27 December, 2019

My santa - Review


വിസ്മയക്കാഴ്ച്ചകളുമായി മൈ സാന്റ

എം എന്‍.സന്തോഷ്





ഐസയും അന്നയും പിന്നെ സാന്റയും. കുട്ടികള്‍ക്ക് കണ്ണിനും, കാതിനും,കരളിനും കുളിരു പകരുന്ന വിസ്മയക്കാഴ്ച്ചകള്‍ സമ്മാനിച്ചുകൊണ്ടാണ് ക്രിസ്തുമസ്സ് ദിനത്തില്‍ "മൈ സാന്റ ”

റിലീസ് ചെയ്തിരിക്കുന്നത്. ഫാന്റസിയും വൈകാരിക മുഹൂര്‍ത്തങ്ങളും സിനിമയില്‍ വേണ്ടുവോളമുണ്ട്. അത്യാവശ്യത്തിന് കോമഡിയും! സാന്റാക്ളോസ്സ് വാരി വിതറുന്ന വിസ്മയക്കാഴ്ച്ചകള്‍ കുട്ടികള്‍ ഇഷ്ടപ്പെടും .

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഐസ എന്ന ബാലികയുടെ സംരക്ഷകന്‍ കുട്ടൂസന്‍ എന്നവള്‍ സ്നേഹത്തോടെ വിളിക്കുന്ന മുത്തശ്ശനാണ്. അവളുടെ സഹപാഠിയാണ് അന്ന. ഐസയുടെ അയല്‍വീട്ടിലെ അളിയന്മാരായ പോളങ്കിളും മണിക്കുട്ടനും‍ , സ്ക്കൂളിലെ വാച്ചര്‍ കൃഷ്ണനങ്കിള്‍ , ഐസയെ പ്രചോദിപ്പിക്കുന്ന സ്ക്കൂളിലെ മിടുക്കനായ ബെന്നി സാര്‍ , ബസ്സ് ഡ്രൈവര്‍ ഷെറീഫങ്കിള്‍ , കുഞ്ഞുവാവ ഇക്രുബായ്, ഐസയുടെ പേടിസ്വപ്നമായ കീരി എന്ന ഗുണ്ട, പിന്നെ അതിമാനുഷനായ സാക്ഷാല്‍ സാന്റ. ഇവരൊക്കെയാണ് കഥാപാത്രങ്ങള്‍.

സാന്റയുടെ ആരാധികയാണ് ഐസ. റെയിന്‍ഡിയര്‍ വലിക്കുന്ന തേരിലേറി സാന്റ ഒരു നാള്‍ വരുമെന്നും പപ്പയും മമ്മയും പാര്‍ക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിലേക്ക് അവളെ കൊണ്ടപോകുമെന്നും ഐ സ കരുതുകയും , പറയുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മഞ്ഞുപെയ്യുന്ന ഒരു ക്രിസ്തുമസ്സ് രാത്രിയില്‍ അവളുടെ സ്വപ്നം പൂവണിയുന്നു. സര്‍വ്വാലങ്കാര വീഭൂഷിതനായ സാന്റ വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വരുന്നു. സാന്റ ഐസയെ സ്വപ്ന സദൃശമായ വിസ്മയക്കാഴ്ച്ചകളിലേക്ക് തേരോടിക്കുന്നു. സാന്റയുടെ വിരല്‍ത്തുമ്പില്‍ നിന്നും അത്ഭുതങ്ങള്‍ വിരിയുന്നു. ഐസയുടെ ആഗ്രഹങ്ങള്‍ ( അവള്‍ എഴുതി വെച്ചിരുന്നു) സാന്റ ഒന്നൊന്നായി സാന്റ സാക്ഷാത്ക്കരിക്കുന്നു. ഐസയുടെ കൂട്ടുകാരി അന്നയുടെ മാറാരോഗം മാറ്റിത്തരണമെന്നും അവള്‍ സാന്റയോട് അഭ്യര്‍ത്ഥിക്കുന്നു. പക്ഷെ അക്കാര്യം മാത്രം സാന്റക്കായില്ല.

