കഥ
മൂല്യനിര്‍ണ്ണയ കേന്ദ്രത്തില്‍ സംഭവിച്ചത്
" പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്തു് കാര്യം ?”
പഴമൊഴിയാണ്.
പരീക്ഷാ പേപ്പര്‍ നോക്കുന്നിടത്ത് പൂച്ചയെപ്പോലെ പതുങ്ങി വരുന്ന നിദ്രയെ പക്ഷെ പേടിക്കണം. പേപ്പര്‍ നോക്കുമ്പോള്‍ ശ്രദ്ധ വേണം. സൂക്ഷ്മത കണിശമായും വേണം. മൂല്യനിര്‍ണ്ണയക്യാമ്പെന്നാണല്ലോ പേര്. വിദ്യാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നു എന്ന പ്രയോഗം മാറ്റി നിര്‍ത്താം. പത്താം തരക്കാരുടെ പഠന നിലവാരം വിലയിരുത്തുന്ന , ഭാവി പഠന പരിപാടികളുടെ ദിശ നിര്‍ണ്ണയിക്കുന്ന ഒന്നാം ഘട്ടത്തിലെ ഒരു പരീക്ഷ. അത്രയേയുള്ളു. ഇതിനുമപ്പുറം ഇനി എന്തെല്ലാം പരീക്ഷകള്‍ ?
മൂല്യ നിര്‍ണ്ണയം തുടങ്ങിയാല്‍ പിന്നെ നിശ്ശബ്ദത. ഓരോ , വരികളിലൂടെയും, ഓരോ താളുകളിലൂടെയും ശരി തേടിയുള്ള മൗന സഞ്ചാരം.
മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ മുടങ്ങാതെ എത്തുക എന്നത് ധര്‍മ്മപാലന്‍ മാഷിന് ഒരു തീര്‍ഥാടനമാണ്. വിവിധ ദേശങ്ങളില്‍ നിന്നുള്ള അധ്യാപകരുമായി സൗഹൃദം പുതുക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം കൂടിയാണിത്.
“ കൊച്ചു കൊച്ച് തെറ്റുകള്‍ പെരുപ്പിച്ച് കാണേണ്ടതില്ല. പിള്ളാരല്ലേ . അല്ലേ , ടീച്ചറേ?”
തന്റെ ബഞ്ചിലിരിക്കുന്ന ലൈസ ടീച്ചര്‍ കേള്‍ക്കത്തക്ക വിധം ധര്‍മ്മ പാലന്‍ മാഷിന്റെ മര്‍മ്മരം.
ലൈസ ടീച്ചര്‍ മൂളി. കേട്ടതായി ഭാവിച്ചു.
“ മനുഷ്യ സഹജം. ”
മാഷ് പിന്നെയും മന്ത്രിച്ചപ്പോള്‍ ലൈസ ടീച്ചര്‍ കേട്ടതായി ഭാവിച്ചില്ല.
'ഫ്രീഡം അറ്റ് മിഡ് നൈറ്റ് ' രചിച്ചത് തോമസ് ആല്‍വ എഡിസണ്‍ എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കാവോ?മനുഷ്യ സഹജമായ തെറ്റാണോ ? അത് വേറെ ലവല്‍. ലൈസ ടീച്ചര്‍ മനസ്സില്‍ കരുതി.
“ ടു എര്‍ ഈസ് ഹുമെയ്ന്‍. ഫര്‍ഗീവ് ഈസ് ഡിവൈന്‍.” മാഷ് പിന്നെയും.
“ ആ തത്വം മാഷ് പള്ളിക്കൂടത്തീ പറഞ്ഞേച്ചാ മതി. നോട്ടപ്പിശകിന് ഒരു ഇന്‍ക്രിമെന്റ് പോകുമേ. ചെലപ്പോ പണീം പോയെന്നിരിക്കും. ”
ലൈസ ടീച്ചര്‍ മാഷിന് വാണിങ്ങ് കൊടുക്കുന്നതിനിടെ പേപ്പര്‍ പാക്കറ്റ് കൈകളിലെത്തി.
