24 April, 2020

R ശങ്കറിന്റെ ജീവിത കഥ കുട്ടികള്‍ക്ക്

 


കുട്ടികളെ ശങ്കറിന്റെ കഥ പറയാം
 ബാലസാഹിത്യം

എം.എന്‍.സന്തോഷ്


 
 
 
 
അദ്ധ്യായം 1

 
കുഞ്ഞുനെയ്ത്തുകാരന്‍
 

എവിടെ നോക്കിയാലും പച്ചപ്പ് !
തെങ്ങും, കവുങ്ങും, മാവും, പ്ളാവും , പുഷ്പ ലതാദികളും. ഇടവഴിയും, തോടും, പുഴയും.പാങ്ങോട് ഒരു കൊച്ചു ഗ്രാമമാണെങ്കിലും സുന്ദരമാണ് പ്രകൃതി.ഗ്രാമത്തിന്റെ ഒരതിരിലൂടെ ലാവണ്യവതിയായി കല്ലടയാറൊഴുകുന്നു. ആറ്റിറമ്പില്‍ ശ്രീകൃഷ്ണ ക്ഷേത്രം. സര്‍വൈശ്വര്യദായിനിയായ ഒരു ദേവി ക്ഷേത്രവുമുണ്ട്. ദേവാലയങ്ങളില്‍ നിന്നുയരുന്ന മന്ത്രങ്ങളും മണിയൊച്ചകളും ഗ്രാമത്തിന് വിശിഷ്ടമായ ഒരു ചൈതന്യം പകരുന്നുണ്ട്.
കല്ലടയാറിനെ തഴുകി വരുന്ന കാറ്റില്‍ നെയ്ത്തുശാലകളില്‍ നിന്നുയരുന്ന തന്ത്രിവാദ്യത്തിന്റെ ഘോഷം കേള്‍ക്കാം.
പച്ചപ്പുല്‍മൈതാനിയില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍.നിലം ഉഴുകുന്ന കര്‍ഷകര്‍.തെങ്ങിന് തടം വെട്ടുന്നവര്‍.പാവുണക്കുന്നവര്‍. ഇങ്ങനെ ഗ്രാമ ജീവിതത്തിന്റെ നിഷ്ക്കളങ്കതയും , ചാരുതയാര്‍ന്നതുമായ കാഴ്ച്ചകള്‍ എങ്ങും കാണാം.

കൊട്ടാരക്കരയിലെ താഴത്തുകടവില്‍ തോണ്ടലില്‍ കുടുംബത്തിലെ ഗൃഹനാഥനായ രാമന്‍ നല്ലൊരു നെയ്ത്തുകാരനാണ്. നാട്ടിലെ കേമത്തമുള്ള ഈഴവകുടുംബം. നൂല്‍ വ്യാപാരവും, കൊപ്രാക്കച്ചവടവും അത്യാവശ്യത്തിന് കൃഷിയുമുണ്ട്. രാമന് നാട്ടു ചികിത്സകളിലും പ്രാവീണ്യമുണ്ട്.പരമ്പരാഗതമായി ആര്‍ജിച്ച കഴിവാണ്.
തേവലപ്പുറത്തെ കൃഷ്ണന്‍ വൈദ്യന്റെ സഹോദരി കുഞ്ചാളിയമ്മയാണ് രാമന്റെ ഭാര്യ. ക‍ൃഷ്ണന്‍ വൈദ്യന്‍ വിഷവൈദ്യനാണ്. പ്രസിദ്ധന്‍ !
രാമന്‍ കുഞ്ചാളിയമ്മ ദമ്പതികളുടെ പ്രഥമ പുത്രന്‍ നാരായണന്‍. രണ്ടാമതായി ഭൂജാതനായത് ഗോവിന്ദന്‍.പിന്നെ കുഞ്ഞു നങ്ങേലി, കല്യാണി . അഞ്ചാമന്‍ ശങ്കര്‍. പത്മനാഭനും, കേശവനും, മാധവനും ഇളമുറക്കാര്‍.
ഗ്രാമത്തിലെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സവര്‍ണ്ണ ജാതിയിലെ ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു.അവര്‍ണ്ണജാതിക്കാര്‍ക്ക് ക്ഷേത്രമൈതാനത്തേക്ക് പോലും വരാന്‍ അനുവാദമുണ്ടായിരുന്നില്ല. അമ്പലച്ചിറയില്‍ അവര്‍ക്ക് കുളിക്കാനും വിലക്കുണ്ട്. ഇങ്ങനെ എത്രയെത്ര വിലക്കുകളാണുണ്ടായിരുന്നതെന്നോ ?
അതായിരുന്നു കാലം .
രാമന്‍ തന്റെ മക്കളെ ‍ തൊഴിലുകള്‍ ഓരോന്നായി പഠിപ്പിച്ചു. അവര്‍ കന്നിനെ മേയ്ക്കും, നിലമുഴുകും, ‍ തുണി നെയ്യും. മാതാപിതാക്കളെ സഹായിക്കാന്‍ മക്കള്‍ക്ക് വളരെ സന്തോഷമായിരുന്നു.
അക്കാലത്ത് നാലാം ക്ളാസ്സ് വരെ വിദ്യാഭ്യാസം സൗജന്യമാണ്. മലയാളം സ്ക്കൂളില്‍ അഞ്ചാം ക്ളാസ്സില്‍ പത്ത് ചക്രം ഫീസ് കൊടുക്കണം . ഇംഗ്ളീഷ് സ്ക്കൂളിലാണെങ്കില്‍ മൂന്ന് രൂപയാണ് ഫീസ്.
അന്നത്തെക്കാലത്ത് ഒമ്പത് പറ നെല്ല് വിറ്റാല്‍ കിട്ടുന്നത് മൂന്ന് രൂപയാണ്. അതായത് മൂന്ന് പറ നെല്ലിന് ഒരു രൂപ ! ഒരു നാളികേരത്തിന് മൂന്ന് പൈസ .അതായത് മുന്ന് രൂപ ഫീസ് നല്‍കി മക്കളെ പഠിപ്പിക്കണമെങ്കില്‍ തെങ്ങും , നെല്‍കൃഷിയുമൊക്കെ ഉള്ളയാളായിരിക്കണം. മാത്രമല്ല പഠിപ്പിനും, ഉദ്യോഗത്തിനും അത്രക്ക് പ്രാധാന്യവും നല്‍കിയിരുന്നില്ല. നെയ്ത്തും , കൃഷിയുമുണ്ടെങ്കില്‍ ജീവിക്കാനതുമതി എന്ന വിചാരക്കാരായിരുന്നു
രക്ഷിതാക്കള്‍.
ശങ്കര്‍ നാലാം ക്ളാസ്സ് പാസ്സായി. അവന് തുടര്‍ന്ന് പഠിക്കണമെന്നുണ്ട്. അഞ്ചുരൂപ ഫീസ് ചെലവാകുന്ന കാര്യമോര്‍ത്തപ്പോള്‍ രാമനും താല്‍പ്പര്യം കാണിച്ചില്ല.
കണിയാനെ കണ്ട് പഠിപ്പിന്റെ കാര്യം തിരക്കാന്‍ രാമന്‍ തീരുമാനിച്ചു. പുത്തൂരുള്ള ജ്യോത്സ്യന്റെ വീട്ടിലെത്തി പ്രശ്നം അവതരിപ്പിച്ചു.
ജ്യോത്സ്യന്‍ കളം വരച്ചു. കവടി നിരത്തി. ധ്യാന നിമഗ്നനായി.
ശങ്കരന്‍ പഠിച്ചിട്ട് വിശേഷിച്ചൊന്നും കാണുന്നില്ല. അഭ്യുന്നതി പ്രതീക്ഷിക്കേണ്ട.”
ജ്യോത്സ്യന്‍ പ്രവചിച്ചു.
രാമന് ആശ്വാസമായെന്ന് പറഞ്ഞാല്‍ മതിയല്ലോ. 'രോഗി ഇച്ഛിച്ചതും, വൈദ്യന്‍ കല്‍പ്പിച്ചതും പാല് '‍ എന്ന് പറഞ്ഞതു പോലെയായി .അഞ്ച് രൂപ ലാഭമായല്ലോ.
രാമന്‍ വീട്ടിലെത്തി. കുഞ്ചാളിയമ്മ ആകാംഷയോടെ കാത്ത് നില്‍ക്കുകയായിരുന്നു. ഉത്സാഹത്തോടെ ശങ്കരനും നില്‍പ്പുണ്ടായിരുന്നു.

ശങ്കരന്‍ പഠിക്കാന്‍ പോയിട്ട് കാര്യമില്ലെന്ന് കണിയാന്‍‍ പറഞ്ഞു. ഇനിയിപ്പോ ഒന്നും ആലോചിക്കാനില്ല . ശങ്കരന്‍ നെയ്യാന്‍ കൂടിക്കോട്ടെ. ” രാമന്‍ പറഞ്ഞു.
ശങ്കരന് സങ്കടമായി. എന്നാലും അച്ഛന്റെ തീരുമാനം ശിരസ്സാ വഹിക്കാന്‍ ആ കുട്ടി സന്നദ്ധനായി. മാതാപിതാക്കള്‍ നയിക്കുന്ന വഴിയേ പോകുക. അക്കാര്യം കുഞ്ഞുശങ്കരന് അറിയാം.
അങ്ങനെ അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം നെയ്ത്തുകാരനാകുവാന്‍ ശങ്കരന്‍ തീരുമാനിച്ചു.



 
 
അദ്ധ്യായം 2

എനിക്ക് പഠിക്കണം
 
 



 
 
 
 
 
 
 
 
 
 
 
 
 
 
 
 
മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ല് കാക്ക കൊത്തിക്കോരാതെ നോക്കാന്‍ കാവലിരിക്കുകയാണ് ശങ്കരന്‍.കാക്കയെ തുരത്താന്‍ ശങ്കരന്‍ ഒരു സൂത്രം കണ്ടുപിടിച്ചിട്ടുണ്ട്.വള്ളികള്‍ കോര്‍ത്തുണ്ടാക്കിയ ഒരു വല.അതില്‍ കെട്ടിയിരിക്കുന്ന കയറിന്റെ ഒരഗ്രം ശങ്കരന്‍ പിടിച്ചിട്ടുണ്ട്.
കയര്‍ ചലിപ്പിച്ചാല്‍ വലയിളകും. കാക്ക പേടിച്ച് പറന്ന് പോകുും
വയല്‍ വരമ്പിലൂടെ കുട നിവര്‍ത്തിപ്പിടിച്ച് നടന്നു വരുന്നതാരാണ് ?
ശങ്കരന്‍ ആ ദൂരക്കാഴ്ച കണ്ടു.
കൃഷ്ണന്‍ മാമനാണല്ലോ.
അമ്മേ.... ദേ, കൃഷ്ണന്‍ മാമന്‍ വരുന്നൂ....”
കൃഷ്ണന്‍ മാമന്‍ വെറുംകൈയോടെ വരാറില്ല. തിന്നാനെന്തെങ്കിലും കൊണ്ടുവരും.മധുരനാരങ്ങ, അല്ലെങ്കില്‍ മാമ്പഴം.
ഉമ്മറത്ത് കോലായില്‍ നൂല്‍ പിണി ചുറ്റി വെക്കുകയായിരുന്നു അമ്മ.അച്ഛനും പണിക്കാരും തറിയിലിരിപ്പുണ്ട്.
കൃഷ്ണനണ്ണന്റെ തിടുക്കത്തിലുള്ള വരവെന്താണാവോ ?
കു‍‍ഞ്ചാളിയമ്മ തിടുക്കത്തില്‍ അടുക്കളയിലേക്ക് കയറിപ്പോയി.
കൃഷ്ണന്‍ മാമന്‍ മുറ്റത്തെത്തി.കുട ചുരുക്കി . പുരക്കകത്തേക്ക് കയറാന്‍ കൂട്ടാക്കാതെ മുറ്റത്ത് തന്നെ നില്‍ക്കുകയാണ്.മാമന്‍ പൊതി കൊണ്ടു വന്നിട്ടില്ല.
ശങ്കരാ, പഠിക്കാന്‍ പോകാന്‍ കൂട്ടാക്കണില്ലാ ,ല്ലേ ? നെല്ലിന്റെ കൂട്ടത്തിലിരുന്ന് നീയും ഒണങ്ങിക്കോ. ”
വന്നപാടേ മാമന്‍ പറഞ്ഞതതാണ്.
വിളിക്കടാ നിന്റെ തന്തേം തള്ളേം .”
ശങ്കരന്‍ പേടിച്ച് കിടുങ്ങിപ്പോയി.
മുറ്റത്തെ ഒച്ചപ്പാട് കേട്ട് രാമന്‍ തറിയില്‍ നിന്നിറങ്ങി വന്നു.സംഭാര കോപ്പയുമായി കുഞ്ചാളിയമ്മയും പുരക്കകത്തുനിന്നും വന്നു.
ദേ, നിങ്ങളെന്തു ഭാവിച്ചാ ഈ ചെറുക്കനെ കാക്കയെയാട്ടാനിരുത്തിയിരിക്കുന്നത് ? നാലക്ഷരം പഠിപ്പിക്കാന്‍ നോക്കാതെ എന്തിനുള്ള പുറപ്പാടാ ? ”
കൃഷ്ണന്‍ വൈദ്യര്‍ ക്ഷുഭിതനാണ്.
കണിയാന്റെ പ്രവചനവും , അഞ്ചുരൂപ വലിക്കാനള്ള നീരസവും രാമന്‍ അവതരിപ്പിച്ചു.
പ്രാരംബ്ദൊക്കെ എല്ലാവര്‍ക്കുണ്ട്. അതവിടെ നില്‍ക്കട്ടെ. ശങ്കരനെ പഠിപ്പിക്കണം. അത് പറയാനാ ഞാനിപ്പോ വന്നത് .”
കൃഷ്ണന്‍ വൈദ്യരുടെ വാക്കിന് എതിര്‍വാക്കില്ല.
എന്നാലങ്ങനെയായിക്കോട്ടെയെന്നായി രാമന്‍.
കൃഷ്ണന്‍ വൈദ്യര്‍ തിണ്ണയിലേക്ക് കയറിയതപ്പോഴാണ്.പെങ്ങള്‍ നീട്ടിയ മോരുവെള്ളം ഒറ്റവലിക്ക് കുടിച്ചു.
പിന്നെ അവര്‍ മറ്റ് വിശേഷങ്ങളിലേക്ക് കടന്നു.
ശങ്കരന്‍ തറിപ്പുരയിലേക്ക് പാഞ്ഞു.കൂടപ്പിറപ്പുകളോട് പുതിയ വിശേഷം പറയാന്‍.അഞ്ചാം ക്ളാസ്സില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് സന്തോഷ വര്‍ത്തമാനം അറിയിക്കാന്‍.
പുത്തൂര്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് പുതിയ സ്ക്കൂളിലേക്ക്. അവിടെയാണ് ശങ്കരനെ അഞ്ചാം ക്ളാസ്സില്‍ ചേര്‍ക്കാന്‍ പോകുന്നത്.
ഇടവഴികളും , തോടും, കുന്നും,താണ്ടി ദുര്‍ഗ്ഗമങ്ങളായ വഴികളിലൂടെ സഞ്ചരിച്ച് വേണം സ്ക്കൂളിലെത്താന്‍.
പ്രസരിപ്പും , ആരോഗ്യവും , ഉത്സാഹവുമുള്ള ബാലനായിരുന്നു ശങ്കര്‍.ആയോധന മുറകള്‍ ബാല്യത്തിലേ ആഭ്യസിച്ചിട്ടുണ്ടായിരുന്നു.കൗതുകകരങ്ങളായ കളിയുപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കരവിരുതും ശങ്കറിനുണ്ടായിരുന്നു.അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ കൂടുമായിരുന്നതിനാല്‍ പാചക കലയും കരഗതമാക്കിയിരുന്നു.
ദിവസേന പതിനെട്ട് കിലോമീറ്റര്‍ നടത്തം. എന്നും മുന്നില്‍ നടക്കുന്നത് ശങ്കറായിരിക്കും. നടക്കാന്‍ നല്ല് ആവേശവും ഊര്‍ജ്ജവുമാണ് ശങ്കറിന്.
മാനസിക ക്ളേശങ്ങള്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍. ജാതിപരമായ വിവേചനങ്ങളും സ്ക്കൂളില്‍ അനുഭവിക്കേണ്ടി വന്നു. സ്ക്കൂളിലെ അധ്യാപകരേറെയും സവര്‍ണ്ണ ജാതിക്കാരായിരുന്നു.ഇതെല്ലാം സഹിച്ചായിരുന്നു ശങ്കറിന്റെ പഠനം.
ഏഴാം ക്ളാസ്സ് വരെയുള്ള പഠനം ഒരു വിധം മുന്നോട്ട് കൊണ്ടുപോകാന്‍ പിതാവ് ഉത്സാഹം കാണിച്ചു.തുടര്‍ന്നുള്ള പഠനത്തിനള്ള ചെലവ് നിര്‍വഹിക്കാന്‍ തന്നെക്കൊണ്ടാവില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.
ശങ്കര്‍ ഏഴാം ക്ളാസ്സ് പാസ്സായി. എട്ടില്‍ ചേരണമെന്ന് തന്നെയായിരുന്നു ശങ്കറിന് മോഹം.
പക്ഷെ അച്ഛന് ഒട്ടും മനം മാറ്റമില്ല.
ശങ്കര്‍ വിട്ട് കൊടുത്തില്ല. ഹൈസ്ക്കൂളില്‍ ചേരണമെന്ന് ശങ്കര്‍ ഉറച്ച നിലപാടെടുത്തു.
എനിക്ക് പഠിക്കണം .”
അവന്‍ വാശി പിടിച്ചു.
അടുക്കള സമര വേദിയായി മാറി. അടുക്കളയില്‍ ശങ്കര്‍ സത്യാഗ്രഹമാരംഭിച്ചു.

