തിരക്കഥ
സീന്‍ ഒന്ന്
സെപ്തംബര്‍ പത്ത്.
സമയം രാവിലെ 10.00
പ്രതീക്ഷ സെന്ററിന് മുന്‍ വശം. റോഡ്.
സുനില്‍, രമാദേവി തുടങ്ങിയ വൊളണ്ടിയര്‍മാര്‍ നോട്ടിസ് വിതരണം നടത്തുന്നു. പ്രചരണം സജീവം.കാല്‍നട യാത്രക്കാര്‍ക്ക് നോട്ടിസ് കൊടുക്കുന്നുണ്ട്.ഇരു ചക്ര വാഹന യാത്രക്കാര്‍ വണ്ടി നിറുത്തി നോട്ടിസ് വാങ്ങി പോകുന്നത് കാണാം.
ഒരു ബൈക്ക് പാഞ്ഞ് വരുന്നു. സുനില്‍ കൈകാണിക്കുന്നു. ലിഫ്റ്റ് ആണെന്ന് കരുതി ബൈക്കുകാരന്‍ , നോ പറഞ്ഞ് നിറുത്താതെ പോകുന്നു.
പ്രതീക്ഷ സെന്ററിന്റെ ദൃശ്യങ്ങളിലേക്ക് കാമറ മൂവ് ചെയ്യുന്നു. ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയിലേക്ക്...ഗേറ്റിന് മുകളിലെ ബാനറില്‍ കാമറ ഫോക്കസ് ചെയ്യുന്നു.
സീന്‍ രണ്ട്
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.
സ്റ്റാന്‍ഡില്‍ തിരക്കില്ല. സൂര്യതാപം കൂടി വരുന്നു. ശശിധരനും സന്തോഷും നോട്ടിസുമായി യാത്രക്കാരുടെ അടുത്തേക്ക്. ഓഫിസിനകത്ത് ജീവനക്കാര്‍ക്ക്, ബസില്‍ നിന്നിറങ്ങുന്നവര്‍ക്ക്, ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക്... സൗമ്യതയോടെ നോട്ടിസ് വാങ്ങുന്നവര്‍, നോട്ടിസിനു പിന്നാലെ രസീതുണ്ടോ എന്ന് ആശങ്കപ്പെടുന്നവര്‍..വേണ്ടെന്ന് പറയുന്നവര്‍....വിവിധ ഭാവങ്ങള്‍ വായിച്ചെടുക്കാം മുഖങ്ങളില്‍.ബസ് സ്റ്റാന്റിലെ സ്ഥിരം ലോട്ടറി വില്‍പ്പനക്കാരന്‍
തണലിരിക്കുന്ന മുച്ചക്ര വാഹനത്തില്‍ വിശ്രമിക്കുന്നു.
സന്തോഷ് അദ്ദേഹത്തിന്റെ അടുത്തേക്ക്. നോട്ടിസ് നീട്ടുന്നു.
ലോട്ടറിക്കാരന്‍ : വേണ്ട
സന്തോഷ് : വാങ്ങിച്ചോ, പിന്നെ വായിച്ചാ മതി.
ലോട്ടറിക്കാരന്‍ : വേണ്ട.
സന്തോഷ് : ചേട്ടന് അല്ലെങ്കില്‍ ആര്‍ക്കങ്കിലും പ്രയോജനപ്പെടും.
ലോട്ടറിക്കാരന്‍ : വേണ്ടെന്ന് പറഞ്ഞില്ലേ.
രണ്ട് പേരുടെയും വ്യത്യസ്തഭാവങ്ങള്‍.
സീന്‍ മൂന്ന്
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.
ശശിധരനും സന്തോഷും നോട്ടിസുമായി തണലില്‍ നില്‍ക്കുന്നു.
സമീപത്ത് നോട്ടിസ് വായിച്ച് നില്‍ക്കുന്ന
യാത്രക്കാര്‍.
