27 September, 2021

ദേവരാഗത്തിലെ ഒന്നര മിനുറ്റ്


ശനിയാഴ്ച ഉച്ചക്ക് 1.30 ന് തന്നെ 'ദേവരാഗത്തിന്റെ’ മുന്നിലെത്തി. ഗേറ്റ് മലര്‍ക്കെ തുറന്നു കിടക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഇരുപത്തിയേഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. പതിവു പോലുള്ള സന്ദര്‍ശക ബാഹുല്യമില്ല.

ഇന്നദ്ദേഹം പറവൂര്‍കാരുടെ മാത്രം നേതാവല്ല. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയാണല്ലോ !

പറവൂരിലെ ആസ്ഥാനമായ 'ദേവരാഗം ' ശ്രീ വി.ഡി.സതീശന്‍ എം.എല്‍.. സന്നിഹിതനാകുന്ന മണിക്കൂറുകളില്‍ സന്ദര്‍ശകരാല്‍ നിറയും. പല പല കാര്യസാദ്ധ്യങ്ങള്‍ക്കായി എത്തുന്നവര്‍. നിവേദനങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍, അഭ്യര്‍ത്ഥനകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ ........

പ്രതീക്ഷയോടെയാണ് അവരെത്തുന്നത്.ഓരോരുത്തരെയായി അദ്ദേഹം കാണും, സഹിഷ്ണുതയോടെ കേള്‍ക്കും, സാന്ത്വനിപ്പിക്കും, അനുനയിപ്പിക്കും. നിരാശരാക്കില്ല സമീപിക്കുന്ന ആരെയും .

വി.എം. സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചുവെന്ന വാര്‍ത്ത നാലുകെട്ടിന്റെ നടുത്തളത്തിലെ ടി.വി.യില്‍ ഫ്ലാഷ് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് ഒട്ടും ആശങ്കാകുലനല്ല.വാര്‍ത്ത കേട്ട് കുറച്ച് പേരിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധ സന്ദര്‍ശകരില്‍ നിന്നൊഴിയുന്നില്ല.

അപരനു വേണ്ടിയഹര്‍ന്നിശം പ്രയത്നം

കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു

കൃപണനധോമുഖനായ് കിടന്നു ചെയ്യു -

ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രം.’

ഗുരുദേവന്റെ ‘ആത്മോപദേശശതക’ ത്തിലെ ഇരുപത്തിമൂന്നാം പദ്യം , അന്യര്‍ക്ക് ഗുണം ചെയ്യുന്നതിന് അഹര്‍ന്നിശം പ്രയത്നിക്കുന്ന മഹാത്മാക്കളെ പ്രതിപാദിക്കുന്നു.അത്തരമൊരു മഹാത്മാവിന്റെ മുന്നിലാണ് ഞാനിപ്പോളിരിക്കുന്നത്.

ഗൗരവമാര്‍ന്ന വിഷയങ്ങള്‍ കഴി‍ഞ്ഞിട്ട് എന്റെ കാര്യം പരിഗണിച്ചാല്‍ മതിയെന്ന് അന്‍സാറിനോടും, കമറുദ്ദിനോടും പറഞ്ഞിരുന്നതിനാല്‍ അവര്‍ അതിനായി ഒരുങ്ങിയിരിക്കുകയായിരുന്നു.

എന്നോടൊപ്പം ഹരിശങ്കറും, സുഹൃത്തും ആര്‍.ശങ്കര്‍ കുടുംബയൂണിറ്റ് പ്രവര്‍ത്തകന്‍ ശ്രീ ചിത്തരഞ്ജന്‍ ചേട്ടനുമുണ്ടായിരുന്നു. എം.എല്‍.. ഞങ്ങളെ ഒരു പുഞ്ചിരി നല്‍കി സ്വീകരിച്ചു. തിരക്കിന്റെ ഭാവഭേതമേതുമില്ല.

ഒരൊറ്റ മിനുറ്റ് മതി.’ ഞാന്‍ പറഞ്ഞു.

അതിനെന്താ നമുക്ക് നടത്താമല്ലോ.’ പ്രസന്നതയോടെയുള്ള പ്രതികരണം.

ഗുരുവിന്റെയല്ലേ. നമുക്ക് നന്നായി ചെയ്യാം.’

ഭംഗിയായി പൊതിഞ്ഞിരുന്ന പുസ്തകം ഞാന്‍ എം.എല്‍.. യുടെ കൈയിലേല്‍പ്പിച്ചു.

മാഷ് നടുക്ക് നില്‍ക്കു. അങ്ങിനെയാണ് വേണ്ടത്.’ എന്ന് പറഞ്ഞ് അദ്ദേഹമെന്നെ മധ്യത്തില്‍ നിറുത്തി.

ഹരിശങ്കറിനെ വിളിച്ച് അദ്ദേഹം ചാരെ നിറുത്തി. പുസ്തക പ്രകാശനത്തിന്റെ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്താനെത്തിയതായിരുന്നു മകന്‍.

