29 March, 2025

നടൻ

 

കഥ

നടൻ

എം.എന്‍.സന്തോഷ്










       ജി.കെ. അപ്പോൾ മുത്തച്ഛന്റെ വേഷമഴിച്ചിട്ടുണ്ടായിരുന്നില്ല. റോൾ കഴിഞ്ഞു. ജി.കെ. അവതരിപ്പിക്കുന്ന മുത്തച്ഛന്‍ കഥാവശേഷനായി.ഇനി വേദിയിലിടമില്ല.

മുണ്ടും ജുബയും ബാഗിലെടുത്ത് വെച്ച് നാടക വേഷത്തിൽ തന്നെ ജി.കെ. അണിയറയിൽ നിന്നിറങ്ങി.
പോവാണെന്ന് ചമയക്കാരൻ മണി മാസ്റ്ററോട് മാത്രം പറഞ്ഞിട്ട് ജി.കെ. അമ്പലപ്പറമ്പിലേക്കിറങ്ങി.

അടുത്ത ഒരു രംഗത്തോടു കൂടി നാടകം പൂർണ്ണമാകുകയാണ്. ഈ നാടകത്തിലെ കഥയോ കഥാപാത്രങ്ങളോ സുപരിചിതമെന്ന് മാന്യ പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ ദയവായി ക്ഷമിക്കുക. ഇത് സംഭവ്യമായ ഒരു ചിന്തയുടെ ദൃശ്യാവിഷ്ക്കാരം എന്നു കരുതുക.
കഥാപാത്രങ്ങളും അഭിനേതാക്കളും.
മുത്തച്ഛൻ - ജി.കെ. പറവൂര്‍ ...... അനൗൺസ് മെന്റ് തുടരുകയാണ്.


വേദിയില്‍ നിന്നിറങ്ങി കാണികൾക്കൊപ്പമിരുന്ന് അവരുടെ വർത്തമാനങ്ങൾ കേൾക്കുന്ന നടനാണ് ഗോപാലകൃഷ്ണന്‍ എന്ന ജി.കെ. പറവൂര്‍.
ദേ, മുത്തച്ഛനെന്ന് തിരിച്ചറിഞ്ഞ് കൗതുകപ്പെട്ടവരോട് സലാം പറഞ്ഞ് , ചെറുകുന്നത്ത് ഭഗവതി ക്ഷേത്ര മൈതാനം കടന്ന് നാട്ടിടവഴികളിലൂടെ തിരുമാന്ധാം കുന്നിറങ്ങി നടന്നു. ചന്ദ്രപ്രഭയിൽ വാനവും പാടവും പാൽ വെളിച്ചത്തിൽ ആറാടി നിൽക്കുന്നു.
കാഞ്ഞിരപ്പുഴ കനാൽക്കരയിലൂടെ നടക്കുമ്പോൾ നെൽപ്പാടത്തിനപ്പുറത്തു കൂടി ഒരു ട്രെയിൻ വടക്കോട്ട് വച്ച് പിടിക്കുന്നുണ്ടായിരുന്നു.
' അത് പാസഞ്ചറാ . ഇനി വരുന്നത് ചെന്നൈ എക്സ്പ്രസ് .'
" ജി.കെ. എന്താ ഇങ്ങനെയൊരു യാത്ര? ആരോടും പറയാതെ. അരങ്ങിൽ ഇത്ര നേരം കാണികളെ വിസ്മയിപ്പിച്ച നടൻ ,ചമയം പോലുമഴിക്കാതെ !"
" അങ്ങനെ ചോദിക്കടോ. പറയാം. പതിനെട്ടാം വയസിൽ തട്ടിൽ കയറിയതാ ഈ ജി.കെ. നൂറ് കണക്കിന് വേഷങ്ങൾ. ആയിരക്കണക്കിനു അരങ്ങുകൾ. ഇപ്പോൾ മുത്തച്ചൻ വേഷം . ഇതൊരൊന്നൊന്നര വേഷം തന്നെ. ഇനി കര്‍ട്ടനിടാന്‍ സമയമായി. "
ജി.കെ. പറവൂര്‍ സ്വയം ചോദിച്ചു പറഞ്ഞും നടന്നു നടന്ന് പാടം കടന്നു . റെയിൽപ്പാളമായി. വലതു വശത്തെ പാളത്തിൽ കയറി നടന്നു. ഇതിലൂടെയാ പാസഞ്ചർ പോയത്.. മൂന്നാം പാളത്തിലൂടെ ചെന്നൈ എക്സ് പ്രസ് വരും.
ഒരു ഗുഡ്സ് വണ്ടി പാളം കുലുക്കി പാഞ്ഞു പോയി.. ആറു പതിറ്റാണ്ട് പിന്നിട്ട ജീവിതത്തിലെ കഥകളുടെയും വ്യഥകളുടെയും ഓർമകൾ നിറച്ചുവെച്ച ഒരു വണ്ടി മനസിലൂടെയും ഓടി.
ജീവിതസഖിയുടെ വിയോഗം അയാളെ തളർത്തിയിരിക്കുന്നു. രോഗാവസ്ഥയില്‍ നിന്നും കരകയറ്റാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും വൃഥാവിലായി. ചിറകറ്റ് പോയെന്ന തോന്നൽ. താന്‍ നാടകവുമായി നാട് ചുറ്റിയപ്പോള്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സ്നേഹപാശത്താല്‍ ബന്ധിച്ച് കുടുംബം വളര്‍ത്തി വലുതാക്കിയത് അവളുടെ കര്‍മ്മശേഷിയായിരുന്നു. ഭര്‍ത്താവിനേയും കുടുംബനാഥനേയും ഒപ്പം നടനേയും സ്നേഹിച്ച സുജാത. ആത്മാക്കളുടെ ലോകത്തിരുന്ന് അവളെന്റെ നാടകങ്ങൾ കാണുന്നുണ്ടാകും.

