29 November, 2025

15 October, 2025

 


ഒക്ടോബർ 10 മലയാള മനോരമ 🖕

🌹🌹❤️❤️❤️❤️❤️❤️🌹🌷🙏🙏🙏🙏


    കേസരി റസിഡൻ്റ്സ് അസോസിയേഷൻ 

എന്നെ അനുമോദിക്കുന്നതിന് നേരിട്ട് വീട്ടിൽ വരികയും അമൂല്യമായ ഒരു സ്നേഹോപഹാരം നൽകുകയും ചെയ്ത കേസരി റസിഡൻ്റസ് അസോസിയേഷൻ്റെ ബഹുമാന്യരായ ഭാരവാഹികൾക്ക് ഞാൻ വിനയപൂർവം നന്ദി അറിയിക്കുന്നു.

      ഡോ. APJ അബ്ദുൾ കലാം രചിച്ച    'Wings of fire '  എന്ന അമൂല്യമായ ഗ്രന്ഥം എനിക്ക് പാരിതോഷികമായി ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

      അനുമോദനങ്ങളും ആശംസകളും അഭിനന്ദനങ്ങളും പങ്കുവെച്ച കേസരി റെസിഡൻ്റസ് അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു.


എന്ന് 

വിനയപൂർവ്വം 

ഗൗരിലക്ഷമി

16 September, 2025

എന്നോട് കളി വേണ്ട, മാറിപോ

 കഥ




     




      ചിങ്ങത്തിൽ മഴ ചിണുങ്ങി ചിണുങ്ങി. കന്നിക്കാറ് കല്ലുരുക്കും.
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.            
കാലം മാറി. കാലാവസ്ഥയും മാറി.പഴമൊഴികൾ പഴങ്കഥകളായി. അന്തരീക്ഷത്തിലെ ചൂട് അമിതമായി കൂടുന്നുണ്ട്.
    ചിങ്ങമാസം ചിറകൊതുക്കുന്നു. ഇന്നിപ്പോ രാവിലെ പത്തുമണിയേ ആയിട്ടുള്ളുമെങ്കിലും നട്ടുച്ചയുടെ ചൂട് !
     വെയിൽ മാറി, വാനം കറുത്ത കരിമ്പടം പുതക്കാൻ നിമിഷം മതി. കലാനിലയം നാടക അരങ്ങ് പോലെയാണ് പ്രകൃതിയുടെ പശ്ചാത്തലം മാറുന്നത്.
     വെയിൽക്കാഴ്ച കണ്ട് വരാന്തയിൽ ഇരിക്കുമ്പോഴാണ് ഒരാൾ കുട ചൂടി വരുന്നത്. വളഞ്ഞ കാലും മുകളിൽ സൂചിക്കമ്പിയുള്ള വലിയ കുട. വരവ് ഇപ്പോൾ എൻ്റെ വീട്ടിലേക്കാണ്. കറണ്ട് അളക്കാൻ വരുന്ന കെ.എസ്.ഇ.ബിയിലെ സാജുവാണത്.
     കുട നിവർത്തിയത് താഴെ വെച്ച് സാജു മീറ്ററിരിക്കുന്നിടത്തേക്കു പോയി. റീഡിങ് പരിശോധിച്ചു വന്നു.
" താപനില ഉയർന്നിട്ടും മാഷിൻ്റെ കറണ്ട് ചാർജ് ഉയരുന്നില്ലല്ലോ " സാജുവിൻ്റെ കമൻ്റ് .
    താപനില പോലെ ബിൽ തുക കത്തിക്കയറ രുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു.
   സാജു ബിൽ എൻ്റെ നേർക്കു നീട്ടി .
ഭാഗ്യം. തുക മൂന്നക്കം കടന്നിട്ടില്ല .
" കുട ചൂടുന്നത് നല്ലതാണല്ലേ. അത്രക്കാ വെയിൽ . അല്ലേ?" ഞാൻ ചോദിച്ചു.
" അതെ. ചൂട് അസഹ്യം . മഴ പെയ്താലും പണി മുടങ്ങരുതല്ലോ."
    കൂട ചൂടി നടക്കാൻ തുടങ്ങും മുൻപ് സാജു നിന്നിട്ട് പറഞ്ഞു.
" മഴ നനഞ്ഞാൽ പനി പിടിക്കും. വെയില് കൊണ്ടാ കരിവാളിക്കും. അത്ര ല്ലേ.. പക്ഷെ , പട്ടി കടിച്ചാലോ?"
കർത്തവ്യ നിരതനായ ഒരു സർക്കാരുദ്യോഗസ്ഥന്  കൃത്യാനന്തര വിഘ്നമുണ്ടാക്കുന്ന ഗുരുതരമായ ഒരു ആപത്തിനെപ്പറ്റിയാണ് സാജു പ്രതികരിക്കുന്നത്.

