങയായും, കരിക്കായും നാളികേരമായും വളര്‍ച്ച പ്രാപിക്കുന്നതും തൊട്ടരുകില്‍ നിന്ന് കാണാം. കുഞ്ഞന്‍ തെങ്ങില്‍ കുല കായ്ച്ച് കിടക്കുന്നത് കാണാന്‍ രസമായിരിക്കും.

അകത്ത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെ ഞാന്‍ വിളിച്ചു.

ഗൗരി, ഒരു കാഴ്ച കാണാന്‍ മുറ്റത്തേക്ക് വരൂ.’

മകള്‍ കാര്യമെന്തെന്നറിയാന്‍ ഓടി വന്നു.ഞാന്‍‍ കൈ ചൂണ്ടിയിടത്തേക്ക് ഗൗരി നോക്കി.

നമ്മുടെ തെങ്ങിന് കുല വന്നിരിക്കുന്നു.’ ഞാന്‍ പറഞ്ഞു.

സത്യമായിട്ടും ?’ മകള്‍ കൗതുകത്തോടെ നോക്കി.

എത്ര ചെറുപ്പം ! ഇതില്‍ നിറയെ തേങ്ങകളായിരുക്കുമല്ലേ ?’

തൊട്ടടുത്ത് നിന്ന്, ഒരാള്‍പ്പൊക്കത്തില്‍ നിന്ന് ആ കാഴ്ച കാണുന്നതെത്ര കൗതുകം !

ചേട്ടന് ഫോട്ടോയെടുത്തയക്കാന്‍ ‍ ഫോണെടുക്കാന്‍ മകള്‍ അകത്തേക്ക് ഓടി.

സിന്ധു വൈകീട്ട് മുറ്റത്തെത്തിയപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു.

ഇന്നലെയൊരു സ്വപ്നം കണ്ടില്ലേ ? കൊല നടന്നതായിട്ട്. നമ്മുടെ മുറ്റത്താണ് ആ കൊല നടന്നത്. ’

ഞങ്ങള്‍ തെങ്ങിന്നരികത്തേക്ക് നടന്നു.

ദാ , നോക്ക് കുല !’ഞാന്‍ വിരല്‍ ചൂണ്ടി.

സ്വപ്നത്തില്‍ കണ്ടത് ഈ കുലയാണ്. തെങ്ങിന്‍ കുല !

സ്വപ്നം കണ്ടനേരത്ത് ഇവിടെ കുല നടക്കുകയായിരുന്നു. ഇപ്പോള്‍ സമാധാനമായില്ലേ ?

അത് കൊല ! ഇത് കുല !’ ആശ്ചര്യത്തോടെയെങ്കിലും സിന്ധുവിന്റെ മറുപടി.

ഞങ്ങള്‍ ചിരിച്ചു.

കുഞ്ഞന്‍ ചൊട്ട കൈകൂപ്പി നിന്നു.


എം.എന്‍.സന്തോഷ്


09 February, 2022

തരം മാറ്റം

 

തരം മാറ്റം




ഭാരത ഖണ്ഡത്തിന്റെ ദക്ഷിണാഗ്രത്തില്‍ ഭാര്‍ഗവ ക്ഷേത്രമെന്ന പുണ്യഭൂമിയിലെ വൃത്താന്തങ്ങളെന്തൊക്കെയെന്ന് ഭഗവാന്‍ അന്വേഷിച്ചു.

ഭാരത ഭൂമി മാത്രമല്ല , ഭൂലോകം സന്ദര്‍ശിച്ചിട്ട് പോലും കാലങ്ങളായല്ലോയെന്ന വ്യസനത്താല്‍ ആകുല ചിത്തനായിരുന്നു നാരദ മഹാമുനി. മനുഷ്യകുലത്തെയാകെ കോവിഡ് ഗ്രസിച്ചതില്‍ പിന്നെ , ഭൂമിയിലേക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു നാരദ മഹാമുനിക്ക് പോലും ! വിദുരത്ത് നിന്നുള്ള വിവരശേഖരണം മാത്രം.

കേരളത്തില്‍ അവിടെയവിടെയായി നീണ്ട നിരകള്‍ കാണുന്നത് വാക്സിനേഷനു വേണ്ടി ജനം കാത്തു നില്‍ക്കുന്നതാണോയെന്ന് ദേവന്‍ തിരക്കി.