വെല്‍ ഡ്രസ്സ്ഡ് ആയ ഒരാള്‍ സ്റ്റാന്‍ഡിലേക്ക് നടന്നു വരുന്നു.
സന്തോഷ് നോട്ടിസ് നീട്ടുന്നു, ലഘുവിവരണവും. അദ്ദേഹം നോട്ടിസ് വാങ്ങിച്ചു.
യാത്രക്കാരന്‍ : ഇതോണ്ടോന്നും ഒരു കാര്യോല്ല.
അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
അദ്ദേഹം നോട്ടിസ് വായിക്കുന്നു. തല കുലുക്കുന്നു.
യാത്രക്കാരന്‍ : നല്ല കാര്യം.
ഞാനൊരു മാസിക തരാം. അദ്ദേഹം ബാഗ് തുറക്കുന്നു.
ഒരു ലഘു പുസ്തകം സന്തോഷിന് നീട്ടി. വാങ്ങിക്കുന്നു.
യാത്രക്കാരന്‍ : ഞങ്ങളും ഇത് തന്നെയാണ് ലക്ഷ്യം.
"ജീവിതം ആസ്വദിക്കാം. എന്നേക്കും.” പുസ്തകത്തിന്റെ പുറം ചട്ടയില്‍ ടൈറ്റില്‍.
സന്തോഷ് പുസ്തകത്തിന്റെ താളുകള്‍ മറിച്ച് നോക്കുന്നു.
"കുടുംബങ്ങളും കൂട്ടുകാരും ഒന്നിച്ച് സമാധാനവും സന്തോഷവും
നിറഞ്ഞ ജീവിതം ആസ്വദിക്കാം. കുറച്ച് കാലത്തേക്കല്ല,
എന്നേക്കും.” സങ്കീര്‍ത്തനം 22:26
"ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പ് തരുന്നു.”
പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഇതും വായിച്ചു.
ബൈബിള്‍ വചനങ്ങള്‍.
സന്തോഷ് : നമ്മള്‍ ഒരേ ലക്ഷ്യം, മാര്‍ഗം രണ്ട്, അല്ലേ ?
യാത്രക്കാരന്‍ : നിങ്ങള്‍ ചെയ്യുന്നതും ഒരു നല്ല കാര്യം
അദ്ദേഹം ബസില്‍ കയറാനായി നടക്കുന്നു.
സീന്‍ നാല്
കെ.എം.കെ. ജങ്ഷന്‍. ഫ്രൂട്ട് സ്റ്റാള്‍.
നോട്ടിസ് വിതരണം നടക്കുന്നു.
നോട്ടിസ് വായിച്ച് കൊണ്ട് ഒരു യുവാവ്.
യുവാവ് : കടം കേറി നില്‍ക്കക്കള്ളീല്ലാതെ എത്ര പേരാ ആത്മഹത്യ ചെയ്യുന്നതെന്നറിയോ ?നിങ്ങള്‍ക്ക് ലോണ്‍ അടച്ച് കൊടുക്കാന്‍ പറ്റോ. അല്ലാതെ പിന്നെന്താ ഇതോണ്ട് കാര്യം?
ശശിധരന്‍ : ആത്മഹത്യ ചെയ്താ കടബാധ്യത തീര്വോ? പിന്നെ ജീവിച്ചിരിക്കുന്നവരുടെ കാര്യോന്താവും ?
അതാലോചിച്ച് നോക്ക് .
യുവാവിന് പ്രതികരണമില്ല. എല്ലാവരും ചിന്താഭരിതരായി നില്‍ക്കുന്നു.
കെ.എം.കെ. ജങ്ഷന്‍ മുതല്‍ പടിഞ്ഞാറ് വശത്തെ കടകളില്‍ ശശിധരനും കിഴക്ക് വശത്തെ കടകളില്‍
സന്തോഷും നോട്ടിസ് വിതരണം നടത്തി വടക്കോട്ട് നടക്കുന്നു.