ഒരു യുവ പ്രവര്‍ത്തകന്‍ അവനോട് മൊബൈല്‍ വാങ്ങിച്ച് പിടിച്ചു.

നടുവില്‍ ഞാന്‍.ഇടതുഭാഗത്ത് ചിത്തരഞ്ജന്‍ ചേട്ടന്‍. വലതു ഭാഗത്ത് എം.എല്‍.. അദ്ദേഹത്തോട് ചേര്‍ന്ന് ഹരി.

പുസ്തക പ്രകാശന വേദി സജ്ജമായി.മുന്നില്‍ മൊബൈല്‍ ഫോണുകള്‍ റെഡിയാക്കി ചില യുവാക്കളും !

ഫോട്ടോ എങ്ങിനെയെടുക്കണണെന്ന് എം.എല്‍.. ആ ചെറുപ്പക്കാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ മുഹൂര്‍ത്തം സമാഗതമായി.

അദ്ദേഹം പുസ്തകം കെട്ടിയിരുന്ന റിബണ്‍ അഴിച്ച് കവര്‍ തുറന്നു. ഒരു പുസ്തകം ആ കൈകള്‍ കൊണ്ട് പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ച് ചിത്തരഞ്ജന്‍ ചേട്ടനെ ഏല്‍പ്പിച്ചു. രണ്ടുപേരും പുസ്തകം പിടിച്ച് ഏതാനം നിമിഷങ്ങള്‍. കൃതാര്‍ത്ഥതയോടെ മധ്യത്തില്‍ ഞാനും.

ക്യാമറകള്‍ ക്ളിക്ക് ചെയ്തു.

ആ ചരിത്ര നിമിഷങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.

 


 

 

 

 

 

 

സെര്‍, താങ്ക്സ്.’ഞാന്‍ പതിയെ പറഞ്ഞു.ഒറ്റവാക്കിലൊരു നന്ദി പ്രകടനം.

. അങ്ങിനെയാകട്ടെ.’

സസന്തോഷം അദ്ദേഹം ആ ചടങ്ങ് പൂര്‍ത്തിയാക്കി.

ഒന്നര മിനുറ്റ് കൊണ്ട് ഒരു പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞിരിക്കുന്നു.

ഗുരുവിനെ അറിയുവാന്‍ 222 ചോദ്യങ്ങള്‍’ എന്ന എന്റെ എളിയ ശ്രമം അങ്ങിനെ വെളിച്ചം കണ്ടു.

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് നാട് അടഞ്ഞ് കിടന്നപ്പോള്‍ , വീട് പൂട്ടി അകത്തിരുന്നപ്പോള്‍ ഗുരുവിനെ വായിക്കുകയായിരുന്നു. ഗുരുദേവനോടൊപ്പം കുറെക്കാലം നടന്നു. അപ്പോള്‍ മനസ്സിലുദിച്ച വലിയ ആശയമാണ് ഇങ്ങിനെയൊരു ചെറിയ പുസ്തകം.

എം.എന്‍.സന്തോഷ്



21 September, 2021

ശ്രീനാരായണ ഗുരുദേവന്‍

മനുഷ്യരൂപിയായ ദൈവം

 



 

 

 

 

 

"അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ  


വന്‍പാകെ വെടിഞ്ഞുള്ളവരിണ്ടോയിതു പോലെ

മുന്‍പാകെ നിനച്ചൊക്കെയിലും ‍‍ഞങ്ങള്‍ ഭജിപ്പൂ

നിന്‍ പാവന പാദം ഗുരു നാരായണ മൂര്‍ത്തേ!”

മഹാകവി കുമാരനാശാന്‍ രചിച്ച 'ഗുരു’ എന്ന പദ്യത്തിലെ വരികളാണിത്.

'ആരായുകിയന്ധത്വമൊഴിച്ചാദി മഹസ്സിന്‍/ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ' പദ്യം തുടങ്ങുന്നതിങ്ങനെയാണ്.

അന്ധകാരത്തിലാണ്ടുപോയ ഒരു ജനതയെ അറിവാകുന്ന വെളിച്ചം നല്‍കി നേര്‍വഴി കാട്ടിയ ഗുരു ഏഴകളായിരുന്ന മനുഷ്യകുലത്തിന് കണ്‍കണ്ട ദൈവം തന്നെയായിരുന്നു.

മനുഷ്യന് മനുഷ്യന്റെ മുന്നില്‍ പോലും നട്ടെല്ല് നിവര്‍ത്തി നിവര്‍ന്ന് നില്‍ക്കാന്‍ പറ്റാതിരുന്ന ഒരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരീരികമായ അവശതകള്‍ കൊണ്ടല്ല, സാമൂഹികമായ അസമത്വങ്ങള്‍ കൊണ്ട്.