അദ്ധ്യായം 3


അടുക്കളയിലെ സമരം


"എന്നാലും ഈ വിധം പിള്ളേരെങ്ങുമുണ്ടാവില്ലല്ലോ ഈശ്വരാ.ഇങ്ങനെയുണ്ടോ ഒരു വാശി.”
അടുക്കളയിലെ തിരക്കിട്ട ജോലികള്‍ക്കിടയിലും ശങ്കരനെപ്പറ്റിത്തന്നെയാണ് അമ്മയുടെ വിചാരം.ശങ്കരന്റെ പഠിപ്പിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഏറെ വിഷമിച്ചത് അമ്മ യായിരുന്നു.
ഉടുപ്പോ ചെരിപ്പോ വേണംന്നല്ലല്ലോ . പഠിക്കണത്രെ . മറ്റാര്‍ക്കും ഇത്രം വാശിണ്ടായിട്ടില്ല. ശങ്കരന് പഠിക്കണംന്ന് മോഹണ്ടങ്കില് അത് നടത്തുക തന്നെ വേണം.
ശങ്കരാ, വിശക്കണില്ലേടാ നിനക്ക്. രണ്ട് ദിവസായില്ലേ എന്തെങ്കിലും കഴിച്ചിട്ട്. ”
അടുക്കളയിലെ ഒരു സ്റ്റൂളില്‍ കയറി ശങ്കര്‍ ഇരിക്കുകയാണ്. സമരമാണ്.സഹന സമരമാണ്.ഊണില്ല, ഉറക്കമില്ല.ദൈനംദിന കര്‍മ്മങ്ങളുമില്ല.
എനിക്ക് പഠിക്കണം ”
അവന്‍ ഇടക്കിടെ ഒരു മുദ്രാവാക്യം പോലെ പറഞ്ഞുകൊണ്ടിരിക്കും. അമ്മ കേട്ടോട്ടെ. അച്ഛന്‍ അടുത്തെങ്ങാനുംമുണ്ടെങ്കില്‍ നാക്ക് അനങ്ങില്ല.
അടുക്കളയിലായതു കൊണ്ട് അമ്മയുമായി സംസാരിക്കാം. അമ്മയെ സഹായിക്കാം.
ഭക്ഷണം പാചകം ചെയ്യാന്‍ ശങ്കറിന് വലിയ ഇഷ്ടമാണ്. അടുക്കളയില്‍ അമ്മയുടെ പ്രധാന സഹായി ശങ്കറാണ്. വളരെ സ്വാദിഷ്ടമായ ഭക്ഷണമുണ്ടാക്കാന്‍ നല്ല കൈപ്പുണ്യമാണ് അമ്മക്ക് . അമ്മയുടെ കൂടേ നിന്ന് പാചകവേലകള്‍ ശങ്കര്‍ ചെറുപ്പത്തിലേ സ്വായത്തമാക്കി.

കുടുംബത്തിന്റെ അപ്പോഴത്തെ അവസ്ഥ അമ്മ അവനെ പറഞ്ഞു മനസ്സിലാക്കി.
അതൊന്നും ചെവികൊള്ളാന്‍ ശങ്കര്‍ തയ്യാറായില്ല.
സമര സേനാനിക്ക് ഒരു കുലുക്കവുമില്ല.
നിന്റെ വാശിയൊന്നവസാനിപ്പിക്കെടാ മോനേ.” വാത്സല്യ നിധിയായ അമ്മ ശങ്കരനോട് സ്നേഹത്തോടെ പറഞ്ഞു.
വാശി, വാശി, വാശി”
വിശപ്പില്ലേടാ . എന്തെങ്കിലും കഴിക്ക് ”
ഇല്ല, എനിക്കൊന്നും വേണ്ട”
പഠിക്കണമെന്ന് പറഞ്ഞ് വാശി പിടിക്കുന്ന ചെറുക്കനെ വടിയെടുത്തടിക്കാനൊന്നും മാതാപിതാക്കള്‍ മുതിര്‍ന്നില്ല.
അമ്മക്ക് മാത്രമല്ല, അച്ഛനുമുണ്ട് ആഗ്രഹം പഠിപ്പിക്കണമെന്ന്. . പൈസയില്ലാത്തതാണല്ലോ പ്രശ്നം.അത് ശങ്കറിനും അറിയാം.
"അച്ഛന്‍ കൊല്ലത്ത്ന്നും വന്നു. തറിയിലുണ്ട്.”
അമ്മ പറഞ്ഞു.
അച്ഛന് കഴിക്കാനായി മോരു് വെള്ളം മൊന്തയിലൊഴിച്ച് അമ്മ തറിയിലേക്ക് പോയി.
തറിയിലിരിക്കുമ്പോഴും രാമന്‍ ചിന്തയിലായിരുന്നു.
ശങ്കരന്‍ അടുക്കളേന്നെറങ്ങീല്ലേ , ഇപ്പോഴും?”
ഇല്ല.”
പിന്നെ അല്‍പ്പ നേരം രാമന്‍ ചിന്തയിലാണ്ടു . പിന്നെ ഭാര്യയോട് പറഞ്ഞു
അവന് ഹൈസ്ക്കൂളില്‍ പഠിക്കണംന്ന് ഇഷ്ടോണ്ടെങ്കി അത് നടക്കട്ടെ. ”
ശങ്കരന്‍ പഠിച്ചോളും .അവന്‍ നന്നായി വരും.”
കുഞ്ചാളിയമ്മ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.
മകന്റെ ആഗ്രഹത്തിനു് മാതാപിതാക്കള്‍ തടസ്സം നിന്നില്ല.
പഠനത്തിന് അച്ഛന്‍ പച്ചക്കൊടി വീശിയെന്ന വിവരം ശങ്കരനറിഞ്ഞു.
ഹൈസ്ക്കളില്‍ പഠിപ്പിക്കാമെന്നുറപ്പ് കിട്ടിയതോടെ ശങ്കറിന് സന്തോഷമായി. സമരം അവസാനിപ്പിച്ചു.
പുത്തൂര്‍ നിന്നും കൊട്ടാരക്കരയില്‍ പോയി പഠിക്കുന്നതിനേക്കാളും നല്ലത് നെയ്ത്തിനോ കൃഷിപ്പണിക്കോ പോകുന്നതാണ് ഭേദം .
പുത്തുരിലെ കുട്ടികളുടെ ചിന്ത അങ്ങനെയാണ്.
ഗതാഗത സൗകര്യമില്ല. കുറ്റിക്കാടുകളും പാറകൂട്ടങ്ങളും അതിരിടുന്ന ചെമ്മണ്‍ പാതയിലൂടെ നടന്ന് പോകണം. കൊട്ടാരക്കരക്ക് പത്ത് പന്ത്രണ്ട് മൈല്‍ ദൂരമുണ്ട്.കയറ്റവും ഇറക്കുവുമുള്ള വഴി.മഴക്കാലമാണ് ദുഷ് ക്കരം . മുട്ടറ്റം വെള്ളംനിറയും. മുണ്ടും ഷര്‍ട്ടും ചെളി പുരളും.

മഴയായാലും വെയിലായാലും സ്ക്കൂളിലേക്കുള്ള യാത്രയില്‍ ശങ്കര്‍ മുന്നിലുണ്ടാകും. നാലു പേരുണ്ടായിരുന്നു പുത്തൂര്‍നിന്നും കൂട്ടിന്. അവരൊന്നിച്ച് നടക്കും, ചിലപ്പോള്‍ ഓടും.
ശങ്കറായിരുന്നു ലീഡര്‍.
ദുഷ്ക്കരമായ പാതകളിലൂടെയുള്ള യാത്രകള്‍ ശങ്കറിന് ഇഷ്ടമായിരുന്നു.
സ്ക്കൂളിലേക്കുള്ള യാത്രയില്‍ മാത്രമല്ല, ജീവിതത്തിലെ നിര്‍ണ്ണായകമായ പ്രതിസന്ധി ഘട്ടങ്ങളിലും മുന്നേറുന്നതിന് ഇൗ ആവേശം ശങ്കര്‍ കൈവിട്ടില്ല.





