03 January, 2025

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

 

 


 

 

 RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ?
" ഇതെങ്ങനെ എഴുതി ?" എന്ന്
പ്രസന്ന ടീച്ചർ പ്രകടിപ്പിച്ച അതേ വിസ്മയം തന്നെയാണ് ഈ നോവൽ വായനയിലുടനീളം എനിക്കും അനുഭവപ്പെട്ടത്.
     വാക്കുകൾ, വാങ്മയ ചിത്രങ്ങൾ, വാക്പ്രയോഗങ്ങൾ , പശ്ചാത്തലം, മീൻപിടുത്തക്കാരുടെ ജീവിത രീതികൾ ,  ജലജീവികളുടെ ജീവിതം ഇതെല്ലാമായി ബന്ധപ്പെട്ടുള്ള ഫാന്റസി നിറഞ്ഞ ഒരു ഫാന്റാ സ്റ്റിക് നോവൽ എന്നാണ് എനിക്ക്  പറയാനുള്ളത്.
     കഥയും നോവലും വിഭുതിയിൽ നിന്നും സൃഷ്ടിക്കുന്നതല്ല എന്നാണ് ഞാൻ കരുതുന്നത്. ഭാവന മാത്രമല്ല, ഒരു യാഥാർത്ഥ്യം അതിൽ അന്തർലീനമായിരിക്കും. ഒരു വാക്ക്, ഒരു കാഴ്ച . ഒരു ത്രെഡ് . അതുണ്ടായിരിക്കും. ഭാവനാശാലിയായ ഒരെഴുത്തുകാരന്റെ  തൂലികയിൽ അതൊരു സാഹിത്യ സൃഷ്ടിയായി പരിണമിക്കും.
    കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ വൈഭവം നോവലിലുടനീളം അനുഭവപ്പെടുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ സംഘർഷ ഭരിതമായ ജീവിതം പ്രമേയമായിട്ടുള്ള രചനകൾ മുൻപുമുണ്ടായിട്ടുണ്ട്. തകഴിയുടെ ചെമ്മീൻ , ലോഹിതദാസിന്റെ അമരം ( സിനിമ ) . ഇവയോട് ചേർത്തു വെക്കാവുന്ന ജലജീവിതം പ്രമേയമായി മരുന്ന ഒരു മികച്ച നോവലായി " കൊളുത്ത് " നെ കാണാൻ കഴിയും.
     യാഥാർത്ഥ്യവും സങ്കൽപ്പവും നോവലിൽ വല പോലെ വിദഗ്ധമായി നെയ്ത് ചേർത്തിരിക്കുന്നു. മനുഷ്യർ മാത്രമല്ല ജലജീവികളും നോവലിലെ കഥാപാത്രങ്ങളാണല്ലോ.
പുഴയും തിരുതയും മാറ്റി കടൽ പശ്ചാത്തലമാക്കിയാൽ ഒരു ഹോളിവുഡ് സിനിമക്ക് സാധ്യതയുണ്ട്.
    എന്നെ അമ്പരപ്പിച്ച ഒരു കാര്യം തിരുത പ്രതികാര ദാഹിയായ മത്സ്യമാണോ എന്നതാണ്.
   ജീവരക്ഷക്കായി വല പൊളിച്ച് രക്ഷപ്പെട്ടേക്കാം.


പക മനസിൽ കരുതി വെച്ച് മനുഷ്യനെ വെല്ലുവിളിക്കാൻ വിധമുള്ള ജീവിയാണോ തിരുത എന്ന ഒരു സംശയം ബാക്കി.


ചാട്ടുളി തിരുത എന്ന ഒരു തിരുത വിഭാഗമുണ്ടോ ? എനിക്കറിയില്ല.
എന്തുമായി കൊള്ളട്ടെ. ചരിത്ര രചനയല്ലല്ലോ .
നോവലാണ്.
നോവൽ രചനക്കായി നടത്തിയ ഗവേഷണം വിസ്മയിപ്പിക്കുന്നതും അഭിനന്ദനാർഹവുമാണ്.
ഇത്തരം ചില രചനാ വൈഭവങ്ങൾ ഈ നോവലിനെ ഉന്നത നിലവാരത്തിലെത്തിക്കുന്നു.
അത് കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റും.
മലയാളത്തിൽ മാത്രമല്ല, ലോക സാഹിത്യത്തിൽ ഇടം പിടിക്കുന്നതാകട്ടെ ഈ നോവൽ.





