23 August, 2021

മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുദേവന്‍



'ശ്രീനാരായണ സ് മൃതി' - ഒരു പ്രവര്‍ത്തന 

സംഹിത


മനുഷ്യകുലത്തിന്റെ നന്മക്കായി ഒരു പ്രവര്‍ത്തനസംഹിത തന്നെയെഴുതിയിട്ടുണ്ട് ഗുരുദേവന്‍. 'ശ്രീനാരായണ ധര്‍മ്മം' അഥവാ 'ശ്രീനാരായണ സ് മൃതി' എന്നാണിതറിയപ്പെടുന്നത്. ഗുരു അരുളിയ ഉപദേശങ്ങള്‍ 1924 ല്‍ ആത്മാനന്ദ സ്വാമിയാണ് പദ്യരൂപത്തിലാക്കിയതെന്ന് പറയപ്പെടുന്നു.

പത്ത് സര്‍ഗ്ഗങ്ങള്‍

സംസ്കൃതത്തിലാണ് ഈ പദ്യം രചിക്കപ്പെട്ടിട്ടുള്ളത്. പത്ത സര്‍ഗ്ഗങ്ങളിലായി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് ശ്ലോകങ്ങലാണിതിലുള്ളത്.

1 പ്രാരംഭം

2 ധര്‍മ്മാധര്‍മ്മ വിവേചനം

3 ഒരു ദൈവം

4 സൂതകം

5 ആശ്രമധര്‍മ്മം

6 ബ്രഹ്മചര്യം

7 ഗാര്‍ഹസ്ഥ്യ ധര്‍മ്മം

8 പ‍ഞ്ചമഹാ യജ്ഞം

9 അപരക്രിയ

10സംന്യാസം

എന്നിങ്ങനെയാണ് സര്‍ഗ്ഗങ്ങള്‍.

ധര്‍മ്മാധര്‍മ്മ വിവേചനം എന്ന രണ്ടാം സര്‍ഗ്ഗത്തിലാണ് നിര്‍ണ്ണായകമായ ജാതി, മതം എന്നിവ വിശകലനം ചെയ്യുന്നത്. മനുഷ്യര്‍ക്ക് ജാതി ഒന്നേയുള്ളുവെന്നും അത് മനുഷ്യജാതിയാണെന്നും ഗുരു വിളംബരം ചെയ്യുന്നു.


'മനുഷ്യാണാം മനുഷ്യത്വം

ജാതിര്‍ ഗോത്വം ഗവാം യഥാ

നൈവ സാ ബ്രാഹ്മണത്വാദിര്‍

യൗഗികത്വാദ്വിമൃശ്യതാം .’

എന്ന വിഖ്യാതമായ വെളിപ്പെടുത്തല്‍ ഈ സര്‍ഗ്ഗത്തില്‍ മുപ്പത്തിയഞ്ചാമത്തെ വരിയാണ്. ഗോക്കള്‍ക്ക് ഗോത്വമെന്നപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമെന്നാണ് ഗുരുദേവന്‍ അരുളിച്ചെയ്യുന്നത്. ബ്രാഹ്മണത്വം മുതലായവ മനുഷ്യന്റെ ജാതിയല്ല എന്ന വിപ്ളവകരമായ ഒരു ചിന്തയാണ് ഗുരുദേവന്‍ ഇവിടെ കൊളുത്തിവെക്കുന്നത്.

' ഒരു ദൈവം ' എന്ന മൂന്നാം സര്‍ഗത്തിലാണ് 'അഹിംസയും’, 'മദ്യവര്‍ജന'വും, 'ശുദ്ധി പഞ്ചകം' തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്.

ഇന്നത്തെ കാലഘട്ടത്തിലെ വളരെ പ്രസക്തമായ അഞ്ച് കാര്യങ്ങളാണ് ഗുരുദേവന്‍

'ശുദ്ധിപഞ്ചകത്തിലൂടെ ' ഉദ്ബോധിപ്പിക്കുന്നത്. 'ദേഹശുദ്ധി’, 'വാക്ക്ശുദ്ധി’, 'മന:ശുദ്ധി’, 'ഇന്ദ്രിയ ശുദ്ധി’, 'ഗൃഹശുദ്ധി' എന്നിവ .

