14 May, 2022

ഡ്വാര്‍ത്ത ബാര്‍ബേസ കണ്ട കേരളം

 

പുലപ്പേടി 

 

1498 മെയ് 17ന് കാപ്പാട് തീരത്ത് കാല്‍ കുത്തിയ വാസ്ക്കോ ഡ ഗാമക്കുശേഷം പോര്‍ച്ചുഗീസ് 

സംഘത്തെ നയിച്ച് കേരളതീരത്ത് കപ്പലടുപ്പിച്ച നാവികനാണ് കാബ്രാള്‍ .  

അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഞ്ചാരികളിലൊരാളായിരുന്നു ഡ്വാര്‍ത്ത ബാര്‍ബേസ .

 

A.D. 1500 മുതല്‍ 1516 വരെ കേരളത്തില്‍ ജീവിച്ച് ഇവിടുത്തെ ആളുകളുടെ ജീവിത 

രീതികള്‍ പഠിക്കുകയും എഴുതുകയും ചെയ്തു ബാര്‍ബേസ്. അദ്ദേഹം രചിച്ച പുസ്തകമാണ് " A 

description of the costs of east Africa and Malabar”.

രാജാക്കന്മാര്‍, ഭരണ സമ്പ്രദായങ്ങള്‍, നീതിന്യായം, കുറ്റം തെളിയിക്കുന്ന രീതികള്‍,  

പടയാളികള്‍, അങ്കക്കളരികള്‍, മരുമക്കത്തായം, താലികെട്ട് കല്യാണം എന്നിങ്ങനെ 

കേരളത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഒക്കെ ബാര്‍ബേസ് ഈ പുസ്തകത്തില്‍ 

എഴുതിയിട്ടുണ്ട്.

 

അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന 'പുലപ്പേടി’, 'മണ്ണാപ്പേടി ' തുടങ്ങിയ 

പൈശാചികമായ ആചാരങ്ങളെ പറ്റിയും ആദ്ദേഹം വിവരിക്കുന്നുണ്ട്.

കാട്ടാളത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ദുരാചാരത്തെ പറ്റി ആദ്യമായി രേഖപ്പെടുത്തിയ 

വിദേശ സഞ്ചാരിയാണ് ബാര്‍ബേസ് .

 

പുലപ്പേടിയും , മണ്ണാപ്പേടിയും ഭയന്ന് നായര്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായിരുന്നത്രെ!  

തങ്ങളുടെ സ്ത്രീകളെ സ്വന്തമാക്കാന്‍ പുലയര്‍, മണ്ണാന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്ക് 

സവര്‍ണ്ണ മേധാവികള്‍ തന്നെ നല്‍കിയിരുന്ന അവകാശമാണ് പുലപ്പേടി എന്നത് വിചിത്രം!

 

പുലപ്പേടിയും, മണ്ണാപ്പേടിയും നടക്കുന്ന മാസങ്ങളില്‍ സന്ധ്യക്കുശേഷം നായര്‍ സ്ത്രീകള്‍ 

സ്വഭവനങ്ങളില്‍ നിന്നും പുറത്തിറങ്ങാറില്ല. പ്രസ്തുത സമയത്ത് ഒരുവള്‍ പുലയന്റെയോ,  

മണ്ണാന്റേയോ ദൃഷ്ടിയില്‍ പെട്ടാല്‍ 'കണ്ടേ’,’കണ്ടേ ’ എന്ന് വിളിച്ചു പറ‍ഞ്ഞാല്‍ മതി ആ സ്ത്രീ 

ഭ്രഷ്ടായി.

കമ്പോ, കല്ലോ, അടക്കയോ ഒരു സ്ത്രീയുടെ ദേഹത്ത് എറിഞ്ഞ് കൊള്ളിച്ചാലും മതി , ഭ്രഷ്ടായി.  

അങ്ങിനെ ഭ്രഷ്ടായ സ്ത്രീ സ്വഭവനത്തിലേക്ക് തിരിച്ചു പോകാന്‍ പാടില്ല. ഭ്രഷ്ടാക്കിയ പുരുഷന്റെ 

കൂടെയാണ് പിന്നെ ജീവിക്കേണ്ടത്. അതായത് ഭാര്യയായി തന്നെ!

ഒരു സ്ത്രീ ഭ്രഷ്ടാവുകയും, ഭ്രഷ്ട് നടത്തിയവന്റെ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ 

എന്താണ് സംഭവിക്കുക ?

