02 October, 2022

ഗാന്ധിജിയും ഗുരുദേവനും

ഇന്ന് ഗാന്ധി ജയന്തി.


രണ്ട് പുണ്യാത്മാക്കളുടെ അപൂർവ സംഗമത്തിന്റെ സംക്ഷിപ്ത വിവരങ്ങൾ .........


     മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് 1925 മാർച്ച് മാസത്തിലായിരുന്നു. ശിവഗിരിയിലെ വർക്കല എ.കെ. ഗോവിന്ദ ദാസിന്റെ 'ഗാന്ധ്യാ ശ്രമം'  കെട്ടിടത്തിലായിരുന്നു സന്ദർശന വേദി സജ്ജമാക്കിയിരുന്നത്.  കോട്ടയം ജഡ്ജിയായിരുന്ന എൻ.കുമാരൻ ആയിരുന്നു ദ്വിഭാഷി .



    











സ്വാമിജിക്ക് ഇംഗ്ളീഷ് അറിയില്ലേയെന്ന് ചോദിച്ചു കൊണ്ടാണ്  ഗാന്ധിജി സംഭാഷണം ആരംഭിച്ചത്.
    ഇംഗ്ളീഷ് തനിക്കറിയില്ലെന്നും മഹാത്മജിക്ക് സംസ്കൃതം അറിയാമോയെന്നും ഗുരുദേവൻ മറുചോദ്യം ഉന്നയിച്ചപ്പോൾ സംസ്കൃതം തനിക്കറിയില്ലെന്ന് മഹാത്മജി വ്യക്തമാക്കി.
    വൈക്കത്ത്  ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടക്കുന്ന സത്യാഗ്രഹ സമരത്തെപ്പറ്റി ഗാന്ധിജി , ഗുരുദേവനുമായി വിശദമായി ചർച്ച ചെയ്തു.
    വൈക്കം സത്യാഗ്രഹം ശരിയായ രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും, ക്ഷേത്ര പ്രവേശനം മാത്രം പോരെന്നും , അയിത്ത ജാതിക്കാരുടെ അവശതകൾ നിർമാർജ്ജനം  ചെയ്യാൻ അവർക്ക് വിദ്യാഭ്യാസവും ധനവും സമ്പാദിക്കാൻ സാഹചര്യമുണ്ടാകണമെന്നും ഗുരുദേവൻ അഭിപ്രായം  പ്രകടിപ്പിച്ചു. നന്നാകാനുള്ള സൗകര്യം എല്ലാവരുടെയും പോലെ അവർക്കും ലഭ്യമാകണമെന്നാണ് തന്റെ പക്ഷമെന്ന് ഗുരുദേവൻ ഗാന്ധിജിയോട് പറഞ്ഞു.
     അവകാശ സ്ഥാപനത്തിന് സത്യാഗ്രഹം പോരെന്നും ബലപ്രയോഗം തന്നെ വേണമെന്നും ചിലരൊക്കെ  വാദിക്കുന്നുണ്ടല്ലോയെന്നതിനെ കുറിച്ച് സ്വാമിജിയുടെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
    " രാജാക്കന്മാർക്ക് അത്യാവശ്യമായിരിക്കാം. സാധാരണ ജനങ്ങൾക്ക് ബലപ്രയോഗം നടത്തേണ്ട കാര്യമില്ലെന്ന്  ഗുരുദേവൻ വ്യക്തമാക്കി.
    മതപരിവർത്തനത്തെപ്പറ്റിയും ഗുരുദേവന്റെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
     " ആധ്യാത്മികമായ മോക്ഷത്തിന് മതപരിവർത്തനം വേണ്ടതില്ല. എല്ലാ മതങ്ങളുടെയും ലക്ഷ്യം ആത്യന്തികമായ മോക്ഷമാർഗ്ഗമാണ്. ലൗകികമായ സ്വാതന്ത്ര്യമാണ് ജനങ്ങൾ ഇച്ഛിക്കുന്നത്. അത് സഫലമാകുക തന്നെ ചെയ്യും. പക്ഷെ പൂർണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുo."
    ഗുരുദേവന്റെ ആ പ്രവചനം കേട്ടപ്പോൾ ഗാന്ധിജി ചിരിച്ചു.
    തന്റെ ആയുഷ്ക്കാലത്ത് തന്നെ ആ ലക്ഷ്യം സഫലമാകുമെന്ന് ഗാന്ധിജി ശുഭാപ്തി വിശ്വാസം  പ്രകടിപ്പിച്ചു.
    ഹിന്ദു മതത്തിൽ തന്നെ വർണ്ണ വ്യത്യാസമുണ്ടല്ലോയെന്ന് സംഭാഷണത്തിനിടെ ഗാന്ധിജി , ഗുരുവിനോട് സൂചിപ്പിക്കുകയും അക്കാര്യം സമർത്ഥിക്കാൻ സമീപത്തെ ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് ഗാന്ധിജി പറഞ്ഞു.
" അതിലെ ഇലകളെല്ലാം ഒരേ പോലെയല്ലല്ലോ. വലിപ്പ ചെറുപ്പം പ്രകൃതി സഹജമല്ലേ?"
    പ്രത്യക്ഷത്തിൽ അങ്ങിനെ തോന്നുന്നുവെന്നത് ശരിയാണെന്ന്  ഗുരുദേവൻ മറുപടി പറഞ്ഞു. എന്നിട്ടിങ്ങിനെ തുടർന്നു .
    " എല്ലാ ഇലകളുടെയും ചാറിനും സത്തിനും ഒരേ ഗുണവും മണവുമാണല്ലോ. വ്യത്യസ്തമായി  കാണന്നുവെങ്കിലും  ഗുണപരമായി ഒന്നു തന്നെയല്ലേ?"
    ശിവഗിരി സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മഹാത്മജി ഇങ്ങനെ പ്രസംഗിച്ചു.
    " മനോഹരമായ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും , പുണ്യാത്മാവായ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ സന്ദർശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാൻ വിചാരിക്കുന്നു."
    കെ.ദാമോദരൻ രചിച്ച " ശ്രീ നാരായണ ഗുരു സ്വാമി" ജീവചരിത്ര ഗ്രന്ഥത്തിൽ 101 മുതൽ 104 വരെ താളുകളിലാണ് പ്രസ്തുത സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത്.

സംക്ഷിപ്തം തയ്യാറാക്കിയത് :
എം.എൻ. സന്തോഷ്
2022 ഒക്ടോബർ 2
   
   
   
   
   
   
     

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...