13 December, 2013

കലാപ്രതിഭ


പ്രകൃതിയുടെ സ്നേഹചിത്രകാരന്‍



പ്രകൃതിയെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് വിപിന്‍ കെ നായര്‍ എന്ന യുവ ചിത്രകാരന്‍. മണ്ണില്‍ നിന്നും മനസ്സില്‍ നിന്ന് പോലും മരങ്ങള്‍ മറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വിപിന്റെ കാന്‍വാസില്‍ മരങ്ങള്‍ പടര്‍ന്ന് പന്തലിക്കുകയാണ്.വിപിന്റെ മനസ്സ് നിറയെ പച്ചപ്പരപ്പാണെന്ന് തോന്നുന്നു.പ്രകൃതിയെ , പ്രത്യേകിച്ച് മരക്കൂട്ടങ്ങളുടെ നിബിഢതയെ അത്രക്കിഷ്ടപ്പെടുന്നുണ്ട് ഈ ചിത്രകാരന്‍.മരച്ചിത്രങ്ങള്‍ക്ക് മുന്നിലിരുന്ന് മനസ്സിനെ ധ്യാനാത്മകമാക്കുയെന്നാണ് വിപിന്‍ പറയുന്നത്.കണ്ണും മനസ്സും ആ പച്ചപടര്‍പ്പുകളിലേക്ക് ആവാഹിക്കുമ്പോള്‍ ഒരു പാട് കാഴ്ച്ചകള്‍ അനുഭവിക്കാം എന്ന് ചിത്രകാരന്‍.അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് വിവരണമില്ലയെന്ന് ഭവ്യതയോടെ ഈ ചിത്രകാരന്‍ മൊഴിയുന്നു.

വിപിന്‍ കെ നായരുടെ അക്രിലിക്ക് ചിത്രങ്ങള്‍ എറണാകുളം ഡര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പള്ളുരുത്തി സ്വദേശിയായ വിപിന്‍ എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.

ചിത്ര രചനക്ക് കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ യുവ ചിത്രകാരന്‍.

മനസ്സിന് ശാന്തിയും സമാധാനവും പകര്‍ന്ന് നല്‍കുന്ന മരങ്ങളെ സ്നേഹിക്കണമെന്ന ആശയം പകര്‍ന്ന് ചിത്രം വരച്ച് കൊണ്ടിരിക്കുകയെന്ന ദൗത്യം നിര്‍വഹിച്ചുകൊണ്ടിക്കുകയാണ് വിപിന്‍.പ്രകൃതിയുടെ ഈ സ്നേഹഗായകന് ഇനിയും വര്‍ണ്ണമനോഹര ദൃശ്യങ്ങള്‍ രചിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. എന്റെ ഈ പ്രിയ ശിഷ്യന് സര്‍വ്വഭാവുകങ്ങളും നേരുന്നു