06 August, 2021

സഡാക്കോയുടെ കൊറ്റികളും കോവിഡും

 


ആഗസ്റ്റ് 6. ഹിരോഷിമദിനം 


സീന്‍ ഒന്ന്

ചുമരിലെ കലണ്ടര്‍ ആഗസ്റ്റ് മാസത്തിലേക്ക് മറിച്ചിടുന്നു.കലണ്ടറിലെ ‍ ചതുരക്കളത്തില്‍ 6 എന്ന അക്കം സ്ക്രീനില്‍ തെളിയുന്നു.അക്കത്തിനുള്ളില്‍ നിന്നും ഒരു ബോംബര്‍ വിമാനം ഇരമ്പി വരുന്നു. സ്ഫോടനം. പര്‍വ്വത സമാനമായ പുകപടലങ്ങള്‍ വ്യാപിക്കുന്നു.


സീന്‍ രണ്ട്

പുകപടലങ്ങള്‍ക്കിടയില്‍ നിന്നും സഡാക്കോ സസുക്കിയുടെ ആയിരം കടലാസ് കൊറ്റികള്‍ പറന്നു വരുന്നു !


സീന്‍ മൂന്ന്

കടലാസ് കൊറ്റികളെ വലയം ചെയ്യുന്ന വൈറസുകള്‍. കൊറ്റികള്‍ പറക്കവയ്യാതാകുന്നു.വൈറസ് ചതുരക്കളം നിറയുന്നു.കലണ്ടര്‍ മുഴുവന്‍ വ്യാപിക്കുന്നു.

                                    Break 


അമേരിക്ക ജപ്പാനില്‍ അണുബോംമ്പ് സ്ഫോടനം നടത്തിയിട്ട് ഏഴര പതിറ്റാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. അന്ന് ഹിരോഷിമ, നാഗസാക്കി നഗരങ്ങളെ ഉന്മൂലനം ചെയ്തത് 12500 ടണ്‍ പ്രഹര ശേഷിയുള്ള യുറേനിയം ബോംമ്പുകളായിരുന്നു. അമേരിക്കയുടെ B 29 ‘എനോള ഗേ’ ബോംബര്‍ വിമാനമാണ് 'ലിറ്റില്‍ ബോയ് ' എന്ന ബോംബിനെ ‍ചിറകിലേറ്റി പറന്നത്. സൂര്യന് തുല്യം ഉയര്‍ന്ന തീജ്വാലകള്‍.1,40,000 പേര്‍ക്ക് തല്‍ക്ഷണം ദാരുണാന്ത്യം. പതിറ്റാണ്ടുകളോളം നിലനിന്ന റേഡിയേഷനും, തുടര്‍ന്നും ജീവനാശവും !

ഇന്ന് ലോകം , അണുബോംബിന് സമാനമായ മഹാമാരി പ്രസരിപ്പിച്ച ഒരു വൈറസിന്റെ ആഘാതത്തിനു മുന്നില്‍ നടുങ്ങി നില്‍ക്കുന്നു. ഇവിടെ ലോകത്തെ വിറപ്പിച്ചത് SARS – Covi 2 ( Severe Acute Respirory Syndrome – corona virus 2 ) എന്ന ഒരു സൂക്ഷ്മാണു ആണെന്ന വ്യത്യാസം . ചൈനയില്‍ നിന്നും കൊറോണ വൈറസിനെ ചുമന്ന് പറന്നാകട്ടെ നിശാചരന്മാരായ വവ്വാലുകള്‍ !

2019 നവംബര്‍ 17 നാണ് കൊറോണയുടെ ആദ്യ പ്രഹരമെന്ന് അനുമാനിക്കപ്പെടുന്നത്. വൈറസിന്റെ സമ്പര്‍ക്കം വെളിപ്പെട്ട വുഹാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും വൈറസിനെ തളക്കാനായില്ല. പ്രതിരോധം തകര്‍ത്ത് കൊറോണ കുതിച്ചു.