യശ് ശുദ്ധി പഞ്ചക മിദം ചരദി പ്രശസ്ത’

തൊണ്ണൂറ്റി ഒമ്പതാമത്തെ ശ്ലോകം തുടങ്ങുന്നതിങ്ങനെയാണ്.

പഞ്ചശുദ്ധികള്‍ പരിപാലിക്കുന്നതിലൂടെ ആരോഗ്യവും, ഊര്‍ജ്ജവും,ദീര്‍ഘായുസ്സും കൈവരിക്കാന്‍ കഴിയും എന്ന് ഗുരുദേവന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.

മനുഷ്യര്‍ നിശ്ചയമായും അനുവര്‍ത്തിക്കേണ്ട അഞ്ചുമഹായജ്ഞങ്ങളാണ് എട്ടാം സര്‍ഗ്ഗത്തിലുള്ളത്.

'ബ്രഹ്മയജ്ഞം’, 'പിതൃയജ്ഞം’, 'ദൈവയജ്ഞം’, 'ഭൂതയജ്ഞം’, 'മാനുഷയജ്ഞം' എന്നിവയാണ് പ‍ഞ്ചമഹായജ്ഞത്തിലടങ്ങിയിരിക്കുന്നത്.

ജപം, പഠനം, പാഠനം എന്നിവയാണ് ബ്രഹ്മയജ്ഞം. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്നതാണ് പിതൃയജ്ഞം. ദൈവത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളാണ് ദൈവയജ്ഞം. പ്രാണികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഭൂതയജ്ഞം. അതിഥികള്‍, ബ്രഹ്മചാരികള്‍, ആര്‍ത്തന്മാര്‍, അനാഥര്‍, ആലംബഹീനര്‍ എന്നിവരെ പൂജിക്കുകയും അന്നദാനാദി കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പുണ്യപ്രവര്‍ത്തനമാണ് മാനുഷയജ്ഞം.

പഞ്ജയജ്ഞാന കുര്‍വാണോ

നൂനം ദുര്‍ഗതി മാപ്നുയാത്

യഞ്ജാവശിഷ്ട ഭോക്താര:

സ്പ്രശ്യന്തേ ന ഹി പാപ് മഭി ’

മനുഷ്യകുലത്തില്‍ പിറന്ന ഓരോരുത്തരം പഞ്ചമഹായജ്ഞം അനുഷ്ഠിച്ചിരിക്കണമെന്നാണ് ഗുരുദേവന്‍ ഉദാബോധിപ്പിക്കുന്നത്. പഞ്ചമഹായജ്ഞം ചെയ്യാത്തവര്‍ക്ക് സദ്ഗതിയുണ്ടാവില്ലെന്നും ഗുരു ഉദ്ബോധിപ്പിക്കുന്നു.

എട്ടാം സര്‍ഗ്ഗത്തില്‍ നൂറ്റി എണ്‍പത്തിയൊമ്പാതാമത്തെ ശ്ലോകമാണ് മുകളില്‍ സൂചിപ്പിച്ചത്.

പഞ്ചമഹായജ്ഞത്തെ തുടര്‍ന്ന് ഒമ്പതാമത്തെ സര്‍ഗ്ഗം അപരക്രിയയും , പത്താമത്തെ സര്‍ഗ്ഗം സന്യാസവുമാണ്.

ഇങ്ങനെ പത്ത് സര്‍ഗ്ഗങ്ങളിലൂടെ മനുഷ്യര്‍ക്കായി ഒരു പ്രവര്‍ത്തന സംഹിത സമര്‍പ്പിച്ചിരിക്കുകയാണ് ഗുരുദേവന്‍ ചെയ്തിരിക്കുന്നത്.

ബൃഹത്തായ ഈ കര്‍മ്മ പദ്ധതികള്‍ ‍ യഥാവിധി അനുഷ്ഠിക്കുന്നതിലൂടെ മനുഷ്യകുലത്തിനും, തദ്വാര ലോകത്തിനും ക്ഷേമവും അഭിവ‍‍ൃദ്ധിയും സംഭവിക്കുമെന്ന് ഗുരുദേവന്‍ പ്രവചിക്കുന്നു.

