ന്യൂ
ജനറേഷന്‍
ഉള്ളം
കൈയിലിരിക്കുന്ന നാണയത്തിലേക്കും
, പിന്നെ അത് ദാനം
ചെയ്ത എന്റെ ഭാര്യയുടെ
നേര്‍ക്കും അവര്‍ നോട്ടമിട്ടു.
തമിഴ് നാട്ടുകാരിയാണെന്ന്
തോന്നിക്കുന്ന വൃദ്ധയായ ആ
യാചകി പരവശയായിരുന്നു.
വടി ഊന്നി നടന്നു
വന്ന ആ വൃദ്ധയുടെ തോളില്‍
ഒരു സഞ്ചി തൂങ്ങുന്നുണ്ട്.
പഴകിയ സാരി
ചുറ്റിയിരിക്കുന്നു.
“ഒരു
ഉറുപ്പിയാ ? ഇത്
തെകയില്ല അമ്മാ.”
ഒരു രൂപ
നാണയം പിച്ചക്കാര്‍ക്ക്
പോലും വേണ്ടാതായല്ലോ എന്ന
ആത്മഗതത്തോടെ സിന്ധു പറഞ്ഞു.
“വേറെ
ചില്ലറ പൈസയില്ലാഞ്ഞിട്ടാ.”
' മുറ്റത്തെ
പൂക്കളത്തിലേക്ക് കണ്ണു
നട്ട് , ഓണമല്ലേയമ്മാ
, എന്തെങ്കിലും
കൂടി സ്പെഷല്‍ കൊടുക്ക് അമ്മാ'
എന്ന് കേഴുന്നു ആ
വൃദ്ധ യാചക സ്ത്രീ.
"ഓണം കഴിഞ്ഞു പോയി . സ്പെഷല്‍ ഒന്നും ഇല്ല .പൊയ്ക്കോ .” സിന്ധു ഒട്ടും മയമില്ലാതെ തന്നെ പറഞ്ഞു.
"പൂക്കളമിരിക്കുന്നു.
മാവേലിയപ്പനിരിക്കുന്നു.പൊളിപറയാതെയമ്മാ,
ഇന്നല്ലേ ഓണം എനിക്ക്
തെരിയും.”
യാചക
സ്ത്രീ പിന്തിരിയുന്നില്ല,
കൂടുതല്‍ കാശ്
ആവശ്യപ്പെട്ട് ഗേറ്റിന്
പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
സിന്ധു
ഗേറ്റ് തുറന്നില്ല.
ഭിക്ഷാടനത്തിന്
നടക്കുന്നവര്‍ പല തരക്കാറുണ്ട്.
സ്ത്രീയാണെങ്കിലും
വിശ്വസിക്കാന്‍ പറ്റില്ല.ഒരു
പക്ഷേ ഇവരുടെ ഊന്നു വടിക്കകത്ത്
ഇരുമ്പു വടിയായിരിക്കും.തലക്കടിച്ച്
വീഴ്ത്തും.മോഷണം
നടത്തി കടന്നു കളയും.കൊല്ലാനും
മടിക്കില്ല. വിശ്വസിക്കാന്‍
പറ്റില്ല ഇവറ്റകളെ ! ഒരു
രൂപ കൂടി കൊടുത്ത് പറഞ്ഞ്
വിട് എന്ന് ഞാന്‍ ആംഗ്യം
കാണിച്ചു.
അപ്പോള്‍
മകള്‍ ഗൗരി ഒരു സ്വകാര്യം
പറഞ്ഞു.
“അച്ഛാ,
ഇന്ന് തിരുവോണമല്ലേ,
മാവേലി വേഷം മാറി
വന്നതായിരിക്കും നമ്മളെ
പരീക്ഷിക്കാന്‍ !പെണക്കണ്ടാ
. പായസമിരിക്കുന്നുണ്ടല്ലോ,
നമുക്ക് കൊടുക്കാം.”
