26 February, 2021

 


നിളാ തീരത്തെ വിശേഷങ്ങള്‍

 

 


 

                            എം.എന്‍.സന്തോഷ്

ഫെബ്രുവരി 27

കുംഭമാസത്തിലെ മകം നക്ഷത്രം ഇന്ന് ! ഈ ദിനത്തിന് ഒരു പ്രാധാന്യമുണ്ട്.

കേരള ചരിത്രത്തിലെ ഏടുകളില്‍ സുവര്‍ണ്ണലിപികളില്‍ എഴുതി ചേര്‍ത്തിരിക്കുന്ന ഒരു മഹാ സംഭവമാണ് 'മാമാങ്ക' മഹോത്സവം. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ , ‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായില്‍ നടത്തിയിരുന്ന ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മഹാ ഉത്സവം. ആ മാമാങ്കം സമാപിച്ചിരുന്നത് കുംഭമാസത്തിലെ മകം നക്ഷത്രത്തില്‍ ഇന്നത്തെ ദിവസമാണെന്നതാണ് സ്മരണീയം !


ശകവര്‍ഷത്തിലെ മാഘമാസത്തിന് തുല്യമായ മലയാളത്തിലെ മകരമാസത്തിലാണ് മാമാങ്കമാഘോഷിച്ചിരുന്നത്. 'മാഘമകര അങ്കം.’ ഈ പദത്തിന്റെ സംസ്കൃതീകരണമാകാം മാമാങ്കം.

 

ആയിരക്കണക്കിന് പോരാളികളുടെ നിണം ചാലിച്ചെഴുതിയ ചരിത്രമെന്ന് കൂടി മാമാങ്കത്തെ വിശേഷിപ്പിക്കാവുന്നതാണ്.'തളി'കളുടെയും മാമാങ്കമഹോത്സവത്തിന്റെയും മേധാവികളായിരുന്ന 'വള്ളുവക്കോനോതിരി'മാരെ കീഴ് പ്പെടുത്തി സര്‍വ്വാധികാരികളായി മാറിയ സാമൂതിരിയെ വധിക്കാന്‍ വള്ളുവക്കോനോതിരിമാരയച്ചിരുന്ന ചാവേറുകളുടെ ജഡങ്ങള്‍ കുടികൊള്ളുന്ന 'മണിക്കിണര്‍ ' നിത്യസ്മാരകമായി നിളാതീരത്തിന്നുമുണ്ട്. മാമാങ്കത്തിന്റെ തിരുശേഷിപ്പുകള്‍ വേറെ പലതുമുണ്ടവിടെ !


 

 

 

 

 

 

      നാവാമുകുന്ദ ക്ഷേത്രം

 

 

പെരുമാളുകളില്‍ തുടങ്ങിയ പെരുമ


1124 വരെ മലബാറിലെ നാടുകളുടെ ഭരണം നടത്തിയിരുന്നത് ചേരരാജാക്കന്മാരായിരുന്നു. ഒരു പെരുമാളിന്റെ ഭരണകാലം പന്ത്രണ്ട് വര്‍ഷം എന്നായിരുന്നു വ്യവസ്ഥ.പന്തീരാണ്ട് കൂടുമ്പോള്‍ പുതിയ പെരുമാളെ തിരഞ്ഞെടുക്കുന്നത് വലിയ ആഘോഷത്തോടെയായിരുന്നു. നിളാതീരത്തായിരുന്നു ആഘോഷവേദി.ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവിലാണ് സ്ഥാനക്കൈമാറ്റം.ദേവന്മാരുടെ എഴുന്നള്ളത്ത്, വാദ്യകലാ മേളങ്ങള്‍, വ്യാപാര – വാണിജ്യ- വിനോദ കേന്ദ്രങ്ങള്‍, വിദ്വല്‍ സദസ്സുകള്‍ , പിന്നെ മകം നാളില്‍ അതിപ്രധാനമായ ,പെരുമാളുടെ സ്ഥാനാരോഹണച്ചടങ്ങും നടക്കും.കിരീടധാരണത്തിനു ശേഷം പെരുമാള്‍ നിലപാട് തറയില്‍ നില്‍ക്കും. നിലപാട് നില്‍ക്കുമ്പോള്‍ പെരുമാള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടും. ദാനങ്ങള്‍, വാഗ്ദാനങ്ങള്‍, അങ്ങിനെ പലതും. അക്കാലത്ത് 'നിലപാട് തറ' അതിന് വേണ്ടിയുള്ളതായിരുന്നു.അതിന് വേണ്ടി മാത്രം !