ലോകനന്മ ലക്ഷ്യമാക്കി,മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് നല്കി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തന സംഹിത സമര്‍പ്പിച്ച ശ്രീനാരായണ ഗുരുദേവനെ ലോകഗുരു എന്ന് തന്നെ വിശേഷിപ്പിക്കാം.


എം.എന്‍.സന്തോഷ്

23/08/2021

21 August, 2021

ഓണപ്പാട്ടുമായിതാ പൂക്കാലം



ഓണമായിതാ. . . . 

 ഈ തിരുവോണനാളില്‍ ഓണപ്പാട്ടുകള്‍ ഓര്‍ത്തെടുത്ത് ഒരെഴുത്ത് .

 

   ചിങ്ങമാസത്തില്‍ ഓണനിലാവ് തെളിയുമ്പോള്‍ തൊടികളില്‍ പൂക്കള്‍ വിടരും. വര്‍ണ്ണച്ചിറകുകള്‍ വീശി പൂമ്പാറ്റകള്‍ പൂക്കള്‍ തോറും പാറി നടക്കും. പൂമുഖം പൂക്കളാല്‍ അലങ്കൃതമാകും.പൂവിളികളുയരും. ഓണപ്പാട്ടും , ഊഞ്ഞാലാട്ടവും, തുമ്പിതുള്ളലും , ഓണക്കളികളും ! ഓരോ മലയാളിയുടെ മനസ്സും പൂമ്പാറ്റകളായി വര്‍ണ്ണ ച്ചിറകുകള്‍ വീശി , ആഹ്ളാദം വാനോളമുയരുന്ന കാലം . വൈവിധ്യമാര്‍ന്നതാണി ഓണ സങ്കല്‍പ്പങ്ങള്‍ !

പരിമിതികളെ അതിജിവിച്ച് കൊണ്ടാണെങ്കിലും ഈ ദുരിത കാലത്തും നമ്മള്‍ ഓണമാഘോഷിക്കുന്നു. ഓണപ്പാട്ടുകളെ അയവിറക്കി കൊണ്ട് ഒരോണക്കാലം .

പൂക്കാലത്തോടൊപ്പം ഓണക്കാലം അടയാളപ്പെടുത്തുന്ന കാവ്യ സുഗന്ധമാണ് ഓണപ്പാട്ടുകള്‍. കാലമെത്ര കഴിഞ്ഞാലും , ഓരോ മലയാളിക്കും ഓണത്തെ ഓര്‍ത്ത് വെക്കാന്‍ ഒട്ടനവധി ഓണപ്പാട്ടുകള്‍ കൈരളിക്ക് കാഴ്ച്ചവെച്ചിട്ടുണ്ട് ചലച്ചിത്ര ഗാനശില്‍പ്പികള്‍.ഓണപ്പാട്ടുകള്‍ മൂളാത്ത ഒരു മലയാളിയുമുണ്ടാവില്ല.

പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണത്തുമ്പി..

 Click here പാട്ട് കേള്‍ക്കാം

തിരുവോണത്തിന്റെ ആരവമുയര്‍ത്തുന്ന ഉത്സാഹം വാനോളംമുയര്‍ത്തുന്ന ഒരു ഓണപ്പാട്ടാണിത്.

പൊന്നിന്‍ ചിങ്ങം പൂ കൊണ്ട് മൂടുമെന്നും, ചമ്പാവിന്‍ പാടം കാറ്റത്താടുമ്പോള്‍ പുല്ലാങ്കുഴല്‍ വിളിയുയരുമെന്നും കോരിത്തരിപ്പോടെ ഓര്‍ക്കുകയാണ് കവി.ശ്രീകുമാരന്‍ തമ്പി രചിച്ച മനോഹരമായ ഈ ഗാനം 'വിഷുക്കണി' എന്ന ചിത്രത്തിലെയാണ്. സലില്‍ ചൗധരിയുടെതാണ് ഈണം.

ചിങ്ങമാസത്തില്‍ ഓണപ്പൂക്കളെ കാണാന്‍ കൊതിക്കാത്തവരാരെങ്കിലുമുണ്ടാകുമോ.ഓണപ്പൂക്കളെ മാടിവിളിക്കുന്ന ഒരു മനോഹര ഗാനമുണ്ട് 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍.

