27 September, 2021

ദേവരാഗത്തിലെ ഒന്നര മിനുറ്റ്


ശനിയാഴ്ച ഉച്ചക്ക് 1.30 ന് തന്നെ 'ദേവരാഗത്തിന്റെ’ മുന്നിലെത്തി. ഗേറ്റ് മലര്‍ക്കെ തുറന്നു കിടക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഇരുപത്തിയേഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. പതിവു പോലുള്ള സന്ദര്‍ശക ബാഹുല്യമില്ല.

ഇന്നദ്ദേഹം പറവൂര്‍കാരുടെ മാത്രം നേതാവല്ല. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയാണല്ലോ !

പറവൂരിലെ ആസ്ഥാനമായ 'ദേവരാഗം ' ശ്രീ വി.ഡി.സതീശന്‍ എം.എല്‍.. സന്നിഹിതനാകുന്ന മണിക്കൂറുകളില്‍ സന്ദര്‍ശകരാല്‍ നിറയും. പല പല കാര്യസാദ്ധ്യങ്ങള്‍ക്കായി എത്തുന്നവര്‍. നിവേദനങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍, അഭ്യര്‍ത്ഥനകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ ........

പ്രതീക്ഷയോടെയാണ് അവരെത്തുന്നത്.ഓരോരുത്തരെയായി അദ്ദേഹം കാണും, സഹിഷ്ണുതയോടെ കേള്‍ക്കും, സാന്ത്വനിപ്പിക്കും, അനുനയിപ്പിക്കും. നിരാശരാക്കില്ല സമീപിക്കുന്ന ആരെയും .

വി.എം. സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചുവെന്ന വാര്‍ത്ത നാലുകെട്ടിന്റെ നടുത്തളത്തിലെ ടി.വി.യില്‍ ഫ്ലാഷ് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് ഒട്ടും ആശങ്കാകുലനല്ല.വാര്‍ത്ത കേട്ട് കുറച്ച് പേരിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധ സന്ദര്‍ശകരില്‍ നിന്നൊഴിയുന്നില്ല.

അപരനു വേണ്ടിയഹര്‍ന്നിശം പ്രയത്നം

കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു

കൃപണനധോമുഖനായ് കിടന്നു ചെയ്യു -

ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രം.’

ഗുരുദേവന്റെ ‘ആത്മോപദേശശതക’ ത്തിലെ ഇരുപത്തിമൂന്നാം പദ്യം , അന്യര്‍ക്ക് ഗുണം ചെയ്യുന്നതിന് അഹര്‍ന്നിശം പ്രയത്നിക്കുന്ന മഹാത്മാക്കളെ പ്രതിപാദിക്കുന്നു.അത്തരമൊരു മഹാത്മാവിന്റെ മുന്നിലാണ് ഞാനിപ്പോളിരിക്കുന്നത്.

ഗൗരവമാര്‍ന്ന വിഷയങ്ങള്‍ കഴി‍ഞ്ഞിട്ട് എന്റെ കാര്യം പരിഗണിച്ചാല്‍ മതിയെന്ന് അന്‍സാറിനോടും, കമറുദ്ദിനോടും പറഞ്ഞിരുന്നതിനാല്‍ അവര്‍ അതിനായി ഒരുങ്ങിയിരിക്കുകയായിരുന്നു.

എന്നോടൊപ്പം ഹരിശങ്കറും, സുഹൃത്തും ആര്‍.ശങ്കര്‍ കുടുംബയൂണിറ്റ് പ്രവര്‍ത്തകന്‍ ശ്രീ ചിത്തരഞ്ജന്‍ ചേട്ടനുമുണ്ടായിരുന്നു. എം.എല്‍.. ഞങ്ങളെ ഒരു പുഞ്ചിരി നല്‍കി സ്വീകരിച്ചു. തിരക്കിന്റെ ഭാവഭേതമേതുമില്ല.

ഒരൊറ്റ മിനുറ്റ് മതി.’ ഞാന്‍ പറഞ്ഞു.