ഈഴവരാദി പിന്നോക്കക്കാര്‍ സര്‍ക്കാരിലേക്കടക്കേണ്ടതായ പത്തൊമ്പതുലേറെ 'തലപ്പണങ്ങളുണ്ടായിരുന്നു.’ ചെത്തുകാര്‍ നല്‍കേണ്ട 'ഈഴം പുട്ചി’ , അലക്കുകാരന്‍ വണ്ണാറപ്പാറ, തട്ടാന് തട്ടാരപ്പാട്ടം, തെങ്ങ് കയറുന്നവന്‍ ഏണിക്കരം, കുടനാഴി, തുലാക്കൂലി, പൊലിപ്പൊന്ന്, മുലൈവില. അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന ഒട്ടനവധി നികുതികള്‍ !

ഭഗവത്ഗീത, നാലാമദ്ധ്യായം, ‍ജ്ഞാനസംന്യാസ യോഗത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ പ്രവചിക്കുന്നതെന്താണ് ?

യദാ യദാ ഹി ധര്‍മ്മസ്യ

ഗ്ളാനിര്‍ ഭവതി ഭാരത,

അഭ്യുത്ഥാനമധര്‍മ്മസ്യ

തദാത്മാനം സൃജാമ്യഹം.’

ഹേ, ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും , അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു. ”

അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിന് അവതാരമെടുത്ത മനുഷ്യരൂപിയായ ദൈവമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.

എങ്ങും ജന ചിത്തങ്ങളിണക്കി പ്രസരിപ്പൂ

മങ്ങാതെ ചിരം നിന്‍ പുകള്‍ പോല്‍ ഗുരു മൂര്‍ത്തേ !”

ജാതിയുടെയും , മതത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും ബന്ധനങ്ങളില്‍ ഊര്‍ദ്ധ്വശ്വാസം വലിച്ചിരുന്ന ജനതക്ക് പ്രാണവായു പകര്‍ന്ന നല്‍കി ഉണര്‍ത്തിയ മഹായോഗിയാണ് ഗുരുദേവന്‍.

' മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന് ഗുരുദേവന്‍ അരുളിച്ചെയ്തത് ഒരു പ്രത്യേക ജന വിഭാഗത്തോട് മാത്രമായിരുന്നില്ല. സമസ്ത ലോകത്തിനും വേണ്ടിയായിരുന്നു.

അദ്ദേഹത്തിന്റെ ചിന്തയും , വാക്കുകളും, പ്രവര്‍ത്തനങ്ങളും അതത് ഘട്ടങ്ങളില്‍ മാറി വരുന്നത്, ഒരദ്ധ്യാപകന്‍ തന്റെ ക്ളാസ്സ് മുറിയില്‍ പഠിതാവിന്റെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമാക്കി , മുന്‍കൂട്ടി തയ്യാറാക്കി വെയ്കുന്ന 'ലെസ്സന്‍ പ്ളാന്‍' പോലെയായിരുന്നവെന്ന് സൂക്ഷമമായി പരിശോധിച്ചാല്‍ മനസ്സിലാകും.

ഞാന്‍ പ്രതിഷ്ഠിച്ചു എന്ന് കുറ്റം പറയരുതെന്ന്’ പ്രതിഷ്ഠ നടത്താനാവശ്യപ്പെട്ട് വന്നവരോട് ഒരവസരത്തില്‍ പറഞ്ഞു.

ഇനി ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണാവശ്യം.’ എന്ന് മറ്റൊരവസരത്തില്‍ പറഞ്ഞതും ഓര്‍ക്കുക.

1916 ല്‍ ഗുരുദേവന്‍ 'നമുക്ക് ജാതിയില്ല ’ എന്നൊരു വിളംബരം ഇറക്കുകയുണ്ടായി.

അതിങ്ങനെയാണ്.

നാം ജാതി ഭേദം വിട്ടിട്ട് ഏതാനം‍ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല. ” ( പ്രസക്ത ഭാഗം മാത്രം. )

1091 ഇടവം 15 ന് ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചാണ് ഇങ്ങനെയൊരു വിളംബരം നടത്തിയത്.

പൊരുതി ജയിപ്പതസാധ്യമൊന്നിനൊടൊ -

ന്നൊരു മതവും പൊരുതാലൊടുങ്ങീവീല

പരമത വാദിയിതോര്‍ത്തിടാതെ പാഴേ

പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.”

'ആത്മോപദേശ ശതക'ത്തിലെ നാല്‍പ്പത്തിയാറാം ശ്ലോകമാണിത്.

എല്ലാവരും ആത്മ സഹോദരരായി’ പുലരണം എന്ന് വിഭാവനം ചെയ്ത ലോകഗുരുവായ ഗുരുദേവന്റെ സമാധി ദിനമാചരിക്കുമ്പോള്‍ , മതത്തിന്റെ പേരിലുള്ള മുറുമുറുപ്പുകള്‍ മുറുകുകയാണ്.

സാഹോദര്യത്തിന്റെയും, ഐക്യത്തിന്റയും സീമകള്‍ ലംഘിക്കപ്പെടുകയും, മതദ്വേഷം ഉയര്‍ത്തുകയും ചെയ്യുന്നത് എന്തിന് വേണ്ടി എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.


എം.എന്‍.സന്തോഷ്



കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...