ഓണപ്പൂവേ, പൂവേ, പൂവേ

ഓമല്‍ പൂവേ, പൂവേ, പൂവേ

നീ തേടും മനോഹര തീരം.....

click here    പാട്ട് കേള്‍ക്കാം

.എന്‍.വി.യാണ് രചന. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സലില്‍ ചൗധരി.

തിരുവോണനാളിലെത്തുന്ന തിരുമേനിയെ വരവേല്‍ക്കാന്‍ തിരുമുറ്റവും ഹൃദയങ്ങളും അണിഞ്ഞൊരുങ്ങുന്ന കാഴ്ച്ചകള്‍ കണ്ട് കവി ആനന്ദ പുളകിതനാവുകയാണ്.

തിരുവോണ പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങി

തിരുമേനി എഴുന്നുള്ളും നേരമായി

ഹൃദയയങ്ങള്‍ അണിഞ്ഞൊരുങ്ങി....

ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ പിറന്ന ഈ ഗാനം തന്നെയാണിത്. എം.കെ.അര്‍‍ജുനന്റെ സംഗീതം. വാണിജയറാമിന്റെ സ്വരമാധുരി.

പാതിരാക്കിളി

വരു പാല്‍ക്കടല്‍ കിളി

ഓണമായിതാ, തിരുവോണമായിതാ

പാടിയാടി വാ...... 

 

Click here      

പാട്ട് കേള്‍ക്കാം

 

.എന്‍.വി. രചിച്ച ഈ ഗാനം കേള്‍ക്കുമ്പോള്‍ തന്നെ ആരുമൊന്ന് പാടിയാടാന്‍ കൊതിച്ച് പോകും. കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത് എസ്.പി.വെങ്കിടേഷ്.

1968 ല്‍ ഇറങ്ങിയ തുലാഭാരം എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച ഒരു ഗാനമുണ്ട്.

ഓമന തിങ്കളിനോണം പിറക്കുമ്പോള്‍

താമരക്കുമ്പിളില്‍ പനിനീര്...

താരാട്ട് പാട്ടിന്റെ ലയവും, ഓണനിലാവിന്റെ വശ്യതയുമുള്ള ഗാനം. ജി. ദേവരാജനാണ് സംഗീത ശില്‍പ്പി.പി.സുശീലയാണ് ഗാനമാലപിച്ചത്.

മുറ്റത്തെ പൂക്കളത്തില്‍ പൂനിലാവ് പാല്‍ ചൊരിയുമ്പോഴുള്ള കാഴ്ച അതിമനോഹരമായിരിക്കും.പൂനിലാവിനെ മാടി വിളിക്കുകയാണ് കവി.

ഉത്രാട പൂ നിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ, വാ, വാ......

( Click here     പാട്ട് കേള്‍ക്കാം)

 

ഗന്ധര്‍വ ശബ്ദത്തില്‍ ഈ ഗാനം ശ്രവിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നവ്യാനുഭൂതിയാണുയരുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് രചന. രവീന്ദ്രന്‍ മാഷിന്റെ സംഗീതം.

പൂക്കളും , പൂനിലാവും, പൂത്തുമ്പിയും പോലെ പൂന്തെന്നലും ഭാവനയുടെ ചിറകിലേറി ഓണക്കാഴ്ച്ചള്‍ കാണാനെത്തുന്ന നിരവധി ഓണപ്പാട്ടുകളുണ്ട്.




താളം തുള്ളുന്ന തുമ്പപ്പൂവിനെ തലോടാന്‍ കുളിര്‍ കാറ്റിന്റെ കുഞ്ഞിക്കൈകളെ ക്ഷണിക്കുന്ന ഒരോണപ്പാട്ട് കല്യാണിയും സംഘവും പാടിയിട്ടുണ്ട് 'ക്വട്ടേഷന്'‍ എന്ന ചിത്രത്തില്‍.

ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പ പ്പൂവേ

നിന്നെ തഴുകാനായ് കുളിര്‍ കാറ്റിന്‍ കുഞ്ഞിക്കൈകള്‍..

2004 ല്‍ രചിക്കപ്പെട്ട ഈ ഗാനം എഴുതിയത് പ്രജേഷ് രാമചന്ദ്രനും , ഈണം സബീഷ് ജോര്‍ജുമാണ്.