മഹര്‍ഷി ദിവ്യനേത്രങ്ങളാല്‍ ഒരു വിദൂര വീക്ഷണം നടത്തി.

വാക്സിനേഷന്‍ ക്യാമ്പുകളല്ലയെന്ന് നാരദ മഹര്‍ഷി എളുപ്പം ഗ്രഹിച്ചു. വില്ലേജാപ്പീസുകള്‍ക്കും, താലൂക്കാപ്പീസുകള്‍ക്കും മുന്നില്‍ മനുഷ്യന്‍ ഉറുമ്പുകളെ പോലെ അരിച്ചു നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു ദൃശ്യം മഹര്‍ഷി കണ്ടു. അത്ഭുതപ്പെട്ടു.

ഒരു തുണ്ട് കിടപ്പാടം തരം മാറ്റാന്‍ അപേക്ഷിച്ച് ഗതി കിട്ടാതെ നിരാശ പൂണ്ട് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയ ഹതഭാഗ്യന്റെ വീട്ടു മുറ്റം.

നിലം കരയാക്കിയതിന്റെ സാക്ഷ്യപത്രം ഗൃഹനാഥനില്ലാത്ത വീട്ടില്‍ കൈമാറുന്ന ചടങ്ങ് നടക്കുകയാണവിടെ.

നാരായണ, നാരായണ !”

അപൂര്‍വ ദൃശ്യം !

നാരദ മഹാമുനി ആശ്ചര്യപൂര്‍വം ആ രംഗം നിരീക്ഷിക്കുകയും, വിവരണം പകര്‍ന്നു നല്‍കുകയും ചെയ്തു.

നിലം കരയാക്കുക എന്ന കൃത്യത്തെപ്പറ്റി കേട്ടപ്പോള്‍ ഭഗവാന്‍ ആശങ്കയുണര്‍ത്തിച്ചു.

ആ ദൗത്യം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ സംഭവിക്കപ്പെട്ടതാണല്ലോ എന്ന് ഭഗവാന്‍ ചിന്തിച്ചു.

നിലയില്ലാ കടല്‍ കരയാക്കി മാറ്റുകയെന്ന മഹത്ക്കര്‍മ്മം പരശുരാമ കരങ്ങളാല്‍ നിര്‍വഹിക്കപ്പെട്ടതാണല്ലോ.

കേരളക്കര സൃഷ്ടിച്ചതങ്ങനെയാണെന്ന ഐതിഹ്യം ഭഗവാന്‍ ഉരുവിട്ടു.


കാര്യം സാധിക്കണമെങ്കില്‍ അപേക്ഷ മാത്രം പോരാ സ്വാമി. ആത്മത്യാഗം! എന്നാലേ കണ്ണ് തുറക്കൂ.”

രാമന്‍ മഴുവുമായി ഇനിയും അവതരിക്കേണ്ടി വരുമോ നാരദരേ ?”

നാരായണ, നാരായണ.”

രാമലീലകള്‍ നിറഞ്ഞാടുമ്പോള്‍ അതാവും ഭേദം എന്നുരുവിട്ട് നാരദ മഹര്‍ഷി പിന്‍വാങ്ങി.

................................................................

എം.എന്‍.സന്തോഷ്

08/02/2022

01 February, 2022

Hello Bless letter .ആശേച്ചി ( ശ്രീമതി ആശാലത ) വായിച്ച കത്ത്

 

  2022 ജനുവരി ഇരുപത്തിയഞ്ചാം തിയതി ആകാശവാണി കൊച്ചി Hello bless ല്‍ പ്രക്ഷേപണം ചെയ്തു.

 

 

  ഹലോ ബ്ളസ്സ്

ബഹുമാനപ്പെട്ട ശ്രീമതി ആശേച്ചി, ശ്രീ സനല്‍ സര്‍,

നമസ് ക്കാരം.



വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്ത് പള്ളിപ്പുറം പഞ്ചായത്തില്‍ കോവിലകത്തുംകടവ് എന്ന ഒരു കൊച്ചുപ്രദേശമുണ്ട്. പുഴയും, കടത്തുകടവും, ക്ഷേത്രവും, നിര നിരയായി പീടികകളുമുള്ള നാട്ടിന്‍പുറം.

കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, തൊട്ടടുത്ത് ഒരു സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയുമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള ഈ കെട്ടിടം കോവിലകമായിരുന്നു. ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്ന രാജാവ് താമസിച്ചിരുന്നതിവിടെയാണ്. കൊച്ചിയില്‍ നിന്നും പള്ളിയോടത്തിലേറി ജലമാര്‍ഗ്ഗം സഞ്ചരിച്ച് രാജാവും പരിവാരങ്ങളും തീരമണഞ്ഞിരുന്ന കടവ് , ആ പ്രദേശം കോവിലകത്തുംകടവ് എന്നറിയപ്പെട്ടു.

കോവിലകത്തും കടവ് എന്ന സ്ഥലത്തെ പരാമര്‍ശിച്ചപ്പോള്‍ സ്ഥലനാമ ചരിത്രം സൂചിപ്പിച്ചു എന്ന് മാത്രം.

ഞാന്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ , കോവിലകത്തും കടവിലെ ആ കടത്തുകടവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിലേക്ക് ബഹുമാനപ്പെട്ട ശ്രീമതി 'ആശേച്ചി'യുടെയും , ശ്രീ 'സനല്‍ സാറിന്റെയും' ശ്രദ്ധ ക്ഷണിക്കുകയാണ്.

ഞാനന്ന് ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞല്ലോ. അതായത് സംഭവം നടന്നിട്ട് നാല്‍പ്പത്തിയെട്ട് വര്‍ഷം.

ഒരു മധ്യവേനലവധിക്കാലം.

അച്ഛന് കോവിലകത്തുംകടവില്‍ ഒരു കച്ചവട സ്ഥാപനമുണ്ട്. അച്ഛന്‍ അന്നാട്ടിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അച്ഛന് ഉച്ചഭക്ഷണവുമായി പോകുക, അച്ഛന്‍ വാങ്ങിത്തരുന്ന പലചരക്കു സാധനങ്ങളുമായി സന്ധ്യക്കു മുന്‍പേ തിരിച്ചു പോരുക. ഇതാണ് അവധിക്കാലത്തെ ദിനചര്യ !

പക്ഷെ അന്ന് കോവിലകത്തും കടവിലേക്ക് പോയതിന് ഒരു സ്പെഷല്‍ വിഷു സസ്പെന്‍സുണ്ടായിരുന്നു.

അച്ഛന്റെ കടക്കു സമീപമുള്ള രാജപ്പന്‍ ചേട്ടന്റെ കടയില്‍ എല്ലാത്തരം പടക്കങ്ങളുമുണ്ട്. അവിടെ നിന്നും ഒരു സ്പെഷല്‍ സാധനം വാങ്ങണം.

അച്ഛന്‍ കട പൂട്ടി രാത്രിയില്‍ എത്തുമ്പോഴാണ് പടക്കപ്പൊതി കൊണ്ടുവരാറുള്ളത്. ഒരു ചെറിയപൊതി! കുറച്ച് കമ്പിത്തിരി, കുറച്ച് മത്താപ്പൂ,....മേശപ്പൂ, ശീ...ശൂ... ഇനങ്ങള്‍ മാത്രം ! ഠേ....ഠോ.. ഒന്നും ഉണ്ടാകില്ല.

രാജപ്പന്‍ ചേട്ടന്റെ പടക്ക കടയില്‍ വന്‍ തിരക്ക്. ആള്‍ക്കൂട്ടത്തിനിടയില്‍ തിക്കിക്കയറി ഞാന്‍ ഒരു സാധനം ചൂണ്ടിക്കാണിച്ച് ചോദിച്ചു.

എന്താ വില ?”

പടക്കക്കടയില്‍ സഹായിക്കാന്‍ നിന്നിരുന്ന കുമാരന്‍ ചേട്ടന്‍ വില പറഞ്ഞു.

ഇരുപത്തിയഞ്ച് പൈസ.”

ആ വിഷു പടക്കം വാങ്ങണമെന്ന് ഏറെ നാളായി കൊതിക്കുന്നതാണ്. അയല്‍പക്കത്തെ ചങ്ങാതിമാര്‍, ഒന്നല്ല അഞ്ചാറെണ്ണം പൊട്ടിക്കാറുള്ളതാണെന്ന് വീരസ്യം ‍ പറയുന്നത് കേട്ടപ്പോള്‍ തുടങ്ങിയ പൂതിയാണത്. . പൊട്ടുമ്പോള്‍ ഉഗ്ര ശബ്ദമുള്ളത്. ‘ഗുണ്ട്’ എന്നാണതിന്റെ പേര്.

