29 August, 2012

ഓര്‍മ്മയിലെ ഓണം






കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നാണ് പഴമൊഴി.തോരാ മഴ പെയ്യുന്ന രാപകലുകള്‍.കഷ്ടപ്പാടുകളുടെ കറുത്ത തിരശ്ശീല മാറി ചിങ്ങ വെയില്‍ തെളിയുമ്പോഴുള്ള ആളുകളുടെ ആഹ്ളാദം ഒന്നു വേറെ തന്നെയായിരുന്നു.പറമ്പില്‍ തുമ്പയും , മുക്കുറ്റിയും , കാക്കപ്പൂവും തിരി നീട്ടും. അവ സൂക്ഷമതയോടെ പറിച്ച് ഇലക്കുമ്പിളില്‍ നിറക്കാന്‍ കുട്ടികള്‍ ഇറങ്ങും. ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസവും ഓരോ തരം പൂക്കളങ്ങള്‍. ചെത്തിയും, ചെമ്പരത്തിയും , നന്ത്യാര്‍വട്ടവും പൂക്കളങ്ങളില്‍ ഇടംപിടിക്കും.


ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്നിറങ്ങുന്നത് ആഹ്ളാദതിമിര്‍പ്പോടെയാണ്. കിട്ടാന്‍ പോകുന്ന ഓണക്കോടി, ഓണസ്സദ്യ, പൂക്കളം പലതരം കളികള്‍ എന്നിവയെ ക്കുറിച്ചുള്ള ആവേശമായിരിക്കും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പേ ഓണക്കോടി എടുത്ത് തയ്ക്കാന്‍ കൊടുക്കും. പിന്നെ അത് തയ്ച്ച് കിട്ടാന്‍ തയ്യല്‍ക്കാരന്റെ അടുത്ത് കാത്തിരിപ്പാണ്. പുതിയ ഷര്‍ട്ടും, നിക്കറും ധരിച്ച് കൊണ്ടാണ് ഓണസദ്യ കഴിക്കാനിരിക്കുന്നത്. വീട്ടില്‍ വറുത്ത ഉപ്പേരിയുടെയും , ശര്‍ക്കരപുരട്ടിയുടെയും സ്വാദ് ഇന്നും നാവിലൂറുന്നു.ഓണസദ്യ ഒരുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങുന്ന , സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പിത്തരുന്ന മുത്തശ്ശിയും, വലിയമ്മയും. ഓണക്കോടി വാങ്ങിത്തരുന്ന അച്ചന്‍. കഴിഞ്ഞുപോയ ഓണത്തെപ്പറ്റിയുള്ള സ്മരണകളില്‍ അവരുടെ പ്രിയ മുഖങ്ങളും തെളിഞ്ഞു വരുന്നു.


ഓണസ്സദ്യ കഴിഞ്ഞ് വീട്ട് മുറ്റത്ത് ഓരോ കളികള്‍ തുടങ്ങിയിട്ടുണ്ടാവും. അപ്പോഴാണ് എവിടെ നിന്നോ ഓണക്കളിയുടെ ഒച്ച കേള്‍ക്കുന്നത്. പിന്നെ തോടും, പാലവും ചാടി അവിടെക്ക് ഒരു ഓട്ടമാണ്.ഓണക്കളിക്കാര്‍ ഒരു വീട്ടുമുറ്റത്ത് ഒത്ത് ചേര്‍ന്ന് കളി തുടങ്ങിയിട്ടുണ്ടാവും.കളി പാതിരാ വരെ നീളും.കളിക്കാര്‍ ഇടക്ക് കട്ടന്‍ ചായ കഴിക്കും. ചായ ഒരു പാത്രത്തില്‍ കളിവട്ടത്തിന് നടുവില്‍ വെച്ചിരിക്കും.പല പല പാട്ടുകള്‍ പാടി വ്യത്യസ്ത ചുവടുകള്‍ വെച്ച് കളിക്കുന്നത് കാണാന്‍ ആളുകള്‍ ചുററും കൂടി നില്‍ക്കും. രാത്രിയില്‍ പെട്രോമാക്സിന്റെ വെട്ടത്തിലാണ് കളി നടക്കുന്നത്. അന്ന് വൈദ്യുതി ഇല്ല.


ഓണക്കളിക്ക് പേര് കേട്ട ചില ആളുകള്‍ അന്ന് നാട്ടിലുണ്ടായിരുന്നു. അവര്‍ പാടി കളിക്കാറുള്ള പാട്ടുകള്‍ ഇന്നും മനസ്സില്‍ തെളിയുന്നു.പുരാണവും, വടക്കന്‍ പാട്ടുകളും , കാണികളെ ചിരിപ്പിക്കുന്ന രസികന്‍ പാട്ടുകളും അവര്‍ പാടും.ഓര്‍മ്മയില്‍ തെളിയുന്ന ചില പാട്ടുകള്‍ ഇതാ.


ഒന്നാം മല കേറി പോയെന്റെ അടെല്ലാം

ആടിനെത്തെടി ഞാന്‍ ദൂരെ നടക്കുമ്പോള്‍

കാട്ടിലെ കാട്ടാളന്‍ ചോദ്യം ചെയ്ത് എന്നോട്

നിന്നുടെ ആടിന് എന്തെല്ലാം അടയാളം


പ്രധാന കളിക്കാരന്‍ ഓരോ വരിയും പാടും. മറ്റു കളിക്കാര്‍ തിത്തിതാരാ തിത്തിത്തൈ എന്നു വായ്ത്താരി പാടും.


