26 February, 2022

കത്തി താഴെയിടടാ...

 

കഥ


കത്തി താഴെയിടടാ....


പുഷ്ക്കരനാണ് ആദ്യം അടി തുടങ്ങിയത്. മതില്‍ ചാടിക്കടന്ന് പാക്കരന്റെ വീട്ടിലെ കോഴിക്കൂട് അടിച്ചു പൊളിച്ചു. തകര്‍ന്ന് നിലം പൊത്തിയ കൂട്ടിനുള്ളില്‍ നിന്നും കോഴികളില്‍ ചിലത് ജീവനും കൊണ്ട് കരഞ്ഞ് പുറത്ത് കടന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുഞ്ഞു കോഴികളില്‍ മിക്കതും ചത്തു.

അക്രമാസക്തനായ പുഷ്ക്കരന്‍ പാക്കരനെ വെല്ലു വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.

ടിവിയില്‍ വാര്‍ത്ത കണ്ടു കൊണ്ടിരുന്ന പാക്കരനും, ഭാര്യയും, മക്കളും കോഴികളുടെ വിലാപവും, പുഷ്കക്കരന്റെ ആക്രോശവും കേട്ട് പുറത്തിറങ്ങി.

പാക്കരന്റെ വീട്ട് മുറ്റത്ത് അലങ്കരിച്ചു വെച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ ഒന്നൊന്നായി എറിഞ്ഞുടച്ച് അരിശം തീര്‍ക്കുകയാണ് പുഷ്ക്കരന്‍.

എടാ, പുഷ്ക്കരാ, വേണ്ടെടാ.” എന്ന് പറഞ്ഞ് പാക്കരന്‍ തടസ്സം നില്‍ക്കാന്‍ നോക്കി.പക്ഷെ ഫലിച്ചില്ല.

പുഷ്ക്കരന്റെ ഊക്കും, പാക്കരന്റെ പിടുത്തവും കൈവിട്ട കളിയായി. രണ്ട് പേരും മറിഞ്ഞു വീണു.

പുഷ്ക്കരന്‍ കൈയില്‍ ആയുധമുണ്ട്. പാക്കരന്‍ അതില്‍ പിടുത്തം കൂടി. അലമുറയിട്ട് ഓടിയടുത്ത പാക്കരന്റെ ഭാര്യയേയും , മക്കളേയും പുഷ്ക്കരന്‍ ഇടിച്ചു തെറിപ്പിച്ചു.

ഒച്ചയും , ബഹളവും കേട്ട് അയല്‍ വാസികളോടിയെത്തി. നാട്ടുകാരും, വഴിയാത്രക്കാരും പിന്നാലെയെത്തി.

" ഒരമ്മയുടെ മക്കളായിട്ടെന്താ കാര്യം?നായ്ക്കളെ പോലെ കടിപിടി കൂടണല്ലോ !

തൊട്ടയല്‍ പക്കത്ത് താമസിക്കുന്ന രായപ്പന്‍ മൂപ്പന്‍ വടികുത്തി പിടിച്ച് തലയില്‍ കൈ വെച്ച് അന്തംവിട്ട് നിന്നു.

"പറമ്പ് പകുത്ത് വെവ്വേറെ വീട് വച്ച് പാര്‍പ്പ് തുടങ്ങിയ കാലം തൊട്ടുള്ള കുടിപ്പകയാണ്. ഇതിനൊരറുതിയില്ലേ, ശിവ, ശിവ .”

ഓടിക്കുടിയ അയല്‍ക്കാരില്‍ ചിലര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു.

എടാ പുഷ്ക്കരാ, നിറുത്തെടാ നിന്റെ തെമ്മാടിത്തരം. അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍.....”

പുഷ്ക്കുരന്‍ ഒരു നോട്ടം നോക്കി.

ആള്‍ക്കുട്ടം ഓരോ ഇഷ്ടിക കൈയിലേന്തി ആഞ്ഞു നില്‍ക്കുന്നു.

നിറുത്തെടാ പട്ടീ. അല്ലെങ്കില്‍ ഈ ഇഷ്ടികകള്‍ നിന്റെ തലക്ക് നേരെ ചീറി വരും.”

റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആക്രോശിച്ചു.

ചോദിക്കാനും, പറയാനും ആളുണ്ടെടാ ഇവിടെ.”

എന്തു തോന്ന്യാസവും കാണിക്കാമെന്ന് വെച്ചോ ?”

പുഷ്ക്കരന്‍ ഭയന്നു. അഴിഞ്ഞു പോയ മുണ്ട് നേരെയാക്കി അയാളെഴുന്നേററു.

