13 August, 2018

പുസ്തക പരിചയം


പതിവ് തെറ്റാതെ പെയ്യുന്ന തുലാ മഴകള്‍ - ആസ്വാദനം 
 
എം. എന്‍. സന്തോഷ്


കാഥിക സാമ്രാട്ട് ശ്രീ കെടാമംഗലം സദാനന്ദന്റെ നാട്ടില്‍ നിന്നും ഒരു കാഥിക – കഥാകാരി- കഥ പറഞ്ഞ് പറഞ്ഞ് മലയാള സാഹിത്യത്തറവാട്ടിന്റെ മുറ്റത്ത് എത്തിയിരിക്കുകയാണ്. "പതിവ് തെറ്റാതെ പെയ്യുന്ന തുലാ മഴകള്‍" എന്ന കഥാസമാഹാരം രചിച്ച ശ്രീമതി ജിബി ദീപക്കിന് ആശംസകളും അനുമോദനങ്ങളും സമര്‍പ്പിക്കുന്നു.

ഡോ.ഗീതസുരാജ് എഴുതിയ അവതാരിക ഈ പുസ്തകത്തിന് ഒരു മുതല്‍ക്കൂട്ടാണ്.(കഥയില്ലായ് മയേയും കഥകളാക്കി മാറ്റാനുള്ള കഴിവ് ജിബിക്കുണ്ട്.തീരെ ചെറിയ കഥകളാണ് അധികവും.പുറം ലോകത്തേക്കോ പ്രകൃതിയിലേക്കോ ഈ കഥാജാലകങ്ങള്‍ അധികം തുറക്കുന്നില്ല. എങ്കിലും കഥ പറച്ചിലിന് ഒരു കൈയടക്കവും ലാളിത്യവുമുണ്ട് - ഡോ. ഗീതാസുരാജ് ). കഥകളെക്കുറിച്ച് സത്യസന്ധമായ ഒരു വിലയിരുത്തല്‍ ഡോ.ഗീതസുരാജ് നിര്‍വഹിച്ചിട്ടുണ്ട്.പറവൂര്‍ സാഹിത്യവേദി കണ്‍വീനര്‍ ശ്രീ പറവൂര്‍ ബാബു ‌വിന്റെ ആശംസകുറിപ്പ് പുസ്തകത്തിന് ആമുഖമായുണ്ട്.

ജീവിതത്തിന്റെ തിരക്കിട്ട വഴികളിലൂടെ നമ്മള്‍ പോകുമ്പോള്‍ നിരവധി കാഴ്ച്ചകള്‍ കാണാറുണ്ട്.അനുഭവങ്ങളുണ്ടാകാറുണ്ട്. ചിലതെല്ലാം മറക്കും , അവഗണിക്കും. പക്ഷെ ഭാവനയുടെ ജാലകത്തിലൂടെ ഈ കാഴ്ച്ചകളെല്ലാം കണ്ട് കൊണ്ട് ചില ആളുകള്‍ ഇരിക്കുന്നുണ്ട്.കവികളും കലാകാരന്മാരും. ഈ ചലനങ്ങളും , സുഗന്ധങ്ങളും , നിലവിളികളും എല്ലാം പിടിച്ചെടുക്കുകയും അക്ഷരങ്ങളിലൂടെ പുന:സൃഷ്ടിക്കുകയും ചെയ്യുന്നവര്‍.സമൂഹത്തെ നിരീക്ഷിക്കുവാനും അമ്പരപ്പിക്കുന്ന് അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന ആ കാഴ്ച്ചകളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാനുമുള്ള കഴിവുള്ള എഴുത്തുകാര്‍. ആ ഒരു പ്രതിഭാ വിലാസം അനുഗ്രഹീതമായ ആ കഴിവ് ശ്രീമതി ജിബി ദീപക്ക്ന് ഉണ്ട് എന്നാണ് ഈ കഥകള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. സമൂഹത്തെ വ്യത്യസ്തമായ കോണിലൂടെ വീക്ഷിക്കുവാനും യഥാതഥമായി സാഹിത്യ ആവിഷ്ക്കാരം നടത്താനും ശ്രീമതി ജിബി ദീപക്കിന് കഴിഞ്ഞിരിക്കുന്നു.