നോട്ടപ്പിശകൊന്നും വരുത്താതെ കാത്തോളണെയെന്ന് പിതാമഹന്മാരെ വണങ്ങി ധര്‍മ്മപാലന്‍ മാഷ് കര്‍മ്മനിരതനായി.
പെന്‍സില്‍ കൊണ്ട് ശരി തെറ്റുകളുടെ ഇഴ തിരിച്ച് , യഥാസ്ഥാനങ്ങളില്‍ സ്കോറിട്ട് ഓരോരോ ഉത്തരക്കടലാസുകളിലൂടെ മൂല്യനിര്‍ണ്ണയം യഥാവിധി മുന്നേറി.
ഉച്ച കഴിഞ്ഞുള്ള സെഷനില്‍ പേപ്പര്‍ നോക്കാനിരിക്കുമ്പോള്‍ ധര്‍മ്മപാലന്‍ മാഷ് ചെറുയൊന്ന് മയങ്ങും.ഉറക്കം എന്ന് നിര്‍വചിക്കാന്‍ പറ്റില്ല. നിദ്രാദേവിയുടെ പാദാരവിന്ദങ്ങളില്‍ സായൂജ്യം തേടുന്ന മാസ്മര നിമിഷങ്ങള്‍.
വാര്‍ഷിക ക്യാമ്പിലെ മാഷിന്റെ നേരമ്പോക്കുകളാണിതെല്ലാം എന്നതിനപ്പുറം ഗൗരവം ഇതിനാരും കല്‍പ്പിച്ചിട്ടില്ല.
പക്ഷെ കരച്ചിലും,കീറലും !
സുഷുപ്തിയുടെ സ്പര്‍ശമറിയുന്നത് ഒരു വെളുത്ത പൂച്ചയുടെ വരവോടെയാണ്. വെളുത്ത പൂച്ച പാദങ്ങളില്‍ മുട്ടിയുരുമ്മും. ഉപബോധ മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുമ്പോള്‍ പൂച്ചയും ഒപ്പമുണ്ടാകും. സ്വപ്ന സദൃശമായ ആ സഞ്ചാരത്തിനിടയില്‍ മാഷ് വേഷപ്രച്ഛന്നനാകും. ചവിട്ട് നാടക കലാകാരനും ആശാനുമായ ധര്‍മ്മപാലന്‍ മാഷ് കാറല്‍സ്മാന്റെ ഈരടികള്‍ പാടും. വില്‍പ്പാട്ടിലും , ബാലെയിലും വേഷമിട്ടിരുന്നപ്പോഴത്തെ കാലത്തിലെ രാവണരാജാവിനെ പോലെയും , ഹിരണ്യകശിപുവിനെപോലെയും അട്ടഹസിക്കും. വീട്ടില്‍ രാത്രിയിലെ ഉറക്കത്തിനിടെയാണ് ഈ അസാധാരണ പ്രവര്‍ത്തിയെങ്കില്‍ ഭാര്യ കുലുക്കി ഉണര്‍ത്തും.
കനം കൂടിയ പേപ്പര്‍ കെട്ടുകള്‍ നോക്കി പരവശനായിരിക്കുന്നതിനിടെ വാഴക്കൂമ്പില പോലൊരു പേപ്പര്‍ മാഷിന്റെ കൈകളിലെത്തി . പ്രഥമദൃഷ്ട്യാ തന്നെ ആ പേപ്പറിന്റെ അവകാശിക്ക് സര്‍വ്വ മംഗളങ്ങളും മനസ്സാ നേര്‍ന്ന് ഒറ്റനോട്ടത്തില്‍ തീര്‍ക്കാമെന്ന ആശ്വാസത്താല്‍ ഒറ്റയിതള്‍ താളില്‍ വിരചിച്ച ആ ഉത്തരക്കടലാസ് വിടര്‍ത്തിയപ്പോള്‍ മാഷ് ഞെട്ടി.ആദ്യ വായനയീല്‍ മാഷ് കണ്ണ് മിഴിച്ചു.