അതിനെന്താ നമുക്ക് നടത്താമല്ലോ.’ പ്രസന്നതയോടെയുള്ള പ്രതികരണം.

ഗുരുവിന്റെയല്ലേ. നമുക്ക് നന്നായി ചെയ്യാം.’

ഭംഗിയായി പൊതിഞ്ഞിരുന്ന പുസ്തകം ഞാന്‍ എം.എല്‍.. യുടെ കൈയിലേല്‍പ്പിച്ചു.

മാഷ് നടുക്ക് നില്‍ക്കു. അങ്ങിനെയാണ് വേണ്ടത്.’ എന്ന് പറഞ്ഞ് അദ്ദേഹമെന്നെ മധ്യത്തില്‍ നിറുത്തി.

ഹരിശങ്കറിനെ വിളിച്ച് അദ്ദേഹം ചാരെ നിറുത്തി. പുസ്തക പ്രകാശനത്തിന്റെ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്താനെത്തിയതായിരുന്നു മകന്‍.

ഒരു യുവ പ്രവര്‍ത്തകന്‍ അവനോട് മൊബൈല്‍ വാങ്ങിച്ച് പിടിച്ചു.

നടുവില്‍ ഞാന്‍.ഇടതുഭാഗത്ത് ചിത്തരഞ്ജന്‍ ചേട്ടന്‍. വലതു ഭാഗത്ത് എം.എല്‍.. അദ്ദേഹത്തോട് ചേര്‍ന്ന് ഹരി.

പുസ്തക പ്രകാശന വേദി സജ്ജമായി.മുന്നില്‍ മൊബൈല്‍ ഫോണുകള്‍ റെഡിയാക്കി ചില യുവാക്കളും !

ഫോട്ടോ എങ്ങിനെയെടുക്കണണെന്ന് എം.എല്‍.. ആ ചെറുപ്പക്കാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ മുഹൂര്‍ത്തം സമാഗതമായി.

അദ്ദേഹം പുസ്തകം കെട്ടിയിരുന്ന റിബണ്‍ അഴിച്ച് കവര്‍ തുറന്നു. ഒരു പുസ്തകം ആ കൈകള്‍ കൊണ്ട് പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ച് ചിത്തരഞ്ജന്‍ ചേട്ടനെ ഏല്‍പ്പിച്ചു. രണ്ടുപേരും പുസ്തകം പിടിച്ച് ഏതാനം നിമിഷങ്ങള്‍. കൃതാര്‍ത്ഥതയോടെ മധ്യത്തില്‍ ഞാനും.

ക്യാമറകള്‍ ക്ളിക്ക് ചെയ്തു.

ആ ചരിത്ര നിമിഷങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.

 


 

 

 

 

 

 

സെര്‍, താങ്ക്സ്.’ഞാന്‍ പതിയെ പറഞ്ഞു.ഒറ്റവാക്കിലൊരു നന്ദി പ്രകടനം.

. അങ്ങിനെയാകട്ടെ.’

സസന്തോഷം അദ്ദേഹം ആ ചടങ്ങ് പൂര്‍ത്തിയാക്കി.

ഒന്നര മിനുറ്റ് കൊണ്ട് ഒരു പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞിരിക്കുന്നു.

ഗുരുവിനെ അറിയുവാന്‍ 222 ചോദ്യങ്ങള്‍’ എന്ന എന്റെ എളിയ ശ്രമം അങ്ങിനെ വെളിച്ചം കണ്ടു.

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് നാട് അടഞ്ഞ് കിടന്നപ്പോള്‍ , വീട് പൂട്ടി അകത്തിരുന്നപ്പോള്‍ ഗുരുവിനെ വായിക്കുകയായിരുന്നു. ഗുരുദേവനോടൊപ്പം കുറെക്കാലം നടന്നു. അപ്പോള്‍ മനസ്സിലുദിച്ച വലിയ ആശയമാണ് ഇങ്ങിനെയൊരു ചെറിയ പുസ്തകം.

എം.എന്‍.സന്തോഷ്



No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...