09 August, 2012

എന്റെ സ്കൂള്‍ ഡയറി 12


എന്റെ സ്കൂള്‍ ഡയറി 
പൊന്നന് സ്നേഹപൂര്‍വം











നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്. നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്.സഞ്ചാരത്തിനിടയില്‍ ചിലരെ പരിചയപ്പെടാറുണ്ട്.അവരെയോക്കെ പിന്നീടൊരിക്കലും കാണാനിടയായി എന്നു വരില്ല. അതുകൊണ്ട് തന്നെ അവരെ ഉടനെ മറന്നു പോകും.തൊഴിലിടങ്ങളില്‍ നമുക്ക് ധാരാളം സുഹൃത്തുക്കളുണ്ടാവും.നമ്മള്‍ സ്നേഹിക്കുന്ന , നമ്മളെ സ്നേഹിക്കുന്ന ഏതാനം ചിലര്‍. അവരില്‍ ചിലര്‍, നമ്മുടെ ജീവിതത്തെ , നമ്മുടെ തൊഴിലിനെ , സ്വഭാവത്തെ , ശീലങ്ങളെ ഒക്കെ ചൈതന്യവത്താക്കുന്ന പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടില്ലേ ?

26 വര്‍ഷം സേവനം നടത്തി സീനിയര്‍ ക്ളര്‍ക്ക് ആയി 2012 ജൂലായ് 31 ന് ശ്രീ വി. .പൊന്നപ്പന്‍ പിരിഞ്ഞപ്പോഴാണ് ഇങ്ങനെ ചിന്തിച്ചുപോയത്.ശ്രീ പൊന്നപ്പന്‍ എന്നോട് ഇടപെടുന്ന രീതികളും , അദ്ദേഹത്തിന്റെ ശീലങ്ങളും പരിശോധിക്കുമ്പോള്‍ , ഒരു കാര്യം ഞാന്‍ അലോചിച്ചിട്ടുണ്ട്. ശ്രീ പൊന്നപ്പന്‍ എന്റെ ആരാണ് ? എന്റെ സഹോദരനാണോ സ്വന്തമോ, ബന്ധുവോ ആണോ ? അയല്‍ക്കാരനാണോ ? സഹപാഠിയാണോ ? അതോ വെറും സഹപ്രവര്‍ത്തകന്‍ മാത്രമാണോ ?
ചിലപ്പോള്‍ തോന്നും ഇതെല്ലാമാണെന്ന് ! അതാണ് പൊന്നപ്പന്റെ സ്വഭാവ വൈശിഷ്ട്യം ! പെരുമാററത്തില്‍ ഇങ്ങനെയൊരു മായാജാലം സൃഷ്ടിക്കാന്‍ കഴിയുന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ പൊന്നപ്പന്‍.
ഞാന്‍ അദ്ദേഹത്തെ പരിചയപ്പട്ടിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിരീക്കുന്നു.1986 ല്‍ ഞാന്‍ HSA
ആയി ഒരു ലീവ് വേക്കന്‍സിയില്‍ ബോയ്സ് ഹൈസ്ക്കൂളില്‍ എത്തുമ്പോള്‍ പൊന്നപ്പന്‍ GHS ല്‍ പ്യൂണ്‍ ആയി ചേര്‍ന്നിട്ടുണ്ട്. സുമുഖനായിരുന്നു അയാള്‍. സദാ പ്രസന്നമായ മുഖഭാവം . കാര്യപ്രാപ്ത്തിയും , പ്രസരിപ്പും അന്നത്തേതു പോലെ ഇന്നുമുണ്ട് .
എന്റെ സമപ്രായം , അല്ലെങ്കില്‍ എന്നെക്കാളും ഇളയത് എന്നാണ് എനിക്ക് തോന്നിച്ചിരുന്നത്.കാഴ്ച്ചയില്‍ യുവത്വം ഇന്നും സൂക്ഷിക്കുന്നു.
ലീവ് വേക്കന്‍സിയില്‍ ശമ്പളമില്ലാതെ ഒമ്പതു മാസം ഞാന്‍ തുടര്‍ന്നു.നിയമനം അംഗീകരിക്കപ്പെട്ടിരുന്നില്ല. 1987 ഡ്സംബര്‍ 14 ന് ഞാന്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. സ്ക്കൂള്‍ മാനേജര്‍ തന്നതാണെന്ന് പറഞ്ഞ് പൊന്നപ്പന്‍ എനിക്ക് ഒരു കത്ത് കൊണ്ട് വന്ന് തന്നു. ഞാന്‍ കവര്‍ തുറന്ന് മാനേജറുടെ കത്ത് വായിച്ചു. അവിടെ ജോലിചെയ്യുന്ന ചില അദ്ധ്യാപകരുടെ നിയമനങ്ങള്‍ പുനര്‍വിന്യച്ചിരിക്കുന്ന കാര്യങ്ങളാണ് ആദ്യം പറഞ്ഞിരിക്കുന്നത്. എന്റെ പേര് സൂചിപ്പിച്ചിരിക്കുന്ന വരികളില്‍ എന്റെ കണ്ണ് പതിഞ്ഞു. “ You are releived from your duties …...” എന്ന് തുടങ്ങുന്ന ഒരു വാചകം. അതില്‍ 43 claimant എന്നും 51(A) claimant എന്നുമൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. ഈ നിയമങ്ങളെക്കുറിച്ചൊന്നും എനിക്ക് പിടിപാടുണ്ടായിരുന്നില്ല. പക്ഷെ ഒരു കാര്യം മനസ്സിലായി. പിറ്റേ ദിവസം മുതല്‍ സ്ക്കൂളില്‍ എനിക്ക് ജോലിയില്ല ! എന്റെ കണ്ണില്‍ ഇരുട്ട് കയറി.........
ഞാന്‍ പൊന്നപ്പനെ നോക്കി. കാണാനില്ല !