അത്തപ്പൂവും നുള്ളി

തൃത്താപ്പൂവും നുള്ളി

തന്നാനം പാടി. പൊന്നൂഞ്ഞാലിലാടി

തെന്നലേ വാ, ഒന്നാനാം കുന്നിലേറി വാ....!

 1985 ല്‍ പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയ പുന്നാരം ചൊല്ലി ചൊല്ലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

( click here    പാട്ട് കേള്‍ക്കാം )


കുന്നത്തെ കാവില്‍ നിന്നും തേവര് താഴേക്കെഴുന്നുള്ളി വരുമ്പോള്‍ പൂക്കള്‍ വേണം, പൂവിളിക്കണം. .എന്‍.വി.രചിച്ച മലയാളിത്തമുള്ള ഒരു സൂപ്പര്‍ഹിറ്റ് ഗാനം 'ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തിലുണ്ട്. 1987 ലാണ് ഈ ചിത്രവും, ഈ പാട്ടും എന്നെന്നും ഓര്‍ത്തു വെക്കാന്‍ മലയാളിക്ക് ഓണപ്പുടവയായി ലഭിച്ചത്.

പൂവേണം പൂപ്പട വേണം

പൂവിളി വേണം

പൂണാരം ചാര്‍ത്തിയ കന്നി പൂമകള്‍ വേണം

കുന്നത്തെ കാവില്‍ നിന്നും തേവര് താഴെ എഴുന്നുള്ളുന്നേ

ഓലോലം മഞ്ചല്‍ മൂലി പോരുന്നുണ്ടേ...

 പാട്ട് കേള്‍ക്കാം

click here


മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ഭരതനും , .എന്‍.വി.യും. ജോണ്‍സണും, യേശുദാസും ,ലതികയും ചേര്‍ന്ന് സമ്മാനിച്ച ആ ഓണക്കോടിയുടെ പുതുമ ഇന്നും നിലനില്‍ക്കുന്നു.പണ്ട് പാടിയതാണെങ്കില്‍ പോലും ആ ഓണപ്പാട്ടുകള്‍ മലയാളികള്‍ ഇന്നും ചുണ്ടില്‍ മൂളുന്നു.

ഒരു നുള്ളു കാക്ക പൂ കടം തരാമോ

ഒരു കൂന തുമ്പ പൂ പകരം തരാം

അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ

അതു നിന്റെ തൊടികളില്‍ വിരിഞ്ഞതല്ലേ .

 പാട്ട് കേള്‍ക്കാം

Click here

ബിച്ചു തിരുമലയും, രവീന്ദ്രനും, യേശുദാസും ചേര്‍ന്നൊരുക്കിയ ഒരു നിത്യഹരിത വസന്തഗീതം.

മണ്ണും, മലയാളവും, പൂവും, നിലാവുമൊക്കെയായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു ഓരോ മലയാളിയുടെയും ഓണ സങ്കല്‍പ്പങ്ങള്‍.ഓണത്തെ മലയാളി ഹൃദയപ്പൂത്താലമേന്തി വരവേല്‍ക്കുമ്പോള്‍ , ഓണപ്പാട്ടുകള്‍ കസവുടയാട ചാര്‍ത്തിയൊരുങ്ങുന്നു.

പട്ട് പാവാടയണിഞ്ഞ പെണ്‍കുട്ടികള്‍ പൂക്കൂടയുമായി പൂ തേടി കുന്ന് കയറുകയാണ്. മുറ്റത്ത് പൂക്കളങ്ങള്‍ ഒരുങ്ങുകയാണ്. പായിപ്പാട്ടാറ്റില്‍ വള്ളം കളി. പമ്പാ നദി തീരത്ത് ആര്‍പ്പൂ വിളി!

മാവേലി നാടും , മഹിമകളും എല്ലാം സങ്കല്‍പ്പം. അക്കാലം ഇനിയെന്ന് വരും ? വള്ളം കളിയില്ല. ആര്‍പ്പൂവിളിയില്ല. സാമൂഹിക നിബന്ധനയാകുമ്പോള്‍ കൂടിച്ചരലുകളില്ല. എല്ലാവരും അവരവരുടെ കുടികളില്‍ ഒരുമയോടിരിക്കുന്നു. കൂടിച്ചരലിന്റെ ഓണം അങ്ങിനെ അര്‍ത്ഥവത്തായിരിക്കുന്നു.