മുന്‍സിപ്പല്‍ ജങ്ഷന്‍. ബസ് സ്റ്റോപ്പ്.
ധാരാളം പേര്‍ ബസ് കാത്ത് നില്‍ക്കുന്നു. അവര്‍ക്കിടയില്‍ നോട്ടിസ് വിതരണം നടക്കുന്നു. അവര്‍ വായിക്കുന്നു.
ഒരു യാത്രക്കാരന്‍ : ആത്മഹത്യ ചെയ്യാന്‍ വിചാരിച്ചയാളെ ആര് വിചാരിച്ചാലും രക്ഷിക്കാനൊന്നും പറ്റില്ല. ഒരു
മൊമന്റി തോന്നുന്ന കാര്യോണ്. നമ്മളെങ്ങനെ അറിയാനാണ് ? അത് നടന്നിരിക്കും.
സന്തോഷ് : ആ മോമന്റിന് മുമ്പുള്ള ചില ലക്ഷണങ്ങളുണ്ട്. അത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍...അതറിയാന്‍
പറ്റും.
യാത്രക്കാരന്‍ : ങ്ഹ . നടക്കട്ടെ.... നല്ല കാര്യം.
സീന്‍ ഏഴ്
മുന്‍സിപ്പല്‍ ഓഫിസ്, മുന്‍സിപ്പല്‍ ലൈബ്രറി, ഓട്ടോ സ്റ്റാന്റ് ....നോട്ടിസ് വിതരണവുമായി ഇരുവരും കിഴക്കോട്ട്
നടക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും നല്ല പ്രതികരണം.
ഓട്ടോ ഡ്രൈവര്‍ : ഞങ്ങളിത് എല്ലാവരോടും പറയാം.
സീന്‍ എട്ട്
അമ്മന്‍ കോവില്‍ റോഡ് പരിസരം.
അവസാനത്തെ ഒരു നോട്ടിസുമായി സന്തോഷ് ജൂബി വെസ്സല്‍സ് കടയിലേക്ക് കയറുന്നു.
കടയിലെ ബാബു നോട്ടിസ് വാങ്ങുന്നു.
ബാബു : ഇതെവിടെയാണ്?
കടയിലെ പെണ്‍കുട്ടി : ചേട്ടാ, പ്രതീക്ഷ കേസരി റോഡിലാണ്. എനിക്കറിയാം. എന്റെ ഒരു ചേച്ചി അവിടെ
പോയിട്ടുണ്ട്.
സന്തോഷ് കടയില്‍നിന്നും പുറത്തേക്കിറങ്ങുന്നു.
സീന്‍ ഒമ്പത്
സമയം 11.45
കടയില്‍ നിന്നും കാണുന്ന റോഡിന്റെ ദൃശ്യം.
ശശിധരന്‍ റോഡിന്റെ മറുഭാഗത്തു നിന്നും ഇപ്പുറത്തേക്ക് റോഡ് കടക്കാനായി നില്‍ക്കുന്നു.
ഇരുകൈകളും കാലിയാണെന്ന് വിടര്‍ത്തി ഉയര്‍ത്തി സന്തോഷ് വീശികാണിക്കുന്നു. ശശിധരന്‍ റോഡ് ക്രോസ്
ചെയ്ത്
ഇപ്പുറത്തേക്ക് വരുന്നു.
ശശിധരന്‍ : നാല് നോട്ടിസു കൂടിയേയുള്ളു. ഇത് കൊടുത്തിട്ട് പോകാം.
ബാക്കിയുള്ള നോട്ടിസ് നാല് പേര്‍ക്ക് കൊടുക്കുന്നു.
സീന്‍ പത്ത്
ഓട്ടോ വന്ന് നില്‍ക്കുന്നു.
ശശിധരന്‍ ഡ്രൈവറോട് : പ്രതീക്ഷ, കേസരി റോഡ്.
ഓട്ടോ മുന്നോട്ട് പോകുന്നു.
THE END