ഇരുപത്തിയഞ്ച് പൈസ കൊടുത്ത് ഞാനൊരു 'ഗുണ്ട് ' സ്വന്തമാക്കി ! 'ഗുണ്ട് ' കൈയില്‍ കിട്ടിയ ഉടന്‍ തന്നെ ട്രൗസറിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു.

അച്ഛന്റെ കടയുടെ വരാന്തയില്‍ തിരിച്ചെത്തി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നില്‍പ്പ് തുടര്‍ന്നു.

സി.സി.ടി.വി. കാമറയും മൊബൈല്‍ ഫോണും, ടിവിയും അക്കാലത്തില്ലെങ്കിലും , ഞാന്‍ ഗുണ്ട് വാങ്ങിയ കാര്യം പെട്ടെന്ന് ഫ്ലാഷായി. വാര്‍ത്ത , പഞ്ചായത്ത് മെമ്പറായ അച്ഛന്റെ കാതിലെത്തി. പിന്നെ നടന്നതൊക്കെ ധൃതഗതിയിലായിരുന്നു.


പോക്കറ്റില്‍ 'സ്ഫോടക വസ്തു' ഒളിപ്പിച്ച് പരുങ്ങി നില്‍ക്കുമ്പോള്‍ എന്റെ അടുത്തേക്ക് സൗഹൃദം ഭാവിച്ച് രണ്ടു പേര്‍ വന്നു. അച്ഛന്റെ സഹപ്രവര്‍ത്തകരായ മാധവന്‍ പാപ്പനും, ഭരതന്‍ പാപ്പനും.

ഭരതന്‍ പാപ്പനാണ് ആദ്യം ആക്ഷന്‍ തുടങ്ങിയത്. അദ്ദേഹം എന്നെ നില്‍ക്കുന്ന നിലയില്‍ ഉയര്‍ത്തി.

മാധവന്‍ പാപ്പന്‍ എന്റെ ട്രൗസറിന്റെ പോക്കറ്റില്‍ കൈകടത്തി കസര്‍ത്ത് കാട്ടി ഇക്കിളിയാക്കി. ഇക്കിളിയില്‍ ചിരിച്ച് പുളയുന്നതിനിടയില്‍ പോക്കറ്റ് ശൂന്യമാകുന്നത് ഞാനറിഞ്ഞില്ല.

ഓപ്പറേഷന്‍ ’ സക്സസായതോടെ ഭരതന്‍ പാപ്പന്‍ എന്നെ നിലം തൊടുവിച്ചു.

തൊണ്ടി സഹിതം പിടിയിലായതിന്റെ ജാള്യതയില്‍ കാഴ്ചക്കാര്‍ക്കിടയില്‍ ഞാന്‍ മുഖം കുനിച്ച് നിന്നു.

തൊണ്ടി മുതലിന് തീകൊളുത്താനുള്ള ശ്രമമായിരുന്നു പിന്നീട്.

ബീഡി തുമ്പത്തെ തീക്കട്ട ഊതി കനപ്പിച്ച് ഗുണ്ടിന്റെ തിരിയില്‍ മുട്ടിച്ച് മാധവന്‍ പാപ്പന്‍ ആ കൃത്യം നടത്തി.

അത്യുഗ്ര ശബ്ദത്തോടെ ഗുണ്ട് പൊട്ടി !

പടക്കം കീശയിലൊളിപ്പിച്ച പന്ത്രണ്ടുകാരന്റെ ഞെട്ടല്‍.

ഗുണ്ട് പൊട്ടുന്ന ശബ്ദവും, തുടര്‍ന്നുള്ള എന്റെ കരച്ചിലും .

അച്ഛന്റെയും സുഹൃത്തുക്കളുടെയും അവസരോചിതമായ ഇടപെടലുകള്‍ !

അന്നത്തെ എന്നെപ്പോലെയുള്ള കൗതുക ബാല്യങ്ങളുടെ ലോകത്ത് , ഇരുപത്തിയെട്ടു വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ച് , ഇന്ന് സ്വസ്ഥമായിരിക്കുമ്പോള്‍ മനസ്സിന്റെ തിരശ്ശീലയില്‍ മിന്നിത്തെളിയുന്ന കാഴ്ച്ചകള്‍!

ഓര്‍ക്കുമ്പോള്‍ ചിരിയും , ഒപ്പം ചമ്മലും !