പ്രതിസന്ധികളെ അതിജിവിക്കുമ്പോഴും ഹൃദയത്തിലെ നന്മയുടെ മുത്തുകളാല്‍ നമുക്ക് ‍ മുറ്റത്ത് പൂക്കളമൊരുക്കാം.

മാനം തെളിയും. മനസ്സ് നിറയും . ശുഭ കാലം വരും.അതാണല്ലോ ഓണം നല്‍കുന്ന പ്രത്യാശ.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !


എം.എന്‍.സന്തോഷ്



06 August, 2021

സഡാക്കോയുടെ കൊറ്റികളും കോവിഡും

 


ആഗസ്റ്റ് 6. ഹിരോഷിമദിനം 


സീന്‍ ഒന്ന്

ചുമരിലെ കലണ്ടര്‍ ആഗസ്റ്റ് മാസത്തിലേക്ക് മറിച്ചിടുന്നു.കലണ്ടറിലെ ‍ ചതുരക്കളത്തില്‍ 6 എന്ന അക്കം സ്ക്രീനില്‍ തെളിയുന്നു.അക്കത്തിനുള്ളില്‍ നിന്നും ഒരു ബോംബര്‍ വിമാനം ഇരമ്പി വരുന്നു. സ്ഫോടനം. പര്‍വ്വത സമാനമായ പുകപടലങ്ങള്‍ വ്യാപിക്കുന്നു.


സീന്‍ രണ്ട്

പുകപടലങ്ങള്‍ക്കിടയില്‍ നിന്നും സഡാക്കോ സസുക്കിയുടെ ആയിരം കടലാസ് കൊറ്റികള്‍ പറന്നു വരുന്നു !


സീന്‍ മൂന്ന്

കടലാസ് കൊറ്റികളെ വലയം ചെയ്യുന്ന വൈറസുകള്‍. കൊറ്റികള്‍ പറക്കവയ്യാതാകുന്നു.വൈറസ് ചതുരക്കളം നിറയുന്നു.കലണ്ടര്‍ മുഴുവന്‍ വ്യാപിക്കുന്നു.

                                    Break 


അമേരിക്ക ജപ്പാനില്‍ അണുബോംമ്പ് സ്ഫോടനം നടത്തിയിട്ട് ഏഴര പതിറ്റാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. അന്ന് ഹിരോഷിമ, നാഗസാക്കി നഗരങ്ങളെ ഉന്മൂലനം ചെയ്തത് 12500 ടണ്‍ പ്രഹര ശേഷിയുള്ള യുറേനിയം ബോംമ്പുകളായിരുന്നു. അമേരിക്കയുടെ B 29 ‘എനോള ഗേ’ ബോംബര്‍ വിമാനമാണ് 'ലിറ്റില്‍ ബോയ് ' എന്ന ബോംബിനെ ‍ചിറകിലേറ്റി പറന്നത്. സൂര്യന് തുല്യം ഉയര്‍ന്ന തീജ്വാലകള്‍.1,40,000 പേര്‍ക്ക് തല്‍ക്ഷണം ദാരുണാന്ത്യം. പതിറ്റാണ്ടുകളോളം നിലനിന്ന റേഡിയേഷനും, തുടര്‍ന്നും ജീവനാശവും !

ഇന്ന് ലോകം , അണുബോംബിന് സമാനമായ മഹാമാരി പ്രസരിപ്പിച്ച ഒരു വൈറസിന്റെ ആഘാതത്തിനു മുന്നില്‍ നടുങ്ങി നില്‍ക്കുന്നു. ഇവിടെ ലോകത്തെ വിറപ്പിച്ചത് SARS – Covi 2 ( Severe Acute Respirory Syndrome – corona virus 2 ) എന്ന ഒരു സൂക്ഷ്മാണു ആണെന്ന വ്യത്യാസം . ചൈനയില്‍ നിന്നും കൊറോണ വൈറസിനെ ചുമന്ന് പറന്നാകട്ടെ നിശാചരന്മാരായ വവ്വാലുകള്‍ !

