സിനിമ നിരൂപണം - പത്തൊമ്പതാം നൂറ്റാണ്ട്
എം.എന്‍.സന്തോഷ്
കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ എഴുതപ്പെടാതെ പോയ ഒരു നവോത്ഥാന നായകൻ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി നടത്തിയ ത്യാഗോജ്ജ്വമായ പോരാട്ടത്തിന്റെ കഥയാണ് 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ മാറ്റത്തിന്റെ കാട്ടുതീ പടർത്തിയ ഒരു വീരേതിഹാസമാണ് ബിഗ് സ്ക്രീനിൽ സിനിമാസ്വാദകരെ വിസ്മയിക്കും വിധം ചിത്രീകരിച്ച് പ്രേക്ഷകർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. മലയാള മണ്ണിൽ പിറന്ന ഒരു 'ബ്രഹ്‌മാണ്ഡ' സിനിമ എന്ന്ചിത്രത്തെ വിശേഷിപ്പിക്കാം.
തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ധീര ദേശാഭിമാനിയുടെ ചരിത്രമാണ് പ്രശസ്ത ഫിലിം മേക്കർ വിനയൻ സിനിമക്ക് പ്രമേയമാക്കിയിരിക്കുന്നത്.
ഭൂവുടമയും, സമ്പന്നനും, അതേസമയം അനീതിക്കെതിരെ വാളെടുത്ത് പോരാടാൻ മടിക്കാത്ത ധീരനായ യോദ്ധാവ് കൂടിയായിരുന്നു വേലായുധ പണിക്കർ .
വേലായുധ ചേകവൻ, വേലായുധ കുറുപ്പ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ആ ഈഴവ പ്രമാണിക്ക് ആയില്യം തിരുനാൾ രാജാവ് കൽപ്പിച്ചു നൽകിയ ബഹുമതിയാണ് 'പണിക്കർ' സ്ഥാനം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തിരുവിതാംകൂറിലെ അധ:സ്ഥിത വിഭാഗം ജനങ്ങൾ അനുഭവിച്ചിരുന്ന പീഡനങ്ങളേക്കാളും അതികഠിനമായിരുന്നു അതിനു മുൻ കാലത്തെ അവസ്ഥ.
അയിത്തം, തീണ്ടൽ, ഇവ കൂടാതെ മീശക്കരം, മുലക്കരം, എന്നിങ്ങനെയുള്ള ഹീനമായ വ്യവസ്ഥകൾ കീഴ് ജാതിക്കാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കാനും, കൈയും, കാലും, ശിരസ്സും ഛേദിക്കാനും അന്നത്തെ കേരളത്തിലെ നാടുവാഴികൾക്ക് മടിയില്ലായിരുന്നു. തിരുവായ്ക്ക് എതിരു പറഞ്ഞാൽ തൂക്കിക്കൊല്ലുന്നതും, ജനമധ്യത്തിൽ സ്ത്രീകളുടെ ഉടുതുണി ഉരിയുന്നതും മാറ് മുറിച്ച് രസിക്കുന്നതും തമ്പുരാക്കന്മാരുടെ വിനോദമായിരുന്നു. തീണ്ടൽ ജാതിക്കാർ കൊടും ക്രൂരതകളാണ് അനുഭവിച്ചിരുന്നത്.
അധ:സ്ഥിതന്റെ കണ്ണീരൊപ്പിയും, അവർക്ക് കരുത്ത് പകർന്നും, അന്നവും വസ്ത്രവും നൽകിയും വേലായുധപണിക്കർ രക്ഷകനായി മുന്നിൽ നിൽക്കുന്നു.
കുഞ്ഞാലി മരക്കാരെ പോലെ പഴശ്ശിരാജയെ പോലെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ' ഈ ധീര ദേശാഭിമാനിയും ജീവന്‍ ബലിയര്‍പ്പിക്കുന്നത് വരെ കഥ തുടരുകയാണ്.
ഇത്തരം ഒരു സാമൂഹ്യ വ്യവസ്ഥിതി നില നിന്നിരുന്ന കാലഘട്ടത്തിലേക്കാണ് പ്രതിഭാധനനായ വിനയൻ എന്ന ചലച്ചിത്രകാരൻ ക്യാമറ ചലിപ്പിക്കുന്നത്.
