31 December, 2021

ശിവഗിരി തീര്‍ത്ഥാടനം

 

ശിവഗിരി തീര്‍ത്ഥാടനം - ഇരുണ്ട യുഗത്തില്‍ നിന്നും ഒരു യാത്ര




 

 

 

 

 

 

 

 

ഹിന്ദു ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് പ്രവേശനമോ, ക്ഷേത്ര സങ്കേതങ്ങള്‍ക്ക് ചുറ്റുപാടുമോ പോലും വഴി നടന്നു പോകാന്‍ പറ്റാതിരുന്ന ഒരു കാലഘട്ടത്തിലാണ് സ്വന്തമായൊരു പുണ്യസ്ഥലിയും , അവിടേക്കൊരു തീര്‍ത്ഥാടനവുമെന്ന സ്വപ്നം പൂവണിയുന്നത്. അത്തരമൊരു സ്വപ്ന സാക്ഷാത്ക്കാരം സമൂഹത്തില്‍ സൃഷ്ടിച്ച ഊര്‍ജവും, ചൈതന്യവും കുറച്ചൊന്നുമായിരുന്നില്ല.

"സവര്‍ണ്ണ മേല്‍ക്കോയ്മകളുടെ വന്‍മതിലുകളെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട്, ബിംബങ്ങളും, കണ്ണാടികളും, ദീപങ്ങളും മലയാള മണ്ണില്‍ നവചൈന്യം പരത്തുന്നു. ഇരുണ്ട കാലഘട്ടത്തിന്റെ തിരശ്ശീല വീഴുകയാണ്. ലോകഗുരുവായി ശ്രീനാരായണ ഗുരുദേവന്‍ ദീപസ്തംഭവുമായി മുന്നില്‍ നടക്കുന്നു !”

ഗുരുദേവന്‍ നായകസ്ഥാനത്തുള്ളപ്പോള്‍ നമുക്കുമൊരു തീര്‍ത്ഥയാത്ര വേണമല്ലോ എന്ന് ചിന്തിച്ചത് ഗുരുവിന്റെ തന്നെ ഒരു ശിഷ്യനാണ്. മൂലൂര്‍ പത്മനാഭ പിള്ളയായിരുന്നു ആ മാന്യ ദേഹം.

വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും, ടി.കെ. കിട്ടന്‍ റൈട്ടറുമാണ് മൂലൂരിന്റെ ഈ ആശയം ഗുരുവിന്റെ സമക്ഷം എത്തിച്ചത്.

1928 ജനുവരി 19 ന് കോട്ടയം നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ ഗുരുദേവന്‍ സന്നിഹിതനായിരുന്ന സന്ദര്‍ഭത്തിലാണ് ശിഷ്യര്‍ എത്തിയത്.

ഗുരു അറിയണം.

ഗുരു സവിധത്തില്‍ ഗോവിന്ദന്‍ വൈദ്യരും, കിട്ടന്‍ റൈട്ടറും ആഗ്രഹം വിശദമായിത്തന്നെ അവതരിപ്പിച്ചു. ഗുരു എല്ലാം കേട്ടു.വിശദമായി തന്നെ ശിഷ്യരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.

ഗുരുവിന് എല്ലാം ബോധ്യപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനം യാഥാര്‍ത്ഥ്യമാകണം . ഗുരു തീരുമാനിച്ചു.

തീര്‍ത്ഥയാത്രക്ക് അനുയോജ്യമായ കാലം, വേഷം, ആചാരം ഇവയൊക്കെ വേണമല്ലോ. ഗുരു അക്കാര്യങ്ങള്‍ നിശ്ചയിച്ചു തരണമെന്നും ശിഷ്യര്‍ അഭ്യര്‍ത്ഥിച്ചു.

അക്കാര്യങ്ങളെല്ലാം ഗുരുദേവന്‍ ദീര്‍ഘ ദര്‍ശനം ചെയ്തു.

യൂറോപ്യന്‍മാരുടെ ആണ്ടു പിറപ്പ് കാലമായിക്കൊള്ളട്ടെ തീര്‍ത്ഥാടന കാലമെന്ന് ഗുരു അരുളിച്ചെയ്തു.

ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളോടുകൂടി പത്ത് ദിവസത്തെ വ്രതമാചരിക്കുന്നതും തീര്‍ത്ഥാടകന് ഗുണം ചെയ്യും . അതായത് ശരീര ശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവ പാലിച്ചുകൊണ്ടുള്ള വ്രതാചരണം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കറുത്ത വസ്ത്രമെന്നപോലെ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ ഉടയാടയാണ് ഗുരു നിര്‍ദ്ദേശിച്ചത്. സാധാരണ വെള്ള വസ്ത്രം, മഞ്ഞള്‍ മുക്കി പീതാംബര ധാരിയാകാന്‍ ഗുരു ഉരുവിട്ടത് അതിനുവേണ്ടി പോലും പണം ചെലവിടേണ്ട എന്ന കരുതലോടെയാണ്.

നമ്മള്‍ പണം ധൂര്‍ത്തടിക്കാന്‍ ബഹുകേമരാകും എന്ന ദീര്‍ഘവിചാരം ഗുരുവിനുണ്ടായിരുന്നു.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിവയെക്കുറിച്ച് ശിവഗിരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അറിവ് ലഭിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്നും ഗുരു നിര്‍ദ്ദേശിച്ചു.

മനുഷ്യസമൂഹം അഭിവൃദ്ധി പ്രാപിക്കുന്നതിനു് ,അറിവിന്റെ സമസ്ത മേഖലകളിലേക്കുമുള്ള വാതായനങ്ങളാണ് ഗുരു അന്ന് തുറന്നിട്ടത്.

1928 ജനുവരി 19 നാണ് ശിവഗിരി തീര്‍ത്ഥയാത്ര വിളംബരം ഗുരു നടത്തിയത്. 1928 സെപ്തംബര്‍ 20 ന് ഗുരു മഹാസമാധി പ്രാപിച്ചു. 1933 ജനുവരി ഒന്നിനാണ് പ്രഥമമ ശിവഗിരി തീര്‍ത്ഥാടനം സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ഇലവുംതിട്ട എഴുപത്തിയാറാം നമ്പര്‍ എസ്.എന്‍.ഡി.പി.ശാഖ അംഗങ്ങളായ അഞ്ച് ശ്രീനാരായണീയരായിരുന്നു ഒന്നാം ശിവഗിരി തീര്‍ത്ഥ യാത്ര സംഘാംഗങ്ങള്‍.

ഇടയില കിഴക്കേതില്‍ എം.കെ.രാഘവന്‍, മേലേപുറത്തൂട്ട് പി.വി.രാഘവന്‍, തെക്കേവീട്ടില്‍ കെ.എസ്.ശങ്കുണ്ണി, പ്ളാവു നില്‍ക്കുന്നതില്‍ പി.കെ.കേശവന്‍, കേരള വര്‍മ്മ സൗധത്തില്‍ പി.കെ.ദിവാകരന്‍ ശിവഗിരി യാത്രാ ചരിത്രത്തില്‍ ഇടം നേടിയ പ്രഥമപുരുഷന്മാര്‍.

എണ്‍പത്തിയൊമ്പതാമത് ശിവഗിരി തീര്‍ത്ഥാടനത്തിനാണ് ശിവഗിരിയില്‍ ഇപ്പോള്‍ ധര്‍മ്മപതാക ഉയര്‍ന്നിരിക്കുന്നത്.

ഗുരു ദേവ ദര്‍ശനങ്ങളുടെ മഹിമ വിളംബരം ചെയ്യുന്നതാകണം ശിവഗിരി യാത്ര. ആധ്യാത്മികതയുടെ പുണ്യം മാത്രമല്ല, അറിവിന്റെ അമ‍ൃതവും നേടുന്നതാകണം യാത്ര!

തൊട്ടുതൊടാതെ, മാസ്ക്കിട്ട് മന്ത്രം ജപിച്ച്, സാനിട്ടറൈസാകുന്ന തീര്‍ത്ഥജലം തളിച്ച്

ഇരുണ്ടകാലത്തിലൂടെ മോക്ഷം തേടി ഒരു തീര്‍ത്ഥ യാത്ര. ‍ സംഭവ ബഹുലമായ ഒരു വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ നിന്നാണ് ശിവഗിരി യാത്ര തുടങ്ങുന്നത്. ഈ യാത്ര ഒരു പുതിയ യുഗത്തിലേക്കുള്ള കാല്‍വെപ്പാകട്ടെ !



എം.എന്‍.സന്തോഷ്

30/12/2021


കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...