14 October, 2012

എന്റെ സ്ക്കള്‍ ഡയറി 13


എന്റെ സ്ക്കള്‍ ഡയറി 

മഹാസംഭവം


  വാര്‍ഷികാഘോഷപരിപാടികളിലും,സമ്മേളനങ്ങളിലും പങ്കെടുപ്പിക്കുന്നതിന് വിശിഷ്ട വ്യക്തികളെ ക്ഷണിച്ച് , സ്വീകരിച്ച് കൊണ്ടുവരികയാണ് പതിവ്. ഇതങ്ങനെയല്ല, ഒരു അതിവിശിഷ്ട വ്യക്തി ഞാനിതാ എസ്.ഡി.പി.വൈ സ്കൂള്‍ സന്ദര്‍ശിക്കാന്‍ വരുന്നു എന്ന് മുന്നറിയിപ്പ് അയച്ചിരിക്കുന്നു! അത് മറ്റാരുമല്ല, കേരള ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട റിട്ട. ജസ്റ്റീസ് .

  വെളി മൈതാനത്ത് ഉച്ചവെയില്‍ കനത്തു വരികയാണ്.ചില ക്ളാസ്സുകളിലെ കുട്ടികള്‍ മൈതാനത്ത് കളികളിലേര്‍പ്പെട്ടിരിക്കുന്നു.ക്ളാസ്സു മുറികളില്‍ അദ്ധ്യായനം മുറക്ക് നടക്കുന്നു.
  ചീഫ് ജസ്റ്റീസിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്താണാവോ ? അദ്ധ്യാപകര്‍ കാര്യം വിശകലനം ചെയ്യാനാരംഭിച്ചതോടെ ആദ്യമുണ്ടായ ആഹ്ളാദവും, അതിശയവും തെല്ലുനേരം കൊണ്ട് അമ്പരപ്പായി മാറി.

   ഇന്നലെ (10/10/2012) മാതൃഭൂമി പത്രത്തില്‍ എസ്.ഡി.പി.വൈ സ്കൂളുകളെ പറ്റി "മഹാ വിദ്യാലയം" എന്ന തലക്കെട്ടില്‍ ഒരു ഉഗ്രന്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരേ സ്ഥലത്ത് എട്ട് വിദ്യാലയങ്ങളും, ഏഴായിരത്തോളം വിദ്യാര്‍ത്ഥികളും പഠിക്കുന്ന ഈ സ്ഥാപനത്തെ " മഹാ വിദ്യാലയം" എന്ന് വിശേഷിപ്പിച്ചത് അര്‍ത്ഥവത്തായിരുന്നു.പത്ര വാര്‍ത്ത വായിച്ചിട്ടാവും ജസ്റ്റീസ് വരുന്നത് എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
  ഇത്രയധികം കുട്ടികള്‍ പഠിക്കുന്നിടത്ത് ആവശ്യത്തിന് ടോയ് ലെറ്റുകളുണ്ടോ, കുടിവെള്ളമുണ്ടോ എന്നൊക്കെ പരിശോധിക്കനാവും ജസ്റ്റീസ് വരുന്നതെന്ന് ബഹുമാനപ്പെട്ട മലയാളം അദ്ധ്യാപിക പ്രിയംവദ ടീച്ചര്‍ അഭിപ്രായപ്പെട്ടുകൊണ്ട് ചര്‍ച്ചക്ക് തുടക്കം കുറിച്ചു.


  മൂത്രപ്പുരയീലെങ്ങാനും അദ്ദേഹം കയറിയാല്‍ നമ്മുടെ കഥ കഴിയുമെന്ന് കലാസാര്‍ തുറന്നു പറഞ്ഞു.

  വിവരമറിഞ്ഞ് സ്റ്റാഫ് റൂമില്‍ ഓടിക്കിതച്ചെത്തിയ ഡ്രില്ല് മാഷും പ്രതികരിച്ചു.പത്ര വാര്‍ത്ത വായിച്ച ഡി... ആണ് ജസ്റ്റീസിനെ പരിശോധനക്കായി ഇങ്ങോട്ട് വിട്ടിരിക്കുന്നതെന്നതത്രെ ! കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനുള്ള സാധനങ്ങളുടെ കണക്കെടുത്താല്‍ എന്റെ പണിപോകുമെന്ന് അദ്ദേഹം സങ്കടപ്പെട്ടു.


  ഒരു പത്ര വാര്‍ത്തയുണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പുകളെന്തൊക്കയാണാവോ ?അടിയന്തിര സാഹചര്യത്തെ

നേരിടാനുള്ള അപായ വിസില്‍ സ്ക്കൂളില്‍ മുഴങ്ങിയതു പോലെ ഒരു തോന്നല്‍ ! എല്ലാവരും അലര്‍ട്ട് ആയി.ഹെഡ് മാസ്റ്ററുടെ നിര്‍ദ്ദേശം നാലുപാടും പാഞ്ഞു.അധ്യാപകരും, അനധ്യാപകരും തിരക്കിട്ടോടി നടന്ന് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടു.ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികളെ കേബിസാര്‍ വിരട്ടി ക്ളാസ്സിലേക്കോടിച്ച് കയറ്റി.


