കഥ
അവിട്ടപഞ്ചകം
വടക്കേവളപ്പില്‍
വേലിക്കരികില്‍ നില്‍ക്കുന്ന
മൂവാണ്ടന്‍ മാവിന്റെ അവശേഷിക്കുന്ന
ശിഖരം കൂടി നിലം പതിച്ചു.
മാവില്‍ കെട്ടിയിരുന്ന
കയര്‍ വലിച്ചുകൊണ്ടു നിന്നവര്‍
ഒരു വശത്തേക്ക് ഓടി അകന്നു.
കുട്ടന്‍
മാമനുമുണ്ടായിരുന്നു.കൂട്ടത്തില്‍.എട്ടു
മാസം മുന്‍പ് മാവ് വെട്ടിയിറക്കിയത്
അച്ചന് ചിതയൊരുക്കാനായിരുന്നു.അവശേഷിക്കുന്ന
കൊമ്പ് ഇപ്പോഴിതാ കൃഷ്ണേട്ടന്
വേണ്ടിയും.!
പടര്‍ന്ന്
പന്തലിച്ചു നിന്നിരുന്ന
മാവിന്‍ ചുവട്ടില്‍ കളിവീട്
കെട്ടികളിച്ചിരുന്ന
ബാല്യകാലത്തേക്ക് ഓര്‍മ്മകള്‍
ചിറകടിച്ചു പറന്നു.
കൃഷ്ണേട്ടന്റെ
നിഴലായിരുന്നു ഞങ്ങളന്ന്.
ഊണും കളിയും
പള്ളിക്കൂടത്തിലേക്കുള്ള
പോക്കും . എല്ലാത്തിനും
കൃഷ്ണേട്ടനായിരുന്നു
സാരഥി.ഡിപ്ളോമ
എഴുതുമ്പോള്‍ കൃഷ്ണേട്ടന്‍
പഠിക്കാനിരുന്നത് ഈ മാവിന്‍
കൊമ്പിലായിരുന്നു.സന്ധ്യ
വരെ അവിടെയിരിക്കും.ഇടക്ക്
ഓടക്കുഴലൂതുന്നത് കേള്‍ക്കാം.ചായയും
പലഹാരങ്ങളും പാളത്തൊട്ടിയില്‍
വെച്ച് കയര്‍ കെട്ടി മുകളിലേക്ക്
വലിച്ചു കയറ്റാന്‍ ഈ
പൊന്നപ്പനുണ്ടാകും താഴെ.
വിറക്
അടുക്കി തോളിലേറ്റി തെക്കേ
കോണിലേക്ക് പോകുന്നതിനിടെ
കുട്ടന്‍ മാമന്‍ കണ്ടു.ഒരു
നിമിഷം കുട്ടന്‍ മാമന്‍ എന്നെ
നോക്കി നിന്നു.വിറക്
താഴെയിട്ട് തോളില്‍ നിന്നും
തോര്‍ത്തെടുത്ത് വലിച്ചടിച്ച്
തന്റെ നേര്‍ക്ക് നടന്നു വന്നു.
“നീ
എത്തിയോ ? എപ്പോഴാ?”
“വെളുപ്പിന്"
“പോക്കും
നിശ്ചയിച്ചോ"
കുട്ടന്‍
മാമന്‍ എന്താണങ്ങനെയൊരു
ചോദ്യം ചോദിച്ചത്?എന്റെ
നിസ്സംഗഭാവം കണ്ടിട്ടാവാം
കുട്ടന്‍ മാമന്‍
അടുത്തേക്ക്
വന്നു.
“മനസ്സിലായില്ല
അല്ലേ? അച്ചനെ
ദഹിപ്പിക്കാന്‍ വെട്ടിയതിന്റെ
മുറിമാവ് ബാക്കി നിറുത്തരുതെന്ന്
ഞനന്നേ പറഞ്ഞതല്ലേ? അപ്പോ
നീ എന്താ പറഞ്ഞേ , ധാരാളം
മാങ്ങ കായ്ക്കുന്ന മാവാണന്നല്ലേ?
അച്ചന്റെ ആണ്ടു
തികഞ്ഞില്ല . ഇപ്പോഴിതാ
നിന്റെ ഏട്ടനും ! മാവിന്റെ
കട കൂടി നില്‍ക്കുന്നുണ്ട്
. നിര്‍ത്തിക്കോ
. അതാര്‍ക്കു
വേണ്ടിയാ? പറയെടാ.”
കൃഷ്ണേട്ടന്‍
ഒരു പാവമായിരുന്നു. വീടിനും
നാടിനും വേണ്ടി ജീവിതം ത്യജിച്ച
നിര്‍ഭാഗ്യവാന്‍.തീച്ചുമടേന്തി
സുഗന്ധ ധൂപം പരത്തി എരിഞ്ഞടങ്ങിയ
ഒരു സാമ്പ്രാണിത്തിരി!
