21 February, 2022

കൂത്തും കുലയും

 

കൂത്തും കുലയും


ഉറക്കത്തിലുടനീളം സ്വപ്നത്തില്‍ കണ്ട കാഴ്ച്ചകള്‍ പേടിപ്പിക്കുന്നവയായിരുന്നെന്ന് പറഞ്ഞാണ് ഭാര്യ സിന്ധു രാവിലെ എഴുന്നേറ്റ് വന്നത്.

"കുത്തും, കൊലയും, കൊലവിളിയും ! ഉറക്കം പൊയെന്ന് മാത്രമല്ല, സമാധാനക്കുറവായിരിക്കും ഇന്ന് മുഴുവനും.” സിന്ധു പരിതപിച്ചുകൊണ്ടാണ് അടുക്കള ജോലികള്‍ ചെയ്തു തീര്‍ത്തത്.

യഥാസമയം സിന്ധുവിനെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിട്ട് , പതിവ് നടത്തുവും കഴിഞ്ഞ് , പത്ര പാരായണം ചെയ്ത് ഇളം ചൂടുള്ള പകലിനെ നോക്കി ഞാന്‍ ചാരു കസേരയില്‍ കിടന്നു.

പിന്നെ , ഇത്തിരി മുറ്റത്തെ അലംകൃതമാക്കുന്ന ചെടികളുടെ അടുത്തേക്ക്. ടെറസിനു മുകളിലെ പച്ചക്കറി ത്തോട്ടത്തിലേക്ക് ഒരു സന്ദര്‍ശനം. അതും പതിവുള്ളതാണ്. അച്ചിങ്ങ പയറുകള്‍ കൊത്തിപ്പൊളിക്കാന്‍ കിളികള്‍ അതിരാവിലെയെത്തിയ ലക്ഷണമുണ്ട്.

പുരപ്പുറത്തെ് പച്ചക്കറിത്തോട്ടത്തില്‍ പറവകള്‍ നടത്തിയ അച്ചിങ്ങ ആക്രമണമാകാം സ്വപ്നരൂപേണ സിന്ധു കണ്ടത് എന്ന് ഞാന്‍ ഊഹിച്ചു.

ടെറസില്‍ നിന്നിറങ്ങി ഇത്തിരി മുറ്റത്ത് വീണ്ടുമൊരു നടത്തം. ഗ്രോ ബാഗുകളിലും, ചട്ടികളിലും പൂച്ചെടികളും , പച്ചക്കറിത്തൈകളും .

ഇത്തിരി മുറ്റത്തെ കൊച്ചുമൂലയില്‍ ഒരു തെങ്ങിന്‍ തൈ. നട്ടിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടുണ്ട്. തെങ്ങോലക്കൂമ്പില്‍ തങ്ങിക്കിടക്കുന്ന പപ്പായത്തണ്ട് എടുത്തു മാറ്റുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്.

ഓലത്തണ്ടുകള്‍ക്കിടയില്‍ മാവില ചേര്‍ത്തു വെച്ചതു പോലൊരു വസ്തു !കണ്ടമാത്രയില്‍ തന്നെ ഞാനാ പച്ചക്കുരുന്നിനെ തിരിച്ചറിഞ്ഞു.പിന്നെ മെല്ലെയൊന്ന് തൊട്ടു നോക്കി.

കൈ കൂപ്പി ആകാശത്തെ നമിച്ച് ജനിച്ചു വരുന്ന ഒരു ചൊട്ട !

ഹായ്, കുലച്ചു തെങ്ങ് ! ’

ആഹ്ളാദം വാക്കുകളായി പുറത്തു വന്നു.

അതെ, തെങ്ങിന് കുല വരുന്നു.

ചൊട്ട മെല്ലെ ഉയര്‍ന്നുയര്‍ന്ന് വരും, വലുതാകും.പൂക്കുലകള്‍ വിടരും.കാ പിടിക്കുന്നതും, മച്ചിങ്ങയായും, കരിക്കായും നാളികേരമായും വളര്‍ച്ച പ്രാപിക്കുന്നതും തൊട്ടരുകില്‍ നിന്ന് കാണാം. കുഞ്ഞന്‍ തെങ്ങില്‍ കുല കായ്ച്ച് കിടക്കുന്നത് കാണാന്‍ രസമായിരിക്കും.

അകത്ത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെ ഞാന്‍ വിളിച്ചു.

ഗൗരി, ഒരു കാഴ്ച കാണാന്‍ മുറ്റത്തേക്ക് വരൂ.’

മകള്‍ കാര്യമെന്തെന്നറിയാന്‍ ഓടി വന്നു.ഞാന്‍‍ കൈ ചൂണ്ടിയിടത്തേക്ക് ഗൗരി നോക്കി.

നമ്മുടെ തെങ്ങിന് കുല വന്നിരിക്കുന്നു.’ ഞാന്‍ പറഞ്ഞു.

സത്യമായിട്ടും ?’ മകള്‍ കൗതുകത്തോടെ നോക്കി.

എത്ര ചെറുപ്പം ! ഇതില്‍ നിറയെ തേങ്ങകളായിരുക്കുമല്ലേ ?’

തൊട്ടടുത്ത് നിന്ന്, ഒരാള്‍പ്പൊക്കത്തില്‍ നിന്ന് ആ കാഴ്ച കാണുന്നതെത്ര കൗതുകം !

ചേട്ടന് ഫോട്ടോയെടുത്തയക്കാന്‍ ‍ ഫോണെടുക്കാന്‍ മകള്‍ അകത്തേക്ക് ഓടി.

സിന്ധു വൈകീട്ട് മുറ്റത്തെത്തിയപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു.

ഇന്നലെയൊരു സ്വപ്നം കണ്ടില്ലേ ? കൊല നടന്നതായിട്ട്. നമ്മുടെ മുറ്റത്താണ് ആ കൊല നടന്നത്. ’

ഞങ്ങള്‍ തെങ്ങിന്നരികത്തേക്ക് നടന്നു.

ദാ , നോക്ക് കുല !’ഞാന്‍ വിരല്‍ ചൂണ്ടി.

സ്വപ്നത്തില്‍ കണ്ടത് ഈ കുലയാണ്. തെങ്ങിന്‍ കുല !

സ്വപ്നം കണ്ടനേരത്ത് ഇവിടെ കുല നടക്കുകയായിരുന്നു. ഇപ്പോള്‍ സമാധാനമായില്ലേ ?

അത് കൊല ! ഇത് കുല !’ ആശ്ചര്യത്തോടെയെങ്കിലും സിന്ധുവിന്റെ മറുപടി.

ഞങ്ങള്‍ ചിരിച്ചു.

കുഞ്ഞന്‍ ചൊട്ട കൈകൂപ്പി നിന്നു.


എം.എന്‍.സന്തോഷ്


No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...