2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന ( WHO ) വൈറസ് വ്യാപനം അന്തരാഷ്ട്ര വിഷയമായി പരിഗണിച്ചതോടെ കൊറോണ അന്തരാഷ്ട്ര ഭീകരനായി മുദ്രയടിക്കപ്പെട്ടു.

ഹിരോഷിമ ദുരന്തത്തിന്റെ എഴുപത്തിയാറാം വാര്‍ഷികമാചരിക്കുമ്പോള്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുന്നൂറ് മില്യന്‍ കടന്നിരിക്കുന്നു ( 201,170,767 പേര്‍ ).മരണമടഞ്ഞവരുടെ എണ്ണമാകട്ടെ 4.26 മില്യനിലേറെയും.കൃത്യമായി പറഞ്ഞാല്‍, ഇന്നലത്തെ കണക്ക് പ്രകാരം 42,73,831 പേര്‍കക്കാണ് ജീവഹാനി.

ലോകത്തിലെ ഇരുന്നൂറ്റി ഇരുപതിലേറെ രാജ്യങ്ങളില്‍ കൊറോണയുടെ പ്രസരണമുണ്ടായപ്പോള്‍ , കോവിഡ് ബാധിതരുടെയും , മരണസംഖ്യയുടെയും എണ്ണത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്നത് ഈ ഹിരോഷിമ ദിനത്തില്‍ ചിന്തനീയമായ വസ്തുതയാണ് !

അമേരിക്കയുടെ അണുബോംബില്‍ തകര്‍ന്ന ജപ്പാന്‍ പക്ഷെ , കൊറോണ വൈറസിന് മുന്നില്‍ പിടിച്ച് നിന്നു. രോഗബാധിതരുടെ എണ്ണം ഒരു മില്യന്‍ ( 970,460 )കടന്നിട്ടില്ല. 15,228 പേരാണ് ജപ്പാനില്‍ ഇന്ന് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ മരണ സംഖ്യ നാലായിരത്തി അറുന്നൂറ്റി മുപ്പത്തിയാറ് എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ വയ്യ ! ഇതു വരെയുള്ള രോഗബാധിതരാകട്ടെ 93,374 .

വല്യേട്ടനായ അമേരിക്കക്ക് കിട്ടിയ പ്രഹരം. കുഞ്ഞനുജനായ ജപ്പാന്റെ കര്‍മ്മ ശേഷി. ഇതിനൊക്കെ കാരണവരും , ജനസമൃദ്ധിയാല്‍ സമ്പന്നനുമായ ചൈനയുടെ അയോധന പാടവം ! ഈ വൈരുദ്ധ്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുക ?

നിലവറകളിലെ ആയുധപ്പുരകളില്‍ ശത്രുനിഗ്രഹത്തിനായി അത്യാധുനിക വെടിക്കോപ്പുകള്‍ സംഭരിച്ച് സ്വന്തം പ്രമാണിത്തത്തില്‍ അഭിരമിച്ചിരുന്ന നായകരാഷ്ട്രങ്ങള്‍ വൈറസിന്റെ പടയോട്ടത്തില്‍ കാലിടറിവീഴുന്നത് നാം കണ്ടു. ഒരു സൂക്ഷാമാണു മാനവരാശിയെ നിശ്ചലവും , നിസ്സഹായരുമാക്കുന്ന കാഴ്ചകള്‍ !

പട്ടിയും , പൂച്ചയും , പറവകളും മാസ്ക്കും, സാനിട്ടറൈസുമില്ലാതെ യഥേഷ്ടം അഭിരമിക്കുന്നു. പരിണാമത്തിന്റെയും , പരിഷ്കാരത്തിന്റെയും ഉച്ചകോടിയിലെത്തിയെന്നഹങ്കരിക്കുന്ന മനുഷ്യന് പ്രതിരോധത്തിന് രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുന്നു.

കീപ്പ് എവേ ഫ്റൊം ക്രൗഡ് ' എന്നും "മെന്റെയ്ന്‍ എ ഡിസ്റ്റന്‍സ് ഓഫ് ടു മിറ്റേഴ്സ് ഫ്റൊം അദേഴ്സ്’ എന്നും വചനങ്ങള്‍ മൊബൈല്‍ ഫോണ്‍‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യനെയാണ്, പറവകളോടല്ലല്ലോ.