തിരക്കൊഴിഞ്ഞശേഷമാണ്
അമ്മയെക്കാണാന്‍ മനസ്സു
വന്നത്.അരികിലിരുത്തി
അവര്‍ ഏറെ നേരം കരഞ്ഞു.കൃഷ്ണേട്ടന്റെ
അന്ത്യനിമിഷങ്ങള്‍ ,
പറഞ്ഞുകേട്ട
കാര്യങ്ങള്‍ അമ്മ
അരികിലെത്തുന്നവരോടൊക്കെ
വിവരിക്കുന്നുണ്ടായിരുന്നു.
രണ്ടു
മണിയോടെ , പാലുമായി
ഡയറിയിലേക്കുള്ള പോക്കാണ്
അവസാന കാഴ്ച്ച. ഡയറിയില്‍
പാലു് കൊടുത്ത് തിരിച്ചുള്ള
വരവ്. മൂഞ്ഞേലി
മാത്യുവിനോട് വര്‍ത്തമാനോം
പറഞ്ഞ് സര്‍വീസ് ബാങ്കിനു
മുന്നിലെത്തിപ്പോ പറഞ്ഞുത്റേ
" മാത്യു പൊയ്ക്കോ,
ഞാനീ വരാന്തയിലൊന്നിരുന്നോട്ടെ.,
തല ചുറ്റണ പോലെന്ന്"
. ഒരു വശത്തേക്ക്
ചാഞ്ഞപ്പോ മാത്യു താങ്ങീത്റേ.
അപ്പോ പോയിട്ടുണ്ടാവും.ഡോണ്‍
ബോസ്ക്കോയില് ചെന്നെങ്കിലും
കാര്യണ്ടായില്ല. മടക്കി.”
അമ്മ
പിന്നെയും കരഞ്ഞു.
സീമന്തപുത്രന്റെ
കുഞ്ഞു നാള്‍ മുതലുള്ള ഓരോരോ
കഥകള്‍ പറഞ്ഞു.അമ്മയുടെ
മുഖത്ത് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നങ്കിലും
, അമ്മ കണ്ണീരില്‍
ചാലിച്ച് വരച്ച് കൊണ്ടിരുന്ന
കൃഷ്ണേട്ടന്റെ ജീവിത കഥക്കൊപ്പം
മനസ്സ് സമാന്തരമായി
സഞ്ചരിക്കുകയായിരുന്നു.
അമ്മയുടെ
ഭാവം മാറിയത് പെട്ടെന്നായിരുന്നു.
” അച്ചന്‍ മരിച്ചപ്പോള്‍
ചില ദുശ്ശീലങ്ങളുണ്ടായിരുന്നില്ലേ?
കര്‍മ്മങ്ങളും
ഹോമങ്ങളും നടത്തണമെന്ന്
പറഞ്ഞപ്പോ വകവെക്കാതിരുന്നതാരാ?
നീ.. ഇപ്പോ
എന്തായി? അവിട്ട
പഞ്ചകമായിരുന്നു..അഞ്ചു
ജീവനും കൊണ്ടേ പോകൂ.ആണ്ടു
തികയും മുന്‍പേ വരേണ്ടി
വന്നില്ലേ വീണ്ടും പിണ്ഡം
വെക്കാന്‍! ഇനിയും
ബലിയര്‍പ്പിക്കാന്‍
വിധിക്കപ്പെട്ടിരിക്കുന്നത്
ഏതൊക്കെ ജീവിതങ്ങളാണാവോ?”
കൃഷ്ണേട്ടന്റെ
പെടുമരണത്തിന് കാരണക്കാരന്‍
താനാണെന്ന കളങ്കം അമ്മ
കണ്ണീരില്‍ ചാലിച്ച്
ചാര്‍ത്തിക്കഴിഞ്ഞു. അമ്മ
മാത്രമല്ല, നാട്ടുകാര്‍
പോലും. ഹോമം
നടത്താതിരുന്നത് , മാവ്
ബാക്കി നിറുത്തിത്. എല്ലാം
പ്രതി സ്ഥാനത്ത് ഞാന്‍ തന്നെ.
മനുഷ്യത്വത്തിനും
രക്തബന്ധത്തിനുമൊന്നും ഞാന്‍
വില കല്‍പ്പിക്കുന്നില്ലെന്ന്
ഇവര്‍ക്കൊക്കെ
തോന്നിത്തുടങ്ങിയിരിക്കുന്നു.പത്തുമുപ്പതു
വര്‍ഷത്തെ അന്യദേശവാസം
തന്നെയാകെ മാറ്റിയിട്ടുണ്ടാകാം.കമ്പനി
വക കുടുസ്സു മുറിയിലെ
ജീവിതത്തിനിടയില്‍ തന്റെ
മനസ്സും കുടുസ്സായിപ്പോയിട്ടുണ്ടാവാം.കരുണേം
സ്നേഹോം ഇല്ലാത്ത മൃഗസമാനനായ
മനുഷ്യജീവി എന്നാക്ഷേപിക്കട്ടെ.!
