06 May, 2012

യാത്രാവിവരണം


 പഴനി യാത്ര

ഹരിശങ്കര്‍


 2012 മെയ് മാസം രണ്ടാം തിയതി രാവിലെ 5.15 ന് ഞങ്ങള്‍ പഴനിയാത്രക്ക് പുറപ്പെട്ടു.അഛന്‍, അമ്മ , ഗൌരി, അഛഛന്‍, മാമാജി, മാമി, മകള്‍ അമ്മു എന്നിവരാണ് ഉണ്ടായിരുന്നത്. കാറില്‍ നല്ല എ.സി. ഉണ്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റതിന്റെ ക്ഷീണവും,
തണുപ്പും കാരണം ഉറങ്ങിപ്പൊയി. കൊടുങ്ങല്ലൂര്‍ എത്തിയപൊഴെക്കും നേരം വെളുത്തു തുടങ്ങി. ത്രിശ്ശുര്‍ കഴിഞ്ഞ് ഞങ്ങളുടെ വണ്ടി കുതിരാന്‍ കയറാന്‍ തുടങ്ങി. ഒരു വശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മല. മറു വശത്ത് താഴ്വാരം. ഇതിനിടയിലൂടെയുള്ള വഴിയിലൂടെ
ഞങ്ങളുടെ കാര്‍ പതുക്കെ കയറി. തമിഴ് നാട്ടില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ കാണാമായിരുന്നു.കുതിരാന്‍ മലയുടെ മുകളില്‍ ഒറ്റക്ക് നില്‍ക്കുന്ന വീടുകള്‍ എന്നെ അല്‍ഭുതപ്പെടുത്തി.

         എട്ട് മണിയോടെ ഞങ്ങള്‍ പാലക്കാട്ട് എത്തി. നെന്മാറയില്‍ വെച്ച് ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോയി. പെര്‍മിറ്റ് എടുക്കാന്‍ പോയതാണെന്ന് അഛന്‍ പറഞ്ഞു. വാഹനം തമിഴ് നാട്ടിലേക്ക് കടക്കുന്നതിനുള്ള അനുവാദമാണത് എന്നറിയാന്‍ കഴിഞ്ഞു.ഡ്രൈവര്‍ പെര്‍മിറ്റ് വാങി വന്നു. വീണ്ടും യാത്ര തുടര്‍ന്നു.
    പിന്നെയും കുറെകൂടി ചെന്നപ്പോള്‍ തമിഴ് എഴുതിയ കടയുടെ ബോര്‍ഡുകള്‍ കണ്ടു.അപ്പൊള്‍ മനസ്സിലായി തമിഴ് നാട് എത്തിയെന്ന്.പാലക്കാട്ടെ ഗോവിന്ദപുരത്തുനിന്നാണ് തമിഴ് നാട്ടിലേക്ക് കടന്നത്. അവിടെ കേരളത്തേയും , തമിഴ് നാടിനേയും വേര്‍തിരിക്കുന്നത് ഒരു ചെറിയ തോടാണ്. ഒരു ചെറിയ പാലം കടന്നപ്പോള്‍ തമിഴ് നാടായി. അല്‍പ്പ ദൂരം യാത്ര ചെയ്ത ശേഷം ഡ്രൈവര്‍ വണ്ടി നിറുത്തി, പെര്‍മിറ്റ് പരിശോധിപ്പിക്കാനായി പൊയി. വീണ്ടും യാത്ര തുടര്‍ന്നു.
        യാത്രക്കിടയില്‍ ആന്റിക്ക് ശര്‍ദ്ദിവരുന്നു എന്നു പറഞ്ഞപ്പോള്‍ വണ്ടി നിറുത്തി. ഫ്ലാസ്ക്കില്‍ ചായ കരുതിയിട്ടുണ്ടായിരുന്നു. നല്ല ചൂടന്‍ ചായ കുടിച്ചപ്പോള്‍ ആന്റിയുടെ ശര്‍ദ്ദി പംബ കടന്നു.ഞങ്ങളും ചൂടന്‍ ചായ കുടിച്ചു. ഞങ്ങളും ഉഷാറായി. യാത്ര തുടര്‍ന്നു.റോഡിന്റെ വശങ്ങളില്‍ മാവ് തോട്ടങ്ങള്‍ കായ്ച്ച് നില്‍ക്കുന്നത് ആ സ്ഥലത്തെ മനോഹരമാക്കുന്നു.
പിന്നെ കുറെ ദൂരം പിന്നിട്ടപ്പോള്‍ റോഡിനിരു വശത്തും പുളി മരങ്ങളാണ് കാണാന്‍ കഴിഞ്ഞത്.
           തമിഴ് നാടും, കേരളവും തമ്മില്‍ മൂന്ന് വ്യത്യാസങ്ങളാണ് എനിക്ക് തോന്നിയത്. ഒന്ന്-അവര്‍ മാത്രു ഭാഷയെ സ്നേഹിക്കുന്നു. ബസ്സുകളുടെയും, കടകളുടെയും പേരുകള്‍ അവര്‍ തമിഴില്‍ ആണ് എഴുതിയിരിക്കുന്നത്. രണ്ട്- തെങ്ങിന്റെ ഓല അവര്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ബസ്സ് വയ്റ്റിങ്ങ് സ്റ്റാന്റും, വീടുകളും ഓലയാണ് മേഞ്ഞിരിക്കുന്നത്. മൂന്ന്- അവര്‍ വലിയ അദ്ധ്വാന ശീലരാണ്.പാ‍ടത്തും, പച്ചക്കറി തോട്ടത്തിലും പൊരി വെയിലത്ത് നിന്ന് അവര്‍ ജോലി ചെയ്യുന്നത്  കണ്ടു.