ഡിസംബര്‍ 31

    31  ഡിസംബർ 2024 വിടപറയുന്ന പകൽ നേരത്ത് രാവിലെ മുതൽ പ്രതീക്ഷയോടൊപ്പം സഞ്ചരിച്ചപ്പോൾ ഉള്ളുലക്കുന്നതും  ആകുലപ്പെടുത്തുന്നതുമായ കാഴ്ചകളാണ് കാണാനും അനുഭവിക്കാനും കഴിഞ്ഞത്.
   കഴിഞ്ഞ വർഷത്തെ 364 ദിവസവും സ്വന്തം നേട്ടങ്ങൾ ആഞ്ഞു പിടിക്കാനുള്ള പാച്ചിലിനിടയിൽ കണ്ണിൽപ്പെടാതെ പോയ ചില ജീവിത യാഥാർത്ഥ്യങ്ങളാണ് ഇന്നലെ ഒരൊറ്റ പാതി പകലിൽ നഗ്‌ന നേത്രങ്ങളാൽ  കണ്ടത്.
ഇങ്ങനെയുമുണ്ട് ജീവിതങ്ങൾ !
     2024 വിട പറഞ്ഞ പകൽ വെട്ടത്തിൽ  കണ്ട ആ കാഴ്ചകളാകെ മനസിലെ നെരിപ്പോടിൽ എരിഞ്ഞു കൊണ്ടേയിരിക്കുന്നു.
      ഇരുകൈകളും നെഞ്ചിൽ കൂപ്പി നന്ദി പറഞ്ഞ ശരണാലയത്തിലെ വൃദ്ധ പിതാവ്, അമ്പാടിയിലെ കണ്ണന്മാർ, അവിടുത്തെ ആശ്രമ പാലകർ , സ്പൂണിൽ ചോറ് വായിൽ വെച്ച് ഊട്ടുന്ന പ്രൊവിഡൻസിലെ ക്രിസ്തുവിന്റെ കാരുണ്യവാനായ  പ്രതിനിധി ....
അവിടുത്തെ മാലാഖമാർ.
അവർക്ക് മുന്നിൽ ഞാൻ എത്ര നിസ്സാരൻ .
ഹിമാലയ യാത്രയേക്കാൾ സുകൃതം കൈവരിച്ച തീർത്ഥാടനം.
ദൈവത്തിന്റെ സൃഷ്ടിജാലങ്ങൾ തിരിച്ചറിയാനുള്ള ഈ യാത്രയൊരുക്കിയ ശ്രീ സുഭഗൻ സറിനും സ്റ്റാഫിനും പ്രതീക്ഷ ട്രസ്റ്റിനും അകമഴിഞ്ഞ നന്ദി.


എം.എൻ. സന്തോഷ്.
01/01/2025



11 December, 2024

മാറാല

 

കഥ



മാറാല

 

എം.എൻ. സന്തോഷ്


അച്ഛന്റെ തോളിൽ തൂക്കിയ അവളുടെ സ്ക്കൂൾ ബാഗിൽ പുസ്തകങ്ങൾക്കു പകരമിപ്പോൾ .....

ഭാരമല്ല, ഭയമാണ് അതിലേറെ . അച്ഛന് കാവലാളായ് പാതിരാ കഴിഞ്ഞ നേരത്ത് , ബാഗിലൊരു കൈത്താങ്ങ് കൊടുത്ത്, അവളും നടന്നു .
മാനത്ത് മഴക്കാറ്. മഴക്ക് അകമ്പടിയായി കാറ്റ് . ഇടിമിന്നുന്നുണ്ടെങ്കിലും ദൂരെയാണത്. മിന്നൽ വെളിച്ചത്തിൽ അവൾ കണ്ടു. ഇതാണാ വീട്.

ഈ മതിൽ കടക്കണം. മതിൽ ചേർന്ന് നിൽക്കുമ്പോൾ മഴത്തുള്ളികൾക്ക് മുള്ളുകളുണ്ടെന്ന് തോന്നിച്ചു.
അമ്മയിപ്പോൾ അഗാധമായ ഉറക്കത്തിലായിരിക്കും . ഗുളികകൾക്കൊപ്പം ചെറിയ ഡോസിൽ ഉറക്കഗുളികയും കഴിക്കണം. എങ്കിലേ വേദനയറിയാതെ ഉറങ്ങാറുള്ളു. അമ്മ മയക്കം വിടും മുൻപ് ദൗത്യം പൂർത്തിയാക്കി വീട്ടിലെത്തണം. അമ്മക്കരികിൽ കിടന്നുറങ്ങണം.
സ്കൂൾ ബാഗിലിതെല്ലാം ഭദ്രമായി വെച്ച് സിപ്പിടുമ്പോൾ അമ്മ പറഞ്ഞതാണ് , രാത്രീല് വേണ്ട, നേരം വെളുത്തിട്ട് വീട്ടുകാര് വരുമ്പോ നേരിട്ട് കൊടുത്താ മതീന്ന്.
അപ്പോൾ അവൾ പറഞ്ഞു.
" വേണ്ടമ്മ , രാത്രി തന്നെയായിക്കോട്ടെ ഇതിവിടെ വെച്ചേക്കണ്ട. "

