വായനാദിനം
തെരുവിലെ അമ്മയും പുഴയിലെ കുഞ്ഞും
ഇന്ന് വായനദിനം. മഹാമാരിയില്‍ അടച്ച് പൂട്ടി വീട്ടിനകത്ത് തളച്ചിടപ്പെട്ട ദിനങ്ങള്‍. വിരസതയകറ്റിയത് വായന തന്നെയായിരുന്നു. ടെലിവിഷനെക്കാളും , ഓണ്‍ലൈന്‍ മാധ്യമങ്ങളെക്കാളും ഏറെ വിശ്വസനീയവും , ആശ്വസകരവും വായനയാണെന്നാണ് എന്റെ വിശ്വാസം.
പത്രവായനയോടെയായിരുന്നു പണ്ട് നമ്മുടെ ദിനചര്യയുടെ തുടക്കം. പക്ഷെ ഇന്ന് , കോഴി കൂവും മുന്‍പ് തന്നെ ഫെയ്സ് ബുക്കിലും, വാട്ട്സാപ്പിലും വായനയുടെ ലോകത്ത് സഞ്ചാരം തുടങ്ങിയിട്ടുണ്ടാകും . സോഷ്യല്‍ മീഡിയ അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.
ഇന്ന് വായനാദിനത്തില്‍ ഒരു വായനാക്കുറിപ്പ് പങ്കുവെക്കണമെന്ന് തോന്നിയപ്പോള്‍ ഇന്നലെ പത്രം വായിച്ചപ്പോഴുണ്ടായ ഒരു നൊമ്പരമാണ് എഴുതാന്‍ തോന്നിയത്. ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ , അല്ലെങ്കില്‍ ചാനല്‍ ചര്‍ച്ച കേള്‍ക്കുമ്പോള്‍ നമ്മുടെ ആധി കൂടുകയാണ്. ഒന്നും രണ്ടും ലോക്ഡൗണുകള്‍ കടന്നു. ഇനിയൊരു മൂന്നാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി തീവൃമായിരിക്കുമെന്ന് ഇന്നലെ സന്ധ്യക്ക് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. സമ്മര്‍ദ്ദം കൂട്ടുന്നു.
പക്ഷെ ഇന്നലെ പത്ര വായനയില്‍ കണ്ണ് നിറഞ്ഞ, മനസ്സ് വിങ്ങിയ രണ്ട് വാര്‍ത്തകളുണ്ടായിരുന്നു. ആ വായാനാനുഭവമാണ് ഞാന്‍ പങ്ക് വെക്കുന്നത്. അതൊട്ടും ആനന്ദകരമാല്ലയെന്നെനിക്കറിയാം.
ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ചയിലെ 'മാതൃഭൂമി'യിലെ ഒരു വാര്‍ത്തയാണ് ആദ്യം. എട്ടാം പേജില്‍ "വേണ്ടാതായാല്‍ ” എന്ന കാപ്ഷന്‍ സഹിതം കൊടുത്ത ഒരു ചിത്രം. നിളയൊഴുകുന്ന നാട്ടില്‍ നിന്നാണ് ആ വാര്‍ത്ത !
ഒരു വൃദ്ധ റോഡരുകിലിരിക്കുന്ന ചിത്രമാണത്. പാലക്കാട് ശംഖുവാരത്തോട് റെയില്‍വേ പാലത്തിനു കീഴെ റോഡരുകില്‍ മതിലു ചാരിയിരിക്കുന്ന കുഞ്ഞമ്മ എന്ന പേരുള്ള ഒരു എഴുപതുകാരിയുടെ ദയനീയ മുഖമാണ് ചിത്രത്തില്‍.
