കഥ
ചിങ്ങത്തിൽ മഴ ചിണുങ്ങി ചിണുങ്ങി. കന്നിക്കാറ് കല്ലുരുക്കും.
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
കാലം മാറി. കാലാവസ്ഥയും മാറി.പഴമൊഴികൾ പഴങ്കഥകളായി. അന്തരീക്ഷത്തിലെ ചൂട് അമിതമായി കൂടുന്നുണ്ട്.
ചിങ്ങമാസം ചിറകൊതുക്കുന്നു. ഇന്നിപ്പോ രാവിലെ പത്തുമണിയേ ആയിട്ടുള്ളുമെങ്കിലും നട്ടുച്ചയുടെ ചൂട് !
വെയിൽ മാറി, വാനം കറുത്ത കരിമ്പടം പുതക്കാൻ നിമിഷം മതി. കലാനിലയം നാടക അരങ്ങ് പോലെയാണ് പ്രകൃതിയുടെ പശ്ചാത്തലം മാറുന്നത്.
വെയിൽക്കാഴ്ച കണ്ട് വരാന്തയിൽ ഇരിക്കുമ്പോഴാണ് ഒരാൾ കുട ചൂടി വരുന്നത്. വളഞ്ഞ കാലും മുകളിൽ സൂചിക്കമ്പിയുള്ള വലിയ കുട. വരവ് ഇപ്പോൾ എൻ്റെ വീട്ടിലേക്കാണ്. കറണ്ട് അളക്കാൻ വരുന്ന കെ.എസ്.ഇ.ബിയിലെ സാജുവാണത്.
കുട നിവർത്തിയത് താഴെ വെച്ച് സാജു മീറ്ററിരിക്കുന്നിടത്തേക്കു പോയി. റീഡിങ് പരിശോധിച്ചു വന്നു.
" താപനില ഉയർന്നിട്ടും മാഷിൻ്റെ കറണ്ട് ചാർജ് ഉയരുന്നില്ലല്ലോ " സാജുവിൻ്റെ കമൻ്റ് .
താപനില പോലെ ബിൽ തുക കത്തിക്കയറ രുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു.
സാജു ബിൽ എൻ്റെ നേർക്കു നീട്ടി .
ഭാഗ്യം. തുക മൂന്നക്കം കടന്നിട്ടില്ല .
" കുട ചൂടുന്നത് നല്ലതാണല്ലേ. അത്രക്കാ വെയിൽ . അല്ലേ?" ഞാൻ ചോദിച്ചു.
" അതെ. ചൂട് അസഹ്യം . മഴ പെയ്താലും പണി മുടങ്ങരുതല്ലോ."
കൂട ചൂടി നടക്കാൻ തുടങ്ങും മുൻപ് സാജു നിന്നിട്ട് പറഞ്ഞു.
" മഴ നനഞ്ഞാൽ പനി പിടിക്കും. വെയില് കൊണ്ടാ കരിവാളിക്കും. അത്ര ല്ലേ.. പക്ഷെ , പട്ടി കടിച്ചാലോ?"
കർത്തവ്യ നിരതനായ ഒരു സർക്കാരുദ്യോഗസ്ഥന് കൃത്യാനന്തര വിഘ്നമുണ്ടാക്കുന്ന ഗുരുതരമായ ഒരു ആപത്തിനെപ്പറ്റിയാണ് സാജു പ്രതികരിക്കുന്നത്.
"പട്ടി കടിച്ചാൽ പണി മുടങ്ങും മാഷേ."
കേസരി റോഡിലും ഞാറക്കാട്ട് റോഡിലും മാത്രമല്ല , മുനിസിപ്പാലിറ്റിയിലെ സകല ഇടവഴികളിലൂടെയും നടക്കണം. പട്ടിക്കൂട്ടങ്ങളാണ് നിറയെ .
" കുരച്ചു വന്നാൽ കുട വീശാം. കുടത്തുമ്പു ചൂണ്ടി പേടിപ്പിക്കാം. വെയില് കൊള്ളാതിരിക്കാൻ മാത്രമല്ല . പട്ടിയെ പ്രതിരോധിക്കാൻ ഒരു രക്ഷാപ്രവർത്തന ഉപകരണം കൂടിയാണ് കുട . മനസിലായോ മാഷേ? "
കുട ചൂടി നടന്നു പോകുന്ന സാജു .
മണിച്ചിത്രത്താഴ് സിനിമയിൽ ഇന്നസൻ്റ് കുട ചൂണ്ടി പറയുന്ന സീൻ ആണ് അപ്പോൾ ഓർത്തത്.
" വേണ്ടാ ട്ടോ.....എന്നോട് കളിക്കണ്ട...മാറിപ്പൊക്കോ"
അതെ. ഒരു പ്രതിരോധം!
കുടയാണെങ്കിലും, ചെറിയൊരു തട!!!
എം.എൻ. സന്തോഷ്