അച്ഛൻ തട്ടിൻ പുറത്ത് നിന്നും മരഗോവണിയിറങ്ങി വരുമ്പോൾ മാളു സ്കൂളിലേക്ക് പുറപ്പെടാനുള്ള തിടുക്കത്തിലായിരുന്നു.
മച്ചിൻ പുറത്ത് എന്തെടുക്കുമായിരുന്നു നിങ്ങളെന്ന് അമ്മയുടെ പാരവശ്യത്തോടെയുള്ള അന്വേഷണത്തിന് നോട്ടടിക്കുവായിരുന്നു എന്നായിരുന്നു പാതി ദ്വേഷ്യത്തോടെ അയാളുടെ മറുപടി.
അമ്മ ചിരിച്ചു.
" തട്ടിൻ പുറത്ത് നോട്ടടി യന്ത്രം. നല്ല തമാശ. പണ്ട് ഉപ്പുമാങ്ങ വെച്ച വലിയ ചീനഭരണിയുണ്ടവിടെ."
" കേറി നോക്ക്. ചീനഭരണിയിൽ നോട്ടും പണ്ടങ്ങളുമാണ് . നെറച്ച് വെച്ചിട്ടുണ്ട്. "
അവരുടെ വർത്തമാനം തട്ടിയും മുട്ടിയും തുടരവെ മാളു സ്കൂൾ ബാഗേന്തി വന്നു.
" അച്ഛേ, സൈക്കിളിന്റെ താക്കോല് . സ്കൂളീ പോട്ടെ."
അച്ഛേടെ പുതിയ പ്രെഡക്ട്സ് സ്ക്ളീന്ന് വന്നിട്ട് കാണാം എന്ന് പറഞ്ഞ് താക്കോല് വാങ്ങുമ്പോൾ അച്ഛേ ടെ കൈപ്പത്തിയിലെ മുറിവ് പാടുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു.
ഇപ്പോൾ മുറിഞ്ഞതല്ല. രക്തം ഉണങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായിരുന്നുമില്ല. അതിനു ശേഷമെപ്പഴോ.
" അച്ചേടെ കൈ മുറിഞ്ഞിട്ടുണ്ടല്ലോ."
അതയാൾ കേട്ടതായി ഭാവിച്ചില്ല. അച്ഛന്റെ മുഖത്തെ വിചാര ഭാവങ്ങൾ അവൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.
അച്ഛേടെ തലേലും ഷർട്ടിലും നെറയെ മാറാലയാണല്ലോ. തട്ടിൻ പുറം മാറാല മുറ്റി നിൽക്കുകയാണ്. അങ്ങോട്ട് കയറാറില്ലാത്തതാണ്. എലിയും കുറകളുമാണ് വാസം.
" നോട്ടടിയായിരുന്നല്ലോ അവിടെ. പിന്നെങ്ങനെ മാറാലയാകാതിരിക്കും."
പിന്നെയും അച്ഛനെ ചൂടാക്കുന്ന അമ്മയുടെ വർത്തമാനം കേട്ടപ്പോൾ മാളു വിചാരിച്ചു. ഈ കളിതമാശകൾ അങ്ങിനെ വിട്ടാൽ പറ്റില്ല. കണ്ടിട്ട് തന്നെ കാര്യം.
ബാഗിറക്കി വെച്ച് മാളു ഗോവണി കയറി.
മുകളിൽ തട്ടും മുട്ടും, വലിച്ചെറിയുന്ന ശബ്ദങ്ങളും കേട്ടു. ഇതെന്തെന്ന് വിചാരിച്ച് അമ്മ കൈ മലർത്തി.
അൽപ്പ നേരത്തിനകം , മുടി നിറയെ മാറാല മൂടി അവൾ തട്ടിൻ വാതിൽക്കലെത്തി.
" അച്ചടി യന്ത്രമില്ലമ്മേ. നോട്ടുകെട്ടുകളുണ്ട്. അഞ്ഞൂറിന്റെ കെട്ടുകൾ. കുറെ സ്വർണ്ണവും . അച്ഛേ , ഇതെവിടുന്ന്?"
അപ്പോളവൾ മാളൂട്ടിയായിരുന്നില്ല. വെളിച്ചപ്പാടിനെ പോലെ വിറ കൊള്ളുകയായിരുന്നു.
കലി തുള്ളി ഗോവണിയിറങ്ങി വരുന്ന മകൾ.
കട്ടിലിലേക്ക് പാരവശയായി ചായുന്ന ഭാര്യ.
അയാൾ ഭാര്യയെ താങ്ങി പിടിച്ചു.
അയാളുടെ വലത് കരം സ്വന്തം ശിരസ്സിൽ പതിപ്പിച്ച് വെച്ച് മാളു കരഞ്ഞു.
" സത്യം പറയ് അച്ഛേ, ഇതെവിടുന്ന് ? "
അയാൾ ഒന്നും മിണ്ടിയില്ല. ഉമ്മറ വാതിലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. കട്ടിളപ്പടിയിൽ മോളുടെ ബാഗ് നിശ്ചലമായിരിക്കുന്നു.
" അച്ഛനെടുത്തതാണ് മോളേ. നമ്മുടെ സിദ്ധിക്ക് സേട്ടിന്റെ വീട്ടിന്ന് . വീടടച്ചിട്ടിരിക്കുകയാണ്."
പിന്നെ നിശ്ശബ്ദത.
ഇടവഴിയിൽ സേതു ലക്ഷ്മി സൈക്കിൾ നിറുത്തി ഇങ്ങോട്ട് നോക്കി നിറുത്താതെ ബെല്ലടിക്കുവോളം മൂവരും മൗനത്തിന്റെ അഗാധ ഗർത്തങ്ങളിലായിരുന്നു.
" മാളൂട്ടി , വേഗം വാ. ബെല്ലടിക്കും"
