14 April, 2015

വിഷു ആശംസകള്‍


വിഷുക്കാലം ഒരു ഓര്‍മ്മച്ചിത്രം


അന്നൊരു വിഷുക്കാലത്ത്

ഒരു വിഷുക്കാലം കൂടി ഇതാ അരികിലെത്തുന്നു. ഈ അവധിക്കാലത്ത് ഏതാനം ദിവസങ്ങളായി ഞങ്ങള്‍( എന്റെ കുടുംബം ) രാവിലെ വാതില്‍ തുറന്നാല്‍ കണി കാണുന്നത് നേരെ മുന്നിലെ പറമ്പില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയെയാണ്. അതൊരു മനം കുളുര്‍പ്പിക്കുന്ന കാഴ്ച്ചയായിരുന്നു. ഇന്നലെ മുതല്‍ തന്നെ വിശിഷ്ടമായ ആ കൊന്നപ്പൂക്കള്‍ തേടി ആളുകളുടെ വരവ് തുടങ്ങി. ഇതാ ഇപ്പോള്‍ കൊന്ന മരം ശൂന്യമായി. വിഷുപ്പുലരിയില്‍ കണി കാണാന്‍ ഒരുക്കുന്ന സമൃദ്ധമായ നിറപറക്കാഴ്ച്ചകളില്‍ കണ്ണന്റെ അരികില്‍ ഇടം പിടിക്കാന്‍ ആ കൊന്നപ്പൂവ് മരമിറങ്ങിപ്പോയി.ആ ജന്മം എത്ര സഫലം !

ബാല്യത്തിലെ ഒരു വിഷുക്കാലം ഓര്‍മ്മയിലോടിയെത്തുകയാണ്. അന്ന് അമ്മയും വല്യമ്മയും ഓരോ രൂപ വീതം വിഷുക്കൈനീട്ടം തന്നു. രണ്ടു് ഒറ്റരൂപ നാണയങ്ങള്‍ . ആ കാശ് ട്രൗസറിന്റെ പോക്കറ്റിലിട്ട്കൊണ്ട് ഞാന്‍ കോവിലകത്തുംകടവിലേക്ക് നടന്നു. അവിടെയാണ് പടക്കക്കടയുള്ളത്. പടക്കക്കടയില്‍ നല്ല തിരക്കുണ്ട്. രാജപ്പന്‍ ചേട്ടന്റെ കടയാണ്. ഗുണ്ടിന് രണ്ട് രൂപ വില. ഞാന്‍ ഒരു ഗുണ്ട് വാങ്ങിച്ചു. കാശ് കൊടുത്തു. ഗുണ്ട് ട്രൗസറിന്റെ പോക്കറ്റില്‍ ഇട്ടു കടയില്‍ നിന്നും പോന്നു. (ട്രൗസറിന്റെപോക്കറ്റില്‍ ഗുണ്ടുണ്ടെന്ന് എന്നെക്കണ്ടാല്‍ ആരും പറയുകയേയില്ല ! )

