ഇന്ന് കര്‍ക്കടകം ഒന്നാം തിയതി.
'കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു' എന്നൊരു പഴമൊഴിയുണ്ട്. പണ്ട് 'ശ്രാവണ' മാസം അഥവാ കര്‍ക്കടകം ഒരു ദുരിത പര്‍വ്വമായിരുന്നു.തോരാതെ പെയ്യുന്ന മഴയും, പട്ടിണിയും. മാറാരോഗങ്ങളും , പകര്‍ച്ചവ്യാധികളും പിടിപെടുന്ന സമയം. ആള്‍ക്കാര്‍ക്ക് പണിയുണ്ടാകില്ല. അടുപ്പ് പുകയാത്ത ദിനങ്ങള്‍!
വറുതിയുടെ ക്ളേശപൂരിതമായ ദിനരാത്രങ്ങളിലുടെയാണ് കടന്നുപോകുന്നതെങ്കിലും, പൊന്‍ചിങ്ങമാസമിങ്ങെത്തിച്ചേരുമല്ലോ എന്ന പ്രതീക്ഷയാണ് മലയാളിയെ മുന്നോട്ട് നയിച്ചിരുന്നത്.
പക്ഷെ , ഇപ്പോള്‍ കര്‍ക്കടകം കഴിഞ്ഞാലും ദുര്‍ഘടം തീരുമെന്ന് ആശയറ്റ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
നിനച്ചിരിക്കാതെ പിടികൂടിയ മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു.
ദുര്‍ഘടങ്ങളുടെ കാര്‍മേഘങ്ങളൊഴിഞ്ഞ്, ഒരു പൂക്കാലം വരുമെന്ന് പ്രത്യാശിക്കാം.
മലയാളികള്‍ കര്‍ക്കടകത്തില്‍ അനുവര്‍ത്തിച്ചിരുന്ന ജീവിത ശൈലികളെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.
കര്‍ക്കടകശീലങ്ങള്‍
ഭൂമിയില്‍ നിന്നുള്ള വീക്ഷണപ്രകാരം ,സൂര്യന്‍ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനത്തിന് തുടക്കം കുറിക്കുന്നത് കര്‍ക്കടകം ഒന്നാം തിയതിയാണ്.ദേവന്മാരുടെ രാത്രി തുടങ്ങുന്ന നേരം. ദേവലോകത്തെ ഒരു ദിവസം ഒരു മനുഷ്യവര്‍ഷത്തിന് തുല്യമാണെന്ന് പുരാണം . അതായത് ദേവലോകത്ത് സന്ധ്യയായി!
ആരോഗ്യം പരിപാലിക്കുന്നതില്‍ നമ്മുടെ പൂര്‍വികര്‍ക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടായിരുന്നു.കര്‍ക്കടകത്തില്‍ 'കര്‍ക്കടക കഞ്ഞി' കഴിക്കുക അത്തരമൊരു ശീലമായിരുന്നു.അതുപോലെ 'പത്തില' കഴിക്കുന്നതും കര്‍ക്കടകത്തിലെ ആഹാരചര്യയായിരുന്നു.
താള്, തകര, ചീര, മത്തന്‍, കുമ്പളം, പയറ്, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ ഇവയുടെ ഇലകളായിരുന്നു പത്തിലക്കൂട്ടത്തിലെ താരങ്ങള്‍.
'കര്‍ക്കടക കഞ്ഞി' വിശേഷപ്പെട്ട ഒരിനമായിരുന്നു.ഏഴ് ദിവസം കഞ്ഞിയും, പതിനാല് ദിവസം പഥ്യവും.
ദശപുഷ്പം ചൂടുക എന്നതും കര്‍ക്കടക മാസത്തിലെ സവിശേഷതയാണ്. കറുക, ചെറൂള, കൃഷ്ണക്രാന്തി, പൂവാംകുറുന്നില, തിരുതാളി, കയ്യോന്നി, മുക്കുറ്റി, തിലപ്പന ഉഴിഞ്ഞ, മുയല്‍ചെവിയന്‍ ഇവയാണ് ദശപുഷ്പങ്ങള്‍. ദശപുഷ്പമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഈ സസ്യങ്ങളില്‍ ചിലത് സമൂലവും പിഴിഞ്ഞ് നീരും, ഇലയുടെ നീരും കുറി തൊടാനും, കഴിക്കാനും ഉപയോഗിക്കുന്നു. ഔഷധച്ചെടികളാണ്ഇവയെല്ലാം.