" സേതു പൊക്കോ. ... സുഖല്യാ. ഞാനിന്ന് ലീവാ ... "
ആരോടും ചോദിക്കാതെ തന്നെ , സേതുവിന് മുഖം കൊടുക്കാതെ അവൾ ജനലരികിൽ ചെന്ന് നിന്ന് പറഞ്ഞു.
സേതു ലക്ഷ്മി സൈക്കിൾ ചവിട്ടിപ്പോയി.ഒറ്റക്കും കൂട്ടമായും കുട്ടികള്‍ പിന്നെയും പൊയ്ക്കൊണ്ടിരുന്നു.
ജനലരുകിൽ നിന്ന് വിതുമ്പുന്ന മകളെ അയാൾ ചേർത്ത് പിടിച്ച് അമ്മയുടെ കൂടെ കട്ടിലിലിരുത്തി.
" പോലിസ് വരും. അച്ഛേ നെ കൊണ്ടു പോകും... നാട്ടുകാർ പറയും കളളന്റെ വീടെന്ന് . കള്ളന്റെ മോളെന്ന് വിളിക്കും. "
അമ്മയുടെ തോളിൽ ചാരികിടക്കുന്ന അവൾ വിഭ്രമമായ അവസ്ഥയിലായിരുന്നു.
" എസ്.എസ്.എൽ.സി. ബയോഡേറ്റയിൽ ഒക്യുപ്പേഷൻ ഓഫ് ഫാദർ , ഇലക് ട്രീഷ്യൻ എന്നാ ചേർത്തിരിക്കുന്നത്. എച്ചെമ്മിനോട് പറയാം അത് തീഫ് എന്നാക്കാൻ . അല്ലേ , അമ്മേ ."
" കേട്ടോ മനുഷ്യാ , മോള് പറയുന്ന പൊള്ളുന്ന വര്‍ത്തമാനങ്ങള്‍....നിന്റച്ഛനിത് സൂക്കേടാ. പണ്ടേയുള്ളത്. കണ്ണ് വെച്ചാലതെടുക്കും. നിന്റമ്മയേയും അങ്ങനെ...."
" സ്കൂളിൽ പി.ടി.. മീറ്റിങ്ങിന് വന്നപ്പോ , എച്ചമ്മിന്റെ ടേബിളിന്ന് ഗ്ളാസ് പേപ്പർ വെയിറ്റ് എടുത്തപ്പോ ഞാൻ പറഞ്ഞിട്ടാ ഒരു സോറി പറഞ്ഞ് വെപ്പിച്ചത്."
അയാൾ മോളുടെ മുടിയിലും ഉടുപ്പിലും ഒട്ടിപ്പിടിച്ച മാറാലകൾ തൂത്ത് കളഞ്ഞ് പറഞ്ഞു.
" മോള് പറയും പോലെ ചെയ്യാം. അച്ഛനിത് എടുത്തിടത്ത് വെക്കാം. സോറി പറയാം ആരോട് വേണമെങ്കിലും . "
മാളു സ്കൂളിൽ പോയില്ല. ഉച്ചക്ക് ടിഫിൻ ബോക്സ് തുറന്നില്ല. അമ്മയ്ക്കടുത്ത് അവള്‍ കട്ടിലിൽ തന്നെയിരുന്നു.
അയാൾ വർക്ക് ഷോപ്പിലും പോയില്ല.
അമ്മ പറഞ്ഞു.
" ആശുപത്രില് കെടന്നപ്പോ ഈ സിദ്ധിക്ക് സേട്ട് വന്ന് ഒരു കവറ് തന്നു. ഓർമ്മേണ്ടോ . കാശായിരുന്നു . അഞ്ഞൂറിന്റെ കുറച്ച് നോട്ടുകൾ. നന്ദി വേണം മനുഷ്യാ ."
അയാൾ തട്ടിൻ പുറത്തേക്ക് കയറി പോയി.
പ്രകൃതിയും വിറളി പിടിച്ച് പൊരുതുകയാണ്. രൗദ്രതയോടെ ഇടിവാൾ ചുഴറ്റുന്നു. മഴയും മുറുകി. ലക്ഷ്യം നിറവേറ്റാനാകാതെ അച്ഛനം മകളും മഴ നനഞ്ഞ് മതിൽ ചാരി നിന്നു.
ഒരു മിന്നലിന്റെ നടുക്കത്തിൽ കണ്ണിറുക്കിയടച്ച അവൾ , ഒരു വാഹനം അരികിലായി സഡൻ സ്റ്റോപ്പിടുന്ന ശബ്ദം കേട്ടാണ് കണ്ണു തുറന്നത്.
പോലിസ് ജീപ്പ്.
തൊട്ടരുകിൽ നിൽക്കുന്ന വാഹനത്തിൽ നിന്നും ചോദ്യമുയർന്നു.
" ആരാ നിങ്ങൾ? ഈ പാതിരാക്ക് എന്താ പരിപാടി ?"
മാളു വിറച്ചു. അച്ഛന്റെ പ്രതികരണം പെട്ടെന്നായിരുന്നു.
" സ്കൂളിന്ന് ടൂർ കഴിഞ്ഞ് മോള് ബസിറങ്ങീതാ സാറേ . മഴയത്ത് പെട്ടു പോയി. "
അച്ഛൻ പറഞ്ഞ പൊളി വർത്തമാനം കേട്ട് മകൾ ഭയന്നു. ഇനിയെന്താണാവോ?
വാഹനത്തിനകത്ത് കൂടുതൽ പോലിസുകാരുണ്ടായിരുന്നു.
അതിലൊരാൾ പറഞ്ഞു.
" വണ്ടീ കേറിക്കോ. കൊണ്ടു വിടാം. ആ ബാഗിങ്ങ് താ ."
അച്ഛൻ ബാഗ് അകത്തേക്ക് കൊടുത്തു.
മാളു ആദ്യം വാഹനത്തിലേക്ക് കയറി. പിന്നാലെ അയാളും.
ഇരുട്ടും മഴയും ഒരുക്കിയ തടസ്സങ്ങൾ വക വെക്കാതെ വാഹനം സഞ്ചരിച്ചു.
പോലീസ് വണ്ടിയിലിരുന്ന് മാളു ശിരസ് തുടച്ചു.
മഴ നനഞ്ഞിട്ടും മാറാലകൾ പോയിട്ടില്ലല്ലോ..