പിന്നീട് , തറയിലെ നില്‍പ്പിന്റെ 'നിലപാട് ' മാറി. ഇവിടെ തുടങ്ങുന്നു മാമാങ്കത്തിന്റെ അടുത്ത അധ്യായം.


 വള്ളുവക്കോനോതിരിമാര്‍

കുലശേഖര ഭരണത്തിന്റെ അധ:പതനത്തെത്തുടര്‍ന്ന് അനേകം നാട്ട് രാജ്യങ്ങള്‍ ഉടലെടുത്തു. അതുവരെ ഭൂപ്രമുഖന്മാരായിരുന്ന പലരും രാജാവ് എന്ന പദവി ഉപയോഗിക്കാന്‍ തുടങ്ങി. കരുനാഗപ്പിള്ളി, കായംകുളം,പുറക്കാട്, പന്തളം എന്നിങ്ങനെ മുപ്പത്തിനാലിലധികം നാട്ട് രാജ്യങ്ങളും, അറുപത്തിനാല് ഗ്രാമങ്ങളും രൂപീകരിക്കപ്പെടുകയും , രാജഭരണം സമാരംഭിക്കുകയും ചെയ്തു.

കുലശേഖര ഭരണത്തിനു ശേഷം വള്ളുവനാട്ടില്‍ വള്ളുവക്കോനോതിരിമാര്‍ക്ക് ഭരണാധികാരം ലഭിച്ചു.വള്ളുവനാട്ട് രാജാക്കന്മാര്‍ 360 വര്‍ഷം ഭരണം നടത്തി.

1485 ല്‍ വെള്ളാട്ടുകര നാട്ട് രാജാവിനോട് പടവെട്ടി അധികാരവും, നിലപാട് തറയും സാമൂതിരി കൈവശപ്പെടുത്തിയതോടെ , സാമൂതിരി മാമാങ്കത്തിന്റെ അധിപതിയായി. ഇവിടെ തുടങ്ങുന്നു സാമൂതിരിയുടെ രക്തത്തിന് വേണ്ടിയുള്ള വള്ളുവക്കോനോതിരിമാരുടെ ദാഹം.

 








 

    നിലപാട് തറ

 

 

സാമൂതിരി നിലപാട് തറയിലേക്ക്

 

മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് സാമൂതിരി നിളാതീരത്തേക്കെഴുന്നുള്ളുന്നത്. പിറ്റേന്ന് പൂയം നക്ഷത്രത്തില്‍ മാമാങ്കം കൊടികയറും. ആഘോഷാകമ്പടികളോടെ സാമൂതിരി 'മണിത്തറ'യില്‍ 'നിലപാട്' നില്‍ക്കുമ്പോഴാണ് ' ചാവേറുകള്‍ ആക്രമിക്കുന്നത്.

 

ആയില്യം മുതല്‍ പത്തൊമ്പത് ദിവസം ഘോഷയാത്രകളാണ്. രേവതിനാള്‍ തൊട്ട് പൊന്നണിഞ്ഞ ഗജവീരന്റെ അകമ്പടിയോടെയാണ് ഘോഷയാത്ര നടക്കുന്നത്. കുംഭമാസത്തിലെ മകം നക്ഷത്തില്‍ മാമാങ്കത്തിന് കൊടിയിറങ്ങും. ആ ദിവസം സാമൂതിരി പൊന്നാനി കോവിലകത്തേക്ക് തിരിച്ചെഴുന്നുള്ളും.


