18 December, 2018

കേസരി


കേസരി എ.ബാലക‍ൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18.



അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം

'കേരളത്തിന്റെ സോക്രട്ടീസ് ' എന്നാണ് കേസരി എ.ബാലകൃഷ്ണപിള്ളയെ വി.ടി.ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചത്.നവസാഹിത്യപ്രസ്ഥാനങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ കേസരിയെ പക്ഷെ വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിചയപ്പെട്ടിട്ടില്ല. സ്ക്കൂള്‍ തല മലയാള പാഠപുസ്തകങ്ങളില്‍ കേസരിയുടെ സാഹിത്യ സംഭാവനകള്‍ കാര്യമായെടുത്തിട്ടില്ല. ഡിസംബര്‍ 18 അദ്ദേഹത്തിന്റെ ചരമദിനമാണ്. സാഹിത്യ തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ കേസരി എ ബാലകൃഷ്ണപിള്ളയുടെ ജീവിതവും അദ്ദേഹം കേരളീയ കലാ സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

കേസരിയെപ്പറ്റി മഹാന്മാര്‍
ബഷീര്‍ - മലയാള സാഹിത്യം പുതിയൊരു ആരോഗ്യകരമായ പാന്ഥാവിലേക്ക് തിരിച്ചു വിട്ട ചൂണ്ടു പലകയാണ് എ.ബാലകൃഷ്ണപിള്ള.

എം.പി.പോള്‍ - ബാലകൃഷ്ണപിള്ള ഇന്ന് കേരളത്തിന്റെ ഒരു ശക്തികേന്ദ്രമാണ്. ഇന്നത്തെ തലമുറ അറിയുന്നില്ല.പക്ഷെ ഭാവി ചരിത്രകാരന്മാര്‍ അറിയും.

കുറ്റിപ്പുഴ കൃഷ്ണപിള്ള – കേസരി ബാലകൃഷ്ണപിള്ളയുടെ നാം യോജിച്ചാലും ഇല്ലെങ്കിലും ചിരകാലമായി അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്ന സ്വതന്ത്രചിന്തയും ശാസ്ത്രീയ വീക്ഷണവും വിജ്ഞാന തൃഷ്ണയും കേരളീയര്‍ക്ക് എന്നെന്നും മാര്‍ഗ്ഗദര്‍ശനമായിരിക്കും.മലയാളത്തിന്റെ തലയായി അദ്ദേഹം സ്മരിക്കപ്പെടും.

വയലാര്‍ രാമവര്‍മ്മ - ( മാടവനപ്പമ്പിലെ ചിത , കവിത )

കേരളം മാടവനപ്പറമ്പില്‍ പുകയുന്നു
കേസരിയുടെ ചിതക്കരികില്‍ നിന്നു മൂകം
.............................................................
.............................................................
പെരുവാരത്തെത്താപസ്സാശ്രമമുറ്റ-
ത്തിരിക്കുമിരുപതാം നൂറ്റാണ്ടിന്‍ മോഹം കേട്ടു
ഒന്നടര്‍ത്തിയെടുത്തോട്ടെ നിന്‍ ചിതാഗ്നിയില്‍ നിന്നെന്‍
ചന്ദനത്തിരിക്കൊരു പൊന്‍മുത്തു കിരീടം ഞാന്‍.


അക്കിത്തം - ( കേസരി - കവിത )
തെളി മഞ്ഞുടുപ്പിട്ട നാകത്തെച്ചുംബിച്ചും
നിലകൊള്ളും സഹ്യന്റെ താഴ്വരയില്‍,
അറബിക്കടലിന്റെ കരയിലപ്പറവൂരി-
ലൊരു മുക്കിലൊരു മൂകമന്ദിരത്തില്‍
ഒരു കൊച്ചു ചാരുകസേരയിലൊരു നേര്‍ത്ത
നരരൂപം മലനാടേ, കണ്ടുവോ നീ ?
അഴകില്ല ചിത്തപ്രതാപമില്ലൊരു നേര്‍ത്ത
നരരൂപം മലനാടേ കണ്ടുവോ നീ ?

ജി.ശങ്കരക്കുറുപ്പ് - ( ധന്യമാനേത്രം ,കവിത )
കേരളത്തിലില്ലന്യനത്ര ദീപ്തമാം നേത്രം
കേസരിക്കല്ലാതെന്നും കേസരി ജയിക്കുന്നു.
അന്യതാരകളൊക്കെ മങ്ങിയാല്‍ മങ്ങിക്കോട്ടെ
ധന്യമാനേത്രം മാത്രമസ്തമിക്കില്ലെന്നാകില്‍.

പി .കുഞ്ഞിരാമന്‍ നായര്‍ ( പാതിരാ താരകം, കവിത )
ഏകാന്ത മൗനം ഭജിച്ചു കെടാവിള -
ക്കേന്തിയ പാതിരാ താരകമാകുന്നു നീ
പാടാത്തീ നീ വിശ്വസാഹിത്യ ദീപ്തിയെ
ത്തേടുവാന്‍ ജീവിതമര്‍പ്പണം ചെയ്തവന്‍.
സാധനാ വ്യോമ സഞ്ചാരിയാകും വിശ്വ
സാഹിത്യ വല്ലരീ കോരകമാണു നീ.


