28 July, 2013

എന്റെ സ്കൂള്‍ ഡയറി 15





ഇരട്ട കുട്ടികളുടെ വീട്



ഇരട്ടക്കുട്ടികളാണ് 9G യിലെ ലിബിനും , നിബിനും. ഉയരവും രൂപവുമൊക്കെ ഒരു പോലെ.സൗമ്യരാണ്,ശാന്തശീലരാണ്.വിനയവും , അച്ചടക്കവുമൊക്കെയുണ്ട്. രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്.ഗണിതശാസ്ത്രം ഒന്നാം ആദ്ധ്യായത്തിന്റെ ടെസ്റ്റ് പേപ്പര്‍ നടത്തിയപ്പോള്‍ ലിബിന് ഫുള്‍ മാര്‍ക്ക്. ലിബിന് 15 ല്‍ 9.

ലിബിന്‍ ഹോം വര്‍ക്ക് കൃത്യമായി ചെയ്യും. കളിക്കാനും, കൂട്ടുകൂടാനും പോകാറില്ല. പക്ഷെ നിബിന്‍ അങ്ങനെയല്ല. കളി കഴി‍‍ഞ്ഞ് നിബിന്‍ തലേന്ന് വീട്ടിലെത്തിയത് രാത്രി ഏഴിന്. അതുകൊണ്ടാണ് ഹോം വര്‍ക്ക് ചെയ്യീതിരുന്നതെന്ന് നിബിന്‍.അപ്പോള്‍ അച്ചനും അമ്മയും വഴക്കു പറഞ്ഞില്ലേ എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആ സഹോദരന്മാരുടെ മറുപടി.

അടുത്ത ദിവസം ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ലിബിന്റെ കാത് ശ്രദ്ധയില്‍പ്പെട്ടത്.കാതില്‍ ഒരു തിളക്കം. ഇരട്ടകളില്‍ മിടുക്കനെന്ന് ഞാന്‍ കരുതുന്ന ലിബിന്‍ കാതു തുളച്ച് കമ്മലിട്ടിരിക്കുന്നു.ഷിബിനും കാതു തുളച്ചിട്ടുണ്ട്. കാര മുള്ളുകൊണ്ടാണ് കാതു തുളച്ചതെന്ന് അവര്‍ സമ്മതിച്ചു.

"കാതു തുളക്കാന്‍ അച്ചനും അമ്മയും അനുവാദം തന്നിരുന്നോ ?”
"തന്നു!”
നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് എനിക്ക് അറിയണം.”
ഞാന്‍ അവരുടെ ഫോണ്‍ നമ്പര്‍ തിരക്കി. "അച്ചനോടെനിക്ക് ചോദിക്കണം.”
"അച്ചന്‍ സംസാരിക്കില്ല.” ലിബിന്റെ മറുപടി.
മറ്റു കുട്ടികളും അത് ശരിവെച്ചു.

അല്‍പ്പനിമിഷം എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു.
പിന്നെ ഞാന്‍ , അമ്മയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അമ്മയോട് വിളിച്ച് ചോദിച്ചോളാമന്ന് പറഞ്ഞു.
"നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് അമ്മ പറയുമല്ലോ . അങ്ങനെയെങ്കിലും സത്യം അറിയണം.”
അപ്പോള്‍ ലിബിന്‍ പറഞ്ഞു.
"അമ്മയും മിണ്ടില്ല.”
ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി.
മുഴുവന്‍ കുട്ടികളുടെയും കണ്ണുകള്‍ എന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ലിബിന്‍ എന്നെതന്നെ നോക്കി നില്‍ക്കുന്നു.ഞാന്‍ നിബിനെ നോക്കി.അവനും എന്നെ നോക്കുന്നുണ്ട് , കൂട്ടുകാരെയും നോക്കുന്നുണ്ട്.ശോകാര്‍ദ്രമായ ഒരു ചിരി രണ്ടു പേരും ചുണ്ടുകളില്‍ എനിക്കായി കാത്തുവെക്കുന്നുണ്ട്.

ഞാന്‍ വിവശനായി.കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ? പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ പരിഭ്രമിച്ചു. സംയമനത്തോടെ ഞാന്‍ ഷിബിന്റെ തോളി‍ല്‍ പിടിച്ച് നിന്നു.
ഒരു അങ്കിളിന്റെ കാര്യം പറഞ്ഞല്ലോ. ആ അങ്കിളിന്റെ നമ്പറായാലും മതി. തരുമോ ഞാന്‍ വിളിച്ചോളാം.”
ഫോണ്‍ നമ്പര്‍ വാങ്ങിയില്ല. വെറുതേ ചോദിച്ചെന്നു മാത്രം.
വീണ്ടും ഞാന്‍ ഗണിതത്തിലേക്ക് കടന്നു.ചോക്കെടുത്ത് ബോര്‍ഡിനരുകിലേക്ക് നീങ്ങിയെങ്കിലും മനസ്സ് കലങ്ങിയിരുന്നു. പഠിപ്പിക്കാനായില്ല.
ലിബിന്റേയും, ഷിബിന്റെയും വീട്ടിലെ കാണാകാഴ്ച്ചകള്‍ കാണാന്‍ പറക്കുകയായിരുന്നു മനസ്സ്.
പെയ്ന്ററാണ് അവരുടെ അച്ചന്‍. ശാരീരിക വൈകല്യങ്ങള്‍ മറികടന്ന് ജോലി ചെയ്യുന്നുണ്ടാകും അദ്ദേഹം എന്ന് ഞാന്‍ കരുതി. അങ്ങനെ ആ നാലംഗ കുടുംമ്പം മുന്നോട്ട് പോകുന്നുണ്ടാകും.

ആ അച്ചന് ഇക്കാലമത്രയും തന്റെ പൊന്നു മക്കളെ "ലിബിന്‍", “ഷിബിന്‍" എന്ന് വിളിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലല്ലോ എന്ന് ഞാനോര്‍ത്തു. . സ്നേഹവാല്‍സല്യത്തോടെ "മക്കളേ" എന്ന് ഉരുവിടാന്‍ ആ അമ്മ കൊതിക്കുന്നുണ്ടാവുമല്ലോ .മക്കളും ആ വിളി കേള്‍ക്കാന്‍ കൊതിയോടെ കാത്തിരുന്ന ഒരു ബാല്യമുണ്ടാവും.

അവരുടെ വീട്ടിലെ മൗന നൊമ്പരങ്ങളുടെ കാഴ്ച്ചകള്‍ . ഇങ്ങനെയൊക്കെയാവും ഓരോ കുട്ടികളുടെയും
ജീവിത സാഹചര്യങ്ങള്‍. നമ്മള്‍ അതൊക്കെ അറിയുന്നണ്ടോ? നമ്മുടെ മുന്നില്‍ ഇരിക്കുന്ന പത്തു നാല്‍പ്പതു കുട്ടികള്‍. അതൊരു വിശാലമായ ലോകം തന്നയാണ്. മനസ്സു തുറപ്പിക്കുന്ന കാഴ്ത്തകളുമുണ്ട്, കണ്ണു നിറയ്കുന്ന കാഴ്ച്ചകളുമുണ്ട് . പഠിപ്പിക്കുന്ന നമുക്ക് അവിടെ നിന്ന് ഒരുപാട് പഠിക്കാം.

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...