അദ്ധ്യായം 4



സമര വീര്യം 
 

പഠിക്കാന്‍ നല്ല ഉത്സാഹമായിരുന്നു ശങ്കറിന്.ക്ളാസ്സില്‍ ഒന്നാമന്‍. സയന്‍സ് വിഷയങ്ങളാണ് ഏറെ ഇഷ്ടം.അധ്യാപകര്‍ ക്ളാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ശങ്കര്‍ ശ്രദ്ധയോടെ കേള്‍ക്കും. മനസ്സിലുറപ്പിക്കും.
ഏറെ നേരം നടന്ന് കഷ്ടപ്പെട്ടാണ് സ്ക്കൂളിലെത്തുന്നത്. പ്രതികൂലമായിരുന്നു സ്ക്കൂളിലെ അന്തരീക്ഷം.
ജാതിപരമായ വിവേചനങ്ങള്‍ സ്ക്കൂളില്‍ നേരിടണം. സഹപാഠികള്‍ ഏറെയും സവര്‍ണ്ണ ജാതിയില്‍ പെട്ടവര്‍. ബ്രാഹ്മണരായ അധ്യാപകര്‍.മുടങ്ങതെ ഫീസ് കൊടുക്കണം.
ഇതിനെയെല്ലാം അതിജീവിച്ച് പഠനം തുടരണമെങ്കില്‍ കുട്ടികള്‍ക്ക് നല്ല സഹനശേഷി വേണം .അതില്ലാത്തവര്‍ ‍ പഠിപ്പ് നിറുത്തും.
പക്ഷെ ശങ്കറിന് നല്ല ആത്മവിശ്വാസമായിരുന്നു. ദൃഢനിശ്ചയമായിരുന്നു.പഠിക്കണം. അറിവ് നേടണം. സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിയെടുക്കണം. അതിന് പഠിപ്പിലൂടെ മാത്രമേ കഴിയുകയുള്ളു .
വാര്‍ത്താ പത്രങ്ങള്‍ ആ ഗ്രാമത്തിലേക്ക്എത്തിയിരുന്നില്ല. റേഡിയോ ഇല്ല, വായനശാലയില്ല.എന്നും സന്ധ്യക്ക് അച്ഛന്‍ രാമായണവും,ഭഗവത്ഗീതയും ഭക്തിപൂര്‍വം പാടും. കുടുംബാഗങ്ങലെല്ലാവരും അടുത്തിരുന്ന് അച്ഛന്‍ പാടുന്നത് കേള്‍ക്കും.കാവ്യങ്ങള്‍ വായിക്കാനും ഈണത്തില്‍ പാടാനുമുള്ള സിദ്ധി അച്ഛനില്‍ നിന്നാണ് ശങ്കറിന് ലഭിച്ചത്.കുമാരനാശാന്റെ കവിതകള്‍ നല്ല പ്രചാരമുണ്ടായിരുന്നു. ആശാന്‍ കവിതകളും ശങ്കര്‍ ഹൃദിസ്ഥമാക്കിയത് ഹൈസ്ക്കൂള്‍ പഠനകാലത്താണ്.
ശങ്കര്‍ ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ തിരുവിതാംകൂറില്‍ ഒരു വിദ്യാര്‍ത്ഥി സമരം നടന്നു.ഹൈസ്ക്കുളിലെ ഫീസ് വര്‍ദ്ധനക്കെതിരെയായിരുന്നു സമരം.അഞ്ചുരൂപയായിരുന്ന ഫീസ് ആറേകാല്‍ രൂപയായി വര്‍ദ്ധിപ്പിച്ചു.
തിരുവനന്തപുരത്താണ് സമരം തുടങ്ങിയത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ക്ളാസ്സ് മുറികളില്‍ നിന്നും തെരുവിലേക്കിറങ്ങി. മുദ്രാവാക്യം വിളിച്ച് അവര്‍ പ്രകടനമായി നീങ്ങി.
സര്‍ക്കാര്‍ വെറുതെയിരുന്നില്ല. സമരം നേരിടാന്‍ ഒരുങ്ങി.രാഘവ അയ്യരാണ് തിരുവിതാംകൂറിലെ ദിവാന്‍.
പോലിസ് ഇറങ്ങി.കുതിര പട്ടാളവും സമരക്കാരുടെ നേരെ വന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കുതിരയുടെ ചവിട്ടേറ്റു. ദിവാന്‍ രാഘവ അയ്യരാണ് ഈ ക്രൂര കൃത്യം നടപ്പാക്കിയത്.
രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം നാടൊട്ടുക്കും അറിഞ്ഞു. കൊട്ടാരക്കരയറിയുമ്പോള്‍ ഉച്ചക്ക് മൂന്ന് മണി.സകല വിദ്യാര്‍ത്ഥികളും ക്ളാസ്സ് ബഹിഷ്ക്കരിച്ച് പുറത്തിറങ്ങി.
ശങ്കറിന് ഒരാശയം തോന്നി. പുത്തൂരെ സ്ക്കൂളിലും സമരം നടത്തണം.
കൂട്ടുകാരനായ ഗോപാലപിള്ളയോട് കാര്യം പറഞ്ഞു.
ഗോപാല്‍, നമുക്ക് പുത്തൂര്‍ക്ക് പോയാലോ ? നമ്മുടെ സ്ക്കൂളിലും സമരം വേണ്ടേ?”
കൂട്ടുകാരന് പൂര്‍ണ്ണയോജിപ്പ്.
"പക്ഷെ നാലുമണിക്ക് മുന്‍പ് പുത്തൂരെത്തണ്ടെ ?”
സമയത്തിന് മുന്‍പ് നമ്മളെത്തും. നീ വായോ.”ശങ്കര്‍ കൂട്ടുകാരന് ആവേശം പകര്‍ന്നു.
പിന്നെ ഒരു പാച്ചിലായിരുന്നു.ചെമ്മണ്‍ പാതയിലൂടെ, കയറ്റവും ഇറക്കവും താണ്ടി അവര്‍ കുതിച്ചു.
ക്ളാസ്സ് തീരും മുന്‍പ് അവര്‍ പുത്തൂര്‍ സ്ക്കൂളിലെത്തി. ബെല്ലടിക്കാന്‍ ഏതാന മിനുറ്റുകള്‍ മാത്രം. ശങ്കറും കൂട്ടുകാരനും ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് ഓടിക്കയറി. വിഷയം അവതരിപ്പിച്ചു.
മാഷേ, തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ പോലിസ് തല്ലിച്ചതച്ചു. എല്ലാ സ്ക്കൂളിലും സമരമാണ്. ക്ളാസ്സ് വിടണം.”
സമരം തിരുവനന്തപുരത്തല്ലേ നടക്കുന്നത്. മാത്രമല്ല, ക്ളാസ്സ് തീരാറായി. ഇപ്പോ ബെല്ലടിക്കും.”
ഹെഡ് മാസ്റ്റര്‍ , അവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സമരാഹ്വാനം ചെവികൊണ്ടില്ല.
ഇവിടെ സമരമൊന്നും വേണ്ട.”
ശങ്കര്‍ എന്തു ചെയ്തെന്നോ ?
ഓരോ ക്ളാസ്സിലും കയറി. മുദ്രാവാക്യം വിളിച്ചു.കുട്ടികള്‍ക്കും ആവേശമായി.അവര്‍ ക്ളാസ്സില്‍നിന്നും പുറത്തിറങ്ങാന്‍ തുടങ്ങി.
അതുകൊണ്ടും തീര്‍ന്നില്ല. സ്ക്കൂള്‍ മൈതാനത്ത് കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി.അവര്‍ക്ക് മുന്നില്‍ ഒരു പ്രസംഗം നടത്തി.ഫീസ് വര്‍ദ്ധനക്കെതിരായ പ്രതിഷേധ വാക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ അക്രമത്തിനെതിരായ രോഷം. ദിവാനെതിരായ കോപം. ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രകടനമായിരുന്നില്ല അത്. ഒരു തീപ്പൊരി പ്രസംഗം. ശങ്കറിന്റെ പ്രസംഗം കേള്‍ക്കാന്‍ നാട്ടുകാരും വന്നു നിന്നു.
നാലാം ക്ളാസ്സ് വരെ മാത്രമുണ്ടായിരുന്ന പുത്തുരെ ആ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തിയത് വളരെക്കാലത്തിനു ശേഷമാണ്.
ആര്‍ .ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത്. അതെ നമ്മുടെ കഥാനായകന്‍ ശങ്കര്‍ തന്നെ !





അദ്ധ്യായം 5


കോളജ് പഠനം വീണ്ടും കടമ്പ


പത്താം ക്ളാസ്സ് പാസ്സായി. തുടര്‍ പഠനത്തിന് കോളജില്‍ പോകണം. അത് അസാധ്യമാണെന്ന് ശങ്കറിനറിയാം.
കോളജില്‍ പഠിക്കണമെങ്കില്‍ തിരുവനന്തപുരത്ത് പോകണം . ഫീസിനത്തില്‍ പന്ത്രണ്ട് രൂപ ചെലവാക്കണം.ഹോസ്റ്റല്‍ ചെലവ് വെറെ വേണം. ആഹാരവും മറ്റ് അനാമത്ത് ചെലവുകളും കൂടി കണക്കാക്കിയാല്‍ മുപ്പത് രൂപ വരും മാസം തോറും.
അത്രക്ക് സാമ്പത്തിക ശേഷിയില്ല അച്ഛന്. തിരുവനന്തപുരത്ത് പോയി പഠിക്കാനുള്ള മോഹവുമായി പയ്യന്‍ നടക്കുന്നവെന്നറിഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ തടസ്സം പറഞ്ഞു.
"ഇത്രേം പഠിപ്പൊക്കെ തന്നെ ധാരാളംല്ലേ . "
പഠിക്കണമെന്നുള്ള തീവൃമായ മോഹം ആ ബാലനില്‍ ജ്വലിക്കുകയായിരുന്നു.
ശങ്കര്‍ ഒരു കാര്യം തീരുമാനിച്ചു. അമ്മാവനെ കണ്ട് ഒരിക്കല്‍ കൂടി സഹായം അഭ്യര്‍ത്ഥിക്കുക തന്നെ.
കൃഷ്ണന്‍ മാമന്‍ സഹായിക്കാതിരിക്കില്ല.
ശങ്കര്‍ തേവലപ്പുറത്തെത്തി.
മാസം മുപ്പത് രൂപ അത്ര നിസ്സാരാണോ കുട്ടി ? നിന്റച്ഛനേക്കൊണ്ട് അത് നിര്‍വഹിക്കാന്‍ പറ്റില്ലാന്ന് എനിക്കറിയാം.”
കൃഷ്ണന്‍ മാമന്‍ വരാന്തയില്‍ ഒന്ന് രണ്ട് ചാല്‍ നടന്നു. ആലോചനാമഗ്നനായി ചാരു കസേരയില്‍ അമര്‍ന്നിരുന്നു.
തൊണ്ണറ് പറ നെല്ലിന്റെ വില. അല്ലെങ്കില്‍ ആയിരം നാളികേരത്തിന്റെ വില. അതുണ്ടോ നിന്റച്ഛന്റെ കൈയില്‍ മാസം തോറും കൊടുക്കാന്‍.പക്ഷെ , പഠിക്കണോന്ന് ആഗ്രഹോണ്ടെങ്കി അത് നടത്തുക തന്നെ വേണം. മാറ്റിവെക്കാന്‍ പറ്റിയ കാര്യമല്ല അത്. ”

അമ്മാവന്‍ കസേരയില്‍ നിന്നെഴുന്നേറ്റു.
നമുക്ക് കൊച്ചയ്യപ്പനെ ഒന്ന് കണ്ടാലോ ? ”
കൃഷ്ണന്‍ വൈദ്യന്‍ കൊച്ചയ്യപ്പനേം കൂട്ടി കണ്ടച്ചിറയിലേക്ക് നടന്നു.ഇടയിലത്തുണ്ടില്‍ കൊച്ചയ്യപ്പന്‍ ധനാഢ്യനാണ്.സര്‍വ്വോപരി ഉദാര മനസ്ക്കനാണ്, നാട്ടു പ്രമാണിയാണ്.
മാത്രമല്ല, കൃഷ്ണന്‍ വൈദ്യരുടെ അളിയനാണ് കൊച്ചയ്യപ്പന്‍.കൃഷ്ണന്‍ വൈദ്യരുടെ ഇളയ സഹോദരിയുടെ ഭര്‍ത്താവ്.അതായത് ശങ്കറുടെ ചിറ്റച്ഛന്‍.
കൊച്ചയ്യപ്പന്റെ മകള്‍ അമ്മുക്കുട്ടി തിരുവനന്തപുരത്ത് സംഗീത കോളജില്‍ പഠിക്കുന്നുണ്ടായിരുന്നു..കുന്നുകുഴിയിലെ വരമ്പശ്ശേരിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്.
ശങ്കറിന്റെ ബുദ്ധിസാമര്‍ത്ഥ്യവും , പഠിക്കാനുള്ള ഇഷ്ടവും ബോധ്യപ്പെട്ടിരുന്നു ചിറ്റച്ഛന്. കൃഷ്ണന്‍ വൈദ്യരുടെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ കൊച്ചയ്യപ്പന്‍ പറഞ്ഞു.
വരമ്പശ്ശേരിയിലെ വീട്ടില്‍ ശങ്കറും നില്‍ക്കട്ടെ. ഞാനതിനുള്ള ഏര്‍പ്പാട് ചെയ്യാം.വാടക കൊടുക്കേണ്ടി വരും.പിന്നെ കോളേജ് ഫീസും."
ചിറ്റച്ഛന്‍ ശങ്കറിന് നേരെ തിരിഞ്ഞു.
"താന്‍ പേടിക്കണ്ടടോ. പഠിച്ചാല്‍ മാത്രം മതി.”
ശങ്കറിന് ആഹ്ളാദമായി.
ശങ്കര്‍ ചിറ്റച്ഛന്റെ പാദങ്ങളില്‍ നമസ്ക്കരിച്ചു.
ശങ്കര്‍ അസാമാന്യശേഷികളുള്ള ബാലനാണെന്ന് ചിറ്റച്ഛന്‍ കരുതിയിരുന്നു. അവനെ കോളജിലയച്ച് പഠിപ്പിച്ചാല്‍ ഗുണമുണ്ടാകും എന്നദ്ദേഹം ദീര്‍ഘവീക്ഷണം ചെയ്തു.പഠിക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പണം ഒരു തടസ്സമാകരുതെ‍ന്നും , ശങ്കറിന്റെ പഠനത്തിന് വേണ്ടിയുള്ള എല്ലാ സഹായവും അദ്ദേഹം ഉറപ്പിച്ചു.
ശങ്കര്‍ പഠിക്കണം . പഠിച്ച് വലിയാളാകണം”
ചിറ്റച്ഛന്‍ ശങ്കറിനെ അനുഗ്രഹിച്ചു.
കൃഷ്ണന്‍ വൈദ്യര്‍ ആ ധന്യ നിമിഷങ്ങള്‍ക്ക് സാക്ഷിയായി.









അധ്യായം 6



നാട്ടിന്‍പുറത്ത് നിന്നും അനന്തപുരിയിലേക്ക്
 
 
 



 
 
 
 
 
 
 
 
 
 
 
 
രാജകൊട്ടാരവും , ശില്‍പ്പചാതുര്യമാര്‍ന്ന രമ്യഹര്‍മ്മ്യങ്ങളും ശങ്കറിന് കൗതുക കാഴ്ച്ചകളായിരുന്നു. ‍ രാജകല്‍പ്പനകളും വിളംബരങ്ങളും കേളികേട്ട മണിമന്ദിരങ്ങള്‍ ‍ . ‍ സംഗീതജ്ഞന്മാരും , കലാകാരന്മാരുമായ രാജാക്കന്മാരെ പററിയും പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്.തിരുവിതാംകൂറിലെ രാജാവിനെയൊന്ന് കാണാന്‍ പറ്റുമോ ആവോ.കൊട്ടാരക്കെട്ടുകളിലെ അകക്കാഴ്ച്ചകള്‍ എന്തെല്ലാമായിരിക്കും ?അതെല്ലാം ചിന്തിച്ചുകൊണ്ട് ശങ്കര്‍ രാജവീഥികളിലൂടെ നടന്നുപോകാറുണ്ട്.രാജധാനിയിലാണല്ലോ താനെത്തിയിരിക്കുന്നത്.
ശങ്കറിന് അഭിമാനം തോന്നി
കുതിരപ്പുറത്ത് ആളുകള്‍ സഞ്ചരിക്കുന്നത് കാണുന്നാതാദ്യമായിട്ടാണ്. പോലിസ് വേഷമാണ് അവര്‍ ധരിച്ചിരിക്കുന്നത്. ദിവാന്റെ സേനാംഗങ്ങളായിരിക്കുമെന്ന് ശങ്കര്‍ വിചാരിച്ചു.
കുതിര സവാരിക്കാരെ കണ്ടപ്പോള്‍ ,അന്നത്തെ വിദ്യാര്‍ത്ഥി സമരമാണ് ശങ്കര്‍ ഓര്‍ത്തത്. ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ദ്ധികളെ നേരിടാന്‍ ദിവാന്‍ കുതിരപട്ടാളത്തെ ഇറക്കിയ സംഭവം.ഈ കുതിരകളായിരിക്കുമോ അന്ന് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത് ?
പതിനഞ്ച് വയസ്സ് തികയാത്ത ആ ഗ്രാണീണ ബാലന്‍ തലസ്ഥാന നഗരിയിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെടുകയും ആഹ്ളാദിക്കുകയും ചെയ്തു.
താമസിക്കാനും,പഠിക്കാനും, ഭക്ഷണത്തിനും പരിമിതമായ സൗകര്യങ്ങളുള്ള ഒരു വീട് കിട്ടി. ചിറ്റച്ഛന്‍ അതും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ചിറ്റച്ഛന്റെ ഒരു കൂട്ടുകാരന്റെ വീടാണത്. കുന്നുകുഴി എന്ന സ്ഥലത്ത്.
സയന്‍സ് പഠിക്കാനായിരുന്നു ശങ്കറിന് എറെ ഇഷ്ടം. ഇന്റര്‍മീഡിയറ്റിന് സെക്കന്റ് ഗ്രൂപ്പ് തിരഞ്ഞെടുത്തു.ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി . നാല് ശാസ്ത്ര ശാഖകളിലും ശങ്കര്‍ മികവ് തെളിയിച്ചു. സയന്‍സ് ലാബില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ മിടുക്കനായിരുന്നു ശങ്കര്‍. ഒഴിവ് സമയങ്ങളില്‍ സഹപാഠികള്‍ സംശയങ്ങളുമായി ശങ്കറിനെ സമീപിക്കും. മികച്ച രീതിയില്‍ അവര്‍‍ക്ക് സയന്‍സ് പറഞ്ഞുകൊടുക്കും.പഠിക്കാന്‍ മാത്രമല്ല പഠിപ്പിക്കാനും നല്ല സാമര്‍ത്ഥ്യം.