കേസരിയുടെ പുസ്തകങ്ങള്‍.

13 വിവര്‍ത്തന ഗ്രന്ഥങ്ങളടക്കം 41 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലാര്‍ഡ് കിച്ചനര്‍
പുരാതത്വ പ്രദീപം
അലക്സാണ്ടര്‍ മഹാന്‍
യുളിസസ് ഗ്രാന്റ്
രണ്ട് സാഹസിക യാത്രകള്‍
ഐതിഹ ദീപിക
സാന്ധില്യ
വിക്രമാദിത്യന്‍ ത്രിഭുവന മല്ലന്‍
ഹര്‍ഷ വര്‍ദ്ധനന്‍
കാമുകന്‍
കാര്‍മെന്‍
നവലോകം
പ്രേതങ്ങള്‍
രൂപ മഞ്ജരി
ഒരു സ്ത്രീയുടെ ജീവിതം
ഓമനകള്‍
ആപ്പിള്‍ പൂമൊട്ട്
നോവല്‍ പ്രസ്ഥാനങ്ങള്‍
മൂന്ന് ഹാസ്യകഥകള്‍
മോപ്പസാങ്ങിന്റെ ചെറുകഥകള്‍
സാഹിത്യ ഗവേഷണമാല
പ്രാചീന കേരള ചരിത്രഗവേഷണം
സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങള്‍
ഒമ്പത് ഫ്രഞ്ച് കഥകള്‍
നാല് ഹാസ്യ കഥകള്‍
സാഹിത്യ വിമര്‍ശനങ്ങള്‍
ആദം ഉര്‍ബാസ്
കുറെക്കൂടി
എട്ട് പാശ്ചാത്യ കഥകള്‍
കേസരിയുടെ മുഖപ്രസംഗങ്ങള്‍
ചരിത്രത്തിന്റെ അടിവേരുകള്‍
കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍
കേസരിയുടെ ലോകങ്ങള്‍
നവീന ചിത്രകല
ചരിത്ര പഠനങ്ങള്‍
Out line of proto historic chronology of Western Asia
കേസരിയുടെ ചരിത്രഗവേഷണങ്ങള്‍( നാല് വാള്യം)



കേസരിയുടെ ചിന്തകള്‍

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറയിട്ടത് കേസരിയുടെ ചിന്തകളാണ്.മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.ഇബ്സണ്‍,മോപ്പസാങ്ങ് , ചെക്കോവ്, ബല്‍സാക്ക്, ലൂയിപിരാന്തലോ, വാസ്സര്‍മാന്‍, തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരുടെ നാടകങ്ങളും , കഥകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പാശ്ചാത്യ സാഹിത്യത്തെ മലയാളത്തിലേക്കാനയിച്ചു.

ചരിത്ര ഗവേഷണമായിരുന്നു കേസരി മുഖ്യമായും ചെയ്തത്.ലോക ജനതയെ കോര്‍ത്തിണക്കുന്ന ചങ്ങലയിലെ കണ്ണികളായ മനുഷ്യര്‍ ഒന്നു തന്നെയെന്ന് അദ്ദേഹം ഗവേഷണങ്ങളിലൂടെ സ്ഥാപിച്ചു.ചിത്രകലയിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.ഇടക്കലിലെ ഗുഹാചിത്രങ്ങള്‍,അജന്ത ചിത്രങ്ങള്‍, കേരളീയ ധൂളി ചിത്രങ്ങള്‍, പാശ്ചാത്യ ചിത്രങ്ങള്‍ എന്നിവയെയൊക്കെപ്പറ്റി അദ്ദേഹം പഠനം നടത്തി.
ധശിക്ഷ നിറുത്തലാക്കണമെന്നും, സന്താന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

േസരി എന്ന പത്രാധിപര്‍
നിഷ് പക്ഷത, വസ്തുനിഷ്ഠത, വിശ്വാസ്യത, ധാര്‍മ്മികത ഇവയിലടിയുറച്ച് നിന്ന് കൊണ്ട് പത്രപ്രവര്‍ത്തനം നടത്തി.റീജന്റ് മഹാറാണിയേയും ദിവാനേയും നിശിതമായി വിമര്‍ശിച്ച് ലേഖനങ്ങളെഴുതി ഭരണകൂടത്തെ വിറപ്പിച്ചു.
1922 മെയ് 14 'സമദര്‍ശി' പത്രത്തിന്റെ പത്രാധിപര്‍
1930 ജൂണ്‍ 4 സ്വന്തം പത്രം 'പ്രബോധകന്‍ ' തുടങ്ങി
1930 സെപ്തംബര്‍10 പത്രത്തിന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി
1930 സെപ്തംബര്‍ 18 'കേസരി' പത്രം തുടങ്ങി.
സര്‍ക്കാരിന്റെ ശിക്ഷാനടപടികളും,കടവുംം താങ്ങാനാവാതെ 'കേസരി ' പത്രം നിറുത്തുകയും 1936 ല്‍ ശാരദ പ്രസ്സ് വിറ്റ് പറവൂര്‍ക്ക് താമസം മാറ്റുകയും ചെയ്തു.