........................










11 September, 2024

പ്രതിരോധവഴികളിലൂടെ

 

തിരക്കഥ


സീന്‍ ഒന്ന്

സെപ്തംബര്‍ പത്ത്.

സമയം രാവിലെ 10.00

പ്രതീക്ഷ സെന്ററിന് മുന്‍ വശം. റോഡ്.

സുനില്‍, രമാദേവി തുടങ്ങിയ വൊളണ്ടിയര്‍മാര്‍ നോട്ടിസ് വിതരണം നടത്തുന്നു. പ്രചരണം സജീവം.കാല്‍നട യാത്രക്കാര്‍ക്ക് നോട്ടിസ് കൊടുക്കുന്നുണ്ട്.ഇരു ചക്ര വാഹന യാത്രക്കാര്‍ വണ്ടി നിറുത്തി നോട്ടിസ് വാങ്ങി പോകുന്നത് കാണാം


 

 

 

 

 

 

 

ഒരു ബൈക്ക് പാഞ്ഞ് വരുന്നു. സുനില്‍ കൈകാണിക്കുന്നു. ലിഫ്റ്റ് ആണെന്ന് കരുതി ബൈക്കുകാരന്‍ , നോ പറഞ്ഞ് നിറുത്താതെ പോകുന്നു.

പ്രതീക്ഷ സെന്ററിന്റെ ദൃശ്യങ്ങളിലേക്ക് കാമറ മൂവ് ചെയ്യുന്നു. ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയിലേക്ക്...ഗേറ്റിന് മുകളിലെ ബാനറില്‍ കാമറ ഫോക്കസ് ചെയ്യുന്നു

 




 

സീന്‍ രണ്ട്

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.