അവധിക്കാലം കണ്ടച്ചിറയിലാണ്.ചിറ്റച്ഛന്റെ വീട്.
ഗോവിന്ദനും, നാരായണനും . ചിറ്റച്ഛന്റെ മക്കള്‍ .അവധിക്കാലം ആഘോഷമാക്കി അവിടെ കഴിച്ചുകൂട്ടും.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പകലന്തിയോളം കളികള്‍. മീന്‍ പിടിക്കാനായി ചൂണ്ടക്കോലും പിടിച്ച് പുഴയോരങ്ങളിലൂടെയുള്ള യാത്രകള്‍.സിനിമ കാണല്‍.ഉത്സവപറമ്പുകളിലെ ആള്‍ക്കൂട്ടങ്ങളില്‍ കൂട്ടം കൂടി അലഞ്ഞു തിരിയുമ്പോഴുള്ള ആഹ്ളാദം .
പാചകം ചെയ്യാനും നല്ല വൈഭവമായിരുന്നു ശങ്കറിന്. അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ നിന്ന കുട്ടി ക്കാലത്ത് പാചക പാഠങ്ങളും ശങ്കര്‍ സ്വായത്തമാക്കിയിരുന്നു.
പഠനത്തോടൊപ്പം ആഘോഷങ്ങളും.
ശങ്കറിന്റെ പെരുമാറ്റം കാണുമ്പോള്‍ കൂട്ടുകാര്‍ പറയും
നീയൊരു രാജകുമാരനെപ്പോലുണ്ടല്ലോടാ.”
പഠിക്കാനും മുന്നില്‍, കളിക്കാനും മുന്നില്‍.നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കും. മുഴക്കമുള്ള നല്ല ശബ്ദം. വ്യക്തതയും, സ്ഫുടതയുള്ള സംസാരം .നടപ്പിലും ഒരു കേമത്തം. ശങ്കറിനൊപ്പം നടക്കാനും , അവനോട് കൂട്ടുകൂടാനും ആളുകളേറെയുണ്ടാകും. ഒരു കൊച്ച് നോതാവ് തന്നെ !

രണ്ടു വര്‍ഷം പോയതറിഞ്ഞില്ല. ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയായി.
ശങ്കര്‍ നാട്ടില്‍ തിരിച്ചെത്തി. സയന്‍സില്‍ ബിരുദമെടുക്കണം. അതായിരുന്നു ശങ്കറിന്റെ അടുത്ത ലക്ഷ്യം.
പരീക്ഷാ ഫലം അറിഞ്ഞു. സെക്കന്റ് ക്ളാസ്സോടെ ഇന്റര്‍മീഡിയറ്റ് പാസ്സായി.
വീണ്ടും പഠിക്കണമെന്നുള്ള ആവശ്യം അച്ഛനോടെങ്ങനെ പറയും ?
അച്ഛന്റെ സമ്മതം കിട്ടുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
പക്ഷെ അച്ഛന്‍ തടസ്സം പറഞ്ഞില്ല. മകന്‍ ഒരുദ്യേഗസ്ഥനാകുന്നത് അച്ഛനും സ്വപ്നം കാണുന്നുണ്ടായിരുന്നു അച്ഛന്‍ ഉള്ളുതുറന്ന് പറഞ്ഞില്ലെന്ന് മാത്രം. അമ്മയുടെ പിന്തുണയുണ്ടായിരുന്നു.
ശങ്കര്‍ പഠിച്ച് കേമനാകണമെന്ന് സഹോദരങ്ങളും ആഗ്രഹിച്ചു.
അമ്മയുടെ പ്രാര്‍ത്ഥന ഫലം കണ്ടു. ശങ്കറിന് ഡിഗ്രിക്ക് പ്രവേശനം കിട്ടി.കെമ്സ്ട്രി.
ശങ്കറിന് ഏറ്റവും പ്രിയംങ്കരമായ വിഷയം തന്നെ .
ഇന്റര്‍മീഡിയറ്റിനുശേഷം കെമിസ്ട്രി പ്രധാന വിഷയമായെടുത്ത് ഡിഗ്രിക്ക് ചേര്‍ന്നു.
ശങ്കര്‍ വീണ്ടും തിരുവന്തപുരത്തേക്ക് .
കോളജ് ഫീസ് പന്ത്രണ്ട് രൂപയാണ്.പണം കൃത്യമായി അച്ഛന്‍ മണിയോര്‍ഡറയക്കും.മറ്റ് ചെലവുകള്‍ക്കുള്ള പണം ചിറ്റച്ഛന്‍ തരും.
എന്തു് നല്ല മനസ്സാണ് ചിറ്റച്ഛന്.ചിറ്റച്ഛന്‍ സഹായിച്ചാല്ലായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി ?‍ ”
ശങ്കര്‍ ഇടക്കിടെ ചിറ്റച്ഛനെ സ്മരിക്കും.
അളവറ്റ നന്ദിയുണ്ട് ചിറ്റച്ഛനോട്.
1928
ബിരുദ പഠനം പൂര്‍ത്തിയായി. ഗ്രാമത്തിലേക്ക് മടങ്ങുകയാണ്.
ഈ രാജനഗരിയിലേക്ക് ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ ? എന്താണ് ഭാവി പരിപാടികള്‍ ?
ഇനിയും പഠിക്കണോ , അതോ ജോലിക്കാരനാകണമോ?

.സി.എസ്. ന് പോകണമെന്നൊരാഗ്രഹമുണ്ട് മനസ്സില്‍ .നടക്കുമോ ?
നാട്ടിലെത്തിയപ്പോഴാണ് ഒരു ജോലി സാധ്യതയെപ്പറ്റി അറിയുന്നത്. ശിവഗിരിയിലെ മിഡില്‍ സ്ക്കൂളില്‍ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. അച്ഛനോടും അമ്മയോടും ആലോചിച്ചു.
അമാന്തിക്കണ്ട.അപേക്ഷ കൊടുക്ക് ”
അച്ഛന്‍ പറഞ്ഞു.
പിന്നെ മടിച്ചില്ല. ഒരപേക്ഷ അയച്ചു. പോസ്റ്റ്മാനെ കാത്തിരിപ്പായി.











അദ്ധ്യായം 7



ശിവഗിരിയിലെ ഹെഡ് മാസ്റ്റര്‍
 
 






 
 
 
 
 
 
 
 
 
 
 
 
 
 
 
സ്വര്‍ഗ്ഗലോക വാസികളായ ദേവഗണങ്ങള്‍ക്ക് പാപ മുക്തി നേടുന്നതിന് ഒരു ഹോമം ‍ നടത്തണം. അതിന് പറ്റിയ ഒരിടം വേണം ഭൂതലത്തില്‍. ദേവന്മാര്‍ക്ക് എന്തു പറ്റിയെന്നാവും. ബ്രഹ്മാവിന്റെ ശാപമേറ്റു ദേവന്മാര്‍ക്ക് . മഹാഭാരതം വനപര്‍വ്വത്തില്‍ ഇൗ കഥയുണ്ട്
.
ദേവന്മാര്‍ നാരദമഹര്‍ഷിയെ സമീപിച്ചു. ത്രിലോക സഞ്ചാരിയാണല്ലോ അദ്ദേഹം. ഉചിതമായ സ്ഥലം കണ്ടെത്തിത്തരാമെന്ന് നാരദ മഹര്‍ഷി വാഗ്ദാനം ചെയ്തു.
നാരദന്‍ തന്റെ വല്‍ക്കലം അഴിച്ചെടുത്ത് ഭൂമിയിലേക്കെറിഞ്ഞു. വല്‍ക്കലം പതിച്ച സ്ഥലത്ത് കര്‍മ്മമനുഷ്ഠിച്ചാല്‍ സകല പാപങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് നാരദ മഹര്‍ഷി അരുളി ച്ചെയ്തു.
നാരദന്റെ വല്‍ക്കലം ഭൂമിയില്‍ പതിച്ച സ്ഥലമാണത്രെ വര്‍ക്കല. ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ശാരദാ ക്ഷേത്രവും, ആശ്രമവും നിലകൊള്ളുന്ന ശിവഗിരി സ്ഥിതി ചെയ്യുന്ന വര്‍ക്കല ഇതിഹാസ പ്രാധാന്യമുള്ളസ്ഥലം കൂടിയാണ്. ദേവന്മാര്‍ക്ക് പാപനാശം ഉണ്ടായ സ്ഥലമാണത്രെ വര്‍ക്കലക്കടുത്തുള്ള പാപനാശം കടല്‍ത്തീരം .
ശിവഗിരി കുന്നില്‍ ശ്രീനാരായണ ഗുരു ആദ്യം സ്ഥാപിച്ചത് ഒരു കൊച്ചു ആശ്രമമാണ്.ഗുരുദേവനു് പ്രാര്‍ത്ഥിക്കുവാനും, ശിഷ്യന്‍മാരുമായി ഒത്തുചേരുവാനുമുള്ള സ്ഥലമായിരുന്നു അത്. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു വിദ്യാലയം തുടങ്ങണമെന്ന് ഗുരുദേവന് ആഗ്രഹമുണ്ടായിരുന്നു. ആശ്രമവും പരിസരവും ഗുരുദേവന്‍ തീറെഴുതി വാങ്ങിച്ചു. സമ്പന്നരും നാട്ടുപ്രമാണികളും ഗുരുദേവനെ ഇക്കാര്യത്തിന് സഹായിച്ചു.
ശിവഗിരി കുന്നിന്റെ താഴ്വരയില്‍ മനുഷ്യ നിര്‍മ്മിതമായ ഒരു തുരങ്കമുണ്ട്. തിരുവിതാംകൂറില്‍ നിന്നും വടക്കോട്ടുള്ള പ്രധാനപ്പെട്ട ജലപാതയെ ബന്ധിപ്പിക്കുന്ന തുരങ്കമാണിത്.
തുരങ്കത്തിലെ തെളിനീരില്‍ കുളിച്ച് , ശാരദാ മഠത്തില്‍ വന്ദനം നടത്തി, താഴ് വരയിലെ കൊച്ചുരാമന്റെ ചായക്കടയിലെ മരബെഞ്ചില്‍ ഹെഡ് മാഷ് സ്ഥാനം പിടിക്കും .ശ്രീനാരായണഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം കൃഷ്ണന്‍ സ്ഥാപിച്ചതാണ് ആ ചായക്കട.
കടയില്‍ നല്ല പഴുത്ത പഴങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം”
ഗുരുദേവന്‍ ആ ഒരു കാര്യം കൃഷ്ണനോട് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്.
കൃഷ്ണന്റെ അനുജനാണ് കൊച്ചുരാമന്‍.കൃഷ്ണ്‍ രാമന്‍ കടയുടെ ചുമതല ഏറ്റെടുത്തു
പുട്ടും പഴവും, പപ്പടവുമാണ് മാഷിന്റെ പ്രാതലെന്ന് കൊച്ചുരാമനറിയാം.മാഷ് വരുമ്പോഴെക്കും രാമന്‍ ചായയും പലഹാരങ്ങളും രാമന്‍ എടുത്ത് കൊടുക്കും.
പുട്ടും, പഴവും പിന്നെ ചായയും. പ്രാതല്‍ ഗംഭീരം !
പയ്യനാണെങ്കിലും ശങ്കരന്‍ മാഷ് മിടുക്കനാണ്.”
കൊച്ചുരാമന്‍ ചായ കുടിക്കാന്‍ വരുന്നവരോട് ഇടക്കിടെ പറയും.
ആര്‍.ശങ്കര്‍ എന്ന പത്തൊമ്പത് വയസ്സുകാരന്‍ പയ്യന്‍ ശിവഗിരി വിദ്യാലയത്തിലെ ഹെഡ് മാസ്റ്ററാണ്.
മുഖതേജസ്സ് ,രൂപസൗകുമാര്യം , ഗംഭീരമായ മുഖഭാവം,വാഗ്വിലാസം. അഭിമുഖം നടത്തിയപ്പോള്‍ ഗോവിന്ദന്‍ ജഡ്ജിന് ശങ്കറിനെ നന്നേ ബോധിച്ചു. ഉടന്‍ തന്നെ നിയമനവും നല്‍കി.
ബിരുദപരീക്ഷ ജയിച്ചശേഷം ആദ്യമായി പങ്കെടുക്കുന്ന അഭിമുഖത്തില്‍ തന്നെ ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടു.അച്ഛനും അമ്മയും വളരെ ആഹ്ളാദിച്ചു.സഹോദരങ്ങള്‍ക്കം നല്ല ഉല്‍സാഹമായി.
ശങ്കര്‍ ശിവഗിരിയിലേക്കാണ് പോകുന്നത്. ഗുരുദേവന്റെ സന്നിധിയിലേക്ക്. ഗുരു സ്ഥാപിച്ച വിദ്യാലയത്തില്‍ അധ്യാപകനാകാന്‍ പോകുന്നു.ഗുരുവിന്റെ അനുഗ്രഹം തന്നെ എന്നവര്‍ കരുതി.

