പുണ്യാഹം
“ ഈ നിമിഷം , ഒന്നു കൂടി ആലോചിക്കൂ. ഒപ്പിടാന്‍ തന്നെയാണോ ഇരുവരും തീരുമാനിച്ചിരിക്കുന്നത് ? അതല്ല, മറിച്ചാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ക്ക് കൈകോര്‍ത്ത് പിടിച്ച് ഇറങ്ങിപ്പോകാം, പുതിയൊരു ജീവിതം തുടങ്ങാം, ഈ കുഞ്ഞിനൊപ്പം സന്തോഷകരമായി !“ വനിത ജഡ്ജ് വളരെ സ്നേഹത്തോടെയാണ് ഇക്കാര്യം ബോധിപ്പിച്ചത്.
എന്തു പറയുന്നു മീര ? പിരിയാന്‍ തന്നെയാണോ തീരുമാനം?
അതെ!
നന്ദകുമാറോ?
“ മീരക്ക് എന്നോടൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അങ്ങനെതന്നെയാകട്ടെ.”
ജഡ്ജിന്റെ മുന്നിലെ ചാരുബഞ്ചിന്റെ രണ്ടറ്റങ്ങളില്‍ മീരയും, നന്ദകുമാറും! മീരയുടെ തോളില്‍ കുഞ്ഞ് ശാന്തമായുറങ്ങുന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്നെ അച്ചനും, അമ്മയും പിരിയാനുള്ള തീരുമാനം ഉറപ്പിക്കുക! ഒട്ടും ആശങ്ക തോന്നിയില്ല മീരക്ക്. അങ്ങനെ തന്നെ നടക്കട്ടെ.
ഒരു വര്‍ഷത്തിലേറെ നീണ്ട നിയമ നടപടികള്‍ . വാദപ്രതിവാദങ്ങള്‍ , പഴിചാരലുകള്‍ , കുറ്റം പറച്ചിലുകള്‍ ..... പിന്നെ കൌണ്‍സിലിങ്ങ് !
ഇതുകൊണ്ടൊന്നും മീരയുടെയും, നന്ദകുമാറിന്റെയും മനസ്സ് മാറിയില്ല. ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്ന് മീര കുടുംബക്കോടതിയില്‍ തറപ്പിച്ചു പറഞ്ഞു.
വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ വയറില്‍ കിടക്കുന്ന കുഞ്ഞിനെ സാക്ഷിയാക്കി ഭര്‍ത്രുഗ്രുഹത്തെ ശപിച്ചു കൊണ്ട് ഇറങ്ങിപ്പൊന്ന രംഗം ഓര്‍മ്മയിലിന്നും സൂക്ഷിക്കുന്നു. കൊച്ചു കൊച്ചു പിണക്കങ്ങള്‍ , കുലുക്കങ്ങളായി, പിന്നെ ഒരു ഉരുള്‍പൊട്ടല്‍ !
പി.ജി. യുള്ള സര്‍ക്കാരാഫീസില്‍ പി.ആര്‍ . ഒ . ആയ മീരക്ക് കിട്ടുന്നതിനേക്കാളും, വരുമാനവും, പഠിപ്പും കുറവായിരുന്നു നന്ദകുമാറിന് . ഡിഗ്രിയും, നല്ല തൊഴിലുമുണ്ടെന്ന് പറഞ്ഞ് പറ്റിച്ചു. അതു സഹിച്ചു.
പിന്നെയെന്തായിരുന്നു പ്രശ്നം ? നന്ദകുമാറിന്റെ അമ്മയുടെ ദു:ശ്യാഠ്യമോ ? വലിയ ഭൂസ്വത്തുള്ള തറവാട്ടില്‍ ജീവിച്ച അമ്മക്ക് ചില ചിട്ടവട്ടങ്ങളുണ്ടായിരുന്നു.
“ അമ്മക്ക് ചില ശീലങ്ങളുണ്ട്. മാറ്റാന്‍ ആവില്ല. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും “ മകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ഓഫീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാമെന്നുള്ള നിര്‍ദ്ദേശവും നന്ദകുമാര്‍ അനുവദിച്ചില്ല. അച്ചനെയും, അമ്മയേയും തനിച്ചാക്കി നമ്മള്‍ വീടുമാറുന്നത് മഹാപാപമാണെന്ന പക്ഷക്കാരനായിരുന്നു നന്ദകുമാര്‍ .
“ ശീലങ്ങളെ മുറുക്കിപ്പിടിച്ച് , അച്ചനേയും, അമ്മയേയും കെട്ടിപ്പിടിച്ച് മോന്‍ ജീവിച്ചോ ! ഞാനെന്റെ വീട്ടിലേക്ക് പോകും.”
ഒടുവില്‍ മീര വീട്ടിലേക്ക് പോയി. കുടും ബ കോടതിയില്‍ വെച്ചുള്ള കണ്ടുമുട്ടലുകള്‍ മാത്രം. അമ്മയേയും, മകനേയും ഒരു പാഠം പഠിപ്പിക്കാനുള്ള വാശിയിലായിരുന്നു മീര.
സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ വാങ്ങാന്‍ മീര വീണ്ടും ആ വീട്ടില്‍ ചെന്നു. കോടതി അയച്ച പോലിസുമുണ്ടായിരുന്നു ഒപ്പം. തട്ടാനെക്കൊണ്ട് സ്വര്‍ണ്ണം ഉരച്ചു നോക്കി ഉറപ്പു വരുത്തി. എണ്ണി തിട്ടപ്പെടുത്തി, തൂക്കം നോക്കി . മീര അത്രക്കങ്ങ് അവിശ്വസിച്ചു നന്ദകുമാറിനെയും കുടുംബത്തെയും !
പക്ഷെ -
“ മീര. എന്തിനാണീ നാടകം ?” നന്ദകുമാര്‍ അടുത്തേക്ക് വരുന്നു.
“ ആഭരണപ്പെട്ടി മീര കൈവശം വെച്ചോളൂ. പക്ഷെ, മീര പോകരുത്. വഴക്കും, വക്കാണവും അവസാനിപ്പിക്കണം. ഇന്നു മുതല്‍ ഇവിടെ നില്‍ക്കണം.” നന്ദകുമാര്‍ തന്റെ കൈയില്‍ പിടിച്ച് സ്നേഹപൂര്‍വം യാചിക്കുകയാണ് .
മീരയുടെ ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു മീരയുണ്ടായിരുന്നു. ആ മീര , ആ നിമിഷത്തില്‍ കണ്ട വിഫലമായ ഒരു സ്വപ്നം മാത്രമായിരുന്നു അത്. നിലവിളക്കും, ഷെല്‍ഫും ചുമട്ടുകാരന്‍ പുറത്തേക്കെടുത്ത് വണ്ടിയില്‍ കയറ്റുന്നത് മോബൈലില്‍ പകര്‍ത്തുകയായിരുന്നു നന്ദകുമാര്‍ .....
മീരക്കും, നന്ദകുമാറിനും ഇടക്ക് ചാരുബെഞ്ചിലെ ഒഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കിടത്തിയ ശേഷം അവള്‍ ജഡ്ജിയുടെ അടുത്തേക്ക് പോയി.
ഫയലിലെ അവസാന താളില്‍ ഒറ്റ വാചകത്തില്‍ ഒരു വിധി ന്യായം. അതിനു താഴെ ഒപ്പിടാനുള്ള സ്ഥലം ജ്ഡ്ജി തോട്ടുകാണിച്ചു.
ഈ സമയം കുഞ്ഞ് ഉണര്‍ന്ന് ഉറക്കെ കരഞ്ഞു.കുഞ്ഞിന്റെ മൂത്രം ബഞ്ചിലൂടെ ഒഴുകി നന്ദകുമാര്‍ ഇരുന്നിടം നനഞ്ഞു. ! നന്ദകുമാര്‍ എഴുന്നേറ്റു.കുഞ്ഞിനെ വാരിയെടുത്ത് തോളില്‍ ചേര്‍ത്ത് പിടിച്ചു. കീശയില്‍ നിന്നും തൂവാലയെടുത്ത് ബെഞ്ച് തുടച്ചു.തൂവാല പോക്കറ്റില്‍ തന്നെ തിരുകി.
മീര അമ്പരന്നു. “ സോറി മാഡം. ‘സ്നഗി’ ഇടീക്കാന്‍ മറന്നു.”
‘ ഡൊണ്ട് വറി. ഹി കാന്‍ മാനെജ് ഇറ്റ് . മീര സൈന്‍ ചെയ്തോളു.” ജഡ്ജ് പറഞ്ഞു.
പക്ഷെ . മീര പേന താഴെ വെച്ച് നന്ദകുമാറിന്റെ അടുത്തേക്ക് ഓടി. നീണ്ടു വന്ന മീരയുടെ കൈകളെ നന്ദകുമാര്‍ ക്ഷണിച്ചു.ഇടതുകൈ കൊണ്ട് മാറത്ത് കുഞ്ഞിനെയും, വലതുകൈയാല്‍ മീരയേയും ഭദ്രമാക്കി നന്ദകുമാര്‍ നടന്നു.
അപ്പോള്‍ ജഡ്ജ് വിചിത്രമായ ആ കാഴ്ച്ച കണ്ട് അമ്പരന്നെഴുന്നേറ്റു.
“ ഒന്നൊന്നര വര്‍ഷത്തൊളം പാടുപെട്ടിട്ടും ഉരുകാത്ത ആ ഹ്രുദയങ്ങളെ ശുദ്ധീകരിക്കുവാന്‍ ഉണ്ണി മൂത്രം തന്നെ വേണ്ടി വന്നല്ലോ.ജഡ്ജി ഫയല്‍ കെട്ടി വെച്ച് പുറത്തേക്ക് നോക്കി ആ കാഴ്ച്ച ആസ്വദിച്ചു.