സ്റ്റാന്‍ഡില്‍ തിരക്കില്ല. സൂര്യതാപം കൂടി വരുന്നു. ശശിധരനും സന്തോഷും നോട്ടിസുമായി യാത്രക്കാരുടെ അടുത്തേക്ക്. ഓഫിസിനകത്ത് ജീവനക്കാര്‍ക്ക്, ബസില്‍ നിന്നിറങ്ങുന്നവര്‍ക്ക്, ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക്... സൗമ്യതയോടെ നോട്ടിസ് വാങ്ങുന്നവര്‍, നോട്ടിസിനു പിന്നാലെ രസീതുണ്ടോ എന്ന് ആശങ്കപ്പെടുന്നവര്‍..വേണ്ടെന്ന് പറയുന്നവര്‍....വിവിധ ഭാവങ്ങള്‍ വായിച്ചെടുക്കാം മുഖങ്ങളില്‍.

ബസ് സ്റ്റാന്റിലെ സ്ഥിരം ലോട്ടറി വില്‍പ്പനക്കാരന്‍ ‍

 തണലിരിക്കുന്ന മുച്ചക്ര വാഹനത്തില്‍ വിശ്രമിക്കുന്നു.

 സന്തോഷ് അദ്ദേഹത്തിന്റെ അടുത്തേക്ക്. നോട്ടിസ് നീട്ടുന്നു.

ലോട്ടറിക്കാരന്‍ : വേണ്ട 

സന്തോഷ് : വാങ്ങിച്ചോ, പിന്നെ വായിച്ചാ മതി 

ലോട്ടറിക്കാരന്‍ : വേണ്ട. 

സന്തോഷ് : ചേട്ടന് അല്ലെങ്കില്‍ ആര്‍ക്കങ്കിലും പ്രയോജനപ്പെടും.

ലോട്ടറിക്കാരന്‍ : വേണ്ടെന്ന് പറഞ്ഞില്ലേ.

രണ്ട് പേരുടെയും വ്യത്യസ്തഭാവങ്ങള്‍.

 

സീന്‍ മൂന്ന്

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്.

ശശിധരനും സന്തോഷും നോട്ടിസുമായി തണലില്‍ നില്‍ക്കുന്നു.  

സമീപത്ത് നോട്ടിസ് വായിച്ച് നില്‍ക്കുന്ന 

യാത്രക്കാര്‍.

വെല്‍ ഡ്രസ്സ്ഡ് ആയ ഒരാള്‍ സ്റ്റാന്‍ഡിലേക്ക് നടന്നു വരുന്നു.

സന്തോഷ് നോട്ടിസ് നീട്ടുന്നു, ലഘുവിവരണവും. അദ്ദേഹം നോട്ടിസ് വാങ്ങിച്ചു.

യാത്രക്കാരന്‍ : ഇതോണ്ടോന്നും ഒരു കാര്യോല്ല.

അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

അദ്ദേഹം നോട്ടിസ് വായിക്കുന്നു. തല കുലുക്കുന്നു.

യാത്രക്കാരന്‍ : നല്ല കാര്യം.

ഞാനൊരു മാസിക തരാം. അദ്ദേഹം ബാഗ് തുറക്കുന്നു.

ഒരു ലഘു പുസ്തകം സന്തോഷിന് നീട്ടി. വാങ്ങിക്കുന്നു.

യാത്രക്കാരന്‍ : ഞങ്ങളും ഇത് തന്നെയാണ് ലക്ഷ്യം.

"ജീവിതം ആസ്വദിക്കാം. എന്നേക്കും.” പുസ്തകത്തിന്റെ പുറം ചട്ടയില്‍ ടൈറ്റില്‍.

സന്തോഷ് പുസ്തകത്തിന്റെ താളുകള്‍ മറിച്ച് നോക്കുന്നു

 

 "കുടുംബങ്ങളും കൂട്ടുകാരും ഒന്നിച്ച് സമാധാനവും സന്തോഷവും 

നിറഞ്ഞ ജീവിതം ആസ്വദിക്കാം. കുറച്ച് കാലത്തേക്കല്ല,  

എന്നേക്കും.” സങ്കീര്‍ത്തനം 22:26

"ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പ് തരുന്നു.”

പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഇതും വായിച്ചു.

 ബൈബിള്‍ വചനങ്ങള്‍.

 

 

  

  സന്തോഷ് : നമ്മള്‍ ഒരേ ലക്ഷ്യം, മാര്‍ഗം രണ്ട്, അല്ലേ ?

യാത്രക്കാരന്‍ : നിങ്ങള്‍ ചെയ്യുന്നതും ഒരു  നല്ല കാര്യം

അദ്ദേഹം ബസില്‍ കയറാനായി നടക്കുന്നു.