"പട്ടി കടിച്ചാൽ പണി മുടങ്ങും മാഷേ."
കേസരി റോഡിലും ഞാറക്കാട്ട് റോഡിലും മാത്രമല്ല , മുനിസിപ്പാലിറ്റിയിലെ സകല ഇടവഴികളിലൂടെയും നടക്കണം. പട്ടിക്കൂട്ടങ്ങളാണ് നിറയെ .
" കുച്ചു വന്നാൽ കുട വീശാം. കുടത്തുമ്പു ചൂണ്ടി പേടിപ്പിക്കാം. വെയില് കൊള്ളാതിരിക്കാൻ മാത്രമല്ല . പട്ടിയെ പ്രതിരോധിക്കാൻ ഒരു രക്ഷാപ്രവർത്തന ഉപകരണം കൂടിയാണ് കുട . മനസിലായോ മാഷേ? "
കുട ചൂടി നടന്നു പോകുന്ന സാജു .
മണിച്ചിത്രത്താഴ് സിനിമയിൽ ഇന്നസൻ്റ് കുട ചൂണ്ടി പറയുന്ന സീൻ ആണ് അപ്പോൾ ഓർത്തത്.
" വേണ്ടാ ട്ടോ.....എന്നോട് കളിക്കണ്ട...മാറിപ്പൊക്കോ"

അതെ. ഒരു പ്രതിരോധം!
കുടയാണെങ്കിലും, ചെറിയൊരു തട!!!


എം.എൻ. സന്തോഷ്



   

   
   
   

   

04 August, 2025

സാനു മാഷ്



https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K


എം.കെ.സാനു മാഷ്
മലയാളത്തിൻ്റെ സ്നേഹഭാജനം

29 March, 2025

നടൻ

 

കഥ

നടൻ

എം.എന്‍.സന്തോഷ്










       ജി.കെ. അപ്പോൾ മുത്തച്ഛന്റെ വേഷമഴിച്ചിട്ടുണ്ടായിരുന്നില്ല. റോൾ കഴിഞ്ഞു. ജി.കെ. അവതരിപ്പിക്കുന്ന മുത്തച്ഛന്‍ കഥാവശേഷനായി.ഇനി വേദിയിലിടമില്ല.

മുണ്ടും ജുബയും ബാഗിലെടുത്ത് വെച്ച് നാടക വേഷത്തിൽ തന്നെ ജി.കെ. അണിയറയിൽ നിന്നിറങ്ങി.
പോവാണെന്ന് ചമയക്കാരൻ മണി മാസ്റ്ററോട് മാത്രം പറഞ്ഞിട്ട് ജി.കെ. അമ്പലപ്പറമ്പിലേക്കിറങ്ങി.

അടുത്ത ഒരു രംഗത്തോടു കൂടി നാടകം പൂർണ്ണമാകുകയാണ്. ഈ നാടകത്തിലെ കഥയോ കഥാപാത്രങ്ങളോ സുപരിചിതമെന്ന് മാന്യ പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ ദയവായി ക്ഷമിക്കുക. ഇത് സംഭവ്യമായ ഒരു ചിന്തയുടെ ദൃശ്യാവിഷ്ക്കാരം എന്നു കരുതുക.
കഥാപാത്രങ്ങളും അഭിനേതാക്കളും.
മുത്തച്ഛൻ - ജി.കെ. പറവൂര്‍ ...... അനൗൺസ് മെന്റ് തുടരുകയാണ്.