ഒരു രാജകുമാരന്റെ മുഖശ്രീയോടെ ചുണ്ടില്‍ തൂമന്ദഹാസവും , ഊര്‍ജ്ജ്വസ്വലത തുള്ളിത്തുളുമ്പുന്ന ശരീരവുമായി ക്ളാസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ശങ്കര്‍ സാറിനെ ശിഷ്യര്‍ മറക്കില്ല.
ടെന്നിസന്റെയും , വള്ളത്തോളിന്റെയും കുമാരനാശാന്റെയും , കാളിദാസന്റെയും കാവ്യങ്ങള്‍ രസനിബദ്ധമായി ആലപിക്കാനും , ആസ്വദിപ്പിക്കാനും അത്ഭുതാവഹമായ പ്രാഗത്ഭ്യമുണ്ടായിരുന്നു ആ യുവ അധ്യാപകന്.
ഭാഷയും , ആംഗലേയ സാഹിത്യവും , ചരിത്രവും , ഭൂമിശാസ്ത്രവും മാത്രമല്ല വിഷയമേതുമായിക്കൊള്ളട്ടെ പാഠഭാഗം വളരെ ഇഷ്ടപ്പെടുന്ന രീതിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മാവില്‍ ആഴത്തില്‍ പതിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നുവത്രെ. ചുരുങ്ങിയ കാലം കൊണ്ട് കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റി ാ അധ്യാപകന്‍.
ഹെഡ്മാസ്റ്ററായിരിക്കുമ്പോഴാണ് ശിവഗിരിയിലേയും പരിസരങ്ങളിലും നടക്കുന്ന സാഹിത്യ സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ പോയിത്തുടങ്ങിയത്. കവിതാ സാഹിത്യത്തില്‍ അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ഈ കാവ്യഗുണങ്ങള്‍ ബാല്യത്തിലേ ശങ്കറില്‍ അങ്കുരിപ്പിച്ചത് അച്ഛന്റെ ശിക്ഷണമാണ്. ഈ ഒരു വൈശിഷ്ഠ്യമാണ് അദ്ദേഹത്തിന് മികച്ച പ്രാസംഗികനായി തിളങ്ങാന്‍ കഴിഞ്ഞത്. ഒരു പ്രഭാഷകനുവേണ്ടതായ ശ്രവണ സുഖമുള്ള ശബ്ദ ഗാഭീര്യത്താലും ശങ്കര്‍ അനുഗ്രഹീതനായിരുന്നു.
ശിവഗിരിയിലെ ഗുരുകുലത്തിലായിരുന്നു ശങ്കര്‍ താമസിച്ചിരുന്നത്. സ്ക്കൂള്‍ കെട്ടിടത്തിന് മുകളിലുള്ള കുടുസ്സ് മുറിയില്‍ രാത്രി ഏറെ നേരം വായിച്ചിരിക്കും.
പരന്ന വായനയിലൂടെയാണ് ശങ്കര്‍ സാഹിത്യത്തിന്റെ വിസ്മയ ലോകം കീഴടക്കിയത്. വായനയിലൂടെ നേടിയ അളവറ്റ അറിവ് പ്രഭാഷകനെന്ന നിലയില്‍ ശങ്കറിന് ലഭിച്ച ഭാഗ്യമായിരുന്നു.
ശങ്കറിന്റെ വാക്ധോരണി കേട്ടിരിക്കാന്‍ ആളേറെ കൂടുമായിരുന്നു.
ഇക്കാലത്ത് പത്രപ്രവര്‍ത്തകാനായും ശോഭിച്ചു . നവജീവന്‍ എന്ന ഒരു പത്രത്തിന്റെ പത്രാധിപരായിരുന്നു ഇക്കാലത്ത്. അധ്യാപകന്‍, പ്രാസംഗികന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ അദ്ദേഹം തിരുവിതാംകൂറിലെങ്ങും അറിയപ്പെടാന്‍ തുടങ്ങി.
ഇത്രയൊക്കെ തിരക്കു പിടിച്ച ജീവിതമായിരുന്നിട്ടും ഒരു മത്സര പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. .സി.എസ്.പരീക്ഷ. .സി.എസ് . നേടണമെന്ന് അദ്ദേഹത്തിന്റെ മോഹമായിരുന്നു. അതിന് വേണ്ടി ഗഹനമായ പഠനവും നടത്തി.
മറ്റൊരാഗ്രഹം കൂടിയുണ്ടായിരുന്നു ശങ്കറിന് . ഇഗ്ളണ്ടില് പോയി പഠിക്കണം. ഉന്നത ബിരുദം നേടണം.










അദ്ധ്യായം 8



സമരത്തിന്റെ തീച്ചൂളയിലേക്ക്
 

 


 
 
 
 
 
 
 
 
 
 
 
1931 ല്‍ ഐ.സി.എസ്. പരീക്ഷയെഴുതുമ്പോള്‍ ശങ്കറിന് ഇരുപത്തിരണ്ട് വയസ്സ്.
എഴുത്ത് പരീക്ഷ മികച്ച മാര്‍ക്കോടെ ജയിച്ചു. പക്ഷെ അഭിമുഖത്തില്‍ നല്ല മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്തള്ളപ്പെട്ടുപോയി.
പിന്നോക്ക വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഈ ഒരു കടമ്പ കടക്കുന്നത് അക്കാലത്ത് അസാധ്യമായ കാര്യമായിരുന്നു. യോഗ്യതയുണ്ടെങ്കില്‍ പോലും തിരഞ്ഞെടുക്കില്ല. ശങ്കറിന്റെ ദൗര്‍ഭാഗ്യം എന്നല്ലേ പറയേണ്ടു.
പ്രക്ഷുബ്ധമായ ഒരു സാമൂഹ്യാന്തരീക്ഷമാണ് അക്കാലത്ത് തിരുവിതാംകൂറില്‍ നിലനിന്നിരുന്നത്. തിരുവിതാംകൂറില്‍ മാത്രമല്ല നാടൊട്ടുക്കും അതായിരുന്നു സ്ഥിതി. സാമൂഹികമായ അസമത്വങ്ങള്‍ക്കെതിരെ ശബ്ദിക്കാനുള്ള വിപ്ളവാവേശം അതിന്റെ തീക്ഷണത അനുഭവിച്ചിരുന്ന ജനസമൂഹങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു
സി.കേശവനും , ടി.കെ.മാധവനും, സഹോദരന്‍ അയ്യപ്പനും നേതൃത്വം നല്‍കി കൊണ്ടിരുന്ന നവോത്ഥാനത്തിന്റെ വിപ്ളവ കാഹളം ശങ്കറിനേയും ആവേശഭരിതനാക്കിയിരുന്നു.
നവോത്ഥാന നായകരെ അനുഗമിക്കാന്‍ തന്നെ ശങ്കര്‍ തീരുമാനിച്ചു.രാജ്യസേവനം നടത്തുന്നതിനോടൊപ്പം കുടുംബജീവിതം ഭദ്രമാകുകയും വേണം . തൊഴില്‍ ചെയ്യണം. വരുമാനം വേണം. അതിനനുകൂലമായ പ്രവര്‍ത്തന മേഖല അഭിഭാഷക വൃ‍ത്തിയാണ് എന്ന് ശങ്കര്‍ മനസ്സിലാക്കി. . നിയമ പഠനത്തിന് പോകാന്‍ തന്നെ ശങ്കര്‍ തീരുമാനിച്ചു.
ഹെഡ്മാസ്റ്റര്‍ പദവ‍ിയില്‍ നിന്ന് അവധിഎടുത്ത് ശങ്കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്റെ അഭാവമാണല്ലോ വിദ്യാലയത്തിനുണ്ടാകുക എന്ന് മാനേജര്‍ വിഭാവനം ചെയ്തു.
പഠനം കഴിഞ്ഞിട്ട് ഇവിടേക്ക് തന്നെ വരണമെന്ന് അദ്ദേഹം ശങ്കറിനോടഭ്യര്‍ത്ഥിക്കുകയും ചെയ്തു.പക്ഷെ ശങ്കര്‍ ഉറപ്പിച്ചിരുന്നു ഇനി തന്റെ പ്രവര്‍ത്തന മേഖല ഇതല്ലെന്ന് .
വിദ്യാഭ്യാസ യോഗ്യതയുടെയോ അഭിരുചികളുടേയോ അടിസ്ഥാനമാക്കിയല്ല അക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമനം നടത്തിയിരുന്നത്. റസിഡന്റ്മാരായിരുന്ന സായിപ്പന്മാരുടെ ഉപദേശികളായിരുന്ന പരദേശി ബ്രാഹ്മണരായിരുന്നു തിരുവിതാംകൂറിന്റെ ചക്രം തിരിച്ചിരുന്നത്. വേലുത്തമ്പി ദളവയുടെ കാലശേഷം ഇതായിരുന്നു സ്ഥിതി.പദവികളിലും ഉദ്യോഗങ്ങളിലും അവര്‍ തന്നെ വിഹരിച്ചു. യോഗ്യതയുണ്ടെങ്കില്‍ പോലും പിന്നോക്ക വിഭാഗത്തില്‍ പെട്ട തിരുവിതാംകൂറിലെ പ്രജകള്‍ അവഗണിക്കപ്പെട്ടു.

മെഡിക്കല്‍ ബിരുദമുണ്ടായിട്ടും ജാതി അയോഗ്യതയാക്കി കല്‍പ്പിച്ച് തിരുവിതാംകൂറില്‍ ജോലി നിഷേധിക്കപ്പെട്ടയാളാണ് ‍‍ഡോക്ടര്‍ പല്‍പ്പു.തിരുവിതാംകൂറില്‍ അയിത്തം നിലനിന്നിരുന്നതിനാല്‍ മദ്രാസിലാണ് പഠനം നടത്തിയത് . ബാംഗ്ളൂരിലാണ് ജോലി ലഭിച്ചത്.
ജാത്യാചാരങ്ങളുടെ കടുത്ത ക്ളേശങ്ങള്‍ അനുഭവിച്ച ഡോക്ടര്‍ പല്‍പ്പുവിന്റെ ശ്രമഫലമായാണ് ശ്രീനാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍1903 ല്‍ ശ്രീനാരയണ ധര്‍മ്മ പരിപാലന യോഗം എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്.

അനീതികള്‍ക്കും അവഗണനകള്‍ക്കുമെതിരെ തിരുവിതാംകൂറില്‍ ഒരു സമരം നടന്നു. സാമൂഹിക സമത്വവും, ഉദ്യോഗങ്ങളും , നിയമസഭാസ്ഥാനങ്ങളും നേടിയെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു ആ പ്രക്ഷോഭം. നിവര്‍ത്തന പ്രക്ഷോഭം എന്നായിരുന്നു ആ സമരത്തിന്റെ പേര്.
.ജെ.ജോണ്‍, സി.കേശവന്‍ , എന്‍.വി.ജോസഫ്, പി.കെ.കുഞ്ഞ് ,സി.വി.കുഞ്ഞുരാമന്‍, പി.എസ്.മുഹമ്മദ്, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് എന്നിവരായിരുന്നു ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്.
1933 ജനവരി 25 നാണ് നിവര്‍ത്തന പ്രക്ഷോഭം തുടങ്ങുന്നത്.
1936 ല്‍ ശങ്കര്‍ നിയമ പരീക്ഷ പാസ്സായി.
കൊല്ലം ജില്ലാ കോടതിയില്‍ ശങ്കര്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. അഡ്വക്കേറ്റ് ടി.എം. വര്‍ഗ്ഗീസ് ആയിരുന്നു സീനിയര്‍.നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.
മികച്ച വാഗ്മിയെന്ന് രാജ്യമെങ്ങും അറിയപ്പെട്ടിരുന്ന ശങ്കര്‍ ചുരുങ്ങിയ കാലം കൊണ്ട് നല്ല അഭിഭാഷകനായി പേരെടുത്തു.
സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും ശങ്കര്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. രാഷ്ട്രീയ സമ്മേളനങ്ങളിലും ശങ്കറിന്റെ പ്രസംഗം കേള്‍ക്കാന്‍ ധാരാളം ആളുകള്‍ എത്തുമായിരുന്നു.
തിരുവിതാംകൂര്‍ ദിവാന്‍ സി.പി,രാമസ്വാമി അയ്യരുടെ ഭരണകൂടം നടപ്പാക്കുന്ന നീതി നിഷേധത്തിനെതിരെ ശങ്കര്‍ തീപ്പൊരി പ്രസംഗങ്ങള്‍ നടത്തി. 1938 സെപ്തംബര്‍ എട്ടാം തിയതി ഓച്ചിറയില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ച് നില്‍ക്കുമ്പോള്‍ ശങ്കറിനെ അറസ്റ്റ് ചെയ്തും.
അന്ന് ശങ്കറിന് മുപ്പത് വയസ്സ്. ആദ്യജയില്‍വാസം.
1938 ഒക്ടോബര്‍ 23 മഹാരാജാവിന്റെ തിരുനാളായിരുന്നു. അത് പ്രമാണിച്ച് രാഷ്ട്രീയ തടവുകാര്‍ക്കെല്ലാം മോചനം ലഭിച്ചു. ശങ്കറും പുറത്തിറങ്ങി.

ഗാന്ധിജിയടെ മാതൃകയായ സത്യാഗ്രഹ രീതിയില്‍ മദ്യവര്‍ജ്ജന സമരം നടത്താന്‍ ശങ്കര്‍ ആഹ്വാനം ചെയ്തു. 1939 ജനുവരി അഞ്ചാം തിയതി സമരമാരംഭിച്ചു.

ദിവാന്റെ ധിക്കാരവും ധൂര്‍ത്തും നിറഞ്ഞ ഭരണത്തിനെതിരെ ശങ്കറിന്റെ നേതൃത്വത്തില്‍ സമരം നടന്നു. ശങ്കറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നവംബര്‍ രണ്ടാം തിയതി. പുനലൂര്‍ ജയിലിലേക്കാണ് കൊണ്ടു പോയത്.
അധികം താമസിയാതെ തന്നെ ശങ്കറിനെ മോചിപ്പിച്ചു.