കേസരിയുടെ കുടുംബവിശേഷം

1889 ഏപ്രില്‍ 13ന് തിരുവനന്തപുരം , തമ്പാന്നൂര്‍ പുളിക്കല്‍ മേലെ വീട്ടില്‍ ജനനം
പിതാവ് : മൂവാറ്റുപുഴ വടക്കുംഞ്ചേരി അകത്തൂട്ട് മഠത്തില്‍ ദാമോദരന്‍.തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സംസ്കൃതാധ്യാപകനായിരുന്നു.
മാതാവ് : തിരുവിതാംകൂര്‍ അലനാട്ട് വീട്ടില്‍ പാര്‍വതയമ്മ.
1917 ഏപ്രില്‍ 18 ന് വടക്കന്‍ പറവൂര്‍ വയല്‍വീട് മഠത്തില്‍ ചെല്ലമ്മ എന്ന ഗൗരിയമ്മയെ വിവാഹം കഴിച്ചു.
ആദ്യമകള്‍ ശാരദ 1918 ഫെബ്രുവരി 21 ന് ജനിച്ചു. എട്ടാം വയസ്സില്‍ മരിച്ചു.
രണ്ടാമത്തെ മകള്‍ മുപ്പതാം ദിവസം മരിച്ചു.
മക്കളുടെ മരണവും ,ശാരദ പ്രസ്സ് പൂട്ടിയതും തുടര്‍ന്നുണ്ടായ ദാരിദ്ര്യവും അദ്ദേഹത്തെ കടുത്ത ദു:ഖത്തിലാഴ്ത്തി.തിരുവനന്തപുരത്തുനിന്നും പറവൂരിലെ മാടവനപറമ്പിലേക്ക് താമസം മാറ്റിയ അദ്ദേഹം വര്‍ഷങ്ങളോളം വീട്ടില്‍ നിന്ന് പോലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി.
തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ കേസരിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും ആരുടെയുംഔദാര്യം സ്വീകരിക്കാന്‍ സന്നദ്ധനല്ല എന്നറിയിക്കുകയാണ് ചെയ്തത്.ഐക്യകേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി സാഹിത്യ അക്കാദമിയിലേക്ക് കേസരിയുടെ പുസ്തകങ്ങള്‍ ഏറ്റെടുക്കുകയും പ്രതിഫലമായി 5000 രൂപ നല്‍കുകയും ചെയ്തപ്പോള്‍ ആദ്ദേഹമത് സ്വീകരിച്ചു.
1960 ഡിസംബര്‍ 18ന് കേസരി എ.ബാലകൃഷ്ണപിള്ള അന്തരിച്ചു.



വിദ്യാഭ്യാസം :
വഞ്ചിയൂര്‍ എല്‍.പി.സ്ക്കൂള്‍, കൊല്ലം ഹൈസ്ക്കൂള്‍, മഹാരാജാസ് സ്ക്കൂള്‍ എന്നിവിടങ്ങളില്‍ സ്ക്കൂള്‍ പഠനം.
1908 ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം ക്ളാസ്സോടെ ജയം.
1913 – മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം.
1909 മുതല്‍ 1917 വരെ തിരുവനന്തപുരം വിമന്‍സ് കോളജ് തിരു. മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകന്‍.
1917 -1922 അഭിഭാഷകന്‍.
അഭിഭാഷക വൃത്തി ധാര്‍മ്മികതക്ക് നിരക്കുന്നതല്ലെന്ന് കണ്ട് നിറുത്തി.

കേസരി സദസ്സ്
1930 കളില്‍ ശാരദ പ്രസ്സില്‍ ഒത്തുകൂടിയിരുന്ന എഴുത്തുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് കേസരി സദസ്സ്.തകഴി, പട്ടം താണുപിള്ള, .വി,കൃഷ്ണപിള്ള , കെ..ദാമോദരമേനോന്‍, എന്‍.എന്‍.ഇളയത്, ബോധേശ്വരന്‍, സി.നാരായണപിള്ള തുടങ്ങിയവരായിരുന്നു കേസരി സദസ്സില്‍ ഒത്തു കൂടിയിരുന്നത്.

കേസരി സ്മാരകങ്ങള്‍

കേസരി സ്മൃതി മണ്ഡപം ,പറവൂര്‍
കേസരി മ്യൂസിയം ,പറവൂര്‍
കേസരി ബാലകൃഷ്ണപിള്ള കോളജ് - പറവൂര്‍
കേസരി സ്മാരക മന്ദിരം - തിരുവനന്തപുരം
കേസരി ബാലകൃഷ്ണപിള്ള ടൗണ്‍ ഹാള്‍ - പറവൂര്‍
കേസരി സ്മാരക വായനശാല – പൂയപ്പിള്ളി/

പറവൂര്‍ കേസരി മ്യൂസിയത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കി എഴുതിയത് : എം.എന്‍.സന്തോഷ്

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...