വേദിയില്‍ നിന്നിറങ്ങി കാണികൾക്കൊപ്പമിരുന്ന് അവരുടെ വർത്തമാനങ്ങൾ കേൾക്കുന്ന നടനാണ് ഗോപാലകൃഷ്ണന്‍ എന്ന ജി.കെ. പറവൂര്‍.
ദേ, മുത്തച്ഛനെന്ന് തിരിച്ചറിഞ്ഞ് കൗതുകപ്പെട്ടവരോട് സലാം പറഞ്ഞ് , ചെറുകുന്നത്ത് ഭഗവതി ക്ഷേത്ര മൈതാനം കടന്ന് നാട്ടിടവഴികളിലൂടെ തിരുമാന്ധാം കുന്നിറങ്ങി നടന്നു. ചന്ദ്രപ്രഭയിൽ വാനവും പാടവും പാൽ വെളിച്ചത്തിൽ ആറാടി നിൽക്കുന്നു.
കാഞ്ഞിരപ്പുഴ കനാൽക്കരയിലൂടെ നടക്കുമ്പോൾ നെൽപ്പാടത്തിനപ്പുറത്തു കൂടി ഒരു ട്രെയിൻ വടക്കോട്ട് വച്ച് പിടിക്കുന്നുണ്ടായിരുന്നു.
' അത് പാസഞ്ചറാ . ഇനി വരുന്നത് ചെന്നൈ എക്സ്പ്രസ് .'
" ജി.കെ. എന്താ ഇങ്ങനെയൊരു യാത്ര? ആരോടും പറയാതെ. അരങ്ങിൽ ഇത്ര നേരം കാണികളെ വിസ്മയിപ്പിച്ച നടൻ ,ചമയം പോലുമഴിക്കാതെ !"
" അങ്ങനെ ചോദിക്കടോ. പറയാം. പതിനെട്ടാം വയസിൽ തട്ടിൽ കയറിയതാ ഈ ജി.കെ. നൂറ് കണക്കിന് വേഷങ്ങൾ. ആയിരക്കണക്കിനു അരങ്ങുകൾ. ഇപ്പോൾ മുത്തച്ചൻ വേഷം . ഇതൊരൊന്നൊന്നര വേഷം തന്നെ. ഇനി കര്‍ട്ടനിടാന്‍ സമയമായി. "
ജി.കെ. പറവൂര്‍ സ്വയം ചോദിച്ചു പറഞ്ഞും നടന്നു നടന്ന് പാടം കടന്നു . റെയിൽപ്പാളമായി. വലതു വശത്തെ പാളത്തിൽ കയറി നടന്നു. ഇതിലൂടെയാ പാസഞ്ചർ പോയത്.. മൂന്നാം പാളത്തിലൂടെ ചെന്നൈ എക്സ് പ്രസ് വരും.
ഒരു ഗുഡ്സ് വണ്ടി പാളം കുലുക്കി പാഞ്ഞു പോയി.. ആറു പതിറ്റാണ്ട് പിന്നിട്ട ജീവിതത്തിലെ കഥകളുടെയും വ്യഥകളുടെയും ഓർമകൾ നിറച്ചുവെച്ച ഒരു വണ്ടി മനസിലൂടെയും ഓടി.
ജീവിതസഖിയുടെ വിയോഗം അയാളെ തളർത്തിയിരിക്കുന്നു. രോഗാവസ്ഥയില്‍ നിന്നും കരകയറ്റാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും വൃഥാവിലായി. ചിറകറ്റ് പോയെന്ന തോന്നൽ. താന്‍ നാടകവുമായി നാട് ചുറ്റിയപ്പോള്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സ്നേഹപാശത്താല്‍ ബന്ധിച്ച് കുടുംബം വളര്‍ത്തി വലുതാക്കിയത് അവളുടെ കര്‍മ്മശേഷിയായിരുന്നു. ഭര്‍ത്താവിനേയും കുടുംബനാഥനേയും ഒപ്പം നടനേയും സ്നേഹിച്ച സുജാത. ആത്മാക്കളുടെ ലോകത്തിരുന്ന് അവളെന്റെ നാടകങ്ങൾ കാണുന്നുണ്ടാകും.

"വരൂ, അച്ഛാ...” കാനഡയിലും അറബി നാട്ടിലും താമസമാകിയ മക്കളുടെ സ്നേഹാഭ്യര്‍ത്ഥനകള്‍.
മക്കളോട് പറഞ്ഞു.

" നിങ്ങളുടെ അമ്മയുറങ്ങുന്ന ഈ മണ്ണ് വിട്ട് അച്ഛനെങ്ങോട്ടുമില്ല. അച്ഛനീ മണ്ണു മതി മക്കളേ ..ഇവിടുത്തെ അരങ്ങും. "


ഇന്നത്തെ വേദിയിൽ വല്ലാതെ പതറി. തൊണ്ടയിടറി. ഡയലോഗ് മുറിഞ്ഞു.
ഗോപാലേട്ടൻ അപ് സെറ്റാണല്ലോ , എന്തുപറ്റിയെന്ന് സംവിധായകൻ ആശങ്കപ്പെടുകയും ചെയ്തതാണ്. അപ്പോൾ മനസ് പറഞ്ഞു.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തണം.

