11 December, 2024

മാറാല

 

കഥ



മാറാല

 

എം.എൻ. സന്തോഷ്


അച്ഛന്റെ തോളിൽ തൂക്കിയ അവളുടെ സ്ക്കൂൾ ബാഗിൽ പുസ്തകങ്ങൾക്കു പകരമിപ്പോൾ .....

ഭാരമല്ല, ഭയമാണ് അതിലേറെ . അച്ഛന് കാവലാളായ് പാതിരാ കഴിഞ്ഞ നേരത്ത് , ബാഗിലൊരു കൈത്താങ്ങ് കൊടുത്ത്, അവളും നടന്നു .
മാനത്ത് മഴക്കാറ്. മഴക്ക് അകമ്പടിയായി കാറ്റ് . ഇടിമിന്നുന്നുണ്ടെങ്കിലും ദൂരെയാണത്. മിന്നൽ വെളിച്ചത്തിൽ അവൾ കണ്ടു. ഇതാണാ വീട്.

ഈ മതിൽ കടക്കണം. മതിൽ ചേർന്ന് നിൽക്കുമ്പോൾ മഴത്തുള്ളികൾക്ക് മുള്ളുകളുണ്ടെന്ന് തോന്നിച്ചു.
അമ്മയിപ്പോൾ അഗാധമായ ഉറക്കത്തിലായിരിക്കും . ഗുളികകൾക്കൊപ്പം ചെറിയ ഡോസിൽ ഉറക്കഗുളികയും കഴിക്കണം. എങ്കിലേ വേദനയറിയാതെ ഉറങ്ങാറുള്ളു. അമ്മ മയക്കം വിടും മുൻപ് ദൗത്യം പൂർത്തിയാക്കി വീട്ടിലെത്തണം. അമ്മക്കരികിൽ കിടന്നുറങ്ങണം.
സ്കൂൾ ബാഗിലിതെല്ലാം ഭദ്രമായി വെച്ച് സിപ്പിടുമ്പോൾ അമ്മ പറഞ്ഞതാണ് , രാത്രീല് വേണ്ട, നേരം വെളുത്തിട്ട് വീട്ടുകാര് വരുമ്പോ നേരിട്ട് കൊടുത്താ മതീന്ന്.
അപ്പോൾ അവൾ പറഞ്ഞു.
" വേണ്ടമ്മ , രാത്രി തന്നെയായിക്കോട്ടെ ഇതിവിടെ വെച്ചേക്കണ്ട. "

