14 April, 2020

വിഷു



   
ശാന്തവും, നിശ്ശബ്ദവുമായവിഷു.കമ്പിത്തിരികളുടെ മിന്നിച്ചയും,പൂക്കുറ്റികളിലെ തീജ്ജ്വാലയുമില്ല.ഒരു പൊട്ടാസിന്റെ കുഞ്ഞൊച്ചപോലുമില്ല!
ഇങ്ങനെയും വിഷു ആഘോഷിക്കാന്‍ പറ്റുമല്ലോ!
വൈറസ് ബാധിച്ച് ജീവിക്കുന്നവരുടെയും,മരിച്ചവരുടെയും സംഖ്യ അനുദിനം നമ്മെ മരവിപ്പിക്കുകയും,ഭയചകിതരാക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കുന്നതെങ്ങനെ ?
വാട്ട്സാപ്പില്‍ വിഷു സന്ദേശങ്ങളായിവന്ന ഇമേജുകളിലേറെയും അവരവരുടെ വീടുകളിലൊരുക്കിയ 'കണി'
കളുടെ കാഴ്ച്ചകളായിരുന്നു. എത്ര ലളിതമായാണ് ലഭ്യമായ വസ്തുക്കളുപയോഗിച്ച്
കണിയൊരുക്കിയിരിക്കുന്നത്.
തെളിഞ്ഞ ആകാശം. ചുറ്റുപാടും നല്ല വെളിച്ചം.ചൂട് . കിളികളുടെ കൂജനം.ധാരാളം കിളികള്‍ വിഷു
ആഘോഷിക്കാന്‍ വിരുന്നെത്തിയിട്ടുണ്ട് . പുതിയ പല തരം കിളികള്‍, അണ്ണാറക്കണ്ണന്മാര്‍....അവയുടെ ഉല്ലാസപാട്ടുകള്‍.ആള്‍ക്കൂട്ടങ്ങളും, വാഹനങ്ങളുടെ ഇരമ്പലും, പുക പടലങ്ങളും അകന്നപ്പോഴായിരിക്കും ഇവ സ്വച്ഛന്ദംപറന്നു വന്നത് . മൂന്ന് മയിലുകള്‍ ഏതാനം ദിവസം മുന്‍പൊരു സന്ധ്യക്ക് എന്റെ വീടിന്റെ സമീപത്തെപറമ്പില്‍ അതിഥികളായെത്തി.തെക്കേ വീട്ടിലെ മുരളി ചേട്ടന്റെ വീടിന് മുകളില്‍ കുറെ സമയമിരുന്ന്നിരീക്ഷണം നടത്തി.ഒരാണ്‍ മയിലും രണ്ട് പേടകളും.ഇരുട്ടായപ്പോള്‍ അടുത്തൊരു തെങ്ങിന്‍ മുകളില്‍ചെന്നിരുന്നു.അന്ന് രാത്രി അവിടയായിരുന്നു സങ്കേതം. പിറ്റേന്ന് പുലര്‍ച്ചക്കും അവരവിടെത്തന്നെ
യുണ്ടായിരുന്നു.
പ്രകൃതി ഒരു പുതുജീവന്‍ കൈവരിക്കുന്നു.നവോന്മേഷം രൂപപ്പെടുത്തുന്നു.മനുഷ്യന്‍ മഹാരോഗവുമായി
മല്ലടിക്കുമ്പോഴാണിത്. 'പുതിയ മനുഷ്യരെ' പുനരധിവസിപ്പിക്കുന്നതിനായൊരുങ്ങുകയാവും ഭൂമിദേവി.
അദൃശ്യനായ ആ കൊലയാളി മനുഷ്യരെ ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ട് . അഹന്തക്കൊരറുതി വന്നിട്ടുണ്ടാകും.
തിരിച്ചടികളില്‍ പതറാതെ, ആപത്തുകളില്‍ ഇടറാതെ നമുക്ക് മുന്നേറാം.
കുറ്റിപ്പുറത്ത് കേശവന്‍ നായരുടെ 'നാട്ടിന്‍ പുറത്തെ പ്രഭാതം' എന്ന കവിതയിലെ ഏതാനം വരികള്‍
ഇന്നത്തെ സാഹചര്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.
''നിശാന്ത സങ്കീര്‍ത്തന ഗീതി കൊണ്ടു
നിര്‍ദ്ധാര്യമായ്ത്തീര്‍ന്ന നികേതനങ്ങള്‍
കാണായി ബാലാരുണ രഞ്ജിതങ്ങള്‍
വൃക്ഷാന്തരാളം വഴിയങ്ങുമിങ്ങും.''
..............................
..............................
''നിശ്ശേഷ വിശ്രാമവശാല്‍ വിശുദ്ധ-
ചൈതന്യമൊന്നേറിയ പോല്‍ വീണ്ടും
ഇമ്പവും കമ്പവുമൊന്നുമില്ലാ-
തുണര്‍ന്ന നാട്ടിന്‍ പുറമെത്ര രമ്യം!''
ആ ചൈതന്യം നിലനിര്‍ത്തുവാന്‍നമുക്ക് സാധിക്കും.

വിഷു ആശംസകള്‍.
എം.എന്‍.സന്തോഷ് .

  

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...