പേരില്‍ത്തന്നെ ഒരമ്മയുണ്ട്. കുഞ്ഞമ്മ തെരുവിലകപ്പെട്ടതെങ്ങനെയാണ് ? നിറ സഞ്ചികളും ഒരു ചൂലും അരികിലുണ്ട്. എന്താണാവോ സഞ്ചിയില്‍ ? മാസ്ക് കെട്ടിയിട്ടുണ്ട്. തലമുടി ചെറുതുണിയാല്‍ മറച്ചിട്ടുണ്ട്. പാതവക്കത്ത് മതില്‍ ചാരി , നിസ്സംഗയായിരുന്ന് വാഹനങ്ങള്‍ ചീറ്റിക്കുന്ന ചെളി വെള്ളം ഏറ്റു വാങ്ങുന്നു ആ അനാഥ വാര്‍ദ്ധക്യം. ‘സാഗരം കണ്ണിലുണ്ടെങ്കിലും കരയുവാന്‍ കണ്ണുനീരില്ല ’ എന്ന സിനിമാ പാട്ട് ധ്വനിപ്പിക്കുന്ന നിസ്സംഗഭാവം !
ബാല്യം, കൗമാരം, യൗവനം, ഭാര്യ, അമ്മ, കുടുംബിനി എന്നിങ്ങനെ ജീവിതത്തിലെ പ്രകാശപൂരിതവും, ത്യാഗപൂര്‍ണ്ണവുമായ ഓരോരോ കടമ്പകളിലൂടെ അവരും സഞ്ചരിച്ചിട്ടുണ്ടാവില്ലേ ? എഴ് ദശാബ്ദം പിന്നിട്ട ആ ജീവിതം ഒടുവിലിതാ തെരുവില്‍ !
ഉറ്റവരും, ഉടയവരും പാഴ് വസ്തുവെപ്പോലെ പുറന്തള്ളിയതാണോ ആ അമ്മയെ ? അല്ലെങ്കില്‍ സ്വയം വീട് വിട്ടിറങ്ങിയതോ ? ഒരു പക്ഷെ മാനസിക വിഭ്രാന്തിയെങ്ങാനും ബാധിച്ച് .......? ദൂരെയൊരു കുടുംബം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ടാകുമോ? പത്ര വാര്‍ത്ത വന്ന സ്ഥിതിക്ക് കുഞ്ഞമ്മക്ക് ഒരു പുതുജീവിതം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. അനാഥയാകപ്പെട്ട അമ്മയെത്തേടി മക്കള്‍ വരും. അല്ലെങ്കില്‍ ആ അമ്മക്ക് സ്വന്തം ഭവനത്തിലേക്കുള്ള വഴി നമുക്ക് കാണിച്ച് കൊടുക്കണം.
“ ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം , ഹരി നാമജപം. ”
'അച്ചുവേട്ടന്റെ വീട് ' എന്ന സിനിമയില്‍ എസ്.രമേശന്‍ നായര്‍ രചിച്ച് ഹൃദയസ്പര്‍ശിയായ വരികളാണ് ഓര്‍മ്മയിലെത്തുന്നത്.
കവിക്ക് പ്രണാമം.
ചന്ദനം മണക്കുന്ന സ്വന്തം മണിമുറ്റത്തേക്ക് ആ അമ്മ തിരിച്ചെത്തട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന .
ഇന്നലെത്തന്നെ "ടൈംസ് ഓഫ് ഇന്‍ഡ്യ” യില്‍ വായിച്ചതാണ് രണ്ടാമത്തെ വാര്‍ത്ത. പുണ്യനദിയായ ഗംഗയുടെ തീരത്ത് വാരണാസിയില്‍ നിന്നാണ് ആ വാര്‍ത്തയെത്തുന്നത്.
ഗംഗാ നദിയിലെ തോണിക്കാരനായ ഗല്ലു ചൗധരി തുഴയുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുവന്ന പട്ട് കൊണ്ട് പൊതിഞ്ഞ ഒരു പെട്ടി ഗംഗയുടെ ഒളപ്പരപ്പുകളിലൂടെ ഒഴുകി വരുകയാണ്. പൂക്കളും പൂജാപാത്രങ്ങളും മൃതശരീരങ്ങളും ഒഴുകുന്ന ഗംഗ !
അയാള്‍ ആ പെട്ടിയെടുത്ത് തോണിയില്‍ വെച്ചു.
പെട്ടിതുറന്നപ്പോള്‍ ഒരു കുഞ്ഞ് ! ജീവന്‍ തുടിക്കുന്നണ്ട്.