അച്ഛന്റെ ജൗളിക്കട കടവില്‍ത്തന്നെയാണ് . ഞാന്‍ കടക്കരികില്‍ ചെന്നു നിന്നു. വിഷുക്കാലമായതിനാല്‍ കടയില്‍ തിരക്കുണ്ട്. കടയില്‍ തയ് ക്കുന്ന അച്ഛന്റെ ചങ്ങാതിമാരായ മാധവന്‍ പാപ്പന്‍ , ഭരതന്‍ പാപ്പന്‍ തമ്പിചേട്ടന്‍ തുടങ്ങി മറ്റ് പലരും എന്നോട് പതിവില്ലാത്ത ഒരു ചങ്ങാത്തം. നാരായണന്‍( അച്ഛന്റെ പേര് )ചേട്ടന്റെ മോന്‍ ഗുണ്ട് വാങ്ങിപോന്നിട്ടുണ്ടെന്ന മെസ്സേജ് ഞാന്‍ എത്തുന്നതിന് മുന്‍പേ അച്ഛന്റെ കാതിലെത്തിയിരുന്നു. മൂവര്‍ സംഘം എന്റെ പിന്നാലെ കൂടി. ഭരതന്‍ പാപ്പന്‍ എന്നെ പൊക്കിയെടുത്തു. മാധവന്‍ പാപ്പന്‍ ട്രൗസറില്‍ പിടികൂടി.പോക്കറ്റില്‍ കൈകടത്താതിരിക്കാന്‍ ഞാന്‍ ചുരുണ്ടുകൂടാന്‍ ശ്രമിച്ചു. പക്ഷെ രക്ഷയില്ല , മാധവന്‍ പാപ്പന്‍ ഗുണ്ട് പുറത്തെടുത്തു് നാട്ടുകാരെ കാണിച്ചു. കുറച്ച് ഇക്കിളിയായത് മിച്ചം . നാണക്കേടും !
മാധവന്‍ചേട്ടാ , ഇപ്പോതന്നെ പൊട്ടിച്ചേക്ക്,” ആള്‍ക്കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.
മാധവന്‍ പാപ്പന്‍ ഗുണ്ടുമായിപ്പോയി. ഗുണ്ട് റോഡിന് നടുക്ക് വെച്ചു. മാധവന്‍ പാപ്പന്‍ നല്ല ബീഡി വലിക്കാരനാണ്. അദ്ദേഹം ഒരു ബീഡി കത്തിച്ച് ചുണ്ടില്‍ വെച്ച് ആഞ്ഞാഞ്ഞ് വലിച്ചു. ബീഡിതുമ്പത്ത് തീക്കട്ട ! ആളുകള്‍ അകന്നു നിന്നു. ബീഡിത്തുമ്പത്തെ തീ ഗുണ്ടിന്റെ തിരിത്തുമ്പില്‍ മുട്ടിച്ചു് പുറകിലേക്ക് മാറി. ഞാന്‍ ചെവിയില്‍ വിരല്‍ തിരുകി. കണ്ണിറുക്കിയടച്ചു.
ഒരൊറ്റപൊട്ട് !
ഗുണ്ട് പൊട്ടി തീര്‍ന്നു. ഞാന്‍ കിടുങ്ങിപ്പോയി.......
അച്ഛന്‍ കടയില്‍ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു.
എടാ മോനേ, ആ ഗുണ്ടെങ്ങാനും നിന്റെ കീശയിലിരുന്ന് പൊട്ടിയെങ്കിലുള്ള സ്ഥിതിയെന്താണെടാ ?”
ആ ചോദ്യം ഇപ്പോഴും ഞാന്‍ കേള്‍ക്കാറുണ്ട്. ഗുണ്ടിന്റെ നടുക്കുന്ന ശബ്ദവും എല്ലാ വിഷുക്കാലത്തും എന്റെ കാതില്‍ മുഴങ്ങുന്നു.




02 January, 2015

സിനിമ നിരൂപണം











കണ്ടാല്‍ കൊണ്ടു


"നഗര വാരിധി നടുവില്‍ ഞാന്‍" എന്ന സിനിമ കേരളത്തിലെ നഗര വാസികള്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. ഭരണസ്ഥാപനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്ക്കരണമാണ് സിനിമയുടെ കഥാതന്തു.

ഹൗ ഓള്‍ഡ് ആര്‍ യു ല്‍ മ‍ഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമ മോഹനേക്കാളും പ്രായോഗിക വാദിയാണ് നഗര വാരിധിയിലെ ശ്രീനിവാസന്റെ വേണു. ജൈവകൃഷിയുടെ അവതാരകയായ മ‍‍‍ഞ്ജുവാര്യര്‍ ആ പ്രസ്ഥാനത്തിന്റെ അംബാസഡറായതുപോലെ , ഈ സിനിമ ശ്രീനിവാസനെ മാലിന്യ സംസ്കരണ പ്രസ്ഥാനത്തിന്റെ അംബാസഡറാക്കാന്‍ സാധ്യതയുണ്ട്. സിനിമ ജനം സ്വീകരിച്ചാല്‍ !

പച്ചക്കറി വിളയിക്കുന്നതു പോലെ മലയാള മണ്ണില്‍ മാലിന്യം സംസ്ക്കരിക്കാന്‍ സാധിക്കില്ലെന്ന് മലയാളിക്ക് അറിയാം. വേണുവിന്റെ അഞ്ചു സെന്റില്‍ മാലിന്യം നിക്ഷേപിക്കുന്ന കോളനി വാസികള്‍ നമ്മളാണ് എന്ന തിരിച്ചറിയുമ്പോള്‍ സിനിമ കാണുന്ന നമ്മുടെ മുഖത്ത് ഒരു കള്ളച്ചിരി വരുന്നില്ലേ ? പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന മഹാപ്രസ്ഥാനത്തിലെ അംഗങ്ങളാണ്. മലയാളികള്‍(മന:പ്പൂര്‍വ്വമല്ല അല്ലേ ? ഗതികേട് !). ശ്രീനിവാസന്റെ അമ്പ് കൊള്ളാത്തവരില്ല കേരളത്തില്‍ !

മലയാളികള്‍ ഈ സിനിമ കണ്‍കുളുര്‍ക്കെ കണ്ടാല്‍ ശ്രീനിവാസന്‍ രക്ഷപ്പെടും .