പായസം
വേണോയെന്ന് സിന്ധു ചോദിച്ചപ്പോള്‍
ആ സ്ത്രീ ഉഷാറായി.മുഖത്തെ
ഭാവപ്പകര്‍ച്ച കണ്ടാലറിയാം
വയറു് പൊരിയുന്നുണ്ടെന്ന്.ഓണ
വിഭവങ്ങള്‍ ബാക്കി ഇരിപ്പുണ്ട്.
ഊണ് കൊടുക്കാമെന്ന്
ഞങ്ങള്‍ കരുതി.കാര്‍
ഷെഡില്‍ ഇല വെച്ചു. ചോറും
കറികളും വിളമ്പി . . ഗേറ്റ്
തുറക്കുന്നതും കാത്ത് ആ
ഭിക്ഷക്കാരി മഴ നനഞ്ഞ് നിന്നു.
വടി ചുവരില്‍ ചാരി
, സഞ്ചി തോളില്‍
നിന്നിറക്കി, ഇടതുവശത്ത്
ചേര്‍ത്ത് പിടിച്ച് ഇരുന്നു.
ചോറില്‍
സാമ്പാറു കുഴച്ച് വലിയ
ഉരുളയാക്കി വിഴുങ്ങുന്നതിനിടെ
അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
“മോളെ,
മുരുകന്‍ കാപ്പാക്കും.
ഒരു സത്യം ശോല്ലാം.
ഇന്ന് അഞ്ഞൂറ്
ഉറുപ്പിക പിരിക്കണം. അതാ
പേശിയത്. അത്
കൊടുത്തില്ലേ പെരിയോര്‍
വിറപ്പിക്കും. ഈ
വടിക്ക് തലക്കടിച്ച് വീഴ്ത്തും.
ഞങ്ങള് പത്തിരുപത്
പേരുണ്ട് കമ്പനീല്...”
“ആരാ
, പെരിയോര്‍?”
ഞാന്‍ ചോദിച്ചു.
“ചിദംമ്പരം
.പെരും കള്ളന്‍
, കണ്ണീച്ചോരയില്ലാത്തവന്‍.”
പെരിയോറെ
പഴിപറഞ്ഞു കൊണ്ട് അവര്‍
ചോറുരുളകള്‍ വിഴുങ്ങി.
ഇഞ്ചി അച്ചാറും ,
അവിയലും , അച്ചിങ്ങ
തോരനും കൊതി വാറ്റി കഴിച്ചു.
"പെരിയോറുടെ
തൊഴി കൊള്ളുന്നതെന്തിനാണ്?
വേറെ എന്തെങ്കിലും
പണിക്ക് പോയ് ക്കൂടെ .
അനാഥാലയങ്ങളുണ്ടല്ലോ
. അവിടെ പാര്‍ക്കണം
. "എന്ന് സിന്ധു
പറഞ്ഞു .
“പീടികത്തിണ്ണേല്‍
കിടന്നുറങ്ങ്യാ ഇതിലും
ഭേദമായിരിക്കും " എന്നെനിക്ക്
തോന്നി.
അപ്പോഴാണ്
ഒരല്‍ഭുതം സംഭവിക്കുന്നത്.
ആ ഭിക്ഷക്കാരിയുടെ
സഞ്ചിയില്‍ മൊബൈല്‍ ഫോണ്‍
മണിയടിക്കുന്നു.
മക്കള്‍ക്ക് ചിരി
വന്നു. “ഇത്
ന്യൂജനറേഷന്‍ പിച്ചക്കാരിയാണല്ലോ"
എന്ന് ഹരിയുടെ കമന്റ്
!
ഫോണിന്
ജീവന്‍ വെച്ച നിമിഷം ആ യാചക
സ്ത്രീയുടെ കൈയിലിരുന്ന
ഞാലിപ്പൂവന്‍ പഴം നിലം പതിച്ചു.