 

 

 

 

സീന്‍ നാല്

കെ.എം.കെ. ജങ്ഷന്‍. ഫ്രൂട്ട് സ്റ്റാള്‍.

നോട്ടിസ് വിതരണം നടക്കുന്നു.

നോട്ടിസ് വായിച്ച് കൊണ്ട് ഒരു യുവാവ്.

യുവാവ് : കടം കേറി നില്‍ക്കക്കള്ളീല്ലാതെ എത്ര പേരാ ആത്മഹത്യ ചെയ്യുന്നതെന്നറിയോ ?നിങ്ങള്‍ക്ക് ലോണ്‍ അടച്ച് കൊടുക്കാന്‍ പറ്റോ. അല്ലാതെ പിന്നെന്താ ഇതോണ്ട് കാര്യം?

ശശിധരന്‍ : ആത്മഹത്യ ചെയ്താ കടബാധ്യത തീര്വോ? പിന്നെ ജീവിച്ചിരിക്കുന്നവരുടെ കാര്യോന്താവും ?

അതാലോചിച്ച് നോക്ക് .

യുവാവിന് പ്രതികരണമില്ല. എല്ലാവരും ചിന്താഭരിതരായി നില്‍ക്കുന്നു.


സീന്‍ അഞ്ച്

കെ.എം.കെ. ജങ്ഷന്‍ മുതല്‍ പടിഞ്ഞാറ് വശത്തെ കടകളില്‍ ശശിധരനും കിഴക്ക് വശത്തെ കടകളില്‍ 

സന്തോഷും നോട്ടിസ് വിതരണം നടത്തി വടക്കോട്ട് നടക്കുന്നു.


സീന്‍ ആറ്

മുന്‍സിപ്പല്‍ ജങ്ഷന്‍. ബസ് സ്റ്റോപ്പ്.

ധാരാളം പേര്‍ ബസ് കാത്ത് നില്‍ക്കുന്നു. അവര്‍ക്കിടയില്‍ നോട്ടിസ് വിതരണം നടക്കുന്നു. അവര്‍ വായിക്കുന്നു.

ഒരു യാത്രക്കാരന്‍ : ആത്മഹത്യ ചെയ്യാന്‍ വിചാരിച്ചയാളെ ആര് വിചാരിച്ചാലും രക്ഷിക്കാനൊന്നും പറ്റില്ല. ഒരു 

മൊമന്റി തോന്നുന്ന കാര്യോണ്. നമ്മളെങ്ങനെ അറിയാനാണ് ? അത് നടന്നിരിക്കും.

 

സന്തോഷ് : ആ മോമന്റിന് മുമ്പുള്ള ചില ലക്ഷണങ്ങളുണ്ട്. അത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍...അതറിയാന്‍

പറ്റും.

യാത്രക്കാരന്‍ : ങ്ഹ . നടക്കട്ടെ.... നല്ല കാര്യം.

 

സീന്‍ ഏഴ്

മുന്‍സിപ്പല്‍ ഓഫിസ്, മുന്‍സിപ്പല്‍ ലൈബ്രറി, ഓട്ടോ സ്റ്റാന്റ് ....നോട്ടിസ് വിതരണവുമായി ഇരുവരും കിഴക്കോട്ട് 

നടക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും നല്ല പ്രതികരണം.

ഓട്ടോ ഡ്രൈവര്‍ : ഞങ്ങളിത് എല്ലാവരോടും പറയാം.


സീന്‍ എട്ട്

അമ്മന്‍ കോവില്‍ റോ‍ഡ് പരിസരം.

അവസാനത്തെ ഒരു നോട്ടിസുമായി സന്തോഷ് ജൂബി വെസ്സല്‍സ് കടയിലേക്ക് കയറുന്നു.

കടയിലെ ബാബു നോട്ടിസ് വാങ്ങുന്നു.

ബാബു : ഇതെവിടെയാണ്?

കടയിലെ പെണ്‍കുട്ടി : ചേട്ടാ, പ്രതീക്ഷ കേസരി റോഡിലാണ്. എനിക്കറിയാം. എന്റെ ഒരു ചേച്ചി അവിടെ

പോയിട്ടുണ്ട്.

സന്തോഷ് കടയില്‍നിന്നും പുറത്തേക്കിറങ്ങുന്നു.


സീന്‍ ഒമ്പത്

സമയം 11.45

കടയില്‍ നിന്നും കാണുന്ന റോഡിന്റെ ദൃശ്യം.

ശശിധരന്‍ റോഡിന്റെ മറുഭാഗത്തു നിന്നും ഇപ്പുറത്തേക്ക് റോഡ് കടക്കാനായി നില്‍ക്കുന്നു.  