ദുര്‍ഗ്ഗാ ദേവിയുടെയും, മഹാവിഷ്ണുവിന്റെയും ചിത്രങ്ങള്‍ പെട്ടിക്കകത്ത് പതിച്ച് വെച്ചിട്ടുണ്ട്. കുട്ടിയുടെ ജനനത്തിയതിയും ജാതകവും കുറിച്ച് വെച്ചിട്ടുണ്ട്. കുഞ്ഞിന് 'ഗംഗ' യെന്ന് പേര് ചാര്‍ത്തി, അരഞ്ഞാണം കെട്ടി ....... ഗംഗാമാതാവിന് സമര്‍പ്പിക്കപ്പെട്ട ഒരു പെണ്‍ജന്മം !
ഇവിടെ അമ്മ അദൃശ്യയാണ്.
പോറ്റമ്മയാണ് ഗംഗ !
ഓളങ്ങള്‍ ചാഞ്ചാടുന്ന ഗംഗാനദിയിലൂടെ കര്‍ണ്ണന്‍ ഒഴുകുന്നതും നോക്കി ചക്രവാളത്തില്‍ പിതാവ് ആദിത്യനുണ്ടായിരുന്നു. ഗംഗാ ദേവിക്ക് കുന്തി മഹാറാണിയുടെ സമര്‍പ്പണം ! ഇതിഹാസത്തില്‍ അക്കഥ വായിച്ചിട്ടുണ്ട്.
ഐതിഹ്യമാലയിലൊരു കഥയുണ്ട്. വരരുചിയുടെ കഥ. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ.
പറയന്റെ മാടത്തില്‍ പറയി പെറ്റ പെണ്‍കുഞ്ഞ് രാജ്യത്തിന് വിനാശം വരുത്തുമെന്ന് ജാതകം പ്രവചിച്ച് വരരുചി , മഹാരാജാവിനെ പരിഭ്രമിപ്പിച്ചു.
ബാലനിഗ്രഹം പാടില്ല. പെണ്‍കുഞ്ഞാണ്. പെണ്‍ഹത്യയും പാപം. അതിനാല്‍ പുഴയിലൊഴുക്കാം.
നെറുകയില്‍ ഒരു പന്തം കൊളുത്തി വെച്ച് , വാഴപ്പിണ്ടിയില്‍ കിടത്തി കുഞ്ഞിനെ ഒഴുക്കി വിട്ടു. തലയില്‍ എരിയുന്ന പന്തവും വഹിച്ച് ആ പെണ്‍കുഞ്ഞ് ഗംഗയുടെ താരാട്ട് കേട്ട് ഒഴുകി.
ആ കുഞ്ഞ് കരക്കടുത്തു. ഒരു സ്ത്രീയുടെ പരിലാളനയില്‍ വളര്‍ന്നു. വരരുചിയുടെ തന്നെ ധര്‍മ്മപത്നിയായത് നിയോഗം. പറയിപെറ്റ പന്തിരു കുലത്തിന്റെ ചരിത്രം ഇവിടെയാരംഭിക്കുന്നു.
ശിശുഹത്യാ കഥകള്‍ ഇതിഹാസം തൊട്ട് തുടങ്ങുന്നു.
‘മാതൃദേവോ ഭവ:’ മഹത്തായ ഭാരതീയ പൈതൃകവുമാണ്.
ഈ രണ്ട് തത്വങ്ങളെ തൊട്ടുണര്‍ത്തുന്ന രണ്ട വ്യത്യസ്ഥ സംഭവങ്ങള്‍ ഒരേ ദിവസം വായിക്കാന്‍ കഴിഞ്ഞത് വായനാദിനത്തിന്റെ തലേന്നാണ്. പുഴയിലൊഴുക്കപ്പെട്ട പെണ്‍കുഞ്ഞും, തെരുവിലകപ്പെട്ട അമ്മയും !
ഒരേ കാന്തത്തിന്റെ രണ്ട് ധൃുവങ്ങളിലുള്ള സംഭവങ്ങള്‍.
എം.എന്‍.സന്തോഷ്