ഒന്നുകില്‍ സ്വന്തക്കാര്‍ അവളെ കൊല്ലും. അല്ലെങ്കില്‍ അന്യമതസ്ഥന് വില്‍ക്കും. രണ്ടിലൊന്ന് ഉറപ്പ്.


പുലപ്പേടിയും, മണ്ണാപ്പേടിയും അനുവദിക്കപ്പെട്ടിരിക്കുന്നത് ചില മാസങ്ങളില്‍ മാത്രമാണെന്നാണ് 

കേള്‍വി. കര്‍ക്കടക മാസത്തിലായിരുന്നുവെന്ന് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എഴുതിയിട്ടുണ്ട്.  

ചിങ്ങമാസത്തിലായിരുന്നുവെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ " ഓണത്തിന്റെ ചരിത്രം” എന്ന 

പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

 

പുലപ്പേടിയെ കുറിച്ച് ഇളംകുളം കുഞ്ഞന്‍പിള്ള ‘അന്നത്തെ കേരളം’ എന്ന തന്റെ ചരിത്ര 

 

പുസ്തകത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.

 

" പതിനൊന്നാം ശതകം മുഴുവന്‍ നീണ്ടുനിന്ന ചേര ചോള യുദ്ധത്തോടു കൂടി രാജ്യത്തെ 

സ്ഥിതിഗതികള്‍ ആകെ മാറി. കളരി സമ്പ്രദായവും ചാവേറ്റു പടയും ഉടലെടുത്തു. ഭൂമിയില്‍ 

പ്രവര്‍ത്തിക്കാന്‍ നായന്മാര്‍ക്ക് സമയമില്ലാതായി. നമ്പൂതിരിമാര്‍ക്കും രാജാക്കന്മാര്‍ക്കും വേണ്ടി 

യുദ്ധത്തില്‍ മരിക്കുകയാണ് അവരുടെ കടമയെന്ന് വന്നുകൂടി. ആ പരിസ്ഥിതിയില്‍ അടിമകളുടെ 

സംഖ്യവര്‍ദ്ധിപ്പിക്കേണ്ടത് രാഷ്ട്രത്തിന്റെ ആവശ്യമായി തീര്‍ന്നു. അതിന് പരിഹാരമായി പള്ളം,  

ഓച്ചിറ, മുതലായ പടനിലങ്ങളില്‍ നിന്നും പടയണി കാണാന്‍ വരുന്ന നായര്‍ സ്ത്രീകളെ പിടിച്ചു 

കൊണ്ടുപോകാനുള്ള അവകാശം പുലയര്‍ക്ക് ലഭിച്ചു. (History of Kerala Col – II, Page 

274)”


നാടുവാഴിക്കു വേണ്ടി പടനിലങ്ങളില്‍ വെട്ടി ചാകാന്‍ നായര്‍മാരായ പടനായകന്മാര്‍. മണ്ണിനോട് 

പടവെട്ടി വിയര്‍പ്പഴുക്കി അടിമകളെപോലെ പണിയെടുക്കുവാന്‍ ഈഴവര്‍, പുലയര്‍, ചെറുമര്‍,  

മണ്ണാന്‍ തുടങ്ങിയ അധ:കൃത വര്‍ഗ്ഗവും.

ഒരു വിഭാഗം ചത്തൊടുങ്ങുന്നു. തങ്ങളുടെ വംശം കുറ്റിയറ്റുപോകുാതിരിക്കുവാനും, വീര്യവാന്മാരായ 

തലമുറയെ സൃഷ്ടിക്കാനും സവര്‍ണ്ണ മേധാവികള്‍ തന്നെ കീഴളന്മാര്‍ക്ക് അറിഞ്ഞരുളിയ  

മനുഷ്യത്വരഹിതമായ അനുമതിയായിരുന്നു പുലപ്പേടി എന്ന് അനുമാനിക്കാം.

 

പുലപ്പേടി നിയമവും ചട്ടങ്ങളും

1. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്നവരോ ആയ സ്ത്രീകളെ മാത്രമേ ഇത്തരത്തിൽ ഭ്രഷ്ടരാക്കി സ്വന്തമാക്കാൻ അവകാശം ഉണ്ടായിരുന്നുള്ളൂ.

2 .മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആൺകുട്ടി ഒപ്പം ഉണ്ടെങ്കിൽ അവരെ ഭ്രഷ്ടരാക്കാൻ പാടില്ല.

3.ഗർഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കിൽ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാൻ പാടുള്ളൂ.