മൂന്നാമത്തെ ട്രാക്ക്. ജി.കെ. നടക്കുകയാണ്. കുറച്ചകലെ ട്രാക്കിൽ മറ്റു ചില മനുഷ്യ രൂപങ്ങളുടെ സംശയാസ്പദമായ അനക്കങ്ങൾ കണ്ടപ്പോള്‍ ജി.കെ. അസ്വസ്ഥനായി.
രണ്ടു കുഞ്ഞുകുട്ടികളെ ഇരു വശങ്ങളിലും ചേർത്തുപിടിച്ച് ഒരു യുവതി.


" മക്കളെ , വണ്ടി വരുന്നു. മാറി നിൽക്ക്"
അമ്മയുടെ കരങ്ങളിൽ അമർന്നിരുന്നിരുന്ന പെൺ കുഞ്ഞുങ്ങൾ അയാളെ കണ്ടു. ചാടാനൊരുങ്ങുകയാണ്. ആജ്ഞയും അനുതാപവും സമ്മിശ്രിതമായ ഘനഗംഭീരമായ സ്വരം അവർ കേട്ടു.

പൊന്നുമക്കളേ....”
" നോക്കമ്മേ . നാടകത്തിലെ മുത്തച്ഛൻ."
അവരെല്ലാം ആ നിമിഷം ഒന്ന് തിരിഞ്ഞ് ശിലകളായ് നിലച്ചു നിൽക്കേ , ചെന്നൈ എക്സ്പ്രസിന്റെ ബോഗികൾ ഒന്നൊന്നായി അവർക്കരികിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

അവിശ്വസനീയത ! ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലം നേരിട്ടു കണ്ടതിലെ അമ്പരപ്പ്.
നാടകത്തിലെ അവസാന രംഗത്തിന്റെ തനിയാവർത്തനമാണോ ഇത്? നാടക കർത്താവിന്റെ ഭാവനകളെ അതിശയിപ്പിക്കുന്ന പകർന്നാട്ടങ്ങൾ. നടനും പ്രേക്ഷകരും അമ്പരന്നുപോകുന്ന ചില അപ്രതീക്ഷിത രംഗാനുഭവങ്ങൾ പരിസമാപ്തിയെ തകിടം മറിക്കും.

 
റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ നിന്ന് അയാൾ കുഞ്ഞുങ്ങൾക്ക് ചായ വാങ്ങി കൊടുത്തു. മക്കളെ കൂട്ടി റെയിൽപ്പാളത്തിലേക്ക് നടക്കാൻ തോന്നിച്ച വിചാരങ്ങൾ ആ യുവതി പങ്കുവെച്ചത് അനുതാപത്തോടെ ജി.കെ കേട്ടിരുന്നു.

 
" അപ്പോൾ നമ്മൾ കരുതിക്കൂട്ടി ഉറപ്പിച്ച് നടപ്പാക്കാനെടുത്ത തീരുമാനങ്ങൾ ഒന്നു തന്നെയായിരുന്നല്ലേ ?ഒരേ ദിവസം, ഒരേ സമയം, ചെന്നൈ എക്സ്പ്രസ്സ്. പക്ഷെ സ്ക്രിപ്റ്റ് പൊളിഞ്ഞ് പാളിസായി പോയി .മക്കളേ....”
ജി.കെ. ചിരിച്ചു. നാടകത്തിലെ അതേ ചിരി .


കുഞ്ഞുങ്ങൾ കഥയറിയാതെ , പൊരുളറിയാതെ അതിശയിച്ചിരുന്നു.


മക്കളെ ചേർത്തു നിറുത്തി ആ അമ്മ അയാളെ കൈകൂപ്പി നമസ്കരിച്ചു. കുഞ്ഞുങ്ങളുടെ ശിരസിൽ തലോടി അയാളും .