മുഖം വിളറുന്നതും
, . ശോഷിച്ച കൈകള്‍
വിറക്കുന്നതും കാണാം.
സഞ്ചിയില്‍ നിന്നും
ഫോണ്‍ തപ്പിയെടുത്ത് ചെവിയോട്
ചേര്‍ത്ത് പിടിച്ചു .
ലൗഡ്സ്പീക്കര്‍
ഓണ്‍ ആണ്. കേള്‍ക്കാം
, അട്ടഹാസം .
ഇത് പെരിയോര്‍ തന്നെ
! കമ്പനി മുതലാളിയുടെ
ആജ്ഞകള്‍... ഭയന്നു
വിറക്കുന്ന അടിയോര്‍.
മൂളുന്നു പോലുമില്ല
.
അപ്പോള്‍
കേള്‍ക്കാം ചിദംമ്പരത്തിന്റെ
അന്ത്യശാസനം .
“എന്താ
, തള്ളേ ചത്തു
പോയോ ? കാശില്ലാതെ
ഇങ്ങോട്ടു വാ..... ചുട്ടു
കളയും.”
ഫോണ്‍
സഞ്ചിയിലേക്ക് വലിച്ചെറിഞ്ഞ്
,ഭക്ഷണം മതിയാക്കി
ഭിക്ഷക്കാരി എഴുന്നേറ്റു.
പായസം
കഴിച്ചില്ലല്ലോയെന്ന് ഭാര്യ
ഓര്‍മ്മപ്പെടുത്തിയപ്പോള്‍
വേണ്ടെന്ന് പറഞ്ഞു . ധൃതിയോടെ
കൈയും മുഖവും കഴുകി, സഞ്ചി
തോളിലെടുത്ത് വടിയൂന്നി
അവര്‍ യാത്രക്കൊരുങ്ങി.
ഞാന്‍
ഒരു പത്തു് രൂപ നോട്ട് അവര്‍ക്ക്
നേരെ നീട്ടി. അവരത്
വാങ്ങുകയും നന്ദി പറയുകയും
ചെയ്തു .
“പെരിയോറാണ്
വിളിച്ചത് അല്ലേ ?” ഞാന്‍
ചോദിച്ചു.
“ അതേ,
ചിദംമ്പരം .
അവനാണ് വിളിച്ചത്.
കണ്ണീച്ചോരയില്ലാത്ത
ദുഷ്ടന്‍.”
പെരും
മഴ നനഞ്ഞ് നിന്ന് ഗേറ്റ്
അടച്ചു് വടിയൂന്നി നടക്കാന്‍
തുടങ്ങവേ , ആ
സ്ത്രീ കണ്ണീര്‍ മഴക്കൊപ്പം
ചിതറിയ വാക്കുകള്‍ വിറങ്ങലിച്ചിരുന്നു
.
“പെറ്റ
തള്ളയെയാണ് പറയുന്നത് ,ചുട്ടു
കളേമെന്ന് . തീവണ്ടി
കേറി ചാകത്തേയുള്ളു ആ കാലമാടന്‍
.”
ആ ശബ്ദം
തോരാമഴയില്‍ നനഞ്ഞതിനാല്‍
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാന്‍
പറ്റിയില്ല. വൃദ്ധ
സ്ത്രീയുടെ കവിളിലിറ്റ് വീണ
കണ്ണീര്‍ത്തുള്ളികള്‍
മഴച്ചാലില്‍ ലയിച്ചു .
മഴയുടെ ഗുഹയിലൂടെ
ആ ഭിക്ഷക്കാരി നടന്നു പോയി.
കഥ കൊള്ളാം . നല്ല ഭാഷ
ReplyDeleteവൃദ്ധദിനത്തിന് പറ്റിയ കഥ
കഥയ മമ കഥയ മമ കഥകളതിസാദരം
thank u sir
Delete