മോതിരത്തിന് കല്ലു വെച്ച നുണ പറയാം കൂട്ടരെ

ഇട വഴി തിങ്ങി രണ്ട് ഈച്ച ചത്തു

ഈച്ചടെ ചിറകു മുട്ടി കപ്പലു മുങ്ങി

കൊച്ചീലൊരച്ചിക്കു മീശ വന്നു

എന്നിങ്ങനെ ആളുകളെ ചിരിപ്പിക്കുന്ന പാട്ട്.


നെല്ലു കുത്തണതെങ്ങനെയെടി

മോതിരക്കുറത്തി

നെല്ലു കുത്തണതിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

കയറു പിരിക്കണതെങ്ങനെയെടി

മോതിരക്കുറത്തി

കയറു പിരിക്കണതിങ്ങങനെ പിന്നിങ്ങനെ പിന്നിങ്ങനെ

ഇതൊരു ചോദ്യോത്തര രീതിയിലുള്ള പാട്ടാണ്.ആംഗ്യവും , അഭിനയവുമൊക്കെയുണ്ട്.

തമ്പിച്ചേട്ടന്‍ ശ്രുതിമധുരമായി പാടിക്കളിക്കുന്ന ഒരു പാട്ട് ഇന്നും കാതില്‍ മുഴങ്ങുന്നു.

സംഗീതം പെയ്യാത്തതെന്തേ പെയ്യാത്തതെന്തേ

കാടിന്റെ പൊന്‍ മകളേ , പൊന്നോല പൈങ്കിളിയേ

ഓണക്കളിക്ക് പേര് കേട്ട തമ്പിച്ചേട്ടനും , നാരായണന്‍ ചേട്ടനും കാലയവനികക്കുള്ളില്‍ മറഞ്ഞു.


പണ്ട് സിനിമ കാണുന്നത് ഓണത്തിനും, ഉല്‍സവത്തിനും മാത്രമാണ്.ചെറായി വിക്ടറി ടാക്കീസില്‍ ഓണം പ്രമാണിച്ച് നല്ല സിനിമ വന്നിട്ടുണ്ടാവും.റിലീസായിട്ട് ഒരു കൊല്ലമെങ്കിലുമായ സിനിമകളാണ് അന്ന് കൗതുകത്തോടെ കണ്ടിരുന്നത് എന്നോര്‍ക്കുമ്പോള്‍ ഇന്ന് ചമ്മല്‍.

ഇന്ന് ഓണത്തിന് ടിവി യില്‍ സിനിമകളുടെ പൂരമാണ്.ഇന്ന് ടിവി യാണ് ഓണാഘോഷമൊരുക്കുന്നത്.

. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും എവിടെപ്പോയൊളിച്ചു ? ആറുമാസപ്പൂവ് ഉണ്ടായിരുന്നു.

ആറുമാസം കൊണ്ടാണ് പൂവ് വളര്‍ച്ച പൂര്‍ത്തിയാവുന്നത്. ഓണക്കാലത്ത് ചെടിക്ക് മുകളില്‍ ഈ പൂവ് കിരീടം വെച്ച് നില്‍പ്പുണ്ടാവും. ഇന്നതിനെ കാണാനേയില്ല.

ഓണക്കളി ഇന്നില്ല. പൂക്കളം മല്‍സരക്കളമായി. പൂക്കള്‍ തമിഴ് നാട്ടുകാര്‍ കിറ്റുകളിലാക്കിത്തരും.ഓണസ്സദ്യ കാറ്ററിങ്ങ്കാര്‍ ഒരുക്കിത്തരും. ഓണക്കളിയുടെ കഥ കഴിഞ്ഞു.കമ്പ്യൂട്ടര്‍ ലോകത്തിലെ ഇന്നത്തെ കുട്ടികളുടെ അടുത്ത തലമുറ എങ്ങനെയാവും ഓണം ആഘോഷിക്കുക?



മാവേലി നാടു വാണിരുന്ന കാലത്തെക്കുറിച്ചുള്ള മധുര സ്മരണകളയവിറക്കുകയാണ് മലയാളി ഓണനാളുകളില്‍, അല്ലേ ? ശരിയായിരിക്കാം . പക്ഷെ , എന്റെ മനസ്സില്‍ മാവേലി വാണിരുന്ന ഒരു കാലമുണ്ട്. മധുരിക്കുന്ന ഒരു ബാല്യകാലം. ആ കാലത്തിലേക്ക് എന്റെ മനസ്സ് ഒരു സഞ്ചാരം നടത്തുകയാണ് ഓണനാളുകളില്‍.ഓരോ മനുഷ്യനും കൊതിക്കുന്ന തിരിച്ചു വരാത്ത ഒരു നല്ല കാലത്തിലേക്കുള്ള യാത്ര. ഇത്തരം ആഘോഷങ്ങളാണ് , മനുഷ്യജീവിതത്തിലെ പ്രയാണത്തിനിടയിലെ ഇന്ധനങ്ങളാവുന്നത്.

No comments:

Post a Comment