അച്ഛൻ തട്ടിൻ പുറത്ത് നിന്നും മരഗോവണിയിറങ്ങി വരുമ്പോൾ മാളു സ്കൂളിലേക്ക് പുറപ്പെടാനുള്ള തിടുക്കത്തിലായിരുന്നു.
മച്ചിൻ പുറത്ത് എന്തെടുക്കുമായിരുന്നു നിങ്ങളെന്ന് അമ്മയുടെ പാരവശ്യത്തോടെയുള്ള അന്വേഷണത്തിന് നോട്ടടിക്കുവായിരുന്നു എന്നായിരുന്നു പാതി ദ്വേഷ്യത്തോടെ അയാളുടെ മറുപടി.
അമ്മ ചിരിച്ചു.
" തട്ടിൻ പുറത്ത് നോട്ടടി യന്ത്രം. നല്ല തമാശ. പണ്ട് ഉപ്പുമാങ്ങ വെച്ച വലിയ ചീനഭരണിയുണ്ടവിടെ."
" കേറി നോക്ക്. ചീനഭരണിയിൽ നോട്ടും പണ്ടങ്ങളുമാണ് . നെറച്ച് വെച്ചിട്ടുണ്ട്. "
അവരുടെ വർത്തമാനം തട്ടിയും മുട്ടിയും തുടരവെ മാളു സ്കൂൾ ബാഗേന്തി വന്നു.
" അച്ഛേ, സൈക്കിളിന്റെ താക്കോല് . സ്കൂളീ പോട്ടെ."
അച്ഛേടെ പുതിയ പ്രെഡക്ട്സ് സ്ക്ളീന്ന് വന്നിട്ട് കാണാം എന്ന് പറഞ്ഞ് താക്കോല് വാങ്ങുമ്പോൾ അച്ഛേ ടെ കൈപ്പത്തിയിലെ മുറിവ് പാടുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു.
ഇപ്പോൾ മുറിഞ്ഞതല്ല. രക്തം ഉണങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായിരുന്നുമില്ല. അതിനു ശേഷമെപ്പഴോ.
" അച്ചേടെ കൈ മുറിഞ്ഞിട്ടുണ്ടല്ലോ."
അതയാൾ കേട്ടതായി ഭാവിച്ചില്ല. അച്ഛന്റെ മുഖത്തെ വിചാര ഭാവങ്ങൾ അവൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.
അച്ഛേടെ തലേലും ഷർട്ടിലും നെറയെ മാറാലയാണല്ലോ. തട്ടിൻ പുറം മാറാല മുറ്റി നിൽക്കുകയാണ്. അങ്ങോട്ട് കയറാറില്ലാത്തതാണ്. എലിയും കുറകളുമാണ് വാസം.
" നോട്ടടിയായിരുന്നല്ലോ അവിടെ. പിന്നെങ്ങനെ മാറാലയാകാതിരിക്കും."
പിന്നെയും അച്ഛനെ ചൂടാക്കുന്ന അമ്മയുടെ വർത്തമാനം കേട്ടപ്പോൾ മാളു വിചാരിച്ചു. ഈ കളിതമാശകൾ അങ്ങിനെ വിട്ടാൽ പറ്റില്ല. കണ്ടിട്ട് തന്നെ കാര്യം.
ബാഗിറക്കി വെച്ച് മാളു ഗോവണി കയറി.
മുകളിൽ തട്ടും മുട്ടും, വലിച്ചെറിയുന്ന ശബ്ദങ്ങളും കേട്ടു. ഇതെന്തെന്ന് വിചാരിച്ച് അമ്മ കൈ മലർത്തി.
അൽപ്പ നേരത്തിനകം , മുടി നിറയെ മാറാല മൂടി അവൾ തട്ടിൻ വാതിൽക്കലെത്തി.
" അച്ചടി യന്ത്രമില്ലമ്മേ. നോട്ടുകെട്ടുകളുണ്ട്. അഞ്ഞൂറിന്റെ കെട്ടുകൾ. കുറെ സ്വർണ്ണവും . അച്ഛേ , ഇതെവിടുന്ന്?"
അപ്പോളവൾ മാളൂട്ടിയായിരുന്നില്ല. വെളിച്ചപ്പാടിനെ പോലെ വിറ കൊള്ളുകയായിരുന്നു.
കലി തുള്ളി ഗോവണിയിറങ്ങി വരുന്ന മകൾ.
കട്ടിലിലേക്ക് പാരവശയായി ചായുന്ന ഭാര്യ.
അയാൾ ഭാര്യയെ താങ്ങി പിടിച്ചു.
അയാളുടെ വലത് കരം സ്വന്തം ശിരസ്സിൽ പതിപ്പിച്ച് വെച്ച് മാളു കരഞ്ഞു.
" സത്യം പറയ് അച്ഛേ, ഇതെവിടുന്ന് ? "
അയാൾ ഒന്നും മിണ്ടിയില്ല. ഉമ്മറ വാതിലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. കട്ടിളപ്പടിയിൽ മോളുടെ ബാഗ് നിശ്ചലമായിരിക്കുന്നു.
" അച്ഛനെടുത്തതാണ് മോളേ. നമ്മുടെ സിദ്ധിക്ക് സേട്ടിന്റെ വീട്ടിന്ന് . വീടടച്ചിട്ടിരിക്കുകയാണ്."
പിന്നെ നിശ്ശബ്ദത.
ഇടവഴിയിൽ സേതു ലക്ഷ്മി സൈക്കിൾ നിറുത്തി ഇങ്ങോട്ട് നോക്കി നിറുത്താതെ ബെല്ലടിക്കുവോളം മൂവരും മൗനത്തിന്റെ അഗാധ ഗർത്തങ്ങളിലായിരുന്നു.
" മാളൂട്ടി , വേഗം വാ. ബെല്ലടിക്കും"
" സേതു പൊക്കോ. ... സുഖല്യാ. ഞാനിന്ന് ലീവാ ... "
