05 July, 2021

ബഷീര്‍ ദിനം വായനാക്കുറിപ്പ്

 






മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി



"മുച്ചീട്ട് കളിക്കാരന്റെ മകള്‍"‍ എന്ന ചരിത്ര കഥയുടെ സുന്ദരമായ ഗുണപാഠം നേരത്തേ അങ്ങ് പറ‍‍‍ഞ്ഞേക്കാം. പക്ഷേ പെണ്‍ പിള്ളേരുടെ ആരോഗ്യത്തിനത്ര പറ്റിയതല്ല. മൊത്തത്തില്‍ പെണ്‍മക്കള്‍. ...അവര്‍ ഏത് പ്രായത്തിലുള്ളതൈണെങ്കിലും ശരി.....കഴിയുന്നത്ര വേഗത്തില്‍ ....അവരെ ഒന്നടങ്കം വധിച്ചു കളയുക!

ഇത് കേട്ട് ആരും ക്ഷോഭിച്ച് ഇളകേണ്ട! ഈ അഭിപ്രായം എന്റെ സ്വന്തമാണെന്നാരും വിചാരിക്കരുത്. ഇതില്‍ യാതൊരു പങ്കും എനിക്കില്ല.............

ഇത് സംബന്ധമായി ആര്‍ക്കെങ്കിലും ന്യായമായ തോതില്‍ വഴക്കിടണമെങ്കില്‍ പോക്കറുടെ അടുത്തേക്കാണ് ചെല്ലേണ്ടത്.”

ബഷീറിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകള്‍’ നോവല്‍ ആരംഭമാണ് മേല്‍ കൊടുത്തത്.

മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കര്‍, മകള്‍ സൈനബ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. മൂരാച്ചികളായ രണ്ട് പോലീസുകാര്‍, ആഴ്ച ചന്തയിലെ ആള്‍ക്കൂട്ടം, പൊതുജനം തുടങ്ങി വിശാലമായ ഒരു വേദിയുമുണ്ട്.

ഒറ്റക്കണ്ണന്‍ പോക്കര്‍ക്ക് മുച്ചീട്ട് കളിക്കാരന്‍ പോക്കറെന്നും പേരുണ്ട്. മുച്ചീട്ട് കളിയാണ് തൊഴില്‍.പത്തൊമ്പത് വയസ്സുള്ള മകള്‍ സൈനബയെ പിടിപ്പുള്ള ഒരാള്‍ക്ക് കെട്ടിച്ച് കൊടുക്കണം. ആയതിലേക്കായി നൂറ്റിഇരുപത് രൂപയും സമ്പാദിച്ച് വെച്ചിട്ടുണ്ട്.

മണ്ടന്‍ മുത്തപ്പക്ക് പോക്കറ്റടിയാണ് തൊഴില്‍. ആഴ്ച ചന്തയാണ് മുത്തപ്പയുടെ തൊഴിലിടം.പോക്കറ്റടിക്കാരനാകുന്നതിന് മുന്‍പ് , മുച്ചീട്ട് കളി പഠിക്കാന്‍ ഒറ്റക്കണ്ണന്‍ പോക്കറുടെ അപ്രന്റീസാകാന്‍ പലകുറി അഭ്യര്‍ത്ഥിച്ചതാണ്. അപ്പോഴൊക്കെ പോക്കര്‍ , മുത്തപ്പയെ പരിഹസിച്ചു വിട്ടു. മുത്തപ്പയും സൈനബയും ലോഹ്യത്തിലായി.മുത്തപ്പ ഒരു ദിവസം പറഞ്ഞു.

ഞമ്മക്ക് ഇമ്മാസത്തീത്തന്നെ നിക്കാഹ് കഴിക്കണം.”

എന്റെ റൂഹൊള്ള കാലത്ത് നീ അയിന് മോഹിക്കേണ്ടെന്ന് പറഞ്ഞ് പോക്കര്‍ ക്ഷുഭിതനായി. പക്ഷെ സൈനബയെ നിക്കാഹ് കഴിച്ച് കെട്ട്യോളാക്കുമെന്ന് ഉറച്ച നിലപാടെടുത്തു മുത്തപ്പ.

പോക്കറ്റടി നിറുത്തി ചായക്കട തുടങ്ങാന്‍ പത്തുരൂപ കാശ് പോക്കറോട് മുത്തപ്പ സഹായം ചോദിച്ച്. അതും നടന്നില്ല.

അങ്ങനെ യുദ്ധം തുടങ്ങി.

ബഹുജനം രണ്ട് ചേരിയായി തിരിഞ്ഞു.സൈനബ ആരുടെ ചേരിയിലാണെന്ന് ജനത്തിന് പിടികിട്ടിയില്ല. നമ്മുടെ ചേരിയിലാണെന്ന് മുത്തപ്പ തുറന്നടിച്ച് പറഞ്ഞു.

പെണ്ണിന്റെ മനസ്സ് പോണേടത്ത് ജയമെന്ന് ജനം പ്രവചിച്ചു.

ചന്ത യുദ്ധക്കളമായി.സിനിമയില്‍ കാണും പോലെ സ്റ്റണ്ടല്ല. മുച്ചീട്ട് കളിയുദ്ധം.പോക്കറും, മുത്തപ്പയും പൊരുതി.

മുത്തപ്പ ജയിച്ചു. പോക്കര്‍ കുത്തുപാളയെടുത്തു. സൈനബയെ കെട്ടിക്കാന്‍ വെച്ച കാശ് മുത്തപ്പ നേടി. ഒപ്പം സൈനബയേയും!

കളി ജയിക്കാനുള്ള ബുദ്ധി മുത്തപ്പക്ക് എങ്ങനെ കിട്ടി?

അതാണ് കഥയുടെ ക്ളൈമാക്സ്!

ആഴ്ചചന്തയിലും അതിന് ചുറ്റുപാടുകളിലുമായാണ് ബഷീറിന്റെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. ഭാഷയും ജീവിതരീതികളുമെല്ലാം അതിനനുയോജ്യമാം വിധം തന്നെ. കഥാകാരന്‍ ഇതെല്ലാം നേരില്‍ക്കണ്ട പോലെ വിവരിക്കുകയാണ്. ആഴ്ച ചന്ത, ശായേന്റെ കട, മുച്ചീട്ട് കളി, കായക്കുല പുഴയിലൂടെ നീന്തുന്നതുമൊക്കെ വായനക്കാരന് നേരില്‍ക്കാണാം.

1951 ലാണ് ഈ ലഘുനോവല്‍ പ്രസിദ്ധീകരിച്ചത്. എഴുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും ആ കഥയും കഥാപാത്രങ്ങളും ഇന്നും ആസ്വാദകമനസ്സുകളില്‍ ജീവിക്കുകയാണ്.കൃതഹസ്തനായ ആ എഴുത്തുകാരന്റെ ഭവനാചാതുരി കാലങ്ങളെയും അതിജീവിക്കുന്നു. ബഷീര്‍ അങ്ങനെയാണ് ഇതിഹാകാരനാകുന്നത്.

1994 ജൂലൈ 5നാണ് അദ്ദേഹം നിര്യാതനായത്. ഇന്ന് ബഷീര്‍ ദിനം. സാഹിത്യ സാമ്രാജ്യത്തിലെ സുല്‍ത്താനെ അനുസ്മരിച്ച് കൊണ്ട് ഈ വായനാക്കുറിപ്പ് സമര്‍പ്പിക്കുന്നു.


എം.എന്‍.സന്തോഷ്




No comments:

Post a Comment