                ഒരു പ്രദേശം മുഴുവന്‍ കാറ്റാടി യന്ത്രങ്ങള്‍ കണ്ടു. അവ ആയിരക്കണക്കിന് കാണും എന്നു തോന്നുന്നു. വെള്ളമില്ലാത്തതിനാല്‍ കറന്റ് ഉണ്ടാക്കാനാണ് അവര്‍ കാറ്റിനെ ആശ്രയിക്കുന്നത് എന്നു മനസ്സിലായി.

      പിന്നെ കുറെക്കൂടി പോയപ്പോള്‍ പഴനി മല ദൂരെ നിന്നു കാണാന്‍ കഴിഞ്ഞു.  ഏകദേശം പത്തു മണിയോടെ ഞങ്ങള്‍ പഴനിയിലെത്തി.
           
       
രസകരമായ യാത്ര

                                                 ഗൌരിലക്ഷ്മി

കണ്ണെത്താദൂരത്തോളം കാറ്റാടി യന്ത്രങ്ങള്‍ . മാനം മുട്ടി നില്‍ക്കുന്ന മലകള്‍. മലകളെ മേഘങ്ങള്‍ പൊതിഞ്ഞു നില്‍ക്കുന്നു.ഈ കാഴ്ച്ചകള്‍ എന്നെ അല്‍ഭുതപ്പെടുത്തി.
  പത്തു മണിയോടു കൂടി ഞങ്ങള്‍ പഴനിയിലെത്തി.ചേട്ടന്റെ മുടി വെട്ടുന്ന ചടങ്ങാണ് ആദ്യം നടത്തിയത്. അതിനു ശേഷം ചന്ദനം പൂശി. അപ്പോള്‍ ചേട്ടന്‍ കുഞ്ഞു മുരുഗനായി മാറി.

  പിന്നെ ഞങ്ങള്‍ മല കയറാന്‍ തുടങ്ങി.ഇടക്കിടെ ഇരുന്നും, വിശ്രമിച്ചും, വെള്ളം വാങ്ങി കുടിച്ചും ഞങ്ങള്‍ മുകളിലേക്ക് കയറി.അങ്ങനെ ഞങ്ങള്‍ നടയില്‍ എത്തി.ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല.അതിനാല്‍ മുരുകസ്വാമിയെ നടയില്‍ നിന്ന് വളരെ നന്നായി തോഴുകുവാന്‍ സാധിച്ചു.ഞങ്ങളെല്ലാവരും ഹര,ഹരോ എന്നു വിളിച്ചു കൊണ്ടീരുന്നു. മുരുകസ്വാമിയെ കണ്ടു തോഴുകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ ഞങ്ങള്‍ അംബലത്തില്‍ നിന്നും പുറത്തിറങ്ങി.പായസവും,കളഭവും,പ്രസാദവുമൊക്കെ വാങ്ങിച്ചു.പിന്നെ ഞങ്ങള്‍ മല ഇറങ്ങാന്‍ തുടങ്ങി.

         ഉച്ചക്ക് ഒരു മണിക്ക് തിരിച്ചു മടങ്ങി.ക്ഷീണം കൊണ്ട് എല്ലാവരും ഉറങ്ങിപ്പോയി.
തമിഴ്നാടിനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ കേരളത്തിലേക്ക് പ്രവേശിച്ചു.ഇരുവശത്തും പാടങ്ങള്‍
സുന്ദരമാക്കുന്ന പാലക്കാടിലൂടെ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു.
    5 മണിക്ക് ഇരിങ്ങാലക്കുറ്റയിലെത്തി. ഗ്രാമ്യ എന്ന ഹോട്ടലില്‍ കയറി ചായ കുടിച്ചു.മസാല ദോശയും തിന്നു. നല്ല രുചിയായിരുന്നു.ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു ജാഥ കടന്നു പോയി . അപ്പോള്‍ കുറെ സമയം പോയി. പിന്നെ കാര്‍ സ്പീഡില്‍ വിട്ടു. 7 മണിക്ക് ഞങ്ങള്‍ പറവൂരെത്തി.എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു.
   എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു യാത്ര ആയിരുന്നു ഇത്.

No comments:

Post a Comment