2019 നവംബര്‍ 17 നാണ് കൊറോണയുടെ ആദ്യ പ്രഹരമെന്ന് അനുമാനിക്കപ്പെടുന്നത്. വൈറസിന്റെ സമ്പര്‍ക്കം വെളിപ്പെട്ട വുഹാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും വൈറസിനെ തളക്കാനായില്ല. പ്രതിരോധം തകര്‍ത്ത് കൊറോണ കുതിച്ചു.

2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന ( WHO ) വൈറസ് വ്യാപനം അന്തരാഷ്ട്ര വിഷയമായി പരിഗണിച്ചതോടെ കൊറോണ അന്തരാഷ്ട്ര ഭീകരനായി മുദ്രയടിക്കപ്പെട്ടു.

ഹിരോഷിമ ദുരന്തത്തിന്റെ എഴുപത്തിയാറാം വാര്‍ഷികമാചരിക്കുമ്പോള്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുന്നൂറ് മില്യന്‍ കടന്നിരിക്കുന്നു ( 201,170,767 പേര്‍ ).മരണമടഞ്ഞവരുടെ എണ്ണമാകട്ടെ 4.26 മില്യനിലേറെയും.കൃത്യമായി പറഞ്ഞാല്‍, ഇന്നലത്തെ കണക്ക് പ്രകാരം 42,73,831 പേര്‍കക്കാണ് ജീവഹാനി.

ലോകത്തിലെ ഇരുന്നൂറ്റി ഇരുപതിലേറെ രാജ്യങ്ങളില്‍ കൊറോണയുടെ പ്രസരണമുണ്ടായപ്പോള്‍ , കോവിഡ് ബാധിതരുടെയും , മരണസംഖ്യയുടെയും എണ്ണത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്നത് ഈ ഹിരോഷിമ ദിനത്തില്‍ ചിന്തനീയമായ വസ്തുതയാണ് !

അമേരിക്കയുടെ അണുബോംബില്‍ തകര്‍ന്ന ജപ്പാന്‍ പക്ഷെ , കൊറോണ വൈറസിന് മുന്നില്‍ പിടിച്ച് നിന്നു. രോഗബാധിതരുടെ എണ്ണം ഒരു മില്യന്‍ ( 970,460 )കടന്നിട്ടില്ല. 15,228 പേരാണ് ജപ്പാനില്‍ ഇന്ന് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ മരണ സംഖ്യ നാലായിരത്തി അറുന്നൂറ്റി മുപ്പത്തിയാറ് എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ വയ്യ ! ഇതു വരെയുള്ള രോഗബാധിതരാകട്ടെ 93,374 .

വല്യേട്ടനായ അമേരിക്കക്ക് കിട്ടിയ പ്രഹരം. കുഞ്ഞനുജനായ ജപ്പാന്റെ കര്‍മ്മ ശേഷി. ഇതിനൊക്കെ കാരണവരും , ജനസമൃദ്ധിയാല്‍ സമ്പന്നനുമായ ചൈനയുടെ അയോധന പാടവം ! ഈ വൈരുദ്ധ്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുക ?

നിലവറകളിലെ ആയുധപ്പുരകളില്‍ ശത്രുനിഗ്രഹത്തിനായി അത്യാധുനിക വെടിക്കോപ്പുകള്‍ സംഭരിച്ച് സ്വന്തം പ്രമാണിത്തത്തില്‍ അഭിരമിച്ചിരുന്ന നായകരാഷ്ട്രങ്ങള്‍ വൈറസിന്റെ പടയോട്ടത്തില്‍ കാലിടറിവീഴുന്നത് നാം കണ്ടു. ഒരു സൂക്ഷാമാണു മാനവരാശിയെ നിശ്ചലവും , നിസ്സഹായരുമാക്കുന്ന കാഴ്ചകള്‍ !

പട്ടിയും , പൂച്ചയും , പറവകളും മാസ്ക്കും, സാനിട്ടറൈസുമില്ലാതെ യഥേഷ്ടം അഭിരമിക്കുന്നു. പരിണാമത്തിന്റെയും , പരിഷ്കാരത്തിന്റെയും ഉച്ചകോടിയിലെത്തിയെന്നഹങ്കരിക്കുന്ന മനുഷ്യന് പ്രതിരോധത്തിന് രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുന്നു.