വാര്‍ദ്ധക്യത്തിന്റ ദൈന്യത, കുടുംബിനികളുടെ ഗൃഹാതുരതകള്‍, സ്നേഹത്തിനായുള്ള ആശ. സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങള്‍ കഥകളിലൂടെ ആവിഷ്ക്കരിക്കാന്‍ കഥാകൃത്ത് ശ്രമം നടത്തിയിരിക്കുന്നു.

പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍ - കൃതിയുടെ ശീര്‍ഷകം അതാണ്.ഈ ശീര്‍ഷകത്തിലുള്ള എട്ടാമത്തെ കഥ, പേജ് 35 . ഈ കഥയില്‍ കഥാന്ത്യത്തില്‍ ഒരു തുലാവര്‍ഷ മഴയുടെ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ട്.അമ്മായിഅമ്മയുടെ നിര്‍ദ്ദാഷിണ്യമുള്ള പരിഹാസത്തില്‍ നൊമ്പരപ്പെടുന്ന നവവധുവായ മഞ്ജുളയുടെ കണ്ണുകള്‍ ഈറനണിയുമ്പോഴാണ് കഥാകാരി ഒരു തുലാവര്‍ഷ കോളിന്റെ മര്‍മ്മരം കേള്‍പ്പിക്കുന്നത്.

കണ്ണീരൊടുങ്ങാത്ത കാലം എന്ന കഥയില്‍ പ്രതിബന്ധങ്ങളില്‍ തളരാതെ ജീവിതം കരുപ്പിടിപ്പിക്കുന്ന , ഭര്‍ത്താവിനാല്‍ തിരസ്ക്കരിക്കപ്പെട്ട – നിരാലംബയായ ഒരമ്മ. മകളെ വളര്‍ത്തുന്ന ആധി. അവിവാഹിതയായി മാതൃത്വം വഹിക്കുകയും മകനെ തന്റേടത്തോടെ വളര്‍ത്തി വെല്ലു വിളികളെ അതിജീവിക്കുകയും ചെയ്യുന്ന മറ്റൊരമ്മ.ഈ അമ്മമാരാണ് ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ എന്നെനിക്ക് തോന്നുന്നു.ഈ രണ്ട് അമ്മമാരെയും കൂട്ടിമുട്ടിക്കുന്ന ഒരു സന്ദര്‍ഭമുണ്ട് കഥയില്‍.രണ്ട് അമ്മമാരെയും കണ്ണീര്‍ മഴയില്‍ നനയിച്ചാണ് കഥാകാരി നമുക്ക് കാണിച്ച് തരുന്നത്.കഥയിലെ ഒരു വാചകം ഇങ്ങനെ :

മറ്റുള്ളവരുടെ യാതനകള്‍ അറിയാത്തിടത്തോളം കാലം നമ്മുടെ ദു:ഖങ്ങളാണ് വലുതെന്ന വിചാരമുണ്ടാവും എന്ന് അപ്പോഴാണ് മനസ്സിലായത്ഈ വാചകം വായിക്കുമ്പോള്‍ തുലാവര്‍ഷത്തിലെ ഒരു ഇടിമുഴക്കം എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും ഇത് തന്നെ.

പുരസ്ക്കാരം നേടിയ ഒരു കഥയും ഇതിലുണ്ട്. "ഗാന്ധിജി ഇപ്പോഴും ചിരിക്കുകയാണ്."കാഞ്ഞിരമറ്റം സുകുമാരന്റെ സ്മരണക്കായി എസ്.എസ്.പി.യു. ആമ്പല്ലൂര്‍ യൂണിറ്റ് നടത്തിയ കഥാമത്സരത്തില്‍ യുവപ്രതിഭ പുരസ്ക്കാരം നേടിയ ക ഥ.ഗൃഹാന്തരീക്ഷത്തില്‍ നിന്നും കഥ വികാസം പ്രാപിച്ച് ദേശീയമായ ഒരു വികാരത്തിലേക്ക് വ്യവഹരിച്ചപ്പോഴാണ് ഈ കഥ മൂല്യവത്തായത് എന്ന് തോന്നുന്നു.

പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍ എന്ന ശീര്‍ഷകം ഈ കഥാസമാഹാരത്തിന് ഉചിതമാണ് എന്നാണ് എനിക്ക് തോന്നുന്നത്.കഥകളില്‍ മഴ പശ്ചാത്തലമായി വരുന്നില്ല. പക്ഷെ മഴയുടെ വശ്യത മിക്കവാറും കഥകളുടെ ഭാവവുമായി ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്നുണ്ട് .ഒരു കാര്യം , മഴയുടെ ഭാവങ്ങളെ സ്ത്രീ ജീവിതത്തിന്റെ അവസ്ഥകളുമായി ചേര്‍ത്ത് വെക്കാറുണ്ട്. അവരുടെ ദു:ഖവും , ദുരിതവും ,അവഗണനയും, വിധേയത്വവും, തന്റേടിത്ത്വവും ഒരു മഴയായി കഥകളില്‍ സമന്വയിപ്പിച്ചിരിക്കുന്നു.

മഴ നനഞ്ഞ് നനഞ്ഞ്, പിന്നെയും ചില കാലാവസ്ഥാ മാറ്റങ്ങള്‍ ആദ്യത്തെ കൃതികള്‍.ഇപ്പോള്‍ പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍.ജിബി ദീപക്കിന്റെ കൃതികളുടെ ശീര്‍ഷകങ്ങള്‍ പോലും മഴയുമായി സംവേദിച്ച് നില്‍ക്കുന്നു.
15 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
കണ്ണീരൊടുങ്ങാത്ത കാലം, കാര്‍ബണ്‍ കോപ്പി, താക്കോല്‍ , ഇട്ടുമ്മേല്‍ ഫാമിലി ഗ്രൂപ്പ്, റോങ്ങ് നമ്പര്‍, യന്ത്രപ്പാവകള്‍ , ശാരദാമ്മ, പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍, എല്ലാം അറിയുന്നൊരാള്‍ , ഗാന്ധിജി ഇപ്പോഴും ചിരിക്കുകയാണ്, റസിയ, രാജേഷ് മേനോന്‍ ബി ടെക്ക്, അതിരുകള്‍, ചില ശീലങ്ങള്‍ ശീലക്കേടുകള്‍, വശ്യം .
എല്ലാ കഥകളിലൂടെയും കടന്ന് പോകുന്നില്ല. ശ്രീമതി ജിബി ദീപക്കിന്റെ കഥാ ചാതുരിയെ അഭിനന്ദിക്കുന്നു.കഥയുടെ വഴികളിലൂടെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പുസ്തകത്തിന്റെ കെട്ടും മട്ടും.
64 പേജുകളിലായി 15 കഥകള്‍. മുഖചിത്രവും കഥക്ക് അനുയോജ്യമായിരിക്കുന്നു.മഴ നനഞ്ഞ് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം . മുഖചിത്രകാരന്‍ കഥയുടെ ഭാവം ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ ചിത്രീകരണം നടത്തിയിരിക്കുന്നു.വളരെ ആകര്‍ഷണീയമായിട്ടുണ്ട്. വില എഴുപത് രൂപ.അന്യായമല്ല എന്ന് തോന്നുന്നു.കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ എ.കെ.സുകുമാരന്‍, അച്ചടിച്ച ലോട്ടസ് പ്രസ്സ് , പ്രസാധനം ചെയ്ത ഗീതം ബുക്ക്സ് , പറവൂര്‍ സാഹിത്യവേദി തുടങ്ങിയ അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനന്ദനം അര്‍ഹിക്കുന്നു.

പറവൂരിന്റെ മണ്ണില്‍ നിന്നും സാഹിത്യ തറവട്ടിലേക്ക് ( ഡോ.ഗീത സുരാജിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണ്)മലയാള സാഹിത്യ തറവാട്ടിലേക്ക് വലത് കാലെടുത്ത വെച്ച – ഈ കഥാകാരിക്ക് എല്ലാ ആശംസകളും നേരുന്നു. ഈ പുസ്തകം വായനക്കാരിലെത്തട്ടെ, വായിക്കപ്പെടട്ടെ, ഒപ്പം കഥാകാരിയും വളരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എം എന്‍ സന്തോഷ്