"വരൂ, അച്ഛാ...” കാനഡയിലും അറബി നാട്ടിലും താമസമാകിയ മക്കളുടെ സ്നേഹാഭ്യര്‍ത്ഥനകള്‍.
മക്കളോട് പറഞ്ഞു.

" നിങ്ങളുടെ അമ്മയുറങ്ങുന്ന ഈ മണ്ണ് വിട്ട് അച്ഛനെങ്ങോട്ടുമില്ല. അച്ഛനീ മണ്ണു മതി മക്കളേ ..ഇവിടുത്തെ അരങ്ങും. "


ഇന്നത്തെ വേദിയിൽ വല്ലാതെ പതറി. തൊണ്ടയിടറി. ഡയലോഗ് മുറിഞ്ഞു.
ഗോപാലേട്ടൻ അപ് സെറ്റാണല്ലോ , എന്തുപറ്റിയെന്ന് സംവിധായകൻ ആശങ്കപ്പെടുകയും ചെയ്തതാണ്. അപ്പോൾ മനസ് പറഞ്ഞു.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തണം.

മൂന്നാമത്തെ ട്രാക്ക്. ജി.കെ. നടക്കുകയാണ്. കുറച്ചകലെ ട്രാക്കിൽ മറ്റു ചില മനുഷ്യ രൂപങ്ങളുടെ സംശയാസ്പദമായ അനക്കങ്ങൾ കണ്ടപ്പോള്‍ ജി.കെ. അസ്വസ്ഥനായി.
രണ്ടു കുഞ്ഞുകുട്ടികളെ ഇരു വശങ്ങളിലും ചേർത്തുപിടിച്ച് ഒരു യുവതി.


" മക്കളെ , വണ്ടി വരുന്നു. മാറി നിൽക്ക്"
അമ്മയുടെ കരങ്ങളിൽ അമർന്നിരുന്നിരുന്ന പെൺ കുഞ്ഞുങ്ങൾ അയാളെ കണ്ടു. ചാടാനൊരുങ്ങുകയാണ്. ആജ്ഞയും അനുതാപവും സമ്മിശ്രിതമായ ഘനഗംഭീരമായ സ്വരം അവർ കേട്ടു.