ഇഷ്ടികകള്‍ താഴെ വീണു.

ആള്‍ക്കുട്ടത്തെ തട്ടി മാറ്റി പുറത്തേക്ക് കുതിക്കാന്‍ തുടങ്ങിയ പുഷ്ക്കരനെ ജനം തടഞ്ഞു.

നില്‍ ക്ക്. പോലിസ് ഇപ്പോ വരും. എന്നിട്ട് തീരുമാനിക്കാം എവിടെ പോകണോന്ന്.”

ആള്‍ക്കുട്ടം സൃഷ്ടിച്ച ചക്രവ്യൂഹത്തില്‍ പുഷ്ക്കരന്‍ തളര്‍ന്നിരുന്നു.

പരിക്കേറ്റ് കിടക്കുന്ന പാക്കരനേയും , ഭാര്യയേയും, മക്കളേയും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ വാഹനമെത്തി.

പോലിസ് വണ്ടി ചീറി വരുന്ന സൈറണ്‍.



ഉണ്ണിക്കുട്ടന്‍ ടെറസിനു മുകളില്‍ നില്‍ക്കുകയായിരുന്നു.

അച്ഛനും , ചേട്ടനും ആള്‍ക്കുട്ടത്തിലുണ്ട്. അലമുറ കേട്ടപ്പേഴെ ആദ്യം ഓടിച്ചെന്നത് അച്ഛനും, ചേട്ടനുമാണ്.

ഉണ്ണിക്കുട്ടന് വിശ്വസിക്കാനേ കഴിയുന്നില്ല. ആദ്യമായാണ് ഇങ്ങനെയൊരു അടി സീന്‍ കാണുന്നത്. സിനിമയിലെന്ന പോലെ !

ഉണ്ണിക്കുട്ടന്‍ അകത്തേക്ക് വലിഞ്ഞു.

ടിവിയില്‍ ന്യൂസ് നടക്കുന്നുണ്ട്.

വാര്‍ത്ത കണ്ടു കൊണ്ടിരിക്കെയാണ് അയലത്ത് ബഹളം കേട്ട് അച്ഛനും , ചേട്ടനും ഓടിപ്പാഞ്ഞ് പോയത്.

ഉണ്ണിക്കുട്ടന്‍ ന്യൂസ് ശ്രദ്ധിച്ചു. യുദ്ധ വാര്‍ത്തകള്‍.

ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് വീഴുന്നു. സൈനിക അധിനിവേശത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് ഇരച്ചു കയറി റഷ്യന്‍ സൈന്യം. ഇരുന്നൂറ് യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യന്‍ പ്രതിരോധ വക്താവ് അവകാശപ്പെട്ടു. ആയിരത്തോളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈനും അവകാശ വാദം ഉന്നയിച്ചു........‍ ”

യുക്രൈനിലെ ബോംബാക്രമണങ്ങളുടെ ദൃശ്യങ്ങള്‍. ബോംബുകളുടെ മിന്നല്‍ പിണരുകള്‍. തകര്‍ന്ന കെട്ടിടങ്ങളും , വാഹനങ്ങളും. പരുക്കേറ്റ് കരയുന്നവര്‍. വിദ്യാര്‍ത്ഥികളുടെ പലായനങ്ങള്‍. ദീന വിലാപങ്ങളും, സ്ഫോടനങ്ങളും.


കണ്‍മുന്നിലൊരു യുദ്ധം കഴിഞ്ഞതേയുള്ളു. അയല്‍ വീട്ടുകാര്‍ തമ്മില്‍.

ടിവിയില്‍ കാണുന്നത് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം !

യുദ്ധക്കാഴ്ച്ചകള്‍ കണ്ട് ഉണ്ണിക്കുട്ടന്‍ നടുങ്ങി.

അവന്‍ ചാനല്‍ മാറ്റി.

ഒരു സിനിമ.

എടാ, കത്തി താഴെയിടടാ. കത്തി താഴെയിടാനാണ് പറഞ്ഞത്.”

ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ തിലകന്‍ മകന് നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന സീന്‍.

'കിരീടം.’

കിടിലന്‍ സിനിമ .

പുഷ്ക്കരനെ കയറ്റിയ പോലിസ് വാഹനം പാഞ്ഞ് പോകുന്ന സൈറണ്‍.

ഉണ്ണിക്കുട്ടന്‍ സിനിമയിലേക്ക് കണ്ണുനട്ടു.

.......................................


എം.എന്‍.സന്തോഷ്

9946132439





No comments:

Post a Comment