അത്യാഡബരങ്ങളിലും ,അനുഭൂതികളിലും മനുഷ്യന്‍ നിമഗ്നനായപ്പോള്‍ മനുഷ്യന്‍ അന്യനെ വിസ്മരിച്ചുപോയതാണോ ? ദയയും, കാരുണ്യവും, സഹാനുഭൂതിയും കൈവിട്ടതാണോ ?

എന്റെ പ്രിയവും അന്യന്റെ പ്രിയവും രണ്ടല്ല എന്ന ബോധം നമുക്കുണ്ടാകേണെമെന്ന് ഗുരുദേവന്‍ അരുളിച്ചെയ്തിട്ടുണ്ട്.

ആത്മോപദേശശതകത്തിലെ ഇരുപത്തിരണ്ടാമത്തെ വരികള്‍ ഉദ്ബോധിപ്പിക്കുന്നത് പ്രസക്തമായ ഈ മാനവധര്‍മ്മമാണ്.

പ്രിയമപരന്റെയതെന്‍ പ്രിയം ,സ്വകീയ -

പ്രിയമപരപ്രിയ, മിപ്രകാരമാകും

നയമതിനാലെ നരനു നന്മ നല്‍കും

ക്രിയയപരപ്രിയ ഹോതുവായ് വരേണം.


' മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന് ഒരാള്‍ ധരിക്കുന്നവോ അതുപോലെ അയാള്‍ മറ്റുള്ളവരോട് പെരുമാറണം' എന്ന ബൈബിള്‍ വചനവും ഇതേ മാനവധര്‍മ്മത്തെയാണ് പ്രകീര്‍ത്തിക്കുന്നത്.

ആത്മോപദേശശതകത്തിലെ ഇരുപത്തിനാലാമത്തെ പദ്യം നോക്കുക

'അവനിവനെന്നു പറഞ്ഞിടുന്നതെല്ലാ

മവനിയിലാദിമമായൊരാത്മ രൂപം

അവരവരാത്മ സുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.’

ഓരോരുത്തരം അവനവന്റെ സുഖത്തിനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ അന്യന്റെ സുഖത്തിനുതകുന്നതാകണം. നമുക്കാത്മ ബലം നല്‍കുാനുതകുന്നതാണ് ഗുരുവിന്റെ ഈ നറുമൊഴികളും.

ഇതൊരു മാറ്റത്തിനുള്ള നിമിത്തമാകട്ടെ .

ഹിരോഷിമ ദുരന്തവും, കോവിഡ് മഹാമാരിയും പുനര്‍ജ്ജനിക്കുള്ള പാഠമാകട്ടെ !

 

സീന്‍ നാല്

 

ചുമരിലെ കലണ്ടര്‍.

ചതുരക്കളങ്ങളില്‍ അക്കങ്ങള്‍ നിറയുന്നു.സഡാക്കോയുടെ കൊക്കുകള്‍ അക്കങ്ങളിലേക്ക് പറന്ന് മറയുന്നു.

ചതുരക്കളങ്ങളില്‍ നിന്നും വെള്ളവസ്ത്രങ്ങള്‍ ധരിച്ച ആള്‍രൂപങ്ങള്‍ പ്രത്യക്ഷമാകുന്നു. സിറിഞ്ചും, സ്റ്റെത് സ്കോപ്പും കൈകളിലേന്തിയിട്ടുണ്ട്. ആതുരശുശ്രൂഷകര്‍.ഭൂമിയിലെ മാലാഖമാര്‍.

അവര്‍ കലണ്ടറില്‍ നിറയുന്നു.കാറ്റിലാടുന്ന കലണ്ടറിന്റെ ഓരോ താളിലും ഇവര്‍ നിറയുന്നു.

ആഹ്ളാദാരവങ്ങള്‍ ഉയരുന്നു.

                                                  The End

   

 

എം.എന്‍.സന്തോഷ്



No comments:

Post a Comment