അധ്യായം 9



പ്രതിസന്ധികളുടെ  കടലില്‍
 
 

 


 
 
 
 
 
 
 
 
 
 
 
 
 
 
 
 
"കേരളത്തില്‍ ശ്രീനാരായണ ഗുരുവിന് ഒരു മതമുണ്ടാക്കുക എന്നത് അനായാസം സാധിക്കുമായിരുന്നു. മറ്റാരും ചേര്‍ന്നില്ലെങ്കിലും ഈഴവര്‍ അതില്‍ ചേരുമായിരുന്നു. മതമുണ്ടാക്കിയില്ല എന്നതാണ് ഗുരുവിന്റെ വലിയ നേട്ടം. മതം കൊണ്ട കലുഷിതമായ കേരളത്തിലെ ജീവിതാന്തരീക്ഷം മറ്റൊരു മതം കൂടിയുണ്ടായിരുന്നുവെങ്കില്‍ കുറേക്കൂടി വൈകൃതമാകുമായിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ഗുരു ദേവന്‍ പറഞ്ഞത്.”
അക്കാലത്തെ കേരള സമൂഹത്തെപ്പറ്റി ശങ്കറിന്റെ ഈ വിലയിരുത്തല്‍ സമഗ്രവും ,സത്യസന്ധവും, വസ്തുനിഷ്ഠവുമായിരുന്നു.
ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ശങ്കറിന് പ്രായം മുപ്പത്തിയഞ്ച്. 1944 ഡിസംബറിലാണ് ശങ്കര്‍ എസ്.എന്‍.ഡി.പി. യുടെ സെക്രട്ടറിയായത്.ഡോക്ടര്‍ പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയ മഹാരഥന്മാര്‍ പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തിന്റെ നേതൃപദവിയിലേക്കാണ് എത്തിച്ചേര്‍ന്നത് എന്നതില്‍ ശങ്കറിന് അഭിമാനമുണ്ടായിരുന്നു.
ഗുരുദേവന്‍ വിഭാവനം ചെയ്തതുപോലെ വിദ്യകൊണ്ട് പ്രബുദ്ധരാകണം.ജാതി മത പരിണനകള്‍ കൂടാതെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യവും സ്വാതന്ത്ര്യവുമുണ്ടാകണം. ശങ്കറിന്റെ സ്വപ്നമായിരുന്നു അത്.
ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കോളജ് സ്ഥാപിക്കണമെന്നത് ശങ്കര്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. ഇത് നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.സ്വന്തം സമുദായക്കാര്‍ മാത്രമല്ല , രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ഈ ഉദ്യമത്തിന് തടസ്സം നിന്നു.
പക്ഷെ ശങ്കറിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. സ്വന്തം സമുദായത്തിന്റയും നാടിന്റെയും വിദ്യാഭ്യാസപരമായ ഉന്നമനം അദ്ദേഹ ത്തിന്റെ ഉറച്ച ലക്ഷ്യമായിരുന്നു.
കോളജ് തുടങ്ങാന്‍ കൊല്ലത്ത് സ്ഥലം അനുവദിക്കണമെന്ന അപേക്ഷയുമായി അദ്ദേഹം സെക്രട്ടറിയേറ്റില്‍‍ ചെന്നു.സി.പി.രാമസ്വാമിയായിരുന്നു ദിവാന്‍. ശങ്കറിന്റെ ദിവാനുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി രാഷ്ട്രീയ എതിരാളികള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷെ ശങ്കര്‍ കുലുങ്ങിയില്ല.എതിര്‍പ്പുകളെ അതിജീവിച്ച് ലക്ഷ്യം തന്നെ ഉന്നം വെച്ച് ധര്‍മ്മത്തിന്റെ പാതയിലൂടെ അദ്ദേഹം സഞ്ചരിച്ചു. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ കോളജ് തുടങ്ങുന്നതിനുള്ള അനുവാദം സര്‍ക്കാരില്‍ നിന്നും അദ്ദേഹം നേടിയെടുത്തപ്പോള്‍ വിമര്‍ശിച്ചവര്‍ പോലും അത്ഭുതപ്പെട്ടു..‍
1948 ല്‍iകോളജ് പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ദേശിച്ച കാര്യം നേടിയെടുക്കാന്‍ കഴിഞ്ഞതോടെ ശങ്കര്‍ ഉത്സാഹ ഭരിതനായി. കൂടുതല്‍ കോളജുകളും ,വിദ്യാലയങ്ങളും തുടങ്ങണം. ഉന്നത വിദ്യാഭ്യാസം നേടാനുളള അവസരം എല്ലാവര്‍ക്കുമുണ്ടാകണം. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു സമിതി അദ്ദേഹം രൂപീകരിച്ചു.അതാണ് ശ്രീനാരായണ ട്രസ്റ്റ്. 1952 ആഗസ്ററിലാണ് ട്രസ്റ്റിന് അദ്ദേഹം തുടക്കമിടുന്നത്.
തിരുവിതാംകൂറിലും അയല്‍നാടുകളിലും മാത്രമല്ല , ഭാരതത്തിലെമ്പാടും ഭരണമാറ്റത്തിനായുള്ള കൊടുങ്കാറ്റ് വീശിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.

ഭാരതം സ്വതന്ത്രമായി. തിരുവിതാംകൂറില്‍ ആദ്യത്തെ ജനകീയ മന്ത്രി സഭ അധികാരമേറ്റു.1948 മാര്‍ച്ച് 24ന്.
തിരുവിതാംകൂറും, കൊച്ചിയും സംയോജിച്ച് തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നു.ടി.കെ.നാരായണപിള്ള തിരു - കൊച്ചിയിലെ ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിച്ചു.

ടി.കെ നാരായണപിള്ളക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. തുടര്‍ന്ന് സി.കേശവന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
1954 ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടന്നു.പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. 1955 ഫെബ്രുവരി 10ന് മന്ത്രിസഭ രാജിവെച്ചു.തുടര്‍ന്ന് പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ മന്ത്രി സഭ രൂപീകരിച്ചങ്കിലും ഏതാനം മാസങ്ങള്‍ മാത്രമേ ഭരണം നടത്താന്‍ കഴിഞ്ഞുള്ളു.
1956 നവംബര്‍ 1.കേരളപിറവി.
തിരുകൊച്ചിയും, മലബാറും സംയോജിച്ച് കേരള സംസ്ഥാനം നിലവില്‍ വന്നു.
അടുത്ത വര്‍ഷം കേരള സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു.ലോകത്തിലാദ്യമായി
ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ചരിത്ര സംഭവമായിരുന്നു അത്. .എം.ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി മന്ത്രി സഭ അധികാരമേറ്റു.
നമ്മുടെ കഥാനായകനായ ആര്‍.ശങ്കര്‍ പൊതു രംഗത്ത് പ്രവേശനം നടത്തിയ സമയത്ത് കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളാണ് വിവരിച്ചത് .

ശങ്കറിന് തിരക്ക് പിടിച്ച ഒരു കാലഘട്ടമായിരുന്നു ഇത്.ശ്രീനാരായണ കോളജുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ.തിരുവിതാംകൂര്‍ നിയമസഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, ഹിന്ദു മഹാമണ്ഡലം അംഗം, ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ്സ് അംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം സദാ കര്‍മ്മനിരതനായിരുന്നു.
ഇക്കാലത്ത് കേന്ദ്ര ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പ്രതിനിധിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടത് ഇക്കാലത്താണ്.
ദിനമണി’ പത്രം സാമ്പത്തിക പ്രതിസന്ധി കാരണം നിറുത്തി.
ഇക്കാലത്ത് ഗവര്‍ണ്ണര്‍ പദവി അദ്ദേഹത്തിന്റെ തൊട്ടടുത്ത് വരെയെത്തി. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ശങ്കറെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു...സി.സി.പ്രസിഡന്റായിരുന്ന ഇന്ദിര ഗാന്ധിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്.ശങ്കര്‍ ദല്‍ഹിയിലെത്തി. ശങ്കര്‍ എത്തുന്നതിന് മുന്‍പേ തന്നെ നൂറ് കണക്കിന് കമ്പി സന്ദേശങ്ങള്‍ കേരളത്തില്‍ നിന്നും പ്രധാന മന്ത്രിയുടെ ഓഫിസ്സിലെത്തിയിട്ടുണ്ടായിരുന്നു. ഗവര്‍ണ്ണര്‍ പദവിയിലേക്കുള്ള തടസ്സ വാദങ്ങളായിരുന്നു ആ സന്ദേശങ്ങള്‍. സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമല്ല , സ്വന്തം സമുദായക്കാരും ശങ്കറിന്റെ ഉയര്‍ച്ചക്കെതിരെ സംഘടിച്ചു.
എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആ നടപടിയില്‍ നിന്നും പിന്‍വാങ്ങി.
സ്ഥാനലബ്ധിക്ക് വേണ്ടി തന്റെ നിലപോട്കളില്‍ നിന്ന് വ്യതിചലിക്കാനോ , ശിരസ്സ് നമിക്കാനോ അദ്ദേഹം ഒരുക്കമായിരുന്നില്ല.അതായിരുന്ന ശങ്കറിന്റെ വ്യക്തി മുദ്ര.
ശങ്കര്‍ കേരളത്തിലേക്ക് മടങ്ങിപ്പോന്നു.








അധ്യായം 10
 
 
 
 

 


 
 
 
 
 
 
 
 
 
 
 
കര്‍മ്മകാണ്ഡങ്ങളില്‍ പതറാതെ 
 
 
 