യാത്രക്കാരധികമില്ലാത്ത ആ സ്റ്റേഷനിലെ വാതിലിലൂടെ സ്ത്രീയും കുട്ടികളും പുറത്തേക്ക് നടക്കുന്നത് നോക്കി അയാൾ നിന്നു.
അവിടെ നിന്നയാൾ മറ്റൊരു യാത്രക്ക് പുറപ്പെട്ടു. ഒരു തോന്നലിൽ വേറൊരു ട്രെയിനിൽ കയറിയിരുന്നതാണ്.ചെന്നെത്തിയത് മഹാനദിക്കരയില്‍.

ഇപ്പോൾ ജി.കെ. ആൾക്കൂട്ടത്തിലൂടെ ഒഴുകുകയാണ്. ഒരേ ലക്ഷ്യം തേടി മുന്നോട്ടൊഴുകുന്ന മനുഷ്യ മഹാനദിയിലെ ഒരു ജലകണിക പോലെ. അമർത്ത്യതയുടെ പവിത്രമായ അമ്യത് തേടിയുള്ള തീര്‍ത്ഥയാത്ര.
ഹിമാലയത്തിലെ മഞ്ഞുരുകി ധാരയായി മൂന്ന് മഹാനദികളായി സംഗമിക്കുന്ന പ്രയാഗ് രാജിലെ സ്നാൻ ഘട്ടിൽ , മോക്ഷം തേടുന്ന ആയിരക്കണക്കിനാളുകൾ അനുഭൂതിയിലാറാടുകയാണ്.  

നാടകവേഷം കരയിലഴിച്ചു വെച്ച് ജി.കെ.  നദിയിലേക്കിറങ്ങി.

=============== എം.എന്‍.സന്തോഷ്


03 January, 2025

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

 

 


 

 

 RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ?
" ഇതെങ്ങനെ എഴുതി ?" എന്ന്
പ്രസന്ന ടീച്ചർ പ്രകടിപ്പിച്ച അതേ വിസ്മയം തന്നെയാണ് ഈ നോവൽ വായനയിലുടനീളം എനിക്കും അനുഭവപ്പെട്ടത്.
     വാക്കുകൾ, വാങ്മയ ചിത്രങ്ങൾ, വാക്പ്രയോഗങ്ങൾ , പശ്ചാത്തലം, മീൻപിടുത്തക്കാരുടെ ജീവിത രീതികൾ ,  ജലജീവികളുടെ ജീവിതം ഇതെല്ലാമായി ബന്ധപ്പെട്ടുള്ള ഫാന്റസി നിറഞ്ഞ ഒരു ഫാന്റാ സ്റ്റിക് നോവൽ എന്നാണ് എനിക്ക്  പറയാനുള്ളത്.
     കഥയും നോവലും വിഭുതിയിൽ നിന്നും സൃഷ്ടിക്കുന്നതല്ല എന്നാണ് ഞാൻ കരുതുന്നത്. ഭാവന മാത്രമല്ല, ഒരു യാഥാർത്ഥ്യം അതിൽ അന്തർലീനമായിരിക്കും. ഒരു വാക്ക്, ഒരു കാഴ്ച . ഒരു ത്രെഡ് . അതുണ്ടായിരിക്കും. ഭാവനാശാലിയായ ഒരെഴുത്തുകാരന്റെ  തൂലികയിൽ അതൊരു സാഹിത്യ സൃഷ്ടിയായി പരിണമിക്കും.
    കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ വൈഭവം നോവലിലുടനീളം അനുഭവപ്പെടുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ സംഘർഷ ഭരിതമായ ജീവിതം പ്രമേയമായിട്ടുള്ള രചനകൾ മുൻപുമുണ്ടായിട്ടുണ്ട്. തകഴിയുടെ ചെമ്മീൻ , ലോഹിതദാസിന്റെ അമരം ( സിനിമ ) . ഇവയോട് ചേർത്തു വെക്കാവുന്ന ജലജീവിതം പ്രമേയമായി മരുന്ന ഒരു മികച്ച നോവലായി " കൊളുത്ത് " നെ കാണാൻ കഴിയും.
     യാഥാർത്ഥ്യവും സങ്കൽപ്പവും നോവലിൽ വല പോലെ വിദഗ്ധമായി നെയ്ത് ചേർത്തിരിക്കുന്നു. മനുഷ്യർ മാത്രമല്ല ജലജീവികളും നോവലിലെ കഥാപാത്രങ്ങളാണല്ലോ.
പുഴയും തിരുതയും മാറ്റി കടൽ പശ്ചാത്തലമാക്കിയാൽ ഒരു ഹോളിവുഡ് സിനിമക്ക് സാധ്യതയുണ്ട്.
    എന്നെ അമ്പരപ്പിച്ച ഒരു കാര്യം തിരുത പ്രതികാര ദാഹിയായ മത്സ്യമാണോ എന്നതാണ്.
   ജീവരക്ഷക്കായി വല പൊളിച്ച് രക്ഷപ്പെട്ടേക്കാം.