ഇത്തരമൊരു പീരിയോഡിക്ക് സിനിമ ചിത്രീകരിക്കാൻ നിർമ്മാതാവും സംവിധായകനും, കലാസംവിധായകരും , ക്യാമറാ സംഘവും ആർട്ടിസ്റ്റുകളും ഏറെ പാട് പെട്ടിട്ടുണ്ടാകും എന്ന് തീർച്ചയാണ്.
സംഘട്ടന ഭരിതമാണ് സിനിമ . അധ:കൃതന് പിടിച്ചു നിൽക്കാൻ പൊരുതലാണ് ഹിതം എന്നതിന്റെ സൂചനയാകാം.
നൂറ് കണക്കിന് നർത്തകി മാർ ആടുന്ന ഈ സിനിമയിലുള്ളത് പോലെ ഒരു നൃത്തരംഗം സമീപകാല മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല.
ആറാട്ടുപുഴ വേലായുധ പണിക്കരാണ് സിനിമയിൽ നായക സ്ഥാനത്തുള്ളതെങ്കിലും ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നും പറയാം. തിരുവിതാംകൂറിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരവസ്ഥകൾക്ക് നേരെയാണ് സിനിമ മുഖ്യമായും വെളിച്ചം വീശുന്നത്. സ്ത്രീ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച് നങ്ങേലിയുണ്ട് മുന്നിൽ.പോരാടാൻ വേലായുധപണിക്കരുണ്ടെന്നതാണ് അവർക്ക് ഊർജം.
ആറാട്ടുപുഴ വേലായുധ പണിക്കരും കായംകുളം കൊച്ചുണ്ണിയും സമകാലികരായിരുന്നു എന്ന് സിനിമ കണ്ടപ്പോഴാണ് എനിക്ക് മനസിലായത്. തിരുവാഭരണ പെട്ടി കവർന്ന കൊച്ചുണ്ണിയെ പിടികൂടാൻ കൊട്ടാരം സൈന്യം പരാജയപ്പെട്ടപ്പോൾ ആ ദൗത്യം ഏറ്റെടുത്ത് കൊച്ചുണ്ണിയെ കീഴടക്കുന്നത് പണിക്കരാണ്.
സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലാണ് പ്രേക്ഷകൻ ജീവിക്കുന്നതു് എന്ന ഒരു ഫീൽ അനുഭവപ്പെടുന്നുണ്ട്.
സിജു വിൽസൺ ( വേലായുധ പണിക്കർ ) , അനൂപ് മേനോൻ ( ആയിലും തിരുനാൾ രാജാവ് ), വിഷ്ണു വിനയ് (സൈന്യാധിപൻ), ചെമ്പൻ വിനോദ് (കൊച്ചുണ്ണി),ഗോകുലം ഗോപാലന്‍ (പണിക്കരച്ഛന്‍), രാഘവൻ, ഇന്ദ്രൻസ്, ടിനിടോം, മണികണ്ഠൻ ആചാരി തുടങ്ങി വൻ താരനിരയുണ്ട്. നായിക നങ്ങേലിയായി കയാദു ലോഹർ
മലയാളത്തിലെ ഇതിഹാസ സിനിമകളിൽ വീരപുരുഷന്മാരെ അവതരിപ്പിച്ച പ്രേം നസീർ, മമ്മുട്ടി , മോഹൻലാൽ, പൃഥിരാജ്, നിവിൻ പോളി തുടങ്ങിയവരുടെ സിംഹാസനങ്ങളിലേക്ക് വേലായുധ പണിക്കരെ അനശ്വരനാക്കിയ സിജു വിൽസണും സ്ഥാനമുറപ്പിച്ചിരിക്കുന്നു.
ഷാജികുമാറിന്റെ ഫോട്ടോഗ്രാഫിയും, സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും വസ്ത്രാലങ്കാരവുമെല്ലാം സിനിമയുടെ പ്ലസ് പോയിന്റുകളാണ്. റഫീക്ക് അഹമ്മദും, എം.ജയചന്ദ്രനുമാണ് ഗാന ശില്‍പ്പികള്‍.
ഗാനങ്ങളും , ഗാന രംഗങ്ങളും അതി മനോഹരമാണ്.