മണിത്തറയില്‍ നിലപാട് നില്‍ക്കുന്ന സാമൂതിരിയെ വധിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വള്ളുവക്കോനോതിരിയുടെ ചാവേറുകള്‍ കടന്നുകയറുന്നത്. ചാവേറുകള്‍ കൊല്ലപ്പെട്ട കഥകളേയുള്ളു.നാനൂറ് വര്‍ഷങ്ങളോളമുള്ള മാമാങ്ക ചരിത്രത്തില്‍ ഒരു സാമൂതിരിയും ചാവേറിനാല്‍ വധിക്കപ്പെട്ടിട്ടില്ല


 

                                                      മണിക്കിണര്‍


1695 ലെ മാമാങ്കത്തില്‍ ചന്ത്രത്തില്‍ ചന്തുണ്ണിയെന്ന ചാവേര്‍ അംഗരക്ഷകരുടെ വലയം ഭേദിച്ച് നിലപാട് തറയില്‍ പ്രത്യക്ഷപ്പെടുകയും സാമൂതിരിയെ വെട്ടുകയും ചെയ്തതായി ചരിത്രത്തിലുണ്ട്. സാമൂതിരിയുടെ ജീവന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.വെറും പതിനാറ് വയസ്സുകാരനായിരുന്നു ആ ചാവേറെന്ന് പറയപ്പെടുന്നു.

1755 ലായിരുന്നു അവസാനത്തെ മാമാങ്കം നടന്നത്. മൈസൂരിലെ ഹൈദരലിയുടെയും സൈന്യത്തിന്റെയും മലബാര്‍ ആക്രമണത്തില്‍ സാമൂതിരിയും, വള്ളുവക്കോനോതിരിമാരും ദുര്‍ബ്ബലരായതോടെ മാമാങ്കം മഹോത്സവം ചരിത്രത്താളുകളില്‍ വിലയം പ്രാപിച്ചു

 

 

വെള്ളിത്തിരയിലെ മാമാങ്കം 

 


 

 

 

 

 

 

 

 

 

നിളാ തീരത്തെ വിസ്മയക്കാഴ്ച്ചകള്‍ സെല്ലുലോയിഡില്‍ പകര്‍ത്തി അത്ഭുതം സൃഷ്ടിച്ച് , മലയാളത്തില്‍ രണ്ട് സിനിമകളാണിറങ്ങിയത്.ആദ്യസിനിമ 1979 ആഗസ്റ്റ് 24 ന് റിലീസ് ചെയ്ത 'മാമാങ്കം’ . നവോദയ അപ്പച്ചന്‍ നിര്‍മ്മാണവും , സംവിധാനവും നിര്‍വഹിച്ച് ഈ സിനിമ രചിച്ചത് എന്‍.ഗോവിന്ദന്‍ കുട്ടിയാണ്.

 അന്നത്തെ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അഭിനയിച്ച ഈ സിനിമയില്‍ ചന്തുണ്ണിയെ പ്രേംനസീറും, മൂസയെ ജയനും, സാമൂതിരിയെ ജോസ്പ്രകാശും, ചന്ത്രോത്ത് പണിക്കരെ ബാലന്‍ കെ നായരും അവതരിപ്പിച്ചു. കെ.ആര്‍.വിജയ മങ്കയായി. കവിയൂര്‍ പൊന്നമ്മ ചന്തുണ്ണിയുടെ അമ്മ വേഷം അണിഞ്ഞു

 




 


 

2019 ഡിസംബര്‍ 12 നാണ് രണ്ടാമത്തെ മാമാങ്കം സിനിമ റിലീസ് ചെയ്തത്. എം.പത്മകുമാര്‍ സംവിധാനം ചെയ്തു.തിരക്കഥ സജീവ് പിള്ള.മമ്മുട്ടി ( ചന്ത്രോത്ത് വലിയ പണിക്കര്‍ ), ഉണ്ണി മുകുന്ദന്‍ (ചന്ത്രോത്ത് പണിക്കര്‍ ), മാസ്റ്റര്‍ അച്യുത് ( ചന്തുണ്ണി ) , കനിഹ ( ചന്തുണ്ണിയുടെ അമ്മ ) , കവിയൂര്‍ പൊന്നമ്മ ( ചന്ത്രോത്ത് വലിയ പണിക്കരുടെ അമ്മ ) തുടങ്ങിയ താരങ്ങളായിരുന്നു പ്രമുഖ വേഷത്തില്‍.

 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലേറെ സ്ക്രീനുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.




കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...