പക മനസിൽ കരുതി വെച്ച് മനുഷ്യനെ വെല്ലുവിളിക്കാൻ വിധമുള്ള ജീവിയാണോ തിരുത എന്ന ഒരു സംശയം ബാക്കി.


ചാട്ടുളി തിരുത എന്ന ഒരു തിരുത വിഭാഗമുണ്ടോ ? എനിക്കറിയില്ല.
എന്തുമായി കൊള്ളട്ടെ. ചരിത്ര രചനയല്ലല്ലോ .
നോവലാണ്.
നോവൽ രചനക്കായി നടത്തിയ ഗവേഷണം വിസ്മയിപ്പിക്കുന്നതും അഭിനന്ദനാർഹവുമാണ്.
ഇത്തരം ചില രചനാ വൈഭവങ്ങൾ ഈ നോവലിനെ ഉന്നത നിലവാരത്തിലെത്തിക്കുന്നു.
അത് കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റും.
മലയാളത്തിൽ മാത്രമല്ല, ലോക സാഹിത്യത്തിൽ ഇടം പിടിക്കുന്നതാകട്ടെ ഈ നോവൽ.





ഡിസംബര്‍ 31

    31  ഡിസംബർ 2024 വിടപറയുന്ന പകൽ നേരത്ത് രാവിലെ മുതൽ പ്രതീക്ഷയോടൊപ്പം സഞ്ചരിച്ചപ്പോൾ ഉള്ളുലക്കുന്നതും  ആകുലപ്പെടുത്തുന്നതുമായ കാഴ്ചകളാണ് കാണാനും അനുഭവിക്കാനും കഴിഞ്ഞത്.
   കഴിഞ്ഞ വർഷത്തെ 364 ദിവസവും സ്വന്തം നേട്ടങ്ങൾ ആഞ്ഞു പിടിക്കാനുള്ള പാച്ചിലിനിടയിൽ കണ്ണിൽപ്പെടാതെ പോയ ചില ജീവിത യാഥാർത്ഥ്യങ്ങളാണ് ഇന്നലെ ഒരൊറ്റ പാതി പകലിൽ നഗ്‌ന നേത്രങ്ങളാൽ  കണ്ടത്.
ഇങ്ങനെയുമുണ്ട് ജീവിതങ്ങൾ !
     2024 വിട പറഞ്ഞ പകൽ വെട്ടത്തിൽ  കണ്ട ആ കാഴ്ചകളാകെ മനസിലെ നെരിപ്പോടിൽ എരിഞ്ഞു കൊണ്ടേയിരിക്കുന്നു.
      ഇരുകൈകളും നെഞ്ചിൽ കൂപ്പി നന്ദി പറഞ്ഞ ശരണാലയത്തിലെ വൃദ്ധ പിതാവ്, അമ്പാടിയിലെ കണ്ണന്മാർ, അവിടുത്തെ ആശ്രമ പാലകർ , സ്പൂണിൽ ചോറ് വായിൽ വെച്ച് ഊട്ടുന്ന പ്രൊവിഡൻസിലെ ക്രിസ്തുവിന്റെ കാരുണ്യവാനായ  പ്രതിനിധി ....
അവിടുത്തെ മാലാഖമാർ.
അവർക്ക് മുന്നിൽ ഞാൻ എത്ര നിസ്സാരൻ .
ഹിമാലയ യാത്രയേക്കാൾ സുകൃതം കൈവരിച്ച തീർത്ഥാടനം.
ദൈവത്തിന്റെ സൃഷ്ടിജാലങ്ങൾ തിരിച്ചറിയാനുള്ള ഈ യാത്രയൊരുക്കിയ ശ്രീ സുഭഗൻ സറിനും സ്റ്റാഫിനും പ്രതീക്ഷ ട്രസ്റ്റിനും അകമഴിഞ്ഞ നന്ദി.


എം.എൻ. സന്തോഷ്.
01/01/2025



 https://youtube.com/shorts/Lcb53VgEi10?si=kH0WX0_0X47fzrxc