പൊന്നുമക്കളേ....”
" നോക്കമ്മേ . നാടകത്തിലെ മുത്തച്ഛൻ."
അവരെല്ലാം ആ നിമിഷം ഒന്ന് തിരിഞ്ഞ് ശിലകളായ് നിലച്ചു നിൽക്കേ , ചെന്നൈ എക്സ്പ്രസിന്റെ ബോഗികൾ ഒന്നൊന്നായി അവർക്കരികിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

അവിശ്വസനീയത ! ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലം നേരിട്ടു കണ്ടതിലെ അമ്പരപ്പ്.
നാടകത്തിലെ അവസാന രംഗത്തിന്റെ തനിയാവർത്തനമാണോ ഇത്? നാടക കർത്താവിന്റെ ഭാവനകളെ അതിശയിപ്പിക്കുന്ന പകർന്നാട്ടങ്ങൾ. നടനും പ്രേക്ഷകരും അമ്പരന്നുപോകുന്ന ചില അപ്രതീക്ഷിത രംഗാനുഭവങ്ങൾ പരിസമാപ്തിയെ തകിടം മറിക്കും.

 
റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ നിന്ന് അയാൾ കുഞ്ഞുങ്ങൾക്ക് ചായ വാങ്ങി കൊടുത്തു. മക്കളെ കൂട്ടി റെയിൽപ്പാളത്തിലേക്ക് നടക്കാൻ തോന്നിച്ച വിചാരങ്ങൾ ആ യുവതി പങ്കുവെച്ചത് അനുതാപത്തോടെ ജി.കെ കേട്ടിരുന്നു.

 
" അപ്പോൾ നമ്മൾ കരുതിക്കൂട്ടി ഉറപ്പിച്ച് നടപ്പാക്കാനെടുത്ത തീരുമാനങ്ങൾ ഒന്നു തന്നെയായിരുന്നല്ലേ ?ഒരേ ദിവസം, ഒരേ സമയം, ചെന്നൈ എക്സ്പ്രസ്സ്. പക്ഷെ സ്ക്രിപ്റ്റ് പൊളിഞ്ഞ് പാളിസായി പോയി .മക്കളേ....”
ജി.കെ. ചിരിച്ചു. നാടകത്തിലെ അതേ ചിരി .


കുഞ്ഞുങ്ങൾ കഥയറിയാതെ , പൊരുളറിയാതെ അതിശയിച്ചിരുന്നു.


മക്കളെ ചേർത്തു നിറുത്തി ആ അമ്മ അയാളെ കൈകൂപ്പി നമസ്കരിച്ചു. കുഞ്ഞുങ്ങളുടെ ശിരസിൽ തലോടി അയാളും .

യാത്രക്കാരധികമില്ലാത്ത ആ സ്റ്റേഷനിലെ വാതിലിലൂടെ സ്ത്രീയും കുട്ടികളും പുറത്തേക്ക് നടക്കുന്നത് നോക്കി അയാൾ നിന്നു.
അവിടെ നിന്നയാൾ മറ്റൊരു യാത്രക്ക് പുറപ്പെട്ടു. ഒരു തോന്നലിൽ വേറൊരു ട്രെയിനിൽ കയറിയിരുന്നതാണ്.ചെന്നെത്തിയത് മഹാനദിക്കരയില്‍.

ഇപ്പോൾ ജി.കെ. ആൾക്കൂട്ടത്തിലൂടെ ഒഴുകുകയാണ്. ഒരേ ലക്ഷ്യം തേടി മുന്നോട്ടൊഴുകുന്ന മനുഷ്യ മഹാനദിയിലെ ഒരു ജലകണിക പോലെ. അമർത്ത്യതയുടെ പവിത്രമായ അമ്യത് തേടിയുള്ള തീര്‍ത്ഥയാത്ര.
ഹിമാലയത്തിലെ മഞ്ഞുരുകി ധാരയായി മൂന്ന് മഹാനദികളായി സംഗമിക്കുന്ന പ്രയാഗ് രാജിലെ സ്നാൻ ഘട്ടിൽ , മോക്ഷം തേടുന്ന ആയിരക്കണക്കിനാളുകൾ അനുഭൂതിയിലാറാടുകയാണ്.  

നാടകവേഷം കരയിലഴിച്ചു വെച്ച് ജി.കെ.  നദിയിലേക്കിറങ്ങി.

=============== എം.എന്‍.സന്തോഷ്


No comments:

Post a Comment

Great expectations