04 December, 2018

കഥ തെരുവ് മാജിക്ക്



തെരുവ് മാജിക്ക്


എം.എന്‍.സന്തോഷ്


9946132439


താക്കോല്‍ നഷ്ടപ്പെട്ടു എന്ന് തന്നെയാണ് കരുതിയത്.വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് , പോകാന്‍ കഴിയുമെന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു.റിലയന്‍സ് ഫ്രഷില്‍ നിന്നിറങ്ങി ഇരു ചക്രവാഹനം സ്റ്റാര്‍ട്ട് ചെയ്യാനാകാതെ താക്കോല്‍ പരതി പരവശനായി നിന്ന ആ നിമിഷങ്ങളിലാണ് അവന്റെ വരവ്.

പണ്ട് എസ്.എസ്.അരയ യു.പി.സ്ക്കൂളിലെ സഹപാഠി.പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു അത്.എമ്മനെ കണ്ടിട്ട് കാലം കുറെയായല്ലോ എന്ന് പറഞ്ഞ്
അരികിലെത്തി അവന്‍ ആശ്ലേഷിച്ചു.
തങ്കപ്പന്‍ കുട്ടി.പഴയ തങ്കപ്പന്‍ കുട്ടിയല്ല.ഭംഗിയുള്ള ഖാദി കുര്‍ത്തയും, പാന്‍റ്സും. വിലയേറിയതെന്ന് തോന്നിക്കുന്ന ഷൂ. തലമുടിയും താടിയും നരച്ചുവെങ്കിലും സുമുഖന്‍ തന്നെ !സംസാരവും പ്രകടനവും ഊര്‍ജ്ജസ്വലം.
ആഹ്ളാദത്തിന്റെയും ,നൊമ്പരത്തിന്റെയും മായാത്ത പാടുകള്‍ വരച്ചിട്ടുകൊണ്ട് ഗ്രീഷ്മവും വസന്തവും വര്‍ഷവും എത്രയോ കടന്ന് പോയിരിക്കുന്നു എന്ന് അപ്പോള്‍ ഓര്‍ത്തു .ചെറായി പൂരവും , മഞ്ഞ് മാതാ പള്ളി പെരുന്നാളും , കൂടിച്ചരലുകളുടെ ആനന്ദം പ്രസരിപ്പിക്കുന്ന ആഘോഷങ്ങളായിരുന്നു.സ്വരുക്കൂട്ടിയതൊക്കെയും കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ പ്രാണന്‍ മാത്രം മുറുകെപ്പിടിച്ച് നീന്തി മഹാ പ്രളയത്തില്‍ നിന്നും കര പറ്റിയതിന്റെ മുറിപ്പാടുകള്‍. കാലഗണനക്ക് പുതിയൊരു തിരുശേഷിപ്പു മായിരിക്കുന്നു.
മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ ഒരു പാടുമില്ലെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.
ഏഴാം ക്ളാസ്സ് കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി തന്റെ വഴിക്ക് പോയെന്ന് തങ്കപ്പന്‍കുട്ടി.
പട്ടാളകുപ്പായമിട്ട് രാജ്യത്തിന്റെ കാവലാളായി.പിന്നെ പ്രവാസ ജീവിതം.
പേരില്‍ അവനൊരു പ്രൊഫഷണല്‍ ടച്ച് വരുത്തി.പ്രൊഫസര്‍ തങ്കരാജ് പള്ളിപ്പുറം. ഫേമ്സ് മജീഷ്യന്‍.അത് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.
ക്ളാസ്സില്‍ ചിരിക്ക് വകയൊരുക്കിയിരുന്ന തങ്കപ്പന്‍കുട്ടിയുടെ എന്തെല്ലാം ട്രിക്കുകള്‍.
എന്റെ അലൂമിനിയം പുസ്തക പെട്ടിയിലെ ഗ്ളോബ് ഇന്‍സ്ട്രമെന്റ് ബോക്സില്‍ നിന്നും കോമ്പസ് കണക്ക് പിരീഡ് അപ്രത്യക്ഷമാകുന്ന വിദ്യ അന്ന് നീ പലവട്ടം കാണിച്ചിട്ടുണ്ട്.
തങ്കപ്പന്‍കുട്ടി അത് ശരി വെച്ചു.
വിശക്കുന്ന നേരങ്ങളില്‍ പിള്ളേരുടെ ചോറു പാത്രത്തില്‍ നിന്നും ചോറും കറികളും കട്ട് തിന്നിട്ടുണ്ട്.
മുത്തശ്ശി തരുന്ന എട്ടണ തുട്ടുമായി ഇലാസ്റ്റിക്ക് കെട്ടി മുറുക്കിയ പുസ്തകകെട്ട് തോളിലേറ്റ് രാവിലെ സ്ക്കൂളിലേക്ക് .ഇന്റര്‍വെല്ലിന് മണിയടിക്കുമ്പോള്‍ കുട്ടപ്പന്‍ പാപ്പന്റെ ചായക്കടയില്‍ നിന്നും ഉണ്ടന്‍പൊരി വാങ്ങി തിന്നും. അതിലൊരു പങ്ക് കൂട്ടുകാര്‍ക്ക് വീതം വെക്കും.തങ്കപ്പന്‍കുട്ടി വിദ്യാലയ സ്മരണകളുടെ ചുരുളുകള്‍ പൊടിതട്ടി നിവര്‍ത്തി.

ഹേമയുടെ ഡ്രോയിങ്ങ് പുസ്തകം എന്റെ പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മല്ലിക ടീച്ചര്‍ എന്റെ പച്ച നിറമുള്ള ട്രൗസറിന്റെ മൂട്ടില്‍ പട പട അടിച്ചത് അന്ന് നിന്റെ ഒരു മഹാ മന്ത്രവാദത്തിന്റെ ഫലമാണല്ലോ.

