09 February, 2022

തരം മാറ്റം

 

തരം മാറ്റം




ഭാരത ഖണ്ഡത്തിന്റെ ദക്ഷിണാഗ്രത്തില്‍ ഭാര്‍ഗവ ക്ഷേത്രമെന്ന പുണ്യഭൂമിയിലെ വൃത്താന്തങ്ങളെന്തൊക്കെയെന്ന് ഭഗവാന്‍ അന്വേഷിച്ചു.

ഭാരത ഭൂമി മാത്രമല്ല , ഭൂലോകം സന്ദര്‍ശിച്ചിട്ട് പോലും കാലങ്ങളായല്ലോയെന്ന വ്യസനത്താല്‍ ആകുല ചിത്തനായിരുന്നു നാരദ മഹാമുനി. മനുഷ്യകുലത്തെയാകെ കോവിഡ് ഗ്രസിച്ചതില്‍ പിന്നെ , ഭൂമിയിലേക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു നാരദ മഹാമുനിക്ക് പോലും ! വിദുരത്ത് നിന്നുള്ള വിവരശേഖരണം മാത്രം.

കേരളത്തില്‍ അവിടെയവിടെയായി നീണ്ട നിരകള്‍ കാണുന്നത് വാക്സിനേഷനു വേണ്ടി ജനം കാത്തു നില്‍ക്കുന്നതാണോയെന്ന് ദേവന്‍ തിരക്കി.

മഹര്‍ഷി ദിവ്യനേത്രങ്ങളാല്‍ ഒരു വിദൂര വീക്ഷണം നടത്തി.

വാക്സിനേഷന്‍ ക്യാമ്പുകളല്ലയെന്ന് നാരദ മഹര്‍ഷി എളുപ്പം ഗ്രഹിച്ചു. വില്ലേജാപ്പീസുകള്‍ക്കും, താലൂക്കാപ്പീസുകള്‍ക്കും മുന്നില്‍ മനുഷ്യന്‍ ഉറുമ്പുകളെ പോലെ അരിച്ചു നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു ദൃശ്യം മഹര്‍ഷി കണ്ടു. അത്ഭുതപ്പെട്ടു.

ഒരു തുണ്ട് കിടപ്പാടം തരം മാറ്റാന്‍ അപേക്ഷിച്ച് ഗതി കിട്ടാതെ നിരാശ പൂണ്ട് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയ ഹതഭാഗ്യന്റെ വീട്ടു മുറ്റം.

നിലം കരയാക്കിയതിന്റെ സാക്ഷ്യപത്രം ഗൃഹനാഥനില്ലാത്ത വീട്ടില്‍ കൈമാറുന്ന ചടങ്ങ് നടക്കുകയാണവിടെ.

നാരായണ, നാരായണ !”

അപൂര്‍വ ദൃശ്യം !

നാരദ മഹാമുനി ആശ്ചര്യപൂര്‍വം ആ രംഗം നിരീക്ഷിക്കുകയും, വിവരണം പകര്‍ന്നു നല്‍കുകയും ചെയ്തു.

നിലം കരയാക്കുക എന്ന കൃത്യത്തെപ്പറ്റി കേട്ടപ്പോള്‍ ഭഗവാന്‍ ആശങ്കയുണര്‍ത്തിച്ചു.

ആ ദൗത്യം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ സംഭവിക്കപ്പെട്ടതാണല്ലോ എന്ന് ഭഗവാന്‍ ചിന്തിച്ചു.

നിലയില്ലാ കടല്‍ കരയാക്കി മാറ്റുകയെന്ന മഹത്ക്കര്‍മ്മം പരശുരാമ കരങ്ങളാല്‍ നിര്‍വഹിക്കപ്പെട്ടതാണല്ലോ.

കേരളക്കര സൃഷ്ടിച്ചതങ്ങനെയാണെന്ന ഐതിഹ്യം ഭഗവാന്‍ ഉരുവിട്ടു.


കാര്യം സാധിക്കണമെങ്കില്‍ അപേക്ഷ മാത്രം പോരാ സ്വാമി. ആത്മത്യാഗം! എന്നാലേ കണ്ണ് തുറക്കൂ.”

രാമന്‍ മഴുവുമായി ഇനിയും അവതരിക്കേണ്ടി വരുമോ നാരദരേ ?”

നാരായണ, നാരായണ.”

രാമലീലകള്‍ നിറഞ്ഞാടുമ്പോള്‍ അതാവും ഭേദം എന്നുരുവിട്ട് നാരദ മഹര്‍ഷി പിന്‍വാങ്ങി.

................................................................

എം.എന്‍.സന്തോഷ്

08/02/2022

No comments:

Post a Comment