ഇതെന്റെ അന്തകനാകുമോ ? മാഷ് അന്തം വിട്ട് കരഞ്ഞു.
ചോദ്യ നമ്പറില്ലാത്ത ആ ഉത്തരം ഗദ്യകവിതയോ, ഉപനിഷത് വാക്യമോ എന്ന് നിര്‍ണ്ണയിക്കാനാകാതെ ധര്‍മ്മസങ്കടക്കടലിലകപ്പെട്ട ധര്‍മ്മപാലന്‍ മാഷിനെ ലൈസ ടീച്ചര്‍ ആശ്വസിപ്പിച്ചു.
അജ്ഞാതനായആ പരീക്ഷാര്‍ത്ഥിയുടെ വചനങ്ങള്‍ ഇരുവരും പലവുരു പാരായണം ചെയ്തു.
ആ സൂക്തങ്ങള്‍ ഇങ്ങനെയായിരുന്നു.
“ ക്വസ്റ്റ്യന്‍ പേപ്പറില്‍ അച്ചടിച്ചിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം പാഠപുസ്തകത്തില്‍ പണ്ടേ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. അവയെല്ലാം ഈ പ്രപഞ്ചത്തില്‍ നിത്യസത്യമായി നിലകൊള്ളുന്നതുമാകുന്നു. എല്ലാം പരീക്ഷാര്‍ത്ഥികളായ ഞങ്ങള്‍ക്കും മറ്റെല്ലാവരുടെയും അറിവിലേക്കായി എഴുതപെട്ടതാകുന്നു.അത് നിത്യ സത്യമാകുന്നു. അക്കാരണത്താല്‍ ഞാന്‍ യാതൊന്നും എഴുതുന്നില്ല . നന്ദി, നമസ്ക്കാരം.”
ധര്‍മ്മപാലന്‍ മാഷ് കരയുന്നു . യമരാജനെ പോലെ അലറുന്നു.
അവിടെ എന്താണ് അത്യാഹിതം എന്നറിയാന്‍ മൂല്യനിര്‍ണ്ണയകരെല്ലാം എഴുന്നേല്‍ക്കുന്നു.
അജ്ഞാതനായ ആ ചെറുക്കന്റെ പരീക്ഷാക്കുറിപ്പും, കാര്യങ്ങളുടെ കിടപ്പും അവലോകനം ചെയ്ത് അധ്യാപക സംഘടന നേതാവും പഞ്ചായത്ത് മെമ്പറുമായ അച്യുതന്‍ മാഷ് താത്വികമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. കാര്യങ്ങള്‍ മനസ്സിലായല്ലോയെന്നും, അതാണ് അതിന്റെ ഒരു ഇത് എന്നും പറഞ്ഞ് അച്യതന്‍മാഷ് ഇരുന്നു.
പിന്നെയാര്‍ക്കും മിണ്ടാന്‍ തോന്നിയതേയില്ല.
പെന്‍സിലിന്റെ തേഞ്ഞുപോയ മുന കട്ടറില്‍ കറക്കി കൂര്‍പ്പിക്കുന്ന ധര്‍മ്മപാലന്‍ മാഷിനെയാണ് അവര്‍ കണ്ടത്. പുതിയൊരങ്കത്തിനുള്ള പുറപ്പാട് !
ആ പ്രശ്നം അവസാനിച്ചതായി ഡപ്യൂട്ടി ചീഫ് അച്യതന്‍ മാഷ് പ്രഖ്യാപിച്ചു.
എല്ലാവരും പേപ്പര്‍ കെട്ടുകളില്‍ ശരി തിരയാനായി യഥാസ്ഥാനങ്ങളില്‍ ഇരുന്നു.
എം.എന്‍.സന്തോഷ്
09/02/2023