ഉപ്പിലിട്ട മാങ്ങ, ഉണക്ക കപ്പ,തവിട് എന്നിവയും കര്‍ക്കടകത്തിലെ വിശേഷ വിഭവങ്ങളായിരുന്നു.
കര്‍ക്കടക ചികിത്സ
പഞ്ചകര്‍മ്മ ചികിത്സയാണ് പ്രധാനം.ഇലക്കിഴി, പിഴിച്ചില്‍, ഞവരക്കിഴി, ഇവ പ്രധാനം. കര്‍ക്കടക ചികിത്സ ഇരട്ടി ഫലവത്താണെന്നാണ് വിശ്വാസം.
കര്‍ക്കടക ചൊല്ലുകള്‍
കര്‍ക്കടക ചേന കട്ടെങ്കിലും തിന്നണം.
കര്‍ക്കടകത്തില്‍ മര്‍ക്കടമുഷ്ടി വേണ്ട.
കര്‍ക്കടകത്തില്‍ പത്തുണക്ക്.
കര്‍ക്കടകത്തില്‍ കാക്ക പോലും കൂട് കൂട്ടില്ല.
കര്‍ക്കടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനും ദോഷം.
വാഴക്കൂമ്പും, വന്‍പയറും, ചേനത്തണ്ടും, ചെറുപയറും കര്‍ക്കടകത്തില്‍ മറക്കണ്ട.
ഇക്കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ നല്ല രസമാണ്. പത്തിലക്കൂട്ടത്തിലെ സസ്യങ്ങള്‍ നാട്ടിന്‍പുറത്ത് ലഭിക്കുമായിരിക്കും. ദശപുഷ്പമോ? കറുകയും, കയ്യോന്നിയും,കൃഷ്ണക്രാന്തിയും നാട്ടിന്‍പുറത്ത് പോലും കിട്ടുമോ?
ആരോഗ്യം പരിരക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു നമ്മുടെ പൂര്‍വികര്‍.ഇന്നത്തെപ്പോലെ മാലിന്യപൂരിതമായിരുന്നില്ല പ്രകൃതി. ശുദ്ധവായു വേണ്ടുവോളമുണ്ട്. ശുദ്ധജലം സര്‍വത്ര. വിഷരഹിതമായ ഭക്ഷ്യവസ്തുക്കളും സുലഭം.
പക്ഷെ രോഗപീഢകള്‍ അവരെ അലട്ടിയിരുന്നു. ഇന്നത്തെപ്പോലെ ചികിത്സാസൗകര്യങ്ങളും , ആശുപത്രികളും തൊട്ടടുത്തില്ല. രോഗം വന്നാല്‍ വൈദ്യശാലകളാണ് ആലംബം. വൈദ്യന്‍ നിര്‍ദ്ദേശിക്കുന്നത് കഷായവും, നാട്ടുചികിത്സയുമായിരിക്കും.
വീടുകള്‍ തന്നെയായിരുന്നു ഈറ്റില്ലങ്ങളും. വയറ്റാട്ടികളുണ്ടായിരുന്നു നാട്ടില്‍! ആതുരാലയങ്ങളുടെ അപര്യാപ്തത. ആരോഗ്യപരിപാലനത്തില്‍ വലിയ പ്രതിസന്ധിനേരിടേണ്ടിയിരുന്നു.
അതുകൊണ്ടായിരിക്കാം ചിട്ടയായ ജീവിത ക്രമങ്ങളും, ആഹാര രീതിയും, അവര്‍ അനുവര്‍ത്തിച്ചു.ഒപ്പം, ഈശ്വരാരാധനക്കും ഈ പഞ്ഞമാസത്തില്‍ പ്രാധാന്യം നല്‍കി. അങ്ങനെ പ്രകൃതി ദത്തമായ ദുര്‍ഘടങ്ങളെ ആത്മവിശ്വാസത്തോടെ അവര്‍ക്ക് അതിജീവിക്കുവാന്‍ കഴിഞ്ഞു .
എം.എന്‍.സന്തോഷ്
1196 കര്‍ക്കടകം 01
No comments:
Post a Comment