സഞ്ചയനവും
അടിയന്തിരവുമൊക്കെ വേണ്ടവിധം
നടന്നു.കുട്ടന്‍
മാമനും പ്രതാപനളിയനുമൊക്കെ
ഓടി നടന്ന് എല്ലാം
ഭംഗിയാക്കി.അയല്‍വാസികളുടെയും
സുഹൃത്തുകളുടെയും തിരക്കൊഴിഞ്ഞപ്പോള്‍
അമ്മയോട് പറഞ്ഞു. “അമ്മേ
, ദോഷ പരിഹാക്രിയകള്‍
നടത്തേണ്ടേ? പുരുഷോത്തമശാന്തിയെ
കണ്ടു . സംസാരിച്ചു.
അദ്ദഹം വരും.
എല്ലാ ദോഷോം മാറും.
ഇനി ഒരു ആപത്തും
ഉണ്ടാവില്ലമ്മേ.”
അമ്മ
എന്റെ വാക്കുകള്‍ വിശ്വസിച്ചെന്നു
തോന്നുന്നില്ല.
ഒരു
പകല്‍ മുഴുവന്‍ മുഴുവന്‍
നീണ്ട ഹോമക്രികള്‍ .
സര്‍വദോഷങ്ങളും
ആവാഹിച്ച് എള്ളുഴിഞ്ഞ്
ഹോമാഗ്നിയില്‍ സമര്‍പ്പിക്കുമ്പോള്‍
അമ്മയുടെ സായൂജ്യം അമ്മയുടെ
സായൂജ്യം അശ്രുകണങ്ങളായി
ഒഴുകുകയായിരുന്നു.
പൊന്നപ്പന്റെ
ആ ദൗത്യവും പൂര്‍ത്തിയായി.
അവധി കഴിയാറായി
.ഇനി കര്‍മമ
ഭൂമിയിലേക്ക് യാത്ര തുടങ്ങണം
.
ഒരു
ദിവസം രാവിലെ ശംഭു വന്നു.
കയറും കോടാലിയുമൊക്കയായി
മരം വെട്ടുകാരന്‍ ശംഭു.രണ്ടു്
സഹായികളും കൂടെയുണ്ട്.
“മാവ്
ഇപ്പോള്‍ വെട്ടണ്ടാന്ന്
തീരുമാനിച്ചു.ശംഭു
പൊയ്ക്കോ.”
അമ്മ
വരാന്തയിലെത്തിയിരുന്നു.ശംഭുവിനോട്
പറഞ്ഞത് കേള്‍ക്കുകയും ചെയ്തു.
“നീ
പറഞ്ഞിട്ട് തന്നെയല്ലേ ശംഭു
വന്നത്. ഇപ്പോളെന്താ
മാവ് വെട്ടണ്ടാന്ന് വെച്ചത്?”
“അതെ
, വെട്ടണ്ടാന്ന്
വെച്ചു. അതിന്റെ
വേരുകള്‍ പിഴുതു കളയാന്‍
തോന്നണില്ല.”
ചായക്കുള്ള
'വക' കൊടുത്തു.
ശംഭു പരിഭവം പറഞ്ഞില്ല..
“എപ്പഴാ വെട്ടണ്ടേന്ന്
വെച്ചാ പറഞ്ഞാ മതി. വരാം.”ശംഭു
പോയി.
- കമ്പനിയിലെ
ജോലി ഇനി അധിക നാള്‍ തുടരാനാവില്ല.
പുതിയ നിയമങ്ങള്‍
നടപ്പിലാവും മുന്‍പ് പിരിഞ്ഞു
പോരണം.കുട്ടികള്‍ക്ക്
ഊഞ്ഞാല്‍ കെട്ടാന്‍ പോലും
മരമില്ലാത്ത നഗരത്തിലെ
കോണ്‍ക്രീറ്റ് മരക്കൊമ്പിലെ
കൂടൊഴിയണം.നാട്ടിലെ
മാഞ്ചുവട്ടിലേക്ക് തിരിച്ചു
വരണം.
വന്‍
നഗരത്തെ ലക്ഷ്യമാക്കി ട്രെയിന്‍
കുതിക്കുമ്പോള്‍ പൊന്നപ്പന്റെ
ചിന്തകള്‍ അതൊക്കെയായിരുന്നു.
**********