 

ഇരുകൈകളും കാലിയാണെന്ന് വിടര്‍ത്തി ഉയര്‍ത്തി സന്തോഷ് വീശികാണിക്കുന്നു. ശശിധരന്‍ റോഡ് ക്രോസ് 

ചെയ്ത് 

ഇപ്പുറത്തേക്ക് വരുന്നു.

ശശിധരന്‍ : നാല് നോട്ടിസു കൂടിയേയുള്ളു. ഇത് കൊടുത്തിട്ട് പോകാം.

ബാക്കിയുള്ള നോട്ടിസ് നാല് പേര്‍ക്ക് കൊടുക്കുന്നു.


സീന്‍ പത്ത്

ഓട്ടോ വന്ന് നില്‍ക്കുന്നു.

ശശിധരന്‍ ഡ്രൈവറോട് : പ്രതീക്ഷ, കേസരി റോഡ്.

ഓട്ടോ മുന്നോട്ട് പോകുന്നു.


THE END















22 May, 2024

കുരുതി

 

കുരുതി

വന്നൂ പുഴയിലെ മീനുകൾക്ക്
ഇന്നീ ദുർവിധി.
വരാം കരയിലെ മനുഷ്യർക്കും
നാളെയിതേ ഗതി.
" കൊല്ലുന്നതെങ്ങനെ ജീവികളെ "
എന്നുര ചെയ്തു ഒരു ഗുരു.
കാളിന്ദിയിൽ വിഷം കലക്കിയ
കാളിയനെ കൊല്ലാനൊരു ബാലകൻ
കണ്ണീര് തോരില്ല,
കാളിയൻമാർ വിഷം ചീറ്റും!
കുരുതികളിനിയും തുടരും .
വരുമോ ഒരു താപസൻ ?
എം.എൻ. സന്തോഷ്


14 April, 2024


 

കണിക്കാഴ്ച്ച

 

എം.എൻ. സന്തോഷ്

വാളും ചിലമ്പുമായ് കോമരങ്ങൾ
പട്ടുടുത്ത് അശ്വതി കാവ് തീണ്ടി
വെയിലേറ്റ് വാടിയ മീനപ്പെണ്ണ്
പാടത്ത് വെള്ളരി കൊയ്ത് കൂട്ടി
വേനലിൽ പൂക്കുന്ന പൂക്കൊന്നകൾ
ചൂടിലും വാടാത്ത  പൊൻപൂവുകൾ
കമ്പിത്തിരിയിലെ പൊൻ വെളിച്ചം
മാനത്ത് സൂര്യന്റെ രാശിമാറ്റം
പൊന്നുരുളി നിറച്ചും കണിക്കാഴ്ചകൾ
വാൽക്കണ്ണാടിയിൽ ആനന്ദത്തിരിത്തെളിച്ചം!

31 March, 2024

ഒരു ഈസ്റ്റർ ഗാനം

എം.എൻ. സന്തോഷ്

 
സ്നേഹത്തിൻ ഗീതം നമുക്ക് പാടാം 
ത്യാഗത്തിൻ പുണ്യം നമുക്ക് വാഴ്ത്താം മരണത്തെപ്പോലും തകർത്തു ഈശൻ അനശ്വര സ്നേഹത്തിൻ ദൈവരാജൻ 


 നെഞ്ചോടു ചേർത്തു കുഞ്ഞാടുമായ് നീ ഞങ്ങൾക്കായ് താണ്ടിയ കനൽ വഴികൾ ചുമടേന്തി വേർത്തവർക്കത്താണിയായ് ഹൃദയത്തിൽ നീ തന്ന കാൽപ്പാടുകൾ 
 

സ്നേഹത്താൽ അനശ്വരമായ ജീവൻ ത്യാഗത്താൽ പരിശുദ്ധനായ നാഥൻ എന്നിൽ പരിമളം പരത്തുമവൻ ഹൃദയത്തിൻ അൾത്താരയിൽ വാഴുമവൻ 
 

ദൈവം നമ്മെ തേടിടുന്നു 
ഒരുമയോട വിടുത്തെ പ്രാർത്ഥിച്ചിടാം 
ദൈവം നമ്മെ സ്നേഹിക്കുന്നു 
കരുണയോട വിടുത്തെ സേവിച്ചിടാം 


 
ഹൃദയത്തിൻ വാതിൽ തുറന്നു വെക്കൂ സ്നേഹത്തിൽ അഗ്നി തെളിച്ചു വെക്കു കൂരിരുട്ടിൽ നിന്നുണർന്നെണീക്കൂ രക്ഷകൻ കൽപിളർന്നെത്തിടുമ്പോൾ . 🌷

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...