ആരോടും ചോദിക്കാതെ തന്നെ , സേതുവിന് മുഖം കൊടുക്കാതെ അവൾ ജനലരികിൽ ചെന്ന് നിന്ന് പറഞ്ഞു.
സേതു ലക്ഷ്മി സൈക്കിൾ ചവിട്ടിപ്പോയി.ഒറ്റക്കും കൂട്ടമായും കുട്ടികള്‍ പിന്നെയും പൊയ്ക്കൊണ്ടിരുന്നു.
ജനലരുകിൽ നിന്ന് വിതുമ്പുന്ന മകളെ അയാൾ ചേർത്ത് പിടിച്ച് അമ്മയുടെ കൂടെ കട്ടിലിലിരുത്തി.
" പോലിസ് വരും. അച്ഛേ നെ കൊണ്ടു പോകും... നാട്ടുകാർ പറയും കളളന്റെ വീടെന്ന് . കള്ളന്റെ മോളെന്ന് വിളിക്കും. "
അമ്മയുടെ തോളിൽ ചാരികിടക്കുന്ന അവൾ വിഭ്രമമായ അവസ്ഥയിലായിരുന്നു.
" എസ്.എസ്.എൽ.സി. ബയോഡേറ്റയിൽ ഒക്യുപ്പേഷൻ ഓഫ് ഫാദർ , ഇലക് ട്രീഷ്യൻ എന്നാ ചേർത്തിരിക്കുന്നത്. എച്ചെമ്മിനോട് പറയാം അത് തീഫ് എന്നാക്കാൻ . അല്ലേ , അമ്മേ ."
" കേട്ടോ മനുഷ്യാ , മോള് പറയുന്ന പൊള്ളുന്ന വര്‍ത്തമാനങ്ങള്‍....നിന്റച്ഛനിത് സൂക്കേടാ. പണ്ടേയുള്ളത്. കണ്ണ് വെച്ചാലതെടുക്കും. നിന്റമ്മയേയും അങ്ങനെ...."
" സ്കൂളിൽ പി.ടി.. മീറ്റിങ്ങിന് വന്നപ്പോ , എച്ചമ്മിന്റെ ടേബിളിന്ന് ഗ്ളാസ് പേപ്പർ വെയിറ്റ് എടുത്തപ്പോ ഞാൻ പറഞ്ഞിട്ടാ ഒരു സോറി പറഞ്ഞ് വെപ്പിച്ചത്."
അയാൾ മോളുടെ മുടിയിലും ഉടുപ്പിലും ഒട്ടിപ്പിടിച്ച മാറാലകൾ തൂത്ത് കളഞ്ഞ് പറഞ്ഞു.
" മോള് പറയും പോലെ ചെയ്യാം. അച്ഛനിത് എടുത്തിടത്ത് വെക്കാം. സോറി പറയാം ആരോട് വേണമെങ്കിലും . "
മാളു സ്കൂളിൽ പോയില്ല. ഉച്ചക്ക് ടിഫിൻ ബോക്സ് തുറന്നില്ല. അമ്മയ്ക്കടുത്ത് അവള്‍ കട്ടിലിൽ തന്നെയിരുന്നു.
അയാൾ വർക്ക് ഷോപ്പിലും പോയില്ല.
അമ്മ പറഞ്ഞു.
" ആശുപത്രില് കെടന്നപ്പോ ഈ സിദ്ധിക്ക് സേട്ട് വന്ന് ഒരു കവറ് തന്നു. ഓർമ്മേണ്ടോ . കാശായിരുന്നു . അഞ്ഞൂറിന്റെ കുറച്ച് നോട്ടുകൾ. നന്ദി വേണം മനുഷ്യാ ."
അയാൾ തട്ടിൻ പുറത്തേക്ക് കയറി പോയി.
പ്രകൃതിയും വിറളി പിടിച്ച് പൊരുതുകയാണ്. രൗദ്രതയോടെ ഇടിവാൾ ചുഴറ്റുന്നു. മഴയും മുറുകി. ലക്ഷ്യം നിറവേറ്റാനാകാതെ അച്ഛനം മകളും മഴ നനഞ്ഞ് മതിൽ ചാരി നിന്നു.
ഒരു മിന്നലിന്റെ നടുക്കത്തിൽ കണ്ണിറുക്കിയടച്ച അവൾ , ഒരു വാഹനം അരികിലായി സഡൻ സ്റ്റോപ്പിടുന്ന ശബ്ദം കേട്ടാണ് കണ്ണു തുറന്നത്.
പോലിസ് ജീപ്പ്.
തൊട്ടരുകിൽ നിൽക്കുന്ന വാഹനത്തിൽ നിന്നും ചോദ്യമുയർന്നു.
" ആരാ നിങ്ങൾ? ഈ പാതിരാക്ക് എന്താ പരിപാടി ?"
മാളു വിറച്ചു. അച്ഛന്റെ പ്രതികരണം പെട്ടെന്നായിരുന്നു.
" സ്കൂളിന്ന് ടൂർ കഴിഞ്ഞ് മോള് ബസിറങ്ങീതാ സാറേ . മഴയത്ത് പെട്ടു പോയി. "
അച്ഛൻ പറഞ്ഞ പൊളി വർത്തമാനം കേട്ട് മകൾ ഭയന്നു. ഇനിയെന്താണാവോ?
വാഹനത്തിനകത്ത് കൂടുതൽ പോലിസുകാരുണ്ടായിരുന്നു.
അതിലൊരാൾ പറഞ്ഞു.
" വണ്ടീ കേറിക്കോ. കൊണ്ടു വിടാം. ആ ബാഗിങ്ങ് താ ."
അച്ഛൻ ബാഗ് അകത്തേക്ക് കൊടുത്തു.
മാളു ആദ്യം വാഹനത്തിലേക്ക് കയറി. പിന്നാലെ അയാളും.
ഇരുട്ടും മഴയും ഒരുക്കിയ തടസ്സങ്ങൾ വക വെക്കാതെ വാഹനം സഞ്ചരിച്ചു.
പോലീസ് വണ്ടിയിലിരുന്ന് മാളു ശിരസ് തുടച്ചു.
മഴ നനഞ്ഞിട്ടും മാറാലകൾ പോയിട്ടില്ലല്ലോ..


........................










കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...