ശങ്കറിന്റെ ബാല്യകാലാനുഭവങ്ങള്‍ വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഒരു പ്രചോദനമുണ്ടാകും. പക്ഷെ കഴിഞ്ഞ അധ്യായം വായിച്ചപ്പോള്‍ അത് കുട്ടികള്‍ക്ക് ബോറടിക്കില്ലേയെന്നൊരു സംശയം.”
എന്റെ എഴുത്തിന്റെ ആദ്യ വായനക്കാര്‍ മക്കളാണ്. പത്താമത്തെ അധ്യായം വായിച്ചതിന് ശേഷം മോളാണ് ഇങ്ങനെയൊരു ആശങ്ക പങ്കു വെച്ചത്.
എന്താണ് പ്രശ്നം ? ”ഞാന്‍ ചേദിച്ചു.
"ഇതില്‍ രാഷ്ട്രീയകാര്യങ്ങളല്ലേ പറയുന്നത്.ചരിത്രം , തിരഞ്ഞെടുപ്പ്, രാജിവെക്കല്‍. അങ്ങനെ പലതും. ബാലസാഹിത്യമാണല്ലോ. ബാലന്മാര്‍ക്ക് മനസ്സിലാകുമോ ?”
മകള്‍ ഉന്നയിച്ച സംശയങ്ങള്‍ സ്വീകാര്യങ്ങളാണെന്ന് ഞാന്‍ അംഗീകരിച്ചു.
ഞാന്‍ പറഞ്ഞു.
ശരിയാണ്. ഒരു വ്യക്തിയുടെ ജീവചരിത്രമാണ് നമ്മള്‍ പറയുന്നത്. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയുടെ കഥ. അപ്പോള്‍ രാഷ്ട്രീയം വരില്ലേ ?തിരഞ്ഞെടുപ്പും, രാജിയും, പിരിച്ചുവിടലും ഇ തൊക്കെ വിവരിക്കേണ്ടി വരില്ലേ ?”
അത് ശരിയാണ്”
രാഷ്ട്രീയവും സമുദായ ചരിത്രവുമൊക്കെ പറയുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമാവില്ല. അങ്ങനെയൊരു പ്രശ്നമുണ്ട്.അതിനാല്‍ രാഷ്ട്രീയ പോരാട്ടങ്ങളുും, അന്തര്‍ നാടകങ്ങളുമെല്ലാം ചുരുക്കി പറയാനേ നിവ‍ൃത്തിയുള്ളു. രാഷ്ട്രീയത്തില്‍ ശങ്കറിന് ശത്രുക്കളുണ്ടായിരുന്നു. ,സ്വന്തം സമുദായത്തിലും ശത്രുക്കളണ്ടായിരുന്നു.കൂടുതലറിയണമെന്നുള്ളവര്‍ ചരിത്ര പുസ്തകങ്ങള്‍ പഠിക്കട്ടെ. അല്ലേ ?”
അങ്ങനെ മതി.ആര്‍.ശങ്കര്‍ എസ്.എന്‍.ഡി.പി.യോഗം സെക്രട്ടറിയായിരുന്നില്ലേ അച്ഛാ?”
അതെ.1944 മുതല്‍ ഒരു ദശാബ്ദക്കാലം. സെക്രട്ടറിയായിരിക്കുന്ന സമയത്താണ് ശ്രീനാരായണ കോളജുകള്‍ അദ്ദേഹം സ്ഥാപിക്കുന്നത്. ആദ്യ കോളജ് 1948ല്‍ കൊല്ലത്ത് തുടങ്ങി. പന്ത്രണ്ട് കോളജുകളാണ് അദ്ദേഹം മുന്‍കൈെയെടുത്ത് കേരളത്തിലുടനീളം സ്ഥാപിച്ചത്.പണപ്പിരിവും, ഉത്പ്പന്നപ്പിരിവും നടത്തിയാണ് തുക സമാഹരിച്ചത്. ഈഴവ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ലല്ലോ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനത്തിനുള്ള അവസരമാണൊരുങ്ങിയത്. ”
ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായ കഥ പറയൂ അച്ഛാ.”
നിനക്കക്കഥ കേള്‍ക്കാന്‍ തിരക്കായല്ലേ പറയാം. ”
ലോകത്തിലാദ്യമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതും ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ വന്നതുമാണല്ലോ കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞത്.”
അതെ.”
സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് പ്രക്ഷോഭം നടത്തി. വിമോചന സമരം എന്നറിയപ്പെടുന്ന സംഭവം .ശങ്കര്‍ കെ.പി.സി.സി.പ്രസിഡന്റായിരുന്നു ആ സമയത്ത്.വിമോചന സമരത്തിന്റെ മുന്‍നിരയില്‍ ശങ്കറുമുണ്ടായിരുന്നു. സമരം രൂക്ഷമായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഭരണം കേന്ദ്രം ഏറ്റെടുത്തു.1959 ജൂലൈ 31 നായിരുന്നു ഈ സംഭവം.തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ്സ് ജയിച്ചു. 1960 ഫെബ്രുവരി 20 ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ശങ്കര്‍ കണ്ണൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശങ്കറിന് ഇരട്ട പദവിയാണ് ലഭിച്ചത്. ഉപമുഖ്യമന്ത്രിയും, ധനകാര്യമന്ത്രിയും ശങ്കര്‍ തന്നെ !
1962 സെപ്തംബറില്‍ ഒരു സംഭവം നടന്നു. മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണ്ണറായി കേന്ദ്രം നിയമിച്ചു.ഉപമുഖ്യമന്ത്രിയായിരുന്ന ശങ്കറിന് സ്ഥാനക്കയറ്റം ലഭിച്ചു.ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി.1962 സെപ്തംബര്‍ 26നായിരുന്നു ശങ്കര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
സുപ്രധാനമായ ഭരണനേട്ടങ്ങളാണ് കേരളം ഈ കാലയളവില്‍ കൈവരിച്ചത്.ഭക്ഷ്യ ഉത്പ്പാദനം, ഗ്രാമവികസനം, വൈദ്യതി , വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ വലിയ പുരോഗതിയുണ്ടായി.ഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കോളജ് പഠനത്തിനുള്ള അവസരമൊരുക്കി. മുപ്പത്തിനാല് ജൂനിയര്‍ കോളജുകളാണ് അദ്ദേഹം മുന്‍കൈയെടുത്ത് തുടങ്ങിയത്.
സംസ്കൃത പഠനത്തിന് പ്രാധാന്യം നല്‍കി.പതിനഞ്ചില്‍പ്പരം സംസ്കൃതം സ്ക്കൂളുകള്‍ തുടങ്ങി. പട്ടാമ്പിയില്‍ ഒരു സംസ്കൃതം സ്ക്കൂള്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ സംസ്കൃതം സ്ക്കൂള്‍ ബിരുദ കോളേജാക്കി ഉയര്‍ത്തി. ഇങ്ങനെ ഭരണ നേട്ടങ്ങള്‍ നിരവധി.
ശങ്കര്‍ സര്‍ക്കാര്‍ സല്‍ഭരണം കാഴ്ചവെച്ച് മുന്നേറുകയാണ്. അപ്പോള്‍ ഭരണം പിടിച്ചുലച്ച ഒരു സംഭവം നടന്നു.
കീരിത്തോട് എന്ന സ്ഥലത്ത് ഒരു വനം കൈയേററം നടന്നു.ആ സംഭവം വലിയ വിവദമായി. ശങ്കര്‍ മുഖം നോക്കാതെ നടപടിയെടുത്തു.
ഭരണകക്ഷിയില്‍ പെട്ട ചിലര്‍ക്ക് ഈ നടപടി രസിച്ചില്ല. അസ്വസ്ഥകളായി. ഭരണപക്ഷത്ത് തന്നെ അധികാരത്തിനു വേണ്ടിയുള്ള വടം വലികളും നടക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷം ഇത് നല്ലൊരവസരമായെടുത്തു. അവര്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നു.
മന്ത്രിസഭ ആടിയുലഞ്ഞു.
പ്രമേയം നിയമസഭയില്‍ വോട്ടിനിട്ടു.അപ്പോള്‍ എന്തു് സംഭവിച്ചെന്നോ? ഒപ്പം നിന്നിരുന്ന എട്ട് എം.എല്‍..മാര്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ശങ്കര്‍ മന്ത്രിസഭ നിലം പതിച്ചു. രാജിവെച്ചു എന്നര്‍ത്ഥം.1964 സെപ്തംബര്‍ 10നാണ് ഈ സംഭവം.
മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുക മാത്രം പരമോന്നതമായ ലക്ഷ്യമായിരുന്നുവെങ്കില്‍‍ അദ്ദേഹത്തിന് പല വിട്ടുവീഴ്ച്ചകളും ചെയ്യാമായിരുന്നു. രാഷ്ട്രീയ നാടകങ്ങളില്‍ വേഷം കെട്ടി ആടാമായിരുന്നു. ഭൂരിപക്ഷം നിലനിറുത്തുവാന്‍ വേണ്ടി അദ്ദേഹം ആരുടെ മുന്നിലും തല കുനിച്ചില്ല.
സര്‍ക്കാരിന്റെ പതനത്തിനു ശേഷം 1965 ലും 1967ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശങ്കര്‍ മത്സരിച്ചെങ്കിലും രണ്ട് പ്രാവശ്യവും പരാജയപ്പെട്ടു.
പ്രതിസന്ധികളെ നേരിടുമ്പോഴാണ് ശങ്കറിന്റെ ആണത്തവും, ഉത്സാഹവും കാണേണ്ടതെന്ന് സ്വാതന്ത്ര്യസമര സേനാനിയായ കെ.പി.കേശവമേനോൻ പറഞ്ഞിട്ടുണ്ട്.

ശങ്കറിന്റെ ബാല്യകാലത്തെ പ്രയാസമേറിയ ജീവിതവും , പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള മുന്നേററവും നമ്മള്‍ മനസ്സിലാക്കിയതാണ്. മാതാപിതാക്കളില്‍ നിന്നും പകര്‍ന്ന് കിട്ടിയത് മാതൃകാ പരമായ ജീവിത പാഠങ്ങളാണ്.
ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും പ്രബുദ്ധത നേടിയ വ്യക്തിയായിരുന്നു ശങ്കര്‍.‍ ആത്മവിശ്വാസത്തില്‍ അടിയുറച്ച പ്രവര്‍ത്തന ശൈലി. ഏത് പ്രതിസന്ധികളെയും അതിജീവിക്കാനുളള മനക്കരുത്ത്.
നമ്മുടെ ഇച്ഛാശക്തിക്ക് കീഴടക്കാന്‍ പറ്റാത്തതായി ലോകത്തൊന്നുമില്ല എന്നത് അദ്ദേഹത്തിന്റെ ജീവിത മന്ത്രമായിരുന്നു.









അദ്ധ്യായം 11
 
 

 


 
 
 
 
 
 
 
 
 
ലളിത ജീവിതം 
 


നാട്ടില്‍ വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നു. കല്യാണ ചെറുക്കന്‍ ജയിലഴിക്കകത്തിരുന്ന് സമര പരിപാടികള്‍ തലപുകഞ്ഞാലോചിക്കുന്നു. നാട്ടില്‍ കല്യാണാലോചനകള്‍ നടക്കുമ്പോള്‍ ശങ്കര്‍ ജയിലിലാണ്. സ്വാതന്ത്ര സമര സേനാനികളുടെയും, വിപ്ളവകാരികളുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്. സമരവും, ജയില്‍ വാസവും, മര്‍ദ്ദനവും ഏറ്റുവാങ്ങി നാടിന് വേണ്ടി ത്യാഗമനുഷ്ഠിക്കുന്നവര്‍. നാട്ടിലും,ഒളിവിലും ജയിലിലുമായി ദിനരാത്രങ്ങള്‍.
മാതാപിതാക്കള്‍ കാണുകയും ഇഷ്ടപ്പെട്ടിരിക്കുന്നതുമായ വധു ആരാണെന്നോ ?
വധുവിന്റെ അടുത്ത ബന്ധു ശങ്കറോടൊപ്പം അതേ ജയില്‍ മുറിയിലുണ്ട്. എം.അച്യുതന്‍.അദ്ദേഹത്തിന്റെ ഭാര്യയുടെ അനുജത്തിയാണ് പ്രതിശ്രുത വധു.അങ്ങനെ വിവാഹ ചര്‍ച്ചകള്‍ നാട്ടിലും ജയിലിലും പുരോഗമിച്ചു.
ഹെഡ് മാസ്റ്റര്‍, വക്കീല്‍, പ്രഭാഷകന്‍, ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ സാരഥി, പ്രഗല്‍ഭനായ വാഗ്മി . നാടൊട്ടുക്കും അറിയപ്പെടുന്ന, ആദരിക്കുന്ന ചെറുക്കനെ പറ്റി കൂടുതലായി അന്വേഷിച്ചറിയാനൊന്നുമില്ലെന്ന് പെണ് വീട്ടുകാര്‍ക്കറിയാം. ചെറുക്കനും പെണ്ണും കണ്ടിഷ്ടപ്പെട്ടാല്‍ മാത്രം മതിയെന്ന തീരുമാനത്തിലെത്തി ഇരു ഭാഗത്തേയും മാതാപിതാക്കള്‍.
ജയില്‍ മോചിതനായ ശേഷമുള്ള ആദ്യ ചടങ്ങ് പെണ്ണ് കാണല്‍ തന്നെയായിരുന്നു. സഹോരനോടൊപ്പം കുന്നുകുഴിയിലേക്ക് പോയി. ഗോവിന്ദന്റെ മകള്‍ ലക്ഷ്മിക്കുട്ടിയുമായി ആദ്യദര്‍ശനം.
വധു ലക്ഷ്മിക്കുട്ടി തന്നെ മതിയെന്ന് ശങ്കര്‍ മനസ്സാ നിശ്ചയിച്ചു. ചെറുക്കനൊരാഗ്രഹം. പെണ്‍കുട്ടിയുമായി സംസാരിക്കണം. കാരണവന്മാരോട് കാര്യം പറഞ്ഞു.
വിവരം ലക്ഷ്മിക്കുട്ടിയുടെ ചെവിയിലെത്തി.
ലക്ഷ്മിക്കുട്ടി പരിഭ്രമിച്ചു. അപരിചിതനായ ഒരാളോട് സംസാരിക്കുകയോ ?
അക്കാലത്ത് പെണ്‍കുട്ടികള്‍ വീടകങ്ങളില്‍ തന്നെയായിരിക്കും കഴിച്ചുകൂട്ടുന്നത്. വിദ്യാഭ്യാസത്തിന് വേണ്ടി പെണ്‍കുട്ടികള്‍ വീട് വിട്ട് പുറത്തിറങ്ങുന്നതും അപൂര്‍വമാണ്.മാതാപിതാക്കളം കാരണവന്മാരുമിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ഉറക്കെ സംസാരിക്കുന്നതുപോലും അച്ചടക്കമില്ലായ്മയുടെ ലക്ഷണമാണ്.
ശങ്കറുടെ അഭ്യര്‍ത്ഥന ലക്ഷ്മിക്കുട്ടി സുസ്മിതം നിരസിച്ചു.പ്രഥമ സംഭാഷണം നടന്നില്ല.
എങ്കിലും ശങ്കര്‍ ഒരു സന്ദേശം കൊടുത്തയച്ചു.
'പാചകം അറിയാമോ ,അറിയില്ലെങ്കില്‍ പഠിക്കണ'മെന്ന് !
വിവാഹം കഴിഞ്ഞു. വധു വരന്മാര്‍ പട്ടത്താനത്തുള്ള വാടക വീട്ടില്‍ താമസമാരംഭിച്ചു.
ദിവാന്‍ രാമസ്വാമിുടെ പോലിസ് ശങ്കറിനെ പിന്തുടരുന്നുണ്ടായിരുന്നു.വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പേ ശങ്കര്‍ അറസ്റ്റിലായി. ആറ് മാസം തടവ് ശിക്ഷ വിധിച്ചു കൊണ്ട് ശങ്കറെ ആറന്മുള ജയിലിലടച്ചു.
യോഗത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങള്‍, കോളജുകളുടെ നിര്‍മ്മാണ മേല്‍നോട്ടം, സമുദായ പ്രവര്‍ത്തനം ഒരു വശത്ത് അങ്ങനെ. പ്രസംഗവേദികളിലും, കോണ്‍ഗ്രസ്സ് പരിപാടികളിലും, തിരഞ്ഞെടുപ്പ് ഗോദായില്‍ പൊരുതിയും പൊതുവേദിയില്‍ തിരക്കിന്റെ നാളുകള്‍.
കാലമേറെ കടന്ന് പോയി.
സര്‍വ്വാദരണീയനായ അച്ഛന്റെ തിരക്കുകളുമായി താദാന്മ്യം പ്രാപിച്ച് മക്കള്‍ വളര്‍ന്നു.
ശശികുമാരിയും, മോഹനും.
തിരക്കുള്‍ക്കിടയിലും കുടുംബകാര്യങ്ങള്‍ നിര്‍വഹിക്കാനും മക്കളോടൊപ്പം ചെലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്തും.
തൂവെള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന , സമയ നിഷ്ഠ അനുസരിക്കുന്ന, വാഗ്ദാനങ്ങള്‍ പാലിക്കുന്ന,സൗമ്യവും‍ പ്രൗഢവുമായി സംസാരിക്കുന്ന അച്ഛന്‍ മക്കള്‍ക്ക് മാതൃകാ പുരുഷനായിരുന്നു.
ചെയ്യേണ്ട സമയത്ത് കാര്യങ്ങള്‍ ചെയ്യണമെന്നും , സമയം ഒരിക്കലും ആരെയും കാത്ത് നില്‍ക്കില്ലെന്നും അദ്ദേഹം മക്കളെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.
നാമോരോരുത്തരും ഭാരതത്തിലെ പൗരന്മാരാണെന്ന ബോധം സ്മരിച്ചുകൊണ്ട് വേണം പഠിക്കാനും , പ്രവര്‍ത്തിക്കാനും. പഠിക്കാനുള്ള അവസരം നമ്മുടെ കുട്ടികള്‍ വേണ്ടവണ്ണം ഉപയോഗിക്കാനും, പഠിച്ച് മത്സരങ്ങളില്‍ വിജയിച്ച് മുന്നേറുവാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാകണം . സംഘടിതരായി ശ്രമിക്കുകയും , ത്യാഗം ചെയ്യാന്‍ സന്നദ്ധരാകുകയും വേണം. അല്ലാത്തപക്ഷം നാം മറ്റുള്ളവരുടെ പിന്നില്‍ നില്‍ക്കേണ്ടി വരും.
സാമ്പത്തിക ക്ളേശങ്ങളെ അതിജീവിച്ച്, പഠിച്ചുയരുകയെന്ന കഠിന വൃതമെടുത്ത് , ദൂരങ്ങള്‍ താണ്ടി സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം ഉന്നത പദവിയിലെത്തിയ മഹാനുഭാവന്റെ ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്ക് അനുകരണീയമാണ്.
'വിദ്യകൊണ്ട് സ്വതന്ത്രമാകുക' എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം പ്രവര്‍ത്തന മന്ത്രമായി ഉരുവിട്ടുകൊണ്ട് സര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പഠിച്ചുയരുന്നതിനുള്ള കലാശാലകള്‍ കേരളമെമ്പാടും പടുത്തുയര്‍ത്തുന്നതിന് അദ്ദേഹം അഹോരാത്രം പ്രവര്‍ത്തന നിരതനായി.
ശൈലി സമ്പന്നനായ പ്രാസംഗികനായിരുന്നു ശങ്കര്‍. പ്രത്യുല്‍പ്പന്നമതിത്വം ശ്രോതാക്കളെ അതിശയിപ്പിക്കുന്നതായിരുന്നു. ശാസ്ത്ര സദസ്സോ, സാംസ്ക്കാരിക സദസ്സോ, രാഷ്ട്രീയമോ, വിദ്യാലയവാര്‍ഷികമോ ,ക്ളബ്ബുത്ഘാടനമോ വേദി എതുമാകട്ടെ, ഔചിത്യപൂര്‍വ്വം പ്രസംഗിക്കാന്‍ അസാമാന്യ വൈഭവമായിരുന്നു.
കുമാരനാശാന്റെ കവിതകളും, ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്മാരുടെയും പേരുകളും ,ലോക സാഹിത്യത്തിലെ കഥാഭാഗങ്ങളും, കണക്കുകളും ഉദ്ധരിച്ച് പ്രവഹിക്കുന്ന വാക്ധോരണിയി
ല്‍ ശ്രോതാക്കള്‍ വശീക്കരിക്കപ്പെട്ടു പോകും.