4 .ഈ ഗർഭിണിയെ പ്രത്യേകം പുരകെട്ടി അവിടെ സൂക്ഷിയ്ക്കണം.

5. ഗർഭിണി പ്രസവിക്കുന്നത് ആൺകുട്ടി ആണെങ്കിൽ അമ്മക്ക് ഭ്രഷ്ട് ഉണ്ടാകില്ല.

 

1696 ല്‍ വേണാട്ടരചന്‍ ഈ കാടത്തം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.1680 മുതല്‍ 1718  

വരെ വേണാട് വാണിരുന്നതും , അശ്വതി തിരുനാള്‍ ഉമയമ്മ റാണിയുടെ പുത്രനുമായ ഇരവി വര്‍മ്മ  

തന്റെ മുഖ്യ ഉപദേഷ്ടാവും, രാജ്യ തന്ത്രജ്ഞനുമായ കേരള വര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ്  

ഐതിഹാസികമായ ഈ വിധി നടപ്പിലാക്കിയത്.

അതേ വര്‍ഷം തന്നെ  കേരള വര്‍മ്മ നായര്‍ പടയാളികളാല്‍ വധിക്കപ്പെട്ടു എന്നത് മറ്റൊരു 

ചരിത്രം.

സൈനികോപദേഷ്ടാവ് ന്നതിനു പുറമേ , കവി, സംഗീതജ്ഞന്‍, ഗ്രന്ഥകാരന്‍ എന്ന നിലകളിലും 

കേരള വര്‍മ്മ കീര്‍ത്തിമാനായിരുന്നു..

 

പത്മനാഭപുരം കൊട്ടാരത്തിലുള്ള മ്യൂസിയത്തില്‍ ഒരു ശിലാ ഫലകത്തില്‍ പുലപ്പേടി നിരോധിച്ചു 

കൊണ്ടുള്ള രാജാവിന്റെ ഉത്തരവ് തമിഴില്‍ ആലേഖനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

 

"കുന്നിവായാഴം നിന്‍ട്ര കൊല്ലം 871 മാണ്ട് തൈമാസം ഇരുപത്തിയഞ്ചാം തീയതി വീരകേരള 

വര്‍മ്മ ചറവാ മൂത്ത തമ്പിരാന്‍ കല്‍ക്കുളത്ത് എഴുന്നുള്ള ഇരുന്നരുളി കല്പിത്ത പടിക്ക് രണ്ട് വക 

 മഹാജനവും കൂടി കല്പിത്ത മൊഴിയാവത്. തോവാളയ്ക്കു മേയ്ക്കും കണ്ണേറ്റിക്കു കിഴക്കും കടലിനും 

 മലൈയ്ക്കും അകത്ത് അകപ്പെട്ട നാട്ടില്‍ പുലപ്പേടിയും മണ്ണാപേടിയും ഇല്ല എന്ന് തമ്പുരാന്‍ "

 

അഭിജാത കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കാതിരിക്കാനുള്ള സുരക്ഷാ 

 മുന്‍ കരുതലായിട്ടോ, അനഭിമതയായ സ്ത്രീയെ സ്വകുടുംബത്തില്‍ നിന്ന് ഒഴിവാക്കാനുള്ള 

 തന്ത്രമായിട്ടോ ഇങ്ങനെയൊരു നാട്ടു നടപ്പ് അനുവദിച്ചിരുന്നത് എന്ന് ഈ നീച പ്രവൃത്തിയെ

സൗകര്യപൂര്‍വം വ്യാഖ്യാനിക്കാം .

 

'പുലപ്പേടി ' പേടിക്കാതെ സ്ത്രീകള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
 

നിയമം നടപ്പാക്കിയ രാജാവിനെ നായര്‍ പ്രഭുക്കന്മാര്‍ തന്നെ വധിച്ചു .

സ്വാതന്ത്ര്യം നല്‍കുന്നവര്‍ക്ക് കിട്ടുന്ന ശിക്ഷ !

കാലം മാറി .

രാജഭരണം പോയി. ജനകീയ സര്‍ക്കാരുകള്‍ ഭരണം നടത്തുന്നു. നിയമവും നിയമ പാലകരുമുണ്ട്.

ജനങ്ങള്‍ വിദ്യാസമ്പന്നരുമായി .

എന്നിട്ടും 'പുലപ്പേടി ' യുടെ പ്രേതം പുതിയ രൂപങ്ങളില്‍ ഇപ്പോഴും വിഹരിക്കുന്നില്ലേ ?


എം.എന്‍.സന്തോഷ്

9946132439


കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...