ഫിലിം ആര്‍ട്ട് ഡയറക്ടറായ എബിയാണ് അന്നയുടെ പിതാവ്. രോഗാതുരയായ അന്നയെ രസിപ്പിക്കാന്‍ എബി  ചില 7D വിസ്മയങ്ങള്‍ ഒരുക്കിയിരുന്നു. പക്ഷ ഈ മിറാക്കിള്‍സ് കാണാനുള്ള ഭാഗ്യം അന്നക്കുണ്ടായില്ല. ഈ വണ്ടര്‍ ലാന്റാണ് കഥയുടെ കേന്ദ്രം.

മനോഹരമാണ് ഫ്രെയിമുകള്‍. മഞ്ഞണിഞ്ഞ താഴ്വരയുടെ ദൃശ്യ ഭംഗി പ്രേക്ഷകരെ കുളിരണിയിക്കും.സുഗീതിന്റെ സംവിധാന മികവിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമായിരിക്കും 'മൈ സാന്റ ' എന്ന് നിസ്സംശയം പറയാം. ഗാന രംഗം അതിമനോഹരമാണ്.

ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന മുഖ്യകഥാപാത്രമാണ് ബേബി മാനസി അവതരിപ്പിച്ച ഐസ . സിനിമ കണ്ടിറങ്ങിയാലും ഐസയെ മറക്കില്ല. മികച്ച ഭാവപ്രകടനമാണ് മാനസി കാഴ്ച്ചവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ബാലതാരത്തിനുള്ള അവാര്‍ഡ് മാനസിക്ക് പ്രതീക്ഷിക്കാം.

സായ് കുമാര്‍ ( മുത്തശ്ശന്‍‍), സിദ്ദിക്ക്(പോള്‍), ധര്‍മ്മജന്‍ ( മണിക്കുട്ടന്‍), ഇന്ദ്രന്‍സ്( കൃഷ്ണനങ്കിള്‍), സണ്ണിവെയ്ന്‍ ( ബെന്നിസാര്‍ ) , ഷാജോണ്‍ ( ഷെറീഫങ്കിള്‍) എന്നിവര്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിരിക്കുന്നു.

ക്രിസ്തുമസ്സ് രാവുകളില്‍ സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും , സ്നേഹത്തിന്റെയും വിസ്മയക്കാഴ്ച്ചകളുമായി മണ്ണിലേക്ക്, കുട്ടികളുടെ മനസ്സിലേക്കിറങ്ങി വരുന്ന പുണ്യവാനാണ് സാന്താക്ളോസ്സ്. പക്ഷെ സിനിമയിലെ സാന്റാ നവയുഗ സാന്റായാണ്. ചില്ലറ ക്വട്ടേഷന്‍ പണികളും ചെയ്യുന്നുണ്ട്. കുഞ്ഞയ്സക്ക് വേണ്ടിയാണെന്നു മാത്രം. അവിടെയാണ് ചിത്രം വഴി മാറുന്നത്.

ദിലീപിന് കാര്യമായൊന്നും ചെയ്യാനില്ല. സാന്റയാവാന്‍ ബെന്നി സാറായാലും മതി. കാരണം അത്രക്ക് സൂപ്പറായാണ് സാന്റയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്.

നോ വയലന്‍സ് .ഒണ്‍ലി പീസ്.’ ‘I am international. You are local.’ എന്നൊക്കെ സാന്റ പറയുന്നുണ്ട്.

എന്നിട്ടും സാന്റക്ക് പുതിയ ക്വട്ടേഷനുകള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ് തമാശ !

ഒരു കുട്ടിയുടെ വീക്ഷണത്തില്‍ വിലയിരുത്തിയാല്‍ സിനിമ കൊള്ളാം. സംവിധായകന്‍ സുഗീത്, സംഗീത സംവിധായകന്‍ വിദ്യാസാഗര്‍, ഛായാഗ്രാഹകന്‍ ഫൈസല്‍ അലി ഐസയായി അഭിനയിച്ച ബേബി മാനസി എന്നിവര്‍ക്ക് A Plus തന്നെ കൊടുക്കണം

സുഗീത് - സംവിധായകന്‍
                                                 








No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...