  മള്‍ട്ടിപര്‍പ്പസ് റൂം ആയി ഉപയോഗിക്കുന്ന മള്‍ട്ടിമീഡിയ റൂം അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു.ടൈപ്പ്റൈറ്റിങ്ങ് പരീക്ഷ നടത്താന്‍ കൊണ്ടു വന്നിട്ടിരുന്ന വിവിധ ക്ളാസ്സുകളിലെ ബെഞ്ചും , ഡെസ്ക്കും അടിയന്തിരമായി തിരിച്ചെത്തിച്ചത് കുട്ടികള്‍ക്ക ഇഷ്ടമായി.ഓഫീസിന്റെ തൊട്ടടുത്ത റൂമായതിനാല്‍ അദ്ദേഹം ആദ്യം ഓടിക്കയറുന്നത് എന്റെ ക്ളാസ്സിലേക്കായിരിക്കുമെന്ന് ആകുലപ്പെട്ട് അവിടുത്തെ മിസ്സ്, മുറി വൃത്തിയാക്കാന്‍ ചൂലുമെടുത്ത് ഓടിപ്പോയി.

  പ്രധാനമന്ത്രി വരുന്നെന്നു പറഞ്ഞാലും കുലുങ്ങാത്ത  അജയകുമാര്‍, ജസ്റ്റീസെന്നു കേട്ടപ്പോള്‍ കിടുങ്ങി. വളരെ നാളായി വൃത്തിഹീനമായിക്കിടന്നിരുന്ന ടോയ് ലറ്റ് ശുചീകരിക്കപ്പെട്ടു.ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഏതാനം മണിക്കൂറുകള്‍ ! എല്ലാ അദ്ധ്യാപകരും ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്.മണിക്കൂറുകള്‍ കടന്നു പോയി. അദ്ദേഹം എത്തിയില്ല.

അതാ ലഞ്ച് ബ്രേക്ക് മണി മുഴങ്ങി !


   സ്റ്റാഫ് കണ്‍വീനര്‍ അന്ന് ഊണ് കഴിക്കാന്‍ വീട്ടില്‍ പോകേണ്ടെന്ന് തീരുമാനിച്ചു. കുട്ടികളുടെ കഞ്ഞിപ്പുരയില്‍ നിന്ന് ചോറും , കറിയും കഴിച്ച് വിശപ്പടക്കി ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരുന്നു.


   ലഞ്ച് ബ്രെക്ക് കഴിഞ്ഞ് ബെല്ലടിച്ചു. കുട്ടികള്‍ ക്ളാസ്സില്‍ കയറി. അദ്ധ്യാപകര്‍ വീണ്ടും ക്ളാസ്സുകളിലേക്ക്.


   ഉദ്വേകജനകമായ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജസ്റ്റീസിന്റെ കാര്‍ സ്കൂള്‍ അങ്കണത്തില്‍ വന്നു നിന്നു. ബഹുമാനപ്പെട്ട ജസ്റ്റീസിനെ ഹെഡ് മാസ്റ്റര്‍ അത്യാദരപൂര്‍വം സ്വീകരിച്ച് ഓഫീസ് മുറിയിലേക്കാനയിച്ചു.


   അദ്ദേഹം ആഗമനോദ്ദേശം ഹെഡ് മാസ്റ്ററെ അറിയിച്ചു. ലാപ്പ് ടോപ്പില്‍ നെറ്റ് കണക്റ്റ് ചെയ്ത് അദ്ദേഹം തന്റെ വെബ്സൈറ്റ് കാണിച്ചു കൊടുത്തു.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും , യുവാക്കളെയും അഭിമുഖീകരിച്ചുകൊണ്ട് , മദ്യത്തിനും , മയക്കുമരുന്നിനും ,പുകവലിക്കുമതിരെ അദ്ദെഹം നാട്ടിലും, വിദേശത്തും നടത്തിയിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വിഡിയോയും, ചിത്രങ്ങളും ,വാര്‍ത്തകളും. . യുവാക്കളെ വഴിതെറ്റിക്കുന്ന മദ്യവിപത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് ആ ബഹുമാന്യ ന്യായാധിപന്‍.

അത്തരത്തിലൊരു പ്രചാരണം ഈ വിദ്യാലയത്തിലും നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

  ഏഴായിരത്തോളം വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കാണാന്‍ കഴിയുക, അങ്ങനെ തന്റെ ദൗത്യം നിര്‍വഹിക്കുക,

അതൊരു മഹല്‍കൃത്യമാവുമെന്ന് അദ്ദേഹം കരുതുന്നു.ഞങ്ങളെല്ലാം കരുതിയപോലെ "മാതൃഭൂമി" യിലെ വാര്‍ത്തതന്നെയീയിരുന്നു അദ്ദേഹത്തെ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചത്.


   മാനേജ്മെന്‍റും , ഹെഡ്മാസ്റ്ററും സസന്തോഷം പൂര്‍ണ്ണസമ്മതം നല്‍കിയതോടെ ആ ദൗത്യത്തിന് തിയതി കുറിക്കപ്പെട്ടു. മഹാവിദ്യാലയം എന്ന് പേര് കേട്ട ഏസ്.ഡി.പി.വൈ.യില്‍ ഇതാ മറ്റൊരു മഹാസംഭവത്തിന് അരങ്ങൊരുങ്ങുന്നു.

   ഞങ്ങളുടെ പ്രവചനങ്ങളെയും, ഊഹോപോഹങ്ങളെയും തകിടം മറിച്ചുകൊണ്ട് , ഞാന്‍ പറഞ്ഞു വന്ന കഥക്ക് ഇതാ ശുഭകരമായ ക്ളൈമാക്സ് !


  ആ മഹത് വ്യക്തിയുടെ വിനയവും, ലാളിത്യുവും, അദ്ധ്യാപകരോട് പ്രദര്‍ശിപ്പിച്ച ആദരവും എനിക്ക് അത്യല്‍ഭുതകരമായി അനുഭവപ്പെട്ടു.