ഹ്രസ്വ നേരത്തിനിടയില്‍ പള്ളിക്കൂടം കഥകള്‍ കുറച്ചേറെ പറഞ്ഞു.
എമ്മന്‍ പരവശനായിരിക്കുന്നല്ലോ നീ. എന്താണ് പരതിക്കൊണ്ടിരിക്കുന്നത് ?”
തങ്കപ്പന്‍ കുട്ടി ചോദിച്ചു.
ഒരു പക്ഷെ അവന്‍ കുറെ നേരമായി എന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നിരിക്കാം.
വണ്ടിയുടെ താക്കോല്‍ കാണാതായെന്ന വിവരം പറഞ്ഞപ്പോള്‍ വിഷമിക്കേണ്ടന്ന് പറഞ്ഞ് അവന്‍ എന്നെ സമാധാനിപ്പിച്ചു.
ഫോര്‍ എവ് രി പ്രോബ്ളം ദേര്‍ വില്‍ ബി എ സൊലൂഷന്‍. ആര്‍ യു എ മാത്ത്സ് ടീച്ചര്‍? റിട്ടയേര്‍ഡ്? ആം ഐ റൈറ്റ് ?”
"റിയലി.”
കണക്ക് മാഷമ്മാര്‍ക്ക് ഇങ്ങനെ ചില ഓര്‍മ്മ പിശകുകളുണ്ടാകുമെന്നും, ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന് ക്ളാസ്സില്‍ വന്ന് പിള്ളേര്‍ക്ക് കനത്ത പണിഷ് മെന്റ് കൊടുത്തതിന്റെ ശാപമാണിതെന്നും പറഞ്ഞ് തങ്കപ്പന്‍ കുട്ടി പൊട്ടിച്ചിരിച്ചു.
തങ്കപ്പന്‍കുട്ടി കീശയില്‍ നിന്നും ഒരു തൂവാല എടുത്തു.അന്തരീക്ഷത്തില്‍ രണ്ട് വട്ടം വീശി.വിരലുകള്‍ കൊണ്ട് മാന്ത്രിക വിക്ഷേപങ്ങള്‍.പ്രൊഫസര്‍ തങ്കരാജ് പള്ളിപ്പുറം തെരുവില്‍ ഇന്ദ്രജാലത്തിന്റെ ചെപ്പ് തുറക്കുന്നു.
"മൂന്ന് പ്രാവശ്യം പറയൂ.അമ്പ്രകടമ്പ്ര, അമ്പ്രകടമ്പ്ര, അമ്പ്രകടമ്പ്ര, ”
ആ മന്ത്രം ഞാന്‍‌ മൂന്ന് പ്രാവശ്യം ഉരുവിട്ടു.
റെഡി ജാം ആന്റ് ജീറോ.”
എന്റെ ഇടത് കരത്തിലേക്കവന്‍ വിരല്‍ ചൂണ്ടി.മോതിര വിരലില്‍ താക്കോല്‍ കിടക്കുന്നത് കണ്ട് ഞാന്‍ അത്ഭുതം പൂണ്ട് എന്തോരു മാജിക്കെടാ എന്ന് വണ്ടറടിച്ച് നില്‍ക്കുമ്പോള്‍ തങ്കപ്പന്‍കുട്ടി പറഞ്ഞു.
മാജിക്കല്ലെടാ.ജസ്റ്റ് ആന്‍ ഇല്ല്യുഷന്‍. കണ്‍കെട്ട്.അത് തന്നെ.”
നീ തങ്കപ്പന്‍കുട്ടിയല്ലെടാ, പൊന്നപ്പന്‍ തനി പൊന്നപ്പന്‍ എന്ന ജനാര്‍ദ്ദന ‍ഡയലോഗ് പറ‍ഞ്ഞ് അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്.
തങ്കപ്പന്‍കുട്ടിയോട് ഒരുപാട് നന്ദി പറഞ്ഞ് വീട്ടിലേക്ക് വരണമെന്ന് ക്ഷണിച്ചു. ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അവന്റെ ഒരു ചോദ്യം.
ഒരു ലിറ്റര്‍ പെട്രോളിന് വില നൂറ് രൂപയോടടുക്കുന്ന ഇക്കാലത്ത് ബൈക്ക് മുതലിക്കുമോടാ?ബൈക്ക് മാറ്റി നിനക്ക് ഒരു കഴുതപ്പുറത്ത് സഞ്ചരിച്ച് കൂടെ?”
ഇനിയത്തെ സ്റ്റൈല്‍ അതായിരിക്കുമെന്ന് പറഞ്ഞ് അവന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ ഭയചകിതനായ ഞാന്‍ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു.പ്രൊഫസര്‍ തങ്കരാജ് പള്ളിപ്പുറം തൂവാല വീശുന്നു. വിരലുകളാല്‍ മാന്ത്രിക വിക്ഷേപങ്ങള്‍.
റെഡി ജാം ആന്റ് ജീറോ !”
വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ഞാന്‍ പണിപ്പെട്ടു. എനിക്ക് ചുറ്റും ജനം കൂടുന്നത് കൗതുകമാവുന്നു. അവര്‍ ചിരിക്കുന്നു.
നീ പൊന്നപ്പനല്ല, പണ്ടത്തെ തങ്കപ്പന്‍കുട്ടി തന്നെയാണെടാ എന്നെനിക്ക് ഗതികെട്ട് പറയേണ്ടി വന്നു.

No comments:

Post a Comment