01 February, 2022

Hello Bless letter .ആശേച്ചി ( ശ്രീമതി ആശാലത ) വായിച്ച കത്ത്

 

  2022 ജനുവരി ഇരുപത്തിയഞ്ചാം തിയതി ആകാശവാണി കൊച്ചി Hello bless ല്‍ പ്രക്ഷേപണം ചെയ്തു.

 

 

  ഹലോ ബ്ളസ്സ്

ബഹുമാനപ്പെട്ട ശ്രീമതി ആശേച്ചി, ശ്രീ സനല്‍ സര്‍,

നമസ് ക്കാരം.



വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്ത് പള്ളിപ്പുറം പഞ്ചായത്തില്‍ കോവിലകത്തുംകടവ് എന്ന ഒരു കൊച്ചുപ്രദേശമുണ്ട്. പുഴയും, കടത്തുകടവും, ക്ഷേത്രവും, നിര നിരയായി പീടികകളുമുള്ള നാട്ടിന്‍പുറം.

കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, തൊട്ടടുത്ത് ഒരു സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയുമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള ഈ കെട്ടിടം കോവിലകമായിരുന്നു. ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്ന രാജാവ് താമസിച്ചിരുന്നതിവിടെയാണ്. കൊച്ചിയില്‍ നിന്നും പള്ളിയോടത്തിലേറി ജലമാര്‍ഗ്ഗം സഞ്ചരിച്ച് രാജാവും പരിവാരങ്ങളും തീരമണഞ്ഞിരുന്ന കടവ് , ആ പ്രദേശം കോവിലകത്തുംകടവ് എന്നറിയപ്പെട്ടു.

കോവിലകത്തും കടവ് എന്ന സ്ഥലത്തെ പരാമര്‍ശിച്ചപ്പോള്‍ സ്ഥലനാമ ചരിത്രം സൂചിപ്പിച്ചു എന്ന് മാത്രം.

ഞാന്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ , കോവിലകത്തും കടവിലെ ആ കടത്തുകടവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിലേക്ക് ബഹുമാനപ്പെട്ട ശ്രീമതി 'ആശേച്ചി'യുടെയും , ശ്രീ 'സനല്‍ സാറിന്റെയും' ശ്രദ്ധ ക്ഷണിക്കുകയാണ്.

ഞാനന്ന് ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞല്ലോ. അതായത് സംഭവം നടന്നിട്ട് നാല്‍പ്പത്തിയെട്ട് വര്‍ഷം.

ഒരു മധ്യവേനലവധിക്കാലം.

അച്ഛന് കോവിലകത്തുംകടവില്‍ ഒരു കച്ചവട സ്ഥാപനമുണ്ട്. അച്ഛന്‍ അന്നാട്ടിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അച്ഛന് ഉച്ചഭക്ഷണവുമായി പോകുക, അച്ഛന്‍ വാങ്ങിത്തരുന്ന പലചരക്കു സാധനങ്ങളുമായി സന്ധ്യക്കു മുന്‍പേ തിരിച്ചു പോരുക. ഇതാണ് അവധിക്കാലത്തെ ദിനചര്യ !

പക്ഷെ അന്ന് കോവിലകത്തും കടവിലേക്ക് പോയതിന് ഒരു സ്പെഷല്‍ വിഷു സസ്പെന്‍സുണ്ടായിരുന്നു.

അച്ഛന്റെ കടക്കു സമീപമുള്ള രാജപ്പന്‍ ചേട്ടന്റെ കടയില്‍ എല്ലാത്തരം പടക്കങ്ങളുമുണ്ട്. അവിടെ നിന്നും ഒരു സ്പെഷല്‍ സാധനം വാങ്ങണം.

അച്ഛന്‍ കട പൂട്ടി രാത്രിയില്‍ എത്തുമ്പോഴാണ് പടക്കപ്പൊതി കൊണ്ടുവരാറുള്ളത്. ഒരു ചെറിയപൊതി! കുറച്ച് കമ്പിത്തിരി, കുറച്ച് മത്താപ്പൂ,....മേശപ്പൂ, ശീ...ശൂ... ഇനങ്ങള്‍ മാത്രം ! ഠേ....ഠോ.. ഒന്നും ഉണ്ടാകില്ല.

രാജപ്പന്‍ ചേട്ടന്റെ പടക്ക കടയില്‍ വന്‍ തിരക്ക്. ആള്‍ക്കൂട്ടത്തിനിടയില്‍ തിക്കിക്കയറി ഞാന്‍ ഒരു സാധനം ചൂണ്ടിക്കാണിച്ച് ചോദിച്ചു.

എന്താ വില ?”

പടക്കക്കടയില്‍ സഹായിക്കാന്‍ നിന്നിരുന്ന കുമാരന്‍ ചേട്ടന്‍ വില പറഞ്ഞു.

ഇരുപത്തിയഞ്ച് പൈസ.”