 അദ്ധ്യായം 12


കര്‍മ്മയോഗി
 
 




ബിരുദ പഠനം കഴിഞ്ഞ് ശങ്കര്‍ തിരുവനന്തപുരത്ത് നിന്നും നാട്ടിലെത്തിയത് ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയെട്ടിലാണ്. ഇതേ വര്‍ഷം സെപ്തംബര്‍ ഇരുപതിനാണ് ശിവഗിരിയില്‍ ഗുരുദേവന്റെ മഹാസമാധി നടന്നത്.
ശിവഗിരിയിലെ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂളില്‍ പ്രധാനാധ്യാപകനായി ശങ്കര്‍ ഔദ്യോഗിക ജീവിതമാരംഭിക്കുന്നതും ഇതേ വര്‍ഷം തന്നെയാണ്.
ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയാണ് ശിവഗിരി. ആ ഗിരി ശൃംഗത്തില്‍ ഗുരുദേവ ചൈതന്യം പരിലസിക്കുന്ന സരസ്വതി ക്ഷേത്രത്തിലെ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സംതൃപ്തനായിരുന്നു ശങ്കര്‍. വിദ്യാഭ്യാസത്തിലൂടെ അഭിവൃദ്ധി പ്രാപിക്കുക എന്ന ഗുരു സന്ദേശം പ്രാവര്‍ത്തികമാക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് കൈവന്നത്. ഇളം തലമുറക്ക് വിദ്യാഭ്യാസം പകര്‍ന്ന് നല്‍കുക എന്ന കര്‍ത്തവ്യം വളരെ ആഹ്ളാദത്തോടെയും , ഉത്തരവാദിത്വത്തോടെയും അദ്ദേഹം നിര്‍വഹിച്ചു.
ഗുരുവിന്റെ സവിധത്തില്‍ തന്നെ ആദ്യമായി കര്‍മ്മമണ്ഡലത്തിച്ചേര്‍ന്നത് കൊണ്ടാകാം ഗുരു ചൈതന്യം അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. ജിവിതാവസാനം വരെ ഗുരു അരുളിച്ചെയ്ത വഴിയിലൂടെ തന്നെ അദ്ദേഹം സഞ്ചരിച്ചു. ഗുരു പകര്‍ന്ന് നല്‍കിയ പ്രകാശം എല്ലായിടത്തും പകര്‍ന്ന് നല്‍കാന്‍ പരിശ്രമിച്ചു.
ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടാണ് ഭരണാധികാരിയായും, ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ സാരഥിയായും അദ്ദേഹം സേവനം നടത്തിയത്. ഭരണകര്‍ത്താവായിരുന്നപ്പോള്‍ പോലും ജാതിക്കോ, മതത്തിനോ പരിഗണന നല്‍കിയില്ല.
ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ പദ്ധതി ശങ്കറുടെ സ്വപ്നമായിരുന്നു. കേരളത്തിലുടനീളം ആതുരാലയങ്ങളുടെ ഒരു ശ്രംഖല ആ നാമധേയത്തില്‍ അദ്ദേഹം വിഭാവന ചെയ്തു. ആ പദ്ധതിക്ക് തുടക്കമിട്ട് കൊണ്ടാണ് കൊല്ലത്ത് ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി തുടങ്ങിയത്.
വ്യവസായ മേഖലയിലേക്ക് കാല്‍വെച്ച് കൊണ്ട് ബാങ്ക് തുടങ്ങുക എന്ന ഒരാശയവും ശങ്കര്‍ അവതരിപ്പിച്ചു.
ഇന്റര്‍ മീ‍ഡിയറ്റ് നിറുത്തലാക്കുകയും പകരം പ്രീഡിഗ്രി കോളജുകളില്‍ കൊണ്ടു വന്നത് ശങ്കറിന്റെ ഭരണകാലത്താണ്.
കോളജ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ധാരാളം പേര്‍ വിമര്‍ശനവുമായി വന്നു.ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് ചിലര്‍. സ്വന്തം കാര്യത്തിന് വേണ്ടിയാണിതെന്ന് മറ്റ് ചിലര്‍.
വിമര്‍ശനങ്ങളുടെ പെരുംമഴക്കാലത്തും ശങ്കര്‍ കര്‍മ്മനിരതനായി.
വിമര്‍ശന ശരമേറ്റ് മോഹാലസ്യപ്പെട്ടിരുന്നുവെങ്കില്‍ ഇക്കാണുന്ന വിദ്യാഭ്യാസ ‍ ഉണ്ടാകുമായിരുന്നില്ല. രണ്ട് ദശാബ്ദക്കാലം കൊണ്ട് ഒരു ഡസന്‍ കോളജുകളാണ് ഗുരുദേവന്റെ നാമധേയത്തില്‍ ‍ ഉയര്‍ന്ന് വന്നത്.
ഈ മഹാപ്രസ്ഥാനത്തെ സഹായിക്കുന്നതിന് പകരം വ്യക്തിപരവും, രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ വെച്ച് കൊണ്ട് പരാജയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
തിരുക്കൊച്ചിയും മലബാറും ഒന്നാകുകയും , കേരളസംസ്ഥാനം പിറവിയെടുക്കുകയും ജനത ഒന്നാകുകയും ചെയ്തപ്പോള്‍ വിധിവൈപര്യത്താല്‍ തൊഴുത്തില്‍ കുത്തി സ്വയം നശിക്കേണ്ടി വരുന്നതിനുള്ള ശിരോലിഖിതമാണ് നമുക്കുള്ളത് .”
എസ്.എന്‍.ഡി.പി. യോഗം അന്‍പത്തി മൂന്നാം വാര്‍ഷിക യോഗത്തില്‍ ശങ്കര്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിലെ വാക്കുകളാണിത്.
കവിത ആസ്വാദകനായിരുന്നു ശങ്കര്‍ . കുമാരനാശാന്റെ കവിതകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കവിതകള്‍ ആഴത്തില്‍ പഠിക്കുകയും ‍ ആസ്വാദനങ്ങള്‍ ‍ ശ്രോതാക്കള്‍ക്ക് രസിക്കന്ന വിധം ഇണക്കിച്ചേര്‍ത്തുകൊണ്ട് പ്രസംഗിക്കാന്‍ നല്ല പ്രാഗല്‍ഭ്യമായിരുന്നു ശങ്കറിന്.
' ഗ്രാമവൃക്ഷത്തിലെ കുയില്‍ ' കുമാരനാശാന്‍ രചിച്ച ഒരു കവിതയാണ്. നാല്‍പ്പത്തിയേഴ് ഖണ്ഡങ്ങളുണ്ട് ഈ കവിതയില്‍. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ വളര്‍ച്ചക്കും ശ്രേയസ്സിനും വേണ്ടി ആദ്യത്തെ സെക്രട്ടറി എന്ന നിലയില്‍ അവിശ്രമം സേവനം കൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ പ്രയാസങ്ങളും, ദുരനുഭവങ്ങളുമാണ് ആശാന് ഈ കവിത എഴുതാന്‍ പ്രേരകമായത്. സംഘടനയുടെ തുടക്കം മുതല്‍ പതിനാറ് വര്‍ഷക്കാലം അദ്ദേഹം യോഗത്തെ നയിച്ചു.അന്നനുഭവിച്ച ആത്മസംഘര്‍ഷങ്ങളുടെ ആവിഷ്ക്കരണമാണ് ഈ കവിത. കവിതയിലെ ഗ്രാമവും , വൃക്ഷവും, വൃക്ഷത്തില്‍ പാര്‍ക്കുന്ന കുയിലും , കുയിലിനെ ആക്രമിക്കാന്‍ വരുന്ന കാക്കകളെയും പ്രതീകാത്മകമായാണ് വര്‍ണ്ണിച്ചിരിക്കുന്നത്. വൃക്ഷം ഗുരുവും, അതില്‍ പാര്‍ക്കുന്ന കുയില്‍ കവി തന്നെയുമാണ് എന്ന് സങ്കല്‍പ്പിക്കാം.
കവിത തുടങ്ങുന്നതിങ്ങനെയാണ്
"ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-”


കവിതയിലെ മുപ്പത്തിനാലാമത്തേയും , മുപ്പത്തിയെട്ടാമത്തേയും ഖണ്ഡങ്ങള്‍ കൂടിവായിക്കുക.

"നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,”

"ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ" (വിശേഷകം)

ഈ ഗ്രാമ വൃക്ഷത്തില്‍ മറ്റൊരു കുയില്‍ കൂടിയുണ്ട് എന്ന് നമുക്ക് സങ്കല്‍പ്പിക്കാം.അന്ത:സംഘര്‍ഷങ്ങളുടെ ചുഴിയിലകപ്പെട്ട് അരങ്ങൊഴിഞ്ഞ ആര്‍ ശങ്കര്‍ എന്ന മഹാപ്രതിഭയെ. കുമാരനാശാനെ തുടര്‍ന്ന് എസ്.എന്‍.എന്‍.ഡി.പി.യുടെ സെക്രട്ടറി സ്ഥാനം വഹിക്കുകയും, കേരള സംസ്ഥാനം നയിക്കുകയും ചെയ്ത ദേശാഭിമാനിയും, ആദര്‍ശധീരനുമായ ആര്‍.ശങ്കറിനും ആശാന്റെ അനുഭവങ്ങള്‍ തന്നെയാണുണ്ടായത്.
അന്യര്‍ക്ക് ഗുണം ചെയ് വതിനായുസ്സും വപുസ്സും ബലി ചെയ്തത് ലോക ഗുരുവായ ശ്രീനാരായണ ഗുരുവെന്നാണ് ആശാന്‍ സങ്കല്‍പ്പിക്കുന്നത്. അന്യര്‍ക്ക് ഗുണവും,നാടിന്റെ നന്മയും ലക്ഷ്യമാക്കി സ്വജീവിതം സമര്‍പ്പിക്കുന്ന നിസ്വാര്‍ത്ഥമതികള്‍ക്ക് ഇങ്ങനെയും അനുഭവങ്ങളുണ്ടാകും. പ്രതിഫലം ഇച്ഛിച്ചുകൊണ്ടല്ലല്ലോ ഈ കര്‍മ്മയോഗികള്‍ സേവനം ചെയ്യുന്നത്.
കുമാരനാശാന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് കൊല്ലം എസ്.എന്‍.കോളജില്‍ നടന്ന ഒരു സമ്മേളനമായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി.1972 നവംബര്‍ നാലാം തിയതിയായിരുന്നു ആ സമ്മേളനം. ആശാന്‍ കവിതകളുടെ പഠന ക്ളാസ്സ്. സുകുമാര്‍ അഴീക്കോട് ഉദ്ഘാടകന്‍.ആര്‍.ശങ്കര്‍ അധ്യക്ഷന്‍.
ശങ്കറിന്റെ പ്രിയ കവിയുടെ സ്നേഹഗീതങ്ങളുടെ ആസ്വാദന വേദി അദ്ദേഹത്തെ ഏറെ ആഹ്ളാദിപ്പിച്ചു.
നവംബര്‍ ആറാം തിയതി.
വൈകുന്നേരം മെഡിക്കല്‍ മിഷന്‍ ആശുപത്രി സന്ദര്‍ശിച്ചു.ആശുപത്രി സന്ദര്‍ശനം മുടക്കാറില്ല. ആശുപത്രിയുടെ നടത്തിപ്പ് കാര്യങ്ങള്‍ അന്വേഷിക്കും. കഴിയുന്നത്ര സേവനങ്ങള്‍ ചെയ്യം. ഇത് പതിവാണ്.അന്നും രോഗികളുമായി സംസാരിച്ചു. അവരുടെ ക്ഷേമ കാര്യങ്ങള്‍ അന്വേഷിച്ചു.അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചേയ്തു കൊടുത്ത് വീട്ടിലേക്ക് മടങ്ങി.
അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നു. ഉറങ്ങുന്നതിന് മുന്പ് ആശാന്‍ കൃതികള്‍ വായിക്കും. അതൊരു ശീലമാണ്.
ഉറക്കത്തില്‍ അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. സഹധര്‍മ്മിണിയോട് ബുദ്ധിമുട്ടു തോന്നുന്നതായി പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മകന്‍ മോഹന്‍ ഡോക്ടറെ വിളിച്ചു വരുത്തി.
ഡോക്ടര്‍ വന്നു. പരിശോധനകള്‍ നടത്തി. അടിയന്തിരമായി പ്രഥമ ശുശ്രുഷകള്‍ നല്‍കി.
പക്ഷെ ഏതാനം നിമിഷങ്ങള്‍ക്കം ആ അതുല്യ ജീവിതത്തിന് തിരശ്ശീല വീണു.
 

 

 

 
 
 
 
 
 
 
 
വീണപൂവിലെ ഏതാനം വരികള്‍ -
"ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.”



"സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം"


i

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...