ഞാന്‍ കത്ത് വായിച്ച് സ്തംഭിച്ചിരിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നു ശ്രീ എം. പി. മോഹനന്‍ മാസ്റ്ററും , ശ്രീ പി.കെ.ബാബുരാജേന്ദ്രന്‍ മാസ്റ്ററും . മോഹനന്‍ മാസ്റ്ററ്‍ എന്റെ കൈയില്‍ നിന്നും കത്ത് വാങ്ങി വായിച്ചു.

ഇതൊക്കെ പതിവാണ് . ഞങ്ങള്‍ക്കും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് . ഈ സ്ഥാപനമായതുകൊണ്ട് പേടിക്കാനില്ല , ഇനിയും ഒഴിവ് വരും . ജോലി കിട്ടും" എന്നൊക്കെപ്പറഞ്ഞ് ആശ്വസിപ്പിച്ചു.

നാലിന് ബെല്ലടിച്ചപ്പോള്‍ തോള്‍ സഞ്ചിയും തൂക്കി ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി.ഓഫിസിന് മുന്നിലെത്തിയപ്പോള്‍ വാതില്‍ക്കല്‍ പൊന്നപ്പന്‍ നില്‍ക്കുന്നു , ഭവ്യതയോടെ എന്നെ കാത്തെന്ന പോലെ .അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. വളരെ വിനീതമായി എന്നോട് സംസാരിച്ചു.

മാഷ് വരുന്നതും നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നോടൊന്നും തോന്നരുത്.ഞാന്‍ കത്ത് തന്ന് പോന്ന് കളഞ്ഞത് വേറെയൊന്നും കൊണ്ടല്ല. മാഷിന്റെ പ്രയാസം കാണാന്‍ പറ്റില്ല. അതാണ് കാര്യം.”

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.
സഹജീവികളോട് സ്നേഹവും, കാരുണ്യവും ഇതുപോലെ പ്രകടിപ്പിക്കുന്ന ദൈവികമായ ചില ഗുണങ്ങള്‍ പൊന്നപ്പനുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് പൊന്നപ്പന്‍ വില കല്‍പ്പിക്കുന്നു. അദ്ദേഹം ആദരണീയനാകുന്നത് അങ്ങനെയാണ്.

നമുക്ക് ഗ്രേഡും, പി.എഫുമൊക്കെ ശരിയാക്കിത്തരുക എന്നത് ഒരു ക്ളര്‍ക്കിന്റെ കര്‍ത്തവ്യമാണെന്നായിരിക്കും നാം വ്യാഖ്യാനിക്കുക. പക്ഷെ അതിനുമപ്പുറം , ഒരു മന്ദഹാസത്തോടെ , മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു മുഖഭാവത്തോടെ ആ സേവനം നടത്തിക്കിട്ടുമ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്, നമുക്ക് അനുഭവയോഗ്യമാവുന്നത്. അത്തരം ഒരു ഹൃദയാലുവായിരുന്നു പൊന്നപ്പന്‍.
അദ്ദേഹത്തിന് ഹൃദയം നിറ‍ഞ്ഞ ആശംസകള്‍ !





No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...