കീപ്പ് എവേ ഫ്റൊം ക്രൗഡ് ' എന്നും "മെന്റെയ്ന്‍ എ ഡിസ്റ്റന്‍സ് ഓഫ് ടു മിറ്റേഴ്സ് ഫ്റൊം അദേഴ്സ്’ എന്നും വചനങ്ങള്‍ മൊബൈല്‍ ഫോണ്‍‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യനെയാണ്, പറവകളോടല്ലല്ലോ.

അത്യാഡബരങ്ങളിലും ,അനുഭൂതികളിലും മനുഷ്യന്‍ നിമഗ്നനായപ്പോള്‍ മനുഷ്യന്‍ അന്യനെ വിസ്മരിച്ചുപോയതാണോ ? ദയയും, കാരുണ്യവും, സഹാനുഭൂതിയും കൈവിട്ടതാണോ ?

എന്റെ പ്രിയവും അന്യന്റെ പ്രിയവും രണ്ടല്ല എന്ന ബോധം നമുക്കുണ്ടാകേണെമെന്ന് ഗുരുദേവന്‍ അരുളിച്ചെയ്തിട്ടുണ്ട്.

ആത്മോപദേശശതകത്തിലെ ഇരുപത്തിരണ്ടാമത്തെ വരികള്‍ ഉദ്ബോധിപ്പിക്കുന്നത് പ്രസക്തമായ ഈ മാനവധര്‍മ്മമാണ്.

പ്രിയമപരന്റെയതെന്‍ പ്രിയം ,സ്വകീയ -

പ്രിയമപരപ്രിയ, മിപ്രകാരമാകും

നയമതിനാലെ നരനു നന്മ നല്‍കും

ക്രിയയപരപ്രിയ ഹോതുവായ് വരേണം.


' മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന് ഒരാള്‍ ധരിക്കുന്നവോ അതുപോലെ അയാള്‍ മറ്റുള്ളവരോട് പെരുമാറണം' എന്ന ബൈബിള്‍ വചനവും ഇതേ മാനവധര്‍മ്മത്തെയാണ് പ്രകീര്‍ത്തിക്കുന്നത്.

ആത്മോപദേശശതകത്തിലെ ഇരുപത്തിനാലാമത്തെ പദ്യം നോക്കുക

'അവനിവനെന്നു പറഞ്ഞിടുന്നതെല്ലാ

മവനിയിലാദിമമായൊരാത്മ രൂപം

അവരവരാത്മ സുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.’

ഓരോരുത്തരം അവനവന്റെ സുഖത്തിനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ അന്യന്റെ സുഖത്തിനുതകുന്നതാകണം. നമുക്കാത്മ ബലം നല്‍കുാനുതകുന്നതാണ് ഗുരുവിന്റെ ഈ നറുമൊഴികളും.

ഇതൊരു മാറ്റത്തിനുള്ള നിമിത്തമാകട്ടെ .

ഹിരോഷിമ ദുരന്തവും, കോവിഡ് മഹാമാരിയും പുനര്‍ജ്ജനിക്കുള്ള പാഠമാകട്ടെ !

 

സീന്‍ നാല്

 

ചുമരിലെ കലണ്ടര്‍.

ചതുരക്കളങ്ങളില്‍ അക്കങ്ങള്‍ നിറയുന്നു.സഡാക്കോയുടെ കൊക്കുകള്‍ അക്കങ്ങളിലേക്ക് പറന്ന് മറയുന്നു.

ചതുരക്കളങ്ങളില്‍ നിന്നും വെള്ളവസ്ത്രങ്ങള്‍ ധരിച്ച ആള്‍രൂപങ്ങള്‍ പ്രത്യക്ഷമാകുന്നു. സിറിഞ്ചും, സ്റ്റെത് സ്കോപ്പും കൈകളിലേന്തിയിട്ടുണ്ട്. ആതുരശുശ്രൂഷകര്‍.ഭൂമിയിലെ മാലാഖമാര്‍.

അവര്‍ കലണ്ടറില്‍ നിറയുന്നു.കാറ്റിലാടുന്ന കലണ്ടറിന്റെ ഓരോ താളിലും ഇവര്‍ നിറയുന്നു.

ആഹ്ളാദാരവങ്ങള്‍ ഉയരുന്നു.

                                                  The End

   

 

എം.എന്‍.സന്തോഷ്