ആ വിഷു പടക്കം വാങ്ങണമെന്ന് ഏറെ നാളായി കൊതിക്കുന്നതാണ്. അയല്‍പക്കത്തെ ചങ്ങാതിമാര്‍, ഒന്നല്ല അഞ്ചാറെണ്ണം പൊട്ടിക്കാറുള്ളതാണെന്ന് വീരസ്യം ‍ പറയുന്നത് കേട്ടപ്പോള്‍ തുടങ്ങിയ പൂതിയാണത്. . പൊട്ടുമ്പോള്‍ ഉഗ്ര ശബ്ദമുള്ളത്. ‘ഗുണ്ട്’ എന്നാണതിന്റെ പേര്.

ഇരുപത്തിയഞ്ച് പൈസ കൊടുത്ത് ഞാനൊരു 'ഗുണ്ട് ' സ്വന്തമാക്കി ! 'ഗുണ്ട് ' കൈയില്‍ കിട്ടിയ ഉടന്‍ തന്നെ ട്രൗസറിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു.

അച്ഛന്റെ കടയുടെ വരാന്തയില്‍ തിരിച്ചെത്തി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നില്‍പ്പ് തുടര്‍ന്നു.

സി.സി.ടി.വി. കാമറയും മൊബൈല്‍ ഫോണും, ടിവിയും അക്കാലത്തില്ലെങ്കിലും , ഞാന്‍ ഗുണ്ട് വാങ്ങിയ കാര്യം പെട്ടെന്ന് ഫ്ലാഷായി. വാര്‍ത്ത , പഞ്ചായത്ത് മെമ്പറായ അച്ഛന്റെ കാതിലെത്തി. പിന്നെ നടന്നതൊക്കെ ധൃതഗതിയിലായിരുന്നു.


പോക്കറ്റില്‍ 'സ്ഫോടക വസ്തു' ഒളിപ്പിച്ച് പരുങ്ങി നില്‍ക്കുമ്പോള്‍ എന്റെ അടുത്തേക്ക് സൗഹൃദം ഭാവിച്ച് രണ്ടു പേര്‍ വന്നു. അച്ഛന്റെ സഹപ്രവര്‍ത്തകരായ മാധവന്‍ പാപ്പനും, ഭരതന്‍ പാപ്പനും.

ഭരതന്‍ പാപ്പനാണ് ആദ്യം ആക്ഷന്‍ തുടങ്ങിയത്. അദ്ദേഹം എന്നെ നില്‍ക്കുന്ന നിലയില്‍ ഉയര്‍ത്തി.

മാധവന്‍ പാപ്പന്‍ എന്റെ ട്രൗസറിന്റെ പോക്കറ്റില്‍ കൈകടത്തി കസര്‍ത്ത് കാട്ടി ഇക്കിളിയാക്കി. ഇക്കിളിയില്‍ ചിരിച്ച് പുളയുന്നതിനിടയില്‍ പോക്കറ്റ് ശൂന്യമാകുന്നത് ഞാനറിഞ്ഞില്ല.

ഓപ്പറേഷന്‍ ’ സക്സസായതോടെ ഭരതന്‍ പാപ്പന്‍ എന്നെ നിലം തൊടുവിച്ചു.

തൊണ്ടി സഹിതം പിടിയിലായതിന്റെ ജാള്യതയില്‍ കാഴ്ചക്കാര്‍ക്കിടയില്‍ ഞാന്‍ മുഖം കുനിച്ച് നിന്നു.

തൊണ്ടി മുതലിന് തീകൊളുത്താനുള്ള ശ്രമമായിരുന്നു പിന്നീട്.

ബീഡി തുമ്പത്തെ തീക്കട്ട ഊതി കനപ്പിച്ച് ഗുണ്ടിന്റെ തിരിയില്‍ മുട്ടിച്ച് മാധവന്‍ പാപ്പന്‍ ആ കൃത്യം നടത്തി.

അത്യുഗ്ര ശബ്ദത്തോടെ ഗുണ്ട് പൊട്ടി !

പടക്കം കീശയിലൊളിപ്പിച്ച പന്ത്രണ്ടുകാരന്റെ ഞെട്ടല്‍.

ഗുണ്ട് പൊട്ടുന്ന ശബ്ദവും, തുടര്‍ന്നുള്ള എന്റെ കരച്ചിലും .

അച്ഛന്റെയും സുഹൃത്തുക്കളുടെയും അവസരോചിതമായ ഇടപെടലുകള്‍ !

അന്നത്തെ എന്നെപ്പോലെയുള്ള കൗതുക ബാല്യങ്ങളുടെ ലോകത്ത് , ഇരുപത്തിയെട്ടു വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ച് , ഇന്ന് സ്വസ്ഥമായിരിക്കുമ്പോള്‍ മനസ്സിന്റെ തിരശ്ശീലയില്‍ മിന്നിത്തെളിയുന്ന കാഴ്ച്ചകള്‍!

ഓര്‍ക്കുമ്പോള്‍ ചിരിയും , ഒപ്പം ചമ്മലും !


1 comment:

  1. Slots Casino - JeRhub.com
    Check out 강원도 출장안마 the best slot machines at JeRhub.com. Discover 화성 출장안마 the top slots 영천 출장마사지 and other casino games you can play right now. Register today and enjoy the 부산광